'മോത്തായിനായി മുത്തശ്ശി' കവർ

മോത്തായിനായി മുത്തശ്ശി

2004ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ വാൻഗാരി മാതായ് ആണ് ഐക്യരാഷ്ട്രസഭയിൽ മോത്തായിനായി എന്ന വാക്ക് അവതരിപ്പിക്കുന്നത്. അന്നു മുതൽ ആളുകൾ അന്വേഷണമായി, എന്താണ് ഈ മോത്തായിനായി? ജാപ്പനീസ് ഭാഷയിൽ തന്നെ ഈ വാക്കിന് അർത്ഥം ദുഷ്‌കരം എന്നാണത്രെ. അപ്പോൾ പിന്നെങ്ങനെയാണ് അന്യഭാഷകളിലേക്കു വിവർത്തനം ചെയ്യുക?

എഴുത്തുകാരിയും ചിത്രകാരിയുമായ മാരികോ സിൻജുവിന്റെ മകൻ അമ്മയോടു ചോദിച്ചു, ""അമ്മേ എന്താ ഈ "മോത്തായിനായി'?''

​​​​​​​ആ ചോദ്യത്തിനുള്ള ഉത്തരമായാണ് ഈ പുസ്തകം വരച്ചുണ്ടാക്കിയത്!

"പാഴാക്കരുത്,' എന്നതായിരിക്കും മോത്തായിനായിക്കു കൊടുക്കാവുന്ന ഏറ്റവും അടുത്ത മലയാള തർജമ.

"എന്തൊരു പാഴ്,' എന്നും വിവർത്തനം ചെയ്യാം.

പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഈ വാക്ക് അർത്ഥമാക്കുന്നത്.

നമ്മളുപഭോഗിക്കുന്ന വസ്തുക്കൾ ഉണ്ടാക്കുന്നവരെക്കുറിച്ചും ഈ വാക്ക് സൂചിപ്പിക്കുന്നു.

ഒരു വസ്തു അശ്രദ്ധമായി ഉപയോഗിക്കുകയോ പാഴാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അതിന്റെ പ്രകൃതിയിലെ ഉറവിടം വരെ സൂചിപ്പിക്കുന്ന അർത്ഥവ്യാപ്തി ഉള്ള ഒരു വാക്കാണിത്. ജപ്പാൻ പോലെ ഭക്ഷണവസ്തുക്കളും മറ്റു ഉപഭോഗവസ്തുക്കളും നിർലോഭം ലഭിക്കുന്ന രാജ്യത്ത് മോത്തായിനായി എളുപ്പം മനസ്സിലാവില്ല എന്ന് മാരികോ സിൻജു പറയുന്നു. ജപ്പാൻകാരും ലോകമെങ്ങുമുള്ള മറ്റു മനുഷ്യരും എപ്പോഴും മോത്തായിനായി എന്ന് വിചാരിച്ചാൽ ലോകസമാധാനം ഉണ്ടാകും എന്നാണ് എഴുത്തുകാരി പറയുന്നത്.

ഈ പുസ്തകത്തിലെ കുട്ടിയുടെ പാത്രത്തിൽ ഭക്ഷണം ബാക്കിയാവുമ്പോൾ മുത്തശ്ശി വന്നു വിളിക്കും, "മോത്തായിനായീ!'

"ഒത്തിരി ഭക്ഷണം ബാക്കി- മോത്തായിനായീ, ഞാൻ കഴിക്കാം?'

ചം ചം...... ചംചം...! ഗ്‌ളം.... ഗ്‌ളം....!

പിന്നെ അവർ പറയും, "ഓ, ഒത്തിരിച്ചോറ് മുഖത്തൊട്ടിപ്പിടിച്ചല്ലോ, മോത്തായിനായീ!'

അവർ ആ കുട്ടിയുടെ മുഖം നക്കിത്തുവർത്തും. അപ്പോൾ കുട്ടി ഒച്ച വയ്ക്കും, "ച്ഛീ!'

അപ്പോഴും അവർ പറഞ്ഞുകൊണ്ടേയിരിക്കും- "മോത്തായിനായീ'

ഗുളുഗുളുഗുളുഗുളു! എന്നു കുട്ടി വെള്ളം തുറന്നു വിടുമ്പോൾ, അവർ വന്നു വിളിക്കും, "മോത്തായിനായീ.....'

"ഒരു കപ്പ് വെള്ളം ധാരാളം!

വെള്ളം പാഴാക്കരുത് - മോത്തായിനായീ'

അവസാനം, കുട്ടി കരയാൻ തുടങ്ങും, ""ങ്ഹീ.... ങ്ഹീ..... ''

"നീ കണ്ണീരു കളയുകയാണ് -- മോത്തായിനായീ.'

കുട്ടി ചുരുട്ടിക്കൂട്ടിയിട്ട കടലാസു പന്തുകൾ കണ്ട് അവർ വന്നു വിളിക്കും - "മോത്തായിനായീ.'

"നീ അതുകൊണ്ടിനി കളിക്കുന്നില്ലെങ്കിൽ നിവർത്തി നേരെയാക്കി എല്ലാം കൂടി ഒരുമിച്ചാക്ക്.'

കുട്ടിയുടെ കുറ്റിപ്പെൻസിലുകൾ ഉപയോഗിക്കാതെ കിടന്നാൽ, മുത്തശ്ശി വന്നു വിളിക്കും, "മോത്തായിനായീ!'

"ചോപ്പ്, ഓറഞ്ച്, മഞ്ഞ, ഇളംപച്ച, പച്ച, നീല, പർപ്പിൾ ഏഴുപെൻസിലുകളും കൂട്ടിക്കെട്ട്. എന്തു കിട്ടും?'

"മഴവിൽപ്പെൻസിലുകൾ!'

"ഹയ്യമാ!'

കുട്ടി മാൻഡറിൻ തൊലി, വലിച്ചെറിയുമ്പോൾ അവർ വന്നുവിളിക്കും, "മോത്തായിനായീ'

"വെയിലത്ത് അതു ഉണക്കിയെടുക്ക് ബാത്ത്ടബ്ബിലിടൂ, മാൻഡറിൻ തൊലി നിനക്കു നല്ല സുഖം തരും'

​​​​​​​"വെയിലത്ത് ചെറുചൂടുള്ള ഒരു മാൻഡറിൻ കുളി!'

"നേരം ഇരുട്ടുന്നു. ഞാൻ ലൈറ്റിടാൻ പോകുന്നു.' ​​​​​​​ക്ലിക്!

"ആ! മോത്തായിനായീ! ഞാനിതാ വീട്ടിൽ പോകുന്നു.'
അതും പറഞ്ഞ്, മോത്തായിനായി മുത്തശ്ശി വീട്ടിലേക്കു പോയി.

"രാത്രിയിൽ ലൈറ്റ് അണയ്ക്കാതെ കിടക്കുന്നോ! മോത്തായിനായീ! ഇരുട്ടാവുമ്പോൾ, ഞാൻ ഉറങ്ങാൻ കിടക്കുന്നു.'

മോത്തായിനായീ! മോത്തായിനായീ!

നീ ഒന്നും ചെയ്യുന്നില്ലെന്ന് നിനക്കുറപ്പുണ്ടോ മോത്തായിനായീ?

ഉറക്കത്തിലും ഉള്ള ഈ കരുതലിലാണ് ഈ പുസ്തകം അവസാനിക്കുന്നത്. ആധുനികവും കുട്ടികളോടു സംവേദിക്കുന്നതും കലാമേന്മയുള്ളതുമായ ചിത്രീകരണം എങ്ങനെയെന്നതിന് ഈ പുസ്തകത്തിലെ ചിത്രങ്ങൾ നോക്കിയാൽ മതി. ഒരു കുട്ടിയുടെ ഭാവനയിൽ നിന്നാണ് മാരികോ സിൻജു ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ നിന്ന് ജപ്പാൻ ഒരുപാട് ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. മോത്തായിനായി നമുക്ക് അപരിചിതമായ ഒരു സങ്കല്പമല്ല. പക്ഷേ, എന്തായിരിക്കും ഇതിനു പറ്റിയ ഒരു മലയാളം വാക്ക്?

നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ ആണ് ഈ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റു ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചു വരുന്നു. ഇതൊരു ഇരുഭാഷാ പുസ്തകമാണ്. പാഠം മലയാളത്തിലും ഇംഗ്ലീഷിലും നല്കിയിരിക്കുന്നു. ഇതിലൊരു ഭാഷയിൽ പരിചയക്കുറവുള്ള കുട്ടിക്ക് ആ ഭാഷ പഠിക്കാനുള്ള ഒരു വഴിയാണ് ദ്വിഭാഷാ പുസ്തകങ്ങൾ. അധ്യാപികയും കവിയുമായ വി.എസ് ബിന്ദു ആണ് മലയാള പരിഭാഷ നടത്തിയിരിക്കുന്നത്.

പുതിയ പുസ്തകങ്ങൾ

സാധാരണ​ ബാലസാഹിത്യത്തിന്റെ പരിധിയിൽ പരിഗണിക്കാത്ത ഒരു കൂട്ടം പുസ്തകങ്ങളാണ് 2020 ഒക്ടോബർ 31ന് പ്രകാശനം ചെയ്യപ്പെട്ടത്. പത്തു പതിനഞ്ചു വയസ്സുകാർക്കുള്ള അഞ്ചു പുസ്തകങ്ങളാണ് ഇറങ്ങിയത്. അസാധാരണ ജീവിതം ജീവിക്കുന്ന അഞ്ചു സാധാരണ മനുഷ്യരുടെ ജീവിത കഥകളാണ് ഈ പുസ്തകങ്ങളിൽ എന്നാണ് പ്രസാധകർ പറയുന്നത്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയുടെ റിപ്പോർട്ടുകളുടെ കാര്യത്തിൽ ശ്രദ്ധേയമായ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (Peoples Archive of Rural India- PARI) ചെന്നൈയിലെ കരടി ടേൽസുമായി (Karadi Tales) ചേർന്നാണ് ഈ പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നത്. ഈ പ്രസിദ്ധീകരണത്തിനായി Minmini Reads എന്ന ഒരു ഇംപ്രിന്റും ആരംഭിച്ചിട്ടുണ്ട്. പീപ്പിൾസ് ആർക്കൈവ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ വിവരിക്കപ്പെട്ട അഞ്ചുപേരുടെ കഥകളാണ് കുട്ടികൾക്കായി ഈ പുസ്തകങ്ങളിൽ പറയുന്നത്.

തമിഴ്‌നാട്ടിലെ ശിവഗംഗക്കാരി ചന്ദ്ര സുബ്രഹ്മണ്യന്റെ അസാധാരണ കഥയിൽ നിന്ന് പ്രചോദനം കൊണ്ട് അപർണ കാർത്തികേയൻ എഴുതിയതാണ് No Nonsense Nandhini. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്ന കർഷകയും കച്ചവടക്കാരിയുമാണ് ചന്ദ്ര.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കൃഷ്ണന്റെ ഏകരക്ഷകർത്താവ് എച്ച്.ഐ.വി കാരണം മരിക്കുന്നു, അവനും എച്ച്.ഐ.വി ഉണ്ടെന്നു മനസ്സിലാകുന്നതോടെ ഒരു ബോർഡിങ് സ്‌കൂളിലേക്കു മാറ്റുന്ന അവന്റെയും കൂട്ടുകാരുടെയും കഥയാണ് The House of Uncommons. എഴുതിയത് വിശാഖ ജോർജ്.

തമിഴ്‌നാട്ടിലെ സിട്ടിലിംഗി ആദിവാസി ഊരിലെ ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഒരു സ്‌കൂൾ ഉണ്ടാക്കിയാലോ എന്ന ആശയം അവരുടെ ജീവിതത്തെ മാറ്റുന്നതിനെക്കുറിച്ചുള്ള കഥയാണിത്. എഴുതിയത് പ്രീതി ഡേവിഡ്.

നീന്തൽതാരങ്ങളായ അംബികാപതിയുടെയും ദിവ്യയുടെയും ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെഴുതിയ കഥയാണ് A Big Splash. എഴുതിയത് നിവേദിത ഗണേഷ്.

തൊഴിൽ തേടി ആന്ധ്രപ്രദേശിൽ നിന്ന്​ കൊച്ചിയിലേക്കു യാത്ര നടത്തുന്ന കുടിയേറ്റത്തൊഴിലാളികളുടെ കഥയാണ് No Ticket, Will Travel. സുബുഹി ജിവാനിയാണ് ഈ നിശ്ചയദാർഢ്യത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

ബാലസാഹിത്യം സാധാരണ സ്വീകരിക്കാത്ത ഈ വിഷയങ്ങൾ ഈ പുസ്തകങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നു വായിച്ചു നോക്കാൻ ഞാൻ കാത്തിരിക്കുന്നു.


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments