അബ്ദുൾ റസാഖ് ഗുർണ / Photo: Wikimedia Commons

ശരീരം കൊണ്ടോ മനസ്സു കൊണ്ടോ പലായനം
​ചെയ്യാത്തവർ ആരും ഭൂമിയിൽ നിലനിൽക്കുന്നില്ല

അധിനിവേശത്തിനു മുൻപും അതിനു ശേഷവുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ വ്യവഹാരങ്ങളെ നോവൽ എന്ന ഇടനാഴിയിലൂടെ സംക്രമിപ്പിക്കുകയാണ് ഇത്തവണ ​സാഹിത്യ നൊബേൽ നേടിയ അബ്ദുൾ റസാഖ് ഗുർണ ചെയ്യുന്ന ചരിത്രദൗത്യം.

ലായനം എന്ന പദം ലോകക്രമത്തെ രേഖപ്പെടുത്തുന്ന ഒറ്റവാക്കായി കഴിഞ്ഞിരിക്കുന്നു. രാജ്യങ്ങളുടെ ഭൂപടങ്ങൾ അവിടങ്ങളിൽ അധിവസിക്കുന്നവരെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ പ്രസക്തി കാണാതെ പോകരുത്. അഭയാർഥികളുടെ അനിശ്ചിതത്വം അപരിഹാര്യമായ സമസ്യയായി മാറുന്നതും നമ്മുടെ കാഴ്ചവട്ടത്തുണ്ട്. ഈ പരിതഃസ്ഥിതിയെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന ഒരു എഴുത്തുകാരനാണ് 2021ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അബ്ദുൾ റസാഖ് ഗുർണ. കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും സംസ്‌കാരങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും ഇടയിലുള്ള അഭയാർഥികളുടെ വിധികളിലുള്ള നിലപാടുകളുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഒരുപക്ഷെ അനുതാപപൂർവമായ പെരുമാറ്റമാണ് കുടിയേറ്റജനതയോട് വേണ്ടതെന്ന തിരിച്ചറിവും അദ്ദേഹത്തിന്റെ എഴുത്തിൽ പ്രകടമാണ്.

സാർവലൗകിക സ്വഭാവം വെച്ചുപുലർത്തുന്ന, കിഴക്കേ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തി ഇംഗ്ലീഷിൽ എഴുതുന്ന ഒരു എഴുത്തുകാരന്റെ ലോകവീക്ഷണം അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പലായനത്തിന്റെ മുള്ളുവഴികളെ കുറിച്ചുള്ള ബോധ്യം കൃത്യമായും പുലർത്തിക്കൊണ്ടുള്ള സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്. അബ്ദുൾറസാഖ് ഗുർണയുടെ ജീവചരിത്രത്തിന്റെ പുറങ്ങളും കിഴക്കേ ആഫ്രിക്കയിലെ ചരിത്രവും വിഭിന്നമാവാതിരിക്കാനുള്ള കാരണം കൂടിയാണ് മേൽപ്പറഞ്ഞത്. 1948ൽ ടാൻസാനിയയിലെ സാൻസിബാർ ദ്വീപ് സമൂഹത്തിൽ ജനിച്ച ഗുർണ അധിനിവേശങ്ങളുടെ ചരിത്രം പലവിധത്തിൽ പരീക്ഷിക്കപ്പെട്ട മണ്ണിന്റെ സ്വഭാവവൈജാത്യങ്ങളെ ഗൗരവപൂർവം വിശകലനം ചെയ്തിരുന്നു. അടിമകളുടെയും പണം കടംകൊടുക്കുന്ന കച്ചവടക്കാരുടെയും സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്ന ടാൻസാനിയ ഗുർണയുടെ നോവലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാസ്‌കോഡ ഗാമയുടെ 1498ലെ സന്ദർശനം സാൻസിബാറിനെ മൂന്നോ നാലോ വർഷത്തിനുള്ളിൽ പോർച്ചുഗൽ സാമാജ്യത്തിന്റെ ഭാഗമാക്കി മാറ്റി. പിന്നീട് രണ്ടു നൂറ്റാണ്ടുകളിലായി തുടർന്ന പോർച്ചുഗീസ് അധിനിവേശം സാൻസിബാറിന്റെ രാഷ്​ട്രീയാധ്യായങ്ങളെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പാഠപുസ്തകമാക്കിത്തീർത്തു. തദ്ദേശീയരായ സുൽത്താന്മാരുടെ കീഴിലേക്ക് ഭരണം സുസ്ഥാപിതമായി. സ്വാഹിലി സംസ്‌കാരത്തിന്റെ തനിമയും ബലവും യൂറോപ്യൻ അടിച്ചമർത്തലുകൾ പ്രതിരോധിക്കാനുള്ള ആവരണത്തെ പതുക്കെ നിർമിക്കുകയായിരുന്നു. 1698ഓടെ ഒമാൻ സുൽത്താൻ സാൻസിബാറിൽ ഭരണതാൽപര്യങ്ങൾ പ്രകടമാക്കി. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കച്ചവടസാധ്യതകളിലേക്ക് എട്ടാം നൂറ്റാണ്ടിൽ തന്നെ സ്വാഹിലി വംശം താൽപര്യം പ്രകടമാക്കിയിരുന്നു. തുടർന്ന് അതൊരു പാരമ്പര്യമായി മാറി. ഇതിന്റെ ചുവടുപിടിച്ച് അടിമക്കച്ചവടവും കിഴക്കേ ആഫ്രിക്കയിൽ വികസിക്കുന്നുണ്ടായിരുന്നു. സാൻസിബാർ എന്ന പലതരം നാണ്യവിളകളുടെ ഭൂവിടം, സാമ്രാജ്യത്വ മോഹത്തിന്റെയും അധികാരവാഞ്ഛയുടെയും സംഹിതകൾ ആപ്തവാക്യങ്ങളാക്കിയ ബ്രിട്ടനെയും ജർമനിയെയും ആകർഷിച്ചതിൽ അത്ഭുതമൊന്നുമില്ല.

സാൻസിബാർ വിപ്ലവകാലത്ത് വധശിക്ഷ കാത്ത് തടങ്കലിൽ കഴിയുന്ന മുസ്‌ലിംകൾ. 1966 ലെ Africa Addio എന്ന ഡോക്യുമെന്ററിയിലെ ദൃശ്യം.

സാധ്യതകളുടെ കേന്ദ്രമായ ഒരിടത്തിന്റെ ദൃശ്യം പ്രബല ശക്തികളുടെ മുന്നിലേക്ക് അനാവരണം ചെയ്യപ്പെട്ടതോടെ അധികാരത്തിന്റെയും അതിക്രമത്തിന്റെയും താളുകൾ ചരിത്രഗ്രന്ഥത്തിൽ കൂടിക്കൊണ്ടേയിരുന്നു. അങ്ങനെ നിയന്ത്രണ ശക്തിയുടെയും അതിന്റെ പ്രത്യാഘാതമായ പലായനത്തിന്റെയും എണ്ണമറ്റ ഉപകഥകളിലൂടെ കഥാപാത്രങ്ങൾ സഞ്ചരിക്കുകയാണ് അബ്ദുൾറസാഖ് ഗുർണയുടെ എഴുത്തുകളിൽ. സാർവലൗകിക സ്വഭാവം വെച്ചുപുലർത്തുന്ന, കിഴക്കേ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തി ഇംഗ്ലീഷിൽ എഴുതുന്ന ഒരു എഴുത്തുകാരന്റെ ലോകവീക്ഷണം അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. സ്വാഹിലി മാതൃഭാഷയായ അദ്ദേഹം ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ട കൊളോണിയൽ പ്രവണതകളെ ഇഴപിരിച്ചു അന്വേഷിക്കുകയാണ്.
ഇങ്ങനെയുള്ള ഭൂതകാലത്തെ വിസ്മരിക്കാൻ കഴിയാത്ത ഒരെഴുത്തുകാരൻ രൂപപ്പെടുത്തുന്ന പ്രമേയങ്ങൾക്കും ആഖ്യാനങ്ങൾക്കും ചരിത്രത്തെ അനവധാനതയോടെ നോക്കിക്കാണാനാവില്ല. എന്നാൽ ചരിത്രത്തെ നോവലുകളിൽ തിരുകിവെക്കാനോ സാമൂഹികമായ അപഗ്രഥനം ചരിത്രത്തിന്റെ നാൾവഴികളിലൂടെ പരിശോധിക്കാനോ മുതിരാത്ത എഴുത്തുകാരനാണ് അബ്ദുൾറസാഖ് ഗുർണ എന്ന് വ്യക്തമാണ്. വിഖ്യാത നോവലിസ്റ്റായ ഗൂഗി വാ തോങ്ങ്ഗോയുടെ ‘A Grain of Wheat' എന്ന നോവലിന് ഗുർണയുടെ അവതാരികയിൽ ഉറപ്പിച്ചുപറയുന്ന ഒരു വാദം ഗുർണയുടെ വ്യക്തിയധിഷ്ഠിത കാഴ്ചപ്പാടുമായി ചേർന്നുകിടക്കുന്നതായി കരുതാം. ‘‘അടിച്ചമർത്തലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ബോധവത്കരണം വളർന്നുവരുന്നതിനു പിന്നിലുള്ള അഭിനിവേശത്തെ ജ്വലിപ്പിക്കുന്നത് രാഷ്ട്രീയമാണ്'' എന്ന ചിന്താഗതി അടിവരയിടേണ്ടതാണ്.

പ്രസ്തുത അവതാരികയിൽ ഗുർണ മറ്റൊരു കാര്യം കൂടെ ഉറപ്പിച്ചു പറയുന്നു. അവഹേളനവും അവഗണനയും സഹിച്ച് ആത്മനിയന്ത്രണം പാലിച്ച നീണ്ട പ്രതിഷേധസമരങ്ങൾ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതോടെയാണ് എന്നതാണത്. രാഷ്ട്രീയവും ചരിത്രവും അടയാളവാക്യങ്ങളായി നിലനിർത്തി, സാമൂഹികപാഠങ്ങൾക്ക് പറഞ്ഞുതരാൻ സാധിക്കാത്ത ഉൾക്കഥകളുടെ കെട്ടഴിക്കുന്ന ഗുർണയുടെ നോവലുകളിലും ഇതേ ധാരയുടെ സാധർമ്യം ദർശിക്കാം. ഗുർണയെ സംബന്ധിച്ച്, ചരിത്രം അതിന്റെ വിരാട് രൂപത്തെ സ്ഥലകാലങ്ങളുടെ വേരുകളിലാഴ്ത്തുമ്പോൾ നോവൽ സ്ഥലകാലത്തെ അതിജീവിക്കാൻ ശ്രമിച്ച് ലോകത്തിന്റെ ചട്ടക്കൂടിനെ ഖനനം ചെയ്യുകയാണ്.

ഈനോക്ക് പൗൾ / Photo: Wikimedia Commons

അദ്ദേഹം വിഭാവനം ചെയ്യുന്ന സാഹിത്യം കലാത്മകമായ ആവിഷ്‌കരണത്തിലൂടെ സാമൂഹികസമഗ്രത ലക്ഷ്യമാക്കുന്നു. അസാധാരണവും സവിശേഷവുമായ ആശയങ്ങളെ വെല്ലുവിളിച്ച് മനുഷ്യരിൽ അവയുടെ സ്വാധീനവും ആഘാതവും മനസിലാക്കുകയാണ് സാഹിത്യത്തിന്റെ കർമം എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. കുടുംബം, ഔചിത്യം, സദാചാരം എന്നിങ്ങനെയുള്ള ഘടകങ്ങളെ പറ്റി അദ്ദേഹം എടുത്തുപറയുന്നു. ഇതേയിടത്തിലേക്ക് അദ്ദേഹം അധിനിവേശാനന്തരലോകത്തിന്റെ കാഴ്ചപ്പാടിനെ തുന്നിവെക്കുകയാണ്. പല തരത്തിലുള്ള സംഘർഷങ്ങൾക്ക് വേദിയൊരുക്കുന്ന, വംശ/വർഗ വിവേചനം പ്രകടമാക്കുന്ന രാഷ്ട്രീയത്തിന്റെ നിലപാടുകളെ പോസ്റ്റ്‌കൊളോണിയൽ പശ്ചാത്തലത്തിൽ സമീപിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് അദ്ദേഹത്തിന്റെ പത്തുനോവലുകളും ഏഴുകഥാസമാഹാരങ്ങളും അനവധി ലേഖനങ്ങളും.

പതിനെട്ടാം വയസ്സിൽ ജന്മദേശം വിട്ടുപോകേണ്ടി വന്നതിന്റെ നോവ് സൂക്ഷിക്കുന്നത് കൊണ്ടാവണം പുറപ്പെട്ടുപോകലിന്റെ ഓർമപ്പൊട്ടുകളെ അദ്ദേഹത്തിന്റെ ആഖ്യാനങ്ങളിൽ കാണാനാവുന്നത്. സാൻസിബാറിലെ സുൽത്താന്റെ ഭരണകൂടം അവസാനിപ്പിക്കാനുള്ള വിപ്ലവം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്തായിരുന്നു ഗുർണ ഒരു അഭയാർത്ഥിയായി യാത്രയായത്. ബ്രിട്ടനിലെ രാഷ്ട്രീയക്കാരനായിരുന്ന ഈനോക്ക് പൗളിന്റെ കുടിയേറ്റക്കാർക്കെതിരെയുള്ള കുപ്രസിദ്ധമായ ‘River of Blood' പ്രസംഗം നടന്ന കൊല്ലമായിരുന്നു ഗുർണ ബ്രിട്ടനിലെത്തിയത്. വംശീയവെറി സുവ്യക്തമായി അടുത്തറിയാൻ അക്കാലത്ത് തന്നെ അദ്ദേഹത്തിനായി. തൊലിനിറത്തിന്റെ കാരണത്താൽ പബ്ബുകളിൽ നിന്നും മറ്റും പുറത്താക്കപ്പെടുന്നവരെ കുറിച്ചുള്ള ഗുർണയുടെ ധാരണ ബലപ്പെടുന്നത് വംശീയതയെ നേരിൽ കണ്ടറിഞ്ഞതുകൊണ്ടാണ്.

കൊളോണിയൽ രാജ്യങ്ങളുടെ ഇടപെടൽ മൂലം താറുമാറായ വ്യവസ്ഥയിൽ നിന്നും സ്വതവും തനിമയും പുനഃ:സ്ഥാപിക്കാനുള്ള ആഫ്രിക്കയുടെ വിശാലചിത്രമാണ് ഗുർണ അവതരിപ്പിക്കുന്നത്.

‘വർത്തമാനകാലമെന്നത് പോയകാലമാണ്. എന്തെന്നാൽ കഴിഞ്ഞ കാലത്ത് രൂപം കൊണ്ടിരുന്ന സ്വപ്നങ്ങൾ ഇന്നും നമ്മുടെയുള്ളിലുണ്ട്. സങ്കല്പങ്ങളിലും യാഥാർഥ്യങ്ങളിലും ഇടകലർന്നു ജീവിക്കുക എന്നത് പഥ്യമായി തീർന്നിരിക്കുന്നു. അതിനാൽ തന്നെ ഭൂതകാലത്തെ പൂർണമായി മായ്ചുകളയാൻ നമുക്കാവില്ല’’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശരിവെക്കുന്നു. സ്വപ്നങ്ങൾ പൂർണമായി കൈപ്പിടിയിലാക്കാനാവാതെ അലഞ്ഞു നടക്കുന്നവർ അദ്ദേഹത്തിന്റെ നോവലുകളിൽ നിത്യസാന്നിധ്യമാണ്. Paradiseലെ യൂസുഫും Gravel Heart ലെ സലിമും After Lives ലെ ഖാലിഫയും ഈ വികാരം ഉള്ളിൽ വേദനയായി കൊണ്ടുനടക്കുന്നവരാണ്.

വേരുകൾ വിച്ഛേദിക്കപ്പെട്ടുകൊണ്ട് വ്യസനത്തിന്റെ പെരുമഴയിൽ പെടുന്ന ഈ കഥാപാത്രങ്ങൾക്ക് പ്രതീക്ഷ അപ്പാടെ നശിക്കുന്നില്ല. മാത്രമല്ല ആത്മസഹനത്തിന്റെ ആഴങ്ങളിൽപ്പെട്ടുഴറുമ്പോഴും സമൂഹവുമായി ഇണക്കുന്ന കണ്ണികളെ മുറിച്ചുമാറ്റാതിരിക്കാൻ അവർ യത്‌നിക്കുന്നുണ്ട്. പലായനത്തിന്റെ വ്യഥ പേറുമ്പോഴും സാമ്പ്രദായികവും സുപരിചിതവുമായ രീതികളിലൂടെ പലായനത്തിന്റെ ഭൂപടങ്ങളെ വരയ്ക്കാൻ ഗുർണ തീരെ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രക്ഷുബ്ധസാഹചര്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലും അഭയം തേടിയുള്ള അലച്ചിലും അദ്ദേഹം അവതരിപ്പിക്കുന്നത് അർത്ഥഗർഭമായ സന്ദർഭങ്ങളിലൂടെയാണ്. ഗുർണയുടെ ആദ്യനോവലായ Memory of Departure ലെ ഹസ്സൻ സ്വന്തം വീടുപേക്ഷിച്ച് നയ്‌റോബിയിലേക്ക് പോകുന്നു. പുറപ്പെട്ടു പോകുന്നയിടത്തേക്കാൾ സ്വാർത്ഥവും ക്രൂരവുമായ ലോകമാണ് അവിടെ എന്നത് ഹസ്സന് അമ്പരപ്പ് സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയും വിശ്വാസവും വെടിയാതെ അയാൾ ജീവിതത്തെ നോക്കിക്കാണുന്നു. ഹസ്സന്റെ ജീവിതത്തെ മുൻനിർത്തിക്കൊണ്ട് കൊളോണിയൽ രാജ്യങ്ങളുടെ ഇടപെടൽ മൂലം താറുമാറായ വ്യവസ്ഥയിൽ നിന്നും സ്വതവും തനിമയും പുനഃ:സ്ഥാപിക്കാനുള്ള ആഫ്രിക്കയുടെ വിശാലചിത്രമാണ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. ഹസ്സനെ പോലെ പൊതുവെ ദുർബലരെന്നു ഗണിക്കുന്ന കഥാപാത്രങ്ങൾ വരെ നിശബ്ദമായി പ്രതിരോധിക്കുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയുണ്ട് ഗുർണയുടെ നോവലുകളിൽ. അടിച്ചമർത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ഭരണസംവിധാനത്തിന്റെ കീഴിൽ സ്വത്വം നഷപ്പെടാതിരിക്കാൻ ശബ്ദമില്ലാതെ പോരാടുന്ന മർദിതരുടെ പ്രതിനിധികളാണ് അവർ.

ഗുർണയുടെ ആഖ്യാനങ്ങളെല്ലാം പലായനത്തിന്റെ ചുറ്റുപാടിൽ വലയം ചെയ്യുന്നതാണ്. മനുഷ്യരുടെയും സാധനസാമഗ്രികളുടെയും ആശയങ്ങളുടെയും നിരന്തരമായ ചലനം അദ്ദേഹത്തിന്റെ പ്രമേയങ്ങളുടെ അടിപ്പടവായി വർത്തിക്കുന്നു. ഇതിലെല്ലാം ഇന്ത്യൻ മഹാസമുദ്രം എന്ന ഘടകം ഭൗതികമായ ‘ബിംബ'മായി അവരോധിക്കപ്പെടുന്നുണ്ട് എന്നതും പ്രാധാന്യമർഹിക്കുന്നു. ബി. സി. ഇ. 3000 മുതൽ കൃഷിയും മൃഗങ്ങളെ വളർത്തലും കച്ചവടവുമൊക്കെയായി ജീവിക്കുന്ന സമൂഹനങ്ങളെ കിഴക്കൻ ആഫ്രക്കയിൽ കണ്ടുവന്നിരുന്നുവെന്നു ചരിത്രത്തിൽ കാണാം. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ത്യൻ മഹാസമുദ്രം കച്ചവടങ്ങളുടെ കേന്ദ്രബിന്ദുവായിത്തീരുന്നത്. ഏഷ്യയുമായുള്ള ബന്ധം ആഫ്രിക്ക അന്നേ സ്ഥാപിച്ചിരുന്നുവെന്നും വ്യക്തമാണ്. ഇത്തരം വിനിമയത്തിൽ സാൻസിബാറിന്റെ പങ്ക് ചെറുതല്ല. ഇങ്ങനെയുള്ള വ്യാപാരവിനിമയങ്ങൾ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ - നരവംശ മേഖലകളിൽ കൊരുക്കുന്ന അനുരണനങ്ങൾ ഗുർണയുടെ എഴുത്തിന്റെ പ്രേരകശക്തിയാണ്. കടൽ വഴിയുള്ള കച്ചവടബന്ധങ്ങൾ പലായനത്തിനും പ്രവാസത്തിനും പാതയൊരുക്കി. By the Sea, Paradise എന്നീ നോവലുകൾ ഈ വസ്തുതയുടെ തെളിച്ചത്തിലാണ് ഗുർണ കെട്ടിയുയർത്തുന്നത്.

കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും തിക്തഫലങ്ങളെ സൂക്ഷ്മതലത്തിൽ വ്യവച്ഛേദിക്കുന്ന ആഖ്യാനങ്ങളിലൂടെ സമകാല രാഷ്ട്രീയത്തിന്റെ ആന്തരികതകളിലാണ് അബ്ദുൾറസാഖ് ഗുർണയുടെ എഴുത്തിന്റെ ഉറ്റുനോട്ടം.

Paradise എന്ന നോവലിൽ, ജർമനിയും ബ്രിട്ടനും അധിനിവേശം ചെയ്യുന്നതിന് മുൻപുള്ള കിഴക്കേ ആഫ്രിക്കയുടെ സ്ഥിതിയാണ് ചിത്രീകരിക്കുന്നത്. ഇപ്പറഞ്ഞ യൂറോപ്യൻരാഷ്ട്രങ്ങളുടെ അധിനിവേശത്തിനു മുന്നേയുള്ള സങ്കീർണമായ സാഹചര്യങ്ങളെ പരിശോധിക്കുന്ന നോവൽ അതുവരെയുള്ള അധിനിവേശത്തിന്റെയും കച്ചവടത്തിന്റെയും പാർശ്വഫലങ്ങളെ സൂചിപ്പിക്കുന്നുണ്ട്. യൂസുഫ് എന്ന കേന്ദ്രകഥാപാത്രത്തെ അവന്റെ അച്ഛൻ അമ്മാവനായ അസ്സീസ്സിന്റെയടുത്ത് പണയം വെച്ചിരിക്കുകയാണ്. അയാൾ അസ്സീസിൽ നിന്ന് വാങ്ങിയ കടം തിരികെ കൊടുക്കാൻ കഴിയാത്തതിനാലാണ് ഈ സമ്പ്രദായം നടപ്പിലാക്കിയത്. പന്ത്രണ്ടാമത്തെ വയസ്സിൽ യൂസുഫ് അസ്സീസിനൊപ്പം അയാളുടെ വീട്ടിലേക്ക് യാത്രയായി. കച്ചവടാവശ്യങ്ങൾക്ക് വീടുവിട്ടു നിൽക്കേണ്ടി വരുന്ന അസ്സീസ് യൂസുഫിനെ മറ്റൊരു ‘പണയവസ്തു'വായ ഖലീലിന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചു. ഖലീൽ ആണ് അസ്സീസ് യൂസുഫിന്റെ ബന്ധുവല്ലെന്നും സ്വാർഥ താല്പര്യങ്ങളുള്ള ഒരു കച്ചവടക്കാരൻ മാത്രമാണെന്നും പറഞ്ഞു മനസിലാക്കുന്നത്. അടുത്ത യാത്രയിൽ യൂസുഫിനെ കൊണ്ടുപോകുന്ന അസ്സീസ് അവനെ ഹമീദ് എന്ന സഹായിയുടെയടുത്താക്കുന്നു. അവിടത്തെ താമസത്തിനിടയിൽ അവൻ ഖുറാൻ വായിക്കുകയും വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാൻ പഠിക്കുകയും ചെയ്യുന്നുണ്ട്. ബാലനിൽ നിന്ന് പുരുഷനായി മാറുന്ന അവനു ഹമീദിന്റെ സഹോദരിയോട് ലൈംഗികാകർഷണം ഉണ്ടായി. ഇത് ബോധ്യപ്പെട്ട ഹമീദ് അവനെ അസ്സീസ്സിന്റെ ഒരു കച്ചവടസംഘത്തിന്റെ ഭാഗമാക്കിക്കൊണ്ട് വീട്ടിൽ നിന്ന് മാറ്റുകയാണ്.

സാൻസിബാർ വിപ്ലവത്തിൽ കൊല്ലപ്പെട്ട അറബ് മുസ്‌ലിങ്ങളുടെ ശരീരങ്ങൾ. / Photo: Africa Addio

ടാൻസാനിയയുടെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് കച്ചവടത്തിനായി പോകുന്ന യൂസുഫ് അവിടങ്ങളിൽ വസിക്കുന്ന ഗോത്രങ്ങളെ പറ്റിയും അവയ്ക്കിടയിലെ സ്പർദ്ധയെ പറ്റിയുമൊക്കെ മനസിലാക്കുന്നു. കച്ചവടം എന്നത് ‘വ്യാപാരം' എന്ന അർത്ഥത്തിൽ മാത്രം കാണാനാവില്ല എന്നും അതുസൃഷ്ടിക്കുന്ന അധികാരപരിധി വലുതാണെന്നുമുള്ള തിരിച്ചറിവ് അവനിൽ രൂപപ്പെടുന്നു. ഇതിനിടയിൽ അസ്സീസിന്റെ ഭാര്യയ്ക്ക് യൂസുഫിനോട് കാമം ജനിക്കുകയും അവരെ ഒഴിവാക്കാനായി അവൻ അവിടെനിന്നും ഓടിപ്പോകുകയും ചെയ്യുകയാണ്. ജർമ്മൻ പട്ടാളത്തിൽ ചേരുന്ന യൂസഫിനെയാണ് പിന്നീട് നാം കാണുന്നത്.

ഖലീലിന്റെ സഹോദരിയെ അവനു ഇഷ്ട്ടമായിരുന്നു. എന്നാൽ ആ പ്രണയത്തെ മറക്കാൻ അവൻ നിർബന്ധിതനായി. ഇവിടെ ഗുർണ മുന്നോട്ടു വെയ്ക്കുന്ന ആശയം അപരിചിതയിടങ്ങളിൽ അതിജീവനം നടത്താൻ യൂസുഫിനെ പ്രാപ്തമാക്കുന്ന ഘടകങ്ങളിൽ നല്ല പെരുമാറ്റവും സൗന്ദര്യവും ഏറെ സഹായകമാവുന്നുവത്രെ. അടിമത്തത്തിന്റെ തലത്തെ അവതരിക്കുമ്പോഴും ആതിഥ്യമര്യാദയുടെ സ്പർശം മറ്റു ചില ഘടകങ്ങളെ ആസ്പദമാക്കി പുറത്തേക്ക് വരുന്നതാണ് ഇവിടെ നോവലിസ്റ്റ് പറഞ്ഞുവെക്കുന്നത്. ശരീരത്തിന്റെ രാഷ്ട്രീയത്തിന് കൊടുക്കുന്ന ഊന്നൽ ഈ നിലയിൽ പ്രസക്തമാണ്. കറുത്ത നിറക്കാരിയായ സദൗറ (Dottie എന്ന നോവൽ) എന്ന കഥാപാത്രത്തിന് ബ്രിട്ടനിൽ അനുഭവിക്കേണ്ടി വരുന്ന യാതനകൾ യൂസുഫിന്റെ ജീവിതവുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ശരീരം ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും സാംസ്‌കാരികവിനിമയമായി പരിണമിക്കുന്നതിന്റെ അടരുകളെ യൂസുഫ് അനാവൃതമാക്കുകയാണ്.

അതിരുകൾ അതിജീവനത്തിനായി താണ്ടുന്ന മനുഷ്യരുടെ കണ്ണുകളിൽ കൂടെ ഇന്നത്തെയും ഇന്നലത്തേയും രാഷ്ട്രീയത്തെ ഗുർണയുടെ നോവലുകൾ അവതരിപ്പിക്കുന്നു.

കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും തിക്തഫലങ്ങളെ സൂക്ഷ്മതലത്തിൽ വ്യവച്ഛേദിക്കുന്ന ആഖ്യാനങ്ങളിലൂടെ സമകാല രാഷ്ട്രീയത്തിന്റെ ആന്തരികതകളിലാണ് അബ്ദുൾറസാഖ് ഗുർണയുടെ എഴുത്തിന്റെ ഉറ്റുനോട്ടം. അങ്ങനെയുള്ള നോട്ടത്തിൽ ഓർമയും (Memory) വേർപാടും (Departure) അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകളാണെന്ന് നാം അംഗീകരിക്കുന്നു. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ പലായനം ചെയ്യാത്തവർ ആരും ഭൂമിയിൽ നിലനിൽക്കുന്നില്ല എന്ന സത്യത്തെ ഗുർണ കൃത്യമായി സ്ഥാപിക്കുന്നു. സമൂഹത്തിന്റെ സ്വത്വത്തെ മറകളില്ലാതെ പ്രതിഷ്ഠിക്കുന്ന ഗുർണ അന്യവത്കരണത്തിന്റെ മാനങ്ങളെ വിശകലനം ചെയ്യുന്നതിനും ശ്രമിക്കുന്നുണ്ട്. സമകാലലോകാവസ്ഥയെ അടയാളപ്പെടുത്തിയിരിക്കുന്നത് മടക്കമില്ലാത്ത പലായനങ്ങളിൽ അധിഷ്ഠിതമായ രംഗങ്ങളാണ്. അപരിചിതയിടങ്ങളിലേക്കുള്ള പലായനം ഉരുവം കൊള്ളിക്കുന്ന സന്ധികൾ പലപ്പോഴും സംഘർഷാത്മകമാണ്. അതിരുകൾ അതിജീവനത്തിനായി താണ്ടുന്ന മനുഷ്യരുടെ കണ്ണുകളിൽ കൂടെ ഇന്നത്തെയും ഇന്നലത്തേയും രാഷ്ട്രീയത്തെ ഗുർണയുടെ നോവലുകൾ അവതരിപ്പിക്കുന്നു. അധിനിവേശത്തിനു മുൻപും അതിനു ശേഷവുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ വ്യവഹാരങ്ങളെ നോവൽ എന്ന ഇടനാഴിയിലൂടെ സംക്രമിപ്പിക്കുകയാണ് ഗുർണ ചെയ്യുന്ന ചരിത്രദൗത്യം.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments