2022 ഒക്ടോബർ ഒമ്പതിന് മരിച്ച പ്രമുഖ ഇന്ത്യനിഗ്ലീഷ് എഴുത്തുകാരി തെംസുലെ ആവോ, സ്വന്തം സമൂഹത്തെയും ജീവിതപരിസരത്തെയും സൂക്ഷ്മവും ചരിത്രപ്രസക്തവുമായ വിശകലനങ്ങൾക്കു വിധേയമാക്കിയ എഴുത്തുകാരിയാണ്. എൺപതുവർഷക്കാലത്തെ ജീവിതത്തിനിടയിൽ കഥ, കവിത, നോവൽ, ഓർമക്കുറിപ്പുകൾ, ഗവേഷണഗ്രന്ഥങ്ങൾ തുടങ്ങി നിരവധി രചനകൾ അവരുടേതായുണ്ടായി. ഇന്ത്യൻ മുഖ്യധാരയിൽനിന്ന് ഓരംചേർക്കപ്പെട്ട ജനതയുടെ ശബ്ദവും ധൈഷണിക സാന്നിധ്യവുമായിരുന്നു അവർ. ആസാമിൽ ജനിച്ച നാഗാലാൻറുകാരിയായ ഇവരുടെ അനാഥബാല്യം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചാണ് അവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്‌സ് ബിരുദവും പിഎച്ച്.ഡിയും നേടി ഷില്ലോംങ് ഹിൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം. ദീർഘകാലം നാഗാലാൻറ് വനിത കമീഷൻ അദ്ധ്യക്ഷയായിരുന്നു. ജനങ്ങളും ഭരണകൂടവും അക്കാദമിക് സമൂഹവും ഒരുപോലെ ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമായിരുന്നു തെംസുലേ ആവോ.
സ്വന്തമായുണ്ടായിരുന്ന ലിപി ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഗോത്രോന്മൂലനനരനായാട്ടിൽ എന്നെന്നേക്കുമായി വിസ്മൃതിയിലായതിന്റെ മുറിവുണങ്ങാത്ത പുതിയകാല പ്രതിനിധി എന്ന നിലയിൽ വാമൊഴിസംസ്‌കാരത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഈ നാഗാലാന്റുകാരിയെ എന്നും ആവേശിച്ചിരുന്നു..
ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി അമേരിക്കയിലെ മിന്നസോട്ട സർവകലാശാലയിലെത്തിയപ്പോഴും അവിടത്തെ ജീവിതവും സംസ്‌കാരവും ആസ്വദിക്കാനല്ല, മറിച്ച് നാഗാ ജീവിതത്തിന്റെ അസ്ഥിത്വാന്വേഷണത്തെ വികസിപ്പിക്കാനുള്ള സാധ്യതയാക്കി അവർ ആ സന്ദർഭത്തെയും ഉപയോഗപ്പെടുത്തി. തദ്ദേശീയരായ അമേരിക്കക്കാരുമായി ഇടപഴകുകയും സംവാദത്തിലേർപ്പെടുകയും ചെയ്തപ്പോൾ അവരുടെ വാമൊഴി സംസ്‌കാരത്തിന്റെ സവിശേഷതകളാണ് ആവോയെ ആഴത്തിൽ സ്വാധീനിച്ചത്. സ്വന്തമായുണ്ടായിരുന്ന ലിപി ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഗോത്രോന്മൂലനനരനായാട്ടിൽ എന്നെന്നേക്കുമായി വിസ്മൃതിയിലായതിന്റെ മുറിവുണങ്ങാത്ത പുതിയകാല പ്രതിനിധി എന്ന നിലയിൽ വാമൊഴിസംസ്‌കാരത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഈ നാഗാലാന്റുകാരിയെ എന്നും ആവേശിച്ചിരുന്നു.
അമേരിക്കൻ നരവംശശാസ്ത്രജ്ഞർ നടത്തിയ സവിശേഷപഠനങ്ങളിൽനിന്ന് ഊർജ്ജമുൾക്കൊണ്ട് ഇന്ത്യയിൽ തിരിച്ചെത്തിയ ഈ എഴുത്തുകാരി തന്റെ ഗോത്രസമുദായത്തെക്കുറിച്ചും സമാനമായ പഠന മനന ഗവേഷണങ്ങളിൽ തുടർന്നുള്ള ഒരുപതിറ്റാണ്ടിലേറെക്കാലം അർപ്പണബോധത്തോടെ മുഴുകി. വൈവിദ്ധ്യമാർന്ന അനുഷ്ഠാനകലാരൂപങ്ങൾ, നാടൻകലകൾ, ജീവിതത്തെ ക്രമപ്പെടുത്തിയിരുന്ന പ്രാദേശിക നിയമസംഹിതകൾ, മിത്തുകൾ, ആചാര വിശ്വാസങ്ങൾ എന്നിവ സ്വരൂപിക്കുകയും അവ ക്രോഡീകരിച്ച് ‘ദ ആവോ- നാഗാ ഓറൽ ട്രഡീഷൻ' എന്ന പേരിൽ 1999-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാഗ സമുദായത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സൂക്ഷ്മവും വസ്തുനിഷ്ഠവുമായ പ്രാമാണികഗ്രന്ഥമായി ഈ നരവംശശാസ്ത്രകൃതി സ്വീകരിക്കപ്പെട്ടു.
തന്റെ എഴുത്തിലൂടെ നാഗാ സംസ്‌കാരത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിൽ ഏറ്റവും വിജയിച്ച എഴുത്തുകാരിയാണവർ. സ്ത്രീശാക്തീകരണരംഗത്തും സ്തുത്യർഹമായ ഇടപെടലുകൾ നടത്തി. കാലത്തിന്റെ രഥചക്രങ്ങൾക്കിടയിൽ ആണ്ടുപോയ നാഗാലിപിയടക്കമുള്ള നഷ്ടയാഥാർത്ഥ്യങ്ങളെ ആഴത്തിൽ അന്വേഷിക്കുന്ന രചനകളാണ് ആവോയുടേത്. യഥാർത്ഥ്യവൽക്കരിക്കാനാവാത്ത ആ ചരിത്രത്തിൽനിന്നാണ് തങ്ങളുടെ സംഘർഷാത്മകമായ വർത്തമാനം ഉടലെടുക്കുന്നതെന്ന് എഴുത്തുകാരി തിരിച്ചറിയുന്നു.
2007-ൽ രാഷ്ട്രം അവർക്ക് പത്മശ്രീ നൽകി ആദരിച്ചു. സാഹിത്യസംഭാവനകളെ മുൻനിർത്തി 2013-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡടക്കം നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി.
അവരുടെ പ്രമുഖ കവിതാസമാഹാരമായ ‘ബുക്ക് ഓഫ് സോങ്ങ്സ്'ലെ ‘റൂമർ' എന്ന കവിതയുടെ മലയാള വിവർത്തനമാണ് ഇതോടൊപ്പം. ഒരുവശത്ത് ഭരണകൂട ഭീകരതയും മറുവശത്ത് മത-സ്വത്വപോരാട്ടങ്ങളും മനുഷ്യരുടെ നിത്യജീവിതം പ്രശ്‌നസങ്കീർണമാക്കിയ ഒരു സമൂഹത്തിൽ നിവർന്നുനിന്നുകൊണ്ടാണ് അവർ ഈ രചന നിർവ്വഹിച്ചിരിക്കുന്നതെന്ന് വരികളിൽനിന്ന് വ്യക്തമാകും.
കിംവദന്തി
തെംസുലെ ആവോവിവർത്തനം: സമീർ കാവാഡ്
താൻ മരിച്ചെന്ന കിംവദന്തി പടർന്നുപന്തലിക്കുമ്പോഴും ദൈവം അതു ഗൗനിക്കുന്നേയില്ല.
‘‘കേൾക്കുന്നത് നേരാണോ?'' അതുവഴിവന്നൊരു കുരുവിയോട് ഞാൻ ചോദിച്ചു. ഞൊടിയിടെ കുഞ്ഞിച്ചിറകുകൾ കുടഞ്ഞൊതുക്കി ‘സത്യം ആർക്കറിയാം?' എന്ന മറുചോദ്യമെറിഞ്ഞ് ആ പക്ഷി പറന്നകന്നു.
പെട്ടന്നതാ, വെപ്രാളപ്പെട്ടൊരു കുഞ്ഞനുറുമ്പ് അതിവേഗം അതുവഴിവന്ന് ‘‘കുരുവിയാണോ ദൈവത്തെ കൊന്നത്?'' എന്നു തിരക്കി.
കേട്ടത് ശരിയല്ലെന്നും, അതൊരു കിംവദന്തി മാത്രമാണെന്നും, കുരുവിക്കക്കാര്യമറിയില്ലെന്നും ഞാനവനെ തിരുത്തിയെങ്കിലും, സംശയത്തോടെ ഒന്നു നോക്കി നേർത്തകാലുകൾ ദൃതിയിൽ ചലിപ്പിച്ച് അതപ്രത്യക്ഷമായി.
‘‘ദൈവം മരിച്ചു'' ‘‘കുരുവി കൊലപാതകി'' എന്നിങ്ങനെ പ്ലക്കാർഡുകളും, ‘‘പക്ഷികളെല്ലാം തുലയട്ടെ'' എന്ന മുദ്രാവാക്യവുമായി ഉറുമ്പുകളുടെ നീണ്ടനിര വൈകാതെ നിരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
അതുപിന്നെ ജനപ്രവാഹമായി. വാഹനക്കുരിക്കിൽ ഗതാഗതം സ്തംഭിച്ചു. സൈറണുകൾ നിലക്കാതെ മുഴങ്ങി. എന്നിട്ടും, പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി ഉറുമ്പുനിരകൾ പെരുത്തുവന്നു.
തൽക്ഷണം നിരത്തിൽ താൽക്കാലിക കച്ചവടഷെഡ്ഡുകളുയർന്നു. പിള്ളേർ പള്ളിക്കൂടംവിട്ട് പുറത്തേക്കൊഴുകി. ആപ്പീസുകൾ കാലിയായി. സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.
വൈകുന്നേരമായപ്പോഴേക്കും തിക്കിലും തിരക്കിലും പെട്ട് കാണാതായവരുടെ കണക്കെടുത്ത് മനുഷ്യർക്ക് എണ്ണം പിഴക്കാൻ തുടങ്ങി, ഉറുമ്പുകളും, കുട്ടികളും, പൊലീസുകാരും അതിൽപ്പെടും.
പ്രകടനം നഗരചത്വരത്തിലെത്തിയപ്പോഴേക്കും പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. വിവിധനിറങ്ങളിൽ രാഷ്ട്രീയക്കാർ ധർമ്മഭാഷണത്തിന്റെ മേമ്പൊടിചേർത്ത് വികാരാവേശത്താൽ ദീർഘഭാഷണങ്ങൾ നടത്തുന്നു, സർക്കാറിനെയും, ഉറുമ്പുകളെയും, പക്ഷികളെയും മാറി മാറി കുറ്റപ്പെടുത്തുന്നു. പരസ്പരപഴിചാരലുകൾ വേറെയും.
ഇതെല്ലാംകണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ട കുരുവി
പറന്നകലുന്നതിനുമുമ്പേ സ്വയമുരുവിട്ടു,
‘‘ദൈവം മരിച്ചുവെന്ന്,
എനിക്കിപ്പോൾ ഉറപ്പായിരിക്കുന്നു,
അല്ലെങ്കിൽ ഇതെല്ലാംകണ്ട്
വെറുതെയിരിക്കാൻ ദൈവത്തിനാകുമായിരുന്നില്ലല്ലോ''
▮