എസ്. കെ. പൊറ്റെക്കാട്ട് / ഫോട്ടോകൾ: പുനലൂർ രാജൻ

അതിരാണിപ്പാടത്ത്​ വിളഞ്ഞ മനുഷ്യരും ചരിത്രവും

ഒരു നാടിന്റെ ചരിത്രം മയിലെണ്ണയിൽ മുക്കിയ ഈർക്കിലി പോലെ ചരിത്രകാരൻമാർ വളച്ചൊടിക്കുന്നിടത്ത്, യഥാർത്ഥ ചരിത്രം ലഭ്യമാവുക അജണ്ടകളില്ലാതെ രചിക്കപ്പെടുന്ന സാഹിത്യസൃഷ്ടികളിലാണ്: അര നൂറ്റാണ്ട്​ പൂർത്തിയായ ‘ഒരു ദേശത്തിന്റെ കഥ’ എന്ന ​നോവലിന്റെ പുനർവായന

ഒരു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ടും അതിരാണിപ്പാടത്തു വിളഞ്ഞ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ടും തികയുന്ന വേളയിലെ ഒരു വായനയാണിത്. ഇന്നിന്റെ രാഷ്ട്രീയ സമവാക്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ഗതിവിഗതികൾ, ആളും തരവും ഇടവും നയവും തന്ത്രവും മാറുന്നതല്ലാതെ മനോഭാവം മാറാത്ത അവസ്ഥ എസ്. കെ. പൊറ്റെക്കാട്ട്​ നമുക്കായി വരച്ചിട്ടത് അവിസ്മരണീയമായ ഏതാനും കഥാപാത്രങ്ങളിലൂടെയാണ്. ‘കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും’ എന്ന അഞ്ചാമധ്യായം സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. കേളഞ്ചേരിയിലെ ചന്തുക്കുട്ടി മേലാനിലൂടെ, ഇളംതലമുറക്കാരൻ കുഞ്ഞിക്കേളുമേലാനിലൂടെയും എസ്.കെ വരച്ചിടുന്നത് ‘സോ-കോൾഡ്’ സാമൂഹിക- രാഷ്ട്രീയ നേതൃത്വങ്ങളുടെ, അങ്ങേയറ്റം സ്വാർത്ഥമതികളായ ഒരു പറ്റം ആഢ്യജന്മങ്ങളുടെ പഴയ തറവാടുകളുടെ അനിവാര്യമായ അന്ത്യത്തിന് തിരി കൊളുത്തിയ ധാർമികാധപ്പതനത്തിന്റെയും ചിത്രമാണ്. ഒരു കാറ്റിൽ കരിയിലപോലെ വന്നുപോയ പണയാധാരങ്ങളത്രയും ‘മദ്യവും മദിരാക്ഷിയും മറ്റു നേരമ്പോക്കുകളും’ ചേർന്ന കൊടുങ്കാറ്റിൽ പുറത്തേക്കു പറന്ന ആ തറവാട് എല്ലാ അധികാര കേന്ദ്രങ്ങളുടെയും, നാളെ തകർന്നടിയേണ്ട മുഴുവൻ അധികാരകേന്ദ്രങ്ങളുടെയും നേർചിത്രമായാവണം എസ്.കെ കോറിയിട്ടത്.

സൂക്ഷിച്ചു നോക്കിയാൽ എസ്.കെ.യുടെ മിക്ക കഥാപാത്രങ്ങളെയും നിർവ്വചിക്കുന്ന ശാരീരിക പ്രത്യേകതകളിൽ ഒന്ന്​ രോഗാവസ്ഥയാണ്, പഴയകാല മാറാവ്യാധികളുടെ തിരുശേഷിപ്പുകൾ. മന്നവനെന്നോ യാചകനെന്നോ ഭേദമില്ലാതെ ആരെയും ആക്രമിക്കുന്ന രോഗങ്ങളിൽ വസൂരി കൊണ്ടുപോയത് കുഞ്ഞിക്കേളുമേലാന്റെ ഇടംകണ്ണാണ്. എസ്.കെയുടെ ഭാഷയിൽ കണ്ണു കലങ്ങി ചത്തുപോയി. ഇന്ന് കോവിഡ് മഹാമാരിക്കു മുന്നിൽ പകച്ചു നില്ക്കുന്ന നമ്മൾ ഒന്നറിയുന്നു - കോവിഡിനു മുന്നിൽ എല്ലാവരും സമന്മാരാണ്.

കുഞ്ഞിക്കേളുമേലാന്റെ അംഗരക്ഷകനും പ്രൈവറ്റ് സെക്രട്ടറിയുമായി വരുന്ന, ഇരുമ്പു ഖജാന കണക്കെ നെഞ്ചും തുറിച്ച ചെമ്പൻ കണ്ണുകളും കൊമ്പൻ മീശയുമുള്ള, വലം കൈയ്യിൽ ഉറുക്കും കോടിമുണ്ടിന്റെ തലക്കെട്ടും അരയിൽ കഠാരയുമായി നിൽക്കുന്ന ഇരുമ്പൻ പോക്കറെന്ന ജോനകനെ അവതരിപ്പിക്കുന്നുണ്ട് എസ്.കെ. മനുഷ്യന് സാധ്യമോ എന്നു തോന്നിപ്പോവുന്നത്രയും ക്രൂരതകൾക്ക് കൈയ്യും കാലും വച്ച പ്രകൃതം. അയാളുടെ ആകാരത്തിൽ കാലം വരുത്തിയ വ്യത്യാസങ്ങളല്ലാതെ, ദൗത്യലക്ഷ്യങ്ങളിലോ, രീതികളിലോ, വ്യത്യാസമില്ലാതെ തുടരുന്ന ഇന്നത്തെ ക്വട്ടേഷൻ- മാഫിയാത്തലവന്മാരുടെ പിതാമഹനാണ് പോക്കർ. ആകാരം മാറുന്നു, പ്രകൃതം മാറുന്നില്ല.

കുഞ്ഞിക്കേളുമേലാനും അതിഥി സായിപ്പിനുമായി പുതിയ ശിക്കാറിന് വനകന്യകകളെ വേണമെന്നായപ്പോൾ മുടവക്കുടിയിൽ നിന്ന്​ പോക്കർ വലിച്ചിഴച്ചു കൊണ്ടുപോവുന്ന മകളുടെ നിലവിളികേട്ടെത്തി വിടാതെ പിന്തുടർന്നു തടഞ്ഞ ആ പിതാവിനെ പോക്കർ കൊന്നത് നാഭിക്കു കൊടുത്ത ഒറ്റച്ചവുട്ടിനാണ്. അച്ഛൻ നിലത്തു വീണു പിടഞ്ഞു മരിക്കുന്നതു കണ്ട് മുഖം പൊത്തി നിലവിളിച്ച മകളെ വലിച്ചിഴച്ച് മേലാനും സായിപ്പിനും മുന്നിലെറിഞ്ഞുകൊടുത്ത പോക്കറിന്റെ, തിന്മകളല്ലാതെ ജീവിതത്തിലൊരു നന്മ അറിയാതെ പോലും ചെയ്തു പോവാത്ത കുഞ്ഞിക്കേളുമേലാന്റെയും ശങ്കുണ്ണിക്കമ്പൗണ്ടരുടെയും ആധാരം ആണ്ടിയുടെയും ജീവിതത്തിന്റെ അവസാനം എസ്.കെയുടെ ജീവിതവീക്ഷണത്തെ സാധൂകരിക്കുന്നത് യാദൃച്ഛികമല്ല, ബോധപൂർവ്വമാണ്. പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരു ചിച്ഛക്തിയിൽപ്പെട്ട അണുക്കളാണ്. വേറൊരു സഹജീവിയെ ദ്രോഹിക്കാൻ മനസാ വാചാ കർമണാ നീയെറിയുന്ന ആയുധം, ലക്ഷ്യത്തിൽ കൊണ്ടാലും ഇല്ലെങ്കിലും, ചുറ്റിത്തിരിഞ്ഞ് ഒരു കാലത്ത് നിന്നെത്തേടി നിന്റെ മാറിൽ തന്നെ വന്നുപതിക്കുന്നത് നീ അറിയുകയില്ല- അജ്ഞാതമായ ആ ഭ്രമണ നിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ് - തിന്മകൾക്കു മീതെയുള്ള നന്മകളുടെ വിജയമെന്ന സ്വപ്നം എഴുത്തുകാരന്റെ സാമൂഹികബാധ്യത കൂടിയാണ്​. എടുത്താൽ പൊങ്ങാത്ത ആ വാചകങ്ങൾ എസ്. കെ പറയിക്കുന്നതാവട്ടെ നൈമിഷികമായ സുഖം ഉഷ്ണപ്പുണ്ണായി പടർന്ന് യൗവനം അപഹരിച്ച, അകാലത്തിൽ ഒടുങ്ങിയ ഒരു സാധു യുവാവിനെ കൊണ്ടാണ്.

ഒരു ദേശത്തിന്റെ കഥ അനശ്വരമാവുന്നത് അതിലെ കാലാതീതമായ ജീവിതവീക്ഷണങ്ങൾ കൊണ്ടാണ്, അതിനായി തിരഞ്ഞെടുത്ത അസാധാരണ കഥാപാത്രങ്ങളിലൂടെയാണ്

ബസ്ര എന്ന ഇറാഖിലെ സ്ഥലനാമം നമുക്കു പരിചിതമായത് അമേരിക്കയുടെ ഇറാഖ് ആക്രമണത്തോടെയാണ്. എന്നാൽ അതിനും ഏതാണ്ട് പതിറ്റാണ്ടുകൾക്കു മുമ്പ് ബസ്ര കുഞ്ഞപ്പു എന്ന കഥാപാത്രത്തിലൂടെ ബസ്രയെ മലയാളി വായനക്കാർക്ക് അനശ്വരമാക്കിയിരുന്നു എസ്.കെ. നാട്ടിൽ ജഗപോക്കിരിയായി വളർന്ന സാധുവും സ്വാത്വികനുമായിരുന്ന കൃഷ്ണൻ മാസ്റ്ററുടെ മകൻ കുഞ്ഞപ്പു, എഴുത്തുകാരന്റെ ഭാഷയിൽ കുരങ്ങിന്റെ മുഖമുള്ള, ഒരു കുല മാങ്ങയുടെയും തേങ്ങയുടെയും നടുവിലെ ഏതുവേണമെങ്കിലും എറിഞ്ഞിടാൻ കൃത്യമായ ഉന്നമുള്ള കുഞ്ഞപ്പു. പട്ടാളം വിട്ടുവന്ന കുഞ്ഞപ്പുവിന്റെ ബീഡിക്കുള്ള വക പട്ടാളക്കഥകളായിരുന്നു. ദേശത്തിന്റെ കഥ അരങ്ങേറുന്നത് അതിരാണിപ്പാടത്താണ്. ബസ്രാ മരുഭൂമിയിൽ തുർക്കികൾക്കെതിരെയുള്ള കുഞ്ഞപ്പുവിന്റെ യുദ്ധക്കഥകളിൽ, കുഞ്ഞപ്പുവിന് നേരിടേണ്ടിവന്ന അപകടങ്ങളുടെയെല്ലാം ഒരു കണക്കെടുത്താൽ ചുരുങ്ങിയത് നൂറ്റൊന്നു പ്രാവശ്യമെങ്കിലും കുഞ്ഞപ്പു മരിക്കേണ്ടതായിരുന്നു എന്ന്​ എഴുത്തുകാരൻ. കുഞ്ഞപ്പുവിന്റെ ബസ്രായിലെ വീരകഥകളിൽ ആവേശം കൊണ്ട നാട് അവന് ബസ്ര കുഞ്ഞപ്പു എന്നൊരു സ്ഥാനപ്പേര് കല്പിച്ചുകൊടുത്തു. പുളുവടിയുടെ പര്യായമായി ബസ്ര നാടുവാണു. ജീവിതത്തിൽ നേർവഴികളൊന്നും സ്വീകാര്യമല്ലാത്ത, എന്നാൽ തനിക്കുവേണ്ട ജീവിതസുഖങ്ങളത്രയും എളുപ്പവഴിയിലും കുറുക്കുവഴികളിലുമായി ക്രിയ ചെയ്തു നേടുന്ന ഒരു വലിയ വിഭാഗത്തിന്റെ മാതൃകാ പുരുഷനാവാനുള്ള യോഗ്യത നേടിയവനാണ് ബസ്ര. ഒരു ദിവസം കള്ളുകുടിക്കാനായി കുഞ്ഞപ്പു ചെയ്യുന്ന പണി ഖാദിയണിഞ്ഞ് കോൺഗ്രസ് വളണ്ടിയറായി മദ്യഷാപ്പു പിക്കറ്റു ചെയ്യുകയാണ്. പറ്റിക്കുന്നത്, പരമഗാന്ധിയനായ അച്ഛനെയും കോൺഗ്രസ് നേതാവ് കൃഷ്ണൻ നായരെയും മാത്രമല്ല, മഹാത്മാവിനെ തന്നെയുമാണ്. ലോകത്തിലെ, രാജ്യത്തിലെ, ഗോത്രത്തിലെ, സമൂഹത്തിലെ, കുടുംബത്തിലെ, എന്തിന് ഒരു വീട്ടിൽ പോലും ബോധ- സ്വഭാവ- ശീല വൈരുദ്ധ്യങ്ങളുടെ രാജകുമാരൻമാരും രാജകുമാരികളും നിറയുന്നതാണ് മനുഷ്യവംശം, മനുഷ്യനെ മൃഗങ്ങളിൽ നിന്ന്​ വ്യത്യസ്തമാക്കുന്നത് അതുകൂടിയാണെന്ന് പേർത്തും പേർത്തും നമ്മോട് വിളിച്ചുപറയുകയാണ് എസ്. കെ യുടെ കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളെ കൂടെക്കൂട്ടി അതിരാണിപ്പാടത്തൂടെയുള്ള ഒരു യാത്രയാണിത് - എസ്.കെയുടെ ഒരു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ടു തികയുമ്പോൾ, ഗതകാലക്കാഴ്ചകളിലൂടെ നമുക്കെ നമ്മെത്തന്നെ നോക്കിക്കാണാം.

കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ. പൊറ്റക്കാട്ട് പ്രതിമ / Photo: Kerala Tourism
കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ. പൊറ്റക്കാട്ട് പ്രതിമ / Photo: Kerala Tourism

ഭാസ്‌കരൻ മുതലാളിയുടെ ഭാര്യയുടെ അനുജത്തിയെ പരിഹസിച്ചെന്ന കള്ളമൊഴിയിൽ പൊലീസ്​ കൊണ്ടുപോയ കുടക്കാൽ ബാലനെ ഇഞ്ച ചതച്ചപോലെ ചതച്ച് രക്തം തുപ്പിച്ചിട്ടാണ് വിട്ടത്. കുറ്റമെന്തെന്നു മാത്രം ബാലനറിഞ്ഞില്ല. മലേറിയ പിടിച്ച് പനിച്ചുവിറച്ച് അവശനായ അച്ഛനൊരു ഭാഗത്തു ഞരങ്ങുന്നു, ചായ്പിൽ എഴുന്നേറ്റു നില്ക്കാനാവാതെ മകൻ ബാലനും. അവശേഷിച്ച ജീവരക്തം മുഴുവനും ഛർദ്ദിച്ചു തീർന്നാണ് ബാലൻ ജീവൻ വെടിഞ്ഞത്. വിവരമശേഷമില്ലാത്ത പൊലീസുകാരിൽ നിന്ന്​ അസാരം വിവരമുള്ള പൊലീസുകാരിലേക്ക് നാം മാറിയിട്ടും തെരുവിന്റെ കഥയിലെ അന്ത്രുവും ദേശത്തിന്റെ കഥയിലെ ബാലനും നമ്മുടെ കൺമുന്നിൽ അങ്ങിങ്ങായി ഇന്നുമാവർത്തിക്കുന്നു. ജന്മിയുടെ മകളെ ഒന്നു നോക്കിപ്പോയെന്നതിന്റെ പേരിൽ അരക്കുതാഴെ നഗ്‌നനാക്കി കെട്ടിയിട്ടടിക്കു വിധേയനായി മുറിവേറ്റ ശരീരവും മനസ്സുമായി നാടുവിടേണ്ടിവന്ന കോരപ്പൻ, ആ പകയൂതി ജ്വലിപ്പിച്ചെടുത്തതാണ് പിൽക്കാലത്തെ തന്റെ കൺട്രാക്ടർ പദവിയും വമ്പിച്ച സാമ്പത്തിക ശേഷിയും. പണമഹിമകൊണ്ട് കുലമഹിക വിലയ്‌ക്കെടുത്തു നേടിയ പെണ്ണുമായെത്തിയ കോരപ്പനു മുന്നിൽ എസ്. കെ കൊണ്ടുപോയി നിർത്തുന്നുണ്ട്, പണ്ട് അവനെ കെട്ടിയിട്ടടിപ്പിച്ചു രസിച്ച ജന്മിപ്പെണ്ണിന്റെ ഗതികെട്ട രണ്ടു പിള്ളേരുടെ ദയനീയാവസ്ഥയെ, കാലത്തിന്റെയൊരു കണക്കു തീർക്കലായി. ഇടിഞ്ഞു പൊളിഞ്ഞ ജന്മിത്തറവാടും പട്ടിണിക്കോലങ്ങളായ പിള്ളേരും കാണിക്കുന്നത് സമ്പത്തിന്റെ ചാക്രിക സഞ്ചാരമാണ്, ഇന്നത് നിന്നിലാണെങ്കിൽ നാളെയത് എന്നിലാണെന്നു വിളിച്ചുപറയുന്ന ലോകനീതിയുടെ മനോഹരമായ ആവിഷ്‌കാരം. സ്വതവേ ദയാപരനായ കോരപ്പന് ആ പെണ്ണിന്റെ പരമദയനീയാവസ്ഥ കണ്ടിട്ടും തെല്ലുമൊരു അലിവ് തോന്നുന്നില്ല എന്നത് രണ്ടു ദശാബ്ദങ്ങൾക്കു മുന്നേ താൻ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ കാരണമാണ്. അകാരണമായി ഏൽക്കേണ്ടിവരുന്ന മാനസികമായ മുറിവിന്, ലോകത്ത് ഒരൗഷധവും ശമനം നൽകുന്നില്ലെന്ന സത്യം എഴുത്തുകാരൻ കോരപ്പനിലൂടെ വിളിച്ചുപറയുന്നു. മനഃശ്ശാസ്ത്രജ്ഞരേക്കാളുമേറെ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെ നോക്കിക്കാണുകയും പഠനവിധേയമാക്കുകയും ചെയ്യുന്നവരാണ് എഴുത്തുകാർ പലരും, വിശിഷ്യാ എസ്.കെ. സർവ്വതിലും അന്തർലീനമായ ഒരു നർമമാണ് ജിവിതത്തെ തന്നെ മുന്നോട്ടു നയിക്കുന്നത് - കോരപ്പൻ- മീനാക്ഷി ദാമ്പത്യത്തിന്റെ ഓർമഭവനമായ മാളികയ്ക്ക് കോർമിനാ എന്നു പേരു നല്കിയതിൽ ആ ചിരിയുണ്ട്.

ചരിത്രത്തിനു പിന്നാമ്പുറത്തെ സാമൂഹിക യാഥാർത്ഥ്യങ്ങൾ
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് ഭീകരമായ മർദ്ദനം ഏറ്റുവാങ്ങി ചോരതുപ്പി ക്ഷയം ബാധിച്ച് ചുമച്ചുചുമച്ച് തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ കിടപ്പുരോഗിയായ അപ്പുണ്ണിയിലെ ത്യാഗിയെ അടയാളപ്പെടുത്താൻ അതിരാണിപ്പാടത്ത് ആകെയുള്ളത് കൃഷ്ണൻമാസ്റ്ററാണ്. വൈക്കം സത്യഗ്രഹം വൻവിജയമായി, നേതാക്കൾ ചരിത്രത്തിലേയ്ക്ക് നടന്നുകയറി, അപ്പുണ്ണി ‘വേണ്ടാതീനം, തോന്ന്യാസം കാണിച്ചതിന് അനുപവിക്കട്ടെ' എന്നു പറഞ്ഞ് അച്ഛൻപോലും തിരിഞ്ഞുനോക്കാനില്ലാതെ, ‘വൈക്കത്തപ്പന്റെ ശാപമേറ്റ്' മണ്ണിലേക്ക് മടങ്ങി. മഹാപ്രക്ഷോഭങ്ങളുടെ മുൻനിരയിൽ അടിയും തൊഴിയുമേറ്റവരുടെ ജീവിതം ദുരന്തപര്യവസായിയായി ഒടുങ്ങുമ്പോൾ സുരക്ഷിതരായി നയിച്ചവർ ധീരസമരനായകരുമായി ആഘോഷിക്കപ്പെടുന്നതിനെ അടയാളപ്പെടുത്തുകയാണ് എസ്. കെ. അപ്പുണ്ണിയെന്ന ത്യാഗിയിലൂടെയും മാസ്റ്ററെന്ന ഒരനുഭാവിയിലൂടെയും. വീണ്ടുമൊരു ത്യാഗിയെ കൃഷ്ണൻമാസ്റ്റർ കാണുന്നത് സ്വന്തം മകൻ കുഞ്ഞപ്പുവിലാണ്, കള്ളുഷാപ്പ്​ പിക്കറ്റുചെയ്യുന്ന കോൺഗ്രസ് വളണ്ടിയറായി അവതാരമെടുത്ത ജഗപോക്കിരി കുഞ്ഞപ്പുവിൽ. അവിടെ കുഞ്ഞപ്പുവിലെ കപടനു മുന്നിൽ മാസ്റ്ററിലെ നിഷ്‌കളങ്കൻ തോറ്റുപോവുകയാണ്.

‘‘കൈക്ക് റിസ്റ്റുവാച്ച് കെട്ടിയ മുറിമീശക്കാരൻ ചീമ്പ്രക്കണ്ണൻ കുമാരൻ പെട്ടിക്കുമുകളിൽ മുതലാളിത്തം താങ്ങി മുനിഞ്ഞിരിക്കുന്നു'' എന്നതിൽ മലബാറിന്റെ പരമ്പരാഗതമായ മുതലാളിത്ത വിരോധം നിഴലിക്കുന്നുണ്ട്

ജീവിതം ചിലപ്പോൾ തിരഞ്ഞെടുപ്പുപോലെയാണ്, നല്ലത് എന്നും ജയിച്ചുകൊള്ളണമെന്നില്ല എന്നു കാണിക്കുകയാവാം എസ്.കെ. നോവലും കവിതയും യാത്രാവിവരണങ്ങളും കഥകളും രാഷ്ട്രീയവും ഭാഗിച്ചെടുത്ത ജീവിതത്തിൽ അദ്ദേഹം തലശ്ശേരിയിൽ 1957ൽ ജിനചന്ദ്രനോടാണ് തോറ്റത്, ആയിരം വോട്ടിന്. അടുത്ത തവണ 1962 തലശ്ശേരിയിൽ നിന്നു തന്നെ എസ്.കെ ജയിച്ചത് 60,000ത്തിലേറെ വോട്ടുകൾക്കാണ്, തോല്പിച്ചത് സുകുമാർ അഴീക്കോടിനെ.

‘‘കൈക്ക് റിസ്റ്റുവാച്ച് കെട്ടിയ മുറിമീശക്കാരൻ ചീമ്പ്രക്കണ്ണൻ കുമാരൻ പെട്ടിക്കുമുകളിൽ മുതലാളിത്തം താങ്ങി മുനിഞ്ഞിരിക്കുന്നു'' എന്നതിൽ മലബാറിന്റെ പരമ്പരാഗതമായ മുതലാളിത്ത വിരോധം നിഴലിക്കുന്നുണ്ട്, സഞ്ജയന്റെ പരിഹാസത്തുടർച്ചയെന്നോണം. വലിയ പുറ്റുപോലെ അഞ്ചാറു ചെറ്റക്കുടിലുകൾ - പറയരുടെ ജീവിതാവസ്ഥയെ അനുഭവം വാറ്റിയെടുത്ത നാലു വാക്കുകളിൽ ഒരു കാലഘട്ടത്തിന്റെ ചരിത്രവും, സാമൂഹികാവസ്ഥയും ജീവിതവുമെല്ലാം അടക്കം ചെയ്തിരിക്കുന്നു. നിലവിലെ സാമൂഹികശ്രേണികളുടെ പുറമ്പോക്കിലുള്ള അപ്പുവാണ് ചത്തുവീർത്ത പൈയ്യിനെ മുളയിൽ കെട്ടിയെടുത്തു കൊണ്ടുവരുന്ന പറയരെ നോക്കി ‘ചത്ത പയ്യിനെത്തിന്നുന്ന ചെന്തുക്കളെന്നു' പറയുന്നത്. അപ്പോൾ പറയരുടെ അവസ്ഥ നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഹിന്ദുവിന്റെ ജാതീയതയുടെ ആഴവും പരപ്പും അതിലുണ്ട്. എങ്കിലും മലബാർ ഭേദമായിരുന്നു എന്നത് നോവലിലെ വ്യക്തിസൗഹൃദങ്ങളിൽ നിന്ന്​ നമുക്ക് വായിച്ചെടുക്കുകയുമാവാം.

ആദ്യമേ വലിയ കുഴപ്പമുണ്ടാക്കി, കുഞ്ഞപ്പുവിനെ പെരച്ചൻ തലവഴി കള്ളിൽ കുളിപ്പിച്ചത് എസ്.കെ.യെ പോലുള്ള പ്രതിഭകൾക്കുമാത്രം സാധ്യമാവുന്ന ക്രാഫ്റ്റാണ് - കുടിച്ചതാണ് മണക്കുന്നതെന്നുമാത്രം ആരും പറയാതിരിക്കാനുള്ള തന്ത്രം.
ആദ്യമേ വലിയ കുഴപ്പമുണ്ടാക്കി, കുഞ്ഞപ്പുവിനെ പെരച്ചൻ തലവഴി കള്ളിൽ കുളിപ്പിച്ചത് എസ്.കെ.യെ പോലുള്ള പ്രതിഭകൾക്കുമാത്രം സാധ്യമാവുന്ന ക്രാഫ്റ്റാണ് - കുടിച്ചതാണ് മണക്കുന്നതെന്നുമാത്രം ആരും പറയാതിരിക്കാനുള്ള തന്ത്രം.

ഒന്നുകൂടി കുഞ്ഞാപ്പുവിലേക്കു പോവാം. രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് മഹാത്മജിയുടെ നേതൃത്വത്തിൽ കുതിക്കുമ്പോൾ, സവർണ മേധാവിത്വത്തെക്കാൾ ഭേദം വൈദേശിക മേധാവിത്വമാണ് എന്ന വാദവുമായി നിലകൊണ്ട സ്വസമുദായത്തിലെ പ്രമാണിമാർക്കിടയിൽ കൃഷ്ണൻ മാസ്റ്റർ ബ്രിട്ടീഷ് കൂറിനും മഹാത്മാഗാന്ധിയോടുള്ള ഭക്തിക്കുമിടയിൽ ഗതികിട്ടാതലയുന്നതിന്റ ചിത്രമുണ്ട്. ഇന്ത്യൻ ജാതീയത, സവർണമേധാവിത്വത്തിന്റെ ഭീകരത - അതിനെക്കാൾ മീതെയായിരുന്നില്ല വിദേശാധിപത്യം പല സമൂഹങ്ങളെ സംബന്ധിച്ചും. നല്ല വിദ്യാഭ്യാസം നേടി ഉന്നതമായ ജോലികളിൽ ബ്രിട്ടീഷ് കാലത്ത് അദ്ദേഹത്തിന്റെ സമുദായക്കാർ എത്തിയിരുന്നു. അതില്ലാതാവും എന്ന ഭീതി, ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഇരിപ്പുവശം വച്ച് യാഥാർത്ഥ്യമായിരുന്നുതാനും. എങ്കിലും മകൻ ശ്രീധരൻ ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതിൽ, അവന്റെ പഠനത്തെ കുറിച്ചുള്ള വേവലാതിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മൂത്തമകൻ, സകല തിന്മകളുടെയും മൂർത്തിമദ്ഭാവമായിരുന്ന, ചെറുതിലേ തലതിരിഞ്ഞ കുഞ്ഞപ്പുവിനെ പറ്റി നല്ല വാർത്ത - കള്ളുഷാപ്പ് പിക്കറ്റു ചെയ്യുന്ന വാർത്ത കേട്ടു ഞെട്ടിയ കൃഷ്ണൻ മാസ്റ്റർ സ്വയം വിശ്വസിക്കുന്നത് പോക്കിരികളും കുറ്റവാളികളുമായിരുന്നവർ പിന്നീട് ഋഷിവര്യൻമാരും സിദ്ധരും ആയിരുന്നില്ലേ എന്നു സ്വയം ചോദിച്ചുകൊണ്ടാണ്. പൊലീസുദ്യോഗത്തിലിരുന്ന് നിഷ്ഠൂരകൃത്യങ്ങൾ ചെയ്തവർ പിന്നീട് മാനസാന്തരം വന്ന് മഹായോഗികളായ കഥയും മാസ്റ്റർ ഓർത്തു.

അതിരാണിപ്പാടത്തിൽ എസ്. കെ വിളയിച്ചത് കേരളസമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷനാണ്. സമാനതകളില്ലാത്ത കഥാപാത്ര നിർമ്മിതകളിലൂടെ വരികളിലേക്ക് ആവാഹിച്ചത് അന്നത്തെ സാമൂഹികാവസ്ഥയും ചരിത്രവും ഒക്കെയാണ്.

വളണ്ടിയറുടെ എട്ടണ ദിവസബത്ത ആദ്യം വാങ്ങി പോക്കറ്റിലിട്ടാണ് കുഞ്ഞപ്പു കൊടിപിടിച്ചത്, ജയ് വിളിച്ചതും. പെരച്ചനെ കൊണ്ട് കള്ളു കുടിച്ചിട്ടെന്ന വ്യാജേന തന്നെ തെറിവിളിപ്പിച്ചതും, കള്ള്​ ഖദറിൽ തലവഴി അഭിഷേകം ചെയ്യിപ്പിച്ചതും കുഞ്ഞപ്പു തന്നെ. ഒടുക്കം ഇളനീർ എന്ന വ്യാജേന കള്ള് തൊണ്ടിലാക്കി കുഞ്ഞപ്പുവിന് എത്തിച്ചുകൊടുക്കുന്നതും പെരച്ചനും ടീമും തന്നെയുമാണ്. സമരവളണ്ടിയറായി ‘മഹാത്മാഗാന്ധി കീ ജെയ്’ വിളിക്കുന്ന കുഞ്ഞപ്പുവിനെ തന്തയ്ക്കുവിളിക്കുന്ന, കൊടിയെ നിന്ദിക്കുന്ന, ഗാന്ധിജിയെ തെറിപറയുന്ന, ഒടുക്കം വളണ്ടിയർ കുഞ്ഞപ്പുവിന്റെ തലയിൽ കള്ളഭിഷേകം ചെയ്യുന്ന പെരച്ചനെ നാലു പൂശാനെന്ന വ്യാജേന മുന്നോട്ടായുന്ന പോർട്ടർ ഗോപാലനെയും കൂഞ്ഞാണ്ടിയെയും നിഷ്‌കളങ്കനായ കോൺഗ്രസ് നേതാവ് കൃഷ്ണൻ നായർ ഉപദേശിക്കുന്നതു നോക്കൂ - ക്ഷോഭിക്കരുത് നമ്മൾ, മരിക്കാൻ പോലും തയ്യാറായി വരുന്ന അഹിംസാവാദികളും ഗാന്ധിജിയുടെ ശിഷ്യരുമാണ് നാം. അതനുസരിച്ചു മാത്രമെന്നോണം അവർ പിൻവലിയുന്നു. നമ്മുടെ സിനിമകളിൽ നാം കണ്ട അത്രമേൽ മികച്ച പലരംഗങ്ങൾക്കും നാം എസ്.കെയോടും കുഞ്ഞപ്പു എന്ന കഥാപാത്രത്തിനോടും കടപ്പെട്ടിരിക്കുന്നു.

സുകുമാർ അഴീക്കോട്‌. 1957-ൽ തലശ്ശേരിയിൽ ആയിരത്തോളം വോട്ടിന് ജിനചന്ദ്രനോട് തോറ്റ എസ്.കെ. 1962 തലശ്ശേരിയിൽ നിന്നു തന്നെ ജയിച്ചത് അറുപത്തിനായിരത്തിലേറെ വോട്ടുകൾക്കാണ്, തോല്പിച്ചത് സുകുമാർ അഴീക്കോടിനെ.
സുകുമാർ അഴീക്കോട്‌. 1957-ൽ തലശ്ശേരിയിൽ ആയിരത്തോളം വോട്ടിന് ജിനചന്ദ്രനോട് തോറ്റ എസ്.കെ. 1962 തലശ്ശേരിയിൽ നിന്നു തന്നെ ജയിച്ചത് അറുപത്തിനായിരത്തിലേറെ വോട്ടുകൾക്കാണ്, തോല്പിച്ചത് സുകുമാർ അഴീക്കോടിനെ.

പെരച്ചന്റെ തെറിവിളികളത്രയും കോയകോയയായി പൊട്ടിയമരുമ്പോഴും കള്ളഭിഷേകം നടക്കുമ്പോഴും അക്ഷോഭ്യനായി നിന്ന് ‘മഹാത്മാഗാന്ധീ കീ ജെയ്’ വിളിക്കുന്ന ജഗപോക്കിരി കുഞ്ഞപ്പുവിന്റെ ചിത്രം ആരെയാണ് ചിരിപ്പിക്കാതിരിക്കുക? അവിടെ പ്രകോപിതരാവരുതെന്ന നേതാവിന്റെ ഉപദേശവും. ആദ്യമേ വലിയ കുഴപ്പമുണ്ടാക്കി, കുഞ്ഞപ്പുവിനെ പെരച്ചൻ തലവഴി കള്ളിൽ കുളിപ്പിച്ചത് എസ്.കെ.യെ പോലുള്ള പ്രതിഭകൾക്കുമാത്രം സാധ്യമാവുന്ന ക്രാഫ്റ്റാണ് - കുടിച്ചതാണ് മണക്കുന്നതെന്നുമാത്രം ആരും പറയാതിരിക്കാനുള്ള തന്ത്രം. സാധാരണ കാഴ്ചകൾക്കപ്പുറത്തുള്ള ജീവിതയാഥാർത്ഥ്യങ്ങളെ അസാധാരണമായ പാടവത്തോടെ അവതരിപ്പിക്കുക അതീവ ദുഷ്‌കരമാണ്. അത്തരം കഥാപാത്രങ്ങളുടെ ഘോഷയാത്രയാണ് ഒരു ദേശത്തിന്റെ കഥ. കപടലോകത്തിനു മുന്നിൽ നിഷ്‌കളങ്കരുടെ ലോകം താല്കാലികമായെങ്കിലും പരാജയപ്പെടുന്നുണ്ട്, അന്തിമവിജയം നേടുന്നുമുണ്ട്. സാധാരണ കണ്ണുകൾക്ക് കാണാനാവാത്ത അസാധാരണമായ കാഴ്ചകളാണത്രയും. ഒരോ സമരങ്ങളുടെയും ലക്ഷ്യത്തെ തന്നെ തകർക്കുന്ന, ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാൻ കഴിയാത്ത നുഴഞ്ഞുകയറ്റക്കാർ സമരത്തിന്റെ ലക്ഷ്യങ്ങളെ ഇന്നും തകർത്തു കളയുന്നത് എത്ര തന്ത്രപരമായാണ്?

സ്വന്തം അധ്വാനം കൊണ്ട് കുബേരരായ, പണ്ട് അകറ്റിനിർത്തിയിരുന്ന ഒരു കൂട്ടം കുചേലരെ, അവരുടെ അധമത്വം നീക്കി തങ്ങൾക്കു തുല്യരായി കാണാൻ തീരുമാനിച്ച മേലാന്റെ ഉല്പതിഷ്ണുത്വം വാഴ്​ത്തപ്പെട്ടു. അവരുടെ സമ്പത്ത് കൈക്കലാക്കുവാനുള്ള പവൻമാറ്റ് കുടിലതന്ത്രമാണ് മേലാന്റെ ഉല്പതിഷ്ണുത്വമായി മാറിയത്. ഒരു നൂറ്റാണ്ടിന്റെ സാമൂഹിക വികാസ ചരിത്രമെടുത്താൽ ഈ സാമൂഹിക തിന്മകളത്രയും പലരൂപങ്ങളിൽ, പല ഭാവങ്ങളിൽ കളം നിറഞ്ഞാടുന്നുണ്ട്. അതിരാണിപ്പാടത്തിൽ എസ്. കെ വിളയിച്ചത് കേരളസമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷനാണ്. സമാനതകളില്ലാത്ത കഥാപാത്ര നിർമ്മിതകളിലൂടെ വരികളിലേക്ക് ആവാഹിച്ചത് അന്നത്തെ സാമൂഹികാവസ്ഥയും ചരിത്രവും ഒക്കെയാണ്. ഒരു നാടിന്റെ ചരിത്രം മയിലെണ്ണയിൽ മുക്കിയ ഈർക്കിലി പോലെ ചരിത്രകാരൻമാർ വളച്ചൊടിക്കുന്നിടത്ത്, യഥാർത്ഥ ചരിത്രം ലഭ്യമാവുക അജണ്ടകളില്ലാതെ രചിക്കപ്പെടുന്ന സാഹിത്യസൃഷ്ടികളിലാണ്. നാലുപേർ നാലുരീതിയിൽ മലബാർ കലാപത്തെ കാണുമ്പോൾ എന്തു സംഭവിച്ചു എന്നതിന്റെ ഒരേകദേശ ചിത്രം ഒരു ദേശത്തിന്റെ കഥയിലുണ്ട്. അതുതന്നെയാവാം സത്യം പലപ്പോഴും, ലഭ്യമായ വരികളിൽ, വരികൾക്കിടയിൽ, വരികൾക്കപ്പുറത്തും വായിച്ചെടുക്കുമ്പോൾ.

നന്മ- തിന്മകളുടെ മഹാഘോഷയാത്രകൾ

നന്മകളുടെയും തിന്മകളുടെയും മഹാഘോഷയാത്രയിൽ, സ്വന്തമായി കാച്ചിയുണ്ടാക്കിയ കടുക്കാ മഷിയിൽ പരുന്തിൻ തൂവലുകൾ അഗ്രം ചെത്തി തൂലികയാക്കി വെള്ളക്കാരൻ സായിപ്പിന്റെ കണ്ണുതള്ളിക്കുന്ന ഇംഗ്ലീഷിൽ സുന്ദരമായ കൈപ്പടയിൽ ഹരജികൾ തയ്യാറാക്കുന്ന, സത്യസന്ധത ഒന്നുകൊണ്ടുമാത്രം ജോലി നഷ്ടമായ ഒരു ഹാഷിം മുൻഷിയെ എസ്. കെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമികൾ നമുക്കു ചുറ്റിലുമായുണ്ട്. തന്നെ കുടുക്കാനൊരുക്കിയ ഒരു നയാപൈസയുടെ കണക്കിലെ വ്യത്യാസത്തിന് മാപ്പപേക്ഷിക്കാൻ മനസ്സില്ലെന്നെഴുതിക്കൊടുത്ത് പിറ്റേന്ന് ‘ഇവിടെ ഹരജികൾ എഴുതിക്കൊടുക്കും' ബോർഡുമായി ഒരു പീടികമുകളിലെ തിരക്കുകളിലേക്കു കയറിപ്പോയ ഹാഷിം മുൻഷി. സർവ്വീസിൽ ശ്വാസം മുട്ടുന്ന, സഹിച്ചു തുടരുന്ന, പിടിച്ചുനില്ക്കാനാവാതെ പുറത്തേക്കു പോവേണ്ടിവരുന്ന, ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടിവരുന്ന ജീർണാവസ്ഥ ഇന്നും നിലനില്ക്കുമ്പോഴാണ് അത്തരം സാമൂഹികാവസ്ഥകളെ, അവിസ്മരണീയരായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചത്. ആത്മകഥാംശം പേറുന്ന ശ്രീധരൻ ഹാഷിം മുൻഷിയെ മനസാ ഗുരുവായി സ്വീകരിക്കുന്നുമുണ്ട്. ദിവസം അരമണിക്കൂറെങ്കിലും ‘സ്ലോലി ആൻറ്​ കേർഫുള്ളി’ എഴുതണമെന്ന ഉപദേശം സ്വീകരിക്കുന്നുമുണ്ട്. മക്കളില്ലാത്ത ഹാഷിം മുൻഷിയുടെ വാത്സല്യം ഒരു പക്ഷിത്തൂവൽ ഉപഹാരമായി ശ്രീധരനിലേക്കു പകരുകയാണ്.

കോഴിക്കോട് 24 മണിക്കൂറും തുറന്നുവെക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു മദീന ഹോട്ടലിനെ ചിത്രീകരിക്കുന്നുണ്ട് എസ്.കെ.

അതേ; ഹാഷിം മുൻഷിക്ക്, സത്യസന്ധതയാൽ പണിപോയ മുൻഷിക്ക് എതിർനിർത്തുകയാണ് എസ്.കെ. ആത്മാനന്ദസ്വാമിയെ, പൂർവ്വാശ്രമത്തിലെ തട്ടാൻ മജിസ്‌ട്രേട്ട്. കസ്റ്റഡിയിലെ പൊന്നു തട്ടിയ കേസിൽ പണിപോയ മജിസ്‌ട്രേട്ടാണ് ഗോപാലൻ. മജിസ്‌ട്രേട്ടു ജോലി പോയപ്പോൾ കോട്ടഴിച്ചു രുദ്രാക്ഷമണിഞ്ഞു ഭക്തിമാർഗം കൂടി ഗോപാലൻ ആത്മാനന്ദനായി ഒരുൾവിളിയാൽ ആഭരണശാല തുറന്നതാണ് ആത്മാനന്ദ സ്വാമി. നാട്ടിൽ തിരിച്ചെത്തിയ ഉടനെ ഗോപാലന് ഒരു അരുളപ്പാടുണ്ടായത് സ്വധർമ്മം മറക്കരുതെന്നാണ് - അതാണ് ആഭരണഷാപ്പ്. മറ്റൊരു അരുളപ്പാട് പഠിച്ച വിദ്യ പാഴാക്കരുതെന്ന്​ - അതാണ് ഹരജികൾ തയ്യാറാക്കുന്ന പണി. ആത്മാവിന്റെ ഒരു മൂലയിൽ വച്ച കവിത്വവും അതോടെ വിളവെടുപ്പു തുടങ്ങി - അതാണ് ഉപഭോക്താക്കൾക്കു ഫ്രീയായി ലഭിച്ച ‘മോക്ഷഗവാക്ഷം'.
ത്രിവേണിയിൽ തീർത്ഥാടന മധ്യേ മോക്ഷപ്രാപ്തിക്കായി മുങ്ങുന്ന നേരം പുരോഹിതൻ ഗോപാലനോട് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്ന ഒന്നു ത്യജിച്ചാൽ മാത്രമേ മോക്ഷം സാധ്യമാവൂ എന്നു പറയുന്നുണ്ട്. രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല, ഗോപാലൻ ഭാര്യയെ ത്യജിച്ച്​ആത്മാനന്ദനായി ഒടിമറഞ്ഞതാണ് ചരിത്രം. ആത്മാനന്ദനായ തട്ടാൻ മജിസ്‌ട്രേട്ടിനെ അത്രമേൽ കയ്യടക്കത്തോടെ അവതരിപ്പിച്ച് സർക്കാർ സർവ്വീസിലെ രണ്ടു മുഖങ്ങളെ വായനക്കാർക്കു മുന്നിലേക്ക് വലിച്ചിടുകയാണ് എസ്.കെ.

എസ്.കെ. പൊറ്റെക്കാട്ട്
എസ്.കെ. പൊറ്റെക്കാട്ട്

സകല കുടിലതകളുടെയും ആൾരൂപമായി എവിടെയും അവതരിപ്പിക്കപ്പെടുന്നവരാണ് ആധാരമെഴുത്തുകാർ. കണ്ടുകണ്ടങ്ങിരിക്കും സ്വത്തിനെ കാണാതാക്കുന്നതും, കാണാമറയത്തുള്ളതിനെ കൈക്കലാക്കുന്നതും കലയും തൊഴിലുമാക്കിയ അഷ്ടവക്രൻ ശിഷ്യൻ ആധാരമെഴുത്ത് ആണ്ടിയെ എസ്.കെ അവതരിപ്പിക്കുന്നത് നോക്കണം. കൂലിവേല ചെയ്തും ഇരന്നും പട്ടിണികിടന്നുമാണ് തെങ്ങിൽ നിന്നു വീണു മരിച്ച തന്ത സമ്മാനിച്ച മകനെ, ആണ്ടിയെ ആ അമ്മ എട്ടാം തരം വരെ പഠിപ്പിച്ചത്. ഓർക്കണം എട്ടാംതരം വരെ പഠിച്ചവർ ഡപ്യൂട്ടി കലക്ടർ വരെ ആയൊരു കാലമാണ്. വഴിതെറ്റിയതല്ലെങ്കിൽ സമൂഹം വഴികൊട്ടിയടച്ച ഒരാളുടെ അറിവ് ആ സമൂഹത്തിന് വിനാശകരമാവുന്നത് എങ്ങിനെയെന്നതിന്റെ ഉത്തമോദാഹരണമാണ് ആണ്ടി. അർഹരെ മറികടന്നു സ്വന്തക്കാർക്കുള്ള നിയമനത്തിന്റെ കാലം അവസാനിക്കാത്ത ഒരു സമൂഹമാണ് നമ്മളിന്നും. കള്ളും കുടിച്ചുള്ള വരവിൽ ഒരു പാറക്കല്ലിൽ തടഞ്ഞ് കമിഴ്ന്നടിച്ചു വീണ് മുൻനിരയിലെ പല്ലുകളത്രയും ‘നമശ്ശിവായ ചൊല്ലിപ്പോയതും' അങ്ങനെ പല്ലും കളഞ്ഞ് വീടണഞ്ഞ ആണ്ടിയെ കണ്ട് കാളിയമ്മ നിർത്താതെ ചിരിച്ചുപോയതും ആ ചിരി ആണ്ടിയെയും ചിരിപ്പിച്ചതും എന്തുമാത്രം നർമ്മബോധത്തോടെയാണ് എസ്.കെ. അവതരിപ്പിക്കുന്നത്.

പകൽ മുഴുവനും കള്ളാധാരപ്പണികളിലും രാത്രി സംഗീതനാടകാഭിനയവും കുടിയുമായി നാലുകാലിൽ നട്ടപ്പാതിരയ്ക്കു നടകൊള്ളുന്ന ആണ്ടിയെ കിണ്ണത്തിൽ ചോറും വിളമ്പി, പ്രതിഭാശാലിയായ ആണ്ടിയെ അലോസരപ്പെടുത്തുന്ന, യാതൊന്നും മിണ്ടാതെ ആണ്ടിക്കു ചോറുണ്ണാൻ മണ്ണെണ്ണ വെളിച്ചമില്ലാത്തപ്പോൾ ഒരോലച്ചൂട്ടു കത്തിച്ചു കിണ്ണത്തിനരികെ പിടിച്ചുകൊടുക്കുന്ന കാളിയമ്മയുടെ ചിത്രം ആരാണ് മറക്കുക! ആണ്ടിയെ ഉശിരുപിടിപ്പിച്ച് സ്വാത്വികനായ കൃഷ്ണൻമാസ്റ്ററെ പറ്റി പാട്ടുപാടിക്കുന്ന കഥാപാത്രമാണ് ഞണ്ടു ഗോവന്ദൻ. ആണ്ടിയും ഞണ്ടും ചേർന്ന സംഗീത സംരംഭത്തിൽ ഞണ്ടെഴുതി ആണ്ടി പാടിയ പാട്ടിൽ കൃഷ്ണൻ മാസ്റ്റർ കോച്ചാളികളുടെ എച്ചിൽ നക്കിയും മാനം നോക്കി നടക്കുന്ന നാലുകണ്ണൻ കള്ളൻമാസ്റ്ററുമായി. എത്രയെത്ര പ്രതിഭകളെ നമ്മളിന്നും ഇങ്ങിനെ വെടക്കാക്കി നാറ്റിക്കുന്നു. കേളഞ്ചരിയിലെ കുഞ്ഞിക്കേളുമേലാനിൽ നമുക്ക് സകല സമുദായ രാഷ്ട്രീയ എമ്പോക്കികളെയും ദർശിക്കാനാവുന്നതാണ്. സാമുദായികമായ സകല പിന്തിരിപ്പൻ ബോധ്യങ്ങളെയും പ്രാകൃതമായ നടപടികളെയും മുന്തിയ നിലപാടുകളും മാനുഷികമായ പ്രവൃത്തികളുമാക്കുന്ന സകലരുടെയും ആത്മീയാചാര്യനാവാൻ യോഗ്യനാണ് കുഞ്ഞിക്കേളുമേലാൻ.

ഒരു കാലഘട്ടത്തിലെ സുഭഗസുന്ദരമായ കൗമാരത്തിൽ നിന്നും സംഭവബഹുലമായ യൗവനത്തിലേക്കുള്ള പ്രയാണത്തെ പുതുതലമുറയ്ക്ക് പകരുകയാണ് സപ്പർസർക്കീറ്റ് സംഘത്തിലൂടെ എസ്.കെ.

കച്ചവടരംഗത്തെ അനാരോഗ്യകരമായ മത്സരങ്ങളുടെയും ചതിയുടെയും കഥകൾ നമുക്കപരിചിതമല്ല. സമർത്ഥനായ കുഞ്ഞിക്കോരൻ കൊങ്ങിണിയുടെ പ്രസിൽ പടിപടിയായി ഉയർന്നു വിശ്വസ്ഥനായി വളരുന്നു. അപ്പോഴാണ് ഒരുമുറിപ്പീടികയുമായി കോമട്ടി കുഞ്ഞിക്കോരനെ പാട്ടിലാക്കുന്നതും തന്നെ വിശ്വസിച്ച കൊങ്ങിണിയുടെ സകലതും യന്ത്രസാമഗ്രകളടക്കം അടിച്ചുമാറ്റി കുഞ്ഞിക്കോരൻ കോമട്ടിയുടെ മടയിലേക്കു കുടിയേറിയതും. മകനോടുള്ള വാക്കുകളിൽ കൃഷ്ണൻമാസ്റ്റർ -കോമട്ടിയും കുഞ്ഞിക്കോരനും കൂടി കൊങ്ങിണിയെ വിഴുങ്ങി. പിന്നെ കുഞ്ഞിക്കോരൻ കോമട്ടിയെ വിഴുങ്ങി. ഇനി കുഞ്ഞിക്കോരനെ വിഴുങ്ങാൻ ഒരു വിദ്വാൻ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവും എന്ന മാസ്റ്ററുടെ വാക്കികളിൽ കാലങ്ങളായുള്ള നന്മകളുടെ പൂമരങ്ങളെ വാട്ടിക്കളയുന്ന തിന്മകളുടെ കാർമേഘങ്ങളെയാണ് എഴുത്തുകാരൻ കാട്ടിത്തരുന്നത്.

വായിൽ ഉലക്കമുറി പോലത്തെ ചുരുട്ടുമായിരിക്കുന്ന സായിപ്പിന്റെ പ്രേതത്തെയും മറ്റനവധി പ്രേതങ്ങളെയും കൈകാര്യം ചെയ്തുവിട്ട, വിറപ്പിച്ചു നിർത്തി നിലവിളിപ്പിച്ച പാണൻ കണാരന്റെ കഥകളിലെ സൂര്യനിരീക്ഷക സ്വാമി - കാശിയിൽ നിന്ന്​ഏറെയകലെ കൊടുങ്കാട്ടിൽ പാറപ്പുറത്ത് സൂര്യനഭിമുഖമായി പ്രാർത്ഥന തുടങ്ങി സൂര്യഗമനത്തിനു കണക്കായി ഒടുവിൽ മുഖവും മിഴികളും വില്ലുപോലെ ദേഹം വളഞ്ഞ് മണ്ണിൽ കുത്തി സൂര്യാസ്തമയത്തിൽ തപസ്സ് അവസാനിപ്പിക്കുന്ന സൂര്യനിരീക്ഷകസ്വാമി എന്ന സിദ്ധന്റെ കഥ ആരെയാണ് ചിരിപ്പിക്കാതിരിക്കുക. ഹിമാലയത്തിലെ ഗുഹയിൽ ഒരു സിദ്ധൻ തപസ്സിലിരുന്ന് കൈകാൽ നഖങ്ങൾ നീണ്ട് മരത്തിന്റെ വേരുകളുമായി പിണഞ്ഞ് കിടക്കുന്നതു കണ്ട പാണക്കണാരക്കാഴ്ചയുടെ അപാരമായ വർണനകൾ ആർക്കാണ് മറക്കാനാവുക? ഒരര നൂറ്റാണ്ട് മുന്നെയോ എന്നാലോചിക്കുന്നിടത്താണ് ആ ക്രാഫ്റ്റിന്റെ മികവിനെ നമ്മൾ അറിയുക. അവസാനഭാഗത്തു കടന്നുവരുന്ന ജർമൻ സുന്ദരി എമ്മയുടെ ശ്രീധരനോടുള്ള ഭയങ്കരപ്രേമം പാണക്കണാരക്കാഴ്ചയുടെ ഒരു വകഭേദമായിക്കൂടെന്നുമില്ല.

എസ്.കെ. പൊറ്റെക്കാട്ട്
എസ്.കെ. പൊറ്റെക്കാട്ട്

കോഴിക്കോട് 24 മണിക്കൂറും തുറന്നുവെക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു മദീന ഹോട്ടലിനെ ചിത്രീകരിക്കുന്നുണ്ട് എസ്.കെ. ഹോട്ടൽ മുതലാളി പെരിക്കാലൻ അവറാൻ കോയ കൗണ്ടറിനു മുകളിൽ പൊക്കമുള്ള ഒരു കസാരയിൽ ഇരുന്നുകൊണ്ടു തന്നെ രാത്രിയുടെ ഉറക്കം മേശപ്പുറത്തു ഗഡുക്കൾ ആയി തൂക്കിത്തൂക്കി ചൊരിഞ്ഞു തീർക്കും - എസ്. കെയുടെ നിരീക്ഷണ പാടവത്തിന് തുല്യം ചാർത്തുന്നതാണ് ആണ് ആ വരികൾ. എസ്‌. കെയുടെ കഥാപാത്ര നിർമ്മിതിയുടെ ചാരുതയ്ക്ക് മിഴിവേകുന്നത് ആ സഞ്ചാരിയിലെ നിരീക്ഷണപാടവമാണ്. മോഷണവും അല്ലറ ചില്ലറ കുരുത്തക്കേടുകളും വശമില്ലാത്ത ശ്രീധരൻ കുരുത്തക്കേടിന്റെ ഹരിശ്രീ കുറിക്കുന്ന രംഗമാണ് മദീനാ ഹോട്ടലിൽ അരങ്ങേറുന്നത്. സാത്വികനായ പിതാവിന്റെ ശിക്ഷണം തെറ്റിനുള്ള പ്രേരണയെ പ്രതിരോധിക്കുമ്പോഴുണ്ടാവുന്ന സ്ഥലകാലവിഭ്രമം, അതൊക്കെയും പ്രതിഫലിക്കുന്ന ശാരീരിക ചലനങ്ങൾ എല്ലാം ദൗത്യം പരാജയമാക്കുന്നു. മദീനയിലെ ആറു കപ്പുകൾ അഭിമാനപുരസ്സരം തടിച്ചിക്കുങ്കിച്ചിയമ്മക്കു മുന്നിൽ കാഴ്ചവെയ്ക്കാമെന്ന സപ്പർസർക്കീട്ട് സംഘത്തിന്റെ പ്രതീക്ഷ അവസാനിക്കുന്നു. ഓർക്കണം വൈകിട്ടെന്താ പരിപാടി എന്നിന്ന് ചോദിക്കുന്നതിന്റെ നൂറ്റാണ്ടുമുന്നത്തെ ഉത്തരമായിരുന്നു സപ്പർസർക്കീറ്റ് സംഘം. കട്ടെടുത്ത കപ്പെല്ലാം വീഴ്ചയിൽ തവിടു പൊടിയാവുന്നുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിക്കുകയാണ്, നമുക്കു കിട്ടിയില്ലെങ്കിലും ആ പെരിക്കാലൻ മൊതലാളിക്ക് അതെല്ലാം നഷ്ടമായില്ലേ, നമ്മൾ അങ്ങിനെ പകവീട്ടിയില്ലേ എന്ന വാദത്തിലൂടെ കുടക്കാൽ ബാലൻ. തികച്ചും ഗ്രാമ്യമായ ഒരു പകവീട്ടലിന്റെ രസതന്ത്രത്തെ എത്ര മനോഹരമായാണ് കുടക്കാൽ ബാലനിലൂടെയും ഉസ്താദ് വാസുവിലൂടെയും എസ്. കെ അവതരിപ്പിക്കുന്നത്. തനിക്കു കിട്ടാത്ത ബൈക്കിലും കാറിലും വെറുതെയൊന്നു വരച്ചിടുന്ന മുന്തിയ വീട്ടിലെ കുട്ടികൾ നമുക്കിടയിലുണ്ട് കുടക്കാലിന്റെയും ഉസ്താദിന്റെയും അവതാരങ്ങളായി. സാമാന്യ വിദ്യാഭ്യാസവും, നല്ല കുടുംബ പശ്ചാത്തലവുമുള്ള ശ്രീധരൻ സപ്പർസർക്കീറ്റ് സംഘത്തിലെ അംഗത്വം ഒരു ജന്മസാഫല്യമായാണ് കാണുന്നത്. ഒരു കാലഘട്ടത്തിലെ സുഭഗസുന്ദരമായ കൗമാരത്തിൽ നിന്നും സംഭവബഹുലമായ യൗവനത്തിലേക്കുള്ള പ്രയാണത്തെ പുതുതലമുറയ്ക്ക് പകരുകയാണ് സപ്പർസർക്കീറ്റ് സംഘത്തിലൂടെ എസ്.കെ. അവിടെ ശ്രീധരന്റെ ഓർമ്മകളിൽ തീരാവേദനയായി പോലീസുകാരുടെ കൊടുംക്രൂരതയ്ക്കിരയായി ശരീരമാകെ തകർന്ന് അവസാന തുള്ള ചോരയും തുപ്പി മരിച്ച കുടക്കാലുണ്ട് - കുടക്കാൽ ബാലൻ.

ജീവിതത്തിൽ, അറിയാതെ പോലും നന്മകളൊന്നും ചെയ്തുപോവാത്ത, അന്യരെ പറ്റിച്ചു മാത്രം ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ ഇന്നും നമുക്കിടയിലുണ്ട്?

വിരിപ്പിൽ ഇബ്രാഹിമെന്ന പൂർവ്വാശ്രമത്തിലെ ഒരു തുന്നൽക്കാരന്റെ കഥാരചനയെ സരസമായി വിവരിക്കുന്നു എസ്.കെ. അവിടുന്നും ഇവിടുന്നും കിട്ടുന്ന പീസുകളൊക്കെയും ചേർത്തു പുതിയ കുപ്പായം തയ്ക്കുന്ന രീതിയിലുള്ള സാഹിത്യ സൃഷ്ടിയാണ് മൂപ്പരുടെ രീതി. ഇച്ചിരി വായന, ഒത്തിരി മോഷണം, സ്വല്പം ഭാവനയും ചേരുന്ന സംരംഭമാണ് മൂപ്പരുടെ ക്രാഫ്റ്റ്. മോഷ്ടിക്കുന്നതതിന്റെയത്രയും കഴയും മുഴയുമില്ലാത്ത സംയോജനമാണ് ഇബ്രാഹിമിന്റെ വിജയരഹസ്യം. വിരിപ്പിൽ ഇബ്രാഹിമിന്റെ അവതാരങ്ങൾ എന്നുമുണ്ടാവാം, എവിടെയും.

പഴമയുടെ അനാരോഗ്യം, അജ്ഞത, അന്ധവിശ്വാസങ്ങളും

കുറേ കഷായവും പച്ചമരുന്നുകളും ബാക്കി മന്ത്രവാദവും നേർച്ചയും സമ്മേളിക്കുന്ന, ഇല്ലാത്തവർ അതിനൊന്നും കാത്തുനിൽക്കാതെ തന്നെ പോവുന്ന, ഉള്ളവർ ഉള്ളതെല്ലാം ചികിസ്‌കയ്ക്കായി സമർപ്പിച്ചിട്ട് പോവുന്നതിന്റെ ദയനീയ ചിത്രമാണ് ഒരു നൂറ്റാണ്ടു മുന്നേയുള്ള നമ്മുടെ ആരോഗ്യരംഗം. എന്തിന് മേലാസകലം, തലയിലും ചൊറിയും ചിരങ്ങുമായി എത്രയെത്രയാളുകളെയാണ് ഉഷ്ണപ്പുണ്ണെന്ന ഇംഗ്ലീഷുപുണ്ണ് അഥവാ സിഫിലിസ് കൊണ്ടുപോയത്. ആയൊരു കാലത്തു നിന്നും നാമിന്നു കൈവരിച്ച ആരോഗ്യരംഗത്തെ പുരോഗതി ചെറുതല്ല. ഉഷ്ണപ്പുണ്ണിനു ചികിത്സിച്ചു ശയ്യാവലംബിയായ ഗോപാലനിലൂടെ മരുന്നും മന്ത്രവും നേർച്ചയും സമ്മേളിക്കുന്ന ചികിത്സാരീതിയെ എസ്. കെ വരച്ചിടുന്നുണ്ട്. ആൽത്തറ സന്ന്യാസിയുടെ ചികിത്സ ഫീസില്ലാതെയാണ്, പക്ഷേ ദക്ഷിണ നിർബന്ധവുമാണ്. അതാണെങ്കിൽ ഹരിദ്വാറിൽ സ്വാമി പുതുതായി പണിയാനുദ്ദേശിക്കുന്ന മഹാകാപാലിക ക്ഷേത്രത്തിനു വേണ്ടിയുമാണ്. ആ ആൽത്തറ സന്ന്യാസിയുടെ പുതിയ മ്യൂട്ടേഷൻ വൈറസുകൾ ക്ഷാമമില്ലാത്തെ പെരുകിക്കൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. ആൽത്തറ സന്ന്യാസി തൊട്ടാൽ തന്നെ രോഗം ഭേദമാവുന്ന അപദാനങ്ങൾ പാടിനടന്നവരുടെ പുത്തൻ അവതാരങ്ങൾക്കും. ആൽത്തറകളുടെ പഴയ പ്രോപഗാണ്ടകൾ പുതിയ ഹൈടെക് രൂപം കൈവരിച്ചു എന്നുമാത്രം.

പാഞ്ചിയുടെ കെർപ്പത്തിൽ പിള്ള പുറത്തുവരാത്തതിന് പരിഹാരവുമായി ഹാജരായ കീരൻ പൂരാശി ഉറഞ്ഞുതുള്ളി കെറപ്പത്തിന് ഭർത്താവ് മുത്തോറൻ മാത്രമല്ല വേറെ മൂന്നാളുകളും ഉത്തരവാദികളാണെന്ന് വെളിച്ചപ്പെടുന്നു. അവരെ ഗർഭക്കുറ്റവാളികളായി കണ്ടെത്തുകയും ചെയ്യുന്നു. അവരുടെ പേര് പാഞ്ചി പറഞ്ഞാലേ കുട്ടിയുടെ തല പുറത്തുവരൂ എന്നു കീരനും. പിന്നെ തെയ്യം അവർക്കു ‘പിഴ വിളിക്കും', ‘ചുത്തികലശം ചെയ്യും'. നാട്ടുകാർ മൊത്തം കീരന്റെ വെളിച്ചപ്പെടൽ കേട്ടു - ഗർഭക്കുറ്റവാളികൾ മൂന്ന്. പാഞ്ചി ആദ്യം പറഞ്ഞ പേര് കണ്ണങ്കുട്ടിച്ചാച്ചൻ. അയാളു ചത്തുപോയി. കീരന് നാലണക്കുള്ള ഉപകാരവുമില്ല. പാഞ്ചി പറഞ്ഞ രണ്ടാമൻ ഭാരതമാതാ ടീഷാപ്പിലെ പ്രസാരണി അപ്പു. ആ ദരിദ്രവാസിയെക്കൊണ്ടും കീരന് കാര്യമൊന്നുമില്ല. പാഞ്ചി വീണ്ടും പുളയുന്നു, കീരൻ വീണ്ടും ഉറയുന്നു. മൂന്നാമത് ഗർഭക്കുറ്റവാളിയായി പേരു വന്നു - കൊമ്പൻ ദാമു. കാപ്പണത്തിന് കൊമ്പനെക്കൊണ്ടും കാര്യമില്ല. ചുരുക്കിപ്പറഞ്ഞാൽ കീരൻ കുടുക്കാനിരുന്ന ആളില്ല, പണി പാളി. പാഞ്ചിയുടെ പുളച്ചലിന് കുറവില്ല, കീരന്റെ ഉറയലിനും. നാലാമത് ഒരു വ്യക്തമായ സൂചനയോടെ - കുറ്റം ചെയ്ത വെളുത്ത ഒരാളുണ്ട് - കീരൻ നിസ്സംശയം പ്രഖ്യാപിച്ചു. പൊതുജനം ശ്വാസം പിടിച്ചു നിന്നു. കീരനെ ഞെട്ടിച്ചുകൊണ്ട് അകത്തുനിന്നും വന്നൂ ആ ശബ്ദം - കുഞ്ഞിന്റെ കരച്ചിൽ. സപ്തനാഢികളും തകർന്ന കീരനു മുന്നിൽ മറ്റു വഴിയില്ല, തലവെട്ടിപ്പൊളിച്ചു. ആളുകൾ പിടിച്ചുവച്ചതുകൊണ്ടു മാത്രം കഴുത്തു ബാക്കിയായി. സത്യത്തിൽ കീരന്റെ സാമർത്ഥ്യം വിറ്റുപോയ കേസായി പാഞ്ചിയും ഗർഭക്കുറ്റവാളികളും. പിഴയടപ്പിക്കാൻ പറ്റിയ ഒരു സ്വജാതിക്കാരനുള്ളത് ചത്തുംപോയി. ബാക്കി രണ്ടുപേർ പിഴ ബാധകമല്ലാത്ത ഗർഭമുണ്ടാക്കാൻ യോഗ്യതയുള്ള ഉയർന്ന ജാതിക്കാരാണ്. കിട്ടിയ ചാൻസിന് കേസ് ഏറ്റെടുത്ത് പ്രസരണി അപ്പുവിനെ ഭീഷണിപ്പെടുത്തി പിഴയടപ്പിക്കാൻ ഒരു ശ്രമം ശങ്കുണ്ണിക്കമ്പൗണ്ടറും ആധാരം ആണ്ടിയും കൂടി നടത്തുന്നത് രസകരമാണ്. മുൻകൂട്ടി പിഴയടച്ചിട്ടാണ് ഞാൻ പാഞ്ചിയുടെ കൂടെ കിടന്നത് എന്ന വാദം പ്രസാരണി ഉന്നയിച്ചു. അവിടെ നിർത്താതെ, എന്നെക്കാൾ മുന്നേ ഈ കേസിൽ പിഴയടക്കേണ്ട കക്ഷികളെയും എനിക്കറിയാം എന്നു പറഞ്ഞവസാനിപ്പിക്കുന്നിടത്ത് അപകടം മണത്ത കമ്പൗണ്ടറും ആധാരവും സ്ഥലം വിട്ടു. പ്രസാരണിയുടെ ലക്ഷ്യം കൃത്യം. പിഴയടപ്പിക്കാൻ ആരെയും കിട്ടാത്ത വെളിച്ചപ്പെടൽ ദുരന്തമായ സ്ഥിതിക്ക് എല്ലാറ്റിനും കുറ്റം ഒടുവിൽ ഞണ്ടു ഗോവിന്ദൻ മൂത്തോറനിൽ തന്നെ ആരോപിച്ചു. പൂശാരിയുടെ ചിലവും മൂന്നാളുടെ പിഴയും മൂത്തോറനിൽ തന്നെ വച്ചുകെട്ടി. മൊത്തം 103രൂപ 7ണ 9പ - ആധാരം ആണ്ടിയുടെ കണക്കു കൃത്യം. ജീവിതത്തിൽ, അറിയാതെ പോലും നന്മകളൊന്നും ചെയ്തുപോവാത്ത, അന്യരെ പറ്റിച്ചു മാത്രം ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ ഇന്നും നമുക്കിടയിലുണ്ട്? പൂരപ്പറമ്പിലെ ശ്രീധരന്റെ വിഭ്രാത്മകമായ യാത്രകളും പ്രേതമൊഴിപ്പിക്കലും പ്രശ്‌നം വെക്കലും ബ്രഹ്മരക്ഷസ്സു കൂടലും ഒക്കെ ഒരു കാലത്തെ മലയാളിയുടെ ഇന്നത്തെ തലമുറക്ക് അന്യമായ ജീവിതവഴികളിലെ വഴിമുടക്കികളായിരുന്നു. വൈദ്യനും പ്രശ്‌നക്കാരനും തൊട്ട് പൂജാരി മുതൽ ഒടിയൻ വരെ സമൂഹത്തെ വിറപ്പിച്ചു നിർത്തിയ കാലം.

ഒരു ദേശത്തിന്റെ കഥ അനശ്വരമാവുന്നത് അതിലെ കാലാതീതമായ ജീവിതവീക്ഷണങ്ങൾ കൊണ്ടാണ്, അതിനായി തിരഞ്ഞെടുത്ത അസാധാരണ കഥാപാത്രങ്ങളിലൂടെയാണ്, അന്യൂനമായി ആ നിർമ്മിതിയുടെ സൗന്ദര്യത്താലും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മധുസൂദൻ വി.

‘നിത്യൻ’ എന്ന പേരിൽ ആക്ഷേപഹാസ്യ രചനകൾ എഴുതിയിരുന്നു. രണ്ട്​ മൊഴിമാറ്റങ്ങൾ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കോഴി​ക്കോട്​ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജുമെൻറിൽ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസർ.

Comments