അജയ്​ പി. മങ്ങാട്ട്​

ഗിരിജേച്ചി

എനിക്ക് 'എന്റെ ടീച്ചർ' ഒരിക്കലും ടീച്ചറേ എന്നു ഞാൻ വിളിക്കാത്ത ഗിരിജേച്ചിയാണ്

കേമന്മാരായ അധ്യാപകരുടെ ക്ലാസിലിരിക്കാനോ അനുഗ്രഹം ലഭിക്കാനോ അവസരം കിട്ടാതെ പോയ ആളാണ്​ ഞാൻ. പ്രഗത്ഭരായ അധ്യാപകരുടെ ശിഷ്യന്മാരെ ഞാൻ കണ്ടിട്ടുണ്ട്. ആ മഹതിയോ മഹാനോ എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചില്ല.

അധ്യാപകരെ ഓർത്താൽ കുറച്ചുപേരേ മനസ്സിൽ വരൂ. അതിലേറെയും പഠനബാഹ്യമായ കാരണങ്ങളാലാണ്. ക്ലാസിൽ തീരെ വരാത്ത ഒരു അധ്യാപകനെ ഒരിക്കൽ ഞങ്ങൾ വഴിയിൽ തടഞ്ഞുവച്ചു. പൊരിവെയിലിൽ അദ്ദേഹം വിവശനായിട്ടും ഞങ്ങൾ വിട്ടില്ല. ഒടുവിൽ ഹെഡ്മാസ്റ്ററും മറ്റും വന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. കുറച്ചുനേരം കൂടി ആ വെയിലത്തുനിന്നിരുന്നെങ്കിൽ അദ്ദേഹം കുഴഞ്ഞുവീണേനെ എന്നു മനസ്സിലാക്കാൻ അന്നു കഴിഞ്ഞില്ല. വർഷങ്ങൾക്കുശേഷം ഞാൻ എം.എ വിദ്യാർഥിയായി എറണാകുളത്തു താമസിക്കവേ സിറ്റി ബസ്സിൽ ഒരിക്കൽ ഇതേ അധ്യാപകനെ കണ്ടു. എനിക്ക് അദ്ദേഹത്തോട്​ സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ വെയിലത്തു തളർന്നു നിൽക്കുന്ന അദ്ദേഹത്തിന്റെ പഴയ മുഖം മനസ്സിൽ വന്നതിനാൽ ഞാൻ അതിനു മിനക്കെട്ടില്ല.

പഠനകാലത്തിനുശേഷവും അധ്യാപകരുമായി അഗാധമായ ആത്മബന്ധം പുലർത്തുന്ന ഒരുപാടു പേരുണ്ട്. അത്തരം ബന്ധങ്ങൾ ഇല്ലെങ്കിലും നല്ലവരായ ഏതാനും അധ്യാപകരെ എനിക്ക് ശ്രമിച്ചാൽ ഓർമിക്കാനാകും. ഇത്തരം കാര്യങ്ങളിൽ എന്റെ ഓർമ, വെളിച്ചം കയറിപ്പോയ നെഗറ്റീവ് പോലെയാണ്. അതിലെ ചിത്രങ്ങൾ അവ്യക്തമാണ്. എങ്കിലും ആ നിമിഷങ്ങൾ അവിടെത്തന്നെയുണ്ട്. അതിലെ കാഴ്ചകൾക്ക് ഊടുംപാവും കൊടുക്കുകയാണു ഞാൻ.

ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ സൗകര്യങ്ങൾ തീരെയില്ലായിരുന്നു. 1970- 80കളിൽ അവിടെ ജോലി ചെയ്തിരുന്ന അധ്യാപകരാരും ഞങ്ങളുടെ നാട്ടുകാരായിരുന്നില്ല. സമതലങ്ങളിൽനിന്നെത്തിയവർക്ക് മലയോരത്തെ ജീവിതം അസഹ്യമായിരുന്നിരിക്കണം. ഓരോ വർഷവും പുതുതതായി വരുന്നവർ എങ്ങനെയും സ്ഥലമാറ്റം വാങ്ങി വേഗം മടങ്ങിപ്പോയി. സ്ഥലമാറ്റം സംഘടിപ്പിക്കാനുള്ള ഓട്ടത്തിനിടെ പഠിപ്പിക്കാനോ ക്ലാസിൽ വരാനോ അവർക്കായില്ല. പല വിഷയങ്ങൾക്കും മുഴുവൻ സമയ അധ്യാപകരില്ലാത്ത അധ്യയന വർഷങ്ങളായിരുന്നു അതെല്ലാം.

രാവിലെ 8 മുതൽ 9 വരെ. വൈകിട്ടാണെങ്കിൽ 4.30 മുതൽ അഞ്ചര വരെ. ശനിയാഴ്ച രാവിലെ മുതൽ ഉച്ച വരെ. ആട്ടിൻകാട്ടത്തിന്റെ മണമടിക്കുന്ന ആ ചായ്പാണ് എന്റെ സ്‌കൂൾ വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും ഗാഢമായ ഓർമ.

അഞ്ചാം ക്ലാസിൽ എത്തിയിട്ടും എനിക്ക് ഇംഗ്ലിഷ് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ഇതേ ശൂന്യതയാണ് അവസ്ഥ. കുട്ടികളെ അഞ്ചും പത്തും തവണ അടിക്കുന്ന ഇംഗ്ലിഷ് അധ്യാപികയുടെ മുന്നിൽ അന്നു ഞാൻ പെട്ടു. അവർ കൈവെള്ളയിലല്ല, ചുമലുകളിലാണു മാറി മാറി അടിക്കുക. സ്‌കൂൾ മുറ്റത്തോടു ചേർന്ന കുറ്റിക്കാട്ടിൽനിന്ന് അടിക്കാനുള്ള കൊങ്ങിണിവടികൾ നാം തന്നെ ഒടിച്ചുകൊണ്ടുവരണം. ശരിയുത്തരം പറയും വരെ, കവിതയുടെ മുഴുവൻ വരികളും ശരിയാക്കും വരെ അവർ അടിച്ചുകൊണ്ടിരിക്കും. തന്റെ വീട്ടിൽ ദിനപത്രം ഇടുന്ന ആളുടെ മകനാണു ഞാൻ എന്ന് അറിഞ്ഞ ദിവസം ടീച്ചർ എന്നെ വിളിച്ചു പറഞ്ഞു, നീ അടിയന്തരമായി ഇംഗ്ലിഷ് ട്യൂഷനു പോകണം, അക്ഷരമാല മുതൽ പഠിക്കണം. ശരിയാണ് ഇംഗ്ലിഷിൽ എത്ര അക്ഷരങ്ങളുണ്ടെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.

ഒരു വീട്ടിലായിരുന്നു ട്യൂഷൻ ക്ലാസ്. ഞാൻ അവിടെ പോയി. കൂനിക്കൂടിയിരിക്കും പോലെ, പുല്ലുമേഞ്ഞ ഒരു വീട്. അതിനോടു ചേർന്ന ചായ്പിലാണു ക്ലാസ്. രാവിലെ 8 മുതൽ 9 വരെ. വൈകിട്ടാണെങ്കിൽ 4.30 മുതൽ അഞ്ചര വരെ. ശനിയാഴ്ച രാവിലെ മുതൽ ഉച്ച വരെ. ആട്ടിൻകാട്ടത്തിന്റെ മണമടിക്കുന്ന ആ ചായ്പാണ് എന്റെ സ്‌കൂൾ വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും ഗാഢമായ ഓർമ.

ടീച്ചർ എന്നല്ല ഗിരിജേച്ചിയെന്നാണു ഞങ്ങൾ വിളിച്ചിരുന്നത്. അവിവാഹിതയായ ഗിരിജേച്ചിയുടെ അനിയത്തി കോളജ് വിദ്യാർഥി. അമ്മയും രണ്ടു പെൺമക്കളും മാത്രം. മൂടിപ്പൊതിഞ്ഞ ദാരിദ്ര്യത്തിലായിരുന്നു ആ ജീവിതം. എന്റെ ഓർമയിൽ ഗിരിജേച്ചിക്ക് എന്നും ഒരേ വസ്ത്രമാണ്. അവർ ആ വീടു വിട്ടു പുറത്തെങ്ങും പോകാറുള്ളതായും കണ്ടിട്ടില്ല.

വീടിനോടു ചേർന്ന ചായ്പിലെ രണ്ടു ബെഞ്ചും നടുവിൽ ഒരു മേശയും ഇട്ടിരുന്നു. അടുത്തിരുന്ന് അക്ഷരങ്ങളും അക്കങ്ങളും തൊട്ടുതൊട്ടാണ് പഠിപ്പിക്കുക. ഒരു സ്ലേറ്റിൽ ചോക്കു കൊണ്ട് എഴുതിയാണ് ഗിരിജേച്ചി എന്നെ പഠിപ്പിച്ചത്. ഇംഗ്ലീഷ് വ്യാകരണം അവരു പറഞ്ഞുതന്നതുപോലെ വ്യക്തതയോടെ പിന്നീട് ഒരിടത്തും ഞാൻ കേട്ടിട്ടില്ല. ആദ്യം എഴുതാൻ പഠിച്ച വാക്ക് with ആയിരുന്നു. they, there, their എന്നീ വാക്കുകളുടെ വ്യത്യാസം മനസ്സിലായതോടെ എന്തൊരു ആശ്വാസമായിരുന്നു. ഇംഗ്ലിഷ് പാഠപുസ്തകം അതുവരെ എനിക്ക് ഒഴിവില്ലാത്ത അന്ധകാരമായിരുന്നു. അതിലേക്ക് വെളിച്ചം തുള്ളിയായി തുള്ളിയായി വീണു പടരുന്നതിന്റെ സന്തോഷം ഞാൻ അറിഞ്ഞു.

ചുമലുകളിൽ വീഴുന്ന അടിയിൽനിന്ന് ഞാൻ എന്നന്നേക്കുമായി രക്ഷപ്രാപിക്കുകയും ചെയ്തു.

അറിവു തരുന്ന ആത്മവിശ്വാസമില്ലാതെ നിൽക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ എന്ന് അനുഭവം കൊണ്ടു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

എന്റെ തലമുറയിൽപെട്ട അന്ന് നാട്ടിലുണ്ടായിരുന്ന ഒരുപാടു കുട്ടികൾ അവിടെയാണു സർക്കാർ വിദ്യാലയത്തിലെ പോരായ്മകൾ പരിഹരിച്ചത്.

ഞാൻ കോളജിൽ ചേർന്നു നാടു വിട്ടുപോയ കാലത്താവണം ഗിരിജേച്ചിയും കുടുംബവും ഞങ്ങളുടെ നാട്ടിൽ നിന്നു പോയി. അവർ എവിടേക്കു പോയെന്നു എനിക്കറിയില്ല. പക്ഷേ കുറെക്കാലം ഒഴിഞ്ഞുകിടന്ന ആ വീടിനു സമീപത്തുകൂടി പോകുമ്പോഴെല്ലാം ഞാൻ ആ ക്ലാസുകൾ നന്ദിയോടെ ഓർമിച്ചു. പിന്നീടൊരിക്കൽ സഹപാഠികളൊരാൾ അവരെപ്പറ്റി സംസാരിച്ചപ്പോൾ എനിക്കു സന്തോഷം തോന്നി, ഗിരിജേച്ചിയെ ഞാൻ മാത്രമല്ലല്ലോ ഓർമിക്കുന്നത്.

അവർ പിന്നീട് ഏതെങ്കിലും സ്‌കൂളിലോ കോളജിലോ അധ്യാപികയായിട്ടുണ്ടാകുമെന്ന് ഞാൻ സങ്കൽപിച്ചിട്ടുണ്ട്. അധ്യാപനത്തിന്റെ മികവും സഹാനുഭൂതിയും അവരിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ഈ രണ്ടു ഗുണങ്ങളും തനിക്കുണ്ടെന്ന് ഗിരിജേച്ചി എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവുമോ. ഒരുപക്ഷേ ജീവിതസാഹചര്യങ്ങളുടെ സമ്മർദം കൊണ്ടാവാം എന്നെപ്പോലെ നിരക്ഷരരായ കുട്ടികളെ പഠിപ്പിക്കേണ്ടി വന്നത്. അവർ ചിലപ്പോൾ അതൊന്നും തീരെ ആസ്വദിച്ചിട്ടുമുണ്ടാവില്ല. എങ്കിലും അവിടെ പഠിക്കാൻ പോകാൻ എനിക്കിഷ്ടമായിരുന്നു. അഞ്ചാം ക്ലാസിലെ അധ്യയന വർഷം തീരും മുൻപേ എനിക്ക് ഇംഗ്ലിഷിൽ സാമാന്യബോധമുണ്ടായി. ചുമലുകളിൽ വീഴുന്ന അടിയിൽനിന്ന് ഞാൻ എന്നന്നേക്കുമായി രക്ഷപ്രാപിക്കുകയും ചെയ്തു.

അറിവു തരുന്ന ആത്മവിശ്വാസമില്ലാതെ നിൽക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ എന്ന് അനുഭവം കൊണ്ടു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഒരാളുടെ സ്‌കൂളിങ് അയാളുടെ ധിഷണയുടെയും സ്വഭാവത്തിന്റെയും നിർമിതിയിൽ നിർണായകമാണ്. നല്ല സ്‌കൂളിൽ പഠിക്കാനും നല്ല അധ്യാപകരെ ലഭിക്കാനും ഭാഗ്യം തന്നെ വേണം. അമേരിക്കൻ കവി ലൂയിസ് ഗ്ലൂക്കിന് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ എഴുതപ്പെട്ട മികച്ച ലേഖനങ്ങളിലൊന്ന് അവരുടെ വിദ്യാർഥികളിലൊരാൾ എഴുതിയതായിരുന്നു. മൈ ടീച്ചർ എന്നാണ് അയാൾ ആ ലേഖനത്തിൽ കവിയെ വിളിച്ചത്. അതൊരു മഹാനിമിഷം തന്നെയാണ്. പക്ഷേ, എനിക്ക് "എന്റെ ടീച്ചർ' ഒരിക്കലും ടീച്ചറേ എന്നു ഞാൻ വിളിക്കാത്ത ഗിരിജേച്ചിയാണ്. ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 15-ൽ പ്രസിദ്ധീകരിച്ചത്.


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments