ലോക ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള മികച്ച സാഹിത്യ വിവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ജോൺ ഡ്രൈഡൻ വിവർത്തന മത്സരത്തിൽ മലയാള ചെറുകഥക്ക് അംഗീകാരം.
പ്രിയ ജോസഫ് എഴുതിയ 'മാണീം ഇന്ദിരാഗാന്ധീം' എന്ന കഥയാണ് 2023- 24ലെ മത്സരത്തിന്റെ ലോങ് ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാധിക പി. മേനോനാണ് കഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ട്രൂകോപ്പി വെബ്‌സീൻ 100ാം പാക്കറ്റിലാണ് കഥ പ്രസിദ്ധീകരിച്ചത്.
ബ്രിട്ടീഷ് കമ്പാരറ്റീവ് ലിറ്ററേച്ചർ അസോസിയേഷനും ബ്രിട്ടീഷ് സെന്റർ ഫോർ ലിറ്റററി ട്രാൻസ്‌ലേഷനുമാണ് (British Comparative Literature Association and the British Centre for Literary Translation) ജോൺ ഡ്രൈഡൻ ട്രാൻസ്‌ലേഷൻ അവാർഡ് (The John Dryden Translation Competition) സ്പോൺസർ ചെയ്യുന്നത്.
ഇന്ദിരാഗാന്ധി അതിശക്തമായി 'ആവേശിച്ച' മാണി എന്ന ഗ്രാമീണസ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന വിസ്‌ഫോടനങ്ങളാണ്, വേറിട്ട ആഖ്യാനരീതിയിൽ പ്രിയ ജോസഫ് ആവിഷ്കരിക്കുന്നത്. 2022-ലെ ഖത്തർ സംസ്‌കൃതി സി.വി. ശ്രീരാമൻ പുരസ്‌കാരവും ഈ കഥക്കായിരുന്നു. ലോങ് ലിസ്റ്റിൽ പ്രിയ ജോസഫിന്റെ കഥ കൂടാതെ ലോകഭാഷകളിൽനിന്ന് 25 കഥകൾ കൂടിയുണ്ടായിരുന്നു.
പ്രവാസിയും എഴുത്തുകാരിയുമായ പ്രിയ ജോസഫ് അമേരിക്കയിൽ ഐ.ടി ബിസിനസ് നടത്തി വിജയിച്ച സംരംഭക കൂടിയാണ്. യു.എസിലെ ഇല്ലിനോയി സൗത്ത് ബാരിങ്ടണിലാണ് താമസം.
വിവർത്തകയായ രാധിക പി. മേനോൻ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയാണ്. കെ. മാധവന്റെ 'On the Banks of the Tejaswini', ദേവകി നിലയങ്ങോടിന്റെ 'Antharjanam', എസ്.കെ. പൊറ്റെക്കാടിന്റെ 'Tales of Athiranippadam', മൊയാരത്ത് ശങ്കരന്റെ 'Autobiography', കെ. കെ. കൊച്ചിന്റെ 'Dalithan' തുടങ്ങിയ വിവർത്തനകൃതികൾ അവരുടേതായുണ്ട്.
ഡ്രൈഡൻ ട്രാൻസ്‌ലേഷൻ മത്സരത്തിൽ ഗിയോവന്നി ബാറ്റിസ്റ്റ പെർഗോലെസിയുടെ ഇറ്റാലിയൻ കഥക്കാണ് ഒന്നാം സ്ഥാനം, വിവർത്തനം: ജോർജ് റോബർട്‌സ്.
ഹാൻസ് ഹെർബ് ജോൺസ്‌റൂഡിന്റെ നോർവീജിയൻ കഥക്കാണ് രണ്ടാം സ്ഥാനം, വിവർത്തനം: ലൂസി മൊഫാറ്റ്.
സേവ്യർ ഡി മെയിൻസ്‌ട്രേയുടെ ഫ്രഞ്ച് കഥ മൂന്നാം സ്ഥാനം നേടി, വിവർത്തനം: ലെയിൻ ഹിഗ്ഗിൻസ്.
ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് കഥകളാണ് ഷോർട്ട് ലിസ്റ്റിലുണ്ടായിരുന്നത്.
ഇംഗ്ലീഷ് കവിയും വിവർത്തകനും നാടകകൃത്തുമായിരുന്നു ജോൺ ഡ്രൈഡന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ അവാർഡ് ലോകഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള മികച്ച അപ്രകാശിത സാഹിത്യ വിവർത്തന രചനകൾക്കാണ് സമ്മാനിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ സ്‌കൂൾ ഓഫ് ലാംഗ്വേജസ്, കൾച്ചേഴ്‌സ് ആന്റ് സോഷ്യൽ സൊസൈറ്റീസിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലീഡ്‌സ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജേക്കബ് ബ്ലാക്‌സ്‌ലേയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് സമ്മാനാർഹമായ രചനകൾ തെരഞ്ഞെടുത്തത്.