എന്നിൽലയിക്കണം
​പുസ്തകം

ഓരോ പുസ്തകവും ഒരുപാടു മനുഷ്യരെ അവരുമായി ചേർന്ന അനുഭവങ്ങളെയും സ്‌നേഹത്തെയും ഓർമിപ്പിക്കുന്നു. പുസ്തകം വെറും പുസ്തകമല്ല, പുസ്തകവായന വെറും പുസ്തക വായനയല്ല. ഡിജിറ്റൽ റീഡിങിന് ഇത്തരം അനുഭവങ്ങൾ തരാനാകുമോ?

ഡിസംബറിലെ തണുപ്പിൽ രാവിലെ ടൂ വീലറിൽ പട്ടാമ്പിയിൽ പോയി വരുമ്പോൾ ഇടയ്‌ക്കൊക്കെ വണ്ടി നിർത്തി കുറേ നേരം വഴിവക്കിലിരുന്നാലോ എന്നാലോചിക്കാറുണ്ട്.

റോഡിനിരുവശവുമുള്ള വീടുകളിൽ തൊടിയിലും മുറ്റത്തും വീണുകിടക്കുന്ന ഉണക്കിലകൾ കൂട്ടിയിട്ടു് കത്തിക്കുകയാവും വീട്ടുകാർ. ഇല കരിയുന്നതിന്റെ മാസ്മരികമായ മണം മൂക്കിലേക്ക് വലിച്ചെടുത്ത് സ്വപ്നത്തിലെന്നവണ്ണം പതിയെ വണ്ടിയോടിച്ചുവരും ഞാൻ.

സന്ധ്യാസമയത്ത് കൊതുകിനെ ഓട്ടാൻ എന്ന കാരണം പറഞ്ഞ് ചകിരിയും മഞ്ഞൾപ്പൊടിയും ഇട്ടു പുകച്ച് ആ പുകയിൽ മതിമയങ്ങിയിരിക്കും. അതെന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോകും. അവിടെ ഞാനും ചേച്ചിയും രാവിലെ തണുപ്പത്ത് (അന്ന് ഇന്നത്തെ തണുപ്പു കാലത്തേക്കാൾ തണുപ്പുണ്ട്) കശുമാവിന്റെ ഉണക്കിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിന് ചുറ്റുമിരുന്ന് തീ കായും. കാലുകൾ രണ്ടും ചേർത്തുവെച്ച് കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് അങ്ങനെ ഇരിക്കുമ്പോൾ വായ തുറന്നാൽ ആവി പറക്കും.

ഞാനും ചേച്ചിയും രാവിലെ തണുപ്പത്ത് കശുമാവിന്റെ ഉണക്കിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിന് ചുറ്റുമിരുന്ന് തീ കായും. കാലുകൾ രണ്ടും ചേർത്തുവെച്ച് കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് അങ്ങനെ ഇരിക്കും. പുസ്​തകം വായിക്കാനിരിക്കുന്നതും ഇങ്ങനെയാണ്​.. / Photo: housedigest.com

പണ്ട് പുസ്തകം വായിക്കാനിരിക്കുന്നതും അങ്ങനെ തന്നെയാണ്. പ്ലാസ്റ്റിക് വയറുകൊണ്ട് മെടഞ്ഞ കസേരയിൽ തേരട്ട ചുരുണ്ട പോലെ വട്ടത്തിൽ ചുരുണ്ടു കിടന്ന് പുസ്തകം വായിക്കും. പുസ്തകത്തിൽ നിന്ന് കടലാസുകൾക്കുമാത്രമുള്ള മണം പൊങ്ങും. വായിച്ചുവായിച്ച് മുഖത്ത് തുറന്ന പുസ്തകം വെച്ച് ഉറങ്ങിപ്പോകും, മിക്കവാറും. പുതിയ പാഠപുസ്തകങ്ങൾക്ക് വേറെ മണമാണ്, പുത്തൻ നോട്ടുപുസ്തകത്തിനു വേറെ മണമാണ്, ലൈബ്രറിയിൽ നിന്ന്​ വായിക്കാന്നെടുക്കുന്ന പുസ്തകങ്ങൾക്ക്​ വേറെ മണമാണ്. മണം കൊണ്ട് ഓരോന്നും വേറെ വേറെ തിരിച്ചറിയാം.

ചേച്ചി വഴിയാണ്​ ഞാൻ എം.ടിയുടെ നോവലുകൾ വായിച്ചിരുന്നത്. അവൾക്ക് പ്രീഡിഗ്രിക്ക് മഞ്ഞ് പഠിക്കാനുണ്ടായിരുന്നു. അവൾക്ക് വിമലയുടെ സ്വപ്നകാമുകൻ സുധീർ കുമാർ മിശ്രയെയാണിഷ്ടം. വിമലയുടെ കാത്തിരിപ്പും.

പഠിക്കുന്ന കാലത്ത് വായിക്കുന്ന പുസ്തകങ്ങളിൽ തുളസിയിലയോ മുറ്റത്തുണ്ടായ ഇളം റോസു നിറമുള്ള നാടൻ റോസാപ്പൂവോ പറിച്ച് താളുകൾക്കിടയിൽ വയ്ക്കുന്ന ശീലമുണ്ടായിരുന്നു. വലിയ തടിച്ച പുസ്തകങ്ങൾക്കടിയിൽവെച്ച ആ പുസ്തകങ്ങൾ കുറച്ചു നാൾ കഴിഞ്ഞെടുത്തുനോക്കുമ്പോൾ താളുകളിൽ അവയുടെ മണം പരത്തി ഇനിയും എത്ര നാൾ വേണമെങ്കിലും എടുത്തുവെക്കാൻ പാകത്തിൽ ഞരമ്പുകൾ തെളിഞ്ഞ് നേർമയിൽ അങ്ങനെയിരിക്കുന്നുണ്ടാവും. പിന്നാലെ വായിക്കാനെടുക്കുനവർക്ക് ആ പൂവ് കിട്ടും. താളുകളിൽ തൊളസിയുടെയോ റോസിന്റെയോ മണം അവരെ ആഹ്ലാദിപ്പിക്കും.

ഈയ്യിടെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു നോട്ടുപുസ്തകം ഞാൻ കണ്ടു. കവിതകൾ നിറഞ്ഞ നോട്ടുപുസ്തകം. അതിന്റെ താളുകൾ, കവിതകൾക്കു ചുറ്റിലും പന്നൽ ഇലകളാലും ഉണങ്ങി വിടർന്ന ചെമ്പരത്തി ഇതളുകളാലും നിരയായ് ഒട്ടിച്ച ഇലഞ്ഞിപ്പൂക്കളാലും അലങ്കരിക്കപ്പെട്ട നിലയിൽ കണ്ടപ്പോഴുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഉരുണ്ട കൈയ്യക്ഷരങ്ങൾ ഇലഞ്ഞിപ്പൂമണം പൊഴിച്ചു കൊണ്ടിരുന്നപ്പോൾ അതിന്റെ ഉടമസ്ഥയായ ന്യൂജെൻ പെൺകുട്ടിയെ ഞാൻ ആരാധനയോടും അത്ഭുതത്തോടും കൂടി നോക്കി.

പഠിക്കുന്ന കാലത്ത് വായിക്കുന്ന പുസ്തകങ്ങളിൽ തുളസിയിലയോ മുറ്റത്തുണ്ടായ ഇളം റോസു നിറമുള്ള നാടൻ റോസാപ്പൂവോ പറിച്ച് താളുകൾക്കിടയിൽ വയ്ക്കുന്ന ശീലമുണ്ടായിരുന്നു. / Photo: Pinterest

അവളുടെ അതേ പ്രായത്തിൽ ഞാൻ വായിച്ചിരുന്ന പുസ്തകങ്ങൾ ഓർത്തുനോക്കി. അന്ന് വെറുതേ ഇരിക്കുമ്പോഴൊക്കെ വായിച്ച നോവലിലെ സംഭാഷണങ്ങൾ പറഞ്ഞു നോക്കും. ചേച്ചി വഴിയാണ്​ ഞാൻ എം.ടിയുടെ നോവലുകൾ വായിച്ചിരുന്നത്. അവൾക്ക് പ്രീഡിഗ്രിക്ക് മഞ്ഞ് പഠിക്കാനുണ്ടായിരുന്നു. അവൾക്ക് വിമലയുടെ സ്വപ്നകാമുകൻ സുധീർ കുമാർ മിശ്രയെയാണിഷ്ടം. വിമലയുടെ കാത്തിരിപ്പും. സുധീർ കുമാർ വിമലയെ പറ്റിച്ചു കടന്നുകളഞ്ഞ വഞ്ചകൻ, വഷളൻ ആണെന്ന് ഞാൻ ചേച്ചിയെ ചൊടിപ്പിക്കും. എന്നിട്ട് മധ്യവയസ്‌ക്കൻ ചാറ്റർജിയുടെ ശബ്ദത്തിൽപ്പറയും; ‘എനിക്കു നിങ്ങളെ ഇഷ്ടമാണ്, കാരണമെന്നുമില്ല, വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതേ എനിക്കു നിങ്ങളെ ഇഷ്ടമാണ് '

ദേഷ്യപ്പെട്ട് അവളെന്റെ പിന്നാലെ ഓടും.

അമ്മയുടെ വീട്ടിൽപ്പോയാൽ ഇരുണ്ട കോണിച്ചുവട്ടിൽ നിൽക്കുമ്പോൾ നാലുകെട്ടിലെ അപ്പുണ്ണി കോണിച്ചുവട്ടിലെ ഇരുട്ടിൽ പരിഭ്രമിച്ചു നിൽക്കുന്നൊരു ഫീലിങ് തോന്നും. വീട്ടിൽ അച്ഛൻ ഒരിക്കൽ മാത്രം ഒരു നോവലിനെക്കുറിച്ച് എന്നോടു സംസാരിച്ചിട്ടുണ്ട്. പുനത്തിലിന്റെ മരുന്നിനെക്കുറിച്ച്.

കാലം വായിച്ചു കഴിഞ്ഞ് കുറേക്കാലം സുമിത്രയുടെ വാചകമായിരുന്നു നാക്കിൻ തുമ്പത്ത്: ‘സേതുവിന് സേതുവിനോടു മാത്രമേ സ്‌നേഹമുണ്ടായിരുന്നുള്ളൂ...’ എന്നിട്ട് അവരരോടു മാത്രമല്ലാതെ ഇഷ്ടമുള്ള ആളുകൾ ബന്ധത്തിലോ പരിചയ വൃത്തത്തിലോ ഉണ്ടോ എന്ന് ആലോചിച്ചു കൊണ്ടിരിക്കും. അതുപോലെ അമ്മയുടെ വീട്ടിൽപ്പോയാൽ ഇരുണ്ട കോണിച്ചുവട്ടിൽ നിൽക്കുമ്പോൾ നാലുകെട്ടിലെ അപ്പുണ്ണി കോണിച്ചുവട്ടിലെ ഇരുട്ടിൽ പരിഭ്രമിച്ചു നിൽക്കുന്നൊരു ഫീലിങ് തോന്നും. വീട്ടിൽ അച്ഛൻ ഒരിക്കൽ മാത്രം ഒരു നോവലിനെക്കുറിച്ച് എന്നോടു സംസാരിച്ചിട്ടുണ്ട്. പുനത്തിലിന്റെ മരുന്നിനെക്കുറിച്ച്. രാത്രിയിൽ ഉമ്മറത്തിരുന്ന് തിളങ്ങുന്ന കണ്ണുകളോടെ നോക്കുന്നിടത്തെല്ലാം ലക്ഷ്മിയുടെ വലിയ വിടർന്ന കണ്ണുകൾ ചിതറിക്കിടക്കുന്നതു കാണുന്ന മെഡിക്കൽ സ്റ്റുഡൻറ് കാമുകനായ നായകനെക്കുറിച്ചു പറയുമ്പോൾ, അച്ഛനും ടീനേജുകാരനെപ്പോലെ തോന്നിച്ചു. അല്ലാത്തപ്പോഴെല്ലാം അച്ഛന് വലിയ ഗൗരവമായിരുന്നു. പിന്നീട് മരുന്ന് വായിക്കാനെടുക്കുമ്പോഴെല്ലാം ഞാൻ ടീനേജുകാരനായ അച്ഛനെ കാണും. മരുന്ന് കൈയിലെടുക്കുമ്പോൾ സന്തോഷം തോന്നും. അച്ഛന്റെ മേശ വലിപ്പിൽ മൊറാർജി ദേശായി എന്ന് വലിപ്പത്തിൽ എഴുതിയ വെളുപ്പിൽ നിറയെ ചോരത്തുള്ളികൾ വീണ പോലുള്ള കവറുള്ളൊരു പുസ്തകം കുറേക്കാലം കിടന്നിരുന്നു. അതു കാണുമ്പോഴെല്ലാം മൊറാർജി എന്ന് ഇരട്ടപ്പേരുള്ള അപ്പനെ ഓർമ വരും.

ഒരിക്കൽ പെട പെടച്ച് പെരുമ്പറയടിക്കുന്ന ഹൃദയത്തോടെ ഒരാളുടെ കൈയ്യിൽ നിന്ന്​ ഞാൻ ഒരു പുസ്തകം വാങ്ങി വെപ്രാളപ്പെട്ട് തുറന്നുനോക്കിയിട്ടുണ്ട്, അസംഘടിത എന്ന ടൈറ്റിലിനു കീഴിൽ, ‘പ്രേമത്തോടെ സന്ധ്യയ്ക്ക്' എന്നെഴുതിയിരുന്നു. പ്രേമോപഹാരമായി കൊടുക്കാൻ പറ്റിയത് പുസ്തങ്ങളല്ലാതെ മറ്റെന്താണ്?. അസാമാന്യ കരുത്തുള്ള കഥകൾ എഴുതിയ ഗീത ഹിരണ്യൻ എന്റെ ഏറ്റവും അടുത്ത ആരോ ആണെന്ന് കരുതുകയും അവരെ കാണാൻ ഒരുപാടാഗ്രഹിക്കുകയും ചെയ്തിരുന്നു. ഞാനവരെ കാണും മുമ്പ്​ അവർ പോയി. പക്ഷേ പിന്നീട് ഹിരണ്യൻ മാഷെ കണ്ടു. ഗീത ടീച്ചറെ കാണുന്നതു പോലെ ഞാൻ ഹിരണ്യൻ മാഷെ കണ്ടു, സംസാരിച്ചു, സന്തോഷിച്ചു.

തിരിച്ചേല്പിക്കുമ്പോൾ കുത്തഴിഞ്ഞു വേർപെട്ട ഒരു പുസ്തകത്തെച്ചൊല്ലി കോളേജു ലൈബ്രേറിയന്റെ ചീത്തവിളി കേട്ട് കരഞ്ഞ എന്നെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നുണ്ട്.

അസംഘടിതയോടു ചേർത്ത് ഞാനിന്നും സൂക്ഷിക്കുന്നൊരു പുസ്തകമുണ്ട്. സുതാര്യമായ പ്ലാസ്റ്റിക് കവറിട്ട് ബൈൻഡ് ചെയ്ത പുസ്തകം, അങ്ങനെ സൂക്ഷിച്ച അനേകം പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് നോവൽ വായിക്കാനിഷ്ടമുള്ള എനിക്ക് വളരെ ശ്രദ്ധയോടെ ഒരിക്കൽ അനൂപ് (കെ.വി.അനൂപ്) എടുത്തു തന്ന പുസ്തകം തമിഴ് എഴുത്തുകാരി സൽമയുടെ നോവൽ രണ്ടാം യാമങ്ങളുടെ കഥ (ഇരണ്ടാം യാമങ്ങളുടെ കതൈ). ഓരോ തവണ എന്റെ അലമാരയിൽ നിന്ന്​ ആ പുസ്തകം കൈയ്യിലെടുക്കുമ്പോൾ ഞാൻ അനൂപിനെ ഓർക്കും, എന്നോടു സംസാരിച്ചിരുന്നത്, നമ്മൾ ആദ്യമായി കണ്ടത്, ലിംഗഭേദമില്ലാതെ ഏതൊരു സഹജീവിയോടും തുല്യബഹുമാനത്തിൽ അനൂപ് പെരുമാറുന്നത് ഒക്കെ. അനൂപിനെപ്പോലെ തന്നെ അലമാരയിൽ നിന്ന്​ കൈ കഴുകി മാത്രം തൊടാവുന്നത്രയും വൃത്തിയിൽ സൂക്ഷിച്ച പുസ്തകങ്ങൾ തുരുതുരായെടുത്ത് ‘ഇതെന്റെയടുത്തുണ്ട്’, ‘ഇതെന്റെയടുത്തുണ്ട് 'എന്ന് ആവേശഭരിതനാവുന്ന കവിച്ചിത്രകാരൻ ബിജു കാഞ്ഞങ്ങാടിനേയും ഓർമ വരുന്നു.

ഗീത ഹിരണ്യൻ

തിരിച്ചേല്പിക്കുമ്പോൾ കുത്തഴിഞ്ഞു വേർപെട്ട ഒരു പുസ്തകത്തെച്ചൊല്ലി കോളേജു ലൈബ്രേറിയന്റെ ചീത്തവിളി കേട്ട് കരഞ്ഞ എന്നെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നുണ്ട്. പ്രഥമ പ്രതിശ്രുതി എന്ന ബംഗാളി നോവൽ വായിച്ച ഞാൻ കരയാൻ പാടില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അന്ന് ബംഗാളി നോവലുകൾ വായിക്കുമ്പോൾ ഇവിടെ ബംഗാളികളായ മനുഷ്യർ തൊഴിലന്വേഷിച്ചു വന്നു തുടങ്ങിയിട്ടില്ല. ഇന്നിപ്പോൾ വീടിന്റെ കെട്ടുപണിക്കുവന്ന ബംഗാളി തൊഴിലാളികൾക്ക് പഴുത്ത ചക്ക നേരെയാക്കി കഴിക്കാൻ കൊടുക്കുന്നു ഞാൻ. പഥേർ പാഞ്ചലി വായിച്ച് സത്യജിത് റായിയോട്​ തോന്നിയ സ്‌നേഹം, അപുവിനോടും ദുർഗ്ഗയോടും തോന്നിയ സ്‌നേഹം, ഒരു പാടു മനുഷ്യരോടു തോന്നിയ സ്‌നേഹം, ബഹുമാനം അങ്ങനെ
പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു!

ഓരോ പുസ്തകവും ഒരുപാടു മനുഷ്യരെ അവരുമായി ചേർന്ന അനുഭവങ്ങളെയും സ്‌നേഹത്തെയും ഓർമിപ്പിക്കുന്നു. പുസ്തകം (physical reading) വെറും പുസ്തകമല്ല, പുസ്തകവായന (പുസ്തകം കൈയ്യിലെടുത്തുള്ള വായന) വെറും പുസ്തക വായനയല്ല.

ഡിജിറ്റൽ റീഡിങിന് ഇത്തരം അനുഭവങ്ങൾ തരാനാകുമോ?

പുസ്തകങ്ങളല്ലാതെ മണത്തും തൊട്ടും അനുഭവിക്കാൻ കഴിയുന്ന മറ്റെന്ത് എഴുത്താണുള്ളത്? അനുഭവത്തിന്റെ ഏറ്റവും അടിസ്ഥാനമായ മണവും സ്പർശനവും തരാത്ത വായന വായനയായി തോന്നുകയില്ല. ഡിജിറ്റൽ വായനയുടെ ഏറ്റവും വലിയ കുറവാണ് Physical reading ന്റെ ഏറ്റവും വലിയ അനുഗ്രഹം. ▮


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments