മേതിൽ രാധാകൃഷ്ണൻ.

മേതിലിന്റെ
യന്ത്രഭാഷാഖ്യാനവും
നിർവികാര
സൗന്ദര്യശാസ്ത്രവും

മേതിൽ രാധാകൃഷ്ണന്റെ രചനകളെ വിശിഷ്ടാരാധനയുടെ അകലത്തിൽ നിർത്താതെ വിമർശനത്തിന്റെ മേശപ്പുറത്ത് വയ്ക്കേണ്ടതുണ്ട് എന്ന വാദമുയർത്തുകയാണ് ബിനോയ് എം.ബി. അദ്ദേഹത്തിന്റെ സാഹിത്യത്തെക്കുറിച്ചുള്ള വിമർശനാത്മകമായ പുനർവായന ആരംഭിക്കേണ്ടത് എവിടെനിന്നാണ് എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിക്കുന്നു.

1. ആസ്വാദനത്തിന്റെ
ദുസ്സങ്കീർണ്ണവഴികൾ

മേതിൽ രാധാകൃഷ്ണൻ.
മലയാളത്തിൻ്റെ സാഹിത്യഭാവുകത്വത്തിന് അപരിചിതവഴികൾ തുറന്ന എഴുത്തുകാരൻ. അദ്ദേഹത്തിന്റെ രചനകളിലേക്കുള്ള പ്രവേശനംതന്നെ ദുസ്സങ്കീർണ്ണമായ ആസ്വാദനപ്രക്രിയയാണ്. വായനക്കാർ കഥ വായിക്കുകയാണോ, ഒരു ശാസ്ത്രീയ പ്രബന്ധത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്തത് കണ്ടനുഭവിക്കുകയാണോ, അതോ ഏതോ അജ്ഞാതയന്ത്രത്തിന്റെ പ്രവർത്തനരീതി മനസ്സിലാക്കുകയാണോ എന്ന ആശയക്കുഴപ്പം പലപ്പോഴും അവ അനുഭവപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ എഴുത്തിൽ ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം, പ്രകൃതിശാസ്ത്രം, പ്രാണിലോകം, സംഗീതം, ചരിത്രം, പുരാണം എന്നിവയെല്ലാം കടന്നുവരുന്നു. ഇതെല്ലാം സാഹിത്യത്തിന്റെ ഭാഗമാകുന്നതിൽ സ്വാഭാവികമായും തെറ്റില്ല. എന്നാൽ ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു:

വിജ്ഞാനത്തിന്റെ സമാഹരണം സാഹിത്യത്തിന്റെ സൗന്ദര്യമായി മാറുന്നുണ്ടോ? അതോ, വിജ്ഞാനത്തിന്റെ സ്പെയർപാർട്ടുകൾ കൂട്ടിച്ചേർത്ത് സാഹിത്യത്തിന്റെ ഒരു യന്ത്രരൂപം നിർമ്മിക്കപ്പെടുകയാണോ ചെയ്യുന്നത്?

ഇവിടെയാണ് മേതിലിന്റെ രചനകളെ വിമർശനാത്മകമായി പുനർവായിക്കേണ്ടിവരുന്നത്.

അദ്ദേഹത്തിന്റെ കൃതികളിലെ സങ്കീർണ്ണതയെ ആഴത്തിന്റെ പര്യായമായി സ്വീകരിക്കുന്നതിനു പകരം, ആ സങ്കീർണ്ണതയുടെ പ്രവർത്തനരീതി പരിശോധിക്കണം. ഒരു രചന വായനയിൽ ദുഷ്കരമായതുകൊണ്ടുമാത്രം മഹത്തരമാകുന്നില്ല. അതിന്റെ ദുഷ്കരത മനുഷ്യാനുഭവത്തെ എത്രത്തോളം പുതിയതായി വെളിപ്പെടുത്തുന്നു എന്നതാണ് അതിൻ്റെ സാഹിത്യപരമായ പ്രസക്തി.

2. നിർവികാരതയുടെ പരമകാഷ്ഠ

മേതിലിന്റെ എഴുത്തിൽ കാണുന്ന ശ്രദ്ധേയമായ ഒരു സവിശേഷതയാണ് നിർവികാരത.

മനുഷ്യർ, ജീവജാലങ്ങൾ, പ്രകൃതി, വസ്തുക്കൾ എന്നിവയെ നിരീക്ഷിക്കുമ്പോൾ എഴുത്തുകാരൻ വൈകാരികമായ ഇടപെടലുകളിൽനിന്ന് മാറിനിൽക്കുന്ന ഒരു സമീപനം സ്വീകരിക്കുന്നു. കഥാപാത്രങ്ങളുടെ സങ്കടങ്ങളോ ആഗ്രഹങ്ങളോ സഹാനുഭൂതിയുടെ വഴിയിലൂടെ അവതരിപ്പിക്കപ്പെടുന്നില്ല. അവ്വിധം മനുഷ്യർ കേവലയന്ത്രങ്ങളായി മാറുകയാണ്.

ഇത് കലാപരമായ സാധ്യതയാണ്. എഴുത്തുകാരുടെ നിർവികാരത വായനക്കാരിൽ കൂടുതൽ ശക്തമായ വൈകാരിക പ്രതിപ്രവർത്തനം സൃഷ്ടിക്കാനുതക്കുന്നു.

എന്നാൽ, ഇവിടെ ഒരു പ്രശ്നമുണ്ട്.

നിർവികാരത കലാപരമായ അകലം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ അതിന് സൗന്ദര്യശാസ്ത്രപരമായ പ്രസക്തിയുണ്ട്. എന്നാൽ; അത് മനുഷ്യാനുഭവത്തിന്റെ വൈകാരികമായ സങ്കീർണ്ണതകളെ നിരന്തരം പുറത്തുനിർത്തുന്നുവെങ്കിൽ, രചനയിൽ യാന്ത്രികത രൂപപ്പെടുന്നു. കഥാപാത്രങ്ങൾ അനുഭവിക്കുന്നവരേക്കാൾ നിരീക്ഷിക്കപ്പെടുന്ന വസ്തുക്കളായി മാറുന്നു. മനുഷ്യൻ ഒരു അനുഭവസത്ത എന്നതിലുപരി പഠനവിഷയമാകുന്നു. അപ്പോൾ കഥനസാഹിത്യത്തിലെ മനുഷ്യർക്ക് പകരം അവരെക്കുറിച്ചുള്ള അറിവുകൾ കഥയിൽ പ്രവർത്തിക്കുന്നു. ഇതിനെ നിർവികാരതയുടെ യന്ത്രവൽക്കരണം എന്നു വിളിക്കാം.

3. ഉട്ടോപ്യൻ പാരിസ്ഥിതിക ഫണ്ടമെന്റലിസം

മേതിലിന്റെ രചനകളിൽ പ്രകൃതിക്കും ചെറുജീവികൾക്കും പ്രാണിലോകത്തിനും വലിയ പ്രാധാന്യമുണ്ട്. മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ ചോദ്യം ചെയ്യാനുള്ള ഒരു ശ്രമം അവിടെ കാണാം. മനുഷ്യൻ മാത്രമല്ല പ്രപഞ്ചത്തിന്റെ കേന്ദ്രം. മറ്റു ജീവജാലങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. മനുഷ്യന്റെ അധികാരബോധം പ്രകൃതിയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു സങ്കൽപ്പം മാത്രമാണ്. ഈ കാഴ്ചപ്പാടിന് പരിസ്ഥിതിശാസ്ത്രപരമായ പ്രാധാന്യമുണ്ട്.

എന്നാൽ, പ്രകൃതിയോടുള്ള സമന്വയം എന്ന ആശയംതന്നെ ചില അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
പ്രകൃതിയിൽ സമാധാനമുണ്ടോ?
ജീവജാലങ്ങൾ പരസ്പരം സ്നേഹിച്ചും, സഹകരിച്ചുമാണോ പ്രകൃതിയിൽ നിലനിൽക്കുന്നത്?

മേതിലിന്റെ രചനകളിൽ പ്രകൃതിക്കും ചെറുജീവികൾക്കും പ്രാണിലോകത്തിനും വലിയ പ്രാധാന്യമുണ്ട്.
മേതിലിന്റെ രചനകളിൽ പ്രകൃതിക്കും ചെറുജീവികൾക്കും പ്രാണിലോകത്തിനും വലിയ പ്രാധാന്യമുണ്ട്.

അല്ല. പ്രകൃതിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനഘടനയിൽതന്നെ വേട്ടയാടലും, ഇരയാകലും, പരാദജീവിതവും, മത്സരവും, അധിനിവേശവും, കൊലപാതകവും ഉൾപ്പെട്ടിരിക്കുന്നു. ഒരു ജീവിയുടെ അതിജീവനം മറ്റൊരു ജീവിയുടെ ഹത്യയുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങൾ അനവധിയാണ്.

പരസ്പരം കൊന്നും, വേട്ടയാടിയും, ഭക്ഷിച്ചും നിലകൊള്ളുന്ന ജീവിവർഗങ്ങളുമായി മനുഷ്യൻ സമന്വയം കാംക്ഷിക്കുന്നത് ഒരു ഉട്ടോപ്യൻ സ്വപ്നമാണ്. മേതിലിന്റെ പാരിസ്ഥിതിക ദർശനത്തെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥ മാറ്റിനിർത്താനാവില്ല. മലയാള സാഹിത്യത്തിൽ മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ ഏറ്റവും സ്വാഭാവികമായും, സർഗാത്മകമായും ചോദ്യംചെയ്ത കഥയാണിത്. ഭൂമി മനുഷ്യന്റെ മാത്രം സ്വത്തല്ലെന്നും; അതിലെ ചെറുതും, വലുതുമായ എല്ലാ ജീവജാലങ്ങൾക്കും അതിൽ അവകാശമുണ്ടെന്നും ബഷീർ ഓർമിപ്പിക്കുന്നു.

പ്രകൃതിയുടെ ജൈവികമായ സംഘർഷങ്ങളെ തിരിച്ചറിയാതെ സമന്വയത്തെ ഒരു പരമമൂല്യമായി ഉയർത്തുന്ന സമീപനം പ്രകൃതിയെ മറ്റൊരു ഉട്ടോപ്യൻ സങ്കൽപ്പമായി മാറ്റാനുള്ള സാധ്യതയുണ്ട്. ഇതിനെ വിമർശനപരമായി ഉട്ടോപ്യൻ പാരിസ്ഥിതിക ഫണ്ടമെന്റലിസം എന്നു വിശേഷിപ്പിക്കാം.

എന്നാൽ; ബഷീറിന്റെ പ്രകൃതിദർശനവും, മേതിലിന്റെ പ്രകൃതിദർശനവും തമ്മിൽ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. ബഷീർ പ്രകൃതിയിലേക്ക് പ്രവേശിക്കുന്നത് ഒരു ശാസ്ത്രജ്ഞന്റെ നിരീക്ഷണവുമായല്ല; സഹജീവിതത്തിന്റെ അനുഭവവുമായാണ്. ഉറുമ്പുകളും, പാമ്പുകളും, പക്ഷികളും, മറ്റു ജീവജാലങ്ങളും അദ്ദേഹത്തിന്റെ ലോകത്ത് പഠനവിധേയമായ ജൈവികപ്രതിഭാസങ്ങൾ മാത്രമല്ല. അവ ഭൂമിയിലെ സഹഅവകാശികളാണ്. അവയുടെ നിലനിൽപ്പിനെ അംഗീകരിക്കാൻ മനുഷ്യൻ തന്റെ ഉടമസ്ഥതാബോധം ഉപേക്ഷിക്കണം.

ബഷീറിന്റെ പ്രകൃതിദർശനത്തിൽ ഒരു ജനാധിപത്യമുണ്ട്. അവിടെ മനുഷ്യന് പ്രത്യേകമായ അധികാരാവകാശങ്ങളില്ല. മനുഷ്യൻ പ്രകൃതിയുടെ അധിപനല്ല, സഹവാസിയാണ്. പ്രകൃതിയെക്കുറിച്ചുള്ള അറിവിനേക്കാൾ പ്രകൃതിയോടൊപ്പം ജീവിക്കുന്നതിന്റെ അനുഭവത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്.

ഇവിടെയാണ് മേതിലിന്റെ പ്രകൃതിദർശനവുമായി ബഷീറിൻ്റേതിന് താരതമ്യം പ്രസക്തമാകുന്നത്. മേതിലിന്റെ രചനകളിൽ പ്രകൃതിയും, ജീവജാലങ്ങളും ശാസ്ത്രീയമായ നിരീക്ഷണത്തിന്റെയും, ദാർശനികമായ അന്വേഷണത്തിന്റെയും വിഷയങ്ങളായി പ്രത്യക്ഷപ്പെടുന്നു. പ്രകൃതിയുടെ സൂക്ഷ്മഘടനകളിലേക്കും, ജീവജാലങ്ങളുടെ പ്രവർത്തനരീതികളിലേക്കും കടന്നുചെല്ലുന്ന അദ്ദേഹത്തിന്റെ വിജ്ഞാനപരമായ സമീപനം ശ്രദ്ധേയമാണ്. എന്നാൽ പ്രകൃതിയെക്കുറിച്ചുള്ള അറിവ് പ്രകൃതിയോടുള്ള അനുഭവപരമായ അടുപ്പമാണോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.

മലയാള സാഹിത്യത്തിൽ മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ ഏറ്റവും സ്വാഭാവികമായും, സർഗാത്മകമായും ചോദ്യംചെയ്ത കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍.
മലയാള സാഹിത്യത്തിൽ മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തെ ഏറ്റവും സ്വാഭാവികമായും, സർഗാത്മകമായും ചോദ്യംചെയ്ത കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍.

പ്രകൃതിയിൽ സമന്വയമുണ്ടോ? അതോ അതിജീവനത്തിനായുള്ള നിരന്തരമായ സംഘർഷമാണോ അതിന്റെ അടിസ്ഥാനഘടന? പരസ്പരം വേട്ടയാടിയും, ഭക്ഷിച്ചും, കീഴടക്കിയും നിലനിൽക്കുന്ന ജീവിവർഗങ്ങളാണ് പ്രകൃതിയുടെ ജൈവിക യാഥാർഥ്യം. ഒരു ജീവിയുടെ നിലനിൽപ്പ് മറ്റൊരു ജീവിയുടെ മരണവുമായി ബന്ധപ്പെടുന്ന അനേകം സാഹചര്യങ്ങളുണ്ട്. ഈ സംഘർഷാത്മകമായ പ്രകൃതിയിൽ സമ്പൂർണമായ സമന്വയം പ്രതീക്ഷിക്കുന്നത് ഉട്ടോപ്യൻ സങ്കൽപ്പമാണ്.

ഇവിടെ ബഷീറിനെ തെറ്റിദ്ധരിക്കരുത്. അദ്ദേഹം പ്രകൃതിയെ സംഘർഷരഹിതമായ ഒരു സ്വർഗമായി അവതരിപ്പിക്കുന്നില്ല. മറിച്ച്, പ്രകൃതിയിലെ സംഘർഷങ്ങൾക്കിടയിലും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബഹുമാനിക്കാനുള്ള മനുഷ്യന്റെ ധാർമിക ഉത്തരവാദിത്വമാണ് ഓർമിപ്പിക്കുന്നത്. അതിനാൽ ബഷീറിന്റെ പ്രകൃതിസ്നേഹം പ്രകൃതിയുടെ ക്രൂരതകളെ നിഷേധിക്കുന്നതല്ല; മനുഷ്യന്റെ അധികാരബോധത്തെ ചോദ്യംചെയ്യുന്നതാണ്.

മേതിലിന്റെ പാരിസ്ഥിതിക ദർശനത്തെ വിമർശിക്കുമ്പോൾ ഈ വ്യത്യാസം നിർണായകമാണ്. പ്രകൃതിയുടെ ജൈവികമായ സംഘർഷങ്ങളെ തിരിച്ചറിയാതെ സമന്വയത്തെ ഒരു പരമമൂല്യമായി ഉയർത്തുന്ന സമീപനം പ്രകൃതിയെ മറ്റൊരു ഉട്ടോപ്യൻ സങ്കൽപ്പമായി മാറ്റാനുള്ള സാധ്യതയുണ്ട്. ഇതിനെ വിമർശനപരമായി ഉട്ടോപ്യൻ പാരിസ്ഥിതിക ഫണ്ടമെന്റലിസം എന്നു വിശേഷിപ്പിക്കാം.

ഒരു യന്ത്രത്തിന് പ്രവർത്തിക്കാൻ പല ഭാഗങ്ങൾ ആവശ്യമാണ്. ഓരോ ഭാഗത്തിനും അതിന്റേതായ ധർമമുണ്ട്. അവയെ കൃത്യമായ ക്രമത്തിൽ കൂട്ടിച്ചേർത്താൽ യന്ത്രം പ്രവർത്തിക്കും. ഇതേ മാതൃകയിൽ ഒരു സാഹിത്യരചനയും നിർമ്മിക്കപ്പെടുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക?

‘ഭൂമിയുടെ അവകാശികൾ’ പ്രകൃതിയുടെ ജനാധിപത്യത്തെ ജീവിതാനുഭവമാക്കുമ്പോൾ മേതിലിന്റെ എഴുത്തിൽ പ്രകൃതിയുടെ വിജ്ഞാനപരവും, ഘടനാപരവുമായ നിരീക്ഷണത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഒരാൾ ജീവജാലങ്ങളോടൊപ്പം സഹവസിക്കുന്നു; മറ്റൊരാൾ അവയുടെ നിലനിൽപ്പിനെ നിരീക്ഷണത്തിന്റെയും, ചിന്തയുടെയും പരിധിയിൽ മാത്രം കൊണ്ടുവരുന്നു.

ഇവിടെ ഉയരുന്ന ചോദ്യം വളരെ ലളിതവും അതേസമയം അസ്വസ്ഥതയുളവാക്കുന്നതുമാണ്: പ്രകൃതിയെക്കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്നവരാണോ പ്രകൃതിയോട് ഏറ്റവും അടുത്തുനിൽക്കുന്നത്? അതോ പ്രകൃതിയിലെ മറ്റൊരു ജീവിയുടെ നിലനിൽപ്പിനെ സ്വന്തം നിലനിൽപ്പിനോളം അംഗീകരിക്കുന്നവനോ?

ഈ താരതമ്യം മേതിലിനെ ചെറുതാക്കാനല്ല. അദ്ദേഹത്തിന്റെ പ്രകൃതിദർശനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ പരിമിതികളും സാധ്യതകളും തിരിച്ചറിയാനാണ്. ഇവിടെയാണ് മേതിലിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടിനെ വിമർശനാത്മകമായി പരിശോധിക്കേണ്ടത്.

പ്രകൃതിയോടുള്ള ആദരവ് പ്രകൃതിയുടെ ക്രൂരതകളെ ന്യായീകരിക്കുന്നതാകരുത്. പ്രകൃതിയെ ഒരു ധാർമിക മാതൃകയായി അവതരിപ്പിക്കുന്നതിലും അപകടമുണ്ട്. പ്രകൃതി ധാർമികതയുടെ അധ്യാപികയല്ല; അതിജീവനത്തിന്റെയും ആധിപത്യത്തിൻ്റേയും ഹിംസാസങ്കീർണ്ണമായ ജൈവികവ്യവസ്ഥയാണ്.

അതിനാൽ; മേതിലിന്റെ പ്രകൃതിദർശനത്തിൽ സമന്വയാഭിലാഷവും പ്രകൃതിയുടെ യഥാർഥ സംഘർഷാത്മകതയും തമ്മിലുള്ള വൈരുധ്യം അന്വേഷിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ വൈപരീത്യവൈരുദ്ധ്യാധിഷ്ഠിതമായ മേതിലിയൻദർശനത്തെ ‘ഉട്ടോപ്യൻ പാരിസ്ഥിതിക ഫണ്ടമെന്റലിസം’ എന്നു വിശേഷിപ്പിക്കാം.

മേതിലിന്റെ പ്രകൃതിദർശനത്തിൽ സമന്വയാഭിലാഷവും പ്രകൃതിയുടെ യഥാർഥ സംഘർഷാത്മകതയും തമ്മിലുള്ള വൈരുധ്യം അന്വേഷിക്കേണ്ടതുണ്ട്.
മേതിലിന്റെ പ്രകൃതിദർശനത്തിൽ സമന്വയാഭിലാഷവും പ്രകൃതിയുടെ യഥാർഥ സംഘർഷാത്മകതയും തമ്മിലുള്ള വൈരുധ്യം അന്വേഷിക്കേണ്ടതുണ്ട്.

4. യന്ത്രഭാഷാഖ്യാനവും
സാഹിത്യത്തിലെ സ്പെയർപാർട്ട്സ്
നിർമ്മിതികളും

മേതിലിന്റെ രചനകളെ വിശകലനം ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്ന ചോദ്യം ഭാഷയുടെ സങ്കീർണ്ണസ്വഭാവമാണ്.

ഭാഷ സാഹിത്യത്തിൽ വെറും ആശയവിനിമയ ഉപകരണമല്ല. അത് അനുഭവത്തിന്റെ ശരീരമാണ്. ഒരു വാക്കിന് അതിന്റെ നിഘണ്ടുവ്യാഖ്യാനത്തിനപ്പുറം വൈകാരികവും, സാംസ്കാരികവും, ചരിത്രപരവുമായ അർത്ഥതലങ്ങളുണ്ട്. മേതിലിന്റെ എഴുത്തിൽ ശാസ്ത്രീയ പദാവലികളും, സാങ്കേതിക സൂചനകളും, അപരിചിതമായ രൂപകങ്ങളും, ആശയങ്ങളുടെ സങ്കീർണ്ണമായ വിന്യാസങ്ങളും കാണാം. ഇതിലൂടെ ഭാഷയ്ക്ക് പുതിയ സാധ്യതകൾ ലഭിക്കുന്നു. എന്നാൽ ഒരേസമയം ഭാഷയുടെ സ്വാഭാവികമായ വൈകാരികപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു.

ഒരു യന്ത്രത്തിന് പ്രവർത്തിക്കാൻ പല ഭാഗങ്ങൾ ആവശ്യമാണ്. ഓരോ ഭാഗത്തിനും അതിന്റേതായ ധർമമുണ്ട്. അവയെ കൃത്യമായ ക്രമത്തിൽ കൂട്ടിച്ചേർത്താൽ യന്ത്രം പ്രവർത്തിക്കും. ഇതേ മാതൃകയിൽ ഒരു സാഹിത്യരചനയും നിർമ്മിക്കപ്പെടുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക?

ശാസ്ത്രം ഒരു ഭാഗം.
തത്വചിന്ത മറ്റൊരു ഭാഗം.
പ്രകൃതിശാസ്ത്രം മൂന്നാമത്തെ ഭാഗം.
പുരാണം നാലാമത്തെ ഭാഗം.
മനഃശാസ്ത്രം അഞ്ചാമത്തെ ഭാഗം.
അവയെ ബന്ധിപ്പിക്കാൻ രൂപകങ്ങളും, സങ്കീർണ്ണമായ ഭാഷയും.
അങ്ങനെ ഒരു സാഹിത്യയന്ത്രം പ്രവർത്തനക്ഷമമാകുന്നു.

പക്ഷേ; ആ യന്ത്രത്തിൽ മനുഷ്യന്റെ കണ്ണുനീർ എവിടെയാണ്? അവരുടെ പരാജയത്തിന്റെ വിറയൽ എവിടെയാണ്? പ്രണയത്തിന്റെ അസംബന്ധവും, മരണത്തിന്റെ നിശ്ശബ്ദതയും എവിടെയാണ്?

ഇവയെല്ലാം ശാസ്ത്രീയമായ നിരീക്ഷണങ്ങളായി മാറ്റുമ്പോൾ സാഹിത്യത്തിന് നഷ്ടപ്പെടുന്നത് അതിന്റെ അനുഭവപരമായ ഊഷ്മളതയത്രേ. ഇതുകൊണ്ടാണ് മേതിലിന്റെ രചനകളെ ‘യന്ത്രഭാഷാഖ്യാനം’ എന്ന വിമർശനസങ്കൽപ്പത്തിലൂടെ വായിക്കേണ്ടിവരുന്നത്.

ഇത് ഒരു മനുഷ്യ കമ്പ്യൂട്ടർ എഴുതിയ ഭാഷയാണെന്ന് വരുന്നു. തന്നെയുമല്ല; ഭാഷയുടെ യാന്ത്രികമായ ഘടനയും ആശയങ്ങളുടെ സ്പെയർപാർട്ട്സ് വിന്യാസവും മുൻനിർത്തിയുള്ള ഒരു സൗന്ദര്യശാസ്ത്രവിശകലനത്തിന് സാധുതയുമുണ്ടാക്കുന്നു.

5. ജെയിംസ് ജോയ്സ്:
ബോധത്തിന്റെ യന്ത്രമോ,
അനുഭവത്തിന്റെ സംഗീതമോ?

ജെയിംസ് ജോയ്സിന്റെ യുലീസസ് (‘Ulysses’), ഫിനെഗൻസ് വെയ്ക് (‘Finnegans Wake’) എന്നീ കൃതികൾ സാഹിത്യചരിത്രത്തിലെ വലിയ ആഖ്യാനപരീക്ഷണങ്ങളാണ്. ജോയ്സ് ഭാഷയെ തകർക്കുകയും, പുനർനിർമിക്കുകയും ചെയ്യുന്നു. ബോധധാരയെ ആഖ്യാനമാക്കുന്നു. പുരാണത്തെ ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ; മേതിൽ രാധാകൃഷ്ണൻ്റേതു കണക്കെ ജോയ്സിന്റെ സങ്കീർണ്ണത വെറും വിജ്ഞാനപ്രദർശനമല്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചിന്തിക്കുകയും, ആഗ്രഹിക്കുകയും, ഭയപ്പെടുകയും, ഓർക്കുകയും ചെയ്യുന്ന മനുഷ്യരാണ്. ഭാഷയുടെ പരീക്ഷണങ്ങൾ അവരുടെ ആന്തരിക അനുഭവങ്ങളുമായി ബന്ധപ്പെടുന്നു.

ജെയിംസ് ജോയ്സിന്റെ യുലീസസ് (‘Ulysses’), ഫിനെഗൻസ് വെയ്ക് (‘Finnegans Wake’) എന്നീ കൃതികൾ സാഹിത്യചരിത്രത്തിലെ വലിയ ആഖ്യാനപരീക്ഷണങ്ങളാണ്. ജോയ്സ് ഭാഷയെ തകർക്കുകയും, പുനർനിർമിക്കുകയും ചെയ്യുന്നു.
ജെയിംസ് ജോയ്സിന്റെ യുലീസസ് (‘Ulysses’), ഫിനെഗൻസ് വെയ്ക് (‘Finnegans Wake’) എന്നീ കൃതികൾ സാഹിത്യചരിത്രത്തിലെ വലിയ ആഖ്യാനപരീക്ഷണങ്ങളാണ്. ജോയ്സ് ഭാഷയെ തകർക്കുകയും, പുനർനിർമിക്കുകയും ചെയ്യുന്നു.

ജോയ്സിന്റെ സങ്കീർണ്ണത മനുഷ്യബോധത്തിന്റെ അനിയന്ത്രിതമായ പ്രവാഹത്തെ ആവിഷ്കരിക്കുന്നു. മേതിലിന്റെ സങ്കീർണ്ണതയിൽ വിജ്ഞാനശാഖകളുടെയും രൂപകങ്ങളുടെയും ഘടനാപരമായ വിന്യാസം കൂടുതൽ പ്രാധാന്യം നേടുന്നു. ജെയിംസ് ജോയ്‌സിൽ നിന്ന് മുഖ്യമായ ഊർജ്ജപ്രവാഹിനിയായി ധാരപ്പെട്ട മേതിൽ സാഹിത്യം ജോയ്സിൻ്റേതിൽ നിന്ന് വിപരീതമായി, മനുഷ്യചേതനയെ തിരസ്കരിച്ച് മനുഷ്യശരീരത്തെ മാത്രം ആവിഷ്കൃതമാക്കുന്നതിൽ ഊന്നുന്നു. ജീവിതത്തിൽനിന്ന് ബഹുകാതം അകലുകയും ചെയ്യുന്നു.

6. കാഫ്ക: അസ്തിത്വത്തിന്റെ യന്ത്രവൽക്കരണം

ഫ്രാൻസ് കാഫ്കയുടെ ‘The Trial’, ‘The Castle’, ‘The Metamorphosis’ എന്നിവ മനുഷ്യന്റെ അസ്തിത്വത്തെ അപരിചിതമായ വ്യവസ്ഥകളുടെ മുന്നിൽ നിർത്തുന്നു. കാഫ്കയുടെ ലോകത്ത് മനുഷ്യൻ പലപ്പോഴും തനിക്കുതന്നെ വിശദീകരിക്കാനാവാത്ത ഒരു യന്ത്രവ്യവസ്ഥയുടെ ഇരയുമാകുന്നു. അവിടെ യന്ത്രം ഒരു ഉപകരണം മാത്രമല്ല. മനുഷ്യന്റെ നിലനിൽപ്പിനെ നിയന്ത്രിക്കുന്ന അദൃശ്യമായ അധികാരഘടനയാണ്.

മേതിലിന്റെ രചനകളിൽ യന്ത്രവും, സാങ്കേതികവിദ്യയും, വിജ്ഞാനവും മറ്റൊരു തലത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അവ ചിന്തയുടെ ഘടകങ്ങളായും ഭാഷയുടെ ഉപകരണങ്ങളായും മാറുന്നു.

കാഫ്ക, മനുഷ്യൻ യന്ത്രത്തിനുള്ളിൽ കുടുങ്ങിപ്പോകുന്നതിന്റെ അസ്തിത്വപരമായ ദുരന്തം അവതരിപ്പിക്കുമ്പോൾ മേതിൽ, യന്ത്രത്തിന്റെ ഘടനയെതന്നെ സാഹിത്യത്തിന്റെ ആവിഷ്കാരമാക്കുന്നു.

ബോർഹെസ് വായനക്കാരെ ഒരു ആശയത്തിന്റെ അനന്തമായ ഇടനാഴികളിലേക്ക് നയിക്കുന്നു. മേതിൽ പലപ്പോഴും ഒരു വിജ്ഞാനഘടനയുടെ വിവിധ അറകളിലേക്ക് വായനക്കാരനെ പ്രവേശിപ്പിക്കുന്നു.

7. ബോർഹെസ്: ആശയങ്ങളുടെ ലാബിറിന്തും, മേതിലിന്റെ വിജ്ഞാനവിന്യാസവും

ജോർജ് ലൂയി ബോർഹെസിന്റെ ഫിക്സിയോണസ് (‘Ficciones’), ദ അലിഫ് (‘The Aleph’) തുടങ്ങിയ കൃതികളിൽ അറിവും അനന്തതയും സമയവും സ്ഥലവും സ്വപ്നവും പരസ്പരം പിണഞ്ഞുകിടക്കുന്നു. ബോർഹെസിന്റെ കഥകൾ പലപ്പോഴും ഒരു ദാർശനിക ആശയത്തിന്റെ അത്ഭുതകരമായ സാഹിത്യരൂപങ്ങളാണ്.

മേതിലിന്റെ രചനകളിലും ശാസ്ത്രവും, തത്ത്വചിന്തയും സാഹിത്യവും തമ്മിലുള്ള അതിരുകൾ മങ്ങുന്നുണ്ട്.
എന്നാൽ, ബോർഹെസിന്റെ ആശയലോകം ഒരു ബൗദ്ധികമായ കടങ്കഥയുടെ സ്വഭാവം കൈവരിക്കുമ്പോൾ മേതിലിന്റെ വിജ്ഞാനവിന്യാസം പ്രകൃതിയുടെയും, ശാസ്ത്രത്തിന്റെയും ,പ്രപഞ്ചത്തിൻ്റേയും സൂക്ഷ്മതകളിലേക്ക് സഞ്ചരിക്കുന്നു.

ബോർഹെസ് വായനക്കാരെ ഒരു ആശയത്തിന്റെ അനന്തമായ ഇടനാഴികളിലേക്ക് നയിക്കുന്നു. മേതിൽ പലപ്പോഴും ഒരു വിജ്ഞാനഘടനയുടെ വിവിധ അറകളിലേക്ക് വായനക്കാരനെ പ്രവേശിപ്പിക്കുന്നു.

ഇരുവരുടെയും വായനയിൽ ബൗദ്ധികമായ അധ്വാനം ആവശ്യമാണ്. എന്നാൽ, അവരുടെ കലാപരമായ ലക്ഷ്യങ്ങൾ ഒന്നല്ല.

8. പ്രൂസ്റ്റ്: ഓർമ്മയുടെ മനുഷ്യനും,
മേതിലിന്റെ നിരീക്ഷണലോകവും

മാർസെൽ പ്രൂസ്റ്റിന്റെ ‘In Search of Lost Time’ മനുഷ്യന്റെ ഓർമ്മയെയും കാലത്തെയും അനുഭവത്തെയും അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്നു. പ്രൂസ്റ്റിന്റെ ലോകത്ത് ഒരു രുചി, ഗന്ധം, ശബ്ദം എന്നിവ ഭൂതകാലത്തെ പുനർജീവിപ്പിക്കുന്നു. ഓർമ്മ വെറുമൊരു വിവരശേഖരമല്ല. അത് മനുഷ്യന്റെ അനുഭവത്തെ പുനർനിർമിക്കുന്ന സർഗാത്മക പ്രക്രിയയാണ്.

മേതിലിന്റെ എഴുത്തിൽ നിരീക്ഷണത്തിന് വലിയ സ്ഥാനമുണ്ട്. എന്നാൽ നിരീക്ഷണവും, ഓർമ്മയും ഒരേ കാര്യമല്ല. പ്രൂസ്റ്റ് അനുഭവത്തിന്റെ ആന്തരികമായ കാലത്തെ അന്വേഷിക്കുന്നു. മേതിൽ വസ്തുക്കളുടെയും, ജീവജാലങ്ങളുടെയും, ശാസ്ത്രീയവും, ദാർശനികവുമായ അർത്ഥതലങ്ങളെ അന്വേഷിക്കുന്നു.

ഇവിടെ ഒരു വിമർശചോദ്യം ഉയരുന്നു:

മനുഷ്യൻ എന്ത് അനുഭവിക്കുന്നു എന്നതിനെക്കാൾ മനുഷ്യൻ എന്തെല്ലാം അറിയുന്നു എന്നതിനാണോ മേതിലിന്റെ രചനകളിൽ കൂടുതൽ പ്രാധാന്യം?

ഈ ചോദ്യം അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ വൈകാരിക ഘടനയെ പ്രശ്നവൽക്കരിക്കുന്നു.

ഫ്രാൻസ് കാഫ്കയുടെ ‘The Trial’, ‘The Castle’, ‘The Metamorphosis’ എന്നിവ മനുഷ്യന്റെ അസ്തിത്വത്തെ അപരിചിതമായ വ്യവസ്ഥകളുടെ മുന്നിൽ നിർത്തുന്നു.
ഫ്രാൻസ് കാഫ്കയുടെ ‘The Trial’, ‘The Castle’, ‘The Metamorphosis’ എന്നിവ മനുഷ്യന്റെ അസ്തിത്വത്തെ അപരിചിതമായ വ്യവസ്ഥകളുടെ മുന്നിൽ നിർത്തുന്നു.

9. തോമസ് ജോസഫ്: സ്വപ്നത്തിന്റെ ജൈവികതയും, മേതിലിന്റെ യന്ത്രവൽക്കൃത ഭാവനയും

തോമസ് ജോസഫിനെ കൂടി ഈ താരതമ്യത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ പ്രധാനമാണ്.

തോമസ് ജോസഫ് മലയാളത്തിലെ അതുല്യമായ സർറിയലിസ്റ്റ് ഭാവനയുടെ ഉടമയാണ്. ‘ചിത്രശലഭങ്ങളുടെ കപ്പൽ’, ‘അത്ഭുതസമസ്യ’, ‘മരിച്ചവർ സിനിമ കാണുകയാണ്’, ‘പശുവുമായി നടക്കുന്ന ഒരാൾ’, ‘ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്’, ‘ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ’, ‘പരലോക വാസസ്ഥലങ്ങൾ’ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഭാവനാലോകത്തെ പരിചയപ്പെടുത്തുന്നു.

തോമസ് ജോസഫിന്റെ കഥകളിൽ അസാധാരണമായ സംഭവങ്ങളും, സ്വപ്നസദൃശമായ ദൃശ്യങ്ങളും, യാഥാർഥ്യത്തിന്റെ വിചിത്രമായ പുനർനിർമാണങ്ങളും കാണാം.

മേതിലിന്റെ ഭാവനയിൽ ശാസ്ത്രവും വിജ്ഞാനവും ഘടനാപരമായ നിരീക്ഷണങ്ങളും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു.

തോമസ് ജോസഫിന്റെ ഭാവനയിൽ സ്വപ്നവും, അസംബന്ധവും, ദൈനംദിന ജീവിതവും തമ്മിലുള്ള ജൈവികമായ ലയനമാണ് ശ്രദ്ധേയമാകുന്നത്.

മേതിൽ ഒരു ആശയത്തിന്റെ ഘടനയെ വികസിപ്പിക്കുമ്പോൾ തോമസ് ജോസഫ് ഒരു അസാധാരണ അനുഭവത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.

മേതിലിന്റെ ചില രചനകളിൽ വായനക്കാരൻ ആശയങ്ങളുടെ ഘടന മനസ്സിലാക്കാൻ ബദ്ധപ്പെടുമ്പോൾ തോമസ് ജോസഫിന്റെ കഥകളിൽ വായനക്കാരൻ അനുഭവത്തിന്റെ വിചിത്രമായ ലോകത്തിലേക്ക് അനായാസം ഇഴയ്ക്കപ്പെടുന്നു.

തോമസ് ജോസഫിന്റെ സർറിയലിസം വായനക്കാരനെ സ്വപ്നത്തിന്റെ ജൈവികമായ അസംബന്ധത്തിലേക്ക് കൊണ്ടുപോകുന്നു. മേതിലിന്റെ പരീക്ഷണാത്മകത വായനക്കാരനെ വിജ്ഞാനത്തിന്റെയും, രൂപകങ്ങളുടെയും ദുസ്തരഘടനയിലേക്ക് ക്ഷണിക്കുന്നു.

ഈ വ്യത്യാസം മലയാളത്തിലെ പരീക്ഷണാത്മക കഥയുടെ രണ്ട് സാധ്യതകളെ തുറന്നുകാട്ടുന്നു.ഇവയിൽ തോമസ്ജോസഫിൻ്റേത് സർഗ്ഗാത്മകവും,മേതിലിൻ്റേത് സർഗ്ഗാത്മക നിഷേധത്തിൽ കേവല പദയന്ത്ര പ്രതിലോമനിർമ്മിതിയുമാകുന്നു.

10. മേതിലിന്റെ കൃതികൾ: ഒരു യന്ത്രവായന

മേതിലിന്റെ പ്രധാന കൃതികളെ അവയുടെ വ്യത്യസ്തമായ ആഖ്യാനസാധ്യതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു നോക്കാം.

  • സൂര്യവംശം:

മേതിലിന്റെ ആദ്യകാല നോവലായ ‘സൂര്യവംശം’ അദ്ദേഹത്തിന്റെ ആഖ്യാനലോകത്തിലേക്കുള്ള പ്രധാന പ്രവേശനകവാടമാണ്. ഇതിനെ പരമ്പരാഗതമായ കുടുംബചരിത്രമോ, സാമൂഹികനോവലോ എന്ന നിലയിൽ മാത്രം വായിക്കാനാവില്ല. ആഖ്യാനത്തിന്റെ ഘടനയും,രൂപകങ്ങളും, കാലബോധവും പരിശോധിക്കേണ്ടതുണ്ട്. ഇവിടെ ചോദിക്കേണ്ടത്, നോവലിലെ ആശയപരമായ സങ്കീർണ്ണത കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങളുമായി എത്രത്തോളം ബന്ധപ്പെടുന്നു എന്നതാണ്.

  • ബ്രാ:

‘ബ്രാ’ എന്ന ശീർഷകം തന്നെ ശരീരത്തേയും, സാമൂഹികതയെയും, ഭാഷയെയും ബന്ധിപ്പിച്ചുള്ള വ്യത്യസ്തമായ വായനയ്ക്ക് സാധ്യത തുറക്കുന്നു. ശരീരം ഒരു ജൈവിക യാഥാർഥ്യം മാത്രമല്ല. അത് സാമൂഹികമായ നിയന്ത്രണങ്ങളുടെയും ,സാംസ്കാരിക ചിഹ്നങ്ങളുടെയും വസ്തുസമുച്ചയം കൂടിയാണ്. ശരീരത്തെക്കുറിച്ചുള്ള സാഹിത്യത്തിന്റെ സമീപനം എവിടെയാണ് അവസാനിക്കുന്നത്? ശരീരത്തെ ഒരു ആശയവസ്തുവാക്കി മാറ്റുമ്പോൾ അതിന്റെ അനുഭവപരമായ യാഥാർഥ്യം നഷ്ടപ്പെടുന്നുണ്ടോ?
ഈ ചോദ്യങ്ങൾ നോവലിന്റെ വായനയിൽ പ്രധാനമാണ്.

  • ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി:

ഈ കൃതിയുടെ ശീർഷകത്തിലെ അസാധാരണത തന്നെ ഒരു രൂപകപരമായ പ്രവേശനകവാടമാണ്. വിദൂഷകൻ, നിറം, സംഖ്യ, സാമൂഹിക പ്രതീകം എന്നിവയുടെ പരസ്പരബന്ധം എങ്ങനെയാണ് ആഖ്യാനത്തിന്റെ ഭാഗമാകുന്നത് എന്നത് കൂടുതൽ പരിശോധിക്കപ്പെടേണ്ടവയത്രേ.

  • ഹിച്ച്കോക്കിന്റെ ഇടപെടൽ:

മേതിലിന്റെ കഥാലോകത്തെക്കുറിച്ചുള്ള ചർച്ചയിൽ ഈ കഥയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. രാജേഷ് പത്തിൽ ട്രൂകോപ്പി തിങ്കിൽ എഴുതിയ പഠനത്തിൽ (2026 നവംബർ ഒന്ന്) ഈ കഥയിലെ വീടിന്റെ ഘടന, കഥാപാത്രങ്ങൾ, ദൃശ്യബിംബങ്ങൾ, ലൈംഗികത, സാമൂഹിക സദാചാരം എന്നിവയുടെ ബഹുതല ആഖ്യാനത്തെ വിശദമായി പരിശോധിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന കാര്യം, എഴുത്തുകാരൻ കഥാപാത്രങ്ങളുടെ ജീവിതത്തിൽനിന്ന് മാറിനിൽക്കുമ്പോഴും ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്നു എന്നതാണ്. ഇത് മേതിലിന്റെ നിർവികാരതയെക്കുറിച്ചുള്ള നമ്മുടെ ചർച്ചയ്ക്ക് പ്രസക്തമായ തെളിവാണ്.

എന്നാൽ, നിർവികാരതയെ കേവലം വൈകാരികമായ കുറവായി കാണാനാവില്ല. അത് വായനക്കാരെത്തന്നെ ധാർമികമായ വിചാരണയുടെ ഭാഗമാക്കുന്ന ആഖ്യാനരീതിയുമാകുന്നു.

‘ബ്രാ’ എന്ന ശീർഷകം തന്നെ ശരീരത്തേയും, സാമൂഹികതയെയും, ഭാഷയെയും ബന്ധിപ്പിച്ചുള്ള വ്യത്യസ്തമായ വായനയ്ക്ക് സാധ്യത തുറക്കുന്നു.
‘ബ്രാ’ എന്ന ശീർഷകം തന്നെ ശരീരത്തേയും, സാമൂഹികതയെയും, ഭാഷയെയും ബന്ധിപ്പിച്ചുള്ള വ്യത്യസ്തമായ വായനയ്ക്ക് സാധ്യത തുറക്കുന്നു.
  • സംഗീതം ഒരു സമയകലയാണ്:

സംഗീതവും സമയവും തമ്മിലുള്ള ബന്ധം ഒരു സൗന്ദര്യശാസ്ത്രപരമായ വിഷയമാണ്. സംഗീതം സമയത്തിനുള്ളിൽ സംഭവിക്കുകയും സമയത്തെ അനുഭവമാക്കുകയും ചെയ്യുന്നു. ഈ വിഷയത്തെ സാഹിത്യത്തിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ സംഗീതവും,തത്ത്വചിന്തയും, രൂപകങ്ങളും പരസ്പരം പ്രവർത്തിക്കുന്നു.

ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്: ഒരു ആശയത്തെക്കുറിച്ചുള്ള ദാർശനികമായ വിശദീകരണം എപ്പോൾ സാഹിത്യാനുഭവമായി മാറുന്നു?

  • നായകന്മാർ ശവപേടകങ്ങളിൽ:

ഈ ശീർഷകത്തിൽത്തന്നെ നായകത്വത്തെയും, മരണത്തെയും ,സാഹിത്യത്തിലെ വീരസങ്കൽപ്പങ്ങളെയും ചോദ്യംചെയ്യാനുള്ള സാധ്യതയുണ്ട്. നായകൻ ജീവിക്കുന്ന വ്യക്തിയാണോ, അതോ സമൂഹം നിർമ്മിച്ച ഒരു പ്രതീകമാണോ? മരണശേഷം മാത്രമാണോ ചില നായകന്മാർക്ക് ചരിത്രത്തിൽ സ്ഥാനം ലഭിക്കുന്നത്?

ഇത്തരം ചോദ്യങ്ങളിലൂടെ മാത്രം മുന്നേറുന്നതത്രേ; കൃതിയുടെ ആഖ്യാനസാധ്യതകൾ.

11. സ്പെയർപാർട്ട്സ് നിർമ്മാണവും, സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രവും

ഒരു യന്ത്രത്തിന്റെ പ്രവർത്തനക്ഷമത അതിന്റെ ഘടകങ്ങളുടെ കൃത്യതയെ ആശ്രയിക്കുന്നു. എന്നാൽ, ഒരു സാഹിത്യകൃതിയുടെ പ്രവർത്തനക്ഷമത അതിലെ ഘടകങ്ങളുടെ കൃത്യമായ വിന്യാസംകൊണ്ടുമാത്രം നിർണയിക്കപ്പെടുന്ന ഒന്നല്ല.

സാഹിത്യത്തിൽ ഒരു വാക്ക് ചിലപ്പോൾ ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ വഹിക്കും. ഒരു നിശ്ശബ്ദതയ്ക്ക് ഒരു നോവലിന്റെ മുഴുവൻ അർത്ഥവും വഹിക്കാൻ കഴിയും. ഒരു സാധാരണ കാഴ്ച ഒരു മനുഷ്യന്റെ അസ്തിത്വത്തെ പുനർനിർവചിച്ചേക്കും. അതിനാൽ സാഹിത്യത്തെ യന്ത്രനിർമാണത്തിന്റെ മാതൃകയിൽ മാത്രം വിലയിരുത്താനാവില്ല.

മേതിലിന്റെ രചനകളിലെ ശാസ്ത്രീയതയും, വിജ്ഞാനപരമായ സങ്കീർണ്ണതയും അദ്ദേഹത്തിന്റെ ശക്തിയാണ്. എന്നാൽ; അതേ ശക്തി ചിലപ്പോൾ ആഖ്യാനത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്നുണ്ടോ എന്നതാണ് ഈ പഠനത്തിന്റെ കേന്ദ്രചോദ്യം.

അദ്ദേഹത്തിന്റെ രചനകളെ വിശിഷ്ടാരാധനയുടെ അകലത്തിൽ നിർത്താതെ വിമർശനത്തിന്റെ മേശപ്പുറത്ത് വയ്ക്കേണ്ടതുണ്ട്. ഒരു സാഹിത്യകൃതിയിൽ എത്ര വിജ്ഞാനശാഖകൾ പ്രവർത്തിക്കുന്നു എന്നതല്ല അതിന്റെ അന്തിമമായ സൗന്ദര്യമൂല്യം. അവ മനുഷ്യാനുഭവത്തെ എത്രത്തോളം ആഴത്തിലാക്കുന്നു എന്നതിലാണ്.

ഒരു എഴുത്തുകാരന്റെ ഭാഷ എത്രത്തോളം പുതിയതാണ് എന്നതുപോലെ അത് എത്രത്തോളം മനുഷ്യാനുഭവത്തെ സ്പർശിക്കുന്നു എന്നതും പരിശോധിക്കപ്പെടണം.

12. ഉപസംഹാരം: യന്ത്രം പ്രവർത്തിക്കുന്നു, സാഹിത്യം അനുഭവപ്പെടുന്നുണ്ടോ?

മേതിൽ രാധാകൃഷ്ണന്റെ രചനാലോകം മലയാള സാഹിത്യത്തിലെ അപൂർവമായ ഒരു പരീക്ഷണപ്രപഞ്ചമാണ്. അദ്ദേഹത്തെ ജോയ്സിന്റെയോ കാഫ്കയുടെയോ ബോർഹെസിന്റെയോ പ്രൂസ്റ്റിന്റെയോ കേവലാനുകരണമായി കാണുന്നത് തെറ്റാണ്. അദ്ദേഹത്തിന്റെ എഴുത്തിന് സ്വന്തമായ വിജ്ഞാനപരവും, ഭാഷാപരവുമായ ഘടനയുണ്ട്. എന്നാൽ മൗലികത വിമർശനാതീതതയല്ല.

ഒരു എഴുത്തുകാരന്റെ ഭാഷ എത്രത്തോളം പുതിയതാണ് എന്നതുപോലെ അത് എത്രത്തോളം മനുഷ്യാനുഭവത്തെ സ്പർശിക്കുന്നു എന്നതും പരിശോധിക്കപ്പെടണം. പ്രകൃതിയെ സ്നേഹിക്കുന്നതും, പ്രകൃതിയെ മനസ്സിലാക്കുന്നതും രണ്ടാണ്. ജീവജാലങ്ങളുടെ നിലനിൽപ്പിനെ അംഗീകരിക്കുന്നതും അവയുടെ പരസ്പരസംഘർഷങ്ങളെ മനസ്സിലാക്കുന്നതും രണ്ടാണ്. ശാസ്ത്രത്തെ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതും, ശാസ്ത്രീയ പദങ്ങൾകൊണ്ട് സാഹിത്യത്തെ നിറയ്ക്കുന്നതും രണ്ടാണ്.

മേതിലിന്റെ രചനകളിൽ ഈ വ്യത്യാസങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.

തോമസ് ജോസഫിന്റെ സ്വപ്നസദൃശമായ ഭാവനയെയും ജോയ്സിന്റെ ബോധധാരയെയും കാഫ്കയുടെ അസ്തിത്വപരമായ അന്യവൽക്കരണത്തെയും ബോർഹെസിന്റെ ആശയലോകത്തെയും പ്രൂസ്റ്റിന്റെ ഓർമ്മാനുഭവത്തെയും താരതമ്യം ചെയ്യുമ്പോൾ മേതിലിന്റെ സ്ഥാനം തിരിച്ചറിയാനാകും.

മേതിൽ രാധാകൃഷ്ണന്റെ രചനാലോകം മലയാള സാഹിത്യത്തിലെ അപൂർവമായ ഒരു പരീക്ഷണപ്രപഞ്ചമാണ്.
മേതിൽ രാധാകൃഷ്ണന്റെ രചനാലോകം മലയാള സാഹിത്യത്തിലെ അപൂർവമായ ഒരു പരീക്ഷണപ്രപഞ്ചമാണ്.

അദ്ദേഹത്തിന്റെ രചനകളെ വായിക്കുമ്പോൾ വായനക്കാർ നേരിടുന്ന ദുസ്സങ്കീർണ്ണത ഒരു സാഹിത്യാനുഭവമാണോ, അതോ ഒരു വിജ്ഞാനയന്ത്രത്തിന്റെ പ്രവർത്തനരീതിയെ മനസ്സിലാക്കാനുള്ള അധ്വാനമാണോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ മേതിൽസാഹിത്യത്തെ സംബന്ധിച്ച് അവസാനമായി ഉന്നയിക്കാവുന്ന ചോദ്യം ഇതാണ്:

‘‘ജീവിതം കേവലം ഒരു യന്ത്രവ്യവസ്ഥയല്ല എങ്കിൽ യന്ത്രത്തിന്റെ സ്പെയർപാർട്ടുകൾ കണക്കുള്ള വാക്യങ്ങൾ കൊണ്ട് സാഹിത്യം നിർമ്മിക്കാനാകുമോ? അങ്ങനെ നിർമ്മിച്ച സാഹിത്യത്തിൽ മനുഷ്യൻ ഒരു ജീവിക്കുന്ന അനുഭവമായി അവശേഷിക്കുമോ, അതോ ഒരു ബൗദ്ധിക ഘടകമായി മാത്രം ചുരുങ്ങുമോ?’’

മേതിലിന്റെ സാഹിത്യത്തെക്കുറിച്ചുള്ള വിമർശനാത്മകമായ പുനർവായന ആരംഭിക്കേണ്ടത് പ്രധാനമായും ഈ ചോദ്യത്തിൽനിന്നത്രേ.

▮

പരാമർശിച്ച പ്രധാന കൃതികളും വിമർശനസ്രോതസ്സുകളും:

-മേതിൽ രാധാകൃഷ്ണൻ: സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ഹിച്ച്കോക്കിന്റെ ഇടപെടൽ, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ, മേതിൽ കഥകൾ, രോമം, എങ്ങനെയൊരു പഴുതാരയെ കൊല്ലാം.

-തോമസ് ജോസഫ്: അത്ഭുതസമസ്യ, ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, പശുവുമായി നടക്കുന്ന ഒരാൾ, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ, പരലോക വാസസ്ഥലങ്ങൾ, അമ്മയുടെ ഉദരം അടച്ച്.

-ലോകസാഹിത്യത്തിലെ താരതമ്യകൃതികൾ:

- James Joyce: Ulysses, Finnegans Wake.
- Franz Kafka: The Trial, The Metamorphosis.
- Jorge Luis Borges: Ficciones, The Aleph.
- Marcel Proust: In Search of Lost Time.


Summary: Where to begin a critical re-reading of Maythil Radhakrishnan's literature, Binoy M.B writes.


ബിനോയ് എം.ബി.

കഥാകൃത്ത്, കവി, നോവലിസ്റ്റ്. 'ഗോടീച്ചർ', 'രണ്ട് കലാമാഷുമാർ (ഒരാൾ പരേതൻ)' എന്നീ കഥാസമാഹാരങ്ങളും, 'എന്റെ എഫ്.ബി. ലഘുലേഖാനുഭവങ്ങൾ', 'ഫേസ്ബുക്ക് കവിതകൾ' എന്നീ കൃതികളും 'പപ്പുബിൻ' എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'എന്റെ കാവ്യപാപങ്ങൾ (ഓർമ്മയുടെ ഒരു വാല്)', 'അപകടകാരിയായ മനുഷ്യൻ', 'ഒരു കഴുതയുടെ ആത്മവ്യഥ' എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments