JCB Prize 2024: ചുരുക്കപ്പട്ടികയിൽ സന്ധ്യാമേരിയുടെയും സഹറു നുസൈബയുടെയും പുസ്തകങ്ങൾ

ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനുള്ള അഞ്ച് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ ഇത്തവണ പട്ടികയിലുണ്ട്.

News Desk

ഈ വർഷത്തെ ജെ.സി.ബി പുരസ്കാരത്തിനുള്ള (JCB Literature Prize 2024) അഞ്ച് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് രണ്ട് മലയാളി എഴുത്തുകാർ. നേരത്തെ പ്രഖ്യാപിച്ചിരുന്ന പത്ത് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഇപ്പോൾ അഞ്ചായി മാറിയിരിക്കുകയാണ്. മലയാളി എഴുത്തുകാരി സന്ധ്യാ മേരിയുടെ ‘മരിയ വെറും മരിയ’ എന്ന പുസ്തകത്തിൻെറ ഇംഗ്ലീഷ് പരിഭാഷ, സഹറു നുസൈബ കണ്ണനാരിയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകമായ ‘ക്രോണിക്കിൾ ഓഫ് ആൻ ഹൗർ ആൻറ് ഹാഫ്’ (Chronicle Of an Hour an Half) എന്നിവയാണ് മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ. ‘മരിയ വെറും മരിയ’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മലയാളി എഴുത്തുകാരി ജയശ്രീ കളത്തിലാണ്. മൂന്നാം തവണയാണ് ജയശ്രീ വിവർത്തനം ചെയ്ത പുസ്തകം ജെ.സി.ബി പുരസ്കാരത്തിൻെറ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്നത്. 2020-ൽ എസ് ഹരീഷ് എഴുതി ജയശ്രീ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ‘മീശ’യ്ക്ക് പുരസ്കാരം ലഭിച്ചിരുന്നു.

രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളും മലയാളം, മറാത്തി, ബംഗാളി ഭാഷകളിൽ നിന്നുള്ള മൂന്ന് വിവർത്തനങ്ങളുമാണ് അഞ്ച് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉള്ളത്. നവംബർ 23-നാണ് 2024-ലെ ജെ.സി.ബി പുരസ്കാരം പ്രഖ്യാപിക്കുക. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. വിവർത്തനത്തിനാണ് പുരസ്കാരമെങ്കിൽ പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് പത്ത് ലക്ഷം രൂപ ലഭിക്കും. ഇത് കൂടാതെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള എഴുത്തുകാർക്ക് 1 ലക്ഷം രൂപയം പരിഭാഷകർക്ക് 50000 രൂപയും ലഭിക്കും.

തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻെറ ആളണ്ട പാച്ചി എന്ന നോവലിനാണ് 2023-ൽ പുരസ്കാരം ലഭിച്ചത്. ഫയർ ബേർഡ് എന്ന പേരിൽ ജനനി കണ്ണനാണ് പുസ്തകം തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. എസ് ഹരീഷിൻെറ ‘മീശ’യ്ക്ക് പുറമെ ബെന്യാമിൻെറ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, എം.മുകുന്ദൻെറ ‘ദൽഹി ഗാഥകൾ’ എന്നീ മലയാള പുസ്തകങ്ങൾക്ക് നേരത്തെ ജെ.സി.ബി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ചുരുക്കപ്പട്ടികയിലെ അഞ്ച് പുസ്തകങ്ങൾ ഇവയാണ്:

  1. Chronicle of an Hour and a Half - സഹറു നുസൈബ കണ്ണനാരി (വെസ്റ്റ്ലാൻറ് ബുക്സ്)

  2. The One Legged - സാക്യജിത്ത് ബംഗാളിയിൽ എഴുതിയ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഋതുപർണ മുഖർജിയാണ്. ആൻേറാണിം കളക്ഷൻസാണ് പ്രസാധകർ.

  3. Santan - ശരൺകുമാർ ലിംബാളെ മറാത്തിയിൽ എഴുതിയ നോവൽ പരിഭാഷപ്പെടുത്തിയത് പാരോമിത സെൻഗുപ്തയാണ്. പെൻഗ്വിൻ ബുക്സാണ് പ്രസാധകർ.

  4. Lorenzo Searches for the Meaning of Life - ഉപമന്യു ചാറ്റർജി എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് സ്പീക്കിങ് ടൈഗർ ബുക്സാണ്.

  5. Maria, Just Maria - സന്ധ്യാ മേരി മലയാളത്തിൽ എഴുതിയ ‘മരിയ വെറും മരിയ’ പരിഭാഷപ്പെടുത്തിയത് ജയശ്രീ കളത്തിലാണ്. ഹാർപർ കോളിൻസാണ് പ്രസാധകർ.

Comments