സന്ധ്യാ മേരി: മരിയ വെറും മരിയയിൽ 'ഭയങ്കര' എന്ന വാക്ക് ധാരാളമായിട്ട് ഉപയോഗിച്ചിട്ടുണ്ട്. അതിനുപകരം സൂപ്പർ എന്ന വാക്കാണ് ജയശ്രീ തിരഞ്ഞെടുത്തത്. Maria just Maria-യുടെ എഡിറ്റർ രാഹുൽ സോണി അതിലൊരു സംശയം പ്രകടിപ്പിച്ചു. എന്തിനാണ് super എന്ന അമേരിക്കൻ ഇംഗ്ലീഷ് വാക്ക് തിരഞ്ഞെടുത്തതെന്ന സംശയം. അപ്പോൾ ജയശ്രീ പറഞ്ഞ മറുപടി മരിയ അമേരിക്കൻ ഇംഗ്ലീഷ് ഫോളോ ചെയ്യുന്ന ഒരു പുസ്തകമാണെന്നാണ്! മരിയ എഴുതുന്ന കാലത്ത് കടുത്ത ഫ്രണ്ട്‌സ് അഡിക്ഷന്‍-അമേരിക്കന്‍ സിറ്റ്‌കോം ഫ്രണ്ട്‌സ്- ഉണ്ടായിരുന്നു എനിക്ക്. ഞാൻ മരിയ എഴുതി തുടങ്ങിയത് ഇംഗ്ലീഷ് നോട്ട്സായിട്ടായിരുന്നല്ലോ. പക്ഷേ അതിന്റെ ഒരു സാന്നിദ്ധ്യം എന്റെ മലയാളം പുസ്തകത്തിൽ ഉണ്ടെന്ന റിമോട്ട് ഐഡിയ പോലും എനിക്കുണ്ടായിരുന്നില്ല! ജയശ്രീ പറഞ്ഞപ്പോൾ മാത്രമാണ് അത് സത്യമാണ് എന്നെനിക്ക് മനസ്സിലായത്! ഒരു മലയാളം പുസ്തകത്തിൽനിന്ന് അതെങ്ങനെ കണ്ടെത്തി? ആ പ്രോസസ് എന്താണ്? ഉളളിലേക്കുള്ള ആ വായന.
ജയശ്രീ കളത്തിൽ: തീർത്തും സ്പഷ്ടമായിട്ടല്ലെങ്കിലും ഭാഷക്കും (Language) പറച്ചിലിനും (Speech) വലിയ പ്രാധാന്യമുള്ള പുസ്തകമാണ് മരിയ വെറും മരിയ. ഇംഗ്ലീഷ് വാക്കുകൾ ഇടക്കിടക്ക് ഉപയോഗിക്കുന്ന ഗീവർഗീസ് അപ്പച്ചൻ, സ്വന്തമായി വാക്കുകൾ ഉണ്ടാക്കുന്ന മരിയ, മരിയയിൽ നിന്ന് അത് പഠിച്ച് അവ ഉപയോഗിക്കുന്ന കർത്താവ്, ഗുണപാഠ കഥകളും ബൈബിൾ കഥകളും സ്വന്തമായി മാറ്റിപറയുന്ന മാത്തിരി വല്യമ്മച്ചി, അമ്മിണി തത്തയുടെ ഭാഷാപഠന ക്ലാസ്സുകൾ, അങ്ങനെയങ്ങനെ... അതിനൊപ്പം തന്നെ പറയാതിരിക്കലിനും ഉണ്ട് പ്രാധാന്യം. അമ്മിണിയും മരിയയും ഒരിടവേള ഒന്നും പറയാതിരിക്കുന്നുണ്ട്. വിവർത്തനത്തിന്റെ ആദ്യത്തെ പടി വളരെ ശ്രദ്ധയോടെ പുസ്തകം വായിക്കുക എന്നതാണ്. ഭാഷയുടെയും പറച്ചിലിന്റെയും ഈ കളി കാണാതിരിക്കാൻ പറ്റിയില്ല. അങ്ങനെ വായിക്കുമ്പോൾ വ്യക്തമാവും മരിയയുടെ ഇംഗ്ലീഷ് കൂടുതലും അമേരിക്കനിസം നിറഞ്ഞതാണെന്ന്. ഈ ഫ്രണ്ട്സ് ഒബ്‌സെഷൻ എനിക്കറിയില്ലായിരുന്നു. മരിയ എപ്പോഴും ഉപയോഗിക്കുന്ന 'ഭയങ്കരം' എന്ന വാക്ക് സന്ദർഭത്തിനനുസരിച്ച് പലതരത്തിൽ വിവർത്തനം ചെയ്യാം. 'സൂപ്പർ' ആണ് കൂടുതൽ ചേരുക എന്നുതോന്നി. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ എന്നിങ്ങനെ വാക്കുകളേയും പ്രയോഗങ്ങളെയും വിലയിരുത്തേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല.
റൈറ്റർ-റൈറ്റർ എന്നതിനേക്കാളും റൈറ്റർ-ട്രാൻസ്ലേറ്റർ എന്നതിനേക്കാളും എനിക്ക് ജയശ്രീയുമായി കൂടുതൽ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന ബന്ധം നമ്മള്‍ ഷെയർ ചെയ്യുന്ന ആ ഒരു രാഷ്ട്രീയ ബോധത്തിൽ ബെയ്സ് ചെയ്തതാണ്. ജയശ്രീക്ക് ട്രാൻസ്ലേഷൻ ഒരു പൊളിറ്റിക്കൽ പ്രോസസാണ്. കൊളോണിയൽ ഇംഗ്ലീഷിനൊപ്പം മറ്റുപലതരം ഇംഗ്ലീഷുകൾ ട്രാൻസ്ലേഷൻ വഴി ഉണ്ടാക്കപ്പെടുന്നതിനെപ്പറ്റി ജയശ്രീ ഒരിക്കൽ പറഞ്ഞത് എനിക്കോർമ്മയുണ്ട്. അതൊന്ന് വിശദീകരിക്കാമോ?
ഇംഗ്ലീഷ് ഭാഷ ഒന്നാണെന്ന് നമ്മൾ കരുതുമെങ്കിലും പലതരത്തിലുള്ള ഇംഗ്ലീഷ് ലോകത്തിൽ ഉപയോഗിക്കുന്നുണ്ട്. Oxford English Dictionary 'ലോക ഇംഗ്ലീഷുകൾ' എന്ന കൂട്ടത്തിൽ ഇരുപത്തിയൊന്ന് പ്രത്യേക ഇംഗ്ലീഷുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ വിവർത്തകയ്ക്ക് ഈ ഇംഗ്ലീഷുകളെല്ലാം മുന്നിലുണ്ട്. കഥാപാത്രങ്ങൾക്കു ചേരുന്ന, കഥപറയലിന് ചേരുന്ന വാക്കുകളും പ്രയോഗങ്ങളും കണ്ടെത്തുക എന്നതാണ് പ്രധാനം. അത് അമേരിക്കനാണോ ബ്രിട്ടീഷാണോ ഇന്ത്യൻ ആണോ എന്നതല്ല. ഇംഗ്ലീഷ് ഒരു കൊളോണിയൽ ഭാഷയാണ്. വിവർത്തനം ഒരു ഡീകൊളോണിയൽ (Decolonial) പ്രക്രിയയാണെന്ന് ഞാൻ കരുതുന്നു. ഭാഷ എന്നത് ജാതി, മതം, വർഗം, ലിംഗം, സംസ്കാരം എന്നിവയെല്ലാം കലരുന്ന, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എനിക്കത് മലയാളത്തിന്റെ ട്യൂണിൽ ഇംഗ്ലീഷിനെ നൃത്തം ചെയ്യിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്.
പലതരം ഇംഗ്ലീഷുകളെപ്പറ്റി പറഞ്ഞു. നമ്മള്‍ മലയാളികള്‍ പറയുന്ന ഒരു ഇംഗ്ലീഷുണ്ട്. ഒരു ഉച്ചാരണം ഉണ്ട്. നമ്മടെ കൂടെ മെട്രോസിലൊക്കെ വളർന്ന നോർത്തിന്ത്യൻസ് ഉണ്ടെങ്കിൽ അവരതിനെ ഭയങ്കരായിട്ട് പരിഹസിക്കും. അപ്പോ ഞാനവരോട് തിരിച്ചുപറയുന്ന, ആർഗ്യൂ ചെയ്യുന്ന ഒരു കാര്യോണ്ട്. നോക്ക്, ഒരു സായിപ്പും നിങ്ങടെ ഭാഷ അതിന്റെ കൃത്യമായ ഉച്ചാരണത്തോടെ പറയാറില്ല. ജപ്പാൻകാരേം അറബികളേം ആഫ്രിക്കക്കാരേം ഒക്കെ നോക്ക്. അവരാരും ഇംഗ്ലീഷുകാര്‍ പറയുന്ന പോലെ ഇംഗ്ലീഷ് പറയുന്നില്ല. കാലങ്ങളായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ നമ്മടെ ഈ കൊളോണിയൽ ഹാങ്ങോവറിനെ എങ്ങനെ കാണുന്നു?
ഇംഗ്ലണ്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിരണ്ട് കൊല്ലമായി. അതിൽ ഇരുപത് കൊല്ലം ലണ്ടനിലായിരുന്നു. ലണ്ടനിൽ മുന്നൂറ് ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് എസ്റ്റിമേറ്റ്. ആ ഭാഷകളുടെയെല്ലാം ആക്സന്റ്, ഉച്ചാരണം, ഈണം ഒക്കെ അവിടെ കേൾക്കുന്ന ഇംഗ്ലീഷിലും കേൾക്കാം. ബ്രിട്ടീഷ് ഇംഗ്ലീഷ് എന്നാൽ ഒരേയൊരു തരം - അതായത് നമ്മൾ ബി.ബി.സിയിലും മറ്റും കേൾക്കുന്നതുപോലെ - മാത്രമേയുള്ളൂ എന്നത് ശരിയല്ല. പലതരം ഡയലക്റ്റും ഉണ്ട്. ജോർഡീ, സ്‌കൗസ്, സ്‌കോട്ടിഷ്, ഗ്ലാസ്വീജിയൻ, വെൽഷ്, ബ്രമ്മി, അങ്ങനെയങ്ങനെ. നേരത്തേ പറഞ്ഞതുപോലെ ഭാഷയെന്നത് മാറിക്കൊണ്ടിരിക്കുന്ന, മറ്റുപലതിനാലും ഇൻഫ്ലുവൻസ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതായത് 'ഇംഗ്ലീഷുകാര്‍ പറയുന്ന പോലത്തെ ഇംഗ്ലീഷ്' തന്നെ പലതാണ്. ഇന്ത്യയിൽ 22 ഒഫീഷ്യൽ ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. ഭാഷയോട് ബഹുമാനം കാണിക്കുക. അത് ഏത് ഭാഷയായാലും. എന്നാൽ അതിന്റെ സാദ്ധ്യതകളും വളർച്ചയും മാറ്റവും ഉൾക്കൊള്ളുക എന്നതാണ് എനിക്ക് തോന്നുന്നത്.
ജയശ്രീ ഒരിക്കൽ പറഞ്ഞിരുന്നു പൊളിറ്റിക്കലി എഗ്രീ ചെയ്യാൻ പറ്റുന്ന പുസ്തകങ്ങളാണ് ട്രാൻസ്ലേഷനായി തിരഞ്ഞെടുക്കാറ് എന്ന്.
വിവർത്തക ആദ്യന്തം ഒരു വായനക്കാരിയാണ്. വായിച്ച് ഇഷ്ടപ്പെടാത്ത പുസ്തകം ഞാൻ വിവർത്തനം ചെയ്യില്ല. ഒരു പുസ്തകം ഇഷ്ടപ്പെടുക എന്നുപറഞ്ഞാൽ അത് നമ്മളെ സൗന്ദര്യാത്മകമായും വൈകാരികമായും ബുദ്ധിപരമായും രാഷ്ട്രീയമായും ഉത്തേജിപ്പിക്കുക എന്നതാണ്. ഒരു വായനക്കാരി എന്ന നിലയിൽ ശൂന്യതയിലല്ല ഞാൻ നിൽക്കുന്നത്. നമുക്കുചുറ്റുമുള്ള യാഥാർത്ഥ്യങ്ങളിലാണ്. ഇഷ്ടപ്പെട്ട എല്ലാ പുസ്തകങ്ങളും വിവർത്തനം ചെയ്യാൻ പറ്റിയെന്നും വരില്ല. കെ ആർ മീരയുടെ 'ഖബർ' വിവർത്തനം ചെയ്ത നിഷ സൂസനോട് ഞാനൊരിക്കൽ ചോദിച്ചു, ആ പുസ്തകം വിവർത്തനം ചെയ്യാൻ എന്താണ് കാരണമെന്ന്. നിഷ പറഞ്ഞു, എനിക്ക് പാടാൻ പറ്റിയ പാട്ടാണ് അതെന്നുതോന്നി, അതുകൊണ്ടാണ് എന്ന്. ശരിയാണ്, നമുക്കിഷ്ടപ്പെട്ട എല്ലാ പാട്ടും നമുക്ക് പാടാൻ പറ്റിയെന്ന് വരില്ല. എന്നാലും ഇഷ്ടപ്പെട്ട പാട്ടാണ് പാടിയാൽ നന്നാവുക.
എന്റെയൊരു ഓർമ്മ വെച്ച് പറയുകയാണ്, മലയാളത്തിലെ ഒറ്റക്കാലൻ എന്നതിന് ‘One Legged Man’ എന്നാണ് ജയശ്രീ ഉപയോഗിച്ചത്. ‘Cripple’ എന്ന വാക്കായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്... പക്ഷേ എന്തുകൊണ്ട് അവിടെ ‘One Legged’ എന്നതുപയോഗിച്ചു എന്നതൊരു പൊളിറ്റിക്കൽ കാരണമായിരുന്നു ജയശ്രീക്ക്. വാക്കുകൾ തിരഞ്ഞെടുക്കുമ്പോഴുള്ള അങ്ങനത്തെ ഒരു ബോദ്ധ്യം, പൊളിറ്റിക്സ് ബെയ്സ്ഡ് തിരിച്ചറിവ് എങ്ങനെയാണ് ഉണ്ടാവുന്നത്?
വാക്കുകൾക്ക് പല അർത്ഥങ്ങളും ഉണ്ടാവാം. അതുപോലെ ഒരേ അർത്ഥത്തിൽ പല വാക്കുകളും. സന്ദർഭമാണ് പ്രധാനം. Cripple എന്ന വാക്ക് പൊതുവെ ഫിസിക്കൽ ഡിസബിലിറ്റി ഉള്ളവരെ നെഗറ്റീവ് ആയി - അതായത് അവരുടെ ഡിസബിലിറ്റി ഒരു കഴിവുകേട് അല്ലെങ്കിൽ കുറവ് മാത്രമായി കാണുന്ന രീതിയിൽ - വിളിക്കാൻ ഉപയോഗിക്കുന്നതാണ്. ഒരുപാടു കാലം ഡിസബിലിറ്റി മൂവ്മെന്റിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. ഇതുപോലെയുള്ള വാക്കുകൾ, അങ്ങനെയുള്ള വിളികൾ കേൾക്കുന്നവരെ എത്രമാത്രം മുറിവേൽപ്പിക്കുന്നു എന്നത് നന്നായി അറിയാം. എന്നാലും അത്തരം വാക്കുകൾ ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാവും. ഉദാഹരണത്തിന് അങ്ങനത്തെ വാക്കുകൾ യാതൊരു മടിയുമില്ലാതെ ഉപയോഗിക്കുന്ന കഥാപാത്രങ്ങളുണ്ടാവാം ഒരു നോവലിൽ, അല്ലെങ്കിൽ ഒരു കഥാപാത്രത്തിന്റെ സ്വഭാവത്തിന് ആ വാക്കേ ചേരൂ എന്നുണ്ടാകാം. പക്ഷേ മരിയയിൽ അങ്ങനെയല്ല. ഒരു കാൽ മുറിഞ്ഞുപോയ ഒരാളെ വിവരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ‘One-Legged’ ആണ് ചേരുക എന്നുതോന്നി.
ഒരു മലയാളപുസ്തകം വായിക്കുമ്പോ തന്നെ അറിയാതെ ഒരു ട്രാൻസ്ലേഷൻ പ്രോസസ് ഉള്ളിൽ നടക്കാറുണ്ടോ? ഒരു ട്രാൻസ്ലേഷൻ ആംഗിൾ വായനയിൽ വരാറുണ്ടോ?
തീർച്ചയായും. വരികളും വാക്കുകളും എന്റെ മനസ്സ് ഓട്ടോമാറ്റിക് ആയി ട്രാൻസ്ലേറ്റ് ചെയ്തുകൊണ്ടിരിക്കും. അതൊരു ശല്യമായി തോന്നാറുമുണ്ട്.
ട്രാൻസ്ലേഷനിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ ആണ് ഭാവവും ഭാഷയും... ഇതുരണ്ടും തമ്മിലുള്ള ആ ബാലൻസിംഗ് എങ്ങനെയാണ്?
രണ്ടും അങ്ങനെ പൂർണ്ണമായും വേറിട്ടുനിൽക്കുന്നതല്ല. സാധാരണ ഞാൻ വിവർത്തനം തുടങ്ങുമ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചാപ്റ്ററോ പാരഗ്രാഫോ ചെയ്ത് അതിന്റെ ടോൺ ശരിയാവുന്നതുവരെ മാറ്റിയെഴുതിക്കൊണ്ടിരിക്കും. എന്നിട്ടേ തുടക്കം മുതൽ അവസാനം വരെ സിസ്റ്റമാറ്റിക് ആയി ചെയ്യൂ. ആദ്യത്തെ ഡ്രാഫ്റ്റ് ഒരു വിധം വേഗത്തിൽ നടക്കും. രണ്ടാമത്തെ ഡ്രാഫ്റ്റ് വാക്കുകളുടെ അർത്ഥവും വൈകാരികതയും ധ്വനിയും എഴുത്തുകാരിയുടെ/കാരന്റെ സ്റ്റൈലിന്റെ പ്രത്യേകതകളും മറ്റും ശ്രദ്ധിച്ച് വളരെ സമയമെടുത്താണ് ചെയ്യുക. മൂന്നും നാലും ഡ്രാഫ്റ്റ് ആകുമ്പോഴേക്കും വീണ്ടും വീണ്ടും റിഫൈൻ ചെയ്യും. പിന്നെ എഡിറ്ററുടെ സജഷൻസും ഉണ്ടാകും. അതും കേട്ടിട്ട് ആവശ്യമെന്ന് തോന്നുന്നത് സ്വീകരിക്കും.
മരിയയുടെ കാര്യത്തിൽ, ഇത്രയധികം മലയാളം വാക്കുകൾ ഉപയോഗിച്ചാൽ ശരിയാകുമോ എന്നൊരു സംശയം എനിക്കാദ്യം ഉണ്ടായിരുന്നു. നമ്മള് ഫുട്ട്‌നോട്ടോ ഗ്ലോസറിയോ ഒന്നും കൊടുത്തിട്ടുമില്ല. പക്ഷേ ജയശ്രീ ആദ്യത്തെ സെന്റൻസിൽ ആ മലയാളം വാക്കുപറഞ്ഞിട്ട് രണ്ടാമത്തെ സെന്റൻസിലൂടെ വളരെ നാച്ചുറലായിട്ട് ഇംഗ്ലീഷിൽ അതിന്റെ അർത്ഥം പറയുന്നത് വളരെ ബ്രില്യന്റായിരുന്നു, ക്രിയേറ്റീവായിരുന്നു. ഇപ്പോ അതിന്റെ രസം എന്താന്നുവച്ചാ, പല ഇന്റർവ്യൂസിലും മലയാളികളല്ലാത്ത ഇന്റർവ്യൂവേർസ് ചാണ്ടി ദ ഡോഗ് എന്നല്ല നമ്മളോട് പറയുന്നത്… ‘ചാണ്ടിപ്പട്ടി’ എന്നുതന്നെയാണ്. അതുപോലെ ‘കർത്താവ്’. അവരങ്ങനെ പറയുന്നതുകേൾക്കുമ്പോ നമ്മക്കും സന്തോഷം തോന്നും. ആ ഒരു സംഗതിയെ ജയശ്രീ എങ്ങനെയാണ് കാണുന്നത്? എത്രമാത്രം അല്ലെങ്കിൽ ഏതൊക്കെ ഒറിജിനൽ വാക്കുകൾ ഉപയോഗിക്കാം എന്ന തീരുമാനം?
ചാണ്ടിപ്പട്ടിയെ ചാണ്ടി ദ ഡോഗ് എന്നുവിളിക്കാനോ? അയ്യോ, അത് ചാണ്ടിപ്പട്ടിയെത്തന്നെ മാറ്റിക്കളയുമല്ലോ. ഒറിജിനൽ ഭാഷയിലെ ഒരൊറ്റ വാക്കുപോലും ഉൾപ്പെടുത്താതെ വിവർത്തനം ചെയ്യുന്ന ഒരുകാലം ഉണ്ടായിരുന്നു. കഞ്ഞി, റൈസ് പോറിട്ജും മുണ്ട്, സരോങും (ഈ സരോങ് ഇംഗ്ലീഷ് വാക്കല്ല എന്നത് വേറേ കാര്യം) കായ വറുത്തത്, ബനാന ഫ്രിറ്റേർസും മറ്റുമായി അങ്ങനെയങ്ങനെ. ഇതിനെ 'Domestication' എന്ന് വിളിക്കുന്നു. ഇതിന്റെ എതിർഭാഗമാണ് 'Foreignization' - ഒറിജിനൽ ഭാഷയിലെ വാക്കുകൾ നിലനിർത്തിക്കൊണ്ട് വിവർത്തനം ചെയ്യുന്നത്. ഇത് രണ്ടും ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യത്തിൽ വിവർത്തനത്തെ തളച്ചിടാനുള്ള കെണികളായിട്ടാണ് ഞാൻ കാണുന്നത്. എത്രയോ ഇംഗ്ലീഷ് പുസ്തകങ്ങൾ നമ്മൾ വായിക്കുന്നു. പലതരം ഇംഗ്ലീഷിൽ എഴുതിയത്. അമേരിക്കൻ ഇംഗ്ലീഷിലെ ചില വാക്കുകൾ ബ്രിട്ടീഷ് വായനക്കാർക്കോ ഇന്ത്യയിലെ ഇംഗ്ലീഷ് വായനക്കാർക്കോ മനസ്സിലായിക്കൊള്ളണം എന്നില്ല, തിരിച്ചും. എന്നുവച്ച് അവക്കൊന്നും ഫുട്‌നോട്ട് നൽകാറില്ലല്ലോ. മലയാളത്തിലെ വാക്കുകൾ എപ്പോൾ, എത്ര, എങ്ങിനെ ഉൾപ്പെടുത്താം എന്നത് വിവർത്തനം എന്ന കലയുടെ, ക്രാഫ്റ്റിന്റെ ഭാഗമായാണ് ഞാൻ കാണുന്നത്. വായനക്കാർക്ക് മനസ്സിലാകണം എന്നതാണ് പ്രധാനം. വായനക്കാർ ബുദ്ധിയും ഭാവനയും ഉള്ളവരാണ് എന്ന് കരുതാനാണ് എനിക്കിഷ്ടം.
ഇത്രയധികം സൂക്ഷ്മതയും ക്രിയേറ്റിവിറ്റിയും ഭാഷാപ്രാവീണ്യവും ഡെഡിക്കേഷനും ഡിമാന്റ് ചെയ്യുന്ന ഒരു മേഖലയാണ് വിവർത്തനം. പക്ഷേ വിവർത്തകർക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ല എന്ന പ്രശ്‌നം കാലങ്ങളായിട്ട് ഉള്ളതാണ്. ഇപ്പോൾ ആ അവസ്ഥക്ക് മാറ്റം വരുന്നുണ്ടോ?
തീർച്ചയായും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒന്നുകൂടി വിശദീകരിച്ചുപറഞ്ഞാൽ, വിവർത്തനത്തിന് മുൻപത്തേക്കാൾ പ്രാധാന്യം കിട്ടിയിട്ടുണ്ട്. പക്ഷേ വിവർത്തകർക്ക് ഇപ്പോഴും പ്രാധാന്യം കുറവാണ്. നോബൽ സമ്മാനവും ഇന്റർനാഷണൽ ബുക്കർ പ്രൈസും കിട്ടിയ പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർച്ചുകിന്റെ വിവർത്തകയായ ജെന്നിഫർ ക്രോഫ്റ്റ് പറഞ്ഞ ഒരു കാര്യമുണ്ട്, നിങ്ങൾ വായിക്കുന്ന വിവർത്തനത്തിലെ ഓരോ വാക്കും വിവർത്തക തിരഞ്ഞെടുത്തതാണ് എന്ന്. എന്നിട്ടും വിവർത്തന സാഹിത്യം നിരൂപണം ചെയ്യുമ്പോഴോ വായനാനുഭവം എഴുതുമ്പോഴോ വിവർത്തകരെ കുറിച്ച് പലപ്പോഴും ഒന്നും പറയാറില്ല. പലപ്പോഴും പുസ്തകം വിവർത്തനമാണ് എന്നുപോലും നടിക്കാതെ ഒറിജിനൽ ഭാഷയിൽ വായിച്ച പോലെയാണ്. ഇന്ത്യയിൽ വിവർത്തന സാഹിത്യത്തിന് ഒരുപാട് വിസിബിലിറ്റി നേടിക്കൊടുത്തതാണ് ജെ.സി.ബി. സാഹിത്യ പുരസ്‌കാരം. ഇക്കൊല്ലത്തെ ലോങ്ങ്‌ലിസ്റ്റിൽ പത്തിൽ അഞ്ചെണ്ണം, മരിയ ഉൾപ്പെടെ, വിവർത്തനങ്ങളാണ്. 2018 മുതൽ ആറിൽ അഞ്ചു പ്രാവശ്യവും വിവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. എന്നിട്ടും അവാർഡ് തുകയിലടക്കം എഴുത്തുകാർക്കും വിവർത്തകർക്കുമിടയിൽ വലിയ വിവേചനം കാണിക്കുന്നുണ്ട്. വിവർത്തന സാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസ്. അവിടെ ഈ വിവേചനം ഇല്ല.
മരിയ ജസ്റ്റ് മരിയയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേട്ട ഒരു ചോദ്യം മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ടാണ്. ഞാനതിനെ പുസ്തകത്തിൽ അക്കാഡമിക്കായിട്ടോ പ്രൊഫഷണലായിട്ടോ അപ്രോച്ച് ചെയ്തിട്ടില്ല. കാരണം എനിക്കതറിയില്ല. എന്നെ സംബന്ധിച്ച് പുസ്തകത്തിലെ ഇഷ്യൂ സമൂഹം കാണുന്ന നോർമൽ/അബ്നോർമൽ അവസ്ഥയായിരുന്നു. സൈക്യാട്രിക് ട്രീറ്റ്മെന്റ് സമൂഹം അതിനുകാണുന്ന സ്വാഭാവികമായ ഒരു സൊലൂഷൻ എന്ന രീതിയിൽ മാത്രമാണ് അവിടെ വരുന്നത്. എന്നാൽ ജയശ്രീ വർഷങ്ങളായി മാനസികാരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഒരു ആക്റ്റിവിസ്റ്റാണ്. മരിയയിലെ 'മാഡ്നെസ്സ്' ജയശ്രീക്ക് എങ്ങനെയാണ് സ്ട്രൈക്ക് ചെയ്തത്?
കൃത്യമായി പറഞ്ഞാൽ ഞാൻ മാനസികാരോഗ്യരംഗത്തല്ല പ്രവർത്തിക്കുന്നത്. മാനസികരോഗികൾ എന്ന് മുദ്രകുത്തപ്പെട്ടവരുടെ മനുഷ്യാവകാശത്തിന്റെ രംഗത്താണ്. സൈക്യാട്രിക് സർവൈവർ മൂവ്മെന്റിന്റെ ഭാഗമായി. മാനസികരോഗി എന്ന് മുദ്രകുത്തപ്പെടുന്നവരും അതിന്റെ പേരിൽ നമ്മുടെ സമ്മതമില്ലാതെ സൈക്യാട്രിക് ആശുപത്രികളിലും മറ്റ് സ്ഥാപനങ്ങളിലും അടക്കപ്പെടുന്നവരും പലപ്പോഴും സാമൂഹിക പ്രശ്നങ്ങൾ നേരിടുന്നവരാണ്. സമൂഹത്തിന്റെ മാനങ്ങൾക്കും കണക്കുകൾക്കും ചേർന്ന് ജീവിക്കാൻ ബുദ്ധിമുട്ടുന്നവർ. ഉദാഹരണത്തിന്, ഗാർഹിക പീഡനം അനുഭവിച്ച് ജീവിക്കാൻ ബുദ്ധിമുട്ടുന്നവരെ വിഷാദരോഗം (Clinical Depression) ഡയഗ്നോസ് ചെയ്ത് മരുന്നും കൊടുത്ത് അതേ വീട്ടിലേക്ക്, അതേ പീഡനത്തിലേക്ക്, മനോരോഗിയെന്ന ലേബലുമായി തിരിച്ചയക്കുന്ന സൈക്യാട്രി, അതിന് സഹായകമാകുന്ന മെന്റൽ ഹെൽത്ത് ആക്റ്റ് എന്ന നിയമം, അതിന് വളം വച്ച് കൊടുക്കുന്ന കുടുംബം, സമൂഹം - ഇതാണ് പൊതുവായ അവസ്ഥ. സമൂഹം നിർണയിച്ച നോർമൽ എന്ന വ്യവസ്ഥയിൽനിന്ന് മാറി ജീവിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ മനോരോഗിയെന്ന്, ഭ്രാന്തനെന്ന് വിളിക്കുന്നു. മരിയയിൽ സന്ധ്യ പറയുന്നത് ഈ കഥയാണ്, അതിന്റെ ഒരു ആഖ്യാനം. മലയാള സാഹിത്യത്തിൽ ഈ അവസ്ഥയുടെ കഥ അത് അനുഭവിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെ പറയുന്നത് വളരെ കുറവാണ്. എന്റെ ആക്റ്റിവിസത്തിലൂടെയും റിസേർച്ചിലൂടെയും കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലമായി ഞാൻ പറയാൻ ശ്രമിച്ചത് പലതും മരിയയിലുണ്ട്. നേരത്തേ പറഞ്ഞില്ലേ, എന്റെ പൊളിറ്റിക്സുമായി ചേരുന്ന പുസ്തകങ്ങൾ വിവർത്തനം ചെയ്യാനാണ് എനിക്കിഷ്ടം.