ചില കഥകൾ നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതി (1891), കാരൂർ നീലകണ്ഠപ്പിള്ളയുടെ പൂവമ്പഴം (1969) തുടങ്ങി അനേകം കഥകൾ നമ്മുടെ വായനയ്ക്ക് മാറ്റുകൂട്ടുന്നു. ഇങ്ങനെ കാലാന്തരത്തിൽ വായിക്കപ്പെടുന്ന കഥകൾക്ക് ചില പ്രത്യേകതകളുണ്ട്. ഓരോ കാലത്തും അവയെ വായിക്കപ്പെടുന്നത് വ്യത്യസ്ത രീതിയിലാണ്; വായനക്കാർക്ക് തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ സ്വാധീനത്തെ മരുകടക്കാനാവില്ല. അവരുടെ ജീവിതാവസ്ഥ വായനാനുഭവത്തെ സ്വാധീനിക്കും.
വാസനാവികൃതി എഴുതപ്പെട്ട 1891 ലെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം സമൂലമായി മാറിയ പിൽക്കാലത്ത് വായനക്കാർ കഥയെ സമീപിച്ചത് എങ്ങനെയാവും? അതറിയാൻ ഓരോ തലമുറക്കാലത്തും കഥയെ വായിച്ചെടുത്തത് എപ്രകാരമായിരുന്നുവെന്ന് നമുക്കറിയണം. ഇന്നത്തെ വായനക്കാർക്ക് പരിചിതമല്ലാത്തെ സാമൂഹികാന്തരീക്ഷം, ബന്ധങ്ങളുടെ ദൃഢത, കാഴ്ചപ്പാടുകൾ, വ്യക്തിഗത വീക്ഷണങ്ങൾ അന്നുണ്ടായിരുന്നതായി നാമറിയുന്നു. 'രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെ പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല...' - അന്നത്തെ നിലയിൽ സാമാന്യം ഭേദപ്പെട്ട വിദ്യാഭ്യാസം നേടിയിട്ടും മോഷണം തൊഴിലായി സ്വീകരിച്ച വ്യക്തിയുടെ ആത്മഭാഷണമാണ് കഥ. പോലീസ് ഉദ്യോഗസ്ഥരെക്കാൾ ബുദ്ധിയുണ്ടെന്നയാൾ കരുതുന്നതിൽ തെറ്റില്ല. അയാളുടെ വിജയകഥകൾ അതിന്റെ തെളിവാണ്. ഒരിക്കൽ അയാൾ പെട്ടുപോയി; അയാൾ തന്നെ ചെയ്തുകൂട്ടിയ അബദ്ധങ്ങൾ കാരണം. ഇത്രയും ലളിതമാക്കുന്നത് കഥവായനയുടെ രീതിയല്ല. അതിനു കഥയുടെ സൂക്ഷ്മാംശങ്ങളിലേയ്ക്ക് കടക്കണം. ഇതിന് നാമുപയോഗിക്കുന്ന രീതി മാറിക്കൊണ്ടിരിക്കും.
കാരൂരിന്റെ പ്രസിദ്ധമായ കഥയെടുക്കൂ. കഥാരംഭത്തിൽ ഇങ്ങനെ പറയുന്നു: 'ഞങ്ങടെ വീട്ടിന്റെ കിഴക്കേത് ഒരു വലിയ ജന്മിയുടെ മാനയാണ്. ഞങ്ങൾ അവരെ ആശ്രയിച്ചും സേവിച്ചുമാണ് കഴിയുന്നത്. ഞങ്ങൾ പരസ്പരം ഉപകാരികളാണെന്നു പറഞ്ഞാൽ ഒരുതരത്തിൽ ശരിയായിരിക്കും. അവർ യജമാനന്മാരും ഞങ്ങൾ ഭൃത്യരും’. അക്കാലത്തെ ഫ്യൂഡൽ വ്യവസ്ഥിതി, ജാതീയമായ ജീവിതക്രമം എന്നിവ സ്ഥാപിക്കുകയാണ് ആദ്യ വാചകങ്ങൾ ചെയ്യുന്നത്. കഥാഖ്യാനം ഈ ഫോർമുലയെ പിൻപറ്റിയാണ് വികസിക്കുന്നത്. റിയലിസം അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട നവീന കഥാരീതി എന്ന നിലയിൽ വായിക്കപ്പെട്ട ഇക്കഥ പിൽക്കാലത്ത് പുതുമാനങ്ങൾ കൈവരിക്കുന്നതായി കാണാം. കഥയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ച ചിത്ര പണിക്കർ (Samyukta, 2009, https://samyuktajournal.in/translation-as-interpretation/) ഇങ്ങനെ അഭിപ്രായപ്പെടുന്നു: 'Karoor, most appreciated as a writer who pioneered a renaissance in Malayalam language through ‘the simplicity of his language and style’ (as observed by the Malayalam critic, Dr. M. Leelavathy) has not been studied much with regard to his sensitive recordings of man-woman relationships, and the social critique he offers on the means and measures of control imposed on the female by a patriarchal society. These became self-evident to me while reading towards translating the text’.
ആദ്യ കാലങ്ങളിൽ വായിക്കപ്പെട്ടപോലെയല്ല തുടർന്നുവന്ന ദശകകങ്ങളിൽ പൂവമ്പഴം വായിക്കപ്പെടുന്നത്. ആണധികാര സാമൂഹിക വ്യവസ്ഥിതിയിൽ പെൺ നിശബ്ദത, ആൺ-പെൺ ബന്ധങ്ങളിലുണ്ടാകാവുന്ന മരവിപ്പ്, സ്ത്രീലൈംഗികത, കൗമാരപ്രായക്കാരുടെ വൈകാരിക സംഘർഷങ്ങൾ തുടങ്ങി പലതും ഇന്നു വായിക്കപ്പെടുന്നു. വായനയിൽ വരുന്ന മുന്നേറ്റം മാത്രമല്ല, ജീവിതരീതിയിലും സാംസ്‌കാരിക സാഹചര്യങ്ങളിലും വരുന്ന മാറ്റങ്ങൾ നാമെന്ന വായനക്കാരെ സ്വാധീനിക്കുന്നതിനും കാരണമാകുന്നു. ഇത് പുതിയ വായനയ്ക്ക് സാധ്യത നൽകുന്നു.
പഴയ കഥകൾക്ക് അതിനാൽ പുതിയ വായനകൾ ഉണ്ടാകുന്നതിൽ അസ്വാഭാവികത കാണേണ്ടതില്ല. നാം ജീവിക്കുന്നതും അനുഭവിക്കുന്നതുമായ സന്ദർഭങ്ങളാണെല്ലോ കഥകൾക്ക് കാരണമാകുന്നതും കഥയുടെ വായനകൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതും. അത്തരത്തിൽ ഒരു പഴയ കഥ ഇന്നും വായിക്കപ്പെടുന്നതെങ്ങനെ എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
ടി.വി. കൊച്ചുബാവയുടെ (1955 - 1999) കഥകൾ സാമൂഹിക പ്രസക്തിയുള്ളതും ഇന്നും സജീവമായ വായനാശ്രദ്ധ നിലനിർത്തുന്നതുമാണ്. എൺപതുകളുടെ അവസാനമെഴുതിയ ഒരു കഥയുണ്ട്; 'അലമാരയിൽ ജാരൻ'. മുപ്പത്തഞ്ചിലേറെ വർഷമായി കഥ നാം വായിച്ചുതുടങ്ങിയിട്ട്. അന്ന് വായിച്ചവരും പുതിയ വായനക്കാരും ഒരുപോലെ ആസ്വദിക്കുന്ന കഥ എന്ന രീതിയിലും ഇതിന് പ്രസക്തിയുണ്ട്. എൺപത്തഞ്ചിൽ ജനിച്ച ഒരാളിനെ സങ്കൽപ്പിക്കൂ: അയാൾക്കിപ്പോൾ വയസ്സ് നാല്പതാകുന്നു. അവരാണ് ഇപ്പോഴത്തെ പ്രധാന വായനക്കാരെന്നു ചിന്തിക്കുന്നതിലും തെറ്റില്ല. വായനയ്‌ക്കെടുക്കുമ്പോൾ മുതൽ കഥ വായനക്കാരെ എൻഗേജ് (engage) ചെയ്തുകൊണ്ടിരിക്കും. അത്തരം കഥകൾ ആവർത്തിച്ച് വായിക്കപ്പെടുന്നു, പുതിയ വായനകൾ പുതിയ ചിന്തകൾക്ക് തുടക്കമിടുന്നു.
അലമാരയിൽ ജാരൻ ആരംഭിക്കുന്നത് ഇങ്ങനെയാണ്: 'പതിനാറ് വയസ്സായപ്പോഴാണ് അമ്മയെനിക്ക് സന്മാർഗത്തെക്കുറിച്ചു എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ചിലപാഠങ്ങൾ പറഞ്ഞുതന്നത്. അക്കൊല്ലം ഞാൻ കോളേജിൽ ചേർന്നിരുന്നതേയുള്ളു. വഴിതെറ്റി, അരുമയായ ഈ കുഞ്ഞാട് ചെന്നായ്ക്കൾക്കിടയിൽ ചെന്നുപെടാതിരിക്കണമെന്ന് അമ്മ തീവ്രമായി ആഗ്രഹിച്ചിരുന്നു’. സന്മാർഗത്തെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന സോദ്ദേശ്യകഥയുടെ പ്രതീതി നൽകിക്കൊണ്ടാണ് അലമാരയിൽ ജാരൻ ആരംഭിക്കുന്നതുതന്നെ. കഥയുടെ ശീർഷകം കേട്ടാൽ തോന്നും അലമാരകൾ കണ്ടുപിടിച്ചത് വസ്തുക്കൾ സുരക്ഷിതമായി വെയ്ക്കും പോലെ ജാരന്മാരെയും സൂക്ഷിച്ചുവെയ്ക്കാനുള്ളതാണെന്ന്. ആവാനാണ് തരം. വീണ്ടുമൊരു ജാരനുവേണ്ടി സുരക്ഷിതമായ മറ്റൊരലമാര തയ്യാറാക്കുന്ന കഥയുടെ നറേറ്ററായ മകളേക്കുറിച്ചറിയുമ്പോൾ ഈ തോന്നൽ അസ്ഥാനത്തല്ല. ജാരർക്കും വേണ്ടേ ഒട്ടടച്ചുറപ്പുള്ള ഇടങ്ങൾ! ജാരന്മാരെ അലമാരകളിൽ ഒളിപ്പിച്ചുവെയ്ക്കുന്ന തന്ത്രം പരക്കെ അറിയപ്പെട്ടതാണ്. പല തമാശകളും ഇതേക്കുറിച്ചു പറയപ്പെടുന്നു.
1. വലിയ ദാർശനിക പരികല്പനക്കുപിന്നിൽ കടുത്ത തമാശകളുണ്ടെന്ന അഭിപ്രായമായിരുന്നു വിഗ്ഗൻസ്‌റ്റെയ്‌ൻ (Wittgenstein) വെച്ചുപുലർത്തിയിരുന്നത് ('A serious and good philosophical work could be written consisting entirely of jokes.' ― Ludwig Wittgenstein.) മറ്റൊരു രീതിയിൽ പറഞ്ഞാൽ തമാശകളിൽ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മാർത്ഥങ്ങൾ പരിശോധിച്ചാൽ പല ദാർശനിക തത്വങ്ങളും തെളിഞ്ഞുവരും.
ഫിലോസഫി തമാശകളിൽ കൂടി പറയുന്ന പുസ്തകമാണ്, 'Plato and a Platypus Walk Into a Bar' (Cathcart & Klein). അതിൽ ഇങ്ങനെയൊരു സംഭവം വിവരിക്കുന്നു:
ഒരു സ്ത്രീയുടെ വീട്ടിൽ ജാരൻ അവരുമായി ലൈംഗികവേഴ്ചയിലായിരുന്നു. അപ്പോഴാണ് അവരുടെ ഭർത്താവിന്റെ കാർ വീട്ടിലേയ്ക്ക് കടന്നുവരുന്ന ശബ്ദം അവർ കേട്ടത്. വളരെ പെട്ടെന്ന് ജാരനെ അലമാരയിൽ ഒളിപ്പിച്ചു. പതിവുപോലെ ഭർത്താവ് ബെഡ് റൂമിലേയ്ക്ക് വരികയും തന്റെ ജാക്കറ്റ് തൂക്കിയിടാൻ അലമാര തുറക്കുകയും ചെയ്തപ്പോൾ അത്ഭുതമെന്നേ പറയേണ്ടൂ; അയാളുടെ സുഹൃത്തിനെ അതിനുള്ളിൽ കണ്ടു. അയാൾ തികച്ചും നഗ്നനായിരുന്നു; നല്ല ജാരരുടെ സ്വഭാവം അങ്ങനെയാണ്. അതിശയത്തോടെ അയാൾ ചോദിച്ചു, 'നിങ്ങൾ എന്താ ഇവിടെ?' അയാൾ മറുപടിയും പറഞ്ഞു, 'ഒരാൾ എവിടെയെങ്കിലും ഉണ്ടാവണമെല്ലോ’.
ഇവിടെ ചോദ്യം തികച്ചും അസ്തിത്വവാദപരമാണ്. ഒരാളുടെ ചെയ്തികളൊക്കെ സ്വന്തം തിരഞ്ഞെടുപ്പായതിനാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അയാൾക്ക് മാറിനിൽക്കാനാവില്ല. നാം നമ്മെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു എന്ന അസ്തിത്വവാദ സമീപനം ചോദ്യകർത്താവ് സൂചിപ്പിക്കുന്നു. നഗ്നനായി മറ്റൊരാളിന്റെ ബെഡ്‌റൂമിലെ അലമാരയ്ക്കുള്ളിൽ നിൽക്കുന്നത് സാധാരണഗതിയിൽ ചോദ്യം കൊണ്ടല്ലല്ലോ നേരിടുക. എങ്കിലും അവിടെ വന്നു നിൽക്കാൻ അയാളെ / ജാരനെ പ്രേരിപ്പിക്കുന്നത് എന്താണെന്ന ചോദ്യം അന്തരീക്ഷത്തിൽ നിൽക്കും. അസ്തിത്വവാദപരമായ പ്രഹേളിക ഓരോ വ്യക്തിജീവിതത്തിന്റെ പ്രയാണത്തിലും കാണാനുമാകും. എന്നാൽ മറുപടി ഹെഗേലിയൻ ദർശനത്തെ ഊന്നിക്കൊണ്ടാണ് അയാൾ പറയുന്നത്. ഇവിടെനിൽക്കുന്ന ആളോട് മറ്റൊരിടത്തായാലെന്ത് എന്ന ചോദ്യം ഒരുതരത്തിൽ അബ്‌സ്‌ഡ് (absurd) കൂടിയാകുന്നു. നിങ്ങൾ ഇവിടെന്താ, എന്ന ചോദ്യം മറ്റൊന്നിനെ മറച്ചുപിടിക്കുന്നു, 'എന്തുകൊണ്ട് മറ്റൊരിടത്തല്ല?' എന്ന ചോദ്യമാണ് മറഞ്ഞിരിക്കുന്നത്. സാർത്ര്, പറഞ്ഞ ദർശനത്തെ ഹേഗിൽ സമീപനം കൊണ്ട് ഖണ്ഡിക്കുന്നു.
കൊച്ചുബാവ ഈ സമസ്യയ്ക്ക് മറ്റൊരു ഭാഷ്യം നൽകുന്നു. ഇവിടെ അനുഭവം പറയുന്ന യുവതി വിവാഹിതയും മതവും ഒക്കെയാണ്. തന്റെ അമ്മയുമായുള്ള ബന്ധത്തെ അപനിർമിതിക്ക് വിധേയമാക്കുന്ന യുവതിയായ നറേറ്റർ അമ്മയുടെ ജാരനെ ഓർക്കുന്നു. നറേറ്റർ കുട്ടിയായിരുന്നു; അച്ഛൻ ദൂരെ പട്ടണത്തിലാണ്. സ്‌കൂളിൽ നിന്നെത്തുന്ന അവൾ അമ്മയുടെ മുറിയിൽ നിന്ന് അടക്കിയ ശബ്ദങ്ങൾ കേൾക്കുമായിരുന്നു. അവൾ കാണുന്നില്ലെന്ന് മട്ടിൽ ജാരൻ പുറത്തുപോകയും ചെയ്യും. ജാരൻ ഒരു യാഥാർഥ്യമാണെന്നും എന്നാൽ അതൊന്നും സംസാരവിഷയമാകേണ്ടതില്ലെന്നും രണ്ടാളും മനോഹരമായി അഭിനയിച്ചുപോരുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങൾ അമ്മ നൽകിയ സന്മാർഗപാഠങ്ങളുടെ പശ്ചാത്തലത്തിൽ ജീവിതത്തെ കണ്ടിരുന്ന നറേറ്റർ പിൽക്കാലത്ത് അവ്യക്തയാഥാർഥ്യമായി (ambiguous reality) ജീവിതത്തെത്തന്നെ അപനിർമിതി ചെയ്യുകയാണിപ്പോൾ. യാഥാർഥ്യം/ അയഥാർഥ്യം എന്ന ദ്വന്ദം നറേറ്റർ അനുഭവിക്കുന്നതായിക്കാണാം. അതിങ്ങനെ: ബെൻ യാക്കോബി ഇതേക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കാം: 'The limits of perception, interpretation and cognition do not allow a complete understanding of reality. Human perceptions of the world and concepts for their interpretation are entangled and inseparable. To a great extent, the perceived reality is intricately intertwined with illusions of observations and their interpretations’. (The Human Dilemma Life Between Illusion and Reality, Ben Yacobi; Journal of Philosophy of Life Vol.3, No.3 - September 2013).
അമ്മയുടെ സുചിന്തിതമായ തിരഞ്ഞെടുപ്പാണ് അവരുടെ ജീവിതം. നറേറ്റർ (മകൾ / റജീന) അതിനെ കണ്ടിരുന്നത് ഒരുപക്ഷെ അമ്മയിൽ നിന്ന് സ്വായത്തമാക്കിയ സന്മാർഗപാഠങ്ങൾ ഒരുക്കിയ ചില്ലുകണ്ണാടിയിലൂടെയായിരുന്നെന്നു വരാം. അമ്മ തന്റെ ശരികളെ പിന്തുടരുകയും, മകൾ അതിലെ തെറ്റുകളെ കാണുകയും ചെയ്യുന്നു എന്ന പ്രഹേളിക സത്യത്തിൽ സങ്കീർണമാണ്. 'അവ്യക്ത യാഥാർഥ്യം' തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ദൂരെയെവിടെയോ പാർക്കുന്ന ഭർത്താവ് തന്റെ തൃഷ്‌ണമേൽ നനഞ്ഞതുണിയുടെ അനാവരണം പുതച്ചിരുന്നു എന്ന പിന്നീട് അമ്മതന്നെ പറയുന്നുണ്ട്; അപ്പോഴാണവർക്ക് ഒരു ജാരനെ ഒപ്പം കൂട്ടേണ്ടിവന്നത്. അതിൽ ശരിതെറ്റുകൾക്ക് എന്തു സ്ഥാനം; സദാചാരത്തിൻറെ നിയമാവലിക്ക് എന്തുവില? അതെല്ലാം അസ്തിത്വവാദപരമായ തിരഞ്ഞെടുപ്പ് നടത്തുന്നവർക്ക് അപ്രസക്തമാണ്. സംശയമില്ല. അമ്മയുടെ വിധ്വംസകമായ വെല്ലുവിളികളെ ഹെഗേലിയൻ കണ്ണിലൂടെ മാത്രമേല്ലേ മകൾക്ക് കാണാനാകുന്നുള്ളൂ എന്ന ചോദ്യം പ്രസക്തമായുണ്ട്. മകൾക്ക് എല്ലാമറിയാമെന്ന ധാരണ അമ്മയ്ക്കുണ്ടെന്നും തോന്നുന്നു. അവൾ സ്‌കൂളിൽനിന്നെത്തുമ്പോൾ അമ്മയുടെ മുറിയിൽ അടക്കിയ ശബ്ദം കേൾക്കാറുണ്ട്. മകൾ കാണുന്നില്ലെന്ന മട്ടിൽ ജാരൻ ഇറങ്ങിപ്പോകുന്നത് മകളുടെ മനസ്സിൽ പതിയുന്നത് അമ്മയും അറിഞ്ഞിരുന്നില്ല. സമാന സംഭവങ്ങൾ വ്യത്യസ്ത മായക്കാഴ്ചകളായി മനസ്സിൽ പേറുന്നവർ അവ്യക്ത്യയാഥാർഥ്യങ്ങൾ തന്നെയല്ലേ പിന്തുടരുന്നത്? മകൾ സ്‌കൂളിൽനിന്ന് വരുമ്പോൾ ജാരനെ ഇറക്കിവിടുന്നപോലെ ലളിതമല്ല, മകളോടൊപ്പം മറ്റൊരാൾ കൂടി വീട്ടിലെത്തുമ്പോൾ. എന്നാൽ അതും സംഭവിച്ചു. മകൾ (നറേറ്റർ/ റജീന) അവളുടെ കാമുകനെകൂട്ടി വീട്ടിൽ എത്തിയപ്പോഴാണതുണ്ടായത്. മകൾക്കൊപ്പം മറ്റൊരാൾ ഉണ്ടെന്നറിഞ്ഞ അമ്മ ജാരനെ ഭദ്രമായി അലമാരയ്ക്കുള്ളിൽ കയറ്റി. മകളുടെ കാമുകനോട് സംസാരിച്ചു, സൽക്കരിച്ചു; ഒട്ടുനേരം കഴിഞ്ഞാണ് അലമാരയിലെ ജാരനെ ഓർമ വന്നത്; തുറന്നപ്പോൾ ജാരൻ മരിച്ചുകഴിഞ്ഞിരുന്നു.
നേരത്തെ സൂചിപ്പിച്ച ചോദ്യം, 'നിങ്ങളെന്താണിവിടെ?'
ഇപ്പോഴുമുണ്ട്, ഉത്തരവും. ഇതു ജാരനായിരിക്കാം, എന്നാലയാൾ നിന്റെ പിതാവു കൂടിയാണ്. അമ്മയുടെ ആ പ്രസ്താവം മറ്റൊരു അബ്‌സ്‌ഡ് (absurd) രംഗമായി റജീനയുടെ മനസ്സിൽ തളംകെട്ടി. അകലെയെങ്ങോ ജീവിക്കുന്ന അമ്മയുടെ ഭർത്താവല്ല. അമ്മയുടെ മുറിയിൽ ഇപ്പോൾ ശവമായിക്കിടക്കുന്ന ജാരനാണ് തന്റെ പിതൃത്വത്തിന്റെ അവകാശി എന്നറിയുന്നത് അബ്‌സ്‌ഡ് അല്ലാതെ മറ്റെന്ത്?
ഒന്നുമില്ലെങ്കിൽ മകളുടെ പിതാവിനെ എത്രനാൾ മറവിൽ നിർത്തും? റജീനയുടെ സദാചാരപരമായ എതിർപ്പ് മാത്രമാകണം ഇക്കാലമെല്ലാം തടസ്സമായത്. മകളുടെ (നറേറ്റർ) സദാചാരബോധ്യങ്ങൾ മൂലമാണ് ജാരനെ ഒളിവിൽ നിർത്താൻ അമ്മ സാഹസപ്പെട്ടത്. റജീനയ്ക്കിത് ഉൾക്കൊള്ളാൻ എത്രകാലമെടുത്തു എന്ന് ചിന്തിക്കുമ്പോൾ അതിശയം തോന്നും. വിവാഹം കഴിഞ്ഞ് മക്കളുണ്ടാകുമ്പോഴും റജീനയ്ക്ക് സദാചാരക്കൂട്ടിൽനിന്ന് പുറത്തുവരാൻ പൂർണമായി സാധിക്കുന്നുമില്ലെന്ന് കാണാം. എങ്കിലും തന്റെ പഴയകാല ജീവിതത്തെ പുനരവലോകനം ചെയ്യുമ്പോൾ റജീന എന്ന മകൾ അമ്മയെ അറിയുന്നു. മുഷിഞ്ഞുനനഞ്ഞ ആവരണം തന്റെ തൃഷ്ണകൾക്കുമേലും പുതപ്പിച്ചിട്ടുള്ളതായി റജീന തിരിച്ചറിയുമ്പോൾ വാക്കുകളിലൂടെ പ്രകാശിപ്പിക്കാനാവാത്ത സ്ത്രീലൈംഗികതയുടെ ഭാഷ നറേറ്റർ കണ്ടെത്തുന്നത് ഒരത്ഭുതമായി നാമറിയും. സദാചാരം മൂലം മുഴിഞ്ഞുപോയ ആവരണം, ജൈവമായി നിലകൊള്ളുന്ന തൃഷ്ണകൾക്കുമേൽ നിശ്ശബ്ദതയുടെ ശക്തി സ്ഥാപിക്കുന്നത് കുറഞ്ഞ വാക്കുകളിൽ കൊച്ചുബാവ പറഞ്ഞുവെയ്ക്കുന്നു. സ്വന്തം അമ്മയുടെ ജീവിതത്തിലേയ്ക്ക് തിരികെപ്പോകുന്ന നറേറ്റർ കൂടുതൽ സുരക്ഷിതമായ മറ്റൊരു അലമാര തയ്യാറാക്കുന്നതാണ് പിന്നീടുണ്ടാകുന്നത്. ജാരനും സുരക്ഷിതത്വം ഉറപ്പാക്കണമെല്ലോ. അതിനുള്ള തയ്യാറെടുപ്പുകൾ ചെയ്യുന്നത് ഒരുവേള ആശ്വാസകരമാണ് താനും.
2. രണ്ടാം ഫെമിനിസ്റ്റ് തരംഗത്തിന്റെ സ്വാധീനം കഥയിൽ എത്രത്തോളം കാണാനാവും എന്നു നോക്കാം. അമേരിക്കയിൽ ഫെമിനിസത്തിന്റെ രണ്ടാം തരംഗം 1960 മുതലായിരിക്കണം തുടങ്ങിയതെന്ന് കരുതപ്പെടുന്നു. അലമാരയിൽ ജാരൻ പ്രസിദ്ധീകരിച്ചത് 1987/ 88 കാലത്താണെന്നു കരുതാം. അങ്ങനെയെങ്കിൽ നറേറ്ററായ റജീനയുടെ ജനനം 1960- കളുടെ ആരംഭത്തിലായിരിക്കും. ജാരനുമായി അമ്മയ്ക്കുള്ള ബന്ധം അതിനുമുമ്പേ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ അക്കാലത്ത് ഫെമിനിസ്റ്റ് തരംഗം നിലവിൽ വന്നുവെന്ന അവകാശമൊന്നും ആർക്കുമില്ല. എങ്കിലും സാഹിത്യത്തിൽ സ്വതന്ത്രസ്ത്രീകളെയും, സ്ത്രീ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന നിലപാടുകളും വളരെനേരത്തെ ഇടംപിടിച്ചുകാണുന്നു. പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ (മറിയാമ്മ നാടകം, 1987 / 1903), കെ. സരസ്വതി അമ്മ (കഥകൾ, 1919 / 1975) എന്നിവ ഉദാഹരണങ്ങളായെടുക്കാം. സാഹിത്യത്തിലും കലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കുശേഷമാണ് പലപ്പോഴും സാമൂഹിക മുന്നേറ്റങ്ങൾ സംഭവിക്കുന്നത്. കേരളത്തിൽ ഫെമിനിസ്റ്റ് ആശയങ്ങൾ വികസിക്കും മുമ്പുതന്നെ സ്ത്രീകൾ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾ, നിശബ്ദത, പാട്രിയാർക്കിയെ അനുകൂലിച്ചു കഴിയേണ്ടി വരുന്നതിന്റെ പ്രയാസങ്ങൾ, ലൈംഗികതയ്ക്കുമേൽ നടക്കുന്ന അധിനിവേശം എന്നിവ ആവിഷ്കരിക്കപ്പെട്ടിരുന്നു.
ജൻഡർ മേൽക്കോയ്മകളെയും ആണധികാര ചട്ടക്കൂടുകളെയും വെല്ലുവിളിക്കുന്ന അമ്മ എന്ന കഥാപാത്രം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. തന്റെ തൃഷ്ണകൾക്കുമേൽ നനഞ്ഞ ആവരണം പുതപ്പിച്ച ഭർത്താവിനോട് നേർക്കുനേർ അതിരിടുകയല്ല അവർ ചെയ്യുന്നത്. ലൈംഗികതയിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ജാരനെ സ്വീകരിക്കുകയാണവർ. ഈ ലോകത്തിൽ നിരന്തരം യുദ്ധം ചെയ്തുകൊണ്ട് ഒരു സ്ത്രീക്കും സമാധാനമായി ജീവിക്കാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അവർ കാണുന്നു. അതിനാലാവണം പതിനാറു വയസ്സായപ്പോൾ മുതൽ മകൾക്ക് സന്മാർഗ്ഗത്തെക്കുറിച്ചു പാഠങ്ങൾ നല്കിവന്നത്. രണ്ടും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന ചിന്ത അസ്ഥാനത്താണ്; അറുപതുകളിലെ നമ്മുടെ സ്ത്രീകൾക്ക് അപ്രകാരമേ ചിന്തിക്കാനാകൂ. എന്തിന്, രണ്ടു സംസ്കാരരീതികളിൽ പെട്ടുപോകുന്നവർ നേരിടുന്ന ആത്മസംഘർഷങ്ങൾ നിർവചനങ്ങളിൽ ഒതുക്കാൻ പ്രയാസമാണ്. ഒരു ആലീസ് വാക്കർ (Alice Walker - Possessing the Secret of Joy, 1992) കഥാപാത്രമായ താഷി (Tashi) അനുഭവിക്കുന്ന മാനസിക വ്യഥ ഇതിലേയ്ക്ക് വെളിച്ചം വീശും.
ഗഹനമായ അനേകം ആശയങ്ങൾ അക്കാലത്ത് പുസ്തകങ്ങളായി പുറത്തിറങ്ങി. ഇവയെല്ലാം രണ്ടാം ഫെമിനിസ്റ്റ് തരംഗം എന്തെല്ലാമാണെന്ന് പറഞ്ഞുവെക്കാനുതകി എന്നു പറയാം. കൈറ്റ് മിലേറ്റ് (Kate Millett - Sexual Politics), ഷുലമിറ്റ് ഫൈറെസ്‌റ്റോൺ (Shulamith Firestone - The Dialectic of Sex), ജർമൈൻ ഗ്രെയ്‌ർ (Germaine Greer - The Female Eunuch) എന്നിവരുടെ രചനകൾ ഫെമിനിസ്റ്റ് ആശയങ്ങൾക്ക് സാധുതയേകി. സ്ത്രീ-പുരുഷ ബന്ധങ്ങളായാലും ലൈംഗിക സ്വാതന്ത്ര്യമായാലും പുതിയ ആശയങ്ങൾ ആവശ്യമാണെന്ന ഫെമിനിസ്റ്റ് സങ്കല്പം കൊച്ചുബാവ മനോഹരമായി അമ്മയിൽ നിക്ഷേപിച്ചിരിക്കുന്നു.
അമ്മയുടെ ധാരണകളെന്തായാലും മകൾ അതൊന്നും പങ്കിടുന്നതായി കാണുന്നില്ല. നറേറ്ററായ റജീന അമ്മയൊരുക്കിയ സദാചാര വലയങ്ങളിലാണെല്ലോ വളർന്നത്. സദാചാര നിയമങ്ങലാകട്ടെ, പാട്രിയാർക്കൽ ഘടന ഒരുക്കിയ ജീവിതാവഴികളും. ലൈംഗികതയുടെ പിന്തിരിപ്പൻ ചട്ടക്കൂടുകളെ ഭേദിക്കാൻ അമ്മയ്ക്ക് കഴിഞ്ഞു; മകൾ അതിന് ദൃക്‌സാക്ഷിയായിരുന്നെങ്കിലും യോജിക്കാൻ കഴിഞ്ഞില്ലെന്ന് കരുതാം. അവൾക്കതിൽ അവമതിപ്പാണുളവായത്. അമ്മയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മനസ്സിലാക്കാൻ റജീനയ്ക്ക് വളരെക്കാലം വേണ്ടിവന്നു. അതിനുള്ളിൽ വിവാഹിതയാകുന്നു, മാതാവാകുന്നു. അതിനുള്ളിൽ തനിക്കുണ്ടായ ജീവിതാനുഭവങ്ങൾ അയവിറക്കുന്ന രംഗമാണ് കഥയിൽ കൊച്ചുബാവ ആവിഷ്കരിച്ചിരിക്കുന്നത്. ഒരുതരം ആത്മാവലോകനം എന്നുപറയാം. പൂർണമായും അമ്മയെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ അല്ല; അതമ്മയുടെ മാത്രം ജീവിതമായിരുന്നുവല്ലോ. അമ്മയുടെ അവസാനകാലം ക്ലേശപൂർണമായിരുന്നു, അതങ്ങനെയായതിൽ നറേറ്റർ എന്ന നിലയ്ക്ക് റജീനയെ അലോസരപ്പെടുത്തുന്നില്ല. അലമാരയിൽ നിന്ന് മരിച്ചുവീണ ജാരൻ ബാക്കിജീവിതത്തിൽ അവരെ പിന്തുടർന്നിരിക്കാം.
അമ്മയുടെ കിടപ്പുമുറിയിൽ വീണ ശവം മാത്രമായിരുന്നില്ല ജാരൻ. അയാൾ റജീനയുടെ പിതാവുകൂടിയാണെന്ന് അമ്മ പറഞ്ഞു. പിതാവിനെ ആദ്യമായി നേർക്കുനേർ കാണുമ്പോഴേയ്ക്കും അയാൾ ശവമായിക്കഴിഞ്ഞിരുന്നു. താൻ അമ്മയുടെ ജാരന്റെ മകളാണെന്ന തിരിച്ചറിവിന്റെ ആഘാതം ക്രമേണയാണ് റജീനയിൽ.വന്നുചേരുന്നത്. അമ്മയെയെന്നപോലെ തൻ്റേയും തൃഷ്ണകളെ നനഞ്ഞ ആവരണം കൊണ്ട് ഭർത്താവ് മൂടിയിരിക്കുന്നുവെന്ന് റജീനയും തിരിച്ചറിയുന്നുണ്ട്. സദാചാരത്തിന്റെ നിരന്തിരമായ ആക്രമണം മൂലം മുഷിഞ്ഞു കഴിഞ്ഞിരുന്നു ആവരണം. അമ്മ ചെയ്തത് പോലെ തനിക്കും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ വേണ്ടിവരും. കുട്ടികൾ സ്‌കൂളിൽ നിന്ന് വരുമ്പോഴേയ്ക്കും ഒരു ജാരനും എത്തിക്കൂടായ്കയില്ല. എങ്കിൽ അത്യാവശ്യത്തിന് കുട്ടികളിൽനിന്ന് അയാളെ ഒളിപ്പിക്കാൻ കൂടുതൽ സുരക്ഷിതമായ ഒരലമാരയുടെ ആവശ്യത്തെക്കുറിച്ചു റജീന ചിന്തിക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് അറുപതുകളിൽ പല മേഖലകളിലും വ്യക്തമായ സ്ത്രീമുന്നേറ്റം നടന്നിരുന്നു. പൊതുസ്ഥലങ്ങളിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, തൊഴിലിടങ്ങളിൽ ശക്തമായ നിലപാടുകളെടുത്തും സ്ത്രീകൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. എന്നാൽ വീട്ടിലെത്തുമ്പോൾ, പാട്രിയാർക്കി ഭരണം നിലവിലുള്ള മറ്റൊരു ദേശത്തേയ്ക്ക് ചുരുങ്ങുകയും ചെയ്തു. ഫെമിനിസ്റ്റ് ആശയങ്ങളെ ക്രമേണയായെങ്കിലും ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിഞ്ഞുവെന്നും കാണാം. ടി.വി. കൊച്ചുബാവ കഥയിലൂടെ പറയുന്നത് ഈ ചരിത്രം കോഴിയാണ്. കാലം പോകെ, സദാചാരത്തിന്റെ അവരണങ്ങൾക്കേറ്റ മുഷിച്ചിൽ ശ്രദ്ധിക്കപ്പെടാം; ഒരുവേള അല്ലാതെയും കടന്നുപോകാം.
റജീനയ്ക്ക് അവിടം വരെയെത്താൻ ദശകങ്ങൾ വേണ്ടിവന്നു. അപ്പോഴാകട്ടെ അവൾക്കും വേണ്ടിയിരുന്നു മെച്ചപ്പെട്ട ഒരലമാര. ആവരണമായ തുണി ഇപ്പോൾ മുഷിഞ്ഞിരിക്കുന്നു. സദാചാര നിയമങ്ങൾക്കേറ്റ മുഷിച്ചിൽ ശ്രദ്ധിക്കപ്പെടാം; അല്ലാതെയും കടന്നുപോകാം.