കൽപ്പറ്റ നാരായണൻ

പിരിഞ്ഞുപോവാൻ മനസ്സ് വരാത്ത മിത്രമായി
​രോഗം പോലെ, കവിതയും

​​​​​​​എഴുത്തുകാരികൾ ഇത്രമേൽ സർഗോമുഖരായിട്ടില്ല മുമ്പൊരിക്കലും. പെൺകുട്ടികൾ കോവിഡ് കാലത്ത് ധാരാളമെഴുതി.

കോവിഡ് കാലത്താണ് ഓർഹാൻ പാമുഖിനെയും ജയമോഹനനെയുമൊക്കെപ്പോലെ ഞാനുമൊരു മുഴുസ്സമയ എഴുത്തുകാരനായത്. യാത്രയിൽ നിന്നും പ്രസംഗത്തിൽ നിന്നും ബന്ധുവീടുകളിൽ നിന്നും ആശുപത്രി സന്ദർശനങ്ങളിൽ നിന്നും കല്യാണച്ചടങ്ങുകളിൽ നിന്നും മരണങ്ങളിൽ നിന്നും സുഹൃത്തുകളിൽ നിന്നും നഗരരസങ്ങളിൽ നിന്നും പോകാതെ പറ്റുമായിരുന്നില്ലാത്ത ഏതാണ്ടെല്ലാ ഇടങ്ങളിൽ നിന്നും ഞാൻ മോചിതനായി. വായിക്കലിലും ആലോചനയിലും എഴുത്തിലും മാത്രമായി ഞാൻ. നടത്തം പോലും അടുത്ത ലേഖനത്തിലേക്കോ അടുത്ത കവിതയിലേക്കോ നോവലിന്റെ അടുത്ത അധ്യായത്തിലേക്കോ ആയി. ഉണ്ടതും ഉറങ്ങിയതും എന്നിലെ എഴുത്തുകാരനുവേണ്ടിയായി. ഉഗ്രശാസനനും അഭ്യദയാകാംക്ഷിയുമായ ഒരു കൊണോഷ്യറെപ്പോലെ കോവിഡ് ഞാൻ പുറത്തുപോകുന്നില്ലല്ലോ എന്ന് സദാ ഉറപ്പുവരുത്തി, ഞാൻ എഴുതുന്നുണ്ടല്ലോ എന്ന് ഉറപ്പാക്കി.

കോവിഡെഴുതിയ മനോഹരമായ കവിത കണ്ണിന്റെ അപദാനമായിരിക്കാം. യന്ത്രമനുഷ്യന് കണ്ണ് കിട്ടുംവരെ മർത്ത്യപ്രതാപത്തിന് ഒരു വെല്ലുവിളിയും വരില്ലെന്നും കോവിഡെന്നോട് കണ്ണിറുക്കി പറഞ്ഞു.

ദൃശ്യത്തിന് ബിംബമാകാൻ, വസ്തുവിന് പ്രതീകമാകാൻ, സംഭവങ്ങൾക്ക് കഥനശേഷി കിട്ടാൻ, ഓർമകൾക്ക് ഉപേക്ഷയുടെ തമോവൃതി നീങ്ങി പ്രത്യക്ഷപ്പെടാൻ വേണ്ട സാവകാശം ഈ രോഗം തന്നു. പിടികൂടിയവരെ മാത്രമല്ല, പിടികൂടാത്തവരെയും ബാധിച്ച ഈ രോഗം വിധിച്ച ഏകാന്തത, ഏകാന്തത മോഹിച്ച് നടന്നവർക്ക് അനുഗ്രഹമായി. ഉർവശിയോടുള്ള ഉപകാരസ്മരണ ആരെങ്കിലും കാവ്യരൂപത്തിൽ ആവിഷ്‌കരിച്ചുവോ എന്നറിയില്ലെങ്കിലും മുൻപ് മനുഷ്യന് കിട്ടിയ ഒരു ശാപവും ഇത്ര ഉപകാരപ്രദമായിട്ടില്ല. നെരൂദ എന്നെ സകൗതകം നിവർത്തി വായിക്കാൻ തുടങ്ങി: ‘When I lived amongst the roots they pleased me more than flowers did, and when I spoke to a stone it rang like a bell. It is so long, the spring which goes on all winter. time lost its shoes a year is four centuries. '

