പുതുകവിതയ്​ക്കാവശ്യമില്ല, വിഗ്രഹങ്ങളും ജനകീയ കവികളും

‘‘ബ്രാഹ്മണനായ പി. രാമന്റെ വില പുറത്തുള്ള കവികൾക്ക് അറിയാം. രാമന്റെ പത്തിലൊന്നുപോലും കഴിവില്ലാത്ത കവികൾ രാമനെച്ചാരി പ്രസിദ്ധരാകുന്നു. കവിതയിലെ ചെറുകിട വ്യവസായികൾ ആണവർ. പക്ഷേ ആ കവികൾ രാമനെയും വിട്ട് ഇന്ന് അധികാര രാഷ്ട്രീയത്തിന്റെ, കൾച്ചറൽ വ്യവസായത്തിന്റെ ഭാഗമായിക്കഴിഞ്ഞു.’’- ട്രൂകോപ്പി വെബ്​സീനിൽ കവി വിഷ്​ണുപ്രസാദുമായി വി. അബ്​ദുൽ ലത്തീഫ്​ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട്​ കവിതയെക്കുറിച്ച്​ നടക്കുന്ന ചർച്ചയിൽ ഇടപെട്ട്​ എഴുതുന്നു, എസ്​. ജോസഫ്​.

വിത ലോകത്തിലെ ഏറ്റവും പ്രാചീനമായ സാഹിത്യരൂപം ആകുന്നു. സൗന്ദര്യത്തെ സംബന്ധിച്ച സാങ്കേതികത അതിലുണ്ട്. കവിതയ്ക്ക് കൃത്യമായ നിർവചനം സാധ്യമല്ല. അതിന്റെ വ്യാപനത്തിന് അതിരുകളില്ല. അതിന്റെ ഘടകങ്ങൾ, ഉപകരണങ്ങൾ, മാധ്യമങ്ങൾ നിരന്തരം മാറുകയും ചെയ്യുന്നു. അത് ഒരേസമയം വളരെ പഴയതും പുതിയതും ആകുന്നു. അതിൽ ഉല്പാദനവും വിതരണവും ഒക്കെയുണ്ട്.

അതായത്, അതിനൊരു സാമ്പത്തിക ശാസ്ത്രമുണ്ട്. സംസ്കാരിക വ്യവസായത്തിന്റെ ഭാഗമാണത്. അധികാരത്തിന്റെ ബലതന്ത്രങ്ങളും അധീശത്വവും പ്രതിരോധവും ഒക്കെയുണ്ട് അതിൽ. കവിത ഒരു വ്യവഹാരമാണ്. അതിൽ കവികൾ, വായനാസമൂഹം, പുസ്തകപ്രസാധകർ, നിരൂപകർ, വിദ്യാഭ്യാസ മേഖല, സാഹിത്യ അക്കാദമി, നിരൂപകർ , ഗ്രൂപ്പുകൾ, ഫെസ്റ്റിവലുകൾ, കോക്കസുകൾ എന്നതെല്ലാം ഉൾപ്പെടുന്നു. അത് ഒരു യുദ്ധമാണ്. യുദ്ധം കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് Requiescant എന്ന സിനിമയിൽ പസോളിനി നേരിട്ട് പറയുന്നുണ്ട്. യുദ്ധം കവികളും ജനസമൂഹവും തമ്മിലോ കവികൾ തമ്മിലോ ആകാം. കവിതകൾ ഇതിലൂടെ തെളിഞ്ഞുവരും. ഒരു വിഭാഗം കവിതകൾ അതിലൂടെ വിജയിക്കുന്നു. അതുകൊണ്ട് കോക്കസ് (Caucus ) എന്നു പറയുന്നതിനെ വ്യവഹാരത്തിന്റെ ഭാഗമായാണ് ഞാൻ കാണുന്നത്. ഒരു പ്രബലമായ ഗ്രൂപ്പ് എന്നാണതിനർത്ഥം. അങ്ങനെ പ്രബലമായ ഒന്നോ ഒന്നിലധികം ഗ്രൂപ്പുകളോ സാഹിത്യത്തിൽ ഉണ്ടാകും. ഇക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു. മൊത്തത്തിലേ ഇരുണ്ട ഒരു കാലമാണിത്. ഉത്തരാധുനിക കാലം എന്നൊക്കെ പറയാമെന്നേയുള്ളു. പ്രിമിറ്റീവ്, ട്രൈബൽ, ഫ്യൂഡൽ, ഇരുണ്ടയുഗം, ആധുനികം, ഉത്തരാധുനികം എല്ലാം കൂടി ചേർന്ന ഒരു മിശ്ര സാഹചര്യമാണ് നമ്മുടേത്. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ് എന്നു കരുതാം.

കേരളം സവർണതയ്ക്ക് മുൻതൂക്കം കൊടുക്കുന്നു. സവർണർ അവതരിപ്പിച്ചാലേ പാർശ്വസ്ഥിതർ ശ്രദ്ധപിടിച്ചു പറ്റുകയുള്ളൂ എന്നത് ഒരു മീഡിയാസത്യം കൂടിയാണ്. അത് സവർണതയുടെ എക്സിബിഷൻ ആകുന്നു.

സൂക്ഷ്മരാഷ്ടീയം

കവിതയിൽ ഇത് സൂക്ഷ്​മരാഷ്ട്രീയത്തിന്റെ കാലമാണ്. അതിനാൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ കവികൾക്ക് ലഭിക്കുന്ന പെട്ടെന്നുള്ള ശ്രദ്ധ മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല. (അത് പെട്ടെന്ന് അണയുകയും ചെയ്യും) ഇതുവരെ അദൃശ്യമായി കിടന്ന ലോകത്തിന്റെ ദൃശ്യത അവരിലുണ്ട്. ദലിത് ധാര മുമ്പേ ഉണ്ടായിരുന്നു. സ്ത്രീകവിതയും ഉണ്ടായിരുന്നു. ആദിവാസി കവിതകൾ പുതുതായി വന്നതാണ്. ട്രാൻസ് ജെന്റർ കവിതയും പുതുതാണ്, മലയാളത്തിൽ. ഒടുവിൽ പറഞ്ഞവ രണ്ടുമാണ് ഇന്ന് ശ്രദ്ധേയം. പരിസ്ഥിതി കവിത മുമ്പ് സജീവമായിരുന്നു. അപരവൽക്കരിക്കപ്പെട്ട പ്രകൃതിക്കു വേണ്ടിയായിരുന്നു കവികൾ എഴുതിയത്.

ഇതെല്ലാം ചേർന്ന ഒരു ബഹുസ്വരതയെ നമുക്ക് പൊതുവിൽ വിളിക്കാവുന്നത് അപരങ്ങൾ (Others) എന്നാണ്. അപരം (Other) എന്നതിനെക്കുറിച്ച് ഹെഗൽ, എഡ്മണ്ട് ഹസെർൾ, ലകാൻ, ദരിദ, ഫൂക്കോ, സീമോൺ ദി ബുവാ, ലെവിനാസ് എന്നിവരൊക്കെ എഴുതിയിട്ടുണ്ട്. അതൊരു ഫിലോസഫിക്കൽ വിഷയമാണ്. സത്താപരമായ ആ താത്വികതയെ നമ്മളും ഉൾക്കൊളളുന്നു. ഇവിടെ ലെവിനാസിന്റെ ആശയം ആണ് അടിസ്ഥാനമാക്കുന്നത്: നമുക്ക് സെൽഫ് (ആത്മം-Subjectivity) ഉണ്ടാകുന്നത് മറ്റുള്ളവരുമായി ബന്ധപ്പെട്ടാണ്. അപ്പോൾ അപരരായ, വസ്തുക്കളായി മാറിയ മനുഷ്യർക്കും സെൽഫുണ്ട് എന്ന് ലെവിനാസ് പറയുന്നു. സെൽഫ് അഥവാ സബ്ജക്ട് അഥവാ ആത്മം നേടുന്നതിനാണ് അപരമനുഷ്യർ കവിതകൾ എഴുതുന്നത്. പരിസ്ഥിതിക്കുവേണ്ടിയുളള എഴുത്താണ് പരിസ്ഥിതി കവിത. ദൈവം പ്രകൃതിയാണ് (സ്പിനോസയുടെ ആശയം) എന്നതിന്റെ ആവിഷ്കാരമാണ് പരിസ്ഥിതി കവിത. അവിടെ ദൈവമില്ല. പ്രകൃതിയേയുള്ളു. പരിസ്ഥിതി കവിത മലയാളത്തിൽ പ്രബലമാകുന്ന കാലത്തിനുമുമ്പേ ഈ ആശയം ഫാ. എസ്. കാപ്പൻ എന്ന ദാർശനികൻ വിശദീകരിച്ചിരുന്നു. അപരവൽക്കരണത്തിന് (Othering ) വിധേയരായവരാണ് ദലിതരും ആദിവാസികളും സ്ത്രീകളും ട്രാൻസ് ജെൻറ്റേഴ്സും. ഇവയോരോന്നും പൊരുതുന്നത് തുല്യതയ്ക്കായാണ്. വ്യത്യസ്തതകളിൽ ഊന്നുന്ന തുല്യതയാണ് എന്നു പറയുന്നു. വ്യത്യസ്തത സ്വത്വമാണ്. പക്ഷേ സ്വത്വം സ്ഥിരമായി നില്ക്കണമെന്നില്ല. സ്വത്വം മനുഷ്യർ ഉപേക്ഷിക്കാം. പതുക്കെ മാഞ്ഞു പോകാം.

ഇന്നത്തെ രാഷ്ട്രീയ കവിതയിലെ ശ്രദ്ധേയമായ എഴുത്തുകളെല്ലാം അപരങ്ങളുടെ എഴുത്തുകളാണ്. കവിതയിൽ പ്രകൃതി, സ്ത്രീ, ദലിത്, ഗോത്രം, ട്രാൻസ് ജെന്റർ എന്നെല്ലാം അപരങ്ങൾ വ്യക്തമാണ്. ഫിക്ഷനിൽ കാര്യങ്ങൾ അത്ര വ്യക്തമല്ല. നോവലിലും കഥയിലും അപരങ്ങളുടെ എഴുത്തുണ്ട്. കവിതയിലെന്നപോലെ വഴികൾ തിരിച്ചിട്ടില്ല എന്നേയുള്ളു. ഇന്ന് എല്ലാ എഴുത്തും പൂർണ്ണമായും കൾച്ചറൽ ഇൻഡസ്ട്രിയുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ ചില സ്വയം നിർണയനങ്ങൾ അങ്ങുമിങ്ങുമൊക്കെ ഉണ്ടുതാനും. അതിലൊന്നാണ് എമേർജിങ് പോയട്രി. സമീപകവിത, പോയട്രിയ എന്നിങ്ങനെ വേറേയുമുണ്ട്. അവയൊക്കെ അധികാരത്തിന്റെ ഭാഗത്തുനിന്നുള്ള അപരവൽക്കരണത്തിന് (Othering ) വിധേയമാകുന്നുണ്ട്. അതുകൊണ്ടാണ് സമീപകവിതക്കാരും പോയട്രിയക്കാരും കലഹിക്കുന്നത്. വിഷ്ണുപ്രസാദിന്റെ കലഹത്തെ അങ്ങനെയാണ് കാണേണ്ടത്. ബാക്കി എല്ലാവരും അധികാരത്തിന്റെ ഭാഗമായി. അപരങ്ങൾ സെൽഫാകാൻ ശ്രമിക്കുന്നത് നാം കാണുന്നു. അതിനാലാണ് സബ്ജക്ടിവിറ്റി എഴുത്തിൽ പ്രധാനമാകുന്നത്. പുരുഷന്റെ അപരമായി, വസ്തുവായി (Object) സ്ത്രീയെ സീമോൺ ദി ബുവ്വേ കാണുന്നുണ്ട്. എന്നാൽ അപരങ്ങളുടെ സൃഷ്ടിപരതയെ സ്വതന്ത്രമായി വിടാതെ നിയന്ത്രിക്കുന്ന അധികാര വ്യവസ്ഥകളുണ്ട്. ഇതിന്റെ മറ്റൊരുവശമാണ് ആവിഷ്കാരത്തിന്റെ സാധ്യതകളുടെ ഒരു ചോദ്യം പോലും ഉല്പാദിപ്പിക്കാത്ത മൺമറഞ്ഞ സംഘപരിവാർ ബ്ലാക്ക് ഏജിന്റെ (ഇരുണ്ട യുഗം- Black age) പുനർനിർമ്മിതി. അധികാരത്തിന്റെ ഉൾക്കൊള്ളൽ (Inclusion) താല്പര്യത്തിന് പുറത്തുനില്ക്കുന്നവ അനാഥമാകുന്നു എന്നതാണ് പ്രശ്നം. ഒരു കാലത്ത് പ്രതിസംസ്കാരത്തിന്റെ ഭാഗത്തുനിന്നവരെല്ലാം ഇന്ന് ഹെജിമണിയുടെ ഭാഗമായി. ഇതുമൂലം അപരങ്ങളെ കൂടുതൽ അപരവത്കരിച്ച് തള്ളുകയാണ് സാഹിത്യാധീശത്വം.

