വി. വിജയകുമാർ

എക്കാലത്തെയും
പുതിയ പ്രവണതകളുടെ
സാറ

സാറാ ജോസഫിന്റെ സാഹിത്യവും സ്ത്രീപക്ഷ ആക്റ്റിവിസവും കേരളീയ ചിന്താലോകത്തുണ്ടാക്കിയ സ്വാധീനങ്ങളെക്കുറിച്ച് എഴുതുന്നു വി. വിജയകുമാർ.

ഗാന്ധിജി ഹിന്ദുത്വവാദിയുടെ വെടിയേറ്റു മരിക്കുമ്പോൾ പൂക്കോടൻ ലൂയിസിന്റെ മകൾ സാറയ്ക്കു പത്തുമാസം പ്രായമായിരുന്നു. സാറയുടെ അമ്മ കൊച്ചുമറിയത്തിന്റെ ഓർമ്മയിൽ മകളുടെ പ്രായം തെളിയുന്നത് ഇങ്ങനെയാണ്. സ്വാതന്ത്ര്യത്തിന്റെ ശബ്ദം രാജ്യമെങ്ങും ഉച്ചൈസ്തരം ഉയർന്ന വർഷത്തിലാണ്, രാജ്യം രാഷ്ട്രീയസ്വാതന്ത്ര്യം നേടിയ വർഷത്തിലാണ് സാറ ജനിച്ചത്. സ്വാതന്ത്ര്യം, സ്വാതന്ത്ര്യം ... എന്ന ശബ്ദം ജന്മവർഷം മുതലേ സാറയോടൊപ്പം കൂടെയുണ്ടായിരുന്നു. എപ്പോഴുമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. സാറയിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥം സാമൂഹികവും സാമ്പത്തികവും വ്യക്തിനിഷ്ഠവും ഒക്കെയായി നിരവധി തലങ്ങളിലേക്കു വ്യാപിച്ചു വികസിച്ചു.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള അപ്പാപ്പൻ സത്യവേദപുസ്തകത്തോളം പഴക്കമുള്ള സാറ എന്ന പേര് കൊച്ചുമകൾക്കു നൽകി. പാരമ്പര്യാനുസാരം കുഞ്ഞിനു നൽകേണ്ടിയിരുന്ന അപ്പന്റെ അമ്മയുടെ പേര് വേണ്ടെന്നുവച്ചാണ് അപ്പാപ്പൻ ഈ നാമകരണം നടത്തിയത്. വലുതാകുമ്പോൾ ഈ കുഞ്ഞിന്റെ കീർത്തി എങ്ങും പടരുമെന്ന വിശ്വാസത്തോടെ. കീഴ് വഴക്കങ്ങളെ ലംഘിക്കുന്ന കരുത്ത് ആ നാമകരണത്തിന്റെ നിമിഷത്തിൽ തന്നെ സാറ പി.എൽ സ്വായത്തമാക്കി. കാലം കഴിയുന്തോറും കരുത്ത് ഏറിവന്നു.

സാറാ ജോസഫിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥം സാമൂഹികവും സാമ്പത്തികവും വ്യക്തിനിഷ്ഠവും ഒക്കെയായി നിരവധി തലങ്ങളിലേക്കു വ്യാപിച്ചു വികസിച്ചു.
സാറാ ജോസഫിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥം സാമൂഹികവും സാമ്പത്തികവും വ്യക്തിനിഷ്ഠവും ഒക്കെയായി നിരവധി തലങ്ങളിലേക്കു വ്യാപിച്ചു വികസിച്ചു.

പിന്നെ, വർഷങ്ങൾക്കു ശേഷം, പഴയ നിയമത്തിൽ സാറയായി മാറിയ സാറായിയൂടെ കഥ എഴുതുന്ന നോവലിസ്റ്റിനെ നാം വായിക്കുന്നുണ്ട്. സാറായി അബ്രാമിനോട് തർക്കിക്കുന്നു.

‘‘അദൊണായ് കഠിനഹൃദയൻ തന്നെ. സ്ത്രീകൾ ആനന്ദിക്കുന്നതിൽ അദ്ദേഹം അസൂയപ്പെടുന്നു’’.

‘‘എന്നോട് ചെയ്തതിനെ പറ്റി പശ്ചാത്താപമുണ്ടെങ്കിൽ സ്ത്രീകൾക്കു വേണ്ടി വ്യവസ്ഥയുണ്ടാക്കുമ്പോൾ അതു പ്രതിഫലിക്കട്ടെ’’.

