2004- ൽ ഇമിറാത്തിൽ ഇന്ത്യൻ, അറബ് എഴുത്തുകാരുടെ കൂടിയിരിപ്പുകളും മുഷൈരകളും സംഘടിപ്പിക്കാൻ ഞങ്ങൾ മുൻകൈയെടുത്തിരുന്ന കാലം. ദുബായിലെ ഒരു ഒത്തുചേരലിൽ തീർച്ചയായും പങ്കെടുക്കുമെന്ന് വാക്കുതന്ന്, പിൻവാങ്ങിയ ഒരു യു. എ. ഇ. കവിയെ പിറ്റേന്ന് ഫോണിൽ വിളിച്ചു. താങ്കൾ എന്താണ് വരാതിരുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു; ഞാനെഴുതുന്നത് അവിടെ വന്ന് വായിച്ചുകേൾപ്പിക്കണമെങ്കിൽ പിന്നെ ഞാനെന്തിനാണ് എഴുതുന്നത്?.
എഴുത്താളുകൾ സ്റ്റേജ് ആർട്ടിസ്റ്റുകൾ കൂടിയായ മലയാളത്തിന് പെട്ടെന്ന് മനസിലാകുന്ന ഒരു കാര്യമായിരുന്നില്ല ഇത്. മൗനത്തിലാകാതിരിക്കാൻ മെറ്റെന്തൊക്കെയൊ പറഞ്ഞ് അവസാനിപ്പിച്ചു.
മേതിൽ പിൻവാങ്ങുകയായിരുന്നില്ല, സകല ജീവികളുമായുള്ള സിംബയോസിസിലൂടെ തൻ്റെ കലയെ വ്യാപിപ്പിക്കുകയായിരുന്നു.
മൗലികവാദം എന്ന് തോന്നുംവിധം എഴുത്തിൽ ആഴത്തിലൂന്നുന്ന, പിൻവാങ്ങിനിൽക്കുന്ന ഒരാൾ എന്ന് മേതിലിനെക്കുറിച്ചും പെട്ടെന്ന് പറയാനാവും. മുന്തിയ ഇനം ജീവി എന്ന മനുഷ്യാഹന്തയിൽനിന്ന് പ്രാണിജാലത്തിൽ ഒരു കൂറ എന്നിടത്തേയ്ക്ക് സ്ഥാനപ്പെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പുരാണം മണക്കുന്ന ഈ ദർശന സ്ഥലത്തിന് തൻ്റെ കലയിൽ വിസ്മയിപ്പിക്കുന്ന ഭൗതികാടിത്തറ നിർമ്മിച്ചു എന്നതാണ് മേതിലിനെ അഭിവാദ്യം ചെയ്യുമ്പോഴുള്ള ആഹ്ളാദം. എൻ്റെ വീട്, എൻ്റെ മക്കൾ, എൻ്റെ സാഹിത്യം… നേർത്തു നേർത്ത് അതീവ ദുർബലമായ ഉടമസ്ഥതകളാണ് അദ്ദേഹത്തിന്റേത്.
അവതാരമല്ലാത്ത, ദൈവഭാരം ചുമക്കാത്ത ഒരു ജീവിയെ എവിടെ കണ്ടെത്തും? എലി മുതൽ പുലി വരെ ഈ കെണിയിലായിരിക്കെ. മേതിൽ പിൻവാങ്ങുകയായിരുന്നില്ല, സകല ജീവികളുമായുള്ള സിംബയോസിസിലൂടെ തൻ്റെ കലയെ വ്യാപിപ്പിക്കുകയായിരുന്നു. അസാധാരണമായ ആത്മവിശ്വാസത്തിലേയ്ക്കും പ്രത്യാശയിലേയ്ക്കും നയിക്കുകയും. അങ്ങനെ ചെയ്ത മറ്റൊരാളില്ല, മലയാളത്തിൽ.