ദലിത് പോയട്രിയുടെ ഒരു വിഗ്രഹം ആണ് ഞാൻ എന്നു പറഞ്ഞാൽ അതൊന്നും പുതുകവിതയ്ക്ക് ചേർന്ന പറച്ചിൽ അല്ല. കവികൾ പൊതുവേ അനാഥരും അധികാരവിമർശകരുമാണ് എന്നാണ് ഞാൻ കരുതുന്നത്. പുതിയ കാലത്തെ കവികൾ അനാഥരാകണം എന്നാണ് എന്റെ മുദ്രാവാക്യം.

മലയാള കവിതയുടെ / സാഹിത്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. ഇതിനെ നേരിടാനാണ് കവികളുടെ ഒരു ഓട്ടോണമസ് ബോഡി രൂപപ്പെടുത്താൻ എമേർജങ് പോയട്രി പ്രവർത്തിച്ചത്. അത് കവിതയെഴുത്തിനെ ഒരു ചിന്താലോകം കൂടിയായി കാണുന്നു. കവിതയുടെ ഫിലോസഫി വിഷയമാകുന്നു. കവിതയുടെ രാഷ്ട്രീയം വിഷയമാകുന്നു. അത് സ്വതന്ത്രമായ അപരങ്ങളുടെ ഒരു മുഖ്യധാരയെ സൃഷ്ടിക്കുന്നു. അപരങ്ങൾ തമ്മിലുള്ള സംവാദങ്ങളെ, സാഹോദര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അപരങ്ങൾ ലക്ഷ്യം വയ്ക്കുന്ന തുല്യതയാണ് ഇ.പി യുടെ ലക്ഷ്യം. അത് ഒരു പുതിയ കാവ്യലോകത്തെ വിഭാവനം ചെയ്യുന്നു. കവിത ലളിതമാകണം. രൂപം ഷാർപ്പാകണം. വിവർത്തനത്തിന് പുതിയ ഒരു സാധ്യത നല്കണം എന്നെല്ലാം സംസാരിക്കുന്നു. ദലിത് കവിതയും ആദിവാസി കവിതയും ഒക്കെ ആത്യന്തികമായി നിലകൊള്ളുന്നത് സാഹോദര്യത്തിനാണ് എന്ന് സത്താപരമായി ചിന്തിച്ചാൽ മനസിലാക്കാം.

2006- നുശേഷമാണ് പുതുകവിത ജനങ്ങളിലേക്ക് എത്തുന്നത് എന്ന് പറഞ്ഞതിൽ വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കാം. 2006-ലാണ് സൈബർ എഴുത്തുകൾ മലയാളത്തിൽ വരുന്നത്. അതിന് ശേഷമാണ് കവിത ജനങ്ങളിലേക്കെത്തുന്നത് എന്നാണ് വാദം.

ഒന്നാമത് കവിത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം പുതുകവിതക്കുണ്ടായിരുന്നില്ല. അത് ഒരു വായനാസമൂഹത്തെയാണ് സംബോധന ചെയ്തത്. ജനങ്ങളിലേക്കെത്തിയ കടമ്മനിട്ട, ചുള്ളിക്കാട്, കുരീപ്പുഴ തുടങ്ങിയ കവികൾക്കുശേഷമാണ് പുതുകവിത വന്നത്. പുതുകവിത കുറച്ചുപേരേ വായിച്ചിരുന്നുള്ളു എന്നാണ് തോന്നുന്നത്. അല്ലാതെ പുതുകവിത 90-കൾ മുതൽ ഇന്നു വരെ ജനപ്രിയ മായിട്ടില്ല എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. പിന്നെ കവിതയിലെ ഭാഷാ മാറ്റത്തിൽ പ്രധാന പങ്കു വഹിച്ചത് സംസ്കൃതം ഒഴിവാക്കിയുള്ള എഴുത്താണ്. അത് കറുത്ത കല്ല്, മീൻകാരൻ, കൂട്ടാന്തതയുടെ എഴുപത് വർഷങ്ങൾ, വൈകുന്നേരം ഭൂമി പറഞ്ഞത്, വിഷക്കായ എന്നീ പുസ്തകങ്ങളിൽ വ്യക്തമാണ്. എഫ് ബി വന്നപ്പോൾ ധാരാളം കവികൾ വന്നു എന്നത് സത്യമാണ്. അതിന് കവികളുടെ ജനാധിപത്യവൽക്കരണം എന്നാണ് പറയേണ്ടത്.

