ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ
'മുദ്രാവാക്യക്കവിത’ കവിതയല്ല

‘‘ഒരു രചനയെ മുദ്രാവാക്യക്കവിതയെന്ന വരേണ്യകൽപ്പന കൊണ്ട് അടയാളപ്പെടുത്തുന്ന എഴുത്തിനോട് കാവ്യനിരൂപണം കൊണ്ടു പ്രതികരിക്കേണ്ടതില്ല. അത് കവിതയല്ലല്ലോ? ഇത് ബാലചന്ദ്രന്റെ 'ഇതരവ്യവഹാര'ത്തോടുള്ള സാധാരണ പ്രതികരണം മാത്രം.’’ ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഒരു മുദ്രാവാക്യക്കവിത’ എന്ന കവിതയെ മുൻനിർത്തി വി. വിജയകുമാർ എഴുതുന്നു.

‘രാഷ്ട്രീയം സർഗാത്മകമാകുമ്പോൾ മുദ്രാവാക്യം കലയാകുന്നു' എന്ന ശീർഷകത്തിൽ മലയാള ഭാഷയിൽ ഒരു ലേഖനം എഴുതപ്പെട്ടിട്ടുണ്ട്. ബി.രാജീവനാണ് എഴുതിയത്. അദ്ദേഹത്തിന്റെ 'സ്വാതന്ത്ര്യത്തിന്റെ സമഗ്രത' എന്ന പുസ്തകത്തിൽ ഈ ലേഖനം കാണാം. ആ ലേഖനത്തിന്റെ ആമുഖക്കുറിപ്പെന്നോണം രാജീവൻ എഴുതുന്ന ഭാഗത്തു നിന്ന് ചില വാക്യങ്ങൾ ഉദ്ധരിക്കാം: “രാഷ്ട്രീയം നമ്മുടെ നാട്ടിൽ അവസരവാദത്തിന്റെയും തട്ടിപ്പിന്റെയും പര്യായമായി അധഃപതിച്ചു കഴിഞ്ഞിട്ടുണ്ട്. ആത്മാർത്ഥതയില്ലാത്ത ഏതു കപടനാട്യത്തിനും പെട്ടെന്നു കിട്ടുന്ന ഒരു ഉദാഹരണമായി തീർന്നിട്ടുണ്ട്, ഇന്നു രാഷ്ട്രീയക്കാരന്റെ ജീവിതം. രാഷ്ട്രീയക്കാരന്റെ ചിരി, മൈതാനപ്രസംഗം എന്നൊക്കെ നാം പറയാറുണ്ടല്ലോ? പൂർണമായും ആത്മാർത്ഥതയിൽ നിന്നു മാത്രം പിറവി കൊള്ളുന്ന കലയെ ഈ കപടനാട്യത്തിന്റെ പര്യായത്തോടു കൂട്ടിച്ചേർക്കാൻ ആരാണിഷ്ടപ്പെടുക? അങ്ങനെ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന കലാകാരന് കലയോടുള്ള ആത്മാർത്ഥത കൈവിട്ട് കലയെ കപടനാട്യമാക്കേണ്ടി വരും. മറിച്ച് തന്റെ കലയോടു സത്യസന്ധനായിരിക്കണമെങ്കിൽ അയാൾക്കു രാഷ്ട്രീയത്തിൽ നിന്നും ബഹുദൂരം ഒഴിഞ്ഞു പോകേണ്ടതായും വരും. ഒന്നുകിൽ കപടമുദ്രാവാക്യം രചിക്കുക അല്ലെങ്കിൽ ശുദ്ധകല സൃഷ്ടിക്കുക എന്നൊരു പതനത്തിൽ അയാൾക്ക് എത്തേണ്ടിവരും. ഇതു രണ്ടും സംഭവിക്കുന്നുമുണ്ട്. യഥാർത്ഥമായ രാഷ്ട്രീയത്തിന്റെ അഭാവമാണ് കലയെ ജീവിതത്തിൽ നിന്നും വിഘടിപ്പിക്കുന്ന ഈ ദുഃസ്ഥിതിക്കു കാരണം.”

ബി. രാജീവൻ

കല അതിന്റെ സഹജസ്വഭാവത്തിൽ തന്നെ ഒരു സമരരൂപമാണെന്ന് ലേഖനത്തിൽ തുടർന്ന് എഴുതപ്പെടുന്നുണ്ട്. കല കലയ്ക്കുവേണ്ടി, കല ജീവിതത്തിനുവേണ്ടി എന്നിങ്ങനെ പരസ്പരവിരുദ്ധമെന്നോണം ഉയർന്നുവന്ന വാദമുഖങ്ങൾ കലയേയും ജീവിതത്തേയും കുറിച്ചുള്ള അടിസ്ഥാന ധാരണകളുടെ അഭാവത്തിൽനിന്ന് ഉയിരെടുത്തതാണെന്നു പറയുന്നുണ്ട്.

മുകളിൽ ഉദ്ധരിച്ചഭാഗത്ത് പരാമർശിക്കപ്പെടുന്നത് ജീർണ്ണിച്ച കക്ഷിരാഷ്ട്രീയത്തെയാണെന്നും ചരിത്രത്തിന്റെ സർഗാത്മകതയോട് ഐക്യപ്പെടുന്ന രാഷ്ട്രീയം സർഗാത്മകമായ കലയ്ക്കും കാരണമാകുന്നുവെന്നും തുടർന്നു വിശദമാക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച ലേഖനം ഇന്ന് എഴുതപ്പെടുകയാണെങ്കിൽ പൂർണമായും അതേ രൂപത്തിലായിരിക്കില്ല ബി. രാജീവൻ എഴുതുകയെന്നത് തീർച്ചയാണ്. അതിലെ പല ന്യൂനീകരണങ്ങളും പരിഹരിക്കുന്ന, സ്വയം നവീകരിക്കുന്ന നിലപാടുകളിലേക്ക് അദ്ദേഹം മാറിത്തീർന്നിട്ടുണ്ട്. എന്നാൽ, ഈ ലേഖനം സംവഹിക്കുന്ന യാഥാർത്ഥ്യബോധം ഇപ്പോഴും പ്രസക്തമാണ്

ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഒരു മുദ്രാവാക്യക്കവിത’യുടെ ഇലസ്ട്രേഷൻ.

ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതി ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ' ഒരു മുദ്രാവാക്യക്കവിത’യാണ് ഇപ്പോൾ ബി. രാജീവന്റെ ലേഖനത്തെ കുറിച്ചു പറയാൻ എന്നെ പ്രേരിപ്പിച്ചത്. ബാലചന്ദ്രൻ ഇതിനു മുന്നേ 'തോട്ടി' എന്ന കവിതയെഴുതിയപ്പോൾ അത് പ്രചാരണകവിതയെന്നു വിളിക്കപ്പെടുകയുണ്ടായി. അദ്ദേഹം രചിച്ച 'അന്നം' എന്ന കവിത ശുദ്ധകവിതയെന്നു പുകഴ്ത്തപ്പെടുകയും 'തോട്ടി' എന്ന കവിത പ്രചാരണകവിതയെന്നു ഇകഴ്ത്തപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ടാണ് എന്നു പരിശോധിക്കുന്ന ഒരു ലേഖനം ഞാൻ എഴുതുകയും ചെയ്തു. ഈ സാഹചര്യമാണ് ' ഒരു മുദ്രാവാക്യക്കവിത’യെ കുറിച്ചുള്ള ലേഖനം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു ആവശ്യമായി മാറിയത്.

ശുദ്ധകവിത / പ്രചാരണ കവിത എന്ന വിഭജനം നിരാസ്പദമാണെന്നും കവിത സംവഹിക്കുന്ന ഭാവശക്തികളാണ് പ്രധാനമെന്നും പറയാനാണ് 'തോട്ടി'യെ കുറിച്ചുള്ള ലേഖനത്തിൽ ശ്രമിച്ചത്. ആ വിഭജനം നിരാസ്പദമാണെന്നു വാദിച്ചതുകൊണ്ടോ ആ പരികൽപ്പനകളിലെ യുക്തിഭംഗം വെളിപ്പെടുത്തിയതുകൊണ്ടോ അവ അസന്നിഹിതമാകുമായിരുന്നില്ല. അവയെ കുറിച്ചുള്ള ചിന്ത ഭൗതികശക്തിയായി പരിണമിക്കുന്നതാണ് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ എഴുതുന്ന ' ഒരു മുദ്രാവാക്യക്കവിത’ തെളിയിക്കുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രന്റെ ഈ രചന കവിതയെ കപടനാട്യമാക്കുന്ന രചനയാണ്. കലയെ കപടനാട്യത്തിന്റെ പര്യായമായ രാഷ്ട്രീയത്തോടു കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്ന കലാകാരന് കലയോടുള്ള ആത്മാർത്ഥത കൈവിട്ട് കലയെ കപടനാട്യമാക്കേണ്ടിവരുമെന്ന രാജീവന്റെ വാക്കുകൾക്ക് ഈ രചനയുടെ പശ്ചാത്തലത്തിൽ പ്രസക്തിയുണ്ട്. വരേണ്യചിന്ത നിർമിച്ച മുദ്രാവാക്യകവിത എന്ന പരികൽപ്പനയെ തന്റെ രചനയുടെ ശീർഷകമാക്കുന്നതിലൂടെ മാത്രമല്ല, കവിതയിലെ സൂചകങ്ങൾ ചരിത്രവുമായി ചേർന്നു നിർമിക്കുന്ന ആശയലോകം കൃത്രിമവും യാന്ത്രികവുമായ പുരോഗമനവാദത്തെയാണ് പേറുന്നതെന്ന കാര്യവും ഈ രചനയെ കപടനാട്യമാക്കുന്നു.

''മണ്ണിൽച്ചെറിയൊരു കുഴി കുത്തി
കഞ്ഞി വിളമ്പിയ സംസ്കാരം
ജന്മിത്തത്തിൻ പിന്മുറയാം
നിങ്ങൾക്കിന്നും പൊങ്ങച്ചം ''

കുപ്രസിദ്ധമായ വിമോചനസമരകാലത്തു മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളെ അതേപടി എഴുതുന്ന വരികൾ ആദ്യ ഭാഗത്തു പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ബാലചന്ദ്രന്റെ രചന ഉരുവം കൊള്ളുന്നതിന്റെ അടിയന്തരപ്രേരണ ഈ വരികളിലെ ആശയങ്ങളിൽ നിന്നോ അതിന്റെ ചരിത്രസന്ദർഭങ്ങളിൽ നിന്നോ ആയിരിക്കണം.

നടൻ കൃഷ്ണകുമാര്‍

സംഘപരിവാറിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സിനിമാതാരം കൃഷ്ണകുമാർ ഈയിടെ നടത്തിയ ഒരു പ്രസ്താവനയോടുള്ള പ്രതികരണമായി ഈ വരികളെ കാണാം. പ്രൊഫ. എം. കുഞ്ഞാമന്റെ 'എതിര്' എന്ന ഓർമക്കുറിപ്പിൽ എഴുതിയ ഞെട്ടിക്കുന്ന യാഥാർത്ഥ്യത്തെ എതിർക്കാനും ഫ്യൂഡൽ പാരമ്പര്യത്തെ വാഴ്ത്താനുമുള്ള സംഘപരിവാറിന്റെ ജീർണ്ണിച്ച കുബുദ്ധിയാണ് സിനിമാതാരം കൃഷ്ണകുമാറിനെ കുഴിയിൽ കഞ്ഞി ഒഴിച്ചു കൊടുത്തതിൽ നൊസ്റ്റാൽജിക് ആനന്ദം അനുഭവിക്കുന്നവനാക്കിയത്.

കുഞ്ഞാമൻ മാഷിന്റെ പുസ്തകം വായിച്ച പാരമ്പര്യവാദികളാരെങ്കിലും ഉണ്ടെങ്കിൽ അവരെ വീണ്ടുവിചാരത്തിലേക്കു പോകാതെ സംഘപരിവാറിന്റെ നൊസ്റ്റാൾജിക് ആനന്ദത്തിൽ നിലനിർത്താൻ കഴിയുമെന്ന് കൃഷ്ണകുമാർ കരുതിയിട്ടുണ്ടാകണം. അയാളുടേത് സംഘപരിവാരിനു വേണ്ടിയുള്ള പ്രത്യയശാസ്ത്രപ്രവർത്തനം തന്നെയായിരുന്നു. ഭാവനയിൽ കുഴിയിൽ പഴങ്കഞ്ഞി ഒഴിച്ചുകൊടുക്കുന്ന അഭിനേതാവാകുന്ന കൃഷ്ണകുമാർ സംഘപരിവാർ മനസ്സുകൾ സഞ്ചരിക്കുന്ന ദുഷ്ടവും നൃശംസവുമായ വഴികളെയാണ് കാണിച്ചുതന്നത്. ഈ സംഘത്തിൽ പെട്ടു പോകുന്ന പലരും വലിയ ഉപരിഭാവഭ്രമങ്ങളും ആധിപത്യമനോഭാവവും കൊണ്ടുനടക്കുന്നവരാണ്. തങ്ങൾ ശ്രേഷ്ഠകുലജാതരാണെന്നോ സവിശേഷമായ മഹത്ത്വം ഉള്ളവരാണെന്നോ ആരെയും ഭരിക്കാൻ അധികാരമുള്ളവരാണെന്നോ പ്രത്യേക അവകാശങ്ങൾ ഉള്ളവരാണെന്നോ ഒക്കെ മിഥ്യയായി ധരിച്ചു വച്ചിരിക്കുന്നവർ.

എം. കുഞ്ഞാമന്‍

അവരിൽ ജനാധിപത്യപരമായ സംസ്‌കാരം തരിമ്പു പോലും ഉണ്ടാകാൻ ഇടയില്ല. നാടുവാഴിത്തമൂല്യങ്ങളിലാണ് അവർ ഇപ്പോഴും. മാനസികരോഗികളെയെന്ന പോലെ സിനിമാതാരങ്ങളും മറ്റും പെരുമാറുന്നത് ജനാധിപത്യപരമായ സംവിധാനങ്ങളോട് അവർക്ക് പ്രതിപ്രവർത്തിക്കാൻ പോലും കഴിയുന്നില്ലെന്നതു കൊണ്ടാണ്. കുഴിയിൽ കഞ്ഞി ഒഴിച്ചു കൊടുത്തുവെന്നു പറഞ്ഞു ഞെളിയാൻ കഴിയുന്ന മനസ്സിന്റെ ജീർണ്ണത അവർക്കു സ്വയം മനസ്സിലാക്കാൻ കഴിയുന്നതല്ല. ബാലചന്ദ്രൻ അവരുടെ പൊങ്ങച്ചത്തെ വിവൃതമാക്കുന്ന വരികൾ എഴുതുന്നത്, അത്രയും നല്ലതു തന്നെ. ജന്മിത്തത്തിന്റെ പിന്മുറക്കാർ ഇപ്പോഴും പഴയകാലത്തെ സ്വപ്നം കാണുന്നുവെന്ന് എഴുതുന്നതു സംഘപരിവാറിന്റെ സമകാലത്ത് ചരിത്രത്തോടും ജീവിതയാഥാർത്ഥ്യത്തോടും ചേർന്നു നിൽക്കുന്നതു തന്നെ.

എന്നാൽ,
''പിന്നോട്ടില്ല പിന്നോട്ടില്ല
മുന്നോട്ടായും ചക്രങ്ങൾ
പിന്നോട്ടില്ല പിന്നോട്ടില്ല
മുന്നോട്ടായും ചരിത്രങ്ങൾ''
ചുള്ളിക്കാടിന്റെ രചനയുടെ ഈ സമാപ്തിപാഠങ്ങൾ നൽകുന്ന മിഥ്യയായ ശുഭാപ്തിവിശ്വാസം ആ രചനയെ ചരിത്രവിരുദ്ധവും സമകാലജീവിതയാഥാർത്ഥ്യവിരുദ്ധവുമാക്കുന്നു. ഈ രചനയുടെ ഉത്ഭവഹേതു എം. കുഞ്ഞാമന്റെ ആത്മകഥയാണെന്നതുകൊണ്ട് ഇവിടെ പ്രതിപാദിക്കുന്ന മുന്നോട്ടായുന്ന ചക്രങ്ങളെ കുഞ്ഞാമൻ എങ്ങനെയാണ് കണ്ടതെന്ന പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതാണ്.

ഔപചാരികമായി ജന്മിത്തം അവസാനിപ്പിച്ചതായി കരുതപ്പെടുമ്പോഴും നാടുവാഴിത്തത്തിന്റെ മൂല്യങ്ങൾ കേരള സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്നതായും ദലിതരും ആദിവാസികളുമടങ്ങുന്ന അധഃകൃതസമൂഹം ഇപ്പോഴും കൊടിയ വിവേചനങ്ങൾക്കു വിധേയമാകുന്നതായും എം. കുഞ്ഞാമൻ വിമർശനങ്ങളുയർത്തിയിരുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമി തിരിച്ചുപിടിച്ച് വിതരണം ചെയ്യുന്നതിനായി 1975-ൽ നിയമസഭ പാസാക്കിയ നിയമത്തെ ഇരുപതു വർഷം കഴിയുമ്പോഴേക്കും കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളെല്ലാം ചേർന്ന് അട്ടിമറിച്ച ചരിത്രം എം. കുഞ്ഞാമൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കേരളത്തിൽ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്‌ക്കരണം ‘കൃഷിഭൂമി കർഷകന്’ എന്ന മുദ്രാവാക്യം കൈയ്യൊഴിയുകയും ഭൂമി പാട്ടക്കുടിയാന്മാർക്കു കൈമാറുകയുമായും ചെയ്യുന്ന രൂപത്തിലാണ് നടപ്പിലാക്കപ്പെട്ടത്. കൃഷിഭൂമിയിൽ പണിയെടുത്തിരുന്ന യഥാർത്ഥ അവകാശികളായ അടിയാളർക്കു കുടികിടപ്പവകാശം മാത്രം നൽകി സെറ്റിൽമെന്റ് കോളനികളിലേക്കും ലക്ഷംവീടു കോളനികളിലേക്കും മറ്റും അവർ മാറ്റിപാർപ്പിക്കപ്പെട്ടു. വൻകിട എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും യാതൊരു പരിഷ്‌ക്കരണത്തിനും വിധേയമാകാതെ മുതലാളിമാർക്ക് യഥേഷ്ടം ഉപയോഗിക്കാവുന്നവയാക്കി മാറ്റിനിർത്തപ്പെടുകയും ചെയ്തു. ഭൂമിയുടെ തുണ്ടുവൽക്കരണവും റിയൽ എസ്റ്റേറ്റ് ബിസിനസിനുള്ള ത്വരകമായി ഭൂമി മാറിത്തീർന്നതും ഇതിന്റെ ഭവിഷ്യത്ഫലങ്ങളായിരുന്നു. അധഃകൃതജനത ഇപ്പോഴും ഭൂമിയിലോ സമ്പത്തിലോ അധികാരവും അവകാശവും ഇല്ലാത്തവരായി തുടരുമ്പോഴും കേരളത്തിലെ ഭൂമിയുടെ കേന്ദ്രീകരണം അഖിലേന്ത്യാശരാശരിയിലും ഏറിയതാണെന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ ഈ സമകാലയാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്നതോടൊപ്പം എം. കുഞ്ഞാമൻ ഒരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഭൂമിപ്രശ്‌നം പരിഹൃതമായ ഒരു കാര്യമായിട്ടാണ് മുഖ്യ ഇടതുപക്ഷമടക്കം കാണുന്നതെന്ന്, ഈ പ്രശ്‌നത്തെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളെ അഭിസംബോധന ചെയ്യാൻ അവർ തയ്യാറാകുന്നില്ലെന്ന്, അതിനോടു നിശ്ശബ്ദത പുലർത്തുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

എം. കുഞ്ഞാമൻ വിവരിക്കുന്ന ഈ വസ്തുനിഷ്ഠ സ്ഥിതിയെയാണ് മുന്നോട്ടായുന്ന ചക്രങ്ങളെന്ന രൂപകം കൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് സൂചിപ്പിക്കുന്നത്. കുഞ്ഞാമനിൽ നിന്നാരംഭിക്കുന്ന വ്യവഹാരങ്ങൾ, അത് പകരുന്ന യാഥാർത്ഥ്യത്തെ കുറിച്ചുള്ള ധാരണകളെ പിന്നെയും പിന്നെയും നിഷേധിക്കുന്നതും വക്രീകരിക്കുന്നതുമാണ് നാം കാണുന്നത്.

കൃഷ്ണകുമാർ എന്ന സിനിമാതാരത്തിൽ മാത്രമല്ല, ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവിയിലും അതു സംഭവിക്കുന്നു. ദലിതജീവിതം നമ്മുടെ സാമാന്യബോധത്തിൽ നിന്ന് എത്രയോ അകലെയാണെന്ന് അതു കാണിക്കുന്നു. ബാലചന്ദ്രന്റെ രചന മിഥ്യയായ ശുഭാപ്തിവിശ്വാസം പകരുന്നതും നിലനിൽക്കുന്ന ജീർണ്ണരാഷ്ട്രീയത്തിനു അനുലോമവുമാണ്. കൃത്രിമമായ പുരോഗമനനാട്യത്തെ പേറുന്ന രചന കപടരാഷ്ട്രീയത്തോടൊപ്പം നിൽക്കുന്ന കപടനാട്യമാണ്.

'രാഷ്ട്രീയം സർഗാത്മകമാകുമ്പോൾ മുദ്രാവാക്യം കലയാകുന്നു' എന്ന ശീർഷകത്തിൽ എഴുതപ്പെട്ട രാജീവന്റെ ലേഖനത്തിൽ ശുദ്ധകല, ശുദ്ധകലാവാദം എന്നീ പരികൽപ്പനകൾ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും മുദ്രാവാക്യ കല, മുദ്രാവാക്യക്കവിത എന്നിങ്ങനെയുള്ള പരികൽപ്പനകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല. മറിച്ച്, മുദ്രാവാക്യ കല എന്ന പരികൽപ്പനയെ നിഷേധിക്കുന്ന വാദമുഖങ്ങളാണ് രാജീവൻ മുന്നോട്ടുവയ്ക്കുന്നതെന്നു നിഗമിക്കുകയും ചെയ്യാം. ഇവിടെയും, ഒരു രചനയെ മുദ്രാവാക്യക്കവിതയെന്ന വരേണ്യകൽപ്പന കൊണ്ട് അടയാളപ്പെടുത്തുന്ന എഴുത്തിനോട് കാവ്യനിരൂപണം കൊണ്ടു പ്രതികരിക്കേണ്ടതില്ല. അത് കവിതയല്ലല്ലോ? ഇത് ബാലചന്ദ്രന്റെ 'ഇതരവ്യവഹാര'ത്തോടുള്ള സാധാരണ പ്രതികരണം മാത്രം.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments