ചിത്രീകരണം: ദേവപ്രകാശ്

രക്തയക്ഷ്​മാവിന്റെ മുഖപടം

രാജ്യത്ത് രക്തയക്ഷ്​മാവ്​ സംഹാരതാണ്ഡവമാടി.
നാളന്നുവരെ ഉണ്ടായിട്ടുള്ള പകർച്ചവ്യാധികളെക്കാളെല്ലാം ഭീകരവും ബീഭത്സവുമായിരുന്നു ആ മഹാമാരി. കൊടിയ വേദനയായി, മോഹാലസ്യമായി, രോമകൂപങ്ങളിൽനിന്ന് വമിക്കുന്ന ചോരത്തുള്ളികളായി അത് മനുഷ്യശരീരങ്ങളിൽ അവതരിച്ചു. മുഖത്തും ദേഹത്തും കിനിഞ്ഞ ചോരപ്പൊട്ടുകൾകൊണ്ട് രോഗികളെ മുദ്രകുത്തി സഹജീവികളുടെ സഹായത്തിൽനിന്നും സഹതാപത്തിൽനിന്നും അനാഥരാക്കി. രോഗം ബാധിച്ച്, അരമണിക്കൂർ കൊണ്ട് മൂർച്ഛിച്ച്, മരണത്തിൽ കലാശിച്ചു.

പക്ഷേ, യുവരാജാവായ പ്രോസ്‌പെറോ ധീരനായിരുന്നു.
പാതി രാജ്യവും ജനശൂന്യമായിക്കഴിഞ്ഞിട്ടും തിരുമനസ്സ് കുലുങ്ങിയില്ല.
ഊക്കൻ കോട്ടമതിലുകളുടെ വലയത്തിനുള്ളിൽ താൻതന്നെ പരികല്പന ചെയ്ത വിചിത്രസുന്ദരമായ കൊട്ടാരക്കെട്ടിൽ അദ്ദേഹം പാർപ്പുറപ്പിച്ചു. ഏറെനാൾ കഴിയാൻ ആവശ്യമായ ഭക്ഷണപാനീയങ്ങൾ സംഭരിച്ചു. ബന്ധുജനങ്ങളിലും ആശ്രിതരിലുംവെച്ച് ഏറ്റവും ഉല്ലാസപ്രിയരും ആനന്ദശീലരുമായ ഓരായിരം സ്ത്രീപുരുഷന്മാരെ കല്പിച്ചുവരുത്തി. അവർ ഉലകളും കൂടങ്ങളും കൊണ്ടുവന്ന് രോഗഭീതിക്കുപോലും അകത്തുകടക്കാൻ കഴിയാത്തവണ്ണം ഇരുമ്പിന്റെ കോട്ടവാതിൽ വിളക്കിയടച്ചു. പുറംലോകത്തിനോട് സ്വന്തം പാടുനോക്കാൻ പറഞ്ഞു. പ്രയോജനമില്ലാത്ത ഭയാശങ്കകൾ മാറ്റിവെച്ച് വിനോദങ്ങളിൽ മുഴുകി. കവികളും ഗായകരും നർത്തക-വിദൂഷകരും അവരെ സന്തോഷിപ്പിച്ചു. ലഹരിയും ലാവണ്യവും നുരഞ്ഞൊഴുകി. കോട്ടയ്ക്കുപുറത്ത് രക്തയക്ഷ്മാവ് നടമാടിയപ്പോൾ അകത്ത് സുരക്ഷിതത്വം കളിയാടി.

ഏകാന്തവാസം തുടങ്ങി ആറാം മാസത്തിന്റെ അന്ത്യത്തിൽ, രാജ്യത്ത് രോഗബാധ ഏറ്റവും രൂക്ഷമായിക്കഴിഞ്ഞ ദിനങ്ങളിലൊന്നിലാണ് രാജകുമാരൻ ഒരു നൃത്തസന്ധ്യ നടത്തുന്നതിനുള്ള കല്പന പുറപ്പെടുവിച്ചത്. ആയിരം അതിഥികളും മുഖപടമണിഞ്ഞ് പങ്കെടുക്കുന്ന അത്യന്തം ഗംഭീരമായ ഒരു സംഘനൃത്തം.

വിചിത്രമായ അഭിരുചികളുടെ ഉടമയായിരുന്നു രാജകുമാരൻ. കടുത്തവർണ്ണങ്ങളോടും നടുക്കുന്ന ദൃശ്യങ്ങളോടും ആസക്തിപുലർത്തി അവിടുന്ന്. മാന്യതയുടെ സൗന്ദര്യസങ്കല്പങ്ങളെ കാറ്റിൽ പറത്തിയ ആ സൃഷ്ടികളിൽ പ്രാകൃതവും വന്യവുമായ ആവേശങ്ങൾ തിളങ്ങി. അകലെനിന്ന് മാത്രം കണ്ടിട്ടുള്ള ജനങ്ങൾ തിരുമനസ്സിനെ ഭ്രാന്തനെന്ന് കരുതി.

നൃത്തഗൃഹം ആഘോഷത്തിനൊരുങ്ങി.
സാധാരണ കൊട്ടാരങ്ങളിലേതുപോലെ ചുമരുകൾ മടക്കിമാറ്റി നീണ്ട ഒറ്റത്തളമാക്കി മാറ്റാവുന്ന രീതിയിലായിരുന്നില്ല ഇവിടുത്തെ നിർമ്മാണം. യുവരാജാവിന്റെ മനസ്സുപോലെ വളഞ്ഞും പുളഞ്ഞും കിടന്ന നീളമേറിയ ഒരു ഇടനാഴിയും അതിൽ അമ്പതോ അറുപതോ അടി ഇടവിട്ട് നിർമ്മിച്ച ഏഴ് അറകളും ചേർന്നതായിരുന്നു നൃത്തശാല. ഏഴ് അറകളും ഏഴ് വ്യത്യസ്ത നിറങ്ങളിൽ അലങ്കരിക്കപ്പെട്ടു. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീല, ഊത, പച്ച, കുങ്കുമം, വെളുപ്പ്, കരിനീല, കറുപ്പ് എന്നിങ്ങനെയായിരുന്നു വർണങ്ങളുടെ വിന്യാസം. നൃത്തശാലയിലൂടെ നീങ്ങുന്ന സന്ദർശകർക്ക് ഓരോ കൊടുംവളവിലും ഓരോ പുത്തൻ ദൃശ്യങ്ങൾ കാണായിവരണം എന്നതായിരുന്നു രാജകുമാരന്റെ സങ്കല്പം.

വർണശബളമായ തിരശ്ശീലകൾ തൂക്കി, പരവതാനികൾ വിരിച്ച്, സ്വർണത്തിന്റെ അലങ്കാരങ്ങൾ നിറച്ച് അറകൾ സജ്ജീകരിക്കപ്പെട്ടു. മുറികളിലൊന്നും ഒരു വിളക്കോ മെഴുകുതിരിയോ ഉണ്ടായിരിക്കരുത് എന്ന് കല്പനയുണ്ടായിരുന്നു. പകരം, അകത്തേക്ക് പ്രവേശിക്കുന്ന വാതിലിന് ഇരുപുറവുമായി അഗ്രം കൂർത്ത രണ്ട് ജനാലകൾ. ജനാലകളുടെ വർണ്ണച്ചില്ലുകൾക്ക് മുറിയുടെ അലങ്കാരങ്ങൾക്ക് ഇണങ്ങിയ നിറങ്ങൾ. ഓരോ ജനാലയ്ക്കും പുറത്ത് ഇടനാഴിയിലായി ഓരോ കൂറ്റൻ മുക്കാലിയും അവയിന്മേൽ ആളുന്ന നെരിപ്പോടും. അഗ്‌നികുണ്ഡങ്ങളുടെ ജ്വാലകളിൽനിന്ന് പുറപ്പെട്ട പ്രകാശം ജനൽച്ചില്ലുകളിലൂടെ കടന്നുചെന്ന് മുറികൾക്കുള്ളിൽ വർണശബളമായ വിഭ്രമദൃശ്യങ്ങൾ ഒരുക്കി.

ഏഴാമത്തേതും അവസാനത്തേതുമായ അറയുടെ നിറം കറുപ്പായിരുന്നു എന്ന് പറഞ്ഞുവല്ലോ. മേൽത്തട്ടുമുതൽ നിലം വരെ നീളുന്ന കറുത്ത വില്ലീസിന്റെ കനത്ത പടുതകൾ ഞൊറിഞ്ഞുകിടന്ന ഈ മുറിയിൽ മാത്രം ജനൽച്ചില്ലുകളുടെ നിറം കറുപ്പിനുപകരം കടുംചുവപ്പായിരുന്നു. കറുത്തിരുണ്ട തിരശ്ശീലകളിൽ രക്തവർണ്ണമായ പ്രകാശം പതിച്ചപ്പോൾ ഉണ്ടായ അത്യന്തം കരാളമായ ഭാവം അവിടെ തളംകെട്ടിനിന്നു.

നൃത്താഘോഷത്തിന്റെ രാത്രി വന്നെത്തി. യുവരാജാവിന്റെ ഇച്ഛയ്‌ക്കൊത്തവണ്ണം പ്രച്ഛന്നവേഷങ്ങൾ ധരിച്ച അതിഥികൾ നൃത്തശാലയിൽ പ്രവേശിച്ചു. വർണപ്പകിട്ടും തിളക്കവും ഒത്തിണങ്ങിയ സുന്ദരവേഷങ്ങളോടൊപ്പം ഭീകരവും പ്രാകൃതവുമായ രൂപപ്പകർച്ചകൾ കടന്നുവന്നു. മാദകസൗന്ദര്യവും ജുഗുപ്‌സയും സംഭ്രാന്തിയും ഇടകലർന്നൊഴുകി. ആ രാത്രിയിൽ നൃത്തഗൃഹത്തിന്റെ മുറികളിലൂടെ ഓരായിരം വിചിത്രസ്വപ്നങ്ങൾ ചുവടുവെച്ചു. അവയുടെ പാദപതനങ്ങൾക്ക് വാദ്യവൃന്ദങ്ങൾ താളംപകർന്നു.

പടിഞ്ഞാറേ അറ്റത്തെ കറുത്ത അറയുടെ പടിഞ്ഞാറേ ഭിത്തിയോടുചേർന്ന് കരിമരത്തിൽ കൊത്തിയ ഒരു കൂറ്റൻ ഘടികാരം സ്ഥിതിചെയ്തിരുന്നു. അടുത്തുനിൽക്കുന്നവർക്കുമാത്രം കേൾക്കാൻ കഴിയുന്ന ഒരു ലോഹശബ്ദത്തോടെ അതിന്റെ ഭാരിച്ച നാവ് വിരസവും ഏകതാനവുമായ നിരന്തരചലനത്തിൽ മുഴുകി. മണിക്കൂറുകളുടെ അന്ത്യം കുറിച്ചുകൊണ്ട് മിനിറ്റുസൂചികൾ പ്രദക്ഷിണം പൂർത്തിയാക്കുന്ന സമയത്ത് പിത്തളയിൽ വാർത്ത ആ നാഴികമണിയുടെ ശ്വാസകോശത്തിൽ നിന്ന് ഉഗ്രമായ ഒരു മണിയൊച്ച പുറപ്പെട്ടു. സംഗീതമയമെങ്കിലും ഘോരമായ ഒരു വിലക്ഷണശബ്ദമായിരുന്നു അത്. കൊട്ടാരത്തെ വിറപ്പിച്ചുകൊണ്ട് ആ നാദം കടന്നുപോയപ്പോൾ നൃത്തം നിലച്ചു. മേളക്കാർ വാദ്യങ്ങൾ ശമിപ്പിച്ച് കാത്തുനിൽക്കാൻ നിർബന്ധിതരായി. ഉല്ലാസത്തിന്റെ അലയൊലികൾ ഇടറിവീണു. ഏറ്റവും ലഹരിപൂണ്ട ആട്ടക്കാർ പോലും തെല്ലൊന്ന് ശാന്തരായി. പ്രായാധിക്യമുള്ളവരും ദുർബലരുമായ അതിഥികൾ ഏതൊക്കെയോ വിഷാദവിചാരങ്ങളിലേക്ക് വഴുതിവീണു. ഒടുക്കം മണിയൊച്ച നിലച്ചു. അതിന്റെ അവസാനത്തെ മാറ്റൊലിയും അലിഞ്ഞ് ഒടുങ്ങുന്നതോടെ എല്ലാവരും ആഘോഷങ്ങളിലേക്ക് മടങ്ങിവരികയായി. വാദ്യവൃന്ദക്കാർ സ്വന്തം ഭീരുത്വത്തെ പരിഹസിച്ചെന്നപോലെ ചെറുപുഞ്ചിരികൾ തൂകി, അടുത്ത തവണ മണിമുഴങ്ങുമ്പോൾ തങ്ങൾ ഇത്തരത്തിൽ നടുങ്ങുകയില്ലെന്ന് പരസ്പരം ആണയിട്ടു. എന്നിട്ടും, അറുപതു മിനിറ്റുകൾക്കുശേഷം, കുതിക്കുന്ന സമയത്തിന്റെ മൂവായിരത്തിയറുന്നൂറു നിമിഷങ്ങൾ കൂടി ഒടുങ്ങിക്കഴിഞ്ഞപ്പോൾ, പിന്നെയും ആ കൊടിയ മണിനാദം പുറപ്പെടുകയും പതർച്ചയുടെയും ചിന്താകുലതയുടെയും വികാരങ്ങൾ ആവർത്തിക്കപ്പെടുകയും ചെയ്തു.

എങ്കിലും ആഹ്ലാദഭരിതമായിരുന്നു രാത്രി. ആഘോഷലഹരിയുടെ ചുഴികളിലെ നുരച്ചാർത്തുകൾ പോലെ നർത്തകർ തുള്ളിക്കളിച്ചു. കറുപ്പും ചുവപ്പും നാഴികമണിയുടെ മിടിപ്പുംകൊണ്ട് ഭയാനകമായ ഏഴാമത്തെ മുറിയൊഴിച്ച് മറ്റെല്ലാ അറകളിലും ഉന്മത്തരായ സ്ത്രീപുരുഷന്മാർ തിങ്ങിനിറഞ്ഞ് ആടി.

രാത്രി നീണ്ടുപോയി. അർദ്ധരാത്രിയുടെ മണിമുഴക്കം ഉയർന്നതോടെ ഒരിക്കൽക്കൂടി എല്ലാം നിശ്ചലമായി. പന്ത്രണ്ട് മണിയൊച്ചകളുടെ നീണ്ട സ്തബ്ധതയ്ക്കിടയിൽ മുമ്പത്തേതിലും ആഴമുള്ള വ്യാകുലതകളും ആശങ്കകളും തലയുയർത്തി. അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ഒരു രൂപം കാണപ്പെട്ടത്. നീണ്ടുമെലിഞ്ഞ ശരീരം, ചുറ്റിക്കെട്ടിയ ശവക്കച്ച, ചത്ത് വായ പിളർന്ന ഒരു മുഖത്തിന്റെ ഛായ വരച്ചുവെച്ച മുഖപടം - ഇതായിരുന്നു ആ വേഷം. വൈചിത്ര്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഇതുപോലൊരു സഭയിൽ ഏതൊരു വേഷത്തിനും ഏറെയൊന്നും ശ്രദ്ധലഭിക്കില്ല എന്ന് കരുതാവുന്നതാണ്. എന്നാൽ ഇത് വ്യത്യസ്തമായിരുന്നു. വെളുത്ത ശവക്കച്ചയിലും പരന്ന നെറ്റിയിന്മേലും ചുവന്ന രക്തവൃത്തങ്ങൾ പടർന്നുനിന്ന ഈ വേഷം രക്തയക്ഷ്മാവ് ബാധിച്ച് മരിച്ച ഒരു മനുഷ്യന്റെ തനിപ്പകർപ്പായിരുന്നു എന്നത് കാണികളെ അസ്വസ്ഥരാക്കി.

ഗൗരവം നിറഞ്ഞ പതിഞ്ഞ ചുവടുകളോടെ ആ വിചിത്രവേഷധാരി ആൾക്കൂട്ടത്തിൽ അങ്ങിങ്ങായി ഉലാത്തി. പിറുപിറുപ്പുകളിലൂടെ വാർത്ത പടർന്നതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. നീരസമായി, നിന്ദയായി, ഭയമായി, അറപ്പായി, ഒടുക്കം കൊടിയ ഒരു ഭീതിയായി വളർന്ന് ആ സാന്നിദ്ധ്യം ആൾക്കൂട്ടത്തെ നിശ്ചലമാക്കി.

യുവരാജാവായ പ്രോസ്‌പെറോവിന്റെ ദൃഷ്ടികൾ ഈ ഘോരരൂപത്തിന്മേൽ പതിഞ്ഞപ്പോൾ അദ്ദേഹം ആദ്യം ഒന്ന് നടുങ്ങിയതുപോലെ കാണപ്പെട്ടു. എന്നാൽ അടുത്ത നിമിഷം കോപംകൊണ്ട് തിരുമുഖം ചുവന്നു. അവിടുന്ന് കൈയുയർത്തിയതോടെ വാദ്യങ്ങൾ നിലച്ചു.

""ആരത്?'' അദ്ദേഹം ഗർജ്ജിച്ചു. ""ഈ കോമാളിവേഷം ധരിച്ച് നമ്മുടെ മുമ്പിൽ വരാൻ എങ്ങനെ ധൈര്യമുണ്ടായി? ഈ ധിക്കാരിയെ ഉടനടി പിടികൂടി, ആ മുഖപടം ചീന്തിയെറിയട്ടെ. പ്രഭാതത്തിൽ കോട്ടമതിലിന്മേൽ കഴുവേറ്റേണ്ടത് ഏതൊരുവനെയാണെന്ന് നാം കാണട്ടെ!''

കിഴക്കേയറ്റത്തെ നീലമുറിയിൽ നിന്നിരുന്ന രാജകുമാരന്റെ ഉറച്ച ശബ്ദം ഏഴ് അറകളിലും പ്രതിദ്ധ്വനിച്ചു. രാജാജ്ഞ കേട്ടയുടൻ അവിടുത്തെ ചുറ്റിനും നിന്നിരുന്ന അംഗരക്ഷകരിൽ ചിലർ വേഷക്കാരന്റെ നേർക്ക് നടന്നടുത്തു. എന്നാൽ, ആ രൂപമാകട്ടെ യാതൊരു തിടുക്കവും കൂടാതെ യുവരാജാവിന്റെ സമീപത്തുകൂടിത്തന്നെ മുമ്പോട്ട് നടന്നു. നീല അറയിൽ നിന്നും ഊതയിലേക്കും അവിടെനിന്നും പച്ചയിലേക്കും അത് നിർബാധം മുന്നേറി. ഇടനാഴിയുടെ മധ്യത്തിലൂടെ ദൃഢമായ കാൽവെയ്പുകളോടെ നടന്നടുക്കുന്ന വേഷത്തിൽനിന്ന് ആൾക്കൂട്ടം ഇരുപുറത്തേക്കും ഭീതിയോടെ വകഞ്ഞുമാറി.

കുങ്കുമവും വെളുപ്പും മുറികൾ പിന്നിട്ട് മൃത്യുവേഷം ധരിച്ച ആൾ കരിനീല അലങ്കാരങ്ങളുള്ള മുറിയിലേക്ക് കടന്നു. അപ്പോഴാണ് രാജകുമാരൻ തന്റെ നടുക്കത്തിൽനിന്ന് ഉണർന്നത്. പെട്ടെന്നുണ്ടായ സ്വന്തം ഭയപ്പാടോർത്ത ലജ്ജയാലും വർധിച്ച കോപത്താലും അന്ധനായി അവിടുന്ന് കഠാര വലിച്ചൂരിക്കൊണ്ട് ആ രൂപത്തിന്റെ പിന്നാലെ കുതിച്ചു. എന്നാൽ, അവാച്യമായ ഏതോ സംഭ്രാന്തിയുടെ പിടിയിൽ അമർന്നിരുന്ന സദസ്യരിൽ ഒരാൾക്കും അദ്ദേഹത്തിന്റെ തുണയ്ക്കുചെല്ലാനുള്ള ശേഷിയുണ്ടായില്ല.

യുവരാജാവ് സത്വത്തിന്റെ സമീപത്ത് എത്തുമ്പോഴേക്കും കറുത്ത മുറിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു അത്. പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് അത് രാജകുമാരനെ അഭിമുഖീകരിച്ചുകൊണ്ട് നിലയുറപ്പിച്ചു. ദാരുണമായ ഒരു അലർച്ച മുഴങ്ങി. വെട്ടിത്തിളങ്ങുന്ന കഠാര പിടിവിട്ട് ഇരുണ്ട പരവതാനിക്കുമുകളിലേക്ക് വീണു. അടുത്ത നിമിഷം, സ്വന്തം ആയുധത്തിനു മുകളിലേക്കുതന്നെ രാജകുമാരനും സാഷ്ടാംഗം പതിച്ചു.

ഗത്യന്തരമില്ലായ്മയിൽനിന്ന് ഉദിച്ച സാഹസബുദ്ധിയോടെ സദസ്യരിൽ ചിലർ കറുത്ത മുറിയിലേക്ക് കുതിച്ചു. ഘടികാരച്ചുവട്ടിൽ തലയുയർത്തിനിന്നിരുന്ന പ്രച്ഛന്നവേഷക്കാരനെ കടന്നുപിടിച്ച് ആ മുഖപടം പറിച്ചെറിഞ്ഞു. എന്നാൽ, ആ മുഖംമൂടിക്കുപിന്നിൽ ഒരു മുഖം ഉണ്ടായിരുന്നില്ല എന്ന് അവർ നടുക്കത്തോടെ കണ്ടു.

അതോടെ, കോട്ടയ്ക്കകത്ത് രക്തയക്ഷ്മാവ് നുഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു എന്ന് വ്യക്തമായി. നൃത്താഗാരത്തിൽ തടിച്ചുകൂടിയവർ ഒന്നൊന്നായി സ്വന്തം ചോരയിൽ കുതിർന്ന പരവതാനിയിൽ കുഴഞ്ഞുവീണ് പിടഞ്ഞുമരിച്ചു. അവസാനത്തെ മനുഷ്യന്റെ പ്രാണനോടൊപ്പം കൂറ്റൻ നാഴികമണിയും നിശ്ചലമായി. നെരിപ്പോടുകൾ കത്തിയമർന്നു. ഇരുട്ടും ജീർണതയും മഹാപ്രതാപിയായ രക്തയക്ഷ്മാവും രാജ്യഭാരം സ്വീകരിച്ചു. ▮


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

എഡ്​ഗർ അലൻ പോ

അമേരിക്കൻ കഥാകൃത്ത്, കവി, നാടകകൃത്ത്. അമേരിക്കൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാൾ. ഡിറ്റക്ടീവ് ഫിക്ഷൻ, സയൻസ് ഫിക്ഷൻ എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. ഒരു മഹാമാരി പാശ്ചാത്തലമാക്കി 1842ലാണ് എഡ്ഗർ അലൻ പോ The Masque of the Red Death എന്ന കഥയെഴുതിയത്. റെഡ് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് ഒഴിവാക്കാൻ പ്രോസ്‌പെറോ രാജകുമാരൻ നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം.

Comments