എമർജിങ് പോയട്രി

എമേർജിങ് പോയട്രി നേരത്തേ സംഭവിച്ചു. ഞാൻ ഉണ്ടാകിയതല്ല എന്ന വാദം നോക്കാം.

ലോകത്തിലെ പ്രധാനപ്പെട്ട സാഹിത്യ പ്രസ്ഥാനങ്ങൾ പരിശോധിച്ചാൽ അവ ഉണ്ടാകുന്നതിന് കുറേ കാരണങ്ങൾ കാണും. ഒന്നാം ലോകയുദ്ധം രണ്ടാം ലോകയുദ്ധം, മുതലാളിത്തം, പിൽക്കാല മുതലാളിത്തം എന്നിങ്ങനെ. കോവിഡാണ് എമേർജിങ് പോയട്രിയെ സൃഷ്ടിച്ചത്. കോവിഡ് എന്നത് ഒരു ആഗോളയുദ്ധം ആയിരുന്നു. അത് ഉണ്ടാക്കിയ പ്രതികരണം ആണ് ഇ.പി. അത് മുമ്പുണ്ടാകുക വയ്യ. അതിലെ കവിതകൾ ഞാനെഴുതിയവ മാത്രമാണ്. അത്തരം കവിതകൾ മുമ്പ് എഴുപ്പെട്ടിട്ടില്ല. അതിലെ രണ്ട് കവിതകൾ യുക്രെയ്​ൻ യുദ്ധത്തെ പറ്റിയാണ്. അതെങ്ങനെ മുമ്പുണ്ടാകും? ഒരു കവിത ഒരേസമയം മലയാളത്തിലും ഇംഗ്ലീഷിലും മറ്റൊന്ന് മലയാളം ഇംഗ്ലീഷ്, യുക്രെയ്​ൻ, റഷ്യൻ എന്നീ ഭാഷകളിലുമാണ്. ഇതൊക്കെ നേരത്തേ എഴുതപ്പെടുന്നതെങ്ങനെയാണ്? ലതീഷ് മോഹൻ, ക്രിസ്പിൻ എന്നിവരൊക്കെ കവിത ഇട്ടിട്ട് പോയിട്ട് കാലമെത്രയായി. അതൊന്നും ഒരു മധ്യമാർഗ കവിതയല്ല.

മലയാള കവിതയിൽ കിഴക്കൻ പ്രദേശങ്ങളുടെ കവിതയിലേക്കും കടൽക്കവിതയിലേക്കും വിരൽ ചൂണ്ടിയ ആദ്യ കവി ഞാനാണ് എന്ന് എളിമയോടെ പറയട്ടെ. പക്ഷേ രാമനാണ് അത്തരം മേഖലകളിൽ നിന്ന് വന്ന കവികളെയെല്ലാം ഏറ്റെടുത്തത്. അദ്ദേഹം അവതരിപ്പിച്ചതിനാൽ അവർ കൂടുതൽ ശ്രദ്ധേയരായി എന്നാണ് എനിക്ക് തോന്നുന്നത്.

പുതുകവിതയുടെ ചരിത്രത്തിലെ എല്ലാവരും പുതുകവികൾ അല്ല.

ഈ വാദത്തിനും മറുപടി അതിൽ പറഞ്ഞിട്ടിട്ടുണ്ട്. പുതുകവിതയുടെ ചരിത്രം എന്നാണ് പുസ്തകത്തിന്റെ പേര് പുതുകവികളുടെ ചരിത്രം എന്നല്ല. പുതുകവികൾ അല്ലാത്തവർ എഴുതിയ പുതുകവിതകളും അതിൽ ഉൾപ്പെടുത്തിട്ടുണ്ട്. വായനക്കാർക്ക് കൃത്യമായി പുതുകവികളെ അതിൽ നിന്ന് കണ്ടെത്താം.

എസ്. ജോസഫിനെ എതിർക്കാനാണ് രാമൻ ഈ പറഞ്ഞ കവികളെയൊക്കെ അവതരിപ്പിക്കുന്നത് എന്ന പ്രസ്താവനയുടെ ഉത്തരം: പി.രാമന് ആരെയും അവതരിപ്പിക്കാനുളള അവകാശമുണ്ട്. മലയാള കവിതയിൽ കിഴക്കൻ പ്രദേശങ്ങളുടെ കവിതയിലേക്കും കടൽക്കവിതയിലേക്കും വിരൽ ചൂണ്ടിയ ആദ്യ കവി ഞാനാണ് എന്ന് എളിമയോടെ പറയട്ടെ. (ഞാൻ എന്നേക്കുറിച്ച് എഴുതാറില്ല. പക്ഷേ ഇതിപ്പോൾ പറയാതിരിക്കാനാവില്ല എന്ന് വന്നിരിക്കയാണ്.) എത്രയോ ലേഖനങ്ങളിലും അഭിമുഖങ്ങളിലും ഞാൻ അത് പറഞ്ഞിട്ടുണ്ട്. കൂടാതെ അത്തരം കുറേ കവിതകൾ എഴുതിയിട്ടുമുണ്ട്.

പക്ഷേ രാമനാണ് അത്തരം മേഖലകളിൽ നിന്ന് വന്ന കവികളെയെല്ലാം ഏറ്റെടുത്തത്. അദ്ദേഹം അവതരിപ്പിച്ചതിനാൽ അവർ കൂടുതൽ ശ്രദ്ധേയരായി എന്നാണ് എനിക്ക് തോന്നുന്നത്. കാരണം കേരളം സവർണതയ്ക്ക് മുൻതൂക്കം കൊടുക്കുന്നു. സവർണർ അവതരിപ്പിച്ചാലേ പാർശ്വസ്ഥിതർ ശ്രദ്ധപിടിച്ചു പറ്റുകയുള്ളൂ എന്നത് ഒരു മീഡിയാസത്യം കൂടിയാണ്. അത് സവർണതയുടെ എക്സിബിഷൻ ആകുന്നു. ഇത് ഞാൻ പുതുകവിതാചരിത്രത്തിലും പറഞ്ഞിട്ടുണ്ട്. പി. രാമൻ സ്വയം നിർണയിക്കുന്ന ആളല്ല പുറം ലോകം കാണുന്ന രാമൻ. ബ്രാഹ്മണനായ രാമന്റെ വില പുറത്തുള്ള കവികൾക്ക് അറിയാം. ഇപ്പോഴത്തെ കവികൾക്ക് തൽക്കാല വിജയങ്ങളിലാണ് താല്പര്യം. രാമന്റെ പത്തിലൊന്നുപോലും കഴിവില്ലാത്ത കവികൾ രാമനെച്ചാരി പ്രസിദ്ധരാകുന്നു. കവിതയിലെ ചെറുകിട വ്യവസായികൾ ആണവർ. പക്ഷേ ആ കവികൾ രാമനെയും വിട്ട് ഇന്ന് അധികാര രാഷ്ട്രീയത്തിന്റെ, കൾച്ചറൽ വ്യവസായത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പക്ഷേ കവിത 90 മുതൽ സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോന്നത്. അതിലാണ് ഞാനും രാമനുമൊക്കെ ഉണ്ടായിരുന്നത്. അതിപ്പോൾ അവിടന്ന് പോയി. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ കവികൾ വന്നു. എന്റെ പ്രിയ ചങ്ങാതി രാമൻ അങ്ങനെയായിരുന്നില്ല. സ്വതന്ത്രനായ രാമനും മറ്റു പലർക്കും അങ്ങോട്ടു പോകേണ്ടി വരുന്നു എന്നതാണ് പ്രശ്നം. അവസാനമായി ഇതു കൂടി പറയാം.

ദലിത് പോയട്രിയുടെ ഒരു വിഗ്രഹം ആണ് ഞാൻ എന്നു പറഞ്ഞാൽ അതൊന്നും പുതുകവിതയ്ക്ക് ചേർന്ന പറച്ചിൽ അല്ല. കവികൾ പൊതുവേ അനാഥരും അധികാരവിമർശകരുമാണ് എന്നാണ് ഞാൻ കരുതുന്നത്. പുതിയ കാലത്തെ കവികൾ അനാഥരാകണം എന്നാണ് എന്റെ മുദ്രാവാക്യം. സാമൂഹ്യപരിഷ്കർത്താവ്, വിഗ്രഹം, ജനകീയ കവി എന്നിങ്ങനെയുള്ള വാർപ്പുരൂപങ്ങൾ പുതുകവിതയിൽ പ്രസക്തമല്ല.


Summary: S Joseph's Response to the Ongoing Debate on Caucus in Malayalam Poetry and P Raman.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments