(കഴിഞ്ഞ പാക്കറ്റിൽനിന്ന് തുടർച്ച)
അവളുടെ ഉടലിൽ ഗന്ധർവ്വൻ
വർഷേച്ചി ഇനി തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന സങ്കടം ഹുദ്ഹുദിനോട് ബൽക്കീസ് പറഞ്ഞു കൊണ്ടിരിക്കെയാണ് സൂര്യദത്തൻ മുറിയിലേക്ക് കയറിവരുന്നത്. അയാളെ ആദ്യം കണ്ടപ്പോൾ ചിലച്ച് ശബ്ദമുണ്ടാക്കിയതുപോലെ ഹുദ്ഹുദ് ചിലയ്ക്കാൻ തുടങ്ങി. അയാളുടെ പിറകെ വന്ന ഉപ്പ ബൽക്കീസിനോടായി, വേഗം കുളിച്ച് ഈറനോടെ പത്തായപ്പുരയിലേക്ക് എത്താൻ കൽപ്പിച്ചു.
അവൾ ഹുദ്ഹുദിനെ കൂട്ടിലാക്കി.
കണ്ണീർ തുടച്ചുകൊണ്ട് അലമാരയിൽ നിന്നും വസ്ത്രങ്ങളെടുത്തു. അയയിൽ നിന്നും തോർത്തെടുത്ത ശേഷം കുളിമുറിയിലേക്ക് നടക്കാൻ തുനിയവേ, മുങ്ങിക്കുളിച്ചുവരാൻ സൂര്യദത്തൻ കൽപ്പിക്കുന്നു. മറുപടിയായൊന്ന് മൂളിക്കൊണ്ട് ബൽക്കീസ് വടക്കേ പറമ്പിലെ കല്ലുവെട്ട് മടയ്ക്ക് അരികിലുള്ള കുളത്തിലേക്ക് നടക്കുന്നു. അന്നേരം സന്ധ്യ അവൾക്ക് ചുറ്റും സങ്കടപ്പെട്ടെന്നോണം ചുവന്ന് നിന്നു...
‘നാരദസ്തുംബരുശൈഞ്ചവ
വിശ്വാവസുപുരോഗമാഃ
പരിഗൃഹ്ണന്തു മേ സർവേ ഗന്ധർവാ
ബലിമുദ്യതം’.
സൂര്യദത്തൻ ഗന്ധർവ്വ പ്രീതിയ്ക്കായുള്ള മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്നു. അയാൾക്കുമുന്നിലെ കളത്തിൽ മൂന്ന് പെൺകുട്ടികൾ ഇരുന്ന് ഗന്ധർവ്വനെ പ്രീതിപ്പെടുത്താനുള്ള പാട്ടുകൾ പാടിക്കൊണ്ട് ഉറഞ്ഞുതുള്ളി. അവർക്കിടയിലേക്ക് കുളിച്ച് ഈറനോടെ എത്തിയ ബൽക്കീസിനെ രാമനാഥൻ പിടിച്ചിരുത്തി. ഭയപ്പാടോടെ അവൾ ചുറ്റും നോക്കുമ്പോൾ ഹുദ്ഹുദ് സൂര്യദത്തന്റെ മടിയിലിരിക്കുന്നത് കണ്ടു.
ഹുദ്ഹുദിനെ മന്ത്രവാദിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങാനായി ബൽക്കീസ് എഴുന്നേറ്റു. അന്നേരം അവൾക്കുനേരെ താക്കീതിന്റെ നോട്ടമെറിഞ്ഞ ശേഷം മുന്നിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഹോമകുണ്ഡത്തിനുനേരെ ഹുദ്ഹുദിനെ എറിയാൻ തുനിഞ്ഞുകൊണ്ട്, അവളോടായി മന്ത്രവാദക്കളത്തിലേക്കിരിക്കാൻ അയാൾ വീണ്ടും കണ്ണാംഗ്യം കാട്ടി.
സൂര്യദത്തന്റെ പേടിപ്പെടുത്തുന്ന ആ നോട്ടത്തിൽ ബൽക്കീസ് ആകെ പകച്ചുപോയി. അവൾ പ്രാണനറ്റ പോലെ കുഴഞ്ഞുവീണു. ഇതോടെ ഗന്ധർവ്വൻപാട്ട് പാടിക്കൊണ്ടിരുന്ന കന്യകമാരുടെ സ്വരം ഉച്ചത്തിലായി. ഇതോടൊപ്പം അവരുടെ തുള്ളലിന് താളവും വേഗതയും കൂടി. പാലപ്പൂവും നെയ്യും സൂര്യദത്തൻ ഹോമകുണ്ഡത്തിലേക്ക് സമർപ്പിച്ചു. മനംമയക്കുന്നൊരു ഗന്ധത്തോടൊപ്പം ബർക്കത്ത് മൻസിലിലെ പത്തായപ്പുരയിൽ നിന്നും രൂക്ഷമായ പുക പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങി.

സന്ധ്യയെ ഇരുട്ടിലാക്കിക്കൊണ്ട് പുകപടലം സൂര്യനെ മറച്ചുകളഞ്ഞു. സന്ധ്യ മയങ്ങിയതും ഹോമം അവസാനിപ്പിച്ച് സൂര്യദത്തൻ പീഠത്തിൽ നിന്നും എഴുന്നേറ്റ് പത്തായപ്പുരയ്ക്ക് പുറത്തേക്ക് നടന്നു. വെളിയിൽ നിന്നിരുന്ന റസാക്കിനെ നോക്കിയൊന്ന് പുഞ്ചിരിക്കുന്നു.
‘‘തിരുമേനി, എന്റെ മോൾടെ മേത്ത്ന്ന് ഗന്ധർവ്വൻ പോയോ?’’ എന്ന് വേവലാതി നിറഞ്ഞ സ്വരത്തിൽ റസാക്ക് ചോദിക്കുന്നു.
മറുപടിയായി, ‘‘ഒഴിപ്പിക്കാൻ പറ്റില്ല, ദോഷങ്ങളും അനർത്ഥങ്ങളും ഇല്ലാതിരിക്കാൻ വേണ്ടത് ചെയ്തിട്ടുണ്ട്’’.
‘‘ഒരിക്കലും അപ്പൊ ഇന്റെ കുട്ടീടെ മേത്ത്ന്ന് ഗന്ധർവ്വൻ ഒഴിഞ്ഞു പോവില്ലേ?’’ ആശങ്ക നിറഞ്ഞ ചോദ്യവും നോട്ടവുമെറിഞ്ഞ് റസാക്ക് ഉത്തരത്തിനായി കാത്തു.
വെറ്റിലച്ചെല്ലം തുറന്ന് വെറ്റിലയെടുത്ത് ഞെരടി കൊണ്ട്, ബർക്കത്ത് മൻസിലിൽ കുടിയിരിക്കുന്ന ഗന്ധർവ്വനെ കുറിച്ച് തന്റെ മന്ത്രസിദ്ധിയിൽ മനസ്സിലാക്കിയ കാര്യങ്ങൾ സൂര്യദത്തൻ പറയാൻ തുടങ്ങി...
ദേവലോകത്തെ വിപ്ലവം
വ്യാഴവട്ടക്കാലം പൂർത്തിയാകുമ്പോൾ ദേവലോകത്തെ സോമരസം തീരുകയും, സോമരസം ഉണ്ടാക്കാനാവശ്യമായ അത്യപൂർവ്വമായ സോമലതകൾ ഭൂമിയിൽ പൂവിട്ട് തളിർക്കുകയും ചെയ്യും.
സോമലതയുടെ പൂക്കളും ഇലകളും തണ്ടും ചതച്ച് നീരെടുത്ത് സോമരസം ഉണ്ടാക്കാൻ അളകാപുരിയിലേയും ദേവലോകത്തേയും ഗന്ധർവ്വന്മാർ ദേവേന്ദ്രന് മുന്നിൽ ഒത്തുകൂടും. ഗന്ധർവ്വന്മാരെ ഉത്തേജിപ്പിച്ച് ഉന്മേഷവാന്മാരാക്കാൻ അപ്സരസുകൾ എഴുന്നെള്ളും. സോമലതയുടെ പൂക്കൾ നുള്ളുന്നതിന് ഭൂമിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി, ഗന്ധർവ്വന്മാരുടേയും അപ്സരസുകളുടേയും വിവാഹം നടക്കും.
വിവാഹത്തിൽ പങ്കെടുക്കുന്ന ഗന്ധർവ്വന്മാർ തംബുരു മീട്ടി മേഘമൽഹാർ രാഗത്തിൽ ഗാനം ആലപിക്കുകയും മഴ പെയ്യിക്കുകയും വേണം. ഗാനമാധുര്യത്തിൽ മയങ്ങി മേഘങ്ങൾ ഇന്ദ്രസദസ്സിലെത്തുകയും മഴയായി പെയ്യുകയും വേണം. ഈ പരീക്ഷണത്തിൽ വിജയിക്കുന്ന ഗന്ധർവ്വന് മാത്രമേ അപ്സരസ്സുകളെ വിവാഹം ചെയ്യാൻ അവകാശമുള്ളു. വിവാഹം നടന്നാലുടനെ അപ്സരസുകളെ ദേവന്മാർക്ക് സമർപ്പിച്ചശേഷം ഗന്ധർവ്വന്മാർ സോമലതയുടെ പൂക്കളും ഇലകളും നുള്ളാൻ ഭൂമിയിലേക്ക് ഇറങ്ങിവരും. ഭൂമിയാകെ ചുറ്റിയടിച്ച് 10 ദിവസങ്ങൾ കൊണ്ട് സോമലതയുടെ പൂക്കളും ഇലകളും തണ്ടുകളും ശേഖരിക്കും. 11 നാൾ അന്ത്യയാമത്തിലെ ഏഴാമത്തെ കാറ്റ് വീശുമ്പോൾ, ഗന്ധർവ്വന്മാർ തിരികെ പോകും. ദേവലോകത്ത് എത്തി അവർ, സോമരസം വാറ്റാൻ തുടങ്ങും. 24ാം ദിവസം സോമരസം തയ്യാറാകുമ്പോൾ, സോമരസം തന്റെ യജമാനനായ ദേവന് കാഴ്ചവെക്കണം.
യജമാനനായ ദേവന് നിവേദ്യമായി കിട്ടിയ സോമരസം കുടിച്ച്, വധുവായ അപ്സരസിനെ ഭോഗിക്കുന്നു. അങ്ങനെ അപ്സരസുകളുടെ കന്യകാത്വം യജമാനനായ ദേവന് സമർപ്പിക്കുന്നതോടെയാണ് അപ്സരസുകളുടെ ഗന്ധർവ്വനുമൊത്തുള്ള വിവാഹം പൂർത്തിയാകുക. യജമാന ദേവനൊപ്പം ശയിച്ച് കന്യകാത്വം നഷ്ടപ്പെടുന്ന അപ്സരസിനൊപ്പം ഗന്ധർവ്വന് വൈവാഹിക ജീവിതം ആരംഭിക്കാം...
വർഷങ്ങളായി നടന്നുപോന്നിരുന്ന ഈ ആചാരം അടുത്തിടെ മുടങ്ങുകയുണ്ടായി. ദേവലോകത്തെ സമ്പ്രദായം അട്ടിമറിച്ച് കലാപമുണ്ടാക്കിയതിന്റെ പേരിൽ ശാപം കിട്ടി ഭൂമിയിലെത്തിയ ഗന്ധർവന്റെ തേജസാണ്, ‘ഹുദ്ഹുദ്’ എന്ന് പേരിട്ട് വിളിക്കുന്ന ഈ മരംകൊത്തിയിൽ കുടികൊള്ളുന്നത്.

പറവപ്പേച്ചിലെ
സോമസേനൻ ഗന്ധർവ്വൻ
‘ശാപം കിട്ടി പറവയായി പുനർജനിച്ച ഗന്ധർവ്വൻ ഏഴ് മരംകൊത്തി ജന്മങ്ങൾ ജീവിച്ചു തീർത്ത്, ഏഴാമത്തെ മരംകൊത്തിയുടെ മരണത്തോടെ ഗന്ധർവ്വ ലോകത്തേക്ക് തിരികെ പോകും. ഏഴ് പറവ ജന്മങ്ങളിലൂടെ ശാപമോക്ഷം നേടിയാലല്ലാതെ ബൽക്കീസിന്റെ ജീവിതത്തിൽ നിന്ന് ഗന്ധർവ്വ സാന്നിദ്ധ്യം ഒഴിഞ്ഞുപോകില്ല’, മന്ത്രസിദ്ധിയാൽ താൻ മനസ്സിലാക്കിയ കാര്യങ്ങൾ സൂര്യദത്തൻ റസാക്കിനോട് വ്യക്തമാക്കി. ഗന്ധർവ്വൻ പാട്ടിനായി വരച്ചു മാഞ്ഞ കളത്തിൽ അർദ്ധമയക്കത്തിൽ കിടന്നിരുന്ന ബൽക്കീസ് അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ഗന്ധർവ്വൻ പാട്ടും പൂജയും കഴിഞ്ഞ് സൂര്യദത്തൻ ബർക്കത്ത് മൻസിലിൽ നിന്നും യാത്രയായി... അയാൾ നിർദ്ദേശിച്ച പൂജയും വഴിപാടുകളും നടത്തിയതോടെ, ബൽക്കീസ് സന്ധ്യയ്ക്ക് വീട്ടിൽ നിന്നിറങ്ങി പറമ്പിന്റെ വടക്കേ അതിരിലുള്ള കൂവളക്കാട്ടിലെ ഗന്ധർവ്വ ക്ഷേത്രത്തിലേക്ക് പോകുന്നതിന് അവസാനമായി. ഇതോടൊപ്പം ഒറ്റയ്ക്കുള്ള സംസാരത്തിനും കുറവ് വന്നു. എങ്കിലും പൂർണമായി പഴയ ബൽക്കീസായെന്ന് പറയാനും കഴിയില്ല. അവൾ ഹുദ്ഹുദിനോട് ഓരോന്ന് ചോദിക്കുകയും, മറുപടിയ്ക്കായി ചെവിയോർക്കുകയും ചെയ്തു.
ഗന്ധർവ്വൻ പാട്ടിനൊടുക്കം മന്ത്രം ചൊല്ലി സൂര്യദത്തൻ ഹുദ്ഹുദിനോട് സംസാരിച്ചത് അനുകരിച്ചുകൊണ്ട് മന്ത്രം ചൊല്ലിയാണ്, അവളും ഹുദ്ഹുദുമായുള്ള സംസാരം ആരംഭിച്ചിരുന്നത്.
‘നാരദസ്തുംബരുശൈഞ്ചവ
വിശ്വാവസുപുരോഗമാഃ
പരിഗൃഹ്ണന്തു മേ സർവേ ഗന്ധർവാ
ബലിമുദ്യതം’
മന്ത്രം ചൊല്ലിക്കൊണ്ട് ബൽക്കീസ് ഹുദ്ഹുദിന്റെ കണ്ണുകളിലേക്ക് നോക്കി.
അവന്റെ കണ്ണുകളിൽ തന്റെ പ്രതിബിംബം കണ്ട് ലജ്ജയോടെ മുഖം താഴ്ത്തി. അന്നേരം, കൊക്കുകൊണ്ട് അവളുടെ ചുണ്ടിൽ തൊട്ട് ചിറകുകളാൽ കവിളിൽ തലോടിക്കൊണ്ട് ഹുദ്ഹുദ് ചിലയ്ക്കാൻ തുടങ്ങി.
സുന്ദരനായ ആ പക്ഷിയ്ക്ക് പെട്ടെന്ന് മനുഷ്യന്റെ ശബ്ദം കിട്ടുകയും ബൽക്കീസിന്റെ പേർ ചൊല്ലി വിളിക്കുകയും ചെയ്തു. അവളത് പ്രതീക്ഷിച്ചിരുന്നു. തന്നോട് മിണ്ടാൻ വന്നാൽ ചോദിക്കണമെന്ന് കരുതി വെച്ച ചോദ്യങ്ങളോരോന്നായി എടുത്തിട്ടു. ‘ഗന്ധർവന്റെ പേരെന്താ? എന്തിനാ ഹുദ്ഹുദിന്റെ മേത്ത് കയറിയത്? ഇങ്ങൾക്ക് മനുഷ്യ രൂപത്തിലാവാൻ പറ്റൂലേ? എന്തിനാ അനക്ക് ശാപം കിട്ടിയത്?’
‘ഗന്ധർവ്വന്മാരുടെ രാജാവും കുബേര ഭഗവാന്റെ മിത്രവുമായ ചിത്രരഥന്റെ വംശാവലിയിൽ പെട്ട ചിത്രസേനനാണ് പിതാവ്. ഇന്ദ്രസദസ്സിലെ പ്രഭയായ മേനകയുടെ വംശവലിയിൽ പെട്ട സോമലതയാണ് മാതാവ്. സോമസേനൻ എന്ന ഗന്ധർവ്വന് എങ്ങനെയാണ് ശാപം കിട്ടി, ഹുദ്ഹുദിന്റെ ശരീരത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടതെന്നാണ് അറിയേണ്ടത്. അല്ലേ?’, മറുപടിയായൊന്ന് മൂളിക്കൊണ്ട് ബൽക്കീസ് തലയാട്ടി.
ഹുദ്ഹുദിന്റെ രൂപം പെട്ടെന്ന് സോമസേനൻ ഗന്ധർവന്റേതായി മാറുകയും അവളെ ചേർത്തു പിടിച്ച് ചുംബിക്കുകയും ചെയ്തു. അന്നേരം, നിദ്രയിലെന്ന പോലെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. തലച്ചോറിന്റെ തിരശ്ശീലയിൽ സോമസേനനും ദേവലോകവും തെളിഞ്ഞു...
സോമസേനൻ മറ്റുള്ള ഗന്ധർവ്വന്മാരെ പോലെയായിരുന്നില്ല. കറുത്ത് മെലിഞ്ഞ് ശോഷിച്ച ഉടലായതിനാൽ എല്ലാവരും മാറ്റിനിർത്തുക പതിവായിരുന്നു. പോരാത്തതിന് പാടാനുള്ള കഴിവ് അശേഷമുണ്ടായിരുന്നില്ല. വിവാഹപ്രായം കഴിഞ്ഞ് മൂന്ന് വ്യാഴവട്ടക്കാലം കടന്നുപോയിട്ടും അപ്സരസിനെ വരിക്കാൻ സോമസേനൻ ഗന്ധർവ്വന് കഴിഞ്ഞില്ല. ഇതോടെ ആള് കുപിതനും വിപ്ലവകാരിയുമായി രൂപാന്തരപ്പെട്ടു. അപ്സരസുമായുള്ള വിവാഹത്തിന്റെ ചടങ്ങുകളിൽ അതൃപ്തിയുള്ള ഗന്ധർവ്വന്മാരെ സോമസേനൻ സംഘടിപ്പിക്കാൻ തുടങ്ങി. വിവാഹശേഷം യജമാനദേവന്മാർക്ക് തങ്ങളുടെ ഭാര്യമാരെ കാഴ്ച വെക്കില്ലെന്നും സോമരസം വാറ്റില്ലെന്നും പ്രഖ്യാപിച്ച് സോമസേനന്റെ സേന കലാപക്കൊടി ഉയർത്തി. ഇതോടെ ദേവലോകത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരു വ്യാഴവട്ടക്കാലം നീണ്ടുനിന്ന പോരിൽ, അനേകം ഗന്ധർവ്വന്മാർ കൊല്ലപ്പെട്ടു. കീഴടക്കപ്പെട്ടവർ വീണ്ടും അടിമകളായി. പടയിൽ തോറ്റ സോമസേനനെ വെച്ച് ആരാധന മുടങ്ങിപ്പോയ രാമൻപറമ്പിൽ കൃഷ്ണൻകുട്ടിയുടെ പറമ്പിലെ ക്ഷേത്രത്തിൽ ദേവേന്ദ്രൻ തടവിലിട്ടു.
വിചാരണയും
വിവാഹാലോചനയും
കന്യകയായ മനുഷ്യസ്ത്രിയെ ഭോഗിക്കുമ്പോൾ ഗന്ധർവ്വചൈതന്യം തിരികെ ലഭിക്കുകയും സോമസേനന് ഇന്ദ്രലോകത്തേക്ക് മടങ്ങുകയും ചെയ്യാം. ദേവലോകത്ത് കലാപം നടത്തിയതിനുള്ള ശിക്ഷയായി തടവിലിടപ്പെട്ട കാലത്തൊരിക്കൽ, കൃഷ്ണൻകുട്ടിയുടെ മകൾ സ്മൃതിയെ ഭോഗിച്ച്, ശാപം നീക്കി തിരികെ പോകാനൊരു ശ്രമം സോമസേനൻ നടത്തിയെങ്കിലും വിജയിച്ചില്ല. ഗന്ധർവ്വദർശനം ലഭിച്ച ഉടനെ മാനസിക നില തകരാറിലാകുകയും അവൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. പിന്നീട് സോമസേനൻ ഗന്ധർവ്വൻ ബർക്കത്തിന് മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്...
അവൾ മനോഹരമായി പാടുമായിരുന്നു. ബർക്കത്തിന്റെ പാട്ടു കേൾക്കാനും കൂടെ കളിക്കാനും കൂട്ടുകാരൻ നവിന്റെ രൂപത്തിലായിരുന്നു, സോമസേനൻ ഗന്ധർവ്വൻ അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നത്...
ബർക്കത്തിന്റെ പാട്ടിനോട് തോന്നിയ ഇഷ്ടം സോമസേനനിൽ പ്രണയമായി വളർന്നു. ആദ്യമായി അവളെ ചുംബിച്ച് മാറോടണക്കും നേരത്താണ്, കൂവളക്കാടിന് അകത്തേക്ക് ചാരായക്കുപ്പികളുമായി ജഹാംഗീറും സംഘവും എത്തുന്നത്. ഇണപ്പാമ്പുകളെ പോലെ ഒറ്റ ഉടലായി മാറാൻ തുടങ്ങുന്ന സോമസേനേയും ബർക്കത്തിനേയും ജഹാംഗീറും കൂട്ടരും കയ്യോടെ പിടിക്കുകയും സോമസേനനെ ആക്രമിക്കുകയും ചെയ്തു. ഗന്ധർവ്വ ശക്തിയാൽ സോമസേനൻ പ്രത്യാക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ദേവേന്ദ്രൻ സോമസേനന്റെ ഗന്ധർവ്വശക്തി റദ്ദ് ചെയ്തിരുന്നു. സംഘട്ടനത്തിന് ഇടയിലേക്ക് ചിത്രരഥന്റെ പടയാളികളെത്തുകയും സോമസേനനെ ഗന്ധർവ്വലോകത്തേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. ആ യാത്രയ്ക്കിടയിൽ, ആകാശക്കാഴ്ചയിൽ ജഹാംഗീറിന്റെ കയ്യിൽ നിന്ന് കുതറിയോടുന്ന ബർക്കത്ത് കിണറ്റിൽ വീഴുന്നത് സോമസേനൻ കാണുന്നു. ഗഗനചാരികളായ സോമസേനൻ അടക്കമുള്ള ഗന്ധർവ്വന്മാർ മാത്രമല്ല, ബൽക്കീസും ആ ദുരന്തക്കാഴ്ചയ്ക്ക് സാക്ഷിയായിരുന്നു.
ബർക്കത്തിന് പ്രത്യക്ഷനായതോടെ മുസ്ലിം സ്ത്രീയ്ക്ക് ദർശനം നൽകി എന്നുള്ള കുറ്റത്തിന് സോമസേനൻ വീണ്ടും ഇന്ദ്രസദസ്സിന്റെ വിചാരണയ്ക്ക് ഇരയായി. തൽഫലമായി, ചിത്രശലഭമാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനുമുള്ള കഴിവ് റദ്ദ് ചെയ്യപ്പെട്ടു. മൂന്ന് വ്യാഴവട്ടത്തിന് നാല് വർഷം കുറവുള്ള കാലം വരെ, ഏഴ് പറവ ജന്മങ്ങൾ മരംകൊത്തിയായി ജനിച്ചുമരിച്ച് ജനിമൃതികളുടെ ചുരുളുകളിൽ കുടുങ്ങിക്കറങ്ങിയൊടുക്കം, 32 വർഷങ്ങൾക്ക് ശേഷം ശാപമോക്ഷം നേടി വീണ്ടും ഗന്ധർവ്വജന്മം സ്വീകരിച്ച് സോമസേനനാകാം!... തന്റെ ശാപകാല ജന്മങ്ങൾ അവസാനിക്കുന്നതുവരെ ബൽക്കീസ് ഗന്ധർവ്വ സാന്നിദ്ധ്യത്താൽ ബന്ധനസ്ഥയാണെന്ന് ഹുദ്ഹുദ് വ്യകതമാക്കി.
ഹുദ്ഹുദിനോടുള്ള ബൽക്കീസിന്റെ സംസാരങ്ങൾ വീടിന്റെ അതിർ കടന്ന് നാടാകെ പാട്ടായതോടെ വീണ്ടും സൂര്യദത്തൻ തിരുമേനി ബർക്കത്ത് മൻസിലിലെത്തി. പെൺകുട്ടി ഋതുമതിയായത്തിന്റെതാണ് ഗന്ധർവ്വസാന്നിദ്ധ്യം ശക്തമാകാൻ കാരണമെന്നും ഉടനെ മകളുടെ വിവാഹം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതേത്തുടർന്ന്, സിംഗപ്പൂർ റസാക്ക് മകൾക്കായുള്ള വിവാഹാലോചന തകൃതിയാക്കി!...

പുയ്യാപ്ല ജഹാംഗീർ
101 പവനും ഒരു മാരുതി കാറും സ്ത്രീധനം നൽകാമെന്ന് പറഞ്ഞ് റസാക്ക് കല്ല്യാണ ദല്ലാളുമാരെ ചട്ടംകെട്ടി, നാടൊട്ടുക്ക് ബൽക്കീസിനൊരു പുയ്യാപ്ലയെ തേടിക്കൊണ്ടിരുന്നു. ഏറെക്കാലം ദല്ലാളന്മാർ പതിവിൽ കൂടുതൽ ആവേശം കാട്ടിയിട്ടും ഫലമൊന്നും ഉണ്ടായില്ല. മകൾക്ക് ചേരുന്നൊരു പുയ്യാപ്ലയെ കിട്ടാത്തത് റസാക്കിനെ നിരാശനും കുപിതനുമാക്കി. മകൾക്കൊരു വരനെ കിട്ടാത്തതിന്റെ സങ്കടം തീർക്കാനെന്നോണം അയാൾ മദ്യപാനം ആരംഭിച്ചു. മാസങ്ങൾ കടന്നു പോകവേ അയാളുടെ ശ്രദ്ധ പൂർണമായും മദ്യപാനത്തിലേക്ക് ചുരുങ്ങിപ്പോകുകയും കച്ചവടമെല്ലാം പൊളിഞ്ഞ് പാപ്പരാകാൻ തുടങ്ങുകയും ചെയ്തു.
സിംഗപ്പൂർ റസാക്കിന്റെ മകളുടെ ആലോചനയെ കുറിച്ചുള്ള അന്വേഷണത്തിനായി ആളുകൾ കറുകത്തൂർ അങ്ങാടിയിലെത്തിയാൽ, ചായയ്ക്കും പലഹാരത്തിനുമൊപ്പം ദേവസ്യ കഥകളുടെ കെട്ടഴിക്കും... ബൽക്കീസിന്റെ ദേഹത്ത് ഗന്ധർവ്വൻ കൂടിയ കഥയിൽ തുടങ്ങി ബർക്കത്ത് മൻസിലിൽ നടന്ന ദുർമരണങ്ങളുടെ ദുരൂഹതകളെ കുറിച്ച് വിശദീകരിക്കും. ഒടുക്കം, സൂര്യദത്തൻ തിരുമേനി വന്ന് ഹോമവും പൂജയും നടത്തിയത് കാരണം കറുകത്തൂർ ജുമാമസ്ജിദ് കമ്മിറ്റി, പള്ളിയിൽ നിന്നും റസാക്കിനേയും കുടുംബത്തേയും വിലക്കിയ കാര്യം കൂടി കൂട്ടിച്ചേർക്കും. റസാക്കിന്റെ ഭാര്യ കഴിഞ്ഞ ക്രിസ്തുമസിന്റെ തലേന്ന് ഹൃദയാഘാതം വന്ന് മരിച്ചിട്ട് ഖബറടക്കാൻ പള്ളിക്കാര് സമ്മതിക്കാതെ ബർക്കത്ത് മൻസിലിലാണ് സംസ്ക്കരിച്ചതെന്ന് കൂടി ദേവസ്യ പറയുന്നതോടെ ബൽക്കീസിന്റെ വിവാഹം മുടങ്ങാറാണ് പതിവ്. ഉർവ്വശി ശാപം ഉപകാരമെന്ന കണക്ക്, ദേവസ്യയുടെ ഈ വിശേഷം പറച്ചില് കാരണം ബൽക്കീസിന് കോഴിക്കോട് ഫറോക് കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേരാൻ കഴിഞ്ഞു.
ക്ലാസ് തുടങ്ങി രണ്ടാമത്തെ ആഴ്ചയാണ്, അവളെ കൂട്ടാൻ ഉപ്പ ഹോസ്റ്റലിലെത്തുന്നത്. കോളേജ് ഹോസ്റ്റലിൽ നിന്നും കറുകത്തൂർക്കുള്ള കാർ യാത്രയ്ക്ക് ഇടയിലാണ് ബൽക്കീസ് തന്റെ വിവാഹമുറപ്പിച്ചതും വരൻ ജഹാംഗീറാണെന്നും അറിയുന്നത്.
ഉപ്പ പറയുന്ന ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, പക്ഷെ ജഹാംഗീറിനെ വേണ്ടെന്ന് ബൽക്കീസ് തറപ്പിച്ചു പറഞ്ഞെങ്കിലും റസാക്കത് പരിഗണിച്ചില്ല. എന്തുകൊണ്ട് ജഹാംഗീറിനെ വേണ്ടാ എന്നുള്ള ചോദ്യത്തിന്, ഉപ്പയോട് മറുപടി പറയാൻ ഉത്തരമുണ്ടായിരുന്നെങ്കിലും പറയാനുള്ള പാങ്ങ് അവൾക്ക് ഉണ്ടായിരുന്നില്ല. ജഹാംഗീറിന് അസ്റാഹീലിന്റെ മുഖമാണ്... ഓനാണ്, ബർക്കത്തിനെ ഉപദ്രവിച്ചതും കിണറ്റിൽ തള്ളിയിട്ട് കൊന്നതും. താൻ കണ്ടകാര്യം നസീറിക്കാനോട് പറഞ്ഞ അന്ന് വൈകുന്നേരമാണ്, ഇക്കാക്ക ആക്സിഡൻ്റില് മയ്യത്താവ്ണത്. നെഞ്ചിനകത്ത് കത്തിയെരിയുന്ന രഹസ്യത്തിന്റെ നെരിപ്പോട് അവളെ ചുട്ടുപൊള്ളിച്ചു. എല്ലാം ഉപ്പയോട് പറയാൻ തുനിയുമ്പോളും ഭയം അവളെ പിന്നോട്ടടിച്ചു കൊണ്ടിരുന്നു.
വെള്ളമടിച്ച് പാപ്പരായി തുടങ്ങിയ താനിപ്പോൾ ജഹാംഗീറിന്റെ മുമ്പിൽ കടക്കാരനാണെന്നും, മോള് എതിരൊന്നും പറയരുതെന്നും പറഞ്ഞ് ഉപ്പ കാല് പിടിച്ചതോടെ ബൽക്കീസ് നിക്കാഹിന് സമ്മതം മൂളി. ജഹാംഗീറും ബൽക്കീസും തമ്മിലുള്ള വിവാഹത്തിന് കറുകത്തൂർ ജമാഅത്ത് കമ്മിറ്റി അനുമതി കൊടുക്കാത്തതിനാൽ, പൊന്നാനി വലിയ പള്ളിയിലെ ഖത്തീപ് എത്തിയാണ് നിക്കാഹ് നടത്തിയത്...
1993 ഡിസംബർ 21നായിരുന്നു, ജഹാംഗീർ ബൽക്കീസിനെ വിവാഹം ചെയ്തത്...
1993, ഡിസംബർ 21
നിക്കാഹ് കഴിഞ്ഞ് ജഹാംഗീറിനൊപ്പം അയാളുടെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ബൽക്കീസ് ഹുദ്ഹുദിനെ കൂട്ടാൻ മറന്നില്ല. ഉടുത്തിരുന്ന സാരിത്തലപ്പുകൊണ്ട് അവൾ ഹുദ്ഹുദിനെ മറച്ചു വെച്ചു. തൂവലുകൾ തിടംവെച്ച് പറക്കാൻ തുടങ്ങുന്നതിന് മുമ്പ് ബൽക്കീസിന്റെ കയ്യിൽ പറ്റിക്കിടന്നിരുന്ന പോലെ ഹുദ്ഹുദ് പറ്റിക്കിടന്നു.
ജഹാംഗീറിന്റെ കാറ് കറുകത്തൂർ അങ്ങാടിയും ജുമാമാസ്ജിദും പിന്നിട്ട് ഗുൽസാർ തിയേറ്റർ റോഡിലേക്ക് തിരിഞ്ഞു. അന്നേരം കാലത്തിന്റെ ആകസ്മികതയെന്നോണം, കഴിഞ്ഞ രണ്ടു വർഷമായി കാത്തിരുന്നിരുന്ന അനൂപ് ബൽക്കീസിന്റെ കാഴ്ചയിൽ ദൃശ്യമായി.
എല്ലായ്പ്പോളും കൂടെ വേണമെന്ന് തോന്നിയ പ്രേമക്കൂട്ട് ആയതിനാൽ അവനെത്തന്നെ നിനച്ചിരിക്കയാൽ, തോന്നിയതാണോ എന്ന് ഉറപ്പിക്കാനായി അവൾ തന്റെ ഇടംകയ്യിലൊന്ന് നുള്ളി നോക്കി.
കൈവെള്ളയിലിരുന്നിരുന്ന ഹുദ്ഹുദ് ഒന്ന് ചിറകിളക്കി ചിലയ്ക്കാൻ തുടങ്ങി. ശബ്ദം കേട്ടെന്നോണം ജഹാംഗീർ ബൽക്കീസിനെ തറപ്പിച്ചു നോക്കിയതോടെ അപകടം മണത്തെന്നോണം ഹുദ്ഹുദ് നിശ്ശബ്ദനായി. അനൂപിനെ കണ്ടത് വെറും തോന്നലായിരുന്നില്ല. കൂടെ വർഷേച്ചിയും കുഞ്ഞും ഭർത്താവും ഉണ്ട്. അവർ സിനിമ കഴിഞ്ഞ് തിയേറ്ററിന് പുറത്തേക്ക് ഇറങ്ങുകയാണ്. തിയേറ്റർ പരിസരം വിട്ട് ജഹാംഗീറിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാർ കയറവേ തിയേറ്ററിൽ നിന്നും കേട്ടിരുന്ന ‘ബന്ധുവാര് ? ശത്രുവാര് ? ബന്ധനത്തിൻ നോവറിയും കിളിമകളെ ചൊല്ലൂ...ബന്ധുവാര് ...’ എന്ന പാട്ട് നേർത്തുനേർത്തില്ലാതായി.
‘കഴിഞ്ഞതൊക്കെ ഇയ്യ് ക്ഷമിക്ക്..., അന്റെ കൂടെപ്പിറപ്പുകളുടെ കാര്യത്തില് ചെയ്യാൻ പാടില്ലാത്തതാ ചെയ്തത്. പറ്റിപ്പോയതാ. എനിക്കറിയാം അനക്ക് ഇന്നോട് വെറുപ്പാന്ന്’, പറഞ്ഞുനിറുത്തിയ ശേഷം ജഹാംഗീർ 555 സിഗരറ്റെടുത്ത് ചുണ്ടത്ത് വെച്ച് കത്തിച്ച് വലിക്കാൻ തുടങ്ങി. ഏതാനും പുക ഉള്ളിലേക്ക് എടുത്തശേഷം ക്രൂരത നിറഞൊരു ഉന്മാദച്ചിരിയോടെ അയാൾ ബൽക്കീസിന്റെ ചുമലിൽ തൊട്ടു. മുഖത്തേക്ക് സിഗരറ്റ് പുകയൂതിക്കൊണ്ട്, ‘ഈ ലോകത്ത് ഇയ്യ് ഏറ്റോം വെറുക്ക്ണ ഇന്റെ കിടപ്പറേല് അന്നെ എത്തിക്കാൻ പറ്റിയെങ്കില് സഹകരിക്ക്ണതാ നല്ലത്. ബർക്കത്തിനോട് തോന്നിയ പണ്ടത്തെ മോഹം അന്റെ മേത്ത് തീർക്കാന്ന് കൂട്ടിക്കോ’ എന്നും പറഞ്ഞ് അവളുടെ സാരി അഴിക്കാൻ തുടങ്ങുന്നു. കുതറി മാറിക്കൊണ്ട് ബൽക്കീസ് ഹുദ്ഹുദിനെ ചൂളമിട്ട് വിളിച്ചു. അവളുടെ വിളികേട്ടതും, അലമാരയുടെ മുകളിൽ നിന്നും ഹുദ്ഹുദ് പറന്നെത്തി ജഹാംഗീറിന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്ന്, ഇരപിടിക്കാനായി മരത്തിൽ കൊത്തുംപോലെ കൊത്താൻ തുടങ്ങി. അപ്രതീക്ഷിതമായുള്ള ഹുദ്ഹുദിന്റെ ആക്രമണത്തിൽ പകച്ചുപോയ ജഹാംഗീർ മലർന്നടിച്ചുവീണു.
വീണുകിടക്കുന്ന ജഹാംഗീറിന്റെ കഴുത്ത് ലാക്കാക്കി ഹുദ്ഹുദ് എന്ന മരംകൊത്തി തന്റെ ഉളിച്ചുണ്ട് കുത്തിയിറക്കി. അയാളുടെ കഴുത്തിൽ നിന്നും ചോരചീറ്റിയൊഴുകി. നിലവിളിയ്ക്കാനുള്ള സമയം പോലും കിട്ടുന്നതിന് മുമ്പ് ഒന്ന് പിടഞ്ഞ് ജഹാംഗീർ മരിച്ചുപോയി. അയാളുടെ ശരീരത്തിന്റെ ചലനം നിലച്ചെന്ന് ഉറപ്പായതോടെ ഹുദ്ഹുദ് തന്റെ ചിറകൊന്ന് ആഞ്ഞുവീശി വിജയാഹ്ലാദം പ്രകടിപ്പിച്ചു. ബൽക്കീസിനെ നോക്കിയൊന്ന് ചിലച്ചശേഷം പറന്നുയർന്ന്, തുറന്നു കിടന്നിരുന്ന ജനാല വഴി പുറത്തേക്ക് പോയി...
നവവരനെ കൊന്ന കുറ്റത്തിന് ബൽക്കീസിനെ നിലമ്പൂർ സി.ഐ. ബെന്നി ചാക്കോ അറസ്റ്റ് ചെയ്തു. വിലങ്ങണിയിച്ച് അവളെ പോലിസ് ജീപ്പിലേക്ക് കയറ്റാൻ തുടങ്ങവേയാണ്, റസാക്ക് അവിടേക്കെത്തുന്നത്. ഉപ്പയെ കണ്ടതും, ‘മ്മടെ ബർക്കത്തിനേം നസീറിക്കാനേം കൊന്ന ദജ്ജാലിനെ ഞാൻ കൊന്നു’ എന്ന് ബൽക്കീസ് നിയന്ത്രണം വിട്ട് പുലമ്പുന്നു. അവളുടെ ആ പറച്ചില് അവിടെ കൂടി നിന്നിരുന്ന നാട്ടുകാർ മൊത്തം കേട്ടു.
തടവറയിലെ ബൽക്കീസ്
FIR ഇട്ട് ബൽക്കീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി ബെന്നി ചാക്കോ തെളിവെടുപ്പ് നടത്തി മടങ്ങിയ അന്ന് രാത്രി സിംഗപ്പൂർ റസാക്ക് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉപ്പ കൂടി മരിച്ചതോടെ ബൽക്കീസ് ഈ ദുനിയാവിൽ അനാഥയായി.
അനാഥത്വത്തിനൊപ്പം കുറ്റവാളി കൂടിയാവുക എന്ന ഏറ്റവും ജുഗുപ്സാവഹമായ ജീവിതസാഹചര്യം ബൽക്കീസിന്റെ ദുർബലമായ മനോനിലയെ കൂടുതൽ അപകടകരമാക്കി.
ബർക്കത്തായും ബൽക്കീസായും അവൾ സംസാരിക്കാനും പെരുമാറാനും തുടങ്ങി. ബൽക്കീസിന്റെ ജീവിതം സകലകാലത്തേക്കായും താളം തെറ്റാനും ഇല്ലാതാകാനും തുടങ്ങിയ ഈ സാഹചര്യത്തിലാണ് അത്ഭുതം സംഭവിക്കുന്നത്...
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തെ ഓർമ്മകളിൽ മാത്രമുള്ള, ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ വർഷേച്ചിയേയും അനൂപിനെയും ബൽക്കീസ് വീണ്ടും കാണുന്നത് ഇക്കാലത്താണ്. ആ കൂടിക്കാഴ്ചയുടെ അൽഭുതമാണ്, ബൽക്കീസിന്റെ ജീവിതത്തെ വീണ്ടും പ്രതീക്ഷയുള്ളതാക്കിയത്.
ഒരു കൊല്ലത്തെ വിചാരണയ്ക്കൊടുവിൽ, ബൽക്കീസ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. വിചാരണയുടെ തുടക്കത്തിൽ, ജഹാംഗീറിനെ കൊന്നത് ഹുദ്ഹുദ് എന്ന മരംകൊത്തിയാണെന്നും ഗന്ധർവ്വനാണെന്നും ബൽക്കീസ് ആവർത്തിച്ചു കൊണ്ടിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് ശേഷം വിചാരണ പൂർത്തിയാകുന്ന ഘട്ടമെത്തിയപ്പോൾ, താനാണ് ജഹാംഗീറിനെ കൊന്നതെന്ന് ബൽക്കീസ് സമ്മതിച്ചു.
ആണി ഉപയോഗിച്ച് ഭർത്താവിന്റെ കഴുത്തിലും നെഞ്ചിലും കുത്തിയാണ് ബൽക്കീസ് കൊല നടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദത്തെ അവൾ നിഷേധിക്കാൻ പോയില്ല. രക്തം പുരണ്ട ആണിയും ജഹാംഗീറിന്റെ ശരീരത്തിലെ മുറിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ബൽക്കീസിന് എതിരായി. കേസിന്റെ വിവിധ വശങ്ങൾ പരിഗണിച്ച് മലപ്പുറം ജില്ലാ കോടതി ജഡ്ജ് പി.കെ. കൃഷ്ണൻ പോറ്റി ബൽക്കീസിനെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു.
തടവുകാലത്തെ ഒരു വർഷം ജുവനൈൽ ഹോമിലും ബാക്കി വർഷങ്ങൾ ജയിലിൽ പാർപ്പിക്കാനുമായിരുന്നു വിധി... പ്രതിയുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ ലഭ്യമാക്കാനും കോടതി വിധിയിൽ പരാമർശം ഉണ്ടായി.
ചിത്രകാരിയുടെ പിറവി
2000, ഏപ്രിൽ 2.
ശിക്ഷ കഴിഞ്ഞ് വിയ്യൂർ ജയിലിൽ നിന്നിറങ്ങുന്ന ബൽക്കീസിനെ കാത്ത്, ജയിലിന് മുന്നിൽ അനൂപ് നിൽപ്പുണ്ടായിരുന്നു.
പകല് മുഴുവനും അവന്റെ ബൈക്കിന്റെ പിറകിലിരുന്ന് തൃശൂർ നഗരം മൊത്തം ചുറ്റിയടിച്ചു. ഇരുട്ടിയതോടെ കറുകത്തൂരിലേക്ക് യാത്രയായി. ആരും ഇല്ലാന്ന് കരുതി വിഷമിക്കരുതെന്നും വർഷേച്ചിയും താനും എപ്പോളും കൂടെ ഉണ്ടാകുമെന്നും പറഞ്ഞ് ഇടയ്ക്കിടയ്ക്ക് അനൂപ് അവളെ ചേർത്തുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആവർത്തിച്ചുള്ള ആ പറച്ചിൽ പാഴ് വാക്കല്ലെന്ന് ബോധ്യപ്പെട്ടത് ബർക്കത്ത് മൻസിലിൽ എത്തിയപ്പോളായിരുന്നു. അവളേയും കാത്ത് അവിടെ വർഷേച്ചിയും മക്കളും ഹുദ്ഹുദും ഉണ്ടായിരുന്നു.
ബർക്കത്ത് മരിക്കുന്നതിന് മുമ്പ് തന്റെ വീട്ടിലുണ്ടായിരുന്ന സമാധാനവും സന്തോഷവും വീണ്ടും അനുഭവിക്കാനാകുന്നതിൽ അൽഭുതപ്പെട്ട് ബൽക്കീസിന്റെ കണ്ണ് നിറഞു. അന്നേരം, വർഷേച്ചി അവളെ ചേർത്തുപിടിച്ച് ഉമ്മയുടെ വാത്സല്യത്തോടെ നെറുകയിൽ ചുംബിച്ചു...
വർഷേച്ചിയും മക്കളും അനൂപും മൂന്നാഴ്ചയോളം ബൽക്കീസിനൊപ്പം ബർക്കത്ത് മൻസിലിൽ താമസിച്ചു. തന്റെ വീട്ടിലും തൊടിയിലും ഗന്ധർവന്റെ സാന്നിദ്ധ്യമൊന്നും ഇല്ലെന്ന് ബൽക്കീസിന്റെ മനസ്സിനെ ബോധ്യപ്പെടുത്താനായി വർഷേച്ചിയും അനൂപും ശ്രമിച്ചു കൊണ്ടിരുന്നു. ഇരുവരുടേയും ഈ ശ്രമങ്ങൾക്ക് വർഷേച്ചിയുടെ മക്കളായ ഋത്വികും മേഘയും കട്ടയ്ക്ക് കൂടെ നിന്നു. ഏഴ് വയസ്സുകാരൻ ഋത്വികും അഞ്ച് വയസ്സുകാരി മേഘയും കാട്ടുന്ന കുസൃതികളും അവരുടെ ചങ്ങാത്തവും ബൽക്കീസിനെ സങ്കടങ്ങളുടെ ഭൂതകാലത്തെ മറക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ജയിലിൽ നിന്നും ഇറങ്ങി ഒരുമാസം ബർക്കത്ത് മൻസിലിൽ താമസിച്ച ശേഷമാണ്, ബൽക്കീസ് വർഷേച്ചിയ്ക്കും കുടുംബത്തിനുമൊപ്പം മുംബൈയ്ക്ക് പോകുന്നത്.
ചായക്കടക്കാരൻ ദേവസ്യ ചേട്ടന്റെ മകൻ പീറ്ററിന് ബർക്കത്ത് മൻസിൽ വിറ്റു കിട്ടിയ കാശെല്ലാം അനൂപാണ് സൂക്ഷിച്ചിരുന്നത്. ‘താനെ’യിലെ Info Care എന്ന സോഫ്റ്റ് വെയർ കമ്പനിയുടെ C.E.O ആണ് വർഷേച്ചിയുടെ ഭർത്താവ് രാകേഷ് ശർമ്മ. അനൂപ് അളിയന്റെ കമ്പനിയിലെ മാനേജറാണ്. ‘കൊളാബ’യിലെ മൃഗാശുപത്രിയിൽ മെയിൻ ഡോക്ടറായാണ് വർഷേച്ചി ജോലിയെടുക്കുന്നത്.
നാല് വേലക്കാരുള്ളതുകൊണ്ട് ഫ്ളാറ്റിൽ പ്രത്യേകിച്ച് പണികളൊന്നും ബൽക്കീസിന് ചെയ്യാനായി ഉണ്ടാകാറില്ല. കുട്ടികൾക്കൊപ്പമുള്ള കളിയും അവരെ പഠിപ്പിക്കലുമായി ബൽക്കീസിന്റെ പ്രധാന പണി. ഋത്വിക്കിനൊപ്പം കൂട്ടായി ചർച്ച് ഗേറ്റിലെ ഡ്രോയിങ്ങ് സ്ക്കൂളിലേക്കുള്ള യാത്രയാണ്, വർഷങ്ങൾക്ക് ശേഷം ബൽക്കീസിനെക്കൊണ്ട് അനൂപിന്റെ ചിത്രം വരയ്ക്കാൻ പ്രേരിപ്പിച്ചത്. ആരും കാണാതെ സൂക്ഷിച്ചുവെച്ച ആ ചിത്രം ഋത്വിക് കണ്ടെത്തി അനൂപിനെ കാണിക്കാൻ തുനിഞ്ഞതും ബൽക്കീസത് വാങ്ങി കീറിക്കളഞ്ഞു. തൊട്ടടുത്ത ദിവസമാണ്, തനിക്കിവിടം ഇഷ്ടമായില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും ബൽക്കീസ് അറിയിച്ചത്. കേരളത്തിലെവിടെയെങ്കിലും തന്റെ പേരിലൊരു വീട് വാങ്ങാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാൻ അനൂപിനോടൊന്ന് പറയണമെന്നവൾ വർഷേച്ചിയെ ചട്ടം കെട്ടി. അങ്ങനെ കഷ്ടിച്ച് ഒരു വർഷത്തെ മുംബൈ വാസത്തിന് ശേഷം ബൽക്കീസ് കൊച്ചിക്കാരിയായി. ഫോർട്ട് കൊച്ചിയിൽ, ബീച്ച് റോഡിൽ ഒരു വീട് വാങ്ങി അവൾ ഹുദ്ഹുദിനൊപ്പം താമസമാരംഭിച്ചു.

കൊച്ചിയിലേക്ക് മാറി താമസിച്ചെങ്കിലും വർഷേച്ചിയും കുടുംബവുമായുള്ള ബന്ധം അറ്റുപോകാതെ സൂക്ഷിക്കാൻ ബൽക്കീസ് ശ്രദ്ധ പുലർത്തിയിരുന്നു. വർഷേച്ചിയുടേയും മക്കളുടേയും പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും ഫോൺ വഴി വിശേഷങ്ങളറിയാനും ബൽക്കീസ് ജാഗ്രത പുലർത്തിപ്പോന്നു.
വർഷേച്ചിയോടും മക്കളോടും അടുപ്പം കാണിക്കുമ്പോളും അനൂപുമായി കണ്ടുമുട്ടാനോ മിണ്ടാനോ ഉള്ള അവസരങ്ങൾ കഴിവതും അവൾ ഒഴിവാക്കി. കൊച്ചിയിലെത്തി മൂന്ന് വർഷങ്ങൾക്കുള്ളിൽ പ്രശസ്തയായൊരു ചിത്രകാരിയാകാൻ ബൽക്കീസിന് സാധിച്ചു. 2004 ഏപ്രിൽ ഒമ്പതിന് കൊച്ചി ടൗൺ ഹാളിൽ ബൽക്കീസിന്റെ പെയിൻ്റിങ് എക്സിബിഷൻ നടന്നു കൊണ്ടിരിക്കുമ്പോഴാണ്, അവിടേക്ക് അനൂപ് എത്തുന്നത്. എക്സിബിഷൻ കഴിഞ്ഞ്, ബൽക്കീസിന്റെ വീട്ടിലേക്കുള്ള യാത്രയിലും അവർക്കിടയിൽ കാര്യമായ സംസാരങ്ങളൊന്നും ഉണ്ടായില്ല.
വീട്ടിലെത്തി, ബൽക്കീസ് അത്താഴത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ്, ഇന്ന് തന്റെ പിറന്നാളാണെന്നും ഡിന്നറ് പുറത്തുനിന്ന് കഴിക്കാമെന്നും അനൂപ് പറയുന്നത്. തെല്ലൊന്ന് മടിച്ചെങ്കിലും ഒടുക്കം അവന്റെ നിർബന്ധത്തിന് വഴങ്ങിയെന്നോണം അവൾ സമ്മതം മൂളി.
പ്രണയ പ്രതീക്ഷകൾ
അസ്തമിയ്ക്കുന്നു
ഫോർട്ട് കൊച്ചിയിലെ ക്രൗൺ ഹോട്ടലിൽ അനൂപിന്റെ പിറന്നാൾ ആഘോഷിച്ചു കൊണ്ടിരിക്കേയാണ് ബൽക്കീസിന് വർഷേച്ചിയുടെ കോൾ വരുന്നത്. വിശേഷങ്ങൾ തിരക്കിയശേഷം വർഷേച്ചിയാണ്, അനൂപിന്റെ വരവിന്റെ ഉദ്ദേശ്യം അവളോട് പറഞ്ഞത്. അനൂപിന് ബൽക്കീസിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും തനിക്കും കുടുംബത്തിനും അനിയന്റെ തീരുമാനത്തിൽ എതിർപ്പില്ലെന്നും പറഞ്ഞശേഷം, ‘ഇയാൾക്ക് സമ്മതമാണേൽ നാളെ തന്നെ അവനൊപ്പം മുംബൈയ്ക്ക് വാ... ഇനി വെച്ച് നീട്ടെണ്ടാ, രണ്ടാൾക്കും വയസ്സ് ഇരുപത്തിയേഴ് കഴിയാൻ പോവേണ്...’ എന്നും പറഞ്ഞ് മറുപടിയ്ക്ക് കാത്ത് നിൽക്കാതെ വർഷേച്ചി കോൾ കട്ട് ചെയ്തു. അന്നേരം, അനൂപ് പോക്കറ്റിൽ നിന്നും ഡൈമണ്ട് റിംഗിന്റെ പെട്ടി എടുത്ത് തുറന്നു. പെട്ടിയിൽ നിന്നും പ്രണയാദരങ്ങളോടെ മോതിരമെടുത്ത് നീട്ടി, മുട്ടുകാലിൽ ഇരുന്നുകൊണ്ട് സിനിമാസ്റ്റൈലിൽ, Will You marry me? എന്ന് ചോദിച്ചൊരു പ്രേമച്ചിരി ചിരിച്ചു. മറുപടിയായി അവളും മന്ദഹസിച്ചു. ആ ചെറുപുഞ്ചിരിയ്ക്കൊപ്പം ആനന്ദാശ്രു അവളുടെ കണ്ണുകളെ നനയിച്ചു.
ജീവിതത്തെ ആദ്യമായി പ്രണയം ചുംബിച്ച നിമിഷത്തിന് ശേഷം, ബൽക്കീസിന്റെ ജീവിത കഥയിൽ മരണം വീണ്ടും ദുരന്തം വിതച്ചു. ദൈവം ‘വിധി’യെന്ന് പേരിട്ട് എഴുതുന്നൊരു തിരക്കഥയാണ് മനുഷ്യരുടെ ജീവിതമെങ്കിൽ, ബൽക്കീസിന്റെ ജീവിതത്തിൽ അടുത്ത ട്വിസ്റ്റും ദുരന്ത പര്യവസായിയായിരുന്നു. അനൂപിന്റെ പിറന്നാളാഘോഷം കഴിഞ്ഞ്, അവന്റെ മോട്ടോർ സൈക്കിളിന് പിറകിലിരുന്ന് വീട്ടിലേക്ക് മടങ്ങുന്നതാണ്, ഒന്നിച്ചുള്ള അവസാനത്തെ ഓർമ്മ.
വർഷങ്ങളായി ഉള്ളിലുള്ള പ്രണയം നായകനും നായികയും പ്രകടപ്പിച്ചശേഷം അവരുടെ പ്രണയാനന്ദങ്ങൾ പ്രേമഗാനം പോലെ കടന്നു പോകുകയും, പരിസരം മറന്ന് നഗരം ചുറ്റുന്ന ഇണളെ കൊന്നുകളയുകയും ചെയ്യുന്ന തിരക്കഥാകൃത്തായ സ്രഷ്ടാവിന്റെ സാഡിസ്റ്റ് മനോഭാവത്തോടെ വീണ്ടും ‘വിധി’ ബൽക്കീസിന്റെ ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തി.
ക്രൗൺ ഹോട്ടലിൽ നിന്നും അനൂപിന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ബൽക്കീസിന്റെ വീട്ടിലേക്ക് മടങ്ങുംവഴിയാണ്, ബോട്ട് ജെട്ടിയ്ക്കടുത്ത് വെച്ച് അതിവേഗത്തിലെത്തിയ കാറുമായി ബുള്ളറ്റ് കൂട്ടിയിടിക്കുന്നതും, കാർ ഡ്രൈവറും അനൂപും മരണപ്പെടുന്നതും. ഈ അപകടത്തിലാണ് ബൽക്കീസിന്റെ അരയ്ക്ക് താഴെയുള്ള ചലനശേഷി നഷ്ടപ്പെടുന്നത്. അനൂപിന്റെ മരണശേഷം വർഷേച്ചി ബൽക്കീസിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ അപകടത്തെ തരണം ചെയ്ത് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി ബൽക്കീസ് വീട്ടിലെത്തുന്നതുവരെ കാര്യങ്ങളെല്ലാം നോക്കി നടത്തിയത്, ബൽക്കീസിന്റെ സുഹൃത്തും ആർട് ക്യുരേറ്ററുമായ കൃഷ്ണമൂർത്തി അങ്കിളാണ്. അദ്ദേഹമാണ്, ബൽക്കീസിന്റെ പേഴ്സണൽ അസിസ്റ്റൻ്റായി ശ്യാമിനെ നിയോഗിക്കുന്നത്.
ശ്യാമും അവളും
കഴിഞ്ഞ ഇരുപത് വർഷമായി ബൽക്കീസിന്റെ നിഴലായി ശ്യാം കൂടെയുണ്ട്. ഹുദ്ഹുദിന്റെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ തന്റെ മാഡത്തെ കീഴടക്കുമോ എന്ന ഭയം ശ്യാമിനെ വല്ലാതെ അസ്വസ്ഥമാക്കി. ലോകപ്രശസ്തയായ ചിത്രകാരിയോടുള്ള ആരാധന പ്രണയമായി മാറിയ ഇരുപത് വർഷങ്ങൾ ഇല്ലാതാവുകയാണോ എന്ന ആശങ്കയിൽ, ജലപാനം ഉപേക്ഷിച്ച് ശ്യാം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പോയി തൊഴുത് വഴിപാട് നടത്തി. അവന്റെ പ്രാർത്ഥനയുടെ ഫലമെന്നോണം, മാസങ്ങൾ നീണ്ടുനിന്ന ആശുപത്രി വാസത്തിനുശേഷം ബൽക്കീസ് ഡിസ്ചാർജായി. ഹൃദയാഘാതത്തിന്റെ ക്ഷീണവും ഹുദ്ഹുദിന്റെ വേർപാട് നൽകിയ അരക്ഷിതത്വവും ബൽക്കീസിനെ വല്ലാതെ വേട്ടയാടിയിരുന്നു.
മരണത്തെ തോൽപിച്ചുള്ള ഈ ജീവിച്ചിരിക്കൽ വല്ലാത്തൊരു ബാധ്യത പോലെ അവൾക്കനുഭവപ്പെട്ടു. ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ബൽക്കീസ് നടത്തിയ ശ്രമം തക്ക സമയത്ത് ശ്യാം കണ്ടതുകൊണ്ട് മാത്രമാണ് ഫലിക്കാതെ പോയത്.
ആത്മഹത്യ ചെയ്യാനെടുത്ത തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ബൽക്കീസ് പറഞ്ഞ ഈ ജീവിതകഥ കേട്ടുതീർന്നതും, ‘ഞാൻ നിങ്ങളെ ചുംബിച്ചോട്ടെ, പ്രേമിച്ചോട്ടെ?’ എന്നും ചോദിച്ച് ശ്യാം അവരെ ചേർത്തുപിടിച്ചു. എതിർപ്പൊന്നും പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ മൂർദ്ധാവിലും ചുണ്ടിലും അവൻ കാക്കത്തൊള്ളായിരം ചുംബനങ്ങളാൽ പ്രണയാദരങ്ങൾ അർപ്പിച്ചു.
2024 ന്യൂ ഇയർ ദിനത്തിൽ, Sotheby's ആർട്ട് ഗ്യാലറിയിൽ നടക്കേണ്ടിയിരുന്ന ബൽക്കീസിന്റെ പെയിൻ്റിങ്ങ് എക്സിബിഷൻ അവളുടെ ആശുപത്രി വാസം മൂലം മുടങ്ങിപ്പോയിരുന്നു. മരണത്തെ അതിജീവിച്ച് ബൽക്കീസ് വീണ്ടും വരകളുടെ ലോകത്ത് സജീവമായതോടെ ബൽക്കീസിന്റെ ഏറ്റവും പുതിയ പെയിൻ്റിങ്ങുകളുടെ എക്സിബിഷൻ നടത്താൻ ക്യുറേറ്റർ ഫിലിപ്പ് ഡൊമിനിക് താൽപര്യം പ്രകടിപ്പിച്ചു. അയാളുടെ ഈ പ്രത്യേക താൽപര്യത്തിന് കാരണം, Love With Bird എന്ന ശ്യാമിന്റെ നോവലായിരുന്നു. തന്റെ പ്രണയിനിയും ചിത്രകാരിയുമായ ബൽക്കീസിനെ കുറിച്ച് അവനെഴുതിയ നോവൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെടുകയും ട്രൻ്റ് ആകുകയും ചെയ്തിരുന്നു. പേഴ്സണൽ അസിസ്റ്റൻ്റും കാമുകനുമായ ശ്യാം എഴുതിയ നോവൽ ബൽക്കീസിന്റെ നിലവിലെ പ്രശസ്തി ഇരട്ടിയാക്കി.
ഫിലിപ് ഡൊമനിക്കിന്റെ ആവശ്യത്തെ കുറിച്ച് ബൽക്കീസിനോട് സംസാരിച്ചപ്പോൾ അവൾ അനുകൂലമായി പ്രതികരിക്കുകയും, ‘ഹുദ്ഹുദ് പറവ – Messenger of God’ എന്ന് പേരിട്ട് ചിത്രങ്ങൾ വരച്ചു തുടങ്ങുകയും ചെയ്തു. ജനിമൃതികളുടെ ചുരുളുകളിൽ പെട്ട് ശാപമോക്ഷത്തിനായി അലഞ്ഞ ഗന്ധർവ്വ ജന്മമായ ഹുദ്ഹുദ് പറവയുടെ ഏഴ് പിറവികളും മരണങ്ങളും ആവിഷ്ക്കരിക്കുന്ന ചിത്രങ്ങൾ, ഓരോ ദിവസവും ബൽക്കീസിന്റെ ക്യാൻവാസിൽ തെളിഞ്ഞുകൊണ്ടിരുന്നു.
Three Thousand Years of Longing
ഇന്ന്
2024, ഏപ്രിൽ 9.
വിവാഹശേഷമുള്ള ആദ്യത്തെ ദൂരയാത്രയുടെ സന്തോഷത്തിലാണ് ബൽക്കീസും ശ്യാമും. പാരീസിലേക്കുള്ള വിമാനം പറന്നു പൊങ്ങുമ്പോൾ തന്റെ ഉള്ളിലെ സങ്കടങ്ങളെല്ലാം അപ്പൂപ്പൻതാടി പോലെ പറന്നകലുന്നതായി ബൽക്കീസിന് തോന്നി. മറ്റന്നാളാണ് Sotheby's ആർട്ട് ഗ്യാലറിയിൽ ബൽക്കീസിന്റെ ‘ഹുദ്ഹുദ് പറവ – Messenger of God’ പെയിൻ്റിങ്ങ് എക്സിബിഷൻ നടക്കുന്നത്. എക്സിബിഷനുള്ള പെയിൻ്റിങ്ങുകളുമായി ശ്യാമിനൊപ്പം പാരിസിലേക്കുള്ള വിമാനത്തിലിരിക്കുമ്പോൾ ബൽക്കീസിന് ജീവിതത്തിലാദ്യമായി ഉള്ളിലൊരു അഭിമാനബോധം പ്രകടമായി.
വിമാനം ടെയ്ക് ഓഫ് ചെയ്ത് അരമണിക്കൂറിന് ശേഷം യാത്രയുടെ വിരസത അകറ്റാൻ ശ്യാം ‘Three Thousand Years of Longing’ എന്ന സിനിമ കാണാൻ തുടങ്ങുന്നു. അവനിഷ്ടമുള്ള സിനിമകൾ കാണുന്നത് ഇപ്പോൾ ബൽക്കീസിന്റെ പതിവാണ്. ഇരുവരും സിനിമ ആസ്വദിച്ച് കാണാൻ തുടങ്ങി. സിനിമയിലെ നായിക അലിത്തിയ ബിന്നിയുമായി ജിന്ന് സൗഹൃദത്തിലാകുന്നത് കണ്ടപ്പോൾ തന്റെ ഭ്രമാത്മകമായ ജീവിതകഥ പോലെ മറ്റൊരു കഥയെന്ന് അവൾക്ക് തോന്നി. അലീത്തിയ ബിന്നിയും ജിന്നും പ്രണയത്തിലാകുന്നത് കണ്ട്, ഭൂതകാലത്തെ ഓർമ്മ ഒരിറ്റ് കണ്ണീരായി പൊടിഞ്ഞു. കണ്ണീർ തുടച്ചുകൊണ്ട് ബൽക്കീസ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ഈ സമയം, അവൾക്കെന്തോ അനൂപിനൊപ്പം ‘ഞാൻ ഗന്ധർവ്വൻ’ സിനിമ കണ്ടതും സൂര്യദത്തൻ തിരുമേനി പറഞ്ഞ കഥയിലെ സോമസേനൻ എന്ന ഗന്ധർവ്വനേയും ഓർമ വന്നു.
മേഘങ്ങൾക്കിടയിലൂടെ തങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വിമാനത്തിന് സമാന്തരമായി തന്നെ നോക്കിയെന്നോണം പറന്നുവരുന്നൊരു മരംകൊത്തി കാഴ്ചയിൽ പതിയുന്നു. ഹുദ്ഹുദ് എന്ന് ബൽക്കീസതിനെ വിളിച്ചെങ്കിലും, ആ വിളി കേൾക്കാനായി അവിടെ ഹുദ്ഹുദ് എന്ന പറവ ഉണ്ടായിരുന്നില്ല...
▮
കടപ്പാട്: ഗന്ധർവ്വക്ഷേത്രം, ഞാൻ ഗന്ധർവ്വൻ, Three Thousand Years of Longing എന്നീ സിനിമകളോട്.
(അവസാനിച്ചു).