എൺപതുകളൂടെ അന്ത്യത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി തൃശൂരിൽ നിന്ന് മലയാള ഭാഷയിലേക്കു രണ്ടു വാക്കുകളുണ്ടായി. നമ്മുടെ അക്കാദമിക ലോകത്തേയും രാഷ്ട്രീയലോകത്തേയും കോലാഹലമയമാക്കിയ രണ്ടു വാക്കുകൾ.

കവി സച്ചിദാനന്ദനാണ് ആദ്യത്തെ വാക്ക് എഴുതിയത്. എക്രിറ്റ്യുവർ ഫെമിനിൻ (Ecriture Feminine) എന്ന വാക്കിനെ മലയാളവൽക്കരിക്കേണ്ട സന്ദർഭം ആഗതമായപ്പോഴാണ് കവി ‘പെണ്ണെഴുത്ത്’ എന്ന വാക്ക് എഴുതിയത്. അക്കാലത്ത് ഏതു മലയാളിക്കും കേട്ടാൽ അത്ഭുതമുണ്ടാക്കുന്ന മറ്റൊരു വാക്ക് ശീർഷകമാക്കിയാണ് നൈതികവേദിയുടെ മുഖപത്രമായിരുന്ന 'പാഠഭേദ'ത്തിന്റെ ഒരു ലക്കം പുറത്തിറങ്ങിയത്. മലയാളിക്ക് ഫെമിനിസം എന്ന വാക്ക് പോരെന്നു തോന്നിയ സന്ദർഭത്തിലാണ് സ്ത്രീവാദം എന്ന വാക്ക് ഉയിരെടുത്തത്.
പെണ്ണെഴുത്ത്. സ്ത്രീവാദം.

 എക്രിറ്റ്യുവർ ഫെമിനിൻ (Ecriture Feminine) എന്ന വാക്കിനെ മലയാളവൽക്കരിക്കേണ്ട സന്ദർഭം ആഗതമായപ്പോഴാണ് കവി  സച്ചിദാനന്ദന്‍ ‘പെണ്ണെഴുത്ത്’ എന്ന വാക്ക് എഴുതിയത്.
എക്രിറ്റ്യുവർ ഫെമിനിൻ (Ecriture Feminine) എന്ന വാക്കിനെ മലയാളവൽക്കരിക്കേണ്ട സന്ദർഭം ആഗതമായപ്പോഴാണ് കവി സച്ചിദാനന്ദന്‍ ‘പെണ്ണെഴുത്ത്’ എന്ന വാക്ക് എഴുതിയത്.

പുറത്താണ് രൂപപ്പെട്ടതെങ്കിലും ഈ വാക്കുകളുടെ കാരണം സാറാ ജോസഫിലേക്കു നീണ്ടു ചെല്ലുന്നതായിരുന്നു. പെണ്ണെഴുതിയ 'പാപത്തറ' പുറത്തിറങ്ങുകയായിരുന്നു. പാട്ടും നാടകങ്ങളും പ്രതിരോധപ്രവർത്തനങ്ങളുമായി 'മാനുഷി' സജീവമായിരുന്നു. ഹെലൻ സിക്‌സസ്, ജൂലിയ ക്രിസ്‌തേവ, ലൂസി ഇരീഗറെ, എലൈൻ ഷോട്ടർ, ക്ലാര സെറ്റ്കിൻ, ഓഗസ്റ്റ് ബാബേൽ... എന്നീ സ്ത്രീനാമങ്ങളൊയൊന്നും വേണ്ടത്ര പരിചയമില്ലാത്ത സാറ ഈ സ്ത്രീകൾക്ക് സമാനമെന്നോണവും വ്യതിരിക്തമായും മലയാളത്തിലെ സ്ത്രീകൾക്കു വേണ്ടി ചിന്തിച്ചു. അത് പുതിയ പ്രവണതകളായി മലയാളസാഹിത്യത്തിലേക്കും പടർന്നുകയറി.

സാറാ ജോസഫ് സാഹിത്യത്തിലേക്ക് ആനയിച്ച പുതിയ പ്രവണതകൾ എന്തായിരുന്നു ചെയ്തത്? അത്, ഭാഷയിൽ ആധിപത്യത്തോടെ നിലകൊണ്ടിരുന്ന വരേണ്യമൂല്യങ്ങളെ അപനിർമ്മിക്കാനുള്ള പ്രേരണകളെ എമ്പാടും വിതറി.

സാറാ ജോസഫ് സാഹിത്യത്തിലേക്ക് ആനയിച്ച പുതിയ പ്രവണതകൾ എന്തായിരുന്നു ചെയ്തത്? അത്, ഭാഷയിൽ ആധിപത്യത്തോടെ നിലകൊണ്ടിരുന്ന വരേണ്യമൂല്യങ്ങളെ അപനിർമ്മിക്കാനുള്ള പ്രേരണകളെ എമ്പാടും വിതറി. നാട്ടുചൊല്ലുകളും വ്യാകരണവും സർഗ്ഗാത്മകസാഹിത്യകൃതികളും ചില സൂക്ഷ്മപരിശോധനകൾക്കു വിധേയമായി. കേരള പാണിനീയം സന്ദേഹദൃഷ്ടി കൊണ്ടു നോക്കപ്പെട്ടു. നാട്ടുചൊല്ലുകൾ, പഴഞ്ചൊല്ലുകൾ, മുതിർന്നവർ ചൊല്ലും മുതുനെല്ലിക്ക ...ഇവയിലൊക്കെ വരേണ്യത ഒളിപ്പിച്ചുവച്ച സ്ത്രീവിരുദ്ധതയെ കണ്ടെടുത്തു തുടങ്ങി. ‘തേവിടിശ്ശിക്കും കന്യകയ്ക്കും പുല്ലിംഗമേത്?’ എന്നിങ്ങനെ അതുവരെ കേൾക്കാത്ത ചോദ്യങ്ങൾ ഉയർന്നു. തെറിവാക്കുകൾ സാമുഹികവികലനത്തിനു വിധേയമാകാൻ തുടങ്ങി.

സ്ത്രീവാദചിന്തകളുടെ തുടർച്ചയിൽ ദലിത് ചിന്തകൾ കൂടി കടന്നുവരുന്നതോടെ ഭാഷാപ്രയോഗങ്ങളിൽ മുതൽ മഹാകവിതകളിൽ വരെ ദമിതമായിരുന്ന വരേണ്യതയുടെ മൂല്യങ്ങൾ വിവൃതമായി. അവ വിമർശിക്കപ്പട്ടു.

 ഹെലൻ സിക്‌സസ്
ഹെലൻ സിക്‌സസ്

പ്രയോജനവാദത്തിന്റെ പ്രശ്‌നപരിസരത്തു നിന്നുകൊണ്ട് സാഹിത്യകലയെ പരിചരിക്കുന്നവർ ഒരു നൂൽപ്പാലത്തിലൂടെ നടക്കാൻ പരിശീലിക്കേണ്ടവരാണ്. അതിസൂക്ഷ്മത ആവശ്യപ്പെടുന്ന പ്രയോഗമാണത്. സ്ത്രീവാദത്തിന്റെ ആശയലോകങ്ങളെ ഉൾക്കൊണ്ട് എഴുതുമ്പോൾ ആഖ്യാനസ്ഥലം കേവലമായി പുരുഷാധിത്യസമൂഹമായി മാറിത്തീരാം. ഈ ആഖ്യാനസ്ഥലം സാകല്യത്തെ കാണാതെ ന്യൂനീകൃതമോ ഏകപക്ഷീയമോ ആയ വഴികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നതാകാം. ഫെമിനിസത്തിന്റെ ചെലവിൽ സാഹിത്യരചനയുടെ രഹസ്യസംഭാഷണങ്ങളെ വ്യാഖ്യാനിച്ചു രൂപഭംഗപ്പെടുത്തരുതെന്ന് സാഹിത്യനിരൂപണത്തെ പുരുഷകലയായി കണ്ട ശുദ്ധകലാവാദത്തിന്റെ സൂക്ഷ്മദൃഷ്ടി മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞിരുന്നുതാനും.

താൻ എഴുത്തുകാരിയെന്ന നിലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നയാഥാർത്ഥ്യത്തെ സാറാ ജോസഫ് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. 'ആലാഹയുടെ പെൺമക്കളി'ൽ സ്ത്രീസ്വത്വത്തിന്റെ ശക്തമായ ആവിഷ്‌ക്കരണത്തിന്റെ മുന്നുപാധിയെന്നോണം കോക്കാഞ്ചറ ദേശം മാറിത്തീരുന്നത് ഇങ്ങനെയാണ്. കോക്കാഞ്ചറയുടെ ദാരുണമായ അനുഭവലോകത്തിന്റെ ഭാഗമായി എഴുതപ്പെടുന്ന സ്ത്രീജീവിതവും സ്വത്വബോധവും സ്വത്വവാദത്തിന്റെ നിശിതമായ നിശ്ചിതത്വങ്ങളെ ഭേദിച്ച് കൂടുതൽ സ്വാഭാവികത ആർജ്ജിക്കുന്നു.

ജൂലിയ ക്രിസ്‌തേവ
ജൂലിയ ക്രിസ്‌തേവ

യാഥാസ്ഥിതികമായ കുടുംബപശ്ചാത്തലം, കൗമാരത്തിന്റെ തുടക്കത്തിലെ വിവാഹം, പരമ്പരാഗതമായ സാമൂഹിക വിലക്കുകളും നിയന്ത്രണങ്ങളും... ഈ പരിമിതികളെയെല്ലാം മറികടക്കുന്ന സാറാ ജോസഫിന്റെ ജീവിതം പ്രതിരോധത്തിന്റെയും സ്വയംനിർണ്ണയശേഷിയുടെയും ശക്തിയെ എടുത്തുകാണിക്കുന്നതാണ്. നമ്മുടെ നായികയുടെ ജീവിതം സ്വയംശാക്തീകരണത്തിലേക്കുള്ള ഒരു പരിവർത്തനാത്മക യാത്രയെ സാക്ഷാത്കരിക്കുന്നതാണെന്നു പറയണം. സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തൽ എങ്ങനെയെല്ലാം ബഹുമുഖമാണെന്ന് സാറാ ജോസഫ് മനസ്സിലാക്കിയിരുന്നു. തന്റെ ദേശത്തെ പെൺജീവിതത്തിന്റെ കഥകളിലൂടെ നടക്കുമ്പോൾ തന്നെ നിലവിൽ ആധിപത്യത്തിലുള്ള മതം, രാഷ്ട്രീയം, സാഹിതീയ വ്യവഹാരങ്ങൾ...എല്ലാം സ്ത്രീയെ പരമ്പരാഗതമെന്നോണം നോക്കിക്കാണുന്നത് എങ്ങനെയെന്ന അന്വേഷണങ്ങളിലേക്ക് ഇതു നയിക്കപ്പെട്ടു.

‘തേവിടിശ്ശിക്കും കന്യകയ്ക്കും പുല്ലിംഗമേത്?’ എന്നിങ്ങനെ അതുവരെ കേൾക്കാത്ത ചോദ്യങ്ങൾ ഉയർന്നു. തെറിവാക്കുകൾ സാമുഹികവികലനത്തിനു വിധേയമാകാൻ തുടങ്ങി.

മലയാളനാട്ടിലും മലയാളഭാഷയിലും അത് ഒരു പുതിയ മാനങ്ങളുള്ള തുടക്കമായിരുന്നു. മതവും പുരുഷാധിപത്യവും മുതലാളിത്തവും ഒത്തുചേരുന്ന വ്യവസ്ഥയിൽ സ്ത്രീ അദൃശ്യയോ അടിമയോ ചൂഷണത്തിനുള്ള ഉപകരണമോ ആയി മാറിത്തീരുന്നതിനെ ആക്ടിവിസം കൊണ്ടു പ്രതിരോധിച്ചു. മഠങ്ങൾക്കും സെമിനാരികൾക്കും പ്രണയം നിരോധിക്കപ്പെടുന്നതെന്തിന് എന്ന കലാപഭരിതമായ ചോദ്യമുയർത്തി. രാമായണവും ബൈബിളും സ്ത്രീകൾ വായിക്കുന്നതെങ്ങനെ എന്നു കാണിക്കുന്ന വിസ്തൃതപാഠങ്ങൾ ആഖ്യാനങ്ങളായി. പെണ്ണിന്റെ മുലയരിഞ്ഞ് പൗരുഷം കാണിക്കുകയും തന്റെ കണ്ണുകൾക്ക് അഹിതയായ ധർമ്മദാരങ്ങളെ ശുദ്ധീകരിക്കാൻ തീക്കുണ്ഡത്തിലേക്കു നയിക്കുകയും ചെയ്യുന്ന മര്യാദാരാമന്മാരും ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയതിനാൽ ഉപ്പുതൂണായി ഉറച്ചു പോകുന്നവളും സ്ത്രീദർശനം കൊണ്ട് പുതുക്കി എഴുതപ്പെട്ടു.

ക്ലാര സെറ്റ്കിൻ
ക്ലാര സെറ്റ്കിൻ

ലിംഗം, വർഗം, ജാതി, മതം എന്നിങ്ങനെ നാനാവിധത്തിലുള്ള വിവേചനഭേദങ്ങൾ കൂടിച്ചേരുന്ന സങ്കീർണ്ണമായ നിലയെയാണ് സ്ത്രീ അഭിമുഖീകരിക്കുന്നത്. സ്ത്രീവാദം വിവിധ രൂപങ്ങളിലുള്ള പാർശ്വവൽക്കരണത്തെ അഭിസംബോധന ചെയ്യണമെന്ന വാദം അറിഞ്ഞോ അറിയാതെയോ സാറാ ജോസഫിന്റെ പ്രതിരോധപ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. അറിവ്, സാഹിത്യം, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമൂഹിക ഘടനകളെ പുനർനിർവ്വചിക്കാൻ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് എങ്ങനെ കഴിയുമെന്നതിന്റെ തെളിവായി സാറാ ജോസഫിന്റെ ജീവിതം മാറിത്തീരുന്നുണ്ട്. പുരുഷന്റെ ആധികാരികതയ്ക്കും ഏകശാസനത്തിനൂം പകരം സമഭാവത്തിന്റെയും ബഹുസ്വരതയുടെയും സംഭാഷണത്തിന്റെയും മൂലകങ്ങൾ കൊണ്ടു നിർമ്മിച്ച ആക്ടിവിസം സമൂഹത്തിൽ സ്ഥാപിതമാകണമെന്ന് സാറാജോസഫിന് അറിയാമായിരുന്നു.

സാറാ ജോസഫ് നയിച്ച സമരങ്ങളിലേറെയും അതിന്റെ വ്യവസ്ഥാപിതമായ അർത്ഥത്തിൽ പരാജയപ്പെട്ട സമരങ്ങളായിരുന്നു.

പാലക്കാട് മുതലമടയിൽ സ്ത്രീധന പീഡനത്തിൽ യുവതി കൊല ചെയ്യപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാണിക്കുമ്പോൾ സാറാ ജോസഫിന്റെയും വിക്ടോറിയ കോളേജിലെ മറ്റു ചില അദ്ധ്യാപികമാരുടെയും നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷനിലേക്ക് ഒരു മാർച്ച് നടക്കുന്നു. സ്‌റ്റേഷനിൽ എത്തുമ്പോഴേക്കും മാർച്ചിനോടൊപ്പം ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. പോലീസ് ഒത്തുകളിക്കുകയാണെന്നു മനസ്സിലാക്കിയ ജനങ്ങൾരോഷത്തോടെ അവരെ കല്ലെറിയാനുള്ള തയ്യാറെടുപ്പിലായി. പോലീസ് ഒരു സംഘർഷം ഉണ്ടാകണമെന്ന താൽപര്യത്തിലായിരുന്നു. ഇതു മനസ്സിലാക്കിയ സമരനായിക പെട്ടെന്ന് പോലീസിനും ജനങ്ങൾക്കും ഇടയിലേക്ക് കയറിനിന്നു. സാറാ ജോസഫിൽ ഗാന്ധിജിയുടെ ആത്മാവ് ആവേശിച്ചിരുന്നു. ഏറെ പ്രകോപിതരായി നിൽക്കുന്ന ജനങ്ങളോട് ശാന്തരാകാൻ അവർ ആവശ്യപ്പെട്ടു. നമുക്ക് നീതിയാണോ സംഘർഷമാണോ വേണ്ടതെന്ന് സാറാജോസഫ് നാട്ടുകാരോട് ചോദിച്ചു. പോലീസ് സ്‌റ്റേഷനു മുന്നിൽ വലിയ ധർണ നടത്തിക്കൊണ്ട് ജനമനസ്സിന്റെ ശക്തിയും നീതിബോധവും അറിയിച്ചാണ് ആ പ്രതിഷേധസമരം അവസാനിച്ചത്.

സാറാ ജോസഫ് നയിച്ച സമരങ്ങളിലേറെയും അതിന്റെ വ്യവസ്ഥാപിതമായ അർത്ഥത്തിൽ പരാജയപ്പെട്ട സമരങ്ങളായിരുന്നു. എന്നാൽ, ആ സമരങ്ങളോരോന്നും സാമൂഹിക വിഷയങ്ങളിൽ സ്വീകരിക്കേണ്ടിരിക്കുന്ന ധാർമ്മിക നിലപാട് എന്തായിരിക്കണമെന്ന് മലയാളിയുടെ മനഃസാക്ഷിയോടു പറഞ്ഞുകൊണ്ടിരുന്നു. വ്യവസ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക സംഘടനകളും ശ്രദ്ധിക്കാതിരുന്ന പാർശ്വവൽകൃതരുടെ പ്രശ്‌നങ്ങളിലേക്കു കണ്ണയക്കുന്ന, സമൂഹത്തിൽ നീതിനിഷേധിക്കപ്പെടുന്ന നിരാലംബരിലേക്ക് എത്തിച്ചേരുന്ന ആ പ്രക്ഷോഭങ്ങൾ സാമൂഹിക, രാഷ്ട്രീയപ്രവർത്തനത്തിന്റെ ഗതാനുഗതികത്വത്തിൽ നിന്നും വിഭിന്നമായ അതിന്റെ നിൽപ്പുകൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നു. തുടർന്നുള്ള കാലത്ത് തീരുമാനങ്ങൾ എടുക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഭരണകൂടങ്ങൾക്കും അധികാരികൾക്കും ഈ പ്രക്ഷോഭങ്ങളുടെ അനുരണനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനായില്ല. ഉടനടി നേട്ടങ്ങളിലല്ല, സമൂഹത്തിന്റെ ആത്മാവിലാണ് ഈ പ്രക്ഷോഭങ്ങൾ കുടിയേറിയത്.

ഓഗസ്റ്റ് ബാബേൽ
ഓഗസ്റ്റ് ബാബേൽ

പുരുഷാധിപത്യത്തോടുള്ള പ്രക്ഷോഭം പുരുഷനോടുള്ള പ്രക്ഷോഭമായി സാറാ ജോസഫിന്റെ തൂലികയോ സാമൂഹികപ്രവർത്തനങ്ങളോ കണ്ടിരുന്നില്ല. പഴയ നിയമത്തിലെ ലോത് എന്ന കഥാപാത്രം വർഷങ്ങൾക്കു മുന്നേ പിരിഞ്ഞുപോയ സഹധർമ്മിണിയെ അയാളുടെ ജീവിതാന്ത്യത്തിൽ വിളിക്കുന്ന വാക്കുകളോടെയാണ് സാറാ ജോസഫിന്റെ പുതിയ നോവൽ അവസാനിക്കുന്നത്. ലോതിനും ഈഡിതിനും (ആദോയ്ക്കും) ഇടയിലെ അഗാധമായ പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും വാക്കുകളായി ഇതിനെ കാണാം. ഭൗതികകാരുണ്യം നമ്മെ മനുഷ്യരാക്കി തീർക്കുന്ന പുണ്യമായി സ്ത്രീ-പുരുഷബന്ധത്തെ കാണുന്ന മൂല്യങ്ങളെ സാറാ ജോസഫ് സ്വീകരിക്കുന്നുണ്ട്, ആധുനിക ശാസ്ത്രം ഈ അവസ്ഥയെ സന്ദേഹകരമാക്കി കൊണ്ടിരിക്കുമ്പോളും.

സ്ത്രീയിലെ വിഭിന്നതകളെ കാണാതിരിക്കുന്ന സമീപനം, സ്ത്രീപ്രകൃതിയെ മാതൃത്വത്തിന്റേയും സഹനത്തിന്റേയും ശുശ്രൂഷയുടേയും പ്രതീകങ്ങളായി മാത്രം കാണുന്ന യാഥാസ്ഥിതിക വീക്ഷണങ്ങളെ പുനരുൽപ്പാദിപ്പിക്കും. സ്ത്രീ /പുരുഷൻ എന്നീ ഗണങ്ങൾ മാറ്റമില്ലാത്ത പ്രകൃതിസത്തകളെ ഉൾക്കൊള്ളുന്നവയല്ല. സ്ത്രീ എന്ന സൈദ്ധാന്തിക സംവർഗം അതിന്റെ ഏകാത്മകതയെ വെടിഞ്ഞ് ബഹുലതകളിലേക്കു പടരേണ്ടതിന്റെ ആവശ്യവും സാറാ ജോസഫ് തിരിച്ചറിയുന്നുണ്ടായിരുന്നു. സാറയുടെ സ്ത്രീവാദം അതിന്റെ നിയതമായ അതിരുകളെ ഭേദിക്കുകയും ലൈംഗികരാഷ്ട്രീയത്തിന്റെ വർണ്ണരാജിയോടൊപ്പം പങ്കുചേരുകയും ചെയ്യുന്നത് അങ്ങനെയാണ്.

പുരസ്‌കാരങ്ങൾ സമ്മാനിച്ച ചില അക്കാദമികൾ / അധികാരികൾ അവയുടെ മൂല്യബോധങ്ങളിൽ നിന്ന് വഴി തെറ്റി നടക്കുന്നുവെന്നു തോന്നിപ്പിച്ച സന്ദർഭങ്ങളിൽ പുരസ്‌കാരങ്ങൾ തിരിച്ചുകൊടുത്ത് ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കേണ്ടിയിരിക്കുന്ന മൂല്യപ്രമാണങ്ങളെ കുറിച്ച് സാറാജോസഫ് അവരെ ഓർമ്മിപ്പിച്ചിട്ടുണ്ട്..
പുരസ്‌കാരങ്ങൾ സമ്മാനിച്ച ചില അക്കാദമികൾ / അധികാരികൾ അവയുടെ മൂല്യബോധങ്ങളിൽ നിന്ന് വഴി തെറ്റി നടക്കുന്നുവെന്നു തോന്നിപ്പിച്ച സന്ദർഭങ്ങളിൽ പുരസ്‌കാരങ്ങൾ തിരിച്ചുകൊടുത്ത് ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കേണ്ടിയിരിക്കുന്ന മൂല്യപ്രമാണങ്ങളെ കുറിച്ച് സാറാജോസഫ് അവരെ ഓർമ്മിപ്പിച്ചിട്ടുണ്ട്..

സാറാ ജോസഫിന് സമ്മാനിക്കുന്നതിലൂടെ നിരവധി പുരസ്‌കാരങ്ങൾ സ്വയം പുരസ്‌കൃതമായിട്ടുണ്ട്. പുരസ്‌കാരങ്ങൾ സമ്മാനിച്ച ചില അക്കാദമികൾ / അധികാരികൾ അവയുടെ മൂല്യബോധങ്ങളിൽ നിന്ന് വഴി തെറ്റി നടക്കുന്നുവെന്നു തോന്നിപ്പിച്ച സന്ദർഭങ്ങളിൽ തനിക്കു നൽകിയ പുരസ്‌കാരങ്ങൾ തിരിച്ചുകൊടുത്ത് ജനാധിപത്യവ്യവസ്ഥ സംരക്ഷിക്കേണ്ടിയിരിക്കുന്ന മൂല്യപ്രമാണങ്ങളെ കുറിച്ച് സാറാജോസഫ് അവരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അയൽസംസ്ഥാനം നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ കലൈഞ്ജർ പുരസ്‌കാരം നൽകി സാറാ ജോസഫിനെ ആദരിച്ചിട്ടുണ്ടെങ്കിലും കേരളം അതിനു വിമുഖമായി നിൽക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അധികാരികൾ സ്വയം ലജ്ജിക്കേണ്ട വിഭാഗീയതകളാണ് അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നു കൂടി പറയേണ്ട സന്ദർഭവുമാണിത്.

തൃശൂരിൽ വച്ച് കേരളജനത സാറാ ജോസഫിനെ സമാദരിക്കുന്ന ഈ സന്ദർഭത്തിൽ മലയാളത്തിന് ജീവിതത്തിന്റെയും എഴുത്തിന്റെയും പ്രതിരോധത്തിന്റെയും സവിശേഷപാഠങ്ങൾ നൽകിയവൾക്ക് സ്‌നേഹാദരപൂർവ്വം കൂപ്പുകൈ.


Summary: V. Vijayakumar writes about the impact of Sarah Joseph's literature and feminist activism on Kerala thought.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments