പതനങ്ങളുടെ
ആവിഷ്കാരമായിരുന്നു
ആശാൻ

‘‘കുമാരനാശാൻ സ്വയം വിശ്വസിച്ചിരുന്നതും പറഞ്ഞിരുന്നതും താൻ നാളെയുടെ കവിയാണ് എന്നത്രേ. ശരിയാണ്. ആശാൻ നാളെയുടെ കവിയാണ്. എല്ലായ്പ്പോഴും പറയാവുന്ന നാളെയുടെ കവി.’’- നൂറാം ചരമവാർഷികത്തിൽ കുമാരനാശാനെ വീണ്ടും വായിക്കുന്നു.

ജാലംപോലെ ഭവാന്റെ ലീലകൾ വിഭോ!
പോയീ, പ്രിയാനന്ദന-
സ്യാലന്മാർക്കു നിജാലയം ബലിപുരം
താനായിനിസ്സർവ്വഥാ;
ആലംബിച്ചവയെക്കുമാരരവിടെ
ത്തച്ചിത്ര വൈദഗ്ദ്ദ്ധിതൻ-
കാലധ്വംസനജാഡകൊണ്ടുവെറുതേ-
യുൽക്കണ്ഠ കൂട്ടാം ചിലർ.

രു മഹാന്റെ ജീവിതത്തിനുശേഷം ആ അപരിഹാര്യമായ ശൂന്യതയേയും അത് നികത്താനാവാതെ പകച്ചും ഉത്കണ്ഠപ്പെട്ടുമുഴറുന്ന പിന്തുടർച്ചകളേയും കുറിച്ച് ആശാനെഴുതിയ വരികളാണിത്. ആശാന്റെ മരണാനന്തരമാകട്ടെ ഈ വരികൾ നമുക്കോരോരുത്തർക്കും എഴുതാവുന്നതും എഴുതാൻ കഴിയാത്തതുമായി മാറുന്നു. മറ്റു പല കവിതകളിലേതിലുമേറെ പ്രരോദനത്തിലെ വരികൾക്ക് ഈ അത്ഭുതകരമായ ശേഷിക്കൂടുതലുണ്ട്. സ്വന്തം ജീവിതം കവിതയ്ക്കും സമൂഹത്തിനും സമുദായത്തിനുമൊക്കെ അക്ഷരാർഥത്തിൽ ബലി നൽകിയാണ് ആശാൻ പടുമരണത്തിന്റെ കയങ്ങളിലേക്ക് ആണ്ടുപോയത്. ശേഷമുള്ളത് ആക്ഷരികമായും ബലിപുരം (പ്രരോദനത്തിലെ ബലിപുരം മാവേലിക്കരയാണ്) തന്നെ. ഇവിടെ, ഈ ബലിപുരത്തിൽ ഞങ്ങളിന്നും അങ്ങയെ സ്മരിക്കുന്നു, ആ മഹാജീവിതത്തിൽ അതിശയിക്കുന്നു, ആ കവിതകളിൽ ഭ്രമിക്കുന്നു, ആ വിയോഗത്തിൽ വ്യസനിക്കുന്നു.

മഹാകവി കുമാരനാശാന്റെ അപകടമരണത്തിന് നൂറ്റാണ്ട് തികഞ്ഞു. 1924 ജനുവരി 17 ന് പുലർച്ചെ ജലയാത്രയ്ക്കിടെ ബോട്ടപകടത്തിൽപ്പെട്ടാണ് ആശാൻ മരിക്കുന്നത്. മലയാള കവിതയുടെ ഗതിമാറ്റിയ ആശാന് പല്ലനയാറിന്റെ ഗതിമാറ്റങ്ങളിൽ കീഴടങ്ങേണ്ടിവന്നു. കൃത്യം ഒരു നൂറ്റാണ്ടുമുമ്പ് ആ ആശയഗാംഭീരൻ ജലത്തിൽ നിത്യശയനത്തിലായി. അസ്സലായി നീന്താനറിയുമായിരുന്നിട്ടും വെള്ളത്തിൽകിടന്ന് മരിക്കാനും തന്റെ ആയുസ്സും സമയവും ചിന്തകളുമൊക്കെയും മനുഷ്യകുലത്തിന് വീതിച്ചതുപോലെ ശരീരം ജലജീവികൾക്ക് പങ്കുവെയ്ക്കാനുംമാത്രം വലിയവനാകുന്നു. ആശാൻ എഴുതിയിട്ടുണ്ടല്ലോ;

കുമാരനാശാന്റെ കയ്യെഴുത്ത്

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂട; യായു-സ്ഥിരതയുമി, -ല്ലതിനിന്ദ്യമീ നരത്വം!

നിന്ദ്യമായിത്തീർന്ന നരജീവിതങ്ങളുടെ പ്രതിനിധിയായി ആശാൻ സ്വന്തം ജീവിതത്തെ കണ്ടു. ആത്മീയം മാത്രമായിരുന്നില്ല ഈ നിസ്സഹായത. ഭൗതികമായിത്തന്നെ താനടങ്ങുന്ന സമുദായവും തന്റെ ചുറ്റുപാടുള്ള അനേകം മനുഷ്യരും നിന്ദ്യജീവിതത്തിന്റെ കയ്പാണ് കുടിക്കുന്നതെന്ന് ആശാനറിഞ്ഞു. അതിന്റെ കാരണങ്ങളിലേക്ക് ആത്മീയമായും ഭൗതികമായും സുധീരമിറങ്ങിച്ചെന്നു. കരുതിയതത്രയും ചെയ്തു. വിചാരങ്ങളെ വരുതിയിൽ നിർത്തി. പരമഹിതത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടില്ല. ആയുസ്സിന്റെ, സന്തോഷത്തിന്റെ, ജീവിതത്തിന്റെതന്നെ അസ്ഥിരതകൾ കാവ്യങ്ങളുടെ കേന്ദ്രമാക്കി. കാവ്യലോകത്ത് മുഴുകുമ്പോഴും സാമൂഹികരംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ നൽകി. സമുദായസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി നീണ്ട കാലം (ഏതാണ്ട് 16 വർഷം എസ്.എൻ.ഡി.പി സെക്രട്ടറിയായി) പ്രവർത്തിച്ചു. കവിയും മഹാകവിയുമായി. നല്ല കാലത്തൊക്കെ അവിവാഹിതനും പിന്നീട് വിവാഹിതനുമായി. വിരാഗിയും അനുരാഗിയുമായി. പ്രഭാമയൻ ചിന്നസ്വാമിയും വിപ്ലവതാരകവുമായി. മലയാളത്തിന് അത്രയേറെ മാതൃകകളില്ലാത്തവിധം വർത്തകനും വിവർത്തകനുമായി. ജീവിതത്തിലൂടെ മണ്ണിനും മരണത്തിലൂടെ ജലത്തിനും പ്രിയപ്പെട്ടവനായി.

ആശാന്റെ എഴുത്തിന്റേയും ജീവിതത്തിന്റേയും ദർശനമെന്തായിരുന്നു എന്നതാണ് ആ ജീവിതത്തെ പ്രസക്തമാക്കുന്നത്. അത് പതനങ്ങളുടെ ആവിഷ്കാരമായിരുന്നു. വീണപൂവിനേയും പെണ്ണിനേയും മനുഷ്യനേയും വീണുകിടന്ന സമുദായത്തേയും സമൂഹത്തേയും അതിന്റെ എല്ലാവിധത്തിലുമുള്ള ചരിത്രബോധത്തോടെയും ആവിഷ്കരിക്കുകയാണ് ആശാൻ കാവ്യങ്ങളിലും ഇതര വ്യവഹാരങ്ങളിലും ചെയ്തത്. ആശാന്റെയും മലയാളകവിതയുടെയും ഗതിമാറ്റിയ വീണപൂവ് എന്ന ഒറ്റക്കവിതതന്നെ പൂർണ്ണാർഥത്തിൽ ഇപ്രകാരമുള്ള ഒരാവിഷ്കാരമായിരുന്നു. പിന്നീടെഴുതിയ എല്ലാ പ്രധാനകാവ്യങ്ങളും വിശാലമായ അർഥത്തിൽ തുടർച്ചകളോ പൂരണങ്ങളോ മാത്രമായിരുന്നു. വീണു കിടന്ന പൂവിൽനിന്ന് വീണുകിടന്ന പെണ്ണിലെത്തിയാണ് ആ കാവ്യജീവിതം അവസാനിക്കുന്നതെന്നും ഓർക്കുക. രണ്ട് ചിത്രവും പശ്ചാത്തല(ചരിത്ര) സൂക്ഷ്മഭംഗികളോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഇതിനിടയിലെഴുതിയ കാവ്യങ്ങളിൽ രണ്ടെണ്ണമൊഴികെയെല്ലാം (ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും) ഇതേ ദർശനവും രൂപവും ഉൾകൊള്ളുന്നതായിരുന്നു. നളിനിയും ലീലയും സീതയും വാസവദത്തയുമൊക്കെ ഭദ്രസ്നേഹം കൊതിച്ചവരും ലഭിക്കാതെ പോയവരുമാണ്. സൂക്ഷ്മമായ ഒരു കൗതുകം ഇവരെല്ലാം പുരുഷന്മാരാലോ പുംപ്രധാനസമൂഹത്താലോ വർണ്ണാശ്രമവ്യവസ്ഥയാലോ മാത്രം വേദനിച്ചവരല്ല എന്നതാണ്. ഇവരുടെയെല്ലാം സംത്രാസങ്ങൾക്കുള്ള ഏറ്റവും സൂക്ഷ്മവും തെളിച്ചവുമുള്ള കാരണം, സ്വത്വബോധമായിരുന്നു എന്നു കാണാം.

സ്വന്തം ഇച്ഛയിൽ, പ്രണയത്തിൽ, അഭിമാനബോധത്തിൽ ഉറച്ചുനിന്നവരാണ് ഇവരെല്ലാം. ഒരുപക്ഷെ ആ ഉറപ്പു മാത്രമാണ് അവരെ അസ്വസ്ഥരാക്കുന്നത്. സീതയ്ക്ക് തന്റെ അഭിമാനബോധം ഒഴിവാക്കിയാൽ സുഭഗമായ ജീവിതമാണ് മുന്നിലുള്ളത്. ഭർതൃലീലകളിൽ തടശിലപോലലിയാതെ നില്ക്കുന്ന മദനാഭിമുഖ്യമാണ് ലീലയെ അശക്തയാക്കുന്നത്. നളിനിയ്ക്കാകട്ടെ ഏകധനവും ഭോഗവും മോക്ഷവും ഒക്കെയായി ഒരാളെമാത്രം സങ്കല്പിക്കുന്നതിനാൽ സന്യാസം പോലും സമാധാനമില്ലാത്ത അനുഭവമാകുന്നു. എല്ലാ സുഖങ്ങൾക്കും വശംവദയായിട്ടും പ്രണയത്താൽ ചിതറിയാണ് വാസവദത്ത ചുടുകാട്ടിലെത്തുന്നത്. വിധിവിശ്വാസങ്ങളെ താൻപോരിമയോടെ ലംഘിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ, വിശിഷ്യാ സ്ത്രീയുടെ ആവിഷ്കാരങ്ങളായിരുന്നു ഒരർഥത്തിൽ ഇവയെല്ലാം. വീണുകിടന്നവരുടെ നിവർന്ന ചിത്രങ്ങൾ വരയ്ക്കുകയാണ് സൂക്ഷ്മമായി പറഞ്ഞാൽ ആശാൻ ചെയ്തത്.

കേരളത്തിലെ ജാതീയവും സങ്കുചിതവുമായിരുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽമാത്രം ജീവിച്ചിരുന്നുവെങ്കിൽ ആശാനിൽ ഇത്രയേറെ വിപുലമായ ചിന്തകൾ രൂപപ്പെടുമായിരുന്നുവോ എന്നത് സംശയമാണ്. നാരായണഗുരുവിന്റെ നിർദ്ദേശവും പല്പുവിന്റേയും മറ്റും സഹായവും സ്വീകരിച്ച് മദ്രാസിലും ബാംഗ്ലൂരിലും ബംഗാളിലുമൊക്കെ പഠനാവശ്യങ്ങൾക്കായി എത്താനും സംസ്കൃതവും ഇംഗ്ലീഷുമൊക്കെ പഠിക്കാനും അവസരമുണ്ടായത് ആശാനെ സംബന്ധിച്ച് നിർണായകമാണെന്ന് കരുതണം.

കുമാരനാശാൻ ശ്രീനാരായണ ഗുരുവിനൊപ്പം

പല ജനത, പലേ നിബന്ധനം
പല നഗരം പല വേഷഭാഷകൾ
പലതുമിതുകണക്കണഞ്ഞു ക-
ണ്ടലമവൾ മോദവുമാർന്നു ബോധവും.

ലീലയെക്കുറിച്ച് ഇങ്ങനെ എഴുതിയത് ആശാനും ചേരുന്നത് മേല്പറഞ്ഞ യാത്രകളും വായനയുമൊക്കെ ഉൾചേർന്നാണ്. എ.ആർ. രാജരാജവർമ്മയെപ്പോലുള്ളവർ (സാഹിത്യഗുരുവായി ആശാൻ ഏ.ആറിനെ കണ്ടിരുന്നു) അംഗീകരിച്ചിട്ടും ജീവിച്ചിരിക്കെ വലിയ കവിയായി സമൂഹം സ്വീകരിച്ചിട്ടില്ല, ആശാനെ. ജീവിച്ചിരിക്കെ സാമൂഹികപരിഷ്കർത്താവായി അംഗീകരിച്ചിട്ടുമില്ല. കവിത്രയത്തിൽ ഉള്ളൂരിനും വള്ളത്തോളിനുമൊപ്പം പ്രശസ്തിയും അക്കാലത്ത് ലഭിച്ചില്ല. മഹാകവിയായല്ല, ഈഴവകവിയായി കള്ളിതിരിച്ചൊതുക്കാനാണ് ശ്രമമുണ്ടായത്. വള്ളത്തോളും കുമാരനാശാനും ഒരിക്കൽപോലും തമ്മിൽ കണ്ടില്ലെന്നത് എന്തൊരു ഭീകരകൗതുകമാണ്. കണക്കെഴുത്തും അധ്യാപനവും തുടങ്ങി സ്വന്തം കച്ചവടസ്ഥാപനം വരെ വ്യത്യസ്തങ്ങളായ ജോലികളിൽ ആശാൻ ഏർപ്പെട്ടു. നാരായണഗുരുവിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തപ്പോഴും ചിന്നസ്വാമിയാകാൻ വിസമ്മതിച്ചു. ടാഗോറും വിവേകാനന്ദനുമൊക്കെ സ്വാധീനിച്ചപ്പോഴും സ്വന്തം കവിത മൗലികമായിരിക്കാൻ ശ്രദ്ധിച്ചു. അതിൽതന്നെ ഓരോ വാക്കും വെട്ടിയും തിരുത്തിയും ഏറ്റവും സൂക്ഷ്മവും ഉചിതവുമാക്കി. കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടി എഴുതി. പദ്യവും ഗദ്യവും എഴുതി. ഹിന്ദുദേവസ്തോത്രവും ബൗദ്ധധർമ്മശരണവും എഴുതി. പരിഭാഷകനായി ഭാഷകനായി. ക്ലാസിക് ദൗരന്ത്യങ്ങളുമെഴുതി, കാല്പനികനുമായി. കാവ്യവും കാവ്യനിരൂപണവുമെഴുതി. ആശാന്റെ ജീവിതം ഏതുപ്രകാരം നോക്കിയാലും അത്ഭുതമായിരുന്നു. വിയോഗവുമതെ.

കുമാരനാശാൻ സ്മാരകം തോന്നയ്ക്കൽ

ആശാന്റെ കവിതകളെ നൂറ്റാണ്ടുകഴിഞ്ഞിട്ടും വായിച്ചു തീർന്നിട്ടില്ല എന്നത് അതിശയോക്തില്ലാത്ത പ്രസ്താവമാണ്. വാക്കിലും വാക്കിന്റെ സൂക്ഷ്മവും ലീനവുമായ ധ്വനികളിലും കാലം മാറുംതോറും പുതുവായനകൾക്കുള്ള, ആർഥികമായ പുതുക്കലുകൾക്കുള്ള സാധ്യതകൾ ആശാൻകവിതകളിൽ എമ്പാടുമുണ്ട്. സംശയമുള്ളവർ സീത വീണ്ടുമൊന്ന് വായിക്കുക. പള്ളി പൊളിച്ച മണ്ണിലെ രാമക്ഷേത്രവും അതിന്റെ രാഷ്ട്രപ്രായോജകഘോഷണങ്ങൾക്കും ഇടയിൽ രാമന്റെ സാമിപ്യം ഭാര്യയായ സീതയെങ്ങനെ ഓർക്കുന്നുവെന്ന് നോക്കുക. ആശാൻ എഴുതുന്നു,

പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
നിഴലിൽവഴി പൈതൽപോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.

ആശാൻ സ്വയം വിശ്വസിച്ചിരുന്നതും പറഞ്ഞിരുന്നതും താൻ നാളെയുടെ കവിയാണ് എന്നത്രേ. ഉള്ളൂരിനോട് മഹാകാവ്യമെഴുതാതെതന്നെ, നാളെ നിങ്ങളെന്നെ മഹാകവി എന്ന് വിളിച്ചേക്കുമെന്ന് ആശാൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

ഭർതൃസംഗമസാധ്യത (രാമനെ ഉടനെ കാണേണ്ടിവരും എന്ന സാധ്യത) ഇടതുതോൾ തുടിക്കുമ്പോൾ സീതയിലുണ്ടാകുന്നതിന് ആശാൻ സ്വീകരിച്ച രൂപകം നോക്കൂ. ഇന്ന് ഏതുകവി എഴുതിയാലും ജീവൻ നഷ്ടപ്പെടാൻ ഇടയുള്ളത്ര ശക്തമാണത്. പുഴു പോലെ എന്നാണ് ആശാൻ എഴുതുന്നത്. രാമനെ കാണ്ടേണ്ടിവരും എന്ന ചിന്ത സീതയിലുണ്ടാക്കുന്ന വികാരം സന്തോഷമല്ല, മറിച്ച് അറപ്പ് ആവുന്നത് ശ്രദ്ധിക്കുക. തുടർന്നുവരുന്ന വരികളിൽ ഭോഗമിരന്നുപോകയില്ല എന്ന സീതയുടെ തീർച്ചകൂടി ചേരുമ്പോൾ രാമസ്പർശം പുഴു മേലിൽ കേറുന്നതുപോലെ എന്ന വായനാ സാധ്യതയിലേക്ക് എത്തിക്കുന്നു. എന്തൊരു ശക്തിയാണ് ഇന്നതിന്! അക്ഷതമേറ്റുവാങ്ങിയും നാമജപാഹ്വാനം മുഴക്കിയും വീടുകൾതോറും കയറിയിറങ്ങുന്ന ഭ(ഫ)ക്തകിങ്കരമാരോട് ജനായത്തർക്കും നിർമതർക്കും മതേതരബോധികൾക്കും പറയാനുള്ളത് ആശാൻ അന്നേ എഴുതി വച്ചിരിക്കുന്നു. രാമക്ഷേത്രമോ രാമശബ്ദമോ ഇപ്പോൾ നമ്മിലുണ്ടാക്കുന്ന വികാരങ്ങളാവിഷ്കരിക്കാൻ, അവരുടെ പാത പിന്തുടർന്നാൽ കിട്ടുമെന്ന് പറയുന്ന ഓഫറുകൾക്ക് മറുപടി പറയാൻ ഇതിലും നന്നായെങ്ങനെ രാഷ്ട്രീയവും സർഗാത്മകവുമായി നമുക്ക് കഴിയും?

ജീവചരിത്രങ്ങളിൽ കാണുന്ന മറ്റൊരു വസ്തുതകൂടി സൂചിപ്പിക്കാം. ആശാൻ സ്വയം വിശ്വസിച്ചിരുന്നതും പറഞ്ഞിരുന്നതും താൻ നാളെയുടെ കവിയാണ് എന്നത്രേ. ഉള്ളൂരിനോട് മഹാകാവ്യമെഴുതാതെതന്നെ നാളെ നിങ്ങളെന്നെ മഹാകവി എന്ന് വിളിച്ചേക്കുമെന്ന് ആശാൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്. ശരിയാണ്. ആശാൻ നാളെയുടെ കവിയാണ്. എല്ലായ്പ്പോഴും പറയാവുന്ന നാളെയുടെ കവി. എഴുത്തച്ഛനുശേഷം ആ പ്രതിഭയെപ്പോലും മറികടക്കാൻ ശേഷിയുള്ള ഒരു കവിയേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ; അത് കുമാരനാശാനാണ്. ആ വിയോഗം പോലൊരു വിയോഗം മലയാളകവിതയിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ആ വിയോഗത്തെക്കുറിച്ചും നമുക്കുള്ളത് ആശാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ,

പോയീ കൈരളിതൻ പ്രശസ്തതനയൻ!
പോയീ മഹാപണ്ഡിതൻ!
പോയീ ശിഷ്യസുഹൃൽപ്രിയൻ ഭസിതമാ-
യമ്മേനി! പേരായ് മഹാൻ;
മായീദൂതമഹോ ജഗത് സ്ഥിതി!യിതാ-
മാദൃക്ഷരിൽ ശോകമി-
സ്ഥായീഭാവമിയന്നു; ബാഷ്പനിരയും
നില്ക്കാത്ത നീർച്ചാട്ടയായ്.

Comments