ഉണ്ണിമേരി
ഉണ്ണിമേരിക്ക് ഇന്ന് എന്താണിത്ര തിരക്ക്?
എന്നും രാവിലെ ഒമ്പതിന് അയാൾ വീടുവിട്ട് കടലാസുവേട്ടയ്ക്ക് പുറത്തിറങ്ങുമെന്നത് അവൾക്കറിയാം. എട്ട് കഴിയുമ്പോഴേക്കും ചൂടുവെള്ളത്തിൽ കുളിയും ഷേവിങ്ങും കഴിയുമെന്നും എട്ടരയോടടുത്ത് കോണിയിറങ്ങി ഡൈനിംഗ് ഹാളിൽ എത്തുമെന്നും അവൾക്കറിയാം. അപ്പോഴേക്കും കോപ്പകളും പിഞ്ഞാണങ്ങളും കത്തികളും കരണ്ടികളും മുള്ളുകളും പ്രാതലിനുള്ള വിഭവങ്ങളും തീന്മേശപ്പുറത്ത് നിരത്തേണ്ടവളാണവൾ. പക്ഷെ, ഇന്ന് അയാൾ എട്ടരയ്ക്ക് ചുവട്ടിലെത്തിയപ്പോൾ ചുറ്റുവട്ടത്തെങ്ങും ഒച്ചയും അനക്കവുമുണ്ടായില്ല. തീന്മേശപ്പുറത്ത് പ്രാതലും തയ്യാറായിട്ടില്ല. നീലയും വെള്ളയും കലർന്നൊരു ചീനക്കിണ്ണത്തിൽ പാചകം ചെയ്യാത്തൊരു കൂണ്. അത് മാത്രമാണ് അവിടുള്ളത്. അയാൾ അതു തന്നെ നോക്കി നില്ക്കുകയാണ്. ആഹാരം വിളമ്പാൻ ഉപയോഗിക്കില്ലെങ്കിലും ഇതേ മാതൃകയിലുള്ള കോപ്പൻഹേഗൻ ഉപഹാരങ്ങളായ ചില പിഞ്ഞാണങ്ങൾ തീന്മേശയിൽ എഴുന്നള്ളിച്ചു വച്ചിട്ടുണ്ട്.
മിൽക് ബ്രഡ്, മുട്ട, പാൽ, ചീസ്, സിരിയൽസ്; അങ്ങനെ ധവള വിപ്ലവത്തിന് ആഭിമുഖ്യം പ്രഖ്യാപിക്കുന്നൊരു തീന്മേശയിലേക്കാണ് അയാൾ ഇറങ്ങിവരുന്നതെന്ന് മുകളിൽ വച്ചുതന്നെ (ചിലപ്പോൾ കുളിക്കുമ്പോൾ തന്നെ) നിശ്ചയിച്ചിരുന്നിരിക്കണം. ആ ദൃശ്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട്, അല്ലെങ്കിൽ ഇനി കാണുവാൻ പോകുന്ന അവസ്ഥയുടെ കൃത്യമായൊരു പകർപ്പ് തലച്ചോറിൽ പ്ലോട്ട് ചെയ്തുകൊണ്ടുള്ള ആ വരവിന് രണ്ട് കാരണങ്ങൾ ഉണ്ടാവാം.

1. അയാളിൽ പതിഞ്ഞുപോയ പരിചിതമായ പ്രാതലിന്റെ കാഴ്ച ഒരു ഷോർട്ട്കട്ട് ഫയലായി മെമ്മറിയിൽ നിലനിർത്തിക്കൊണ്ടാണ് ആ പടിയിറങ്ങിയുള്ള വരവ്.
2. ഇന്ന് ഇത്രയും വിഭവങ്ങൾ അടങ്ങുന്നൊരു പ്രാതൽ കഴിക്കണം എന്നത് കരുതിക്കൂട്ടി എണ്ണമിട്ട് മദർ ബോർഡിൽ കുറിച്ചിട്ടുകഴിഞ്ഞു.
അതിൽ നിന്നെല്ലാം വ്യത്യസ്ഥമായൊരു കാഴ്ച! എങ്ങിനെ സഹിക്കാനാണ്. അതും ഒരു കൂണ്, ഉണ്ണിമേരിയെന്ന ഭയങ്കരി ഒപ്പിച്ച പണി!
‘ഫംഗസ്’ എന്ന കുടുംബപ്പേര് അഡ്രസ്സിൽ നിലനില്ക്കുന്നുവെങ്കിലും, പടിയിറക്കിവിട്ടൊരു കറുത്ത ചെമ്മരിയാടിന്റെ ലക്ഷണമാണ് കൂണുകളെ കാണുമ്പോൾ തോന്നാറ്. മണ്ണിനടിയിലേക്ക് മൈസീലിയം വള്ളികൾ പടർത്തിവിട്ട് ഒരിക്കലും പറക്കാത്ത പാരഷ്യൂട്ടുകളായി അവർ ആകസ്മിക പിറവികളെടുക്കുന്നു, തികച്ചും അപ്രതീക്ഷിത ഇടങ്ങളിൽ. സസ്യഭുക്കുകൾക്ക് കൂണ് നിഷിദ്ധമെങ്കിൽ, ഫംഗസുകളാൽ പുളിപ്പിച്ച തൈരും ബ്രഡും ഉൾപ്പടെ പലതും നിഷിദ്ധങ്ങളാകും.
നിർത്തൂ സോണിയാ, എന്തിനിങ്ങനെ കൂണുകളെ വാഴ്ത്തുന്നു?
ആ തീന്മേശയിലെ ചീനക്കിണ്ണത്തിലെ ഇരുപ്പ് തന്നെ....ഛായ്!
ആ പാരഷ്യൂട്ടിന്റെ അടിവശത്ത് അവ ശേഖരിച്ചുവച്ചിരിക്കുന്ന സ്പോറുകൾ (വിത്തുകൾ) നോക്കൂ, മേതിൽ. ഫ്രില്ലുകളായി അടുക്കിയ കൂണിന്റെ ഗില്ലുകൾക്കിടയിൽ ഒതുങ്ങിയിരുന്ന് അവ പ്രജനന തന്ത്രങ്ങൾ മെനയുകയാണ്, എഫ്. ബി. ഐ ഏജന്റുകളെപ്പോലെ. അതീവരഹസ്യ സ്വഭാവമുള്ള വിനിമയങ്ങളാണവ. മൂപ്പെത്തിയ സ്പോറുകൾ കൂണുകളെ വിട്ട് അന്തരീക്ഷത്തിലേക്ക് പറന്നുപൊങ്ങുമ്പോൾ അവിടെയൊരു ധാതുവിനിമയം നടക്കുകയാണ്. അവിടുന്ന് പറന്നുവന്ന് മണ്ണിലടിയുന്ന സ്പോറുകൾ മൈസീലിയം എന്ന വിനിമയ നൂലുകൾ മണ്ണിലാഴ്ത്തി തങ്ങളുടെ നിയോഗം ഉറപ്പിക്കുന്നു.
അല്ലാ, ഉണ്ണിമേരി എവിടെ?
പ്രാതൽ ഇനിയും വിളമ്പിയില്ലല്ലോ?
“ഞാൻ പോകുന്നു”, അടുക്കള ഭാഗത്തേയ്ക്ക് ഒരു നീരസനോട്ടം പായിച്ച് അയാൾ ആ പതിവ് കടലാസുവേട്ടക്ക് ഇറങ്ങിയതല്ലാതെ ഉണ്ണിമേരിയോട് ഒരു വാക്കും മിണ്ടിയില്ല.
സ്റ്റെനോഗ്രാഫർ
മൂന്നതിരിലും കണ്ണാടിച്ചില്ലുകളുള്ള മുറിയിലിരുന്ന് അയാൾ സിസ്റ്റം അനലിസ്റ്റ് അശ്വിൻ മേനോനോട് സംസാരിക്കുകയാണ്. അവർ തമ്മിൽ സംസാരിക്കുന്നത് കമ്പ്യൂട്ടർ ജനകീയമായാൽ ചിന്തയിലും വിനിമയത്തിലും ഉണ്ടാകാൻ സാധ്യതയുള്ള കലാപത്തെക്കുറിച്ചും, അങ്ങിനെ ഉണ്ടാകുമെന്നുള്ള പേടി കാരണം ഭരണകൂടങ്ങൾ ജനത്തെ കമ്പ്യൂട്ടറിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നുവെന്നും മറ്റുമുള്ള ബോറൻ വിഷയം ആവുമെന്ന് സ്റ്റെനോഗ്രാഫർ നീരജയ്ക്ക് അറിയാം. അയാൾ കേട്ടെഴുത്തിനായി അവളെ റൂമിലേക്ക് വിളിച്ചിട്ട് അര മണിക്കൂറായി. അശ്വിൻ മേനോനെ അവിടെ നിന്ന് ഒഴിവാക്കിത്തരാൻ കമ്പ്യൂട്ടർ വിഭാഗത്തിലെ ഒരു ചെറുപ്പക്കാരിയോട് നിർദ്ദേശിച്ചിട്ട് നീരജ കേട്ടെഴുത്തിനായുള്ള പാഡും പെൻസിലുമായി ഇരിപ്പിടത്തിൽനിന്ന് എണീറ്റു.
മേതിൽ പറഞ്ഞതുപോലെ, മനുഷ്യവിനിമയങ്ങൾക്ക് പറ്റിയ തകരാറുകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ് എവിടെയും. രണ്ടു മനുഷ്യർ മനസ്സ് തുറന്നു സംസാരിക്കുമ്പോഴും, അവർ തമ്മിൽ 10% വിനിമയം മാത്രമേ നടക്കുന്നുള്ളൂ എന്നുവേണം കണക്കാക്കാൻ.
അവർ സംസാരിക്കുന്നത് നീരജ എങ്ങിനെ കേട്ടു എന്നാണ് സോണിയ പറയുന്നത്?
ശരിയാണ് മേതിൽ, അവളത് എങ്ങിനെ കേട്ടു ! രണ്ട് ചുണ്ടുകൾ തമ്മിൽ സംവദിക്കുന്നത് എന്തെന്ന് ഒരു കണ്ണാടിച്ചില്ലിന്റെ മറവിലിരുന്ന് നീരജ മനസ്സിലാക്കിയത് എങ്ങിനെയെന്നോ...... നീരജയെ റൂമിലേക്ക് വരുവാനായി ഇന്റെർക്കോം വഴി നിർദ്ദേശിക്കവെ അയാൾ ഫോൺ ചെവിയിൽ വച്ച് എന്തോ ഒരു ശബ്ദം പുറപ്പെടിവിച്ചു എന്നല്ലാതെ, മറ്റ് വിനിമയങ്ങൾ നടന്നത് തലയുടെ ആട്ടവും കൈകൊണ്ടുള്ള ആംഗ്യവും വഴിയാണല്ലോ. അപ്പോൾ ആ കണ്ണാടിച്ചില്ലിന്റെ കട്ടി കൊണ്ടു മാത്രം വേർതിരിക്കപ്പെട്ട അവർ തമ്മിൽ “വരൂ” എന്നുള്ള ആജ്ഞ എങ്ങിനെ സംവേദനം ചെയ്യപ്പെട്ടുവോ അതേ പ്രക്രിയയിലൂടെ തന്നെയാണ് അശ്വിനുമായുള്ള സംഭാഷണവും നീരജ മനസ്സിലാക്കിയത്.
മേതിൽ പറഞ്ഞതുപോലെ, മനുഷ്യവിനിമയങ്ങൾക്ക് പറ്റിയ തകരാറുകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ് എവിടെയും. രണ്ടു മനുഷ്യർ മനസ്സ് തുറന്നു സംസാരിക്കുമ്പോഴും, അവർ തമ്മിൽ 10% വിനിമയം മാത്രമേ നടക്കുന്നുള്ളൂ എന്നുവേണം കണക്കാക്കാൻ. ആന്തരികവും ബാഹ്യവുമായ കുറേയേറെ അവയവങ്ങളുള്ള മനുഷ്യന്റെ ചെറിയൊരു അംശമല്ലേ വിനിമയങ്ങൾക്ക് വിധേയമാക്കപ്പെടുന്നുള്ളൂ. എന്തിന് പറയുന്നു, ഞാൻ സ്വയം കണ്ടിട്ടില്ലാത്ത, തൊട്ടിട്ടില്ലാത്ത സംവദിച്ചിട്ടില്ലാത്ത എന്റെ ആന്തരിക അവയവങ്ങളുമായി മറ്റൊരുവൻ എന്ത് വിനിമയം നടത്താനാണ്?
മേതിൽ ചിരിക്കുന്നോ? ചിരിച്ചോളൂ...ഞാനും കൂടാം...
നീരജ ഇതാ അയാളുടെ മുന്നിൽ കേട്ടെഴുത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. അപ്പോഴാണ് കണ്ണാടിച്ചില്ലിലൂടെ അന്യോന്യം ചിരിച്ചുകൊണ്ട് എം ഡിയുടെ ഫോൺ സന്ദേശം. നീരജയെ അയാൾക്കടടുക്കലേക്ക് അയക്കുക എന്നതാണ് സന്ദേശം. ഇവിടെ എം ഡിയുടെ ചിരിയും രൂപവും കണ്ണാടിച്ചില്ലിലൂടെ കടന്നുവരുന്നു, വയറുകളിലൂടെ യാന്ത്രികമായി ശബ്ദവും എത്തുന്നു. അവിടെ കണ്ണാടിച്ചില്ലിനുപകരം ചുമരുകളാണെന്ന് വയ്ക്കുക. എം ഡി പറയുകയാണ് ഫോണിലൂടെ; “എക്സ്ക്യൂസ് മീ, ആ സ്റ്റെനോഗ്രാഫർ പെൺകുട്ടിയെ ഇങ്ങോട്ടൊന്ന് അയക്കാമോ, ഉടനെ?”
അവിടെ, കാഴ്ച്ച എന്നത് തടസ്സപ്പെടുന്നുവെങ്കിലും എം ഡിയുടെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളും ശൈലിയും നിങ്ങളുടെ തലച്ചോറിന്റെ തലാമസ്സിൽ അയാളുടെ ചിരിക്കുന്ന മുഖത്തെ ഒരു സ്ക്രീൻ പോലെ പ്രദർശിപ്പിച്ചിട്ടുണ്ടാകും. ‘എക്സ്ക്യൂസ് മീ’, ‘ഉടനെ’ എന്നീ വാക്കുകൾ അതിനെ ഏറെ സഹായിക്കുന്നുമുണ്ട്. ഐന്ദ്രിയ വിവേചനങ്ങളുടെ സഹായമില്ലാതെ നിങ്ങളുടെ ചിന്തയും സങ്കല്പ്പവും മിശ്രിതമാക്കുന്നൊരു മന:ക്രിയയാൽ വിഭാവനം ചെയ്യപ്പെട്ട ഒരു ലോകത്താണ് നിങ്ങൾ എം ഡി യെ കണ്ടത്. പങ്കുവയ്ക്കപ്പെടാത്തൊരു ലോകമാണത് എന്നത് മറക്കണ്ട...
ഓ അതോ, അത് കണ്ണാടികൾ നിങ്ങളിൽ വളർത്തിയെടുത്തൊരു ദുശ്ശീലമാണ് മേതിൽ. കണ്ണാടികളിൽ നാം സ്വയം പ്രതിഫലിച്ച് സംതൃപ്തിപ്പെടുന്നു. ഒച്ചകൾ അക്ഷരങ്ങളായി പെൻസിലിന് താഴെ വീഴുമ്പോൾ അതേപടി പ്രതിഫലിച്ചു കാണണമെന്ന് ശാഠ്യം പിടിക്കുന്നത് കൊണ്ടല്ലേ ഈ ശല്യപ്പെടുത്തൽ ഉണ്ടാകുന്നത്.
എം ഡി വിളിക്കേണ്ട താമസം, നീരജ സംഭവസ്ഥലത്തുനിന്ന് തിടുക്കത്തിൽ പുറത്തുകടക്കുന്നു. അതിനടെ അവൾ തന്റെ ആയുധം അവിടെ മറന്നുവയ്ക്കുന്നു. ചുരുക്കെഴുത്തിന്റെ ഒതുക്കലിൽ അവളുടെ മഞ്ഞ എച്ച് ബി പെൻസിലും വല്ലാതെ കുറുകിപ്പോയിരുന്നു. എം ഡിയെ കണ്ടശേഷം നീരജ വീണ്ടും അയാൾക്കരികിലെത്തി. എന്നാൽ അയാൾ അവളെ വിളിച്ചത് കേട്ടെഴുത്തിനായിരുന്നില്ല. അയാൾക്ക് സംസാരിക്കേണ്ടത് ആ തീന്മേശയിലെ കൂണിനെക്കുറിച്ചാണ്. തന്റെ പെൻസിൽ ഈ മേശപ്പുറത്ത് എങ്ങനെ എത്തിയോ അതേ പോലെയാണ് ആ കൂണ് നിങ്ങളുടെ മേശപ്പുറത്ത് എത്തിയത് എന്നാണ് അവളുടെ ലളിതമായ വിശദീകരണം. ഉണ്ണിമേരിയെയും കൂണിനെയും തീന്മേശയെയും ഒരു നോക്ക് പോലും കണ്ടിട്ടില്ലാത്ത നീരജ ഇതാ ആ ചോദ്യത്തിന് നിസ്സാരമായി മറുപടി കണ്ടെത്തിയിരിക്കുന്നു. ചുരുക്കെഴുത്ത് എഴുതി എഴുതി അവൾക്ക് ലോകംതന്നെ ചുരുങ്ങിപ്പോയിരിക്കുന്നു.
എങ്കിലും, ഒച്ചയും അർഥവുമുള്ള വാക്കുകൾ അവളുടെ പെൻസിലിന് താഴെ വികലമായ ചില കോറലുകളും പോറലുകളുമാകുന്നത് ശല്യപ്പെടുത്തുന്നൊരു കാഴ്ച്ചയാണ് സോണിയാ....
ഓ അതോ, അത് കണ്ണാടികൾ നിങ്ങളിൽ വളർത്തിയെടുത്തൊരു ദുശ്ശീലമാണ് മേതിൽ. കണ്ണാടികളിൽ നാം സ്വയം പ്രതിഫലിച്ച് സംതൃപ്തിപ്പെടുന്നു. ഒച്ചകൾ അക്ഷരങ്ങളായി പെൻസിലിന് താഴെ വീഴുമ്പോൾ അതേപടി പ്രതിഫലിച്ചു കാണണമെന്ന് ശാഠ്യം പിടിക്കുന്നത് കൊണ്ടല്ലേ ഈ ശല്യപ്പെടുത്തൽ ഉണ്ടാകുന്നത്. ചുരുക്കെഴുത്ത് ശാസ്ത്രത്തിന്റെ സങ്കീർണ്ണതകൾ കുറയ്ക്കുകയല്ലേ? പിരിയോഡിക് റ്റേബിളിൽ 18 കോളങ്ങളിലും 7 നിരകളുമായി വിന്യസിച്ചുകിടക്കുന്ന 118 മൂലകങ്ങൾ ചുരുക്കെഴുത്തിന്റെ സഹായമില്ലാതെ നീണ്ടുനിവർന്നങ്ങിനെ കിടന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഭയാനകം....!
നീരജയോട് ചോദിച്ചാൽ അറിയാം അവൾ എത്രമാത്രം ആസ്വദിച്ചാണ് ഒച്ചകൾക്ക് വരയും കുറിയുമായി രൂപം കൊടുക്കുന്നതെന്ന്. സമയവും സ്ഥലവും ലാഭിക്കുന്നതിനുപരി അവൾ വരകളിലൂടെ ഓരോ വാക്കിന്റെയും കൗശലം ആസ്വദിക്കുകയാണ്.
മേതിൽ എന്ന പേര് ഞാനിതാ മൂന്ന് വരികളിലായി ഇങ്ങനെ എഴുതുന്നു.


മേതിൽ എന്ന് ഉച്ചരിക്കുമ്പോൾ, M അല്പം ബലപ്പിച്ച്, അതിനുകീഴെ A അൽപം താഴ്ത്തി, Y അതിലും താഴ്ത്തി, TH അൽപം കടുപ്പിച്ച്, I വീണ്ടും താഴ്ത്തി, L നന്നായി കടുപ്പിച്ച് നിർത്തുന്നു. ഈ തൂങ്ങിക്കിടക്കുന്ന A,I,Y യും വരിയിൽ എണീറ്റുനിൽക്കുന്ന M,TH,L-ഉം തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചുരുക്കെഴുത്ത് എങ്ങനെ രൂപപ്പെടുന്നു എന്നുനോക്കാം....

ഇതാണ് മേതിലിന്റെ ചുരുക്കെഴുത്ത്. ഹാ.......എന്തൊരു രസമാണിത്.
നീരജ പോയതിനുശേഷം എം ഡി വീണ്ടും ഫോണിൽ. അയാളോട് ഉച്ചയ്ക്ക് വീട്ടിൽ പോയി ഊണ് കഴിച്ച് ഒന്നുറങ്ങി, ബൾഗേറിയൻ യാത്രയുടെ ക്ഷീണമൊക്കെ മാറ്റി ഫ്രഷ് ആവാൻ നിർദ്ദേശിച്ചപ്രകാരം അയാളതാ വീണ്ടും വീട്ടിലേക്ക്. ഡൈനിംഗ് ഹാളിന്റെ വിജനത അയാൾ മനസ്സിൽ കാണുകയാണ്. ഇന്റീരിയർ ഡെക്കറേഷനെക്കുറിച്ചുള്ള ഒരു മാസികയിലെ ചിത്രത്തെപ്പോലെ അതിന്റെ സൗന്ദര്യവും വിജനതയും അയാളെ പീഡിപ്പിക്കുകയാണ്. എല്ലാത്തിനുമുപരി ആ കൂണ് മേശപ്പുറത്തുണ്ടാകുമോ എന്ന ഭീതിയും. തീന്മേശ ഒരു നാടകത്തിന്റെ അരങ്ങ് പോലെ, അവിടെ പല തരത്തിലുള്ള പിഞ്ഞാണങ്ങൾ കഥാപാത്രങ്ങളായി വേഷമിടാൻ തയ്യാറായി ഇരിപ്പുണ്ട്. അവയിൽ നിറയുന്ന ഭക്ഷണത്തിന് അനുസൃതമായ ഭൂമികകൾ അവർ കൈകാര്യം ചെയ്യുന്നു. ഈ തീന്മേശ ഷേക്സ്പിയറിയൻ നാടകങ്ങളുടെ അരങ്ങെന്നു കരുതുകിൽ, ഇറച്ചിക്കറിയുടെ പിഞ്ഞാണം ബ്രൂട്ടസ് ആയും, വെണ്ണപിഞ്ഞാണം ക്ലിയോപാട്ര ആയും, മട്ടൺ സൂപ്പിന്റെ പിഞ്ഞാണം മാഗ്ബത്ത് ആയും ഒക്കെ വേഷമിട്ട് തിമിർക്കുന്നത് കാണാം.
ഉണ്ണിമേരി
രാവിലെ ഉണ്ടയിരുന്ന സ്ഥലത്ത് പിഞ്ഞാണം ഇല്ലെന്നുകണ്ട് അയാൾ ചുമരുകളിൽ തിരയുകയാണ്. എന്തെന്നാൽ ആ കോപ്പൻഹേഗൻ ഉപഹാരങ്ങൾക്കടിയിൽ പാശിത്തുള പോലെ ഒരു ഘടനയുണ്ട്. അതിലൂടെ ചരട് കോർത്താൽ ചുമരിൽ തൂക്കാം, ചുമരിൽ തൂക്കാൻ വേണ്ടിയുള്ളവയാണവ. തീന്മേശയ്ക്കരികിൽ ഇരുന്ന് ഒരു പാത്രത്തിന്റെ മൂടി നീക്കുമ്പോൾ തികച്ചും ക്രിസ്തീയമായ രീതിയിൽ മസാല ചേർത്തുണ്ടാക്കിയ ഒരു കറിയുടെ തീക്ഷ്ണഗന്ധം അയാൾ അറിയുകയാണ്. അച്ചടിച്ച റെസിപ്പിയിലെ ഓരോ ഘട്ടവും അതിൽ വായിക്കാമെന്നോർത്ത് ചിരിയടക്കിയതല്ലാതെ ഉണ്ണിമേരിയെ വിളിച്ച് ഇതേപറ്റി ഒരു തമാശ പറയാൻ അയാൾ ശ്രമിച്ചില്ല. അയാളെയും ഭാര്യ സവിതയെയും ഉച്ചയൂണിന് പ്രതീക്ഷിക്കാത്തതുകൊണ്ട് ഉണ്ണിമേരി അവർക്ക് മാത്രമായി ഒരു പാചകപരീക്ഷണം നടത്തിയതാവുമെന്ന് തോന്നിയെങ്കിലും അതും ചോദിക്കാൻ മിനക്കെട്ടില്ല.

ബോ൦ബ് പൊട്ടുമ്പോൾ ഉണ്ടാകുന്ന ‘മഷ്റൂം ക്ലൗഡ്’ പോലെ ആ കൂണ് അവർക്കിടയിൽ ഒരു പടലം തീർത്തിരുന്നു. മാത്രമല്ല, പ്രാതൽ മുതൽ ഉച്ചയൂണുവരെ നീളുന്ന ദീർഘമായൊരു ഇടവേളയും അതിനിടയിൽ സംഭവിച്ചുപോയി. അയാൾ ഒന്നും ചോദിച്ചില്ലെങ്കിലും സംഭവത്തിന്റെ കാരണക്കാരി എന്ന നിലയിൽ ഉണ്ണിമേരിക്ക് ഒരു വിശദീകരണം നൽകാമായിരുന്നു.
സോണിയ ആവശ്യമില്ലാതെ ഉണ്ണിമേരിയെക്കൊണ്ട് സംസാരിപ്പിക്കാൻ നോക്കണ്ട. അവൾ ഓരോ വാക്കിനു പിന്നിലും കൂണ് എന്ന നിഴലായി നിന്നുകൊള്ളട്ടെ. ശല്യപ്പെടുത്തണ്ട.
ആയ്ക്കോട്ടെ, മേതിലിന്റെ ഇഷ്ടം...
പക്ഷെ ഭാര്യ സവിതയും ഒന്നും മിണ്ടിയില്ലല്ലോ?
സവിത സംസാരിക്കുന്നുണ്ട്. അയാൾ കുളി കഴിഞ്ഞിറങ്ങുമ്പോൾ അവൾ കുളിക്കാൻ കയറുന്നു. സ്പഞ്ച് പോലെ സുഷിരങ്ങളായി കുളിമുറിയിൽ നിറഞ്ഞുനില്ക്കുന്ന നീരാവിയിലേയ്ക്കാണ് അവൾ കടക്കുന്നത്. അവിടെ നിറഞ്ഞുനിന്ന അയാളുടെ ശ്വാസവും, കുളിക്കവേ കൊഴിഞ്ഞുവീണ ചർമ്മത്തിലെ ചത്ത കോശങ്ങളും അവളോട് സംവദിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒഴിഞ്ഞുകിടക്കുന്ന ഡൈനിംഗ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന വിജനതയും ഏകാന്തതയും ഓർക്കവേ സവിതയുടെ സാന്നിദ്ധ്യം അയാൾക്ക് ആവശ്യമായി തോന്നി. സിക്സ്ത് സെൻസ് പ്രതിഭാസം അവിടെ സമൃദ്ധമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ സവിത ആ നിമിഷം അവിടെ എത്തേണ്ടതായിരുന്നു. അത്രമാത്രം തീഷ്ണമായാണ് അയാൾ അവളെ ഓർക്കുന്നത്.
അതാ, അയാൾ ആ കറി വിളമ്പുകയാണ്. റൊട്ടിയ്ക്കു മുകളിൽ മണ്ണിന്റെയും മൈക്രോബുകളുടെയും ചൂരടങ്ങാത്ത ആ കൂണ്, ഒരു മുഴുവൻ കൂണ്! അയാൾ പൊടുന്നനെ കസാല പിന്നിലേക്ക് തള്ളി ചാടിയെണീറ്റു. കസാലക്കാൽ നിലത്തുരഞ്ഞുണ്ടായത് എലിയുടെ കരച്ചിൽ ശബ്ദം. പൊത്തിനുള്ളിലേക്ക് നീണ്ടുവരുന്ന ചേരയുടെ തല കണ്ട് കരയുന്ന എലിയുടെ അതേ ശബ്ദം. അകമ്പടിയായി എന്തോ നിലത്ത് വീണുടയുന്ന ശബ്ദം അടുക്കളയിൽ നിന്നും ഉണ്ടായി.
വെയിറ്റ്റസ്
ബൾഗേറിയയിലെ ഹോട്ടലിലെ ആ വെയിറ്റ്‌റസ്. ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി അവൾ അയാളെ ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ വെളുത്ത ഉടുപ്പിനുള്ളിൽ ടെന്നിസ് പന്തുകൾ കുത്തിച്ചാടുന്നത് അയാൾ കണ്ടുകാണുമെന്ന് അവൾക്കുറപ്പാണ്. വറുത്ത കൂണും ബിയറും മാത്രം കഴിച്ച് വിശപ്പടക്കുന്ന ഇന്ത്യക്കാരൻ അവൾക്കും ഹോട്ടലിലെ കുക്കുകൾക്കും ഒരു അതിശയമാവുകയാണ്. ആറടി ഉയരമുള്ള ഒരുവന്റെ മുഖം പോലെ തോന്നുമെങ്കിലും അയാൾ ചെറിയ ശരീരമുള്ളൊരു മനുഷ്യനായിരുന്നു. ആൻഡ്രിയോ ബോസെല്ലിയുടെ ‘ബെസോമി മൂചോ’ എന്ന പഴയ സ്പാനിഷ് പാട്ടാലപിക്കുന്ന ക്ലാരിനെറ്റുകാരൻ മാത്രമാണ് കണ്ടത് അവൾ അയാളെ ഇങ്ങനെ നോക്കിനിൽക്കുന്നത്. രോമമില്ലാത്ത മുഖത്ത് ആര്യന്റെ നിറമല്ല, അയാൾക്കൊരു ബ്രസീലിയൻ/മെക്സിക്കൻ ട്രൈബൽ നിറമാണ്. ആ നടപ്പിനൊരു മറഡോണ ലക്ഷണമുണ്ടോ? അതോ അവൾക്ക് വെറുതെ തോന്നിയതാണോ?

എന്നാൽ സസ്യഭുക്കായ അയാളോ, ബൾഗേറിയൻ മെനു കണ്ട് അമ്പരന്നിരിപ്പാണ്. ബിയറും കൂണും മാത്രം കഴിച്ച് നാലഞ്ച് ദിവസം തള്ളിനീക്കുന്നതിന്റെ പ്രതിഷേധപ്രകടനത്തിനായി മറ്റൊരു തീന്മേശ സ്വന്തം വീട്ടിലുണ്ടെന്ന ആശ്വാസത്തിലാണയാൾ.
“എനിക്ക് കുറച്ച് അമേരിക്കൻ ഡോളർ തരുമോ?”, ബൾഗേറിയയുടെ ദേശീയ ചോദ്യം ചോദിച്ചുകൊണ്ട് അവൾ അയാൾക്കരികിൽ നിൽക്കുമ്പോൾ ക്ലാരിനെറ്റുകാരൻ ഇരുവരെയും നോക്കി കണ്ണിറുക്കുന്നത് എന്തിനെന്നാൽ, ആ അമേരിക്കൻ ഡോളർ വിനിമയത്തിനായി അവൾ സൂചിപ്പിച്ച ഇടം എവിടെയെന്ന് അയാൾക്ക് അറിയുന്നതുകൊണ്ടാണ്. അയാളുടെ മുറിയിലേക്കുവന്ന് ഡോളർ വാങ്ങിക്കൊള്ളാം എന്നുള്ള പ്രലോഭനത്തിൽ ക്ലാരിനെറ്റുകാരന് മ്യൂസിക്കൽ നോട്ട്സ് തെറ്റിയില്ല; മേശ വൃത്തിയാക്കുന്നതിനിടയിൽ അവളുടെ ഉടുപ്പിന്റെ മുൻവശത്ത് സോസ് വീണപ്പൊഴും അയാൾക്ക് കൈ വിറച്ചില്ല. എന്നാൽ എന്തോ എടുക്കാനെന്ന ഭാവേന അയാളോട് ചേർന്നുനിന്ന്, “എങ്ങിനെയായാലും എനിക്ക് ഉടുപ്പഴിക്കേണ്ടിവരും” എന്ന് പറയുമ്പോൾ ‘ബെസോമി മോചോയിൽ ’ ഒരു അപസ്വരം വീഴുന്നുണ്ട്.
ആ ബൾഗേറിയക്കാരി വെയിറ്റ്‌റസ്സിന് സോണിയയുടെ ഛായയുണ്ടോ?
ഏയ്, വഴിയില്ല മേതിൽ. സസ്യഭുക്കുകളായും മാംസഭുക്കുകളായും ജനിക്കുന്ന മനുഷ്യരുള്ള ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ജനിക്കും മുൻപ് തന്നെ എന്റെ മരണം വരെയുള്ള ചിട്ടവട്ടങ്ങൾ തീരുമാനിക്കപ്പെട്ടതാണ്. ഇങ്ങനെയുള്ള അന്യ ഛായകൾ എനിക്കുണ്ടാകാൻ സാധ്യത കുറവാണ്.
സസ്യഭുക്കുകളായും മാംസഭുക്കുകളായും ജനിക്കുന്ന മനുഷ്യരുള്ള ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ജനിക്കും മുൻപ് തന്നെ എന്റെ മരണം വരെയുള്ള ചിട്ടവട്ടങ്ങൾ തീരുമാനിക്കപ്പെട്ടതാണ്.
ഉണ്ണിമേരി
ഉണ്ണിമേരിയോട് പിണങ്ങി ഉറങ്ങാൻ കിടന്നതാണ് അയാൾ. ഉച്ചയുറക്കം അയാളിൽ ഒരു പനി പിടിച്ച നോക്കുകുത്തിയെ ജനിപ്പിച്ചു. ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാനാണ് വീടിന്റെ പിൻവശത്തുള്ള തൊടിയിലേക്ക് അയാൾ കടന്നത്. അയാൾ കണ്ട സ്വപ്നത്തിന്റെ ഒരു തുടർച്ചയാണ് ഈ നടത്തം. തന്റെ മുന്നിൽ കണ്ട എന്തിനെയും സ്വപ്നത്തിലെ യാന്ത്രികതയോടെ പിന്‌തുടരുകയാണെന്നാണ് അയാൾ പറയുന്നത്. എന്നാൽ സ്വപ്നം വളരെ അനായസമായി സംഭവിക്കുന്ന ഒന്നാണ്, ഇപ്പോഴുള്ള ഈ നടത്തത്തിലാണ് എനിക്ക് യാന്ത്രികത അനുഭവപ്പെടുന്നത്. തൊടിയുടെ മറ്റേ അറ്റം വരെ ഒരു പൂമ്പാറ്റയെ പിന്തുടർന്നെത്തിയ അയാൾക്ക്, പൂമ്പാറ്റ മെല്ലെ താണ് മണ്ണിലിരുന്നപ്പൊ അതിനൊരു ചൂണ്ടിക്കാട്ടൽ പ്രകൃതമുണ്ടെന്ന് തോന്നി. അയാളെ അവിടെ എത്തിച്ചുനിർത്തിയിട്ട് പൂമ്പാറ്റ ദൗത്യം മുഴുമിപ്പിച്ചതുപോലെ തിടുക്കത്തിൽ പറന്നുയർന്നു.
ഓന്ത്, അരണ, കരിമൂർഖൻ... അങ്ങനെ ആ തൊടിയിൽ കണ്ട പല ജന്തുക്കളെയും വകവയ്ക്കാതെ ആ മഞ്ഞ പൂമ്പാറ്റയെത്തന്നെ പിന്തുടരാനുണ്ടായ കാരണമെന്തെന്ന് സോണിയയ്ക്ക് അറിയാമോ?
എനിക്കറിയില്ല മേതിൽ...
ശരീരമാകമാനം ഇന്ദ്രിയങ്ങൾ ഉള്ള ജീവികൾ അല്ലേ അവ. ചിറകുകൾക്ക് ശ്രവണശക്തിയും, കാലുകൾക്ക് ഘ്രാണശക്തിയും സ്പർശബോധവുമുള്ള പൂമ്പാറ്റകൾ. അനവധി കുഞ്ഞു ലെൻസുകൾ അടുക്കിയ കണ്ണുകളാൽ സർവ്വ ദിശകളും ഒരുമിച്ചു കാണുകയല്ലേ അവർ; യു.വി രശ്മികൾ വരെ കാണുന്നു. മൃദുരോമങ്ങൾ മുതൽ കൊമ്പുപോൽ തെറിച്ചുനില്ക്കുന്ന ആന്റിനകൾ വരെ അതീവ സ൦വേദനശക്തിയുടെ കേന്ദ്രങ്ങളല്ലേ. അവർക്ക് കണ്ടെത്താനാവാത്ത എന്ത് രഹസ്യമാണ് പ്രപഞ്ചത്തിലുള്ളത്?

ആ വിശ്വാസമുള്ളതുകൊണ്ടാണ് പൂമ്പാറ്റ ചൂണ്ടിക്കാണിച്ച ഇടത്തെ അയാൾ സൂക്ഷ്മമായി നിരീക്ഷിച്ചത്. അവിടെ മണ്ണ് കിളച്ചപോലുണ്ടായിരുന്നു. ഉണ്ണിമേരി കൂണ് കിളച്ചെടുത്ത ഇടം വലിയ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ, ഉണ്ണിമേരിയുടെ പോലും സഹായമില്ലാതെ അയാൾ കണ്ടെത്തിയിരിക്കുന്നു.
സ്വപ്നത്തിന്റെ പിന്തുടർച്ച പോലുള്ള ആ നടത്തം അയാളെ എത്തേണ്ടിടത്ത് എത്തിച്ചിരിക്കുന്നു. സ്വപ്നങ്ങൾ സംഭവിക്കുന്നത് ഭൂമിയിലോ അതോ മറ്റേതെങ്കിലും ഇടത്തോ? മറ്റൊരു ഗ്രഹത്തിലോ മറ്റോ? ചിലപ്പോൾ, ഉറങ്ങുമ്പോൾ നാം ഭൂമി വിട്ട് മറ്റൊരു ലോകത്താവും പോവുക, ഉണരുമ്പോൾ തിരിച്ചെത്തുന്നതാവും. സ്വപ്നത്തിലെ നിങ്ങളെ നിങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലല്ലൊ, ഉറങ്ങുന്ന നിങ്ങളെയും നിങ്ങൾ കണ്ടിട്ടില്ല.....എനിക്കുറപ്പാണ്, സ്വപ്നത്തിൽ ഞാൻ മറ്റൊരു ലോകത്ത് ജീവിക്കാൻ പോവുകയാണ്, ഉണരുമ്പോൾ...
ഒന്ന് മതിയാക്കൂ സോണിയാ, ഓരോ ഭ്രാന്തുകൾ!
അയാൾ ആ കുഴി മാന്തി നോക്കുകയാണ്. അതാ, ആ പിഞ്ഞാണം. കൂണ് വഹിച്ചിരുന്ന അതേ കിണ്ണം. ആരോ മണ്ണ് കിളച്ചുമാറ്റി ഉടയാത്ത പിഞ്ഞാണം കുഴിയിൽ കൃത്യമായി ഇറക്കിവച്ച് നടുവിലൊരു കല്ലുകൊണ്ട് കുത്തിയതാണത്രെ. ഉടയ്ക്കാൻ ഉപയോഗിച്ച കല്ലും അയാൾ ആ കുഴിയിൽ നിന്നുതന്നെ കണ്ടെടുത്തു. എന്താ...അത് ഭ്രാന്തല്ലേ മേതിൽ?
‘അതോ? അതൊരു രഹസ്യമാണ് സോണിയാ. ജന്തുവിനിമയത്തിന്റെ ഭാഷയാണത്.’
‘ഉവ്വോ?’
അയാൾ ആ പിഞ്ഞാണം അതേപടി മണ്ണിൽ കുഴിച്ചു മൂടിയെങ്കിലും, അല്പനേരം കഴിഞ്ഞ് നോക്കുമ്പോൾ അത് ഡൈനിംഗ് ഹാളിന്റെ ചുമരിൽ തൂങ്ങിക്കിടക്കുന്നു.
‘അതെങ്ങിനെ?’
‘മേതിൽ കരുതും പോലെ ആ പിഞ്ഞാണം പൊട്ടിയിരുന്നില്ല. അത് ഞാൻ പൊടിതട്ടി എടുത്തുകൊണ്ടുവന്നു. ഇവിടെ തൂക്കി’.
‘എന്തിന്?’
‘‘എന്തിനെന്നോ? മേതിൽ അതവിടെ കുഴിച്ചിട്ട് ‘ടെറിട്ടറി’ രേഖപ്പെടുത്തിയാൽ ഈ കഥകളിലേക്കൊക്കെ ഞാനെങ്ങിനെ കടന്നുകൂടും?”
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