മഹാത്മ ഗാന്ധി / Photo : wikimedia.org

തൊള്ളായിരത്തി മുപ്പത്തിനാലിലെ ബിഹാർ ഭൂകമ്പത്തോട് പ്രതികരിച്ച് ഗാന്ധി എഴുതി, തൊട്ടുകൂടായ്മക്ക് കിട്ടിയ ദൈവശിക്ഷയാണിത്. ജീവിതത്തിന്റെ അനിത്യത ഇത്രമേൽ ബോധ്യപ്പെടുത്തിയ മറ്റൊരു ദുരന്തവും ആസന്ന ഭൂതകാലത്തിൽ ഗാന്ധി കണ്ടിട്ടില്ല. എന്നിട്ടും ഒരടിസ്ഥാനവുമില്ലാത്ത തൊട്ടുകൂടായ്മ പോലുള്ള വിവേചനങ്ങളെ മനുഷ്യർ പിന്തുടരുന്നല്ലോ? ആവുന്നത്ര പരസ്പരമുതകി ജീവിക്കുക എന്നതാണ് ദൈവാഭ്യർഥന, അത് ചെവിക്കൊള്ളുക എന്ന് ഗാന്ധി പറഞ്ഞു. (ദൈവം, ഭാവനാപൂർവം കാര്യങ്ങൾ കാണാനുള്ള, വളരെക്കാലമായി
നിലവിലുള്ള ഒരു സാഹചര്യമാണ്- ‘വെളിച്ചം വേണ്ടോർക്കു വിളമ്പിടുന്നൊരു വിളക്കല്ലേ ദൈവം).
കർമഫലമായിരിക്കാം. അതിനോട് യോജിക്കുന്നവർ, ഓർക്കണം ഏത് ദുഷ്‌കർമത്തിന്റെ ഫലമാണിത് എന്ന്. ഒരു നീതീകരണവുമില്ലാത്ത കുറ്റമായി താൻ കാണുന്നത് അസ്പൃശ്യതയെയാണ്. കർമഫലം പോലുള്ള മതപ്രയോഗങ്ങളെ രാഷ്ട്രീയപ്രയോഗങ്ങളാക്കി ഗാന്ധി പരിവർത്തിപ്പിച്ചു.

കോവിഡ് വിട്ടുപോകുന്നില്ല, പലവിധ അസ്വസ്ഥതകളായി അത് നീളുന്നു. സുഹൃത്തിനോട് ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും രാത്രിയിൽ ഞാൻ കുറിച്ചുവെച്ചു: ‘അസുഖം പോലെ പിരിഞ്ഞുപോവാൻ മനസ്സ് വരാത്ത മിത്രമില്ല'.

ഗാന്ധിയൻ മാർഗത്തിൽ നമുക്കാരായാം, ഏത് ദുഷ്‌കൃതത്തിന്റെ ഫലമാണീക്കോവിഡ് എന്ന്? അത് സൃഷ്ടിച്ച സാഹചര്യത്തെ ഭാവനാപൂർവം വിശകലനം ചെയ്താൽ, അതിനുകിട്ടിയ ശിക്ഷയിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചാലും നമുക്ക് ബോധ്യമാവും സ്ത്രീകളോട് അല്ലെങ്കിൽ സമാനമായ അവഗണന അനുഭവിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിന്റെ ഫലമാണീക്കോവിഡ് എന്ന്. സ്ത്രീളെപ്പോലെ പുരുഷന്മാരും ഗൃഹങ്ങളിൽ തളച്ചിടപ്പെട്ടു ഇക്കാലയളവിൽ. അസൗകര്യങ്ങളുടെ രൂപത്തിലാണെങ്കിലും സ്ത്രീപുരുഷ തുല്യത നിലവിൽവന്നു കോവിഡ് കാലത്ത്. സാഹചര്യങ്ങളും സാധ്യതകളും തുല്യമായി. വളരെക്കാലമായി തങ്ങൾ മാത്രനുഭവിച്ചുപോന്ന അസ്വാതന്ത്യം സഹിക്കാനാവാതെ പുരുഷന്മാർ അസ്വസ്ഥരാവുന്നതുകണ്ട് സ്ത്രീകൾ രസിച്ചു. എവിടെയും നിയന്ത്രണങ്ങൾ. ഇക്കാലം വരെ തങ്ങളെയല്ലാതെ പുരുഷന്മാരെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത സ്ത്രീകൾ തിരിച്ചറിഞ്ഞു, മനുഷ്യനെ പ്രതിനിധീകരിക്കാൻ തുല്യമായ അർഹത തങ്ങൾക്കുമുണ്ട് എന്ന്. നിസ്സഹായതയുടെ ഈ തുല്യനിലയാൽ മനുഷ്യാവസ്ഥയെ പ്രതിനിധാനം ചെയ്യാൻ പുരുഷനു തുല്യം സ്​ത്രീക്കുമായി.

കോവിഡിന് ലിംഗവ്യത്യാസമുണ്ടായിരുന്നില്ല, കവിതയ്ക്കുമില്ല അതെന്ന് അവർക്കിക്കാലത്ത് ബോധ്യമായി. പുതുതായി കൈവന്ന കാലാവസ്ഥയിൽ സ്ത്രീകൾ കൂടുതൽ തളിർത്തു. എഴുത്തുകാരികൾ ഇത്രമേൽ സർഗോമുഖരായിട്ടില്ല മുമ്പൊരിക്കലും. പെൺകുട്ടികൾ, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾ, കോവിഡ് കാലത്ത് ധാരാളമെഴുതി. കവിത എന്ന മാധ്യമത്തിന്റെ പ്രത്യേകത അവളവളെ (അവനവനെയും) ആവിഷ്‌കരിക്കാതെ പ്രവർത്തി
ക്കാനാവില്ല അതിന് എന്നതാണ്. (കവിതയെ മറന്ന്, അതിലേത് സന്ദർഭത്തിലെ വാക്കുകളാണ് അതെന്ന് മറന്ന് കവിയെ ഉദ്ധരിക്കുന്നത് ചിലപ്പോഴെങ്കിലും തെറ്റല്ല). കവിതയിലൂടെ മനുഷ്യാവസ്ഥയുടെ പ്രതിനിധികളായി ഉയരുന്നതിലെ ആനന്ദമാണ് അവരെക്കൊണ്ടെഴുതിക്കുന്നത്. കഥയിൽ, നോവലിൽ നിങ്ങൾക്ക് മുഖാവരണം ധരിക്കാം, കവിതയിൽ സാധ്യ മല്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ‘ബാലപംക്തി’യിൽ കണ്ട ഹരിത എച്ച്​. ദാസ്
എന്ന പെൺകുട്ടിയുടെ മാസ്‌കിനുള്ളിൽ എന്ന കവിതയിലെ ഈ വരികൾ നോക്കൂ:‘വീടെത്തണം അറ്റുപോവാത്ത ചെവികളെയൊന്ന് തൊട്ടുനോക്കണം വായ മലർക്കെത്തുറന്നൊരു കോട്ടുവായിടണം മുമ്പിലേക്കാഞ്ഞൊന്നു തുപ്പണം'.

ചിത്രീകരണം: ദേവപ്രകാശ്​

കോവിഡ് നാളുകളിലൊന്നിൽ നടന്നുനടന്ന് ഞാനൊരു കാഴ്ചയിലെത്തി. നിറയെ പച്ചപ്പുല്ലുള്ള ഇടവഴിയിൽ അയച്ചുകെട്ടിയിരിക്കയാണൊരറവുമാടിനെ. സമൃദ്ധമായ ഭക്ഷണത്തിന്റെ മുന്നിൽ, അത് അത്യോത്സാഹത്തിലാണ്. ചെവി നിവർന്നിരിക്കുന്നു. വാലൽപം ഉയർത്തിവെച്ചിരിക്കുന്നു. ഞാനോർത്തു, മടങ്ങിവരുമ്പോൾ അതവിടെ ഉണ്ടാവില്ല, അതെവിടെയും ഉണ്ടാവില്ല. ദേവയാനിയെപ്പോലെ ഹൃദയംപൊട്ടി വിളിച്ചാൽ കുടലുകൾ പിളർന്ന് അത് വരുമായിരിക്കും. (മൃതസഞ്ജീവനീവിദ്യ വശത്താക്കാൻ വന്ന കചനെ അസുരന്മാർ പിടികൂടി പലതായരിഞ്ഞ്, ദ്രവരൂപമാക്കി ശുക മഹർഷിയെ കുടിപ്പിക്കുന്നു. എത്തേണ്ട സമയം കഴിഞ്ഞിട്ടും കചനെ കാണാത്തതിൽ പ്രയാസപ്പെട്ട ദേവയാനി അയാളെ വിളിച്ചുനോക്കുന്നു. ഒരു മറുപടിയുമില്ല. കചനെന്തോ അപായം പിണഞ്ഞിരിക്കുന്നു എന്ന ബോധ്യത്തോടെ ദേവയാനി കചനെ ചങ്ക് നുറുങ്ങി വിളിക്കുന്നു. കചൻ ശുക്രഹർഷിയുടെ കുടൽ പിളർന്ന് പുറത്തുവരുന്നു).

മരണത്തിന് തൊട്ടരികിലാണെന്നതറിയാതെ അത്യാർത്തിയോടെ,
അതിന്റെ ഉന്മാദത്തോടെ മതിമറന്ന് പുല്ലുതിന്നുന്ന ആ അറവുമാടിനോട് എനിയ്ക്ക് അസൂയ തോന്നി.

‘എന്തിനാണ് ആദം ജ്ഞാനവൃക്ഷത്തിന്റെ കനി തിന്നത്? ഈ നിത്യാസ്വസ്ഥത വരിച്ചത്​ തന്റെ വരുതിയിലല്ലാത്ത ഒന്നിനെക്കുറിച്ചും ഈ മാടിനില്ലൊരു വേവലാതിയും അത് അത് മാത്രം അത് ഇപ്പോൾ മാത്രം മരിക്കുമ്പോഴേ അത് മരിക്കുന്നുള്ളൂ അങ്ങനെ മതിയായിരുന്നില്ലേ?'.

അയച്ചുകെട്ടിയ ആ അറവുമാട് ഒരിമേജായിരിക്കുന്നു. ഒരു സാധാരണ ദൃശ്യം അസാധാരണമായ ഒരു ബിംബമായി രൂപപ്പെട്ടിരിക്കുന്നു. അതിൽ സാധ്യമായ അർഥങ്ങൾ ഞാൻ തുറന്നുവെച്ചിരിക്കുന്നു. ആരാണെന്നെ തുണച്ചത്? സംശയമില്ല, കോവിഡിനാൽ, അതുണ്ടാക്കിയ മരണാവബോധത്താൽ ഉയർത്തപ്പെട്ടതിനാൽ എനിയ്ക്കീക്കവിതയിലെത്തുവാനായി.

കോവിഡ് കാല കവിതകളിൽ ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മരണാവബോധത്തിന്റെ നിരന്തര സാന്നിധ്യം.

ഒരാഫ്രിക്കൻ നാടോടിക്കഥ പറയുന്നു: ആദിയിൽ ആർക്കും മരണമില്ലായിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ദൈവത്തിന് മനുഷ്യനാണോ സർപ്പത്തിനാണോ അനശ്വരതയ്ക്കർഹതയുള്ളത് എന്ന സന്ദേഹമുണ്ടായി. സന്ദേഹനിവൃത്തി വരുത്താൻ ദൈവം ഒരു ദീർഘദൂര ഓട്ടമത്സരം നടത്തി. ഓട്ടത്തിനിടയിൽ
മനുഷ്യൻ (പുരുഷൻ!) ഒരു സ്ത്രീയെക്കണ്ടപ്പോൾ അവളുടെ പുറകെ പോയി. അടുത്ത ദിവസം രാവിലെയയാൾ ട്രാക്കിൽ തിരിച്ചെത്തി. ദൈവം അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു, നീ പന്തയത്തിൽ തോറ്റിരിക്കുന്നു, സർപ്പത്തിനാണ് അനശ്വരനായിരിക്കാൻ അർഹത. നീ മരിക്കും.

ഉൽപത്തിക്കഥയോട് വിദൂരബന്ധമുണ്ട് ഇക്കഥയ്ക്കും. അവനെ വഴിപിഴപ്പിച്ചത് അവളാണ്. അനശ്വരതയുടെ തോട്ടത്തിൽ നിന്നവൻ ബഹിഷ്‌കൃതനായി. വ്യതിചലിച്ചതിനാൽ മനുഷ്യർ മരണമുള്ളവരായി. സർപ്പങ്ങളോ സസ്യങ്ങളോ പക്ഷികളോ മൃഗങ്ങളോ നശ്വരരല്ല. അവർ മരിക്കുന്നുണ്ട്, പക്ഷെ മരിക്കുമ്പോൾ മാത്രം. ഓടുമ്പോൾ അവ ഓടുക മാത്രമാണ്, തിന്നുമ്പോൾ അവ തിന്നുക മാത്രമാണ്, ഇണചേരുമ്പോൾ അവ ഇണചേരുക മാത്രമാണ്. അവയെ സംബന്ധി
ച്ചിടത്തോളം മരണം ജീവിതത്തിലല്ല. ദൈവം മരണത്തെ മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങളിൽ നിന്ന്​ പൂർണമായി മറച്ചുപിടിച്ചിരിക്കുന്നു. ദൈവം മനുഷ്യന് മരണഭയം നൽകുകയും ചെയ്തു, മരണരഹസ്യം നൽകിയുമില്ല. കാതോർത്താൽ അവർക്ക്​ കേൾക്കാം, മരണത്തിന്റെ അടുത്തെത്തിക്കൊണ്ടിരിക്കുന്ന കുളമ്പടി.

കോവിഡ് മരണത്തെ ഒരു സമീപസാധ്യതയാക്കി. പലരിലും അത് മരണഭയമായി. ചിലരിലത് മരണാവബോധമായി കലാസൃഷ്ടികളിലെങ്കിലും പ്രത്യക്ഷപ്പെട്ടു / ഫോട്ടോ : നിതീഷ് കൃഷ്ണൻ

ഉറപ്പും ഈടുമെല്ലാം മനുഷ്യന്റെ മരണഭയങ്ങൾ. മനുഷ്യൻ ഓടുമ്പോഴും ഓടുക മാത്രമല്ല. തിന്നുമ്പോഴും തിന്നുക മാത്രമല്ല. ഒന്നിലും പൂർണമായി അവൻ മുഴുകുന്നില്ല. അവൻ/ അവൾ വിഭക്താത്മാവാണ്. നിൽക്കുന്നത് വർത്തമാനകാലത്തിലാണെങ്കിലും കാലുറപ്പിച്ചിരിക്കുന്നത് ഭൂതത്തിലോ ഭാവിയിലോ ആണ്. അവനിൽ മരണഭയമുണ്ട്, പക്ഷെ മരണാവബോധമില്ല. മരണഭയം ഒളിക്കാനിഷ്ടപ്പെടുന്നു. മരണഭയത്തിൽ നിന്ന് മരണാവബോധത്തിലേക്കുള്ള പരിണാമമാണ് സിദ്ധാർഥൻ ബുദ്ധനായപ്പോൾ സംഭവിച്ചത്. മരണാവബോധം തത്ത്വചിന്തയോ
കവിതയോ ആയി മാറുന്നു. ​​​​​​​‘ഈ തിളങ്ങുന്ന സ്ത്രീയാൽ പുഴുക്കൾ തടിച്ചു കൊഴുക്കപ്പെടും’ എന്ന് വില്യം ബ്ലേക്ക്.‘മറ്റുള്ളവർ നിനക്ക് മുറി ഒഴിഞ്ഞുതന്നതുപോലെ നീ മറ്റുള്ളവർക്ക് മുറി ഒഴിഞ്ഞുകൊടുക്കുക’ എന്ന് മൊൺടേൽ. ‘മിണ്ടാട്ടമില്ലാത്ത മരണത്തിന്റെ കഥ ആരുപറയും? ആര്​ ആവരണം നീക്കിക്കാട്ടിത്തരും, വരാനിരിക്കുന്നതിന്റെ’ എന്ന് ഷെല്ലി.‘മർത്യൻ സ്വയം തന്റെ ശവം ചവുട്ടിപ്പോകുന്നൊരീപ്പോക്കുയരത്തിലേക്കോ’ എന്ന് നാലാപ്പാടൻ.‘നിത്യം കടലെടുത്തീടും ജന്മത്തിന്റെ തുരുത്തിൽ ഞാൻ’ എന്ന് ആറ്റൂർ.

എല്ലാം മരണാവബോധത്തിന്റൈ വരികൾ. മരണഭയത്തോടെയല്ല, മരണാവബോധത്തോടെ അവസാനതുള്ളി വിഷവും കഴിച്ചു സോക്രട്ടീസ്. മരണാവബോധമുള്ളവരുടെ ചിന്തയാണ് തത്ത്വചിന്തയെന്ന് ഹെ ദെഗറും നീറ്റ്ഷേയും ആശാന്റെ സീതയും. കോവിഡ് മരണത്തെ ഒരു സമീപസാധ്യതയാക്കി. പലരിലും അത് മരണഭയമായി. ചിലരിലത് മരണാവബോധമായി കലാസൃഷ്ടികളിലെങ്കിലും പ്രത്യക്ഷപ്പെട്ടു. കോവിഡ് കാല കവിതകളിൽ തത്ത്വചിന്താത്മകത കൂടിയെന്നതിൽ അസ്വാഭാവികതയില്ല.

കോവിഡ് വിട്ടുപോകുന്നില്ല, പലവിധ അസ്വസ്ഥതകളായി അത് നീളുന്നു. സുഹൃത്തിനോട് ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും രാത്രിയിൽ ഞാൻ കുറിച്ചുവെച്ചു: ‘അസുഖം പോലെ പിരിഞ്ഞുപോവാൻ മനസ്സ് വരാത്ത മിത്രമില്ല'.
മരണഭയമല്ല, ഇതെഴുതിച്ചത്. പക്ഷെ ഞാൻ മരണഭയത്തിൽ നിന്ന് മുക്തനല്ല, എന്നെപ്പോലും അതറിയിക്കുന്നുമില്ല. എങ്കിലും കവിതയിൽ മരണാവബോധത്തിന്റെ ആവിഷ്‌കാരം. കോവിഡ് കാല കവിതകളിൽ ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മരണാവബോധത്തിന്റെ നിരന്തര സാന്നിധ്യം.കാവൽ എന്ന കവിത തുടങ്ങിയതിങ്ങനെ: ‘പ്രാണനോളം ശുഷ്‌കാന്തിയുള്ളൊരു കാവൽക്കാരനുണ്ടോ? ഓരോ മൂലയിലുമെത്തി അതു കാത്തു ദേഹത്തെ നേരത്തോട് നേരം ചെന്നില്ല ദേഹത്തിൽ നിന്നും ദുർഗന്ധം പുറപ്പെട്ടു എത്ര മുറുക്കിയടച്ചതായിരുന്നു ഇതുവരെ പ്രാണൻ ദുർഗന്ധത്തിന്റെ കുടത്തെ'.

ഇനിയത്തെ കവിതയിലെ പുലി കോവിഡല്ലായിരിക്കുമോ?‘പുലി വന്നപ്പോൾ മരണവീട്ടിൽ നിന്ന് മരിച്ചവരൊഴികെ സകലരും ഓടിപ്പോയി പുലി അയാളെ മണപ്പിച്ചുനോക്കി ധീരതയിൽ മതിപ്പു തോന്നിയിരിക്കാം ചുമലിൽ ചെറുതായൊന്ന് തട്ടി മടങ്ങിപ്പോയി '.

‘ഈ രാത്രി എനിക്കാകുമേറ്റവും ദുഃഖാകുലമായ വരികളഴുതാൻ’ എന്ന് നെരൂദ എഴുതിയ രാത്രിയ്ക്കിപ്പോൾ രണ്ടുവർഷത്തെ ദൈർഘ്യമായി.

എക്‌സ്​പ്രഷനും ഇമ്പ്രഷനുമുള്ള കണ്ണുകളുടെ വൈഭവം നാം ആദ്യമായി തിരിച്ചറിയുകയാണ്. വിടരാനും വാടാനും നനയാനും നിറയാനും കണ്ണിനേ കഴിയൂ. അനുരാഗവും പരിഭവവും സ്‌നേഹവും വെറുപ്പും കണ്ണിൽ കൂടുതൽ.

മികച്ച കവിതകളിലൊക്കെ മരണവും മുഖം കാട്ടുന്നുണ്ടാവണം.‘മർത്യനെ മർത്യനല്ലാതീ ഭയത്തിൽ നിന്നുദ്ധരിപ്പാനൊരുത്തനുണ്ടായ് വരാ.’
മനുഷ്യനേക്കാൾ മർത്യനാണ് (മരണമുള്ളവൻ) കവിതയോ തത്ത്വചിന്തയോ എഴുതുന്നത്. കോവിഡ് പോലൊരു രോഗകാലം, എഴുതിയത് മാത്രമല്ല വായിച്ച കവിതകളും മരണാവബോധത്തെ കൂടുതലായി അഭിമുഖീകരിക്കുന്നുണ്ടാവണം.
കോവിഡിന്റെ കാലത്ത് കോവിഡിനെയും മരണത്തെയും കലർത്തി നേത്രോത്സവം എന്നൊരു കവിത ട്രൂ കോപ്പിയിൽ ഞാനെഴുതി.‘മർത്യന്റെ മിഴികൾക്കിത്ര മിഴിവുണ്ടെന്നറിയാൻ കോവിഡ് വരേണ്ടിവന്നു ലോകം കണ്ണു തുറന്നുവോ'.

മുഖം ആവരണത്തിൽ മറഞ്ഞപ്പോൾ ലോകം കണ്ണുകളുടേതായി. അനുമതിക്കായും ആജ്ഞയ്ക്കായും നാം കണ്ണുകളിൽ നോക്കി. എക്‌സ്​പ്രഷനും ഇമ്പ്രഷനുമുള്ള കണ്ണുകളുടെ വൈഭവം നാം ആദ്യമായി തിരിച്ചറിയുകയാണ്. വിടരാനും വാടാനും നനയാനും നിറയാനും കണ്ണിനേ കഴിയൂ. അനുരാഗവും പരിഭവവും സ്‌നേഹവും വെറുപ്പും കണ്ണിൽ കൂടുതൽ.‘കണ്ണെഴുതിയത് വായിക്കൂ അതിന്റെ ലിപികൾ കാലാതീതം ദേശാതീതം'.
കോവിഡെന്റെ കണ്ണുതുറന്നു. ഐ സീ എന്ന് ഏതിന്ദ്രിയത്തെ ആധാരമാക്കി പറയുന്നുവോ, ആ കണ്ണായി കോവിഡ് കാലത്ത് കണ്ണ് വീണ്ടെടുക്കപ്പെട്ടു. ‘ജീവനിത്ര ജീവനോടെ മറ്റെവിടേയുമിരിക്കുന്നില്ല ജീവനാദ്യമിറങ്ങുന്നത് കണ്ണിൽ നിന്ന് കണ്ണാണ് വിളക്കുകളിൽ അവസാനം കെടുന്ന വിളക്ക്'.

കോവിഡെഴുതിയ മനോഹരമായ കവിത കണ്ണിന്റെ അപദാനമായിരിക്കാം. യന്ത്രമനുഷ്യന് കണ്ണ് കിട്ടുംവരെ മർത്ത്യപ്രതാപത്തിന് ഒരു വെല്ലുവിളിയും വരില്ലെന്നും കോവിഡെന്നോട് കണ്ണിറുക്കി പറഞ്ഞു. ആത്മാവിഷ്‌കാരശേഷി കൂടിയ കോവിഡ്​ കാലത്തെ കണ്ണുകൾക്ക് കൂടുതൽ തോന്നിക്കാനുള്ള അധികാരമുണ്ടല്ലോ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments