photo: unsplash

​പ്രണയത്തോടെയുള്ള
​സഹശയനം

തീരെ അപ്‌ഡേറ്റഡ് അല്ലാത്തൊരു വായനക്കാരിയായി തുടരുന്ന എന്നെപ്പോലുള്ളവർക്ക് പുസ്തകം തരുന്ന ഫീൽ മറികടക്കാൻ ഇതുവരെയായിട്ടില്ല.. എങ്കിലും, ലിങ്കുകൾ കൊണ്ട്, സ്‌ക്രീനിലെ വെളിച്ചപ്പകർച്ചകളിൽ തന്റേതായ ആസ്വാദനലോകം അതിരുകളില്ലാതെ സൃഷ്ടിക്കുന്ന പുതുകാല വായനക്കാരോട് അത്ഭുതദരങ്ങളോടെ എന്റെ സ്‌നേഹം പറയാനാഗ്രഹിക്കുന്നു.

വീടിന്റെ അതിരിൽ പണ്ടൊരു പവിഴമല്ലി ഉണ്ടായിരുന്നു.
പീതവും ഇളം ചെമപ്പും കലർന്ന അതിന്റെ തണ്ട് വിടർന്നൽപ്പം കഴിയുമ്പോൾ കൊഴിഞ്ഞുവീഴും. അതിനാൽ പൂക്കൾ നേരത്തെ ശേഖരിച്ച്​ മേശമേൽ വയ്ക്കുന്ന ശീലമുണ്ടായിരുന്നു. എന്നാൽ പിന്നീട് ചെന്നുനോക്കുമ്പോൾ അവ പൂക്കളേ അല്ലെന്നൊരു തോന്നലാണുണ്ടാവുക. ചോരവാർന്നു കിടക്കുന്ന ശരീരങ്ങൾ... ഓജസ്സറ്റ മൃതദേഹങ്ങൾ പോലെ. വെറും മണ്ണിൽ വീണുകിടക്കുമ്പോൾ പോലും അവയ്‌ക്കെന്തൊരു സൗന്ദര്യമാണെന്ന് അപ്പോൾ തോന്നും.

പുസ്തകവായനയും ചിലപ്പോഴെങ്കിലും അങ്ങനെയാണ്. അതിന്റെ സ്വഭാവികതയിൽ നിന്നടർന്ന്​ മറ്റൊന്നായി മാറുമ്പോൾ അതവശേഷിപ്പിക്കുന്ന അനുഭൂതിതലങ്ങളും വൈകാരിക പരിസരങ്ങളും മാറിമറിയും. വായനയിൽ പഴഞ്ചനായി തുടരുന്ന, ഒരു പക്ഷെ പുസ്തകങ്ങളിലെ ഉള്ളടക്കത്തേക്കാൾ അത് കൈവന്ന ദിവസവും ആ വായനയുടെ ഓർമ്മകളും സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എല്ലാ ലൈബ്രറികളിലും എനിക്ക് പ്രിയപ്പെട്ട ഒരു ഇടനാഴിയും ജനലും ഇരിപ്പിടവുമുണ്ടാവും. പുസ്തകത്തെ ആദ്യം തൊടുമ്പോൾ മുതൽ അതിലെ കടലാസ് മറിയലിന്റെ താളം പോലും വായനയുടെ സുഖത്തിലുണ്ട്.

എല്ലാ ലൈബ്രറികളിലും എനിക്ക് പ്രിയപ്പെട്ട ഒരു ഇടനാഴിയും ജനലും ഇരിപ്പിടവുമുണ്ടാവും.

മഹാവ്യാധിയുടെ അടച്ചു പൂട്ടൽ കാലത്താണ് kindle പരിചയപ്പെടുന്നത്. സ്‌ക്രീൻ വായന അത്യന്തം ശ്രമകരമായ ഒരാളെന്ന നിലയിൽ ഞാൻ അനുശീലനത്തിന്റെ തടവറയിൽ കുടുങ്ങികിടന്നു കുറച്ചുനാൾ. ഇപ്പോഴും റഫറൻസിനുവേണ്ടിയല്ലാതെ kindle വായന കുറവാണ്. Story tell ഉം പരീക്ഷിച്ചുനോക്കി. പക്ഷെ കണ്ണുകൾ മനസ്സിലുണ്ടാക്കുന്ന കടലിരമ്പങ്ങൾ കാതുകൾക്ക് സൃഷ്ടിക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി. മാത്രമല്ല, കേൾവി പെട്ടെന്ന് പാസീവായി മാറുന്ന ഒന്നാണ്. വായന സൃഷ്ടിക്കുന്ന മനനത്തിന്റെ അഗാധത കേൾവിക്കില്ല.

ചിദംബര സ്മരണ​​​​​​​കളുടെ അവസാന പേജിൽ കവിക്കുള്ള പ്രണയലേഖനം, മഞ്ഞിന്റെ ഏതോ താളിൽ വായനക്കാരൻ വരഞ്ഞ സങ്കല്പത്തിലെ വിമല, ഡോം മൊറൈസിന്റെ കവിതാസമാഹാരത്തിൽ പ്രിയ കവിതകളുടെ സൈഡിൽ ഏതോ വായനക്കാരൻ നടത്തിയ സുന്ദരവിവർത്തനം...

അതിനാൽ തീരെ അപ്‌ഡേറ്റഡ് അല്ലാത്തൊരു വായനക്കാരിയായി തുടരുന്ന എന്നെപ്പോലുള്ളവർക്ക് പുസ്തകം തരുന്ന ഫീൽ മറികടക്കാൻ ഇതുവരെയായിട്ടില്ല. വായനശാലകളിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങൾ ഏതൊക്കെ അജ്ഞാത മനുഷ്യരുടെ ജീവൽ സ്പന്ദനങ്ങളെയാണ് കൂടെക്കൂട്ടുന്നത് ആ പുസ്തകത്തിന്റെ കഴിഞ്ഞ വായനക്കാരന്റെ കൈപ്പട, പ്രിയവരികളെ പേന കൊണ്ട് അടയാളപ്പെടുത്തൽ, ചിലപ്പോൾ പുസ്തകമധ്യത്തിൽ ഒരു കരിഞ്ഞ പൂവിതൾ... ഇതുവരെ കാണാത്ത ആ മുൻ വായനക്കാരനോട് / കാരിയോട് അദൃശ്യമായ ചരടിൽ കോർത്ത ഹൃദയബന്ധം അവിടെ തുടങ്ങുകയാണ്...

അത്തരം ഓർമകൾ ഏറെയുണ്ട്. ചിദംബര സ്മരണ​​​​​​​കളുടെ അവസാന പേജിൽ കവിക്കുള്ള പ്രണയലേഖനം, മഞ്ഞിന്റെ ഏതോ താളിൽ വായനക്കാരൻ വരഞ്ഞ സങ്കല്പത്തിലെ വിമല, ഡോം മൊറൈസിന്റെ കവിതാസമാഹാരത്തിൽ പ്രിയ കവിതകളുടെ സൈഡിൽ ഏതോ വായനക്കാരൻ നടത്തിയ സുന്ദരവിവർത്തനം, ഇങ്ങനെ എന്തൊക്കെ നിധികളാണ് പുസ്തകങ്ങളോടൊപ്പം കിട്ടിയിട്ടുള്ളത്.

മടക്കിവച്ച താളുകൾ വീണ്ടും തുറക്കുമ്പോൾ ഒരിക്കൽ അതിലെഴുതിയ കമൻറ്​, ഒരാളിലെ പഴയ അയാളെ, വായനാസന്ദർഭത്തെ എല്ലാം പുതിയ വായനയുടെ രസാനുഭൂതികളിൽ കലർന്നൊഴുകാനും പുതിയ ലവണ സംയുക്തങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നവയാണ്.

Kindle വായനക്കാർ ഡൗൺലോഡ്​ ചെയ്യുന്ന അക്ഷരക്കൂട്ടങ്ങൾക്ക് ഇങ്ങനെ അപരിചിമായൊരു പ്രാണനെ കൂടെകൂട്ടാനുള്ള ത്രാണിയുണ്ടാവുമോ? അവരിലെ വായനക്കാർക്ക്​ ആ പുസ്തകത്തിന്റെ ഭൂതമോ ഭാവിയോ തിരയേണ്ട. ഇന്നിന്റെ ഈ നിമിഷത്തിൽ അതുണ്ടാക്കുന്ന നൈമിഷികമായ അനുഭവ തലങ്ങളാണ് അവരിൽ പ്രവർത്തിക്കുന്നത്. അജയ്​ പി. മങ്ങാട്ട്​ എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിൽ ആഗ്‌നേസ് എന്ന അധ്യാപിക അഭിക്ക് പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുമ്പോൾ അഭി ചിന്തിക്കുന്ന ഒരു വാചകമുണ്ട്- കുറെ പ്രാവശ്യം തുറന്നു മണക്കുമ്പോൾ പുസ്തകത്തിന് അതിന്റെ വായനക്കാരന്റെ മണം ആകുമെന്ന്. മടക്കിവച്ച താളുകൾ വീണ്ടും തുറക്കുമ്പോൾ ഒരിക്കൽ അതിലെഴുതിയ കമൻറ്​, അന്നത്തെ പ്രിയപ്പെട്ട വരികളിൽ ചുവന്ന അടിവര, ഇവയൊക്കെയും ഒരാളിലെ പഴയ അയാളെ, വായനാസന്ദർഭത്തെ എല്ലാം പുതിയ വായനയുടെ രസാനുഭൂതികളിൽ കലർന്നൊഴുകാനും പുതിയ ലവണ സംയുക്തങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നവയാണ്.

വായന നൽകുന്ന പാവലോവിയൻ റീഫ്ലക്‌സ് അഥവാ, ഒരേ അനുഭവം തന്നെ വീണ്ടും വീണ്ടും സൃഷ്ടിക്കുന്ന ആനന്ദം, പുസ്തകവായനയ്ക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്നാണ്.

എങ്കിലും ലിങ്കുകൾ കൊണ്ട്, സ്‌ക്രീനിലെ വെളിച്ചപ്പകർച്ചകളിൽ തന്റേതായ ആസ്വാദനലോകം അതിരുകളില്ലാതെ സൃഷ്ടിക്കുന്ന പുതുകാല വായനക്കാരോട് അത്ഭുതദരങ്ങളോടെ എന്റെ സ്‌നേഹം പറയാനാഗ്രഹിക്കുന്നു. അവർ വായനയെ ഇഷ്ടമുള്ളിടത്ത്​ ഇഷ്ടമുള്ള നേരങ്ങളിൽ ഇഷ്ടമുള്ള ഫോണ്ടിൽ ഒരു ലാപ്​ ടോപിന്റെയോ ഫോണിന്റെയോ ചതുരവടിവിൽ തന്റെ ഉൾസ്ഥലികളിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നു. പുസ്തകത്തോടുള്ള സഹജ കൗതുകത്തെ സ്‌ക്രോൾ ചെയ്ത്​വേറൊരു രുചിയിൽ ഭക്ഷണമാക്കുന്നു.

പുതിയ കാലം വായനയുടെ അപര സാധ്യതകളെ തേടുന്നുണ്ട്. സമ്മതിക്കുന്നു. പക്ഷെ വായന നൽകുന്ന പാവലോവിയൻ റീഫ്ലക്‌സ് അഥവാ, ഒരേ അനുഭവം തന്നെ വീണ്ടും വീണ്ടും സൃഷ്ടിക്കുന്ന ആനന്ദം, പുസ്തകവായനയ്ക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്നാണ്. ഇ-ബുക്സും സ്റ്റോറിടെല്ലും ഒക്കെ പുതിയ മനുഷ്യനിലേക്ക് തുറക്കുന്ന വാതായനങ്ങൾ അനുഭവവും ഓർമയും കൂടി ചെയ്യുന്ന ആഭിചാരക്രിയയല്ല. അതിലെ ടെക്​സ്​റ്റിനോടുമാത്രമാണ് അവരുടെ മമത.
സമയലാഭവും ഒരുപരിധി വരെ ധനലാഭവും അവയ്ക്ക് അവകാശപ്പെടാൻ പറ്റുമെങ്കിലും വാങ്ങി സൂക്ഷിക്കുന്ന പുസ്തകങ്ങൾ ചഞ്ചലമനസ്‌കരായ ഒരാളുടെ മനസ്സാണ്. മിടിപ്പുകൾ പുറത്തുകേൾക്കാം.

വായന സൃഷ്ടിക്കുന്ന മനനത്തിന്റെ അഗാധത കേൾവിക്കില്ല.

മിലെൻ കുന്ദരയുടെ The Unbearable Lightness of Being ലെ
ഒരു ഇഷ്ടഭാഗം ഇതാണ്: Making love with a woman and sleeping with a woman are two separate passions, not merely different but opposite. Love does not make itself felt in the desire for copulation (a desire that extends to an infinite number of women) but in the desire for shared sleep (a desire limited to one woman).

ഭോഗിക്കുന്നതും കൂടെ ഉറങ്ങുന്നതും തമ്മിലുള്ള വ്യത്യാസം. ഭോഗം പ്രണയഭരിതമാവണമെന്നില്ല. എന്നാൽ ഉറക്കം പങ്കിടുക പ്രണയം പങ്കിടുന്നതാണ്. ഒന്നാമത്തേത് എത്ര പേരോടും ആവാം. എന്നാൽ രണ്ടാമത്തേത് ഒരാളോടുമാത്രം തോന്നുന്നത്.

പുസ്തകവായന രണ്ടാമത്തേതാണ്, പ്രണയത്തോടെയുള്ള സഹശയനം; അതാണത് വറ്റാതെ നിലനിൽക്കുന്നതും. ▮


ആർ. സംഗീത

കവി, പരിഭാഷക, ചങ്ങനാശ്ശേരി എസ്​.ബി കോളേജ് അധ്യാപിക. ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു, കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments