റിഹാൻ റാഷിദ്​

എഴുത്തായി മാറിയമുറിവുകൾ

അനുഭവങ്ങളാണ് എഴുത്തുകാരെ പരുവപ്പെടുത്തുന്നതെന്നെല്ലാം ഭംഗിക്ക് പറയാമെങ്കിലും കടന്നുവരുന്ന പാതകൾ അത്ര സുഖകരമല്ല. ചിലതെല്ലാം സ്വകാര്യ മുറിവുകളായി കൊണ്ടുനടക്കാനാണ് ഇഷ്ടം. ഇടക്കിടെ ആ മുറിവുകളിൽ തൊട്ടുനോക്കി, എന്നിട്ടും ഇപ്പോഴും ഞാൻ ജീവിക്കുന്നുണ്ടെന്നു സ്വയം ബോധ്യപ്പെടാൻ മാത്രമാണത്!

ജീവിതമാണ് ഏറ്റവും മികച്ച ഫിക്ഷൻ.
ഏതുനിമിഷവും എന്തും സംഭവിക്കാവുന്നൊരു ഉഗ്രൻ നോവലാണത്. അതിലെ മറിഞ്ഞുപോയ താളുകൾ ആലോചിച്ചെടുക്കുകയെന്നത് അതേ പുസ്തകം വീണ്ടും വായിക്കുന്നതിന് തുല്യമാണ്. ഒരിടർച്ചയുമുണ്ടാക്കാതെ ഒരിലപോലും ജീവിച്ചുതീർക്കുന്നില്ലെന്ന മട്ടിലാണത്.

എഴുത്തുജീവിതത്തെക്കുറിച്ചാലോചിക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നും. ഒരിക്കലുമൊരു എഴുത്തുകാരൻ / എന്തിന് സാമാന്യം ഭേദപ്പെട്ടൊരു വായനക്കാരനാവുമെന്നു പോലും ചിന്തിച്ചിട്ടേയില്ല. പക്ഷെ, അപ്രതീക്ഷിതമായ ജീവിതവളവുകളിലൂടെ എഴുത്തിലേക്ക് സ്വയം ചാടിയിറങ്ങുകയായിരുന്നു. ഏറ്റവും സന്തോഷം ലഭിക്കുന്നത് ഈയൊരു പ്രോസ്സസിംഗിലൂടെയാണെന്ന തിരിച്ചറിവും കാരണമായിട്ടുണ്ടാവും, അതുറപ്പില്ലെന്നാലും. പക്ഷേ, ഇപ്പോൾ മറ്റെന്തിനെക്കാളും ആത്മസംതൃപ്തി എഴുത്ത് തരുന്നുണ്ട്. തീർത്തും അജ്ഞാതരായ മനുഷ്യർ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന്, ഞാൻ എഴുതിയ ഒരു പുസ്തകം വായിക്കുന്നത് സ്വപ്നം കാണാറുണ്ട്. അതേസമയം, ആൾക്കൂട്ടത്തിനുവേണ്ടി എഴുതാറുമില്ല.

ജീവിതമാണ് ഏറ്റവും മികച്ച ഫിക്ഷൻ. ഏതുനിമിഷവും എന്തും സംഭവിക്കാവുന്നൊരു ഉഗ്രൻ നോവലാണത്. അതിലെ മറിഞ്ഞുപോയ താളുകൾ ആലോചിച്ചെടുക്കുകയെന്നത് അതേ പുസ്തകം വീണ്ടും വായിക്കുന്നതിന് തുല്യമാണ്.

മാഞ്ഞുപോകാത്ത മുറിവുകൾ

സ്വയം തൃപ്തിയേകുന്നതുമാത്രം എഴുതുക എന്നേയുള്ളൂ. അതുതന്നെ ഇന്ന ‘ഴോണർ' കള്ളികളിലുമൊതുക്കുന്നുമില്ല. സ്വാഭാവികമായത് സംഭവിച്ചുപോവുന്നതാണ്. ഊർന്നുവീഴുന്ന ജലത്തിനു സംഭവിക്കുന്ന രൂപപരിണാമങ്ങൾക്ക് തുല്യമാണത്. ഏറ്റവുമൊടുവിൽ എന്താണോ രൂപപ്പെടുന്നത് അത് സ്വീകരിക്കുന്നു. അതേയമയം, എഴുതാൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ എനിക്ക് പറ്റാവുന്നത്ര പഠനങ്ങൾ നടത്താറുണ്ട്. ഗൂഗ്​ൾ വിവരങ്ങൾക്കപ്പുറം ആ വിഷയത്തെ സംബന്ധിച്ചുവന്ന വാർത്തകൾ, അംഗീകൃതമായ ജേണലുകൾ, പുസ്തകങ്ങൾ എന്നിവ പരിശോധിക്കും. അതിൽ വിദഗ്ദരായ വ്യക്തികളെ കാണാനോ വിളിച്ചു സംസാരിക്കാനോ സമയം കണ്ടെത്താറുമുണ്ട്. മാസങ്ങളോളം നീളുന്നൊരു അലച്ചിലാണത്. മാനസിക, ശാരീരിക അവസ്ഥകൾ അതിനെ പ്രതികൂലമായി ബാധിക്കാറുമുണ്ട്. അതൊക്കെ മറികടന്ന് എഴുതിക്കഴിയുമ്പോൾ കിട്ടുന്ന സംതൃപ്തി എല്ലാ വിഷമങ്ങളെയും മായ്ക്കുമെന്നാണ് അനുഭവം.

പ്രതികൂലമായ മാനസിക, ശാരീരിക അവസ്ഥകൾ മറികടന്ന് എഴുതിക്കഴിയുമ്പോൾ കിട്ടുന്ന സംതൃപ്തി എല്ലാ വിഷമങ്ങളെയും മായ്ക്കുമെന്നാണ് അനുഭവം. / Photo: Unsplash

എഴുത്തുമേഖലയിൽ ഇത്രയും ചെറിയാരിടമെങ്കിലും നേടിയെടുക്കാനുള്ള യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു. അനുഭവങ്ങളാണ് എഴുത്തുകാരെ പരുവപ്പെടുത്തുന്നതെന്നെല്ലാം ഭംഗിക്ക് പറയാമെങ്കിലും കടന്നു വ(രു)ന്ന പാതകൾ അത്ര സുഖകരമല്ല. അനുഭവിക്കുന്നതിൽ ചിലതെല്ലാം സ്വകാര്യ മുറിവുകളായി കൊണ്ടുനടക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇടക്കിടെ ആ മുറിവുകളിൽ തൊട്ടുനോക്കി, എന്നിട്ടും ഇപ്പോഴും ഞാൻ ജീവിക്കുന്നുണ്ടെന്നു സ്വയം ബോധ്യപ്പെടാൻ മാത്രമാണത്! ഇതുവരെ എത്താനുള്ള വഴിയിൽ പ്രോത്സാഹിപ്പിച്ചവർ വിരളമാണ്. മറിച്ച്, മനസ്സ് കെടുത്താൻ ശ്രമിച്ചവരുണ്ടുതാനും. എതിർപ്പുകൾ, കളിയാക്കലുകൾ, ഉപേക്ഷിക്കപ്പെടലുകൾ, നിരാസങ്ങൾ തുടങ്ങി അനേകം മാനസികവ്യഥകൾ ഏറ്റിട്ടുണ്ട്. അതിൽ മിക്കവയും ഏറ്റവും അടുത്തവരാണെന്നു കരുതിയവരിൽ നിന്നാണ്. അതു തീർത്ത മുറിവുകൾ എന്നെങ്കിലും മാഞ്ഞുപോവുമെന്ന് വെറുതെ ആഗ്രഹിക്കും എന്നാലതൊരിക്കലും മായില്ലെന്നാണ് അനുഭവം. ജലസുഷുപ്തിയിലായ കാടുപോലെയാണത്. ജലമൊന്നു വരളുമ്പോഴെല്ലാം അതിലൊരു മരമെങ്കിലും ആകാശം നോക്കും. അതിങ്ങനെ പലവഴിക്ക് തികട്ടിവരും.

ഇതുവരെ എത്താനുള്ള വഴിയിൽ പ്രോത്സാഹിപ്പിച്ചവർ വിരളമാണ്. മറിച്ച്, മനസ്സ് കെടുത്താൻ ശ്രമിച്ചവരുണ്ടുതാനും. എതിർപ്പുകൾ, കളിയാക്കലുകൾ, ഉപേക്ഷിക്കപ്പെടലുകൾ, നിരാസങ്ങൾ തുടങ്ങി അനേകം മാനസികവ്യഥകൾ ഏറ്റിട്ടുണ്ട്.

എന്നാൽ, ഇതേ അനുഭവങ്ങളെ മുഴുവൻ എഴുത്തിലേക്കുപയോഗിക്കാൻ കഴിയില്ലേയെന്ന് ആരെങ്കിലും ചോദിച്ചാൽ, വ്യക്തിപരമായി ഇല്ലെന്നാണ് അഭിപ്രായം. പ്രത്യേകിച്ച് ഏതുനിമിഷവും വരിയും വരയും തെറ്റുന്ന മാനസികവസ്ഥയുടെ ഇടയിൽപെടുന്നതുകൊണ്ട്. അത്​ വീട്ടിനുള്ളിൽ നിന്നുണ്ടാവുന്ന ഉച്ചത്തിലുള്ള സംസാരമാവാം, പേഴ്സ​ണൽ സ്‌പേസിലേക്കുള്ള കടന്നുകയറ്റമാവാം. സോഷ്യൽ മീഡിയകളിൽ വരുന്ന വ്യക്ത്യാധിഷ്​ഠിത കമന്റുകൾ വരെ ദിവസങ്ങളോളം എഴുതാൻ കഴിയാതെയാക്കും. (വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണ്). ആ അവസ്ഥ സൃഷ്ടിക്കുന്ന മാനസികഘാതം എത്രയാണെന്ന് ആർക്കും മനസിലാവുകയുമില്ല. ‘പൂവാകാനൊരുങ്ങിയിട്ടും വിടരാതമർന്നു പോവുന്ന മൊട്ടു'പോലെയാവുന്ന ദിവസങ്ങൾ. അതിൽനിന്നൊരുവിധം പുറത്തുകടക്കാൻ എത്രയോ ദിവസങ്ങളെടുക്കാറുണ്ട്.

അനുഭവങ്ങളാണ് എഴുത്തുകാരെ പരുവപ്പെടുത്തുന്നതെന്നെല്ലാം ഭംഗിക്ക് പറയാമെങ്കിലും കടന്നു വ(രു)ന്ന പാതകൾ അത്ര സുഖകരമല്ല.

ഇതൊന്നും വായനക്കാരെ ബാധിക്കേണ്ടതല്ലെന്നും അവരെ ഏതെങ്കിലും തരത്തിൽ രസിപ്പിക്കാത്ത എഴുത്തുകളെ അവർ നിഷ്‌കരുണം തള്ളിക്കളയുമെന്നും മറിച്ചാണെങ്കിൽ അവരത് സ്വീകരിക്കുമെന്നുമുള്ള യാഥാർത്യത്തെ എല്ലായ്‌പ്പോഴും ഉൾക്കൊള്ളാറുണ്ട്. എഴുത്തുമാത്രമാണ് വായനക്കാർക്കും എഴുത്തുകാർക്കുമിടയിലെ പാലം. അതാവട്ടെ ഏതുനിമിഷവും തകർന്നു പോയേക്കാവുന്നതുമാണ്. അതുകൊണ്ടുതന്നെയാണ്, ഓരോ എഴുത്തിന്റെ സമയത്തും ആദ്യമായി എഴുതുന്ന അത്ര പരിശ്രമങ്ങളും വ്യഥകളും ഉണ്ടാവുന്നത്. സത്യം പറഞ്ഞാൽ എഴുത്തുകാരൻ എന്നു പറയാൻ പോലും മടിയാണ്, അല്ലെങ്കിൽ പേടിയാണ്. ഒരുപക്ഷേ, ഇൻഫീരിയോരിറ്റി കോംപ്ലക്‌സുമാവും. ആവോ, കൃത്യമായത് അറിയില്ല. ചിലയിടങ്ങളിലെങ്കിലും പഠിക്കാൻ കഴിയാത്തതിന്റെ സങ്കടം വല്ലാതെ ഒറ്റപ്പെടുത്തും. പത്താം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. അതൊരു മോശം കാര്യമായി തോന്നിയിട്ടില്ല. മറിച്ച് എഴുത്തിനെ രൂപപ്പെടുത്താൻ അതും സഹായിച്ചിരിക്കും. ഇപ്പോഴും പുതുതായി എന്തെങ്കിലും പഠിക്കാനുള്ള ത്വരയുണ്ടാക്കുന്നത് പൂർത്തിയാക്കാതെ പോയ പഠനം തന്നെയാവും.

ഇരന്നുവാങ്ങിവലിച്ച സിഗരറ്റുകൾ

പത്താംക്ലാസിനു ശേഷം എത്രയോ ജോലികൾ ചെയ്തു. ഫ്ലോർമില്ലിൽ മുളകും അരിയും പൊടിക്കുക, കടകളിലെ സെയിൽസ്​മാൻ, ജ്യൂസ് മേക്കർ, ഡ്രൈവർ, പാർട്ട്‌ ടൈം അധ്യാപനം. ഏറ്റവും അവസാനം, ചെയ്യുന്നത് കുറ്റകൃത്യമാണെന്ന ബോധ്യമുള്ള ജോലി വരെയുണ്ടതിൽ. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിലെ ജ്യൂസ് കടയിൽ പാതിരാത്രി നഗരത്തെ കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഇടുങ്ങിയ ആ കടയുടെ മുന്നിൽ സോഡാപ്പെട്ടിക്കുമുകളിലിരുന്ന് സിഗരറ്റ് വലിച്ചുതീർത്ത ദിവസങ്ങൾ. പരിചയപ്പെട്ട അനേകം മനുഷ്യർ. ലൈംഗികതൊഴിലാളികൾ മുതൽ​ പൊലീസുകാർ വരെയുണ്ട്​ അക്കൂട്ടത്തിൽ. പിൽക്കാലത്ത് അവരൊക്കെ എഴുത്തിനെ പരോക്ഷമായി സഹായിച്ചിട്ടുണ്ട്.

വേദനാജനകമായ ഒരനുഭവം, നേരത്തെ സൂചിപ്പിച്ച കുറ്റകൃത്യകരമായ ജോലിക്കിടയിലാണ്. തൊഴിൽദാതാവിന്റെ സ്ത്രീതാത്പര്യത്തിനുവേണ്ടി ഒരിക്കൽ രണ്ടു സ്ത്രീകളും അയാളുമായി കാറ് ഡ്രൈവ് ചെയ്യുന്ന സമയം. പിൻസീറ്റിലിരിക്കുന്ന സ്ത്രീ, കൂടെയുള്ള യുവതിയെ പരിചയപ്പെടുത്തുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി. ‘‘ഇന്ന സ്ഥലത്തു നിന്ന്​ അന്യമതക്കാരനും ഇന്ന രാഷ്ടീയപ്രവർത്തകനുമായി ഒളിച്ചോടിയവളാണ്, കുറച്ചുകാലം കഴിഞ്ഞപ്പോൾ അവനുപേക്ഷിച്ചു, ഇപ്പോൾ, ഇതാണ് തൊഴിൽ. ഒരു രാത്രിക്ക് പതിനായിരമാണ് വില.’’
സമൂഹം മനുഷ്യരെ എങ്ങനെയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നതെന്നും പരിചയപ്പെടുത്താൻ ഉപയോഗിക്കുന്നതെന്നുമാണ് അപ്പോൾ ഓർത്തത്. മറ്റൊന്ന് അധ്യാപക വേഷമണിഞ്ഞതാണ്. അതും പ്ലസ്ടു ക്ലാസിന് പൊളിറ്റിക്കൽ സയൻസാണ് പഠിപ്പിച്ചത്. വായന മാത്രമാണ് ആറു മാസത്തെ പഠിപ്പിക്കലിനും സഹായിച്ചത്. പൊതുവിടങ്ങളിൽ തുറന്നുപറയാൻ കഴിയാത്ത അനുഭവങ്ങൾ ഇതിലേറെയാണ്.

'സമൂഹം മനുഷ്യരെ എങ്ങനെയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നതെന്നും പരിചയപ്പെടുത്താൻ ഉപയോഗിക്കുന്നതെന്നുമാണ് അപ്പോൾ ഓർത്തത്.' ഗംഗുഭായ് കത്തിയാവാഡി എന്ന സിനിമയിലെ രംഗം.

ജോലിയും വരുമാനവുമൊന്നുമില്ലാത്ത കാലത്താണ് വിശപ്പിനെ ശരിക്കറിഞ്ഞത്. പിന്നേയും പലതവണ വിവിധയിടങ്ങളിൽ വിശപ്പിനെ മുഖാമുഖം കണ്ടിട്ടുണ്ട്. അപ്പോഴേക്കും ഞങ്ങൾ പരിചിതരായിരുന്നു. അക്കാലത്ത് വീട്ടിൽ നിന്ന്​ടൗണിലേക്കുപോകാൻ പത്തു രൂപയാണ് ബസ് ചാർജ്. വീട്ടിൽ തന്നെ ഓരേ ഇരിപ്പിരിക്കുമ്പോൾ മടുക്കും. അങ്ങനെ മടുത്തുമടുത്ത് സ്വയം കത്തുമ്പോൾ ടൗണിലേക്കിറങ്ങും. ആ ദിവസങ്ങളിൽ ഉമ്മ തരുന്ന ഇരുപതു രൂപയുമായാണ് പോവുക. പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ബസ്​സ്​റ്റാൻറിനോട്​ ചേർന്ന പെട്ടിക്കടയിൽ ചെല്ലും. അവിടെ വരുന്ന പരിചയക്കാരോട് ഇരന്നുവാങ്ങുന്ന സിഗരറ്റ് വലിക്കും. മിക്കപ്പോഴും അവർ പറയുന്ന തെറി കേൾക്കും. അതിനൊക്കെ ചിരിക്കും. പിന്നെയും ഇരക്കും. വൈകീട്ടുവരെ അതേ ഇരിപ്പും എരപ്പും തുടരും. ഇടക്ക്​ പെട്ടിക്കടയിലെ ഐസ്‌പെട്ടിയിലെ പൈപ്പിൽ നിന്ന്​ വെള്ളമെടുത്ത് കുടിക്കും. അതായിരുന്ന ആ പകലുകളിലെ ഭക്ഷണം! വിശപ്പുണ്ടേലും ആരോടും പറയാൻ തോന്നിയിട്ടില്ല. തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്നു വരുന്ന മണങ്ങളിലങ്ങനെ വെള്ളമിറക്കും. അക്കാലത്തും സഹായിച്ച ചിലരെ മറന്നിട്ടില്ല. മറന്നുകഴിഞ്ഞാൽ മനുഷ്യനല്ലാതാവുമെന്ന ബോധ്യമുണ്ട്.

സ്വയാർജ്ജിതമാവുന്ന വരുമാനം, അതെത്ര ചെറുതാണെങ്കിലും മനുഷ്യർക്ക് അഭിമാനം നൽകും. മറ്റെന്തിനേക്കാളും വലുതാണത്. എഴുത്തിലാണെങ്കിൽ സ്വയാർജ്ജിതമായ ഭാഷയും അതേ നിലയിലാണ് പ്രവർത്തിക്കുക.

ഇപ്പോഴാവാട്ടെ എഴുത്തിലൂടെ പട്ടിണിയില്ലാതെ കടന്നുപോവാൻ പറ്റുന്നുണ്ട്. വലിയ വരുമാനമില്ലെങ്കിലും കിട്ടുന്നതുകൊണ്ട് ജീവിക്കാൻ പഠിപ്പിച്ചത് മുൻപത്തെ അനുഭവങ്ങളാണ്. ഇപ്പോഴുള്ളതിൽ തൃപ്തനാണ്. ആഗ്രഹങ്ങൾ മുഴുവൻ സാധിക്കുന്നില്ലെങ്കിലും ആരുടെ മുൻപിലും കൈനീട്ടേണ്ടി വരുന്നേയില്ല. സ്വയാർജ്ജിതമാവുന്ന വരുമാനം, അതെത്ര ചെറുതാണെങ്കിലും മനുഷ്യർക്ക് അഭിമാനം നൽകും. മറ്റെന്തിനേക്കാളും വലുതാണത്. എഴുത്തിലാണെങ്കിൽ സ്വയാർജ്ജിതമായ ഭാഷയും അതേ നിലയിലാണ് പ്രവർത്തിക്കുക. പക്ഷേ, മേൽപ്പറഞ്ഞവയൊന്നും എഴുത്തുകാരനെന്ന നിലയിൽ എന്റെ പുസ്തകങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമായി പ്രവർത്തിക്കരുതെന്നാണ് ആഗ്രഹം. പുസ്തകങ്ങൾ, അതിന്റെ ഉള്ളടക്കത്തിനാലും ഭാഷയുടെയും ആഖ്യാനത്തിന്റെയും മികവുകൊണ്ടാണ് വായിക്കപ്പെടേണ്ടത്.

റിഹാൻ റാഷിദിന്റെ പുസ്തകങ്ങൾ

വ്യക്തിക്ക് പ്രാധാന്യമുണ്ടാവുന്നത് അവർ സമൂഹത്തോട്​ പ്രവർത്തിക്കുന്ന രീതിയാലാണ്. പ്രാഥമികമായി മറ്റുള്ളവരുടെ സ്വകാര്യതകളിൽ ഇടപെടാതിരിക്കുകയാണ് ചെയ്യേണ്ടതെന്നാണ് കരുതുന്നത്. ഇപ്പോഴാവട്ടെ എല്ലാം സോഷ്യൽമീഡിയ അടിസ്ഥാനത്തിലായിട്ടുണ്ട്. സർഗാത്മകത ഒരു മത്സര ഇനമെന്ന രീതിയിലാണ് ചിലരെങ്കിലും കാണുന്നത്. അതൊട്ടും ആശാവഹമായ സംഗതിയെല്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. മറിച്ച്, ഒരു കാടുണ്ടാവുന്നത്രയും സ്വാഭവികമായ ഒന്നാണത്. കല എന്ന നിലയിൽ എല്ലാവരേയും തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കില്ല. അവരവരെ തൃപ്തിപ്പെടുത്തുമ്പോൾ അതിന് ജീവൻ വെക്കുന്നു. മറ്റെല്ലാം സ്വാഭാവികമായി സംഭവിക്കുകയാണ്. എഴുത്തിലും ‘താര'മാവുക എന്നതിനാണ് ഇപ്പോൾ മിക്കവരും മുൻതൂക്കം നൽകുന്നത്. അതൊരു തെറ്റാണെന്ന് പറയുന്നില്ല. പക്ഷേ, തങ്ങളുടെ നേട്ടങ്ങൾക്കായി മറ്റുള്ളവരെ ഇകഴ്ത്തി പറയുന്നത് ശരിയല്ല. മികച്ചതാണെങ്കിൽ അത് കാലങ്ങളോളം നില നിൽക്കും. അല്ലാത്തവ അകാലമൃതിയണയും. അതറിയാൻ പ്രകൃതിയെ നിരീക്ഷിച്ചാൽ മാത്രം മതി.

അലങ്കരിച്ച മച്ചിനു താഴെ അഴിക്കട്ടിലിൽ ഒരു രാത്രി

എല്ലാ മനുഷ്യരും തങ്ങളുടെ പ്രവർത്തനമേഖലയിൽ അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. എഴുത്തുകാരുമതേ. ജീവിതത്തിലെ ഏറ്റവും മികച്ച അംഗീകാരമായി ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരനുഭവമുണ്ട്; ഡി സി ബുക്‌സ് നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിൽ നാലിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സമ്മാനം വാങ്ങാൻ കോട്ടയത്ത് ചെന്ന ദിവസം. സത്യത്തിൽ ശരിക്കും ഭയത്തോടെയാണ് അവിടെ എത്തുന്നത്, എല്ലാം കൊണ്ടും തീർത്തും പുതുമുഖമായ ഒരാളെ അവർ എങ്ങനെ സ്വീകരിക്കുമെന്നോർത്ത്. പക്ഷേ, എല്ലാ ആശങ്കകളേയും ഇല്ലാതാക്കുന്ന സ്വീകരണമാണ് അവിടെ ലഭിച്ചത്. എത്രയോ മഹാരഥന്മാരായ എഴുത്തുകാർ താമസിച്ച അവരുടെ ഗസ്റ്റ്‌ ഹൗസിലെ മനോഹരമായൊരു മുറി തന്നെയാണ് നൽകിയത്. (ഒരു സാധാരണ മുറിയാണ് പ്രതീക്ഷിച്ചത്). അതിനുള്ളിൽ കയറിയപ്പോൾ എന്തിനെന്നില്ലാതെ കണ്ണുനിറഞ്ഞു. കൊത്തുപണികളാൽ അലങ്കരിച്ച മച്ചിനു താഴെ എനിക്കായി വിരിച്ചിട്ട അഴിക്കട്ടിലിൽ ഇരിക്കുമ്പോൾ ആ മുറിയൊരു സങ്കൽപ്പമാണെന്നു തോന്നി.

ആ പുസ്തകം ആദ്യമായി കയ്യിലെടുത്ത സമയത്ത് ഡി സിയിലെ വിനീത് എടുത്ത ഒരു ഫോട്ടോയുണ്ട്. അത്രയും മനോഹരമായി ഞാൻ ചിരിക്കുന്ന ഫോട്ടോ അതിനു മുന്നയോ ശേഷമോ സംഭവിച്ചിട്ടുമില്ല. ഏറ്റവും പ്രയപ്പെട്ട ചിത്രവും അതു തന്നെയാണ്.

അർഹമായ സ്വീകരണവും അംഗീകാരവും ഒരാളെയാകെ മാറ്റിയെടുക്കുമെന്ന് അന്നാണ് സ്വയമനുഭവിച്ചത്. അന്നുറങ്ങിയതേയില്ല. ഉറക്കം വന്നില്ലെന്നാണ് സത്യം. ജാലകവിരിപ്പുകൾ മാറ്റി നേർത്തുപെയ്യുന്ന മഴയിലേക്ക് കണ്ണോടിച്ചു കിടന്നു. വായനയിലൂടെ പരിചിതരായ അനേകം എഴുത്തുകാർ എനിക്കൊപ്പം ആ മുറിയിലുണ്ടെന്നു തോന്നി. അവരുടെ വിരലുകളിൽ കുരുങ്ങിനിൽക്കുന്ന ബീഡിയുടെ പുകയിൽ മുറിയാകെമാനം പുകപരന്നു. മകരമാസത്തെ മഞ്ഞണിഞ്ഞ നിലാവ് പോലെ! തൊട്ടടുത്ത ദിവസം ആ പുസ്തകം ആദ്യമായി കയ്യിലെടുത്ത സമയത്ത് ഡി സിയിലെ വിനീത് എടുത്ത ഒരു ഫോട്ടോയുണ്ട്. അത്രയും മനോഹരമായി ഞാൻ ചിരിക്കുന്ന ഫോട്ടോ അതിനു മുന്നയോ ശേഷമോ സംഭവിച്ചിട്ടുമില്ല. ഏറ്റവും പ്രയപ്പെട്ട ചിത്രവും അതു തന്നെയാണ്. തളർന്നു പോവുമ്പോഴെല്ലാം ഈ ദിവസത്തെ ഓർക്കും. ഒരു മരുന്നു പോലെയത് മുറിവുകളെ ഉണക്കും.

ജീവിതമിങ്ങനെ അനേകം അടരുകൾ ചേർന്നതാണ്. ചിലപ്പോൾ തോന്നും ഞാൻ, എന്റെ തന്നെ ഒരു ഭാവനയാണെന്ന്. എഴുതുമ്പോൾ മാത്രം ജീവിക്കുന്ന മനുഷ്യനെന്ന്!

മഞ്ഞ് (1983)

ജീവിതമിങ്ങനെ അനേകം അടരുകൾ ചേർന്നതാണ്. ചിലപ്പോൾ തോന്നും ഞാൻ, എന്റെ തന്നെ ഒരു ഭാവനയാണെന്ന്. എഴുതുമ്പോൾ മാത്രം ജീവിക്കുന്ന മനുഷ്യനെന്ന്! ഇതിലെല്ലാമുപരി മുന്നിലൊരു പർവ്വതം പോലെ നിൽക്കുന്ന ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നുമുണ്ട്. പർവ്വതത്തിനപ്പുറത്തെ കാഴ്ച എന്താവുമെന്ന ആധിയാണത്. ആ നേരത്തെല്ലാം കടന്നുവന്ന വഴികളെക്കുറിച്ച് വീണ്ടുമോർക്കും. ഇപ്പോഴെത്തിനിൽക്കുന്നിടത്ത് എത്താൻ അർഹതയുണ്ടെന്ന് മനസ്സിനെ വെറുതെ പറഞ്ഞുപഠിപ്പിക്കും. മിക്കപ്പോഴും മനസ് എന്നെ തോൽപ്പിക്കാറാണ് പതിവ്. ഈ മനസ്സെന്നു പറയുന്നത് ഒരു മായാജാലക്കാരനാണ്. ഒരേ സമയമത് പലരൂപങ്ങളെടുക്കും. ഇടക്കതിന്​ മാർകേസിന്റെ കഥാപാത്രങ്ങളുടെ ഛായയാവും. മറ്റൊരിക്കലതിന് പാമുകിന്റെ രൂപമാവും. അതിലങ്ങനെ നിൽക്കുമ്പോഴാവും മഞ്ഞിലെ വിമലയും സുധീർ മിശ്രയുമായി പരിണാമപ്പെടും. അവരെ നോക്കി നിൽക്കെ ആനവാരി കടന്നുവരും. പിന്നയതവസാനിക്കുക എവിടെയാണെന്ന് ഒരു തിട്ടവുമില്ല. സമാ നൃത്തം പോലെ അലഞ്ഞലഞ്ഞു തിരിയും.

എഴുത്തുകൊണ്ട് എന്തു നേടിയെന്നു ചോദിച്ചാൽ അപരിചിതരായ കുറേ മനുഷ്യരുടെ കൂടെ ഒരു പുസ്‌കമായെങ്കിലും നിൽക്കാൻ കഴിയുന്നു എന്നാണ്​ആദ്യത്തെ ഉത്തരം. പിന്നെ കുറച്ച് നല്ല സുഹൃത്തുക്കളേയും നേടാനായി. എന്നെങ്കിലും മരണത്തിന്റെ മരവിപ്പിലേക്ക് പോയാലും ലോകത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ എന്റേതായ ഒരു പുസ്തകമെങ്കിലും അവശേഷിക്കുന്നുണ്ടാവുമെന്ന് ചിന്തിക്കുന്നു. സന്തോഷിക്കുന്നു. മറ്റൊരു എഴുത്തിനെക്കുറിച്ചോ ഒരു വാക്കിനെക്കുറിച്ചോ ആലോചിച്ച്​ പ്യൂപ്പാവസ്ഥയിലേക്ക് മാറുന്നു. അതിനുള്ളിലെ ചെറിയ ലോകത്തെ നോക്കുന്നു, അലച്ചുകരയുന്നു. പിന്നെയും പിന്നെയുമതുതന്നെ ചെയ്യുന്നു. ഏതുനിമിഷവും ഒഴുക്ക് നിലച്ച് എന്നെന്നേക്കുമായി വറ്റുന്നൊരു നദിക്ക്​ ജീവിതമൊരു ഫിക്ഷൻ എന്നു പേരിട്ട് എഴുതാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ▮


റിഹാൻ റാഷിദ്

നോവലിസ്​റ്റ്​. സമ്മിലൂനി, അഘോരികളുടെ ഇടയിൽ, ലക്ഷദ്വീപ് ഒരു സൂഫി ലാൻറ്​, ഡോൾസ്, പ്രണയ ജിന്നുകൾഎന്നിവ പ്രധാന കൃതികൾ.

Comments