മേതിൽ കഥകളുടെ സമ്പൂർണ്ണ സമാഹാരം വാങ്ങിവയ്ക്കാൻ അനന്തരവനോട് ആവശ്യപ്പെട്ടത് 2013 -ലായിരുന്നു. കൊല്ലത്തെ ഒരു പുസ്തകോത്സവത്തിനു പോയ അയാൾ സ്റ്റാളിലെത്തി പറഞ്ഞു; ഒരു രാധാകൃഷണനാണ്, മുഴുവൻ പേര് മറന്നു. അ. രാധാകൃഷണനുണ്ട്, ഇ. രാധാകൃഷ്ണനുണ്ട്, വേറെ ഇല്ലെന്ന മറുപടി കേട്ട് കുഴങ്ങി. മറവിയുടെ സങ്കടം മുറുകിത്തുടങ്ങുമ്പോൾത്തന്നെ മറന്നത് മനസിൽ തെളിയുന്നതിൻ്റെ ആഹ്ളാദം അനുഭവിക്കാത്തവരുണ്ടാകില്ല. ആ തെളിച്ചത്തിൽ അനന്തരവൻ പറഞ്ഞു: മേതിൽ.
ജന്തുസാഹോദര്യമോ ജന്തുവിമോചനമോ ആദ്യമൊന്നും മനുഷ്യസാഹോദര്യത്തിനും മനുഷ്യവിമോചനത്തിനും മനസിലായതേ ഇല്ല. സാമൂഹികതയുടെ ജന്തുതലം എത്രമാത്രം പ്രബലമെന്ന് മെല്ലെ മെല്ലെ അറിഞ്ഞുതുടങ്ങി. മേതിൽ രാധാകൃഷണൻ എന്ന ആധുനികാനന്തര ജീവൽസാഹിത്യകാരനുണ്ടായി. വിജനത എന്നാവർത്തിക്കുമ്പോൾ മേതിൽ ഒരു നിറവ് ആവിഷ്കരിക്കുന്നുണ്ട്. ഭൗതികമായവയുടെ സാന്ദ്രതയാൽ, നിബിഢതയാൽ.
മൗലികവാദം എന്ന് തോന്നുംവിധം എഴുത്തിൽ ആഴത്തിലൂന്നുന്ന, പിൻവാങ്ങിനിൽക്കുന്ന ഒരാൾ എന്ന് മേതിലിനെക്കുറിച്ചും പെട്ടെന്ന് പറയാനാവും.
തിരുവനന്തപുരം മെഡിക്കൽ കേളേജിലെ മൈക്രോ ബയോളജി ലാബിൽ രക്ത അഗാറിൽ വളർത്തിയ ബാക്റ്റീരിയകളുടെ കോളനികൾ നോക്കി അവയുടെ സ്വഭാവവിശേഷങ്ങൾ പഠിക്കെ, ഇവ എങ്ങനെയാവും കലയിലും കവിതയിലും പ്രവേശിക്കുക എന്നൊരു ആലോചനയുണ്ടായിരുന്നു, വിപത് സന്ദേശമോ ദുരന്തമോ വ്യാധിയോ ആയല്ലാതെ. കലാവിചാരങ്ങളിൽ സൂക്ഷ്മത എന്ന് വായിക്കുമ്പോൾ അതിന് ഏതാണ്ട് ഒരു കൊട്ടത്തേങ്ങാവലിപ്പം അക്കാലത്ത് തോന്നിയിരുന്നു.

മൈക്രോൺ സൈസിലുള്ള പലതരം സൂക്ഷ്മജീവികൾ പരിചിതരായി വന്നതോടെ മനുഷ്യരുടെ കൺവെട്ടമെത്താത്ത ജീവിലോകത്തിൻ്റെ വിപുലതയും സാന്ദ്രതയും അറിയാൻ തുടങ്ങി. സൂക്ഷ്മദർശിനിയുടെ വെളിച്ചത്തിൽ ഒരു ഗ്ലാസ് സ്ലൈഡിനും കവർസ്ലിപ്പിനും ഇടയിൽ ജിയാർഡിയ എന്നൊരു ജീവി അതിൻ്റെ ഫ്ലജെല്ലകൾ കൊണ്ട് ജീവിതം വിവരിച്ചു. സൂക്ഷ്മജീവികൾക്ക് മനുഷ്യർ അന്ധരായ ഒരു ജീവി വിഭാഗമാണ്. കൺകെട്ട് അവരുടെ കല.
മഴയത്ത് വളപ്പിലേയും വയലിലേയും
മാളങ്ങൾ നിറയുമ്പോൾ
മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു.
എന്ന ഹൈവോൾട്ടേജ് കവിത വയിച്ചത് തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു. അകലത്തെ നനവ് കിടക്കയിൽ ഒരാളെ തൊട്ടുവിളിക്കുന്നു, തിരിച്ചുകിടത്തുന്നു. കുട്ടനാട്ടിൽ വെള്ളം കയറുന്ന വീട്ടിൽ കട്ടിലിൽ കുന്തിച്ചിരുന്ന കുട്ടി അയാളിലുണ്ടാകുമോ? കവിതയിൽ തന്നെ അത് വിശദീകരിക്കപ്പെട്ടിരുന്നു.
എല്ലാ ജീവജാലങ്ങളേയും കൂട്ടിഘടിപ്പിച്ചുണ്ടാക്കിയ
ഒരൊറ്റ ജീവിയാകുന്നു ഞാൻ...
ക്ഷുദ്രം, വന്യം എന്നിങ്ങനെ മനുഷ്യപ്പേടിയുടെ ആഴം കൊണ്ടുമാത്രം രൂപപ്പെട്ടുവന്ന ജന്തുജാതികളുടെ വേർതിരിവുകൾ മേതിൽ ആഖ്യാനങ്ങളിൽ തുടച്ചുനീക്കപ്പെട്ടിരുന്നു. പഴുതുകളുടെ താരയായ്, പ്രതീകമായല്ലാതെ, മുമ്പില്ലാത്ത സ്വാതന്ത്ര്യത്തോടെ കഥയിലേയ്ക്ക് വരുമ്പോൾ, പഴുതാരയുടെ പാദങ്ങൾ തൊട്ട് വസന്തത്തിൻ്റെ വേരുകൾ എന്ന് അങ്ങോർ എഴുതി. ചില്ലയിൽ ഒരു പഴുതാര പൂവിട്ടുനിൽക്കുന്നു എന്നും.
ക്ഷുദ്രം, വന്യം എന്നിങ്ങനെ മനുഷ്യപ്പേടിയുടെ ആഴം കൊണ്ടുമാത്രം രൂപപ്പെട്ടുവന്ന ജന്തുജാതികളുടെ വേർതിരിവുകൾ മേതിൽ ആഖ്യാനങ്ങളിൽ തുടച്ചുനീക്കപ്പെട്ടിരുന്നു.
കഥകളിലും നോവലുകളിലും കവികളുടെ ആത്മകഥകളിലുമായി അടയാളപ്പെട്ടു കഴിഞ്ഞവയാണ് പാലക്കാട്ടെ നദികളും നാട്ടുപാതകളും കുളങ്ങളും പനകളും. അവ പകർത്തുന്ന ആർട്ട് ഫോട്ടോഗ്രാഫി മേതിൽ പിന്തുടരുന്നില്ല. പടരുന്ന, വ്യാപിക്കുന്ന ഒന്നിന് ലോക്കലായിരിക്കുക വയ്യ. പശ്ചാത്തലത്തെ അതിൻ്റെ എല്ലാ ബാധ്യതകളോടെയും മേതിൽ ഒഴിവാക്കുന്നു. അതിനാൽ കഥ നടക്കുന്നത് മിക്കപ്പോഴും ഒരു മൈതാനത്താണ്. വിശപ്പിൽ കാടിറങ്ങിവരുന്ന ജീവിയെ കണ്ടാലുടൻ വെടിവയ്ക്കണമെന്ന് കൊലവിളി മുഴക്കുന്ന സമനില തെറ്റിയ പട്ടേലർമാർ പ്രാദേശികഭരണം നയിക്കുന്ന വെള്ളരിക്കാപട്ടണങ്ങൾ പെരുകുമ്പോഴും, ഏതെങ്കിലും ഒരു രാഷ്ട്രത്തിൽനിന്ന് ജന്തുവ്യാപാരം നിരോധിച്ചിരിക്കുന്നു എന്നൊരു വാർത്ത വരികയാണെങ്കിൽ അടിമക്കച്ചവടം നിർത്തലാക്കിയിരിക്കുന്നു എന്നാണ് മേതിൽക്കണ്ണാടി വച്ച് വായിക്കാനാവുക.
2011 -ൽ മേതിൽ കവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ ദുബായ് സുഹൃത്തുക്കൾ തീരുമാനിച്ചപ്പോൾ പ്രസാധകകുറിപ്പ് എഴുതാൻ എന്നെ ചുമതലപ്പെടുത്തിയിരുന്നു. അതിൽ, ചിറകുകളും ഇതളുകളും എന്ന കവിതയിൽ നിന്ന് എടുത്തെഴുതിയ വരികൾ വീണ്ടൂം എഴുതുന്നു.
മണ്ണിൽ വിരൽ പൂഴ്ത്തിയാൽ ഒരു മിടിപ്പറിയാം
വിർൽത്തുമ്പിൽ ചെറിയൊരു ചിറകടി അറിയാം
വിരലെടുത്താൽ തുമ്പത്തൊരു പൂമ്പാറ്റയുണ്ടാകണമെങ്കിലോ
വിരലിനെ ഒരു പുഴുവിനെപ്പോലെ പരിഗണിക്കാൻ പഠിക്കണം.
വഴുക്കും നിലങ്ങളിലൂടെയുള്ള പോക്കുവരവുകളാണ് ഏത് വായനയും. ചിലപ്പോൾ ചില ബന്ധുത്വങ്ങൾ അറിയുന്നു. ഇക്കോളജിയും ജനപ്രിയതയും ഇടകലർന്ന കൊച്ചുവർത്തമാനത്തിൽ, എങ്കിൽ പിന്നെ പശു വായിക്കുമായിരിക്കും കവിത എന്ന് കടമ്മനിട്ട രാമകൃഷണൻ പരിഹസിച്ചുവത്രെ. അടുത്ത ദിവസങ്ങളിലാണ് നിയമസഭയിൽ നിന്ന് താറും കുറ്റിച്ചൂലും കേട്ടത്. കവിതയിലെ എതിർപ്പിനെ വെൺമാളികയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകൽ. മിസ്കോട്ട് ചെയ്യപ്പെടുമ്പോൾ ജനപ്രിയ കവിതയ്ക്ക് ഒന്നും ചെയ്യാനില്ല. എങ്കിലും അങ്ങേരെ ഓർത്തല്ലോ എന്നാശ്വസിക്കും. പഴയ നിരീക്ഷണങ്ങളുടെ നക്ഷത്രബംഗ്ലാവുകൾ പലപ്പോഴായി പൊളിച്ചുനീക്കപ്പെട്ടിട്ടുണ്ട്. ജിറാഫുകളുടെ കഴുത്തിൽ ഇളകുന്ന ടെലസ്കോപ്പ് എന്ന് മേതിൽ. ഇപ്പോൾ അതികാലത്ത് പശുക്കളുടെ ആലയിൽ മെഹ്ദിഹസൻ പാടുന്നു.
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
