ഡെകാമറൺ കഥകളിലൊന്നിന് ജോൺ വില്യം വാട്ടർഫീൽഡിന്റെ ചിത്രീകരണം (1916) / Photo: Wikimedia Commons

അടച്ചിരിപ്പിന്റെ നൂറാനന്ദം

മാരിക്കാലം

ക്വാറന്റയിൻ അനുഭവങ്ങളുടെ ഏറ്റവും ആദ്യത്തെ സാഹിത്യാവിഷ്‌കാരമാണ് ഡെകാമറൺ. ലോക്ക്ഡൗണും ക്വാറന്റയിനും കൺടൈൻമെന്റും ജീവിതത്തിന്റെ ഭാഗമായി മാറിയ നാളുകളിൽ ഈ കൃതി വീണ്ടും ചർച്ചയാവുകയുമാണ്-
​ലോകത്തെ വിസ്​മയിപ്പിച്ച ക്ലാസിക്കുകളുടെ പുനർവായന തുടങ്ങുന്നു

രോഗം ലാവണ്യബോധമുള്ള ഒരു കൂട്ടിരിപ്പുകാരനെ പോലെ എഴുത്തുമുറിയിൽ ഉറക്കമൊഴിച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കോളറ മുതൽ കൊറോണ വരെ എഴുത്തുമേശയിലേക്ക് പടർന്നുപിടിച്ച മഹാമാരികൾ അനവധിയാണ്. രോഗം കഥാവസ്തുവായും പ്രേരകവസ്തുവായും പ്രവർത്തിക്കാറുണ്ട്. എഴുതുന്നയാളെ ബാധിച്ച രോഗത്തിന്റെ പാർശ്വഫലങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും എഴുത്തിനെ പിന്തുടരാറുമുണ്ട്. സാഹിത്യത്തെ എങ്ങനെയാണ് രോഗം ബാധിക്കുന്നത് എന്നതിന് ചരിത്രത്തിൽ തെളിവുകൾ ഏറെയുണ്ട്.

ചെറുപ്പക്കാരായ പത്തു കൂട്ടുകാർ, ഏഴ് സ്ത്രീകളും മൂന്നു പുരുഷന്മാരും; അവരൊന്നിച്ച് ഒരു ക്വാറന്റയിൻ കാലം. അതും സർവസൗകര്യങ്ങളുമുള്ള കൊട്ടാരസദൃശമായ വസതിയിൽ. 650 വർഷം മുൻപുള്ള ഈ ക്വാറന്റയിൻ കഥയാണ് ഡെകാമറൺ കഥകൾ എന്ന കൃതി.

ഏതാണ്ട് എ.ഡി. 1350നോടടുപ്പിച്ച കാലം.
കറുത്ത മരണം എന്ന പേരിൽ അറിയപ്പെട്ട പ്ലേഗ് യൂറോപ്പിനെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ഇറ്റലിയിലെ സുന്ദര നഗരമായ ഫ്‌ലോറന്റ്റൈനിൽ അതിവേഗത്തിൽ പടർന്നുകൊണ്ടിരുന്ന ആ മഹാമാരി ദിവസവും കവർന്നെടുത്തുകൊണ്ടിരുന്ന ജീവനുകൾ അനവധി. വഴിയരികിൽ പോലും മൃതദേഹങ്ങൾ കുമിഞ്ഞുകൂടി. ശ്മശാനങ്ങളിൽ ഇടം തികയാതെയായി. വീടുകളിൽ നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങി. മരണം മാത്രം മുന്നിലുള്ള ദിവസങ്ങൾ.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരായ ഏഴ് യുവതികൾ ഫ്‌ളോറെന്റ്റൈനിലെ സാന്റാ മരിയ നോവെല്ല ബസലിക്കയിൽ കണ്ടുമുട്ടുന്നു. അടുത്ത ബന്ധുക്കളുടെ മരണം നൽകിയ ദുഃഖത്തിലും ഒറ്റപ്പെടലിലും മനംനൊന്ത് പള്ളിയിലെത്തിയ അവരൊക്കെയും അയൽക്കാരോ ബന്ധുക്കളോ ആയിരുന്നു. തുല്യദുഖിതരും. ഒറ്റക്കോ പേരിനുമാത്രം ഭൃത്യർക്കൊപ്പമോ സ്വന്തം വീടുകളിൽ കഴിയുകയായിരുന്നു അവർ.

ഡെകാമറൺ കഥകളിൽ പ്രതിപാദിച്ച ഫ്ലോറന്റെെനിലെ പ്ലേഗിന് എൽ. സാബട്ടെല്ലി നൽകിയ ആവിഷ്​കാരം / Photo: Wikimedia Commons, L. Sabatelli

തങ്ങളുടെ ദുഃഖങ്ങൾക്ക് കാവലായി മരണം കാത്ത് നഗരത്തിൽ കഴിയാതെ സമീപ ഗ്രാമങ്ങളിലൊന്നിലേക്ക് മാറി താമസിച്ചാലെന്തെന്ന് അവരിൽ ഒരാളായ പാംപിനിയാ ചോദിച്ചു. എവിടേയ്ക്കായാലും തൽക്കാലത്തേക്ക് നഗരം വിട്ടുപോകുക എന്ന ആശയം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. പുറംലോകവുമായി ഒരു ബന്ധമില്ലാതെ സമാധാനത്തോടെ, സുരക്ഷിതരായി കഴിയാമെന്നും മനസ്സിന് സന്തോഷം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടാമെന്നും അവൾ പറഞ്ഞപ്പോൾ അതിനോട് പൂർണ യോജിപ്പായിരുന്നു മറ്റുള്ളവർക്ക്.

ദുരിതകാലം കപട സദാചാര വാദങ്ങളേയും സാമൂഹിക കടുംപിടുത്തങ്ങളേയും പടിക്കുപുറത്ത് നിർത്തുകയും സുരക്ഷക്ക് പ്രാഥമിക പരിഗണന കൊടുക്കുകയും ചെയ്യുമെന്ന സത്യവും ഡെകാമറൺ കാട്ടിത്തന്നു.

ഏഴു സ്ത്രീകൾ പുരുഷന്മാരുടെ സംരക്ഷണത്തിലല്ലാതെ യാത്ര ചെയ്യുന്നതും അപരിചത സ്ഥലത്തു കഴിയുന്നതും എങ്ങനെ എന്ന സന്ദേഹം അവരിൽ ഉണ്ടായി. ആ സമയം മൂന്നു യുവാക്കൾ പള്ളിയിലെത്തി. യുവതികളിൽ ചിലരുടെ കാമുകന്മാരും ബന്ധുക്കളും ആയിരുന്നു ആ ചെറുപ്പക്കാർ. പാംപിനിയാ കാര്യം പറഞ്ഞു. സുന്ദരികളായ കൂട്ടുകാരികൾക്കൊപ്പം കൂടാൻ അവർക്ക് അധികം ആലോചനയൊന്നും വേണ്ടിവന്നില്ല.
ചെറുപ്പക്കാരായ പത്തു കൂട്ടുകാർ, ഏഴ് സ്ത്രീകളും മൂന്നു പുരുഷന്മാരും; അവരൊന്നിച്ച് ഒരു ക്വാറന്റയിൻ കാലം. അതും സർവസൗകര്യങ്ങളും ആവശ്യത്തിന് ഭൃത്യന്മാരുമുള്ള കൊട്ടാരസദൃശമായ ഒരു വസതിയിൽ. 650 വർഷം മുൻപുള്ള ഈ ക്വാറന്റയിൻ കഥയാണ് ഇറ്റാലിയൻ നവോത്ഥാന സാഹിത്യകാരനായ ജിയോവന്നി ബൊക്കാച്ചിയോ എഴുതിയ ഡെകാമറൺ കഥകൾ എന്ന കൃതി.

ഫ്ളോറൻസിലെ സാന്റാ മരിയ നോവെല്ല ബസലിക്ക / Photo: Wikimedia Commons

ഒട്ടും വൈകാതെ ഭൃത്യർക്കൊപ്പം യാത്ര തുടങ്ങിയ ഈ പത്തു പേരിലൂടെയാണ് ഡെകാമറൺ മുന്നോട്ടു പോകുന്നത്. യാത്രയിലെ ആദ്യ താവളമായി തിരഞ്ഞെടുത്ത കൊട്ടാര സദൃശ്യമായ വേനൽക്കാല വസതിയിൽ തന്നെ അവർ കഴിയുന്നു. പതിനാലു ദിവസത്തെ ക്വാറന്റയിൻ ദിനങ്ങളിൽ പത്തു പേരിൽ ഒരാൾ വച്ച് ഓരോ ദിവസവും നേതൃസ്ഥാനം ഏറ്റെടുക്കുന്നു. ആ ദിവസം എങ്ങനെ വിനിയോഗിക്കണം, അതിൽ ഓരോരുത്തരുടെയും പങ്കെന്തായിരിക്കണം എന്നൊക്കെ നേതാവ് തീരുമാനിക്കും. ഈ ഐഡിയ മുന്നോട്ടുവച്ച, കൂട്ടത്തിൽ ഏറ്റവും കാര്യപ്രാപ്തിയുള്ളവളായ, പാംപിനിയാ തന്നെ ആദ്യ ദിനത്തിലെ നേതൃത്വവും ഏറ്റെടുത്തു. ഭൃത്യരുടെയൊക്കെ ചുമതലകൾ അവൾ കൃത്യമായി നിർണയിച്ചു.

പുറത്ത് പടർന്നു പിടിക്കുന്ന രോഗത്തോടുള്ള പ്രതിരോധം തന്നെയാണ് ഡെകാമറണിലെ കഥാപാത്രങ്ങൾക്ക് അവരുടെ കഥകൾ.

ഏറ്റവും പ്രധാന നിബന്ധന, പുറത്തുപോകാൻ നിയോഗിക്കപ്പെട്ട ഭൃത്യൻ പുറംലോകത്തെ ദുഃഖവാർത്തകൾ ഒന്നും തന്നെ ആ ചുറ്റുവട്ടത്തെങ്ങും എത്തിക്കരുത് എന്നതായിരുന്നു. മനസ്സിന്റെ ഉന്മേഷം കെട്ടുപോകാതെയിരിക്കേണ്ടത് മുന്നോട്ടു ജീവിക്കാൻ അത്യാവശ്യമാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് അവർ അവിടെ താമസിക്കുന്ന പതിനാലു ദിവസങ്ങൾ എങ്ങനെ ചെലവിടണമെന്നു തീരുമാനിച്ചത്.
ആഴ്ചയവസാനത്തെ അവധി ദിവസങ്ങളും മറ്റു അവശ്യ ജോലികൾക്കുള്ള നാലുദിവസങ്ങളും ഒഴികെയുള്ള ദിവസങ്ങൾ പല ഉല്ലാസങ്ങളിലും അവർ ഏർപ്പെട്ടു. രാത്രി ഉദ്യാനത്തിൽ ഒത്തുകൂടി അവർ കഥകൾ പറയും. ഒരാൾ ഒരു കഥ വീതം പത്തു പേരുടേതായി പത്തുകഥകൾ. അങ്ങനെ പത്തു ദിവസങ്ങൾ; നൂറു കഥകൾ. പത്തു ദിവസങ്ങൾ എന്നുതന്നെയാണ് ഡെകാമറൺ എന്നതിനും അർഥം.

കഥകൾ ഏതു വിഷയത്തിലുള്ളതായിരിക്കണം എന്ന് അതാതു ദിവസത്തെ നേതാവിന് തീരുമാനിക്കാം. എന്നും ഏറ്റവും ഒടുവിൽ കഥപറയുന്ന ദിയോണിയോ എന്ന യുവാവിന് ഏതു വിഷയത്തിലും കഥപറയാം. ആളൊരു രസികനായതുകൊണ്ടുള്ള ഇളവാണത്. ആദ്യ ദിവസവും ഒൻപതാം ദിവസവും ഏതു വിഷയവുമാകാമെന്ന് ആ ദിവസങ്ങളിലെ നേതാക്കൾ തീരുമാനിച്ചു. ഫിലോമിനയുടെ നേതൃത്വത്തിൽ രണ്ടാം ദിവസം പറഞ്ഞ കഥകൾ ശുഭപര്യവസായികളായ അബദ്ധങ്ങളെക്കുറിച്ചായിരുന്നു. പിന്നീടങ്ങോട്ട് പ്രണയം, പ്രണയ വഞ്ചനകൾ, ദയാവായ്പ് എന്നിങ്ങനെ പല വിഷയങ്ങൾ. കഥ പറഞ്ഞും ഉല്ലസിച്ചും കഴിച്ചുകൂട്ടിയ ആ പതിനാലു ദിവസങ്ങൾ അവർക്ക് തിരിച്ചു നൽകിയത് കൈവിട്ടു പോയേക്കാമായിരുന്ന ജീവിതം തന്നെയാണ്.

ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും കുടുംബാംഗങ്ങൾ ഒപ്പമില്ലാതെ ഒരിടത്ത് ഒന്നിച്ചുകഴിഞ്ഞു എന്നതിനെ സാധാരണ ഗതിയിൽ അധാർമികമായി മാത്രമേ 14ാം നൂറ്റാണ്ടിന് കാണാൻ കഴിയൂ. എന്നാൽ ദുരിതകാലം കപട സദാചാര വാദങ്ങളേയും സാമൂഹിക കടുംപിടുത്തങ്ങളേയും പടിക്കുപുറത്ത് നിർത്തുകയും സുരക്ഷക്ക് പ്രാഥമിക പരിഗണന കൊടുക്കുകയും ചെയ്യുമെന്ന സത്യവും ഡെകാമറൺ കാട്ടിത്തന്നു.

മഹാമാരി അതിന്റെ ഏറ്റവും ഭീകരാവസ്ഥയിൽ നിൽക്കുന്നിടത്താണ് ഡെകാമറൺ തുടങ്ങുന്നത്. ആ അവസ്ഥയുടെ ചിത്രം ആദ്യ അധ്യായത്തിൽ തന്നെ വ്യക്തമാകുന്നുമുണ്ട് ബൊക്കാച്ചിയോ. എന്നാൽ പിന്നീടങ്ങോട്ടുള്ള വായനയിൽ ആ വിഷയം എങ്ങും തന്നെ കടന്നുവരുന്നുമില്ല. അതിജീവനത്തിന്റെയും പ്രത്യാശയുടേയും ദിനങ്ങളായ പതിനാലു ദിവസങ്ങളുടെ ചിത്രീകരണമായാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. അക്കാലത്തെ ജീവിത മൂല്യങ്ങളുടെയും മൂല്യച്യുതികളുടെയും ഏകദേശരൂപം മനസ്സിലാക്കാൻ ഈ പുസ്തകം മതിയാകും.
പുറത്ത് പടർന്നു പിടിക്കുന്ന രോഗത്തോടുള്ള പ്രതിരോധം തന്നെയാണ് ഡെകാമറണിലെ കഥാപാത്രങ്ങൾക്ക് അവരുടെ കഥകൾ. ക്വാറന്റയിൻ വഴി ശരീരത്തെ രോഗത്തിൽ നിന്ന് പ്രതിരോധിക്കുന്നതു പോലെ, പുറം ലോകത്തെ വാർത്തകളിൽ നിന്ന് അകന്നു നിൽക്കുന്നത് മനസിനെ രോഗവാർത്തകളുണ്ടാക്കുന്ന വിഷാദത്തിൽ നിന്ന് പ്രതിരോധിക്കലാണ്. ഭാവനയിൽ മെനഞ്ഞ കഥകൾ രാത്രി ഒന്നു വീതം ഓരോരുത്തരും പറഞ്ഞ്, പത്തു കഥകൾ ഒരു ദിവസം എന്നയളവിൽ സ്വീകരിച്ച് അവർ മനസിനെ അരോഗാവസ്ഥയിൽ നിർത്തുന്നു.

ഈ കോവിഡ് കാലത്തു തന്നെ, 2020 ജൂലൈയിൽ, ന്യൂയോർക് ടൈംസ് മാഗസിൻ ഡെകാമറൺ പ്രൊജക്റ്റ് എന്ന പേരിൽ മാർഗരറ്റ് ആറ്റ്‌വുഡ് ഉൾപ്പടെയുള്ള 29 എഴുത്തുകാരുടെ ചെറുകഥകൾ പ്രസിദ്ധീകരിച്ചു.

ക്വാറന്റയിൻ അനുഭവങ്ങളുടെ ഏറ്റവും ആദ്യത്തെ സാഹിത്യാവിഷ്‌കാരമാണ് ഡെകാമറൺ. ലോക്ക്ഡൗണും ക്വാറന്റയിനും കൺടൈൻമെന്റും ജീവിതത്തിന്റെ ഭാഗമായി മാറിയ നാളുകളിൽ ഈ കൃതി വീണ്ടും ചർച്ചയാവുകയുമാണ്. വിപ്ലവങ്ങളും മഹാമാരികളും കലയെയും സാഹിത്യത്തെയും പുതുക്കാനുള്ള കാരണമായിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഉപരിപ്ലവമായ വായനയിൽ, പത്തു കൂട്ടുകാർ ഒന്നിച്ചു കഴിഞ്ഞ്, നൂറു കഥകൾ പറയുന്ന ഒരു ക്വാറന്റയിൻ കാലത്തെക്കുറിച്ചു മാത്രമാണ് ഡെകാമറൺ എന്ന് തോന്നുമെങ്കിലും അതിന്റെ വായന അവിടം കൊണ്ട് തീരേണ്ടതല്ല എന്നാണ് പിന്നീടുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. വാച്യാർത്ഥത്തിനപ്പുറം ചിന്തിക്കുമ്പോൾ ബൊക്കാച്ചിയോ പറയുന്നത്, മനുഷ്യ ജീവിതത്തെക്കുറിച്ചു തന്നെയാണ്. അവരവരുടെ സ്വഭാവങ്ങൾക്കു ചേരുന്ന തരത്തിലുള്ളതാണ് ഏഴു സുന്ദരിമാരുടേയും പേരുകൾ. നാല് അടിസ്ഥാന ഗുണങ്ങളായ വിവേകം, ന്യായം, മിതഭോഗം, ധൈര്യം എന്നിവയേയും മൂന്നു ആത്മീയ ഗുണങ്ങളായ വിശ്വാസം, പ്രത്യാശ, കാരുണ്യം എന്നിവയെയും പ്രതിനിധീകരിക്കുന്ന താരത്തിലാണത്. മൂന്നു യുവാക്കളാകട്ടെ യുക്തി, പ്രസരിപ്പ്, അഭിരുചി എന്നീ ഗുണങ്ങളുടെ പ്രതിനിധികളും. അന്യാപദേശകഥ അല്ലെങ്കിൽ അന്തരാർത്ഥകഥ എന്ന നിലയിലും ഏറെ പ്രശസ്തമായ ചോസറിന്റെ കാന്റർബറി ടെയ്ൽസിന്റെ രചനയിലും ഡെകാമറണിന്റെ സ്വാധീനം വ്യക്തമാണ്.

ഡെകാമറണിന് ചില നൂതന പ്രകാരഭേദങ്ങളും ഇപ്പോഴത്തെ മഹാമാരിക്കാലത്തുണ്ടായി. 2020ൽ ആസ്ട്രേലിയയിലെ സ്റ്റേറ്റ് തിയേറ്റർ കമ്പനിയും ആക്ട് നൗ തിയേറ്ററും ചേർന്ന് ഡെകാമറൺ 2.0 എന്നപേരിൽ ഒരു കോവിഡ് കാല പദ്ധതി രൂപീകരിച്ചു. പത്ത് എഴുത്തുകാർ പത്തുകഥകൾ വീതം പത്താഴ്ചയിൽ എഴുതി. ഡെകാമറണിലെ ആശയങ്ങളുമായി ഏകദേശ സാമ്യം പുലർത്തിക്കൊണ്ടുതന്നെ.

ഈ കോവിഡ് കാലത്തു തന്നെ, 2020 ജൂലൈയിൽ, ന്യൂയോർക് ടൈംസ് മാഗസിൻ ഡെകാമറൺ പ്രൊജക്റ്റ് എന്ന പേരിൽ മാർഗരറ്റ് ആറ്റ്‌വുഡ് ഉൾപ്പടെയുള്ള 29 എഴുത്തുകാരുടെ ചെറുകഥകൾ പ്രസിദ്ധീകരിച്ചു. യാഥാർഥ്യം ഭ്രമാത്മകമാവുമ്പോൾ ആകെ ഒരാശ്രയമാകുന്നത് കാൽപനികതയാണ് എന്നാണ് 21ാം നൂറ്റാണ്ടിലെ ഡെകാമറൺ എഴുത്തിനെക്കുറിച്ച് ന്യൂയോർക് ടൈംസ് അഭിപ്രായപ്പെട്ടത്. ഇപ്പോഴത്തെ മഹാമാരിക്കാലം കഴിയുമ്പോൾ സാഹിത്യ ചരിത്രത്തിൽ എന്നത്തേക്കുമായി ചേർത്തുവെക്കാനുതകുന്ന തരത്തിലാകും ഡെകാമറൺ പ്രൊജക്റ്റ്, ഡെകാമറൺ 2.0 അടക്കമുള്ള ആധുനിക ക്വാറന്റയിൻ രചനകൾ ഒരു പക്ഷേ വരുംകാലത്ത് വിലയിരുത്തപ്പെടുക.

ക്വാറന്റയിൻ കാലത്ത് വിരചിതമായത് എന്നതിനുപരി ഡെകാമറൺ കഥകൾ മഹാമാരിയുടെ നേരനുഭവ സാക്ഷ്യമല്ല. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ഘട്ടമാണ് രോഗം. എഴുത്തുകാർ അതിനെ യുദ്ധത്തെ പോലെയോ പ്രണയം പോലെയോ ഗൗരവപൂർവ്വം പരിഗണിച്ചിട്ടില്ലെന്ന് വെർജീനിയ വൂൾഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഗമായിരിക്കുന്നതിനെ കുറിച്ച് എന്ന ഉപന്യാസത്തിലാണ് അവർ ഈയൊരു നിരീക്ഷണം മുന്നോട്ടു വച്ചത്. അവരുടെ പരാതിക്ക് പരിഹാരമെന്നവണ്ണം ഒരു ക്ലിനിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ കണിശതയോടെ രോഗകാലത്തെ കുറിച്ച് എഴുതി ഒരു കൃതിയെ കുറിച്ചു അടുത്ത പാക്കറ്റിൽ. ▮

Comments