വരാനിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ

മാരിക്കാലം- 5

110 വർഷം മുൻപ് പുറത്തുവന്ന സ്‌കാർലെറ്റ് പ്ലേഗ് എന്ന നോവലിൽ പറയുന്നത് 160 വർഷങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ്. അതായത് 2073 ൽ നടക്കുന്ന കഥ. മഹാമാരികൾ ശവപ്പറമ്പാക്കിയ ജനപഥങ്ങളേയും ജീവിതത്തെയും അപഗ്രഥിക്കുന്ന സാഹിത്യം ഒരു പടികൂടി കടന്ന് പ്രവചന സ്വഭാവമുള്ള ഒരു മുന്നറിയിപ്പിന്റെ സ്വരം ആർജ്ജിക്കുന്നത് ഈ കൃതിയിൽ കാണാം.

കർന്നടിഞ്ഞ ഒരു നഗരം, വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന റെയിൽപ്പാളങ്ങൾ. അതിലൂടെ നടന്നുവരുന്ന ഒരു വൃദ്ധനും കുട്ടിയും. മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ കുപ്പായങ്ങളും തോളിൽ അമ്പും വില്ലുമൊക്കെയായി ഒറ്റനോട്ടത്തിൽ തന്നെ തികച്ചും അപരിഷ്‌കൃതരാണ് അവർ.

ജാക്ക് ലണ്ടൻ എഴുതിയ, 1912ൽ പ്രസിദ്ധീകരിച്ച, സ്‌കാർലെറ്റ് പ്ലേഗ് എന്ന നോവലിന്റെ തുടക്കമിങ്ങനെയാണ്. ഏതാണ്ട് 110 വർഷം മുൻപ് പുറത്തുവന്ന പുസ്തകത്തിൽ പറയുന്നത് 160 വർഷങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ്. അതായത് 2073 ൽ നടക്കുന്ന കഥയാണ് സ്‌കാർലെറ്റ് പ്ലേഗ്. മഹാമാരികൾ ശവപ്പറമ്പാക്കിയ ജനപഥങ്ങളേയും ജീവിതത്തെയും അപഗ്രഥിക്കുന്ന സാഹിത്യം ഒരു പടികൂടി കടന്ന് പ്രവചന സ്വഭാവമുള്ള ഒരു മുന്നറിയിപ്പിന്റെ സ്വരം ആർജ്ജിക്കുന്നത് ഈ കൃതിയിൽ കാണാം.

രോഗം സാമൂഹ്യാവബോധത്തെ, വ്യക്ത്യാവബോധത്തെ അതും കടന്ന് ഒരാളുടെ മാത്രം (സാഹിത്യത്തിൽ അത് രചയിതാവിന്റെ) വൈകാരികാവബോധത്തെ ബാധിക്കുന്ന വിവിധ നിലകൾക്ക് അപ്പുറം, ഇനി വരാനിരിക്കുന്നൊരു മാരിക്കാലത്തെ വിശകലനം ചെയ്യുകയാണിവിടെ. എഴുത്തിലൂടെ ജനതയുടെ ജനിതകം പരിശോധിക്കുന്ന പരിപാടിയാണിത്.

ജാക്ക് ലണ്ടൻ / Photo: Wikimedia Commons

നോവൽ എഴുതിയ കാലത്തിനു ശേഷം ഒരു നൂറു വർഷം കഴിയുന്ന കാലത്ത് വരുന്ന മഹാമാരിയും അതിനും അറുപതു വർഷത്തിന് ശേഷമുള്ള ജനജീവിതവുമാണ് സ്‌കാർലെറ്റ് പ്ലേഗിലെ വിഷയം. ഒരുകാലത്ത് പ്രൗഢവും തിരക്കേറിയതുമായിരുന്ന സാൻ ഫ്രാൻസിസ്‌കോ നഗരമാണ് കാടുകയറിയ റയിൽവേ പാളങ്ങളും തകർന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകളുമായി ഒരു ശവപ്പറമ്പ് പോലെ ചിത്രീകരിച്ചിരിക്കുന്നത്. പകർച്ചവ്യാധികളുടെ പരിണതി തീരാദുരിതമാണെന്ന സൂചന കൂടിയാണത്.

കഥ നടക്കുന്ന 2073 ആയപ്പോഴേക്കും അവരുടെ മക്കളും ചെറുമക്കളുമായ കുട്ടികൾക്കൊക്കെ ജെയിംസ് മുത്തശ്ശനായിരുന്നു. അവരിൽ ഒരാളായ ഒരു പേരക്കുട്ടിയാണ് നോവലിന്റെ തുടക്കത്തിൽ വൃദ്ധനായ ജെയിംസിനൊപ്പം റെയിൽപ്പാളത്തിലൂടെ നടന്നു വന്നത്.

സാൻ ഫ്രാൻസിസ്‌കോ നഗരത്തിൽ 2013ലാണ് സ്‌കാർലെറ്റ് പ്ലേഗ് എന്ന രോഗം പടർന്നു പിടിക്കുന്നതായി നോവലിൽ പറഞ്ഞിരിക്കുന്നത്. അതോടെ നഗര ജീവിതമാകെ താറുമാറാകുകയും ചെയ്യുന്നു. അന്ന് അവിടെ നിന്ന് പലായനം ചെയ്ത ജെയിംസ് സ്മിത്ത് എന്ന പ്രൊഫസർ ആളൊഴിഞ്ഞ ഗ്രാൻഡ് കാൻയൺ മലനിരകളിൽ പോയി തനിയെ മൂന്നു വർഷത്തോളം ജീവിച്ചു. പിന്നീട് മറ്റു മനുഷ്യർക്കൊപ്പം കഴിയാൻ ആഗ്രഹം തോന്നിയപ്പോൾ സാൻ ഫ്രാൻസിസ്‌കോയിലേക്കു മടങ്ങി. പക്ഷെ, പഴയ നഗരം ആയിരുന്നില്ല മടങ്ങിയെത്തിയ ജെയിംസിനെ കാത്തിരുന്നത്. അപൂർവം ചിലർ ഒഴിച്ച് നഗരവാസികൾ ഒക്കെയും മരിച്ചു. രോഗം പടർന്നു പിടിച്ചിരുന്ന കാലത്തു തന്നെ നഗരത്തിന്റെ സാമൂഹ്യ സ്ഥിതിയും ദുർബലമായിരുന്നു. പണക്കാർ നഗരം വിട്ട് ഓടിപ്പോകാൻ ശ്രമിച്ചു. പണമില്ലാത്തവർ അവരെ തടഞ്ഞുവച്ച് കവർച്ച നടത്തി. പിടിച്ചുപറിയും അരാജകത്വവും നഗരത്തെ നശിപ്പിച്ചു. അവശേഷിച്ചതൊക്കെ കൊള്ളയടിക്കപ്പെട്ടതിന് ശേഷമുള്ള തീവയ്പ്പിൽ കത്തിയമർന്നു.

സാമൂഹ്യവിരുദ്ധരായി മാറിയവർ പോലും ജീവനോടെ ബാക്കിയായതുമില്ല. കാരണം, രോഗം അതിന്റെ നീതി നടപ്പാക്കിക്കുന്നതിൽ വലുപ്പച്ചെറുപ്പം നോക്കിയില്ല. അങ്ങനെ ഏതാണ്ട് ആളൊഴിഞ്ഞ സാൻ ഫ്രാൻസിസ്‌കോയാണ് നാളുകൾക്ക് ശേഷം തിരിച്ചെത്തിയ ജെയിംസിന് കാണാനായത്.
ലോകത്തിന്റെ മറ്റു ഭാഗങ്ങളുടെ അവസ്ഥയെന്തെന്നു ജെയിംസിനോ അവശേഷിച്ച മറ്റു മനുഷ്യർക്കോ അറിയുമായിരുന്നില്ല. വാർത്താ വിനിമയത്തിനോ സഞ്ചാരത്തിനോ ഉള്ള ഒരു മാർഗവും അവശേഷിച്ചിരുന്നുമില്ല. ക്രമേണ വേട്ടയാടി ജീവിക്കുന്ന, ആദിമ മനുഷ്യരുടേതുപോലെയുള്ള, ജീവിതശൈലി പിന്തുടരാൻ അവർ നിർബന്ധിതരായി. കഥ നടക്കുന്ന 2073 ആയപ്പോഴേക്കും അവരുടെ മക്കളും ചെറുമക്കളുമായ കുട്ടികൾക്കൊക്കെ ജെയിംസ് മുത്തശ്ശനായിരുന്നു. അവരിൽ ഒരാളായ ഒരു പേരക്കുട്ടിയാണ് നോവലിന്റെ തുടക്കത്തിൽ വൃദ്ധനായ ജെയിംസിനൊപ്പം റെയിൽപ്പാളത്തിലൂടെ നടന്നു വന്നത്.

ദ സ്കാർലെറ്റ് പ്ലേഗിന് ഗോർദൻ ഗ്രാന്റ് നൽകിയ ചിത്രീകരണം

പണ്ടുണ്ടായിരുന്ന പരിഷ്‌കൃത സമൂഹത്തെയും അവരുടെ ജീവിത രീതികളെയും സൗകര്യങ്ങളെയുമൊക്കെക്കുറിച്ച് ജെയിംസ് പറയുമ്പോൾ കുട്ടികൾ അവിശ്വാസത്തോടെ കേൾക്കുന്നത് ഒരു വിടുവായൻ മുത്തശ്ശന്റെ കള്ളക്കഥ പറച്ചിൽ എന്ന മട്ടിലാണ്. കഥ കേൾക്കുന്നതിലെ രസം കൊണ്ട് അവർ അദ്ദേഹത്തിനൊപ്പം കൂടുകയും ചെയ്യും. ഗ്രാൻഡ്സേർ എന്ന് അവർ വിളിക്കുന്ന ജെയിംസ് തന്റെയും സാൻ ഫ്രാൻസിസ്‌കോയുടെയും പൂർവ്വകാലത്തെക്കുറിച്ചും എല്ലാമൊടുക്കിയ മഹാമാരിയെക്കുറിച്ചും പറയുകയാണ് നോവലിൽ. 2013 ൽ ഉണ്ടായിരുന്നതായി ജെയിംസ് പറയുന്ന, ഇരുന്നൂറു മൈൽ വേഗതയിൽ പറക്കുന്ന വിമാനങ്ങളും അതിവേഗ ട്രെയിനുകളും കുട്ടികൾക്ക് കെട്ടുകഥകളായി തോന്നിയതുപോലെ 1912ൽ ഈ നോവൽ പ്രസിദ്ധീകരിച്ച കാലത്ത് വായനക്കാർക്കും തോന്നിയിരിക്കാം.

തക്കാളിപ്പനി എന്ന് പറയുന്നതുപോലെ പ്ലേഗ് ബാധിച്ചയാളുടെ ശരീരമാകെ ചുവന്നു തിണർത്ത പാടുകൾ നിറയുന്നതുകൊണ്ടാണ് സ്‌കാർലെറ്റ് പ്ലേഗ് എന്ന് രോഗത്തിന് നോവലിൽ പേരിട്ടിരിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിൽ പഴുത്തുപൊന്തിയ വസൂരി കുരുക്കളെ വിജയൻ മഞ്ഞ ജമന്തിപ്പൂക്കളായി സങ്കൽപ്പിക്കുന്നത് പോലെയാണത്.

സ്‌കാർലെറ്റ് പ്ലേഗിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വളരെ വേഗം, പലപ്പോഴും അര മണിക്കൂറിനകം തന്നെ രോഗി മരിക്കുന്നു. രോഗലക്ഷണങ്ങൾ പഠിക്കാൻ ശ്രമിക്കുന്നവരും ബാക്റ്റീരിയയോട് ഇടപെടുന്നതിനാൽ എളുപ്പം മരണമടയുന്നു എന്നതുകൊണ്ട് ഒരു ചികിത്സാ വിധിയും കണ്ടുപിടിക്കാനുമാകുന്നില്ല. ഇതുകൊണ്ടൊക്കെയാണ് രോഗം വൈദ്യശാസ്ത്രത്തിന്റെ പിടിയിലൊതുങ്ങാതിരുന്നതെന്നു നോവൽ പറയുന്നു. മനുഷ്യരാശിയുടെ മേലുള്ള സൂക്ഷ്മാണുക്കളുടെ അധിനിവേശത്തെയാണ് ജാക്ക് ലണ്ടൻ കാലങ്ങൾക്ക് മുന്നേ പ്രവചിക്കുന്നത്.

എഡ്ഗാർ അല്ലൻ പോ / Photo: Wikimedia Commons

രോഗം പിടിപെട്ടവരോടുള്ള സമൂഹത്തിന്റെ അകൽച്ചയും ഭീതിയിൽ നിന്നുണ്ടായതാണ്. ഇഗ്ലീഷ് പ്രൊഫസറായ ജെയിംസ് തന്റെ യൂണിവേഴ്‌സിറ്റിയിലെ സഹപ്രവർത്തകരോട് ഇടപെടുകയും അവരിൽ പലരും പെട്ടന്ന് രോഗ ബാധിതരായി മരിക്കുകയും ചെയ്യുന്നു. അവരിൽ നിന്നും രോഗാണുക്കൾ ജെയിംസിലേക്കും പകർന്നിരിക്കാം എന്നതുകൊണ്ട് കുടുംബാംഗങ്ങൾ പോലും അയാളെ അടുപ്പിക്കുന്നില്ല. അത്രയൊക്കെ ശ്രദ്ധിച്ചിട്ടും അവരിലാരും തന്നെ രോഗത്തിൽ നിന്നും മരണത്തിൽനിന്നും രക്ഷപെടുന്നുമില്ല. രോഗത്തിന് തുല്യതയുടെ ഒരു നീതിനിർവഹണ ബോധം ഉണ്ട് എന്ന കാര്യവും ഇത്തരത്തിൽ ജാക്ക് ലണ്ടൻ നോവലിൽ സൂചനകളിലൂടെ ആവർത്തിക്കുന്നുണ്ട്. സ്‌കാർലെറ്റ് പ്ലേഗിലേതിൽ നിന്നും വ്യത്യസ്തങ്ങളായ രോഗലക്ഷണങ്ങളുള്ള രോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, ചുവന്ന മരണത്തിന്റെ നാടകം എന്ന ഒരു ചെറുകഥയുണ്ട് എഡ്ഗാർ അല്ലൻ പോയുടേതായി. സ്‌കാർലെറ്റ് പ്ലേഗ് എഴുതുന്നതിൽ ജാക്ക് ലണ്ടനെ ഈ കഥ സ്വാധീനിച്ചിട്ടുണ്ടെന്ന് കരുതാം.

2073 ൽ തുടങ്ങി 2100 വരെയുള്ള വർഷങ്ങളിൽ നടക്കുന്നതായാണ് കഥ പറയുന്നത്. എഴുതിയ കാലത്തേക്കാൾ ഒരു നൂറ്റാണ്ടിനപ്പുറത്തെ കഥയാണെങ്കിലും രണ്ടു കാലങ്ങളിലെയും ലോകത്തിനു കാര്യമായ വ്യത്യാസങ്ങളില്ല എന്ന് കാണാം.

നഗരത്തിലെ പ്ലേഗിൽ നിന്ന് രക്ഷനേടാൻ പ്രിൻസ് പ്രോസ്‌പെറോയും നഗരത്തിലെ പ്രമുഖരും കൊട്ടാര സമാനമായ ഒരു സന്യാസി മഠത്തിൽ കഴിയുകയും അവിടെ ഒരു വിരുന്നു സൽക്കാരവും നൃത്തപരിപാടിയുമൊക്കെയായി ആഘോഷിക്കുകയും ചെയ്യുന്ന രാത്രിയിൽ മുഖംമൂടിയിട്ട ആൾരൂപത്തിൽ പ്ലേഗ് അവിടെയെത്തി മരണം വിതയ്ക്കുകയുമാണ് പോയുടെ കഥയിൽ. രോഗത്തിന്റെ നീതി നിർവഹണം എന്ന തത്വചിന്തയാണ് ജാക്ക് ലണ്ടനെ അല്ലൻ പോയിലേക്ക് അടുപ്പിക്കുന്നത്.
പോസ്റ്റ് അപോക്കലിപ്റ്റിക് അഥവാ സമ്പൂർണ നാശത്തിനു ശേഷമുള്ള അവസ്ഥ നോവലുകൾക്കും സിനിമകൾക്കും എക്കാലവും വിഷയമായിട്ടുണ്ട്.

മേരി ഷെല്ലിയുടെ ദി ലാസ്റ്റ് മാൻ ആണ് ഇത്തരത്തിലുള്ള ആദ്യ ഇംഗ്ലീഷ് നോവലായി കണക്കാക്കപ്പെടുന്നത്. 2073 ൽ തുടങ്ങി 2100 വരെയുള്ള വർഷങ്ങളിൽ നടക്കുന്നതായാണ് കഥ പറയുന്നത്. എഴുതിയ കാലത്തേക്കാൾ ഒരു നൂറ്റാണ്ടിനപ്പുറത്തെ കഥയാണെങ്കിലും രണ്ടു കാലങ്ങളിലെയും ലോകത്തിനു കാര്യമായ വ്യത്യാസങ്ങളില്ല എന്ന് കാണാം. അക്കാര്യത്തിൽ കാര്യമായ വ്യത്യസ്തത പുലർത്താൻ സ്‌കാർലെറ്റ് പ്ലേഗിന് ആയിട്ടുണ്ട്. രോഗകാലത്തിനു ശേഷം ലോകാവസ്ഥ പിന്നോക്കം പോയതായാണ് ഈ നോവലിൽ പറഞ്ഞിരിക്കുന്നത്.
ഒരു നൂറ്റാണ്ട് മുൻപ് ശാസ്ത്രം ഇന്നത്തെയത്ര പുരോഗതി നേടിയിട്ടില്ലാത്ത കാലത്ത് എഴുതിയ നോവലാണ് സ്‌കാർലെറ്റ് പ്ലേഗ്. എങ്കിലും, ശാസ്ത്രം വളരെ മുന്നേറുകയും ചികിത്സാ സൗകര്യങ്ങൾ ഏറുകയും ചെയ്തിട്ടും കൈപ്പിടിയിൽ ഒതുങ്ങാതെ പോകാനിടയുള്ള മാരിക്കാലങ്ങൾ ഇനിയുമുണ്ടാകാം എന്ന തിരിച്ചറിവിൽ ലോകം എത്തി നിൽക്കുന്നിടത്താണ് ഈ കൃതിയുടെ പ്രവചനാത്മകത പ്രസക്തമാകുന്നത്. വരാനിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങളെ എഴുത്തുകാർ വാക്കുകൾ കൊണ്ട് വ്യക്തമാക്കുന്നത് അങ്ങനെയൊക്കെയാണ്. ▮

Comments