ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

അശമഞ്ച ബാബുവിന്റെ നായ

ഹോഷിമറയിലെ ഒരു സുഹൃത്തിന്റെ ഗൃഹസന്ദർശന വേളയിലാണ് അശമഞ്ച ബാബു വിന്റെ ദീർഘകാലമായുള്ള ആഗ്രഹം പൂവണിഞ്ഞത്. ഭവാനിപ്പൂറിൽ മോഹിനി മോഹൻ റോഡിലെ ഒരു ചെറിയ ഫ്ലാറ്റിലാണ് അശമഞ്ച ബാബു താമസിച്ചിരുന്നത്. ലജ്പത് റായ് പോസ്റ്റ്‌ ഓഫീസിലെ ക്ലാർക്ക് എന്ന ജോലിക്ക് കൽക്കത്തയിലെ ബസുകളിലും ട്രെയിനുകളിലും തിക്കിതിരക്കാതെ, വീട്ടിൽ നിന്നും വെറും ഏഴു മിനിറ്റ് മാത്രം യാത്ര ചെയ്യേണ്ട ഭാഗ്യവാനായിരുന്നു അദ്ദേഹം. വിധി മറ്റൊന്നായിരുന്നെങ്കിൽ ജീവിതത്തിന്റെ പാത വേറൊന്നാകുമായിരുന്നു എന്നെല്ലാം ചിന്തിച്ചു പരവശനാകാതെ വളരെ ലാഘവമായി ജീവിക്കുന്ന ആളായിരുന്നു അശമഞ്ച ബാബു. പൊതുവേ, സ്വന്തം ജീവിതത്തിൽ തൃപ്തനായിരുന്നു അദ്ദേഹം. മാസത്തിൽ രണ്ടു ഹിന്ദി സിനിമകൾ, ഒരു ഡസൻ സിഗരറ്റ് പാക്കറ്റ് ആഴ്ചയിൽ രണ്ടു ദിവസം മത്സ്യം, അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ഇത്രയും ധാരാളമായിരുന്നു. കൂട്ടുകാരില്ല എന്നത് മാത്രമേ ഇടക്ക് അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നുള്ളൂ. ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്ത അവിവാഹിതൻ ആയതിനാൽ, കൂട്ടിനു ഒരു നായെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നയാൾ മോഹിക്കാറുണ്ട്. രണ്ടു വീടിനപ്പുറമുള്ള താക്കുർദാറിന്റെ നായയെപ്പോലെ അൽസഷ്യൻ ആവണമെന്നില്ല, രാവിലെയും വൈകുന്നേരവും മണത്തു പുറകേനടക്കുന്ന, അയാൾ ജോലി കഴിഞ്ഞുവരുമ്പോൾ വാലാട്ടുന്ന, അയാളുടെ ആജ്ഞകൾ ഉത്സാഹത്തോടെ അനുസരിക്കുന്ന ഒരു സാധാരണ നായ്ക്കുട്ടി ആയാലും മതി. നായയോട് ഇംഗ്ലീഷിൽ സംസാരിക്കണം എന്ന രഹസ്യമായ ആഗ്രഹവും അയാൾക്കുണ്ടായിരുന്നു." സ്റ്റാൻഡ് അപ്പ്‌, ഷേക്ക്‌ ഹാൻഡ്‌സ് " എന്നൊക്കെ പറയുന്നത് നായ അനുസരിക്കുകയാണെങ്കിൽ എന്ത് രസമായിരിക്കും! നായ്ക്കൾ പൊതുവെ ഇംഗ്ലീഷ് വർഗ്ഗക്കാരാണെന്നു വിശ്വസിക്കാനാണ് അശമഞ്ചബാബുവിന് ഇഷ്ടം. കൊള്ളാം. ഒരു ഇംഗ്ലീഷ് നായയും അദ്ദേഹം അതിന്റെ യജമാനനും. സന്തോഷമുള്ള കാര്യം തന്നെ.

നിരന്തരം ചാറ്റൽ മഴയുണ്ടായിരുന്ന ഇരുണ്ടു മൂടിയ ഒരു ദിവസം അശമഞ്ച ബാബു കുറച്ചു ഓറഞ്ച് വാങ്ങാനായി ഹോഷിമറയിലെ ചന്തയിലേക്ക് പോയി. ചന്തയുടെ ഒരറ്റത്തു മുരടിച്ച ഇലന്ത മരത്തിനു കീഴെ തള്ള വിരലിനും ചൂണ്ടു വിരലിനുമിടയിൽ സിഗററ്റ് പിടിച്ചു ഒരു ഭൂട്ടാൻകാരൻ ഇരുന്നിരുന്നു. അവരുടെ കണ്ണുകളിടഞ്ഞപ്പോൾ അയാൾ ചിരിച്ചു. വല്ല ഭിക്ഷക്കാരനോ മറ്റോ ആണോ? അയാളുടെ വേഷം കണ്ടാൽ അങ്ങനെ തോന്നുമായിരുന്നു. അയാളുടെ മേൽക്കുപ്പായത്തിലും കാലുറകളിലുമായി ഒരു അഞ്ചു കീറതുന്നലുകളെങ്കിലും അശമഞ്ചബാബു ശ്രദ്ധിച്ചിരുന്നു. പക്ഷെ അയാളുടെ കൈയിൽ ഭിക്ഷാപാത്രം ഒന്നും ഉണ്ടായിരുന്നില്ല. അതിനു പകരം അയാളുടെ അടുത്തു ഒരു ഷൂ ബോക്സും അതിൽ നിന്നു തല നീട്ടി കൊണ്ടിരിക്കുന്ന ഒരു നായ്ക്കുട്ടിയും ഉണ്ടായിരുന്നു.

"സുപ്രഭാതം' പുഞ്ചിരിച്ചപ്പോൾ കുറുകിപ്പോയ കണ്ണുകളോടെ അയാൾ ഇംഗ്ലീഷിൽ അഭിവാദ്യം ചെയ്തു. അശമഞ്ച ബാബുവിന് പ്രത്യഭിവാദ്യം ചെയ്യാതെ വഴിയില്ലായിരുന്നു.

"നായയെ വാങ്ങുന്നോ? വളരെ നല്ല ഇനമാണ് ' ആ മനുഷ്യൻ നായ്ക്കുട്ടിയെ കൂട്ടിൽ നിന്നെടുത്തു നിലത്തുവെച്ചു. "വില കുറവാണു, വളരെ നല്ല നായാണ്. നല്ല സന്തോഷമുള്ളത്.' നായ്ക്കുട്ടി ദേഹത്തെ മഴത്തുള്ളികൾ കുടഞ്ഞു കളഞ്ഞു, അശമഞ്ച ബാബുവിനെ നോക്കി കുറിയ രണ്ടിഞ്ച് നീളമുള്ള വാലാട്ടി. അശമഞ്ച ബാബു നായ്ക്കുട്ടികരികിലേക്ക് ചെന്ന്, നിലത്തിരുന്നു കൈകൾ നീട്ടി. നായ്ക്കുട്ടി അയാളുടെ മോതിരവിരലിൽ ഇളം ചുവപ്പ് നാവുകൊണ്ട് മൃദുവായി നക്കി. നല്ല, ഇണക്കമുള്ള നായ്കുട്ടി.
​"എത്രയാണ്? എന്താണ്‌ വില?'
"പത്തു രൂപ'

കുറച്ചു വിലപേശലുകൾക്ക് ശേഷം വില ഏഴര രൂപയിലെത്തി. അശമഞ്ച ബാബു പണം കൊടുത്തു നായ്ക്കുട്ടിയെ തിരികെ ഷൂ ബോക്സിലാക്കി അത് ചാറ്റൽ മഴ നനയാതെ അടച്ചുറപ്പിച്ചു ഓറഞ്ചിനെ പാടെ മറന്നു വീട്ടിലേക്ക് മടങ്ങി.

ഹോഷിമാര സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്തിരുന്ന ബിരെൻ ബാബുവിന് തന്റെ സുഹൃത്തിന്റെ നായയെ വാങ്ങാനുള്ള ആഗ്രഹത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഷൂ ബോക്സിൽ എന്താണെന്നു കണ്ടപ്പോഴേക്കും സ്വാഭാവികമായും അദ്ദേഹം അത്ഭുതപ്പെടുകയും ഒട്ടൊന്നു പരിഭ്രമിക്കുകയും ചെയ്തു. അതിന്റെ വില കേട്ടപ്പോൾ അയാൾക്ക്‌ അല്പം ആശ്വാസമായി. അയാൾ മൃദുവായി ശാസിക്കുന്ന മട്ടിൽ പറഞ്ഞു "ഈ നാടൻ നായയെ മേടിക്കാൻ ഹോഷിമാര വരെ വന്നതെന്തിനു? ഒരെണ്ണത്തിനെ ഈ വിലക്ക് എളുപ്പത്തിൽ ഭവാനിപൂരിൽ കിട്ടുമല്ലോ?'

അത് ശരിയല്ല. അത് അശമഞ്ചബാബുവിനും അറിയാം. അദ്ദേഹം പലപ്പോഴും നാടൻ നായ്ക്കളെ ചുറ്റുപാടുമുള്ള തെരുവുകളിൽ കണ്ടിട്ടുണ്ട്. അതിലൊന്ന് പോലും അയാളുടെ നേരെ വാലാട്ടുകയോ, വിരലുകളിൽ നക്കുകയോ ചെയ്തിട്ടില്ല. ബിരെൻ എന്ത് പറഞ്ഞാലും, ഈ നായക്കെന്തോ പ്രത്യേകതയുണ്ട്. പക്ഷെ നായ് കുട്ടി നാടൻ ആയതിൽ അശമഞ്ചബാബുവിനും അല്പം നിരാശ തോന്നി, അയാളത് പറയുകയും ചെയ്തു. ബിരെൻ ബാബുവിന്റെ മറുപടി വളരെ പെട്ടെന്നും പരുഷവും ആയിരുന്നു. "നല്ല ജനുസ്സിലുള്ള ഒരു നായ്ക്കുട്ടിയെ വളർത്തുക എന്നാൽ എന്താണെന്നു നിങ്ങൾക്കറിയാമോ? മൃഗഡോക്ടറുടെ ഫീസ് തന്നെ ഒരു മാസത്തെ പകുതി ശമ്പളം ആകും. ഈ നായയായത് കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അതിനു പ്രത്യേകം ഭക്ഷണം കൂടി വേണ്ട. നിങ്ങൾ കഴിക്കുന്നതെന്തും അത് കഴിച്ചോളും. പക്ഷെ അതിനു മത്സ്യം കൊടുക്കരുത്. മത്സ്യം പൂച്ചകൾക്കാണ്. നായകൾക്ക് മീൻമുള്ളു പ്രശ്നമാകും.'

കൽക്കത്തയിൽ തിരിച്ചെത്തിയപ്പോൾ, നായ്ക്കുട്ടിക്ക് ഒരു പേര് വേണമെന്ന് അശമഞ്ച ബാബുവിന് തോന്നി. ഒരു ഇംഗ്ലീഷ് പേർ നൽകണമെന്നാണാഗ്രഹം. പക്ഷെ ടോം എന്ന പേര് മാത്രമേ കിട്ടിയുള്ളൂ. പിന്നെ ഒരു ദിവസം നായ്ക്കുട്ടിയെ നോക്കിയിരിക്കുമ്പോഴാണ്, അതിന്റെ നിറം തവിട്ട് ആയതുകൊണ്ട് ബ്രൗണി എന്ന പേര് കൊള്ളാം എന്ന്‌ തോന്നിയത്. അയാളുടെ ഒരു ബന്ധുവിന് ബ്രൗണി എന്ന ഒരു ക്യാമറ ഉണ്ടായിരുന്നു, അതുകൊണ്ട് ബ്രൗണി തീർച്ചയായും ഇംഗ്ലീഷ് പേരുതന്നെ ആയിരിക്കും. പേര് തീരുമാനമായ നിമിഷം അയാൾ അതിനെ പേരുചൊല്ലി വിളിച്ചപ്പോൾ, അത് ചൂരൽ സ്റ്റൂളിൽ നിന്നു ചാടി വാലാട്ടി അയാളുടെ അടുത്തേക്ക് പതുക്കെ നടന്നു ചെന്നു.

"സിറ്റ് ഡൗൺ' അശമഞ്ച ബാബു പറഞ്ഞു. പെട്ടെന്ന് തന്നെ അത് പിൻകാലുകളിൽ ഇരുന്ന് ഒരു ചെറിയ കോട്ടുവായോടെ വായ് തുറന്നു. ബ്രൗണിനെ ഡോഗ്ഷോയിൽ ഒന്നാം സമ്മാനം നേടുന്ന ക്ഷണികമായ ദൃശ്യം അശമഞ്ച ബാബു മനസ്സിൽ കണ്ടു.

ഭാഗ്യവശാൽ അയാളുടെ പണിക്കാരൻ ബിപിനും നായയോട് അടുപ്പം കാണിച്ചു. അശമഞ്ച ബാബു ജോലിക്ക് പോകുമ്പോൾ ബിപിൻ സന്തോഷത്തോടെ നായയെ പരിപാലിച്ചു. ചീഞ്ഞ ഭക്ഷണം നായക്ക് കൊടുക്കരുതെന്ന് അശമഞ്ച ബാബു ബിപിനോട് നിർദേശിച്ചിരുന്നു. "അവൻ വഴിയിലേക്ക് ഓടിയിറങ്ങാതെ ശ്രദ്ധിക്കണം. ഇപ്പോൾ ബൈക്ക് യാത്രക്കാർ കുതിരക്കണ്ണടവച്ചിരിക്കുന്നത് പോലെയാണ്.'

ജോലിക്കാരനെ എത്ര പറഞ്ഞേൽപ്പിച്ചു പോയാലും, ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ബ്രൗണി ആഹ്ലാദത്തോടെ സ്വാഗതം ചെയ്ത് വാലാട്ടുന്നത് കാണുന്നത് വരെ അയാൾക്ക് പരിഭ്രമമാണ്.

ഈ സംഭവം നടക്കുന്നത് ഹോഷിമറയിൽ നിന്നു തിരിച്ചു വന്നിട്ട് ഏതാണ്ട് മൂന്ന് മാസത്തിനു ശേഷമാണ്. അത് നവംബർ ഇരുപതിമൂന്നാം തീയതി ശനിയാഴ്ചയായിരുന്നു. അശമഞ്ച ബാബു ജോലി കഴിഞ്ഞ് എത്തിയതേ ഉള്ളൂ, വന്നിട്ട് ആ മുറിയിൽ കട്ടിലും ചൂരൽ സ്റ്റൂളും ഒഴിച്ചുള്ള ഒരേ ഒരു ഫർണിചർ ആയ പഴയ മരക്കസേരയിൽ ഇരുന്നതും, അത് ഒടിഞ്ഞു അദ്ദേഹം നിലത്തേക്ക് മലർന്നടിച്ചു വീണു. സ്വാഭാവികമായും അദ്ദേഹത്തിന് വേദനിച്ചു എന്ന്‌ മാത്രമല്ല കസേരയുടെ ഒടിഞ്ഞ കാലുപോലെ വലത്തു തോളൊടിഞ്ഞു പോയോ എന്ന്‌ ആലോചിക്കുമ്പോഴാണ്, അങ്ങേർ സ്വന്തം വേദന പോലും മറക്കാൻ പാകത്തിന് അപ്രതീക്ഷിതമായ ഒരു ശബ്ദം കേട്ടത്.

ആ ശബ്ദം കട്ടിലിൽ നിന്നാണ് വന്നത്. അതൊരു ചിരിയുടെ ശബ്ദം ആയിരുന്നു, കൃത്യമായി പറഞ്ഞാൽ ഒരു കുലുങ്ങി ചിരി പോലെ, അത് ചുണ്ട് കൂട്ടിപ്പിടിച്ചു കട്ടിലിൽ ഇരുന്നിരുന്ന ബ്രൗണിയിൽ നിന്നു തന്നെയാണ് പുറപ്പെട്ടത്.

അശമഞ്ച ബാബുവിന്റെ പൊതു വിജ്ഞാനം കുറച്ചു കൂടുതലായിരുന്നെങ്കിൽ നായ്ക്കൾ ചിരിക്കാറില്ല എന്ന് അയാൾ തീർച്ചയായും മനസ്സിലാക്കിയേനെ. എള്ളോളം ഭാവന ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം മൂലം അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടേനെ. ഇതു രണ്ടും ഇല്ലാത്തതു കൊണ്ടു അശമഞ്ച ബാബു ഫ്രീ സ്കൂൾ തെരുവിലെ സെക്കന്റ്‌ ഹാൻഡ് പുസ്തകക്കടയിൽ നിന്നു രണ്ടു രൂപയ്ക്കു വാങ്ങിയ "നായ്ക്കളെ പറ്റി എല്ലാം ' എന്ന പുസ്തകം വായിക്കാൻ ഇരിക്കുകയാണ് ചെയ്തത്. ഒരു മണിക്കൂർ പരതിയെങ്കിലും ചിരിക്കും നായയെപ്പറ്റി പുസ്തകത്തിൽ ഒരു പരാമർശവും ഉണ്ടായിരുന്നില്ല.

പക്ഷെ ബ്രൗണി ചിരിച്ചു എന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. അത് മാത്രമല്ല, ചിരിച്ചതിനു കാരണമുണ്ടായിട്ടു കൂടിയാണ്. അശമഞ്ച ബാബുവിന് ഇതിനോട് സമാനമായ കുട്ടിക്കാലത്തെ ഒരു സംഭവം ഓർമ്മ വന്നു. ഒരിക്കൽ ചന്ദ്രനഗറിലെ അവരുടെ വീട്ടിൽ ഒരു ഡോക്ടർ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇരുന്ന കസേര ഒടിഞ്ഞു താഴെ വീണു. അതുകണ്ട് അശമഞ്ച ബാബു പെട്ടെന്ന് പൊട്ടിച്ചിരിച്ചു, അച്ഛൻ ചെവിക്ക് കിഴുക്കുകയും ചെയ്തു.

പുസ്തകം അടച്ചു അദ്ദേഹം ബ്രൗണിയുടെ നേരെ നോക്കി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ബ്രൗണി മുൻകാലുകൾ തലയിണയിൽ വച്ച് വാലാട്ടി കൊണ്ടിരുന്നു, മൂന്ന് മാസങ്ങൾ കൊണ്ട് വാൽ ഒന്നൊന്നര ഇഞ്ച് നീളം വച്ചിരുന്നു. അവന്റെ മുഖത്ത് അപ്പോൾ ചിരി ഒന്നുമില്ലായിരുന്നു. അല്ലെങ്കിലും എന്തിനു ചിരിക്കണം? കാരണം ഇല്ലാതെ ചിരിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമല്ലേ? ബ്രൗണി ഒരു ഭ്രാന്തൻ നായ അല്ല എന്നതിൽ അശമഞ്ച ബാബുവിന് ആശ്വാസം തോന്നി.

ഈ സംഭവം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ രണ്ടു തവണ ബ്രൗണിക്ക് ചിരിക്കാനുള്ള അവസരം ഉണ്ടായി. ആദ്യത്തേത് രാത്രി ഏതാണ്ട് ഒമ്പതര മണിക്കാണ് ഉണ്ടായത്. ബ്രൗണിക്ക് കിടക്കാനായി അശമഞ്ച ബാബു ഒരു വെളുത്ത ഷീറ്റ് നിലത്തു വിരിച്ചപ്പോഴേക്കും ഒരു പാറ്റ മുറിയിലേക്ക് പറന്നു വന്നു ഭിത്തിയിലിരുന്നു. അദ്ദേഹം ഒരു ചെരുപ്പെടുത്തു ആ പ്രാണിയെ എറിഞ്ഞു. ചെരിപ്പ് ഉന്നംതെറ്റി ചുമരിൽ തൂങ്ങിക്കിടക്കുന്ന കണ്ണാടിയിൽ കൊണ്ട്, കണ്ണാടി പൊട്ടി നിലത്തു വീണു. അന്നേരത്തെ ബ്രൗണിയുടെ ചിരി കണ്ണാടി പൊട്ടിയതിന്റെ സങ്കടം തീർത്തു.

രണ്ടാമത്തെ തവണ അത് ചിരി അല്ലായിരുന്നു, ഒരു ചെറിയ അടക്കിച്ചിരി മാത്രം. അശമഞ്ച ബാബു അമ്പരന്നു, വിശേഷിച്ച് ഒന്നും സംഭവിച്ചില്ലല്ലോ. പിന്നെന്തിനാണ് ഈ അടക്കിച്ചിരി? പണിക്കാരനായ ബിപിൻ മുറിയിൽ വന്നപ്പോഴാണ് കാരണം വ്യക്തമായത്. "യജമാനന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു "ചെവിയുടെ വശങ്ങളിൽ ഷേവിങ് സോപ്പ് ഇരിക്കുന്നു, സാർ'. കണ്ണാടി പൊട്ടിയത് കൊണ്ട് ജനൽ ചില്ലുകളിൽ നോക്കിയാണ് അശമഞ്ച ബാബു ഷേവ് ചെയ്തത്. അദ്ദേഹം കൈ കൊണ്ട് തടവി നോക്കിയപ്പോൾ ബിപിൻ പറഞ്ഞത് ശരിയാണെന്നു മനസ്സിലായി.

വളരെ നിസ്സാരകാര്യങ്ങൾക്ക് പോലും ബ്രൗണി ചിരിക്കുന്നു എന്നത് അശമഞ്ച ബാബുവിനെ വല്ലാതെ അമ്പരപ്പിച്ചു. പോസ്റ്റ്‌ ഓഫീസിലെ മേശക്കരികിലിരിക്കുമ്പോഴും അദേഹത്തിന്റെ ചിന്തകൾ ബ്രൗണിയുടെ മുഖത്തെ പുഞ്ചിരിയിലേക്കും അമർത്തി ചിരിയുടെ ശബ്ദത്തിലേക്കും വഴി മാറി പോയി. "നായ്ക്കളെ പറ്റി എല്ലാം' എന്ന പുസ്തകം നായ്കളുടെ ചിരിയെ പറ്റി ഒന്നും പറയില്ലായിരിക്കാം, പക്ഷെ ഒരു നായ വിജ്ഞാന കോശം പോലെ എന്തെങ്കിലും കിട്ടിയാൽ അതിൽ തീർച്ചയായും നായച്ചിരിയെപ്പറ്റി പരാമർശം ഉണ്ടായിരിക്കാം.

ഭവാനിപ്പൂറിലെ നാലു കടകളിലും, ന്യൂ മാർക്കറ്റിലെ എല്ലാ പുസ്തകക്കടകളിലും അത്തരം പുസ്തകം ലഭ്യമല്ലാതായപ്പോൾ, ശ്രീ രജനി ചാറ്റർജിയെ പോയി കണ്ടാലോ എന്ന്‌ അശമഞ്ച ബാബു ആലോചിച്ചു. അതേ തെരുവിൽ അശമഞ്ച ബാബുവിന്റെ വീട്ടിൽ നിന്നു അധികം ദൂരെയല്ലാതെയാണ് ആ വിരമിച്ച പ്രൊഫസർ താമസിച്ചിരുന്നത്. പ്രൊഫസർ ഏതു വിഷയം ആണ് പഠിപ്പിച്ചിരുന്നത് എന്ന് അശമഞ്ചബാബുവിന് അറിയില്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വീടിന്റെ ജനലിൽ കൂടി, പഠനമുറിയിലാണെന്നു തോന്നുന്നു, ഒരു പുസ്തകഅലമാരയിൽ നിറയേ പലതരം പുസ്തകങ്ങൾ കാണാമായിരുന്നു.

അങ്ങനെ ഒരു ഞായറാഴ്‌ച, സംരംഭം വിജയിപ്പിച്ചു തരണേ എന്ന്‌ ദുർഗാദേവിയോട് നിശബ്ദമായി പ്രാർത്ഥിച്ചു, പ്രൊഫസർ ചാറ്റർജിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. പലപ്പോഴും ദൂരെനിന്നു കണ്ടിട്ടുണ്ടെങ്കിലും, അയാൾക്ക് തടിച്ച പുരികങ്ങളും, ഇത്ര പരുപരുത്ത ശബ്ദവും ഉണ്ട്‌ എന്ന്‌ മനസ്സിലായിരുന്നില്ല. പ്രൊഫസർ ഇറങ്ങി പ്പോകാൻ പറയാഞ്ഞതുകൊണ്ട്, അശമഞ്ച ബാബു ധൈര്യം സംഭരിച്ചു, പ്രൊഫസർക്കെതിരെയുള്ള സോഫയിൽ ഇരുന്നു. ഒന്ന് ചെറുതായി ചുമച്ചു കാത്തിരുന്നു. പ്രൊഫസർ ചാറ്റർജി വായിച്ചു കൊണ്ടിരുന്ന ന്യൂസ്‌ പേപ്പർ മാറ്റി വച്ചിട്ട് വിരുന്നുകാരനെ ശ്രദ്ധിച്ചു.
" നിങ്ങളെ കണ്ടു പരിചയമുണ്ട്'
"ഞാൻഇവിടെ അടുത്താണ് താമസം'
"ശരി, അതിന്?'

"ഞാൻ നിങ്ങളുടെ വീട്ടിൽ ഒരു നായയെ കണ്ടിട്ടുണ്ട്. അത് കൊണ്ട്...'
" അതിനെന്താ?, ഇവിടെ ഒന്നല്ല, രണ്ടു നായകൾ ഉണ്ട്‌.'
"ആണോ?, എനിക്കും ഒരെണ്ണം ഉണ്ട്‌'
"ഈ നഗരത്തിലെ നായകളുടെ എണ്ണം എടുക്കുന്ന ജോലിയാണോ നിങ്ങളുടേത്?'
ആ ചോദ്യത്തിലെ കളിയാക്കൽ അശമഞ്ച ബാബുവിന് മനസ്സിലായില്ല. അദ്ദേഹം പറഞ്ഞു " ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു സാധനം നിങ്ങളുടെ കൈയിൽ ഉണ്ടോ എന്ന്‌ അറിയാൻ വന്നതാണ്'
" എന്താണത്?'
"ഒരു നായവിജ്ഞാനകോശം ഉണ്ടോ എന്ന്‌ ചോദിച്ചാലോ?'
"ഇല്ല. എന്റെ കൈയിലില്ല. എന്തിനാണ് നിങ്ങൾക്ക് അത്?"
"നിങ്ങൾക്കറിയാമോ എന്റെ നായ ചിരിക്കുന്നു. നായകൾ ചിരിക്കുന്നത് സാധാരണമാണോ എന്ന് അറിയാനാണ്. നിങ്ങളുടെ നായകൾ ചിരിക്കാറുണ്ടോ?'

ചുമരിലെ ക്ലോക്ക് 8 മണി അടിക്കാനെടുത്ത സമയമത്രയും പ്രൊഫസർ ചാറ്റർജി അശമഞ്ചബാബുവിനെ തറച്ചു നോക്കിക്കൊണ്ടിരുന്നു. എന്നിട്ട് ചോദിച്ചു, "നിങ്ങളുടെ നായ രാത്രി ചിരിക്കാറുണ്ടോ?'
" ഉവ്വ്‌. രാത്രിയിലും'
"നിങ്ങൾക്ക് ഏതു തരം മയക്കുമരുന്നാണ് ഇഷ്ടം? വെറും കഞ്ചാവ് മാത്രമാണെങ്കിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവില്ല. നിങ്ങൾ ചരസ്സും, ഹാഷിഷും എല്ലാം ഉപയോഗിക്കാറുണ്ടോ?'

തന്റെ ആകെയുള്ള ദുഃശീലം പുകവലി മാത്രമാണെന്ന് അശമഞ്ച ബാബു സൗമ്യമായി പറഞ്ഞു.- അത് പോലും ഈ നായ വന്നതിൽപ്പിന്നെ ആഴ്ചയിൽ മൂന്ന് പാക്കറ്റ് എന്നതിൽ നിന്നും രണ്ടായി കുറഞ്ഞു.
"​എന്നിട്ടും നിങ്ങളുടെ നായ ചിരിക്കുന്നു എന്ന്‌ നിങ്ങൾ പറയുകയാണോ? '
"എന്റെ സ്വന്തം കണ്ണുകൊണ്ടും ചെവികൊണ്ടും ഞാനത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.'

"ശ്രദ്ധിക്കൂ', പ്രൊഫസർ ചാറ്റർജി കണ്ണട ഊരി തൂവാല കൊണ്ടു തുടച്ചു വീണ്ടും തിരിച്ചു വച്ചിട്ട് അശമഞ്ച ബാബുവിന്റെ നേരെ തുറിച്ചു നോക്കി. എന്നിട്ട് ക്ലാസ് മുറിയിലെ പ്രഭാഷണത്തിന്റെ സ്വരത്തിൽ പ്രസംഗിക്കാൻ തുടങ്ങി.

"പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങളിലെ നിങ്ങളുടെ അറിവില്ലായ്മ എന്നെ അത്ഭുതപ്പെടുത്തുന്നു. ദൈവത്തിന്റെ സൃഷ്ടികളിൽ ചിരിക്കാൻ കഴിവുള്ളത് മനുഷ്യന് മാത്രമാണ്. മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇത് തന്നെയാണ്. അതെന്താ അങ്ങനെ എന്നെന്നോട് ചോദിക്കരുത്, എനിക്കറിയില്ല. കടൽജീവിയായ ഡോൾഫിനുകൾക്ക് നർമ്മബോധം ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഒരുപക്ഷെ ഡോൾഫിനുകൾ മാത്രമാകാം ഒരപവാദം. അതല്ലാതെ വേറൊരു ജീവിയുമില്ല. മനുഷ്യൻ എന്തിനു ചിരിക്കുന്നു എന്നതിനെ പറ്റി വ്യക്തമായ ധാരണയില്ല. വലിയ തത്വചിന്തകർ ഇതിനെക്കുറിച്ച് തലപ്പുണ്ണാക്കിയിട്ടുണ്ടെങ്കിലും അവരെല്ലാം തോറ്റുപോയിട്ടേ ഉളളൂ. മനസ്സിലായോ നിങ്ങൾക്ക്?'

അശമഞ്ചബാബുവിന് കാര്യം മനസ്സിലായി. എന്നുമാത്രമല്ല പ്രൊഫസർ പത്രത്തിനുള്ളിലേക്ക് ഒരിക്കൽ കൂടി അപ്രത്യക്ഷമായതുകൊണ്ട്, അവിടെനിന്നു വീട്ടിലേക്ക് മടങ്ങാൻ നേരമായി എന്നും മനസ്സിലായി.

ഡോക്ടർ സുഖോമോയ് ഭൗമിക്ക്- ചിലർ അദ്ദേഹത്തെ ബൗ-മൗ -മിക്ക് എന്ന്‌ വിളിക്കും - വളരെ പ്രശസ്തനായ ഒരു മൃഗഡോക്ടർ ആയിരുന്നു. മറ്റുള്ളവർ ശ്രദ്ധിച്ചില്ലെങ്കിലും ഒരു മൃഗഡോക്ടർ തന്നെ കേൾക്കുമെന്ന് കരുതി ഫോണിൽ വിളിച്ചു അനുമതി എടുത്ത് ഗോഖലെ റോഡിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ബ്രൗണിയുമായി ചെന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ 17 തവണയാണ് ബ്രൗണി ചിരിച്ചത്. ബ്രൗണി തമാശകൾക്കല്ല, പകരം രസകരമായ സംഭവങ്ങൾക്കാണ് ചിരിക്കുന്നത് എന്ന ഒരു കാര്യവും അശമഞ്ച ബാബു ശ്രദ്ധിച്ചു.

കിംഗ് ഓഫ് ബോംബെർഡിയ എന്ന തമാശപ്പാട്ട് അശമഞ്ച ബാബു, ബ്രൗണിയെ കേൾപ്പിച്ചിരുന്നെങ്കിലും, അതുകൊണ്ട് കാര്യമൊന്നും ഉണ്ടായില്ല. പക്ഷെ കറിയിൽ നിന്നും ഒരു ഉരുളകിഴങ്ങ് അശമഞ്ചബാബുവിന്റെ വിരലിനിടയിലൂടെ ഊർന്നു തൈരിന്റെ പാത്രത്തിലേക്കു വീണപ്പോൾ ബ്രൗണിക്ക് ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിയിരുന്നു. പ്രൊഫസർ ചാറ്റർജി ദൈവത്തിന്റെ ജീവജാലങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിയിരുന്നെങ്കിലും, അദ്ദേഹം പറഞ്ഞത് തെറ്റാണ് എന്നുള്ളതിന് ജീവിക്കുന്ന തെളിവ് ഇവിടെ ഉണ്ട്‌.

അതുകൊണ്ട് അയാൾ ഇരുപതു രൂപ മേടിക്കും എന്നറിയാമെങ്കിലും അശമഞ്ച ബാബു മൃഗഡോക്ടറുടെ അടുത്ത് പോയി. നായയുടെ പ്രത്യേകതയെപ്പറ്റി പറയുന്നതിന് മുമ്പ്, അതിനെ കണ്ടപ്പോൾ തന്നെ, മൃഗഡോക്ടർ പുരികം ഉയർത്തി. "ഞാൻ നാടൻ നായ്ക്കളെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും, ഇതുപോലെ ഒന്നിനെ കണ്ടിട്ടില്ല.'

അയാൾ നായയെ എടുത്ത് മേശമേൽ വെച്ചു. ബ്രൗണി അവന്റെ കാൽക്കീഴിലിരുന്ന പിച്ചള പേപ്പർവെയിറ്റ് മണത്തു കൊണ്ടിരുന്നു.
"നിങ്ങൾ ഇതിനെന്തു ഭക്ഷണമാണ് നൽകുന്നത്?'
"ഞാൻ ഭക്ഷിക്കുന്നതെന്തും അവൻ തിന്നും, അത്ര നല്ല ഇനമല്ലെന്നു അറിയാമല്ലോ..'

ഡോക്ടർ ഭൗമിക്ക് മുഖം ചുളിച്ചു. അദ്ദേഹം നല്ല താല്പര്യത്തോടെ നായയെ ശ്രദ്ധിക്കുകയായിരുന്നു. "നല്ല ഇനം നായകളെ കണ്ടാൽ നമുക്ക് മനസ്സിലാവും. പക്ഷെ ചിലപ്പോൾ നമുക്ക് ഉറപ്പിക്കാൻ പറ്റില്ല. ഉദാഹരണത്തിന്, ഈ നായ. അവനെ ഞാൻ നാടൻ എന്ന്‌ വിളിക്കില്ല. നിങ്ങൾ അവനു ചോറും പരിപ്പും കൊടുക്കുന്നത് നിർത്തൂ. ഞാനൊരു ഭക്ഷണക്രമം ഉണ്ടാക്കിത്തരാം.'

അശമഞ്ച ബാബു വന്നതിന്റെ യഥാർത്ഥ ഉദ്ദേശം പറയാനൊരു ശ്രമം നടത്തി. "ഞാൻ.. -എന്റെ നായക്ക് ഒരു പ്രത്യേകതയുണ്ട്- അത് കൊണ്ടാണ് ഞാൻ അവനെ കൊണ്ടുവന്നത്'
"പ്രത്യേകതയോ? '
"ഈ നായ ചിരിക്കും"
"ചിരിക്കുമെന്നോ?'
"അതേ, എന്നെയും താങ്കളെയും പോലെ.'
"വെറുതെ പറയല്ലേ, ശരി, എന്നാൽ ഇപ്പോൾ ഒന്ന് ചിരിപ്പിക്കാമോ, എനിക്ക് കാണാൻ?'

ഇപ്പോൾ അശമഞ്ചബാബു ശരിക്കും പെട്ടു. ജന്മനാ ലജ്ജാലുവായത് കൊണ്ട്, മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് ബ്രൗണിയെ ചിരിപ്പിക്കുവാൻ സാധ്യമല്ല, എന്ന്‌ മാത്രമല്ല രസകരമായതെന്തെങ്കിലും ആ നിമിഷം സംഭവിക്കാൻ സാധ്യതയുമില്ലായിരുന്നു.

അതിന് ശേഷം ഡോക്ടർ ഭൗമിക് അശമഞ്ച ബാബുവിന് അധികം സമയം കൊടുത്തില്ല. അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ നായക്ക് എന്തോ പ്രത്യേകതയുണ്ട്. പക്ഷെ അവൻ ചിരിക്കും എന്ന് പറഞ്ഞു അത് കൂടുതലാക്കേണ്ട. എന്റെ ഇരുപത്തി രണ്ടു കൊല്ലത്തെ അനുഭവം കൊണ്ട്, നായകൾ കരയും, പേടിക്കും, അവക്ക് ദേഷ്യം, വെറുപ്പ്, അവിശ്വാസം, അസൂയ എന്നിവ ഉണ്ടാവും എന്നെല്ലാം പറയാൻ കഴിയാം. നായ്ക്കൾ സ്വപ്നം കാണുക പോലും ചെയ്യും, പക്ഷെ അവ ചിരിക്കില്ല .'

ഈ അനുഭവത്തിനുശേഷം ബ്രൗണിയുടെ ചിരിയെക്കുറിച്ച് ഇനി ആരോടും പറയണ്ട എന്ന്‌ അശമഞ്ച ബാബു തീരുമാനിച്ചു. പറയുന്നതിന് തെളിവില്ലെങ്കിൽ വെറുതെ എന്തിനു നാണം കെടണം? ആരും അറിഞ്ഞില്ലെങ്കിൽ തന്നെ എന്താണ് കുഴപ്പം? തനിക്കു അറിയാമല്ലോ. ബ്രൗണി തന്റെ നായ, തന്റെ മാത്രം സ്വത്ത്‌. ഈ സ്വകാര്യതയിലേക്ക് മറ്റുള്ളവരെ എന്തിനു വലിച്ചിഴക്കണം?

പക്ഷെ കാര്യങ്ങൾ പലപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ നടക്കുന്നത്. ഒരിക്കൽ ബ്രൗണിയുടെ ചിരി മറ്റൊരാൾ കാണുക തന്നെ ചെയ്തു.

കുറച്ചു നാളുകളായി അശമഞ്ച ബാബു ബ്രൗണിയെ ഉച്ചതിരിഞ്ഞ് വിക്ടോറിയ മെമ്മോറിയലിനടുത്തു നടക്കാൻ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ഏപ്രിലിലെ ഒരു ദിവസം, അവരുടെ നടപ്പിനിടയിൽ പെട്ടെന്നു ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായി. അശമഞ്ച ബാബു മാനത്തേക്ക് നോക്കി ഏതു നിമിഷവും മഴ തുടങ്ങാമെന്നും അതിനാൽ വീട്ടിലേക്കു തിരിച്ചിറങ്ങുന്നത് സുരക്ഷിതമല്ല എന്നും തീരുമാനിച്ചു. അതുകൊണ്ട് അദ്ദേഹം ബ്രൗണിയുമായി ഓടി കറുത്ത അശ്വാരൂഢന്റെ പ്രതിമയുള്ള കമാനത്തിന് കീഴെ അഭയം തേടി.

അപ്പോഴേക്കും നല്ല മഴ പെയ്തു തുടങ്ങുകയും ആൾക്കാർ കയറി നിൽക്കാനുള്ള ഇടങ്ങൾ തേടുകയും ചെയ്തു തുടങ്ങി. കമാനത്തിന് ഇരുപതടി അകലെ വെളുത്ത ബുഷ് ഷർട്ടും പാന്റും ധരിച്ച ദൃഢഗാത്രനായ ഒരാൾ കുട നിവർത്തി പിടിക്കുമ്പോഴേക്കും വീശിയടിച്ച കാറ്റിൽ ഒരു ശബ്ദത്തോടെ കുട മടങ്ങിപ്പോയി.

സത്യം പറഞ്ഞാൽ, അശമഞ്ച ബാബു പൊട്ടിച്ചിരിക്കാൻ തുടങ്ങിയതാണ്, അപ്പോഴേക്കും ബ്രൗണി ഒരു നായ ചിരി തുടങ്ങിയിരുന്നു, അതിന്റെ ശബ്ദമാകട്ടെ, കൊടുങ്കാറ്റിന്റെ അപസ്വരങ്ങൾപ്പുറം ഉയർന്നു, ആ കഷ്ടപ്പെടുന്ന മാന്യന്റെ ചെവിയിലെത്തി.

ആ മനുഷ്യൻ കുട പൂർവസ്ഥിതിയിലാക്കുന്നത് നിർത്തി അത്ഭുതത്തോടെ ബ്രൗണിയെ തുറിച്ചു നോക്കി. ബ്രൗണിയാണെങ്കിൽ ചിരിച്ചു കുഴഞ്ഞു പോയി. അശമഞ്ച ബാബു പരിഭ്രമത്തോടെ അവന്റെ വായ് പൊത്തിപ്പിടിച്ച് ചിരി നിർത്താൻ ശ്രമിച്ചെങ്കിലും അവസാനം ആ ശ്രമം ഉപേക്ഷിച്ചു.

അമ്പരന്നുപോയ ആ മാന്യൻ ഒരു പ്രേതത്തെ കണ്ടതുപോലെ അശമഞ്ച ബാബുവിന് അടുത്തേക്ക് വന്നു. ബ്രൗണിയുടെ അനിയന്ത്രിതമായ ചിരി കുറഞ്ഞു, എങ്കിലും ആ മാന്യനെ ഞെട്ടിപ്പിക്കാൻ മാത്രം ഉണ്ടായിരുന്നു.
"ദേ, നായ ചിരിക്കുന്നു'
"അതേ, ചിരിക്കുന്ന നായ.' അശമഞ്ച ബാബു പറഞ്ഞു.
"എന്തദ്ഭുതം!'
ആ മനുഷ്യൻ ഒരു ബംഗാളി അല്ലെന്നു അശമഞ്ച ബാബുവിന് മനസ്സിലായി. ഒരു പക്ഷെ ഗുജറാത്തിയോ, പാർസിയോ ആയിരിക്കാം. ചോദ്യശരങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ട്, അശമഞ്ച ബാബു ഇംഗ്ലീഷിൽ ഉത്തരം പറയാൻ തയ്യാറായി നിന്നു.

മഴ പേമാരിയായി മാറി. ആ മാന്യൻ അശമഞ്ച ബാബുവിനടുത്തു മഴയിൽ നിന്നും രക്ഷ തേടി കയറി നിന്നു പത്തു നിമിഷങ്ങൾക്കുള്ളിൽ ബ്രൗണിയെക്കുറിച്ച് അറിയാനുള്ളതെല്ലാം മനസ്സിലാക്കി. അയാൾ അശമഞ്ചബാബുവിന്റെ മേൽവിലാസവും എഴുതിയെടുത്തു. അയാളുടെ പേര് പിലൂ പോച്കാൻവാല എന്നാണെന്നു മാത്രമല്ല , അയാൾക്ക് നായകളെ കുറിച്ച് നല്ല അറിവുണ്ടെന്നും, വല്ലപ്പോഴും അവയെക്കുറിച്ച് എഴുതാറുണ്ടെന്നും,അയാളുടെ അറിവിൽ ഇതുവരെ ഉണ്ടായതും, ഇനി ഭാവിയിൽ സംഭവിക്കാവുന്നതുമായ എല്ലാ അനുഭവങ്ങൾക്കും മേലെയാണ് ഈ സംഭവം എന്നും അയാൾ പറഞ്ഞു. അതിനെ സംബന്ധിച്ചു എന്തെങ്കിലും ചെയ്യണം എന്ന് അയാൾക്ക് തോന്നി, അശമഞ്ച ബാബുവിനാണെങ്കിൽ, കൈയിലിരിക്കുന്ന നിധിയെപറ്റി യാതൊരു ഗ്രാഹ്യവുമില്ലാ താനും.

മഴ നിന്നു കഴിഞ്ഞപ്പോൾ ചൗരങ്കീ റോഡ് കുറുകെ കടക്കുകയായിരുന്ന മി.പോച്കാൻവാലയെ ഒരു മിനിബസ് ഇടിച്ചിട്ടതിനു ബ്രൗണി ഉത്തരവാദിയാണെന്നു പറയുന്നത് തെറ്റാണെന്ന് തോന്നുന്നില്ല, തലയിൽ കൂടി ഓടിയിരുന്ന ചിരിക്കുന്ന നായയെക്കുറിച്ചുള്ള ചിന്തകളാണ് ഗതാഗതത്തെ പറ്റി ശ്രദ്ധ കുറച്ചത്. രണ്ടര മാസത്തെ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യം വീണ്ടെടുക്കാനായി പോച്കാൻവാല നൈനിറ്റലിലേക്കു പോയി. മലനാട്ടിലെ ഒരുമാസത്തെ താമസത്തിനു ശേഷം കൽക്കത്തയിൽ തിരിച്ചെത്തി അന്ന് വൈകുന്നേരം തന്നെ ബംഗാൾ ക്ലബ്ബിൽ ചെന്ന് ചിരിക്കുന്ന നായയുടെ സംഭവം സുഹൃത്തുക്കളായ മി.ബാലപോറിയയോടും മി.ബിശ്വാസിനോടും വിവരിച്ചു. അര മണിക്കൂറിനുള്ളിൽ ഈ സംഭവം മറ്റു ഇരുപത്തി ഏഴു അംഗങ്ങളുടെയും മൂന്ന് പരിചാരകരുടെയും ചെവിയിൽ എത്തിയിരുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഏറ്റവും കുറഞ്ഞത് ആയിരം കൽക്കത്തക്കാരെങ്കിലും ഈ സംഭവം അറിഞ്ഞു കഴിഞ്ഞിരുന്നു.

ഈ മൂന്നര മാസത്തിനിടക്ക് ബ്രൗണി ഒരിക്കൽ പോലും ചിരിച്ചിരുന്നില്ല. രസകരമായ സംഭവങ്ങൾ ഒന്നും നടന്നില്ല എന്നതാണ് പ്രധാന കാരണം. അശമഞ്ചബാബുവിന് ഭയമൊന്നും തോന്നിയില്ല. ബ്രൗണിയുടെ പ്രത്യേക സിദ്ധി കൊണ്ട് പണമുണ്ടാക്കണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നേ ഇല്ലാ. ബ്രൗണി ജീവിതത്തിലെ ഒരു വലിയ വിടവ് നികത്തുന്നു എന്നതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു. സത്യം പറഞ്ഞാൽ, ഒരു മനുഷ്യജീവിയോട് പോലും അദ്ദേഹത്തിന് ഇത്രയും അടുപ്പം തോന്നിയിരുന്നില്ല.

സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ഒരു ഉദ്യോഗസ്ഥനും ചിരിക്കുന്ന നായയുടെ വാർത്ത അറിഞ്ഞവരിൽ ഉൾപ്പെടും. അയാൾ വാർത്ത ലേഖകൻ രജത് ചൗധരിയെ വിളിച്ച് അശമഞ്ച ബാബുവിനെ ഇന്റർവ്യൂ ചെയ്യാൻ നിർദേശം കൊടുത്തു. അശമഞ്ച ബാബു ലജ്പത്റായ് പോസ്റ്റ്‌ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത് എന്ന്‌ പോച്കാൻവാല സൂചിപ്പിച്ചിരുന്നു.

ഒരു പത്രലേഖകൻ തന്നെ അന്വേഷിച്ചു വന്നു എന്നത് അശമഞ്ച ബാബുവിനെ അത്ഭുതപ്പെടുത്തി. സന്ദർശനത്തിന്റെ കാരണം വ്യക്തമായത് രജത് ചൗധരി പോച്കാൻവാലയുടെ പേര് പറഞ്ഞപ്പോഴാണ്. അശമഞ്ച ബാബു ലേഖകനെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചു. മരക്കസേരക്ക് പുതിയ കാലുകൾ പിടിപ്പിച്ചിരുന്നു, അത് അശമഞ്ച ബാബു ലേഖകന് ഇരിക്കാൻ നൽകിയതിന് ശേഷം അദ്ദേഹം കിടക്കയിൽ ഇരുന്നു. ഭിത്തിയിൽ കൂടി ഇഴഞ്ഞു കയറുന്ന ഉറുമ്പുകളിലായിരുന്നു ബ്രൗണിയുടെ ശ്രദ്ധ. അവൻ കിടക്കയിൽ ചാടിക്കയറി അശമഞ്ചബാബുവിന് അടുത്തിരുന്നു.

രജത് ചൗധരി റെക്കോർഡറിന്റെ സ്വിച്ച് അമർത്താൻ തുടങ്ങുമ്പോൾ, ഒരു മുന്നറിയിപ്പ് ആവശ്യമാണെന്ന് അശമഞ്ചബാബുവിന് തോന്നി. "ഒരു കാര്യം, എന്റെ നായ ഇടക്കിടക്ക് ചിരിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു മാസങ്ങളായി അവൻ ചിരിക്കാറില്ല. അവൻ ചിരിച്ചു കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരു പക്ഷെ താങ്കൾക്ക് നിരാശപ്പെടേണ്ടി വന്നേക്കാം'

ഉത്സാഹികളും ചെറുപ്പക്കാരുമായ അനേകം പത്രപ്രവർത്തകരെപ്പോലെ രജത് ചൗധരി ഒരു പുതിയ വാർത്തയുടെ സാന്നിധ്യത്തിൽ വളരെ ചുറുചുറുക്കും ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഈ അറിവ് കുറച്ചൊരു നിരാശ ഉണ്ടാക്കിയെങ്കിലും അത് പുറത്തു കാണിക്കാതിരിക്കാൻ അയാൾ ശ്രദ്ധാലുവായിരുന്നു. അയാൾ പറഞ്ഞു, "അത് സാരമില്ല. ഞാൻ ചില വിവരങ്ങൾ അറിയാനാണ് വന്നത്, ആദ്യമായി, അവന്റെ പേര്. താങ്കളുടെ നായയുടെ പേരെന്താണ്?'

അശമഞ്ച ബാബു മൈക്കിനടുത്തേക്ക് തന്റെ കഴുത്ത് നീട്ടി, " ബ്രൗണി, ബ്രൗണി ....' അതിന്റെ പേര് കേട്ടയുടൻ നായ വാലാട്ടി എന്ന്‌ സൂക്ഷ്മദൃക്കായ പത്രപ്രവർത്തകൻ നിരീക്ഷിച്ചു.
"ഇവന് പ്രായം എത്രയുണ്ട്?'
"13 മാസം '
"ഈ നായയെ എവിടെ നിന്നു ക് ക് കിട്ടി? '

ഇങ്ങനെ മുൻപും സംഭവിച്ചിട്ടുണ്ട്. രജത് ചൗധരിയുടെ ഏറ്റവും വലിയ വൈകല്യം പലപ്പോഴും ഇന്റർവ്യൂവിന് ഇടയിലാണ് വെളിപ്പെടാറ്, അത് ഒരുപാട് നാണക്കേടിനു കാരണമായിട്ടുമുണ്ട്. ഇവിടെയും അത് തന്നെ സംഭവിച്ചേനെ, പക്ഷെ അപ്രതീക്ഷിതമായി ഈ വിക്ക് മൂലം ബ്രൗണിയുടെ സവിശേഷ സിദ്ധി പുറത്തു കൊണ്ടുവരാൻ സാധിച്ചു. അത് കൊണ്ട് രജത് ചൗധരി, പോച്കാൻവാലക്ക് ശേഷം മനുഷ്യനെപ്പോലെ ചിരിക്കുന്ന നായയെ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ട പുറമെനിന്നുള്ള രണ്ടാമത്തെ ആളായി മാറി.

അതിന് ശേഷമുള്ള ഞായറാഴ്ച രാവിലെ ഗ്രാൻഡ് ഹോട്ടലിലെ എയർ കണ്ടിഷൻഡ് മുറിയിലിരുന്നു അമേരിക്കയിലെ സിൻസിനാറ്റിയിൽ നിന്നുള്ള മി. വില്യം പി മൂഡി ചിരിക്കുന്നനായയെപ്പറ്റിയുള്ള പത്രവാർത്ത വായിച്ചു പെട്ടെന്ന് തന്നെ ഹോട്ടലിലെ ടെലിഫോൺ ഓപ്പറേറ്ററോട് ഇന്ത്യൻ ടൂറിസ്റ്റ് ബ്യൂറോയിലെ മി.നന്ദിയുമായി ബന്ധപ്പെടുത്താൻ ആവശ്യപ്പെട്ടു. നന്ദിക്ക് നഗരത്തിലെ വഴികൾ കാണാപാഠമാണെന്ന് കഴിഞ്ഞ ഒന്നുരണ്ടു ദിവസങ്ങളിൽ മി. മൂഡിക്ക് അയാളുടെ സേവനം ആവശ്യമായ ദിവസങ്ങളിൽ നല്ലവണ്ണം ബോധ്യമായതാണ്. ചിരിക്കുന്ന നായയുടെ ഉടമസ്ഥന്റെ പേരും മേൽവിലാസവുമെല്ലാം സ്റ്റേറ്റ്സ്മാനിൽ അച്ചടിച്ചിരുന്നു. മി.മൂഡിക്ക് ഈ കഥാപാത്രത്തെ കാണാൻ തിടുക്കമായി.

അശമഞ്ച ബാബു സ്റ്റേറ്റ്സ്മാൻ വായിക്കാറില്ല എന്ന്‌ മാത്രമല്ല ഇന്റർവ്യൂ എന്ന് അച്ചടിച്ചു വരും എന്ന് രജത് ചൗധരി പറഞ്ഞിരുന്നുമില്ല, അല്ലെങ്കിൽ അദ്ദേഹം ഒരു കോപ്പി വാങ്ങിച്ചേനെ. മത്സ്യചന്തയിൽ വച്ചു അദേഹത്തിന്റെ അയൽക്കാരനായ കാളി കൃഷ്ണ ദത്ത് ആണ് ഇതിനെ പറ്റി പറഞ്ഞത്.

"നിങ്ങൾ ആള് കൊള്ളാമല്ലോ,' ദത്ത് പറഞ്ഞു, " നിങ്ങൾ ഒരു വർഷത്തിലേറെയായി നിങ്ങളുടെ വീട്ടിൽ ഒരു നിധി സൂക്ഷിക്കുന്നു, എന്ന്‌ മാത്രമല്ല, നിങ്ങൾ ഒരാളോടും ഒരു വാക്കു പോലും പറഞ്ഞിട്ടുമില്ല? ഇന്ന് വൈകുന്നേരം ഞാൻ നിങ്ങളുടെ താമസസ്ഥലത്തു വരുന്നുണ്ട്, നിങ്ങളുടെ നായയെ പരിചയപ്പെടാൻ'. അശമഞ്ച ബാബുവിന്റെ ഹൃദയം തകർന്നു. ഉണ്ടാകാൻപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലായി. മി. ദത്തിനെ പോലെ ചുറ്റുവട്ടത്തുള്ള ഒരുപാട് പേർ സ്റ്റേറ്റ്സ്മാൻ വായിക്കുകയും, വീട്ടിൽ വന്നു നായയെ പരിചയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യും. എന്തൊരു ശല്യമാണിത്.

അശമഞ്ചബാബു ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലുറപ്പിച്ചു. അന്നേ ദിവസം മുഴുവൻ വീട്ടിനു പുറത്തു ചിലവഴിക്കാൻ തീരുമാനിച്ചു. അത് കൊണ്ട്, ബ്രൗണിയെയും കൈയിൽ എടുത്ത്, ജീവിതത്തിൽ ആദ്യമായി ഒരു ടാക്സി വിളിച്ചു, ബാലിഗഞ്ച് സ്റ്റേഷനിൽ ചെന്ന് പോർട്ട്‌ കാനിംങിലേക്ക് വണ്ടി കയറി. ഏതാണ്ട് പകുതി വഴിയായപ്പോൾ പാൽസിത് എന്ന സ്റ്റേഷനിൽ വണ്ടി നിർത്തി. ആ സ്ഥലം കണ്ട് ഇഷ്ടമായതുകൊണ്ട് അവിടെ ഇറങ്ങി. ദിവസം മുഴുവൻ ശാന്തമായ ഇല്ലിക്കൂട്ടങ്ങൾക്കിടയിലും, മാവിൻതോട്ടങ്ങളിലും ചിലവഴിച്ചു നവോന്മേഷം കൈവന്നു. ബ്രൗണിക്കും സന്തോഷമായെന്നു തോന്നി. അശമഞ്ച ബാബു ഇന്നുവരെ ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഒരു മന്ദസ്മിതം അവന്റെ ചുണ്ടുകളിലുണ്ടായിരുന്നു. അതൊരു സ്വതസിദ്ധമായ പുഞ്ചിരി ആയിരുന്നു, സമാധാനവും തൃപ്തിയും തുളുമ്പുന്ന പുഞ്ചിരി, ആന്തരികസന്തോഷത്തിന്റെതായ പുഞ്ചിരി. നായ്ക്കളുടെ ഒരു വയസ്സ് എന്നുള്ളത് മനുഷ്യന്റെ ഏഴു വയസ്സിനു തുല്യമാണ് എന്നയാൾ എവിടെയോ വായിച്ചിരുന്നു. പക്ഷെ അത്രയും പ്രകൃതി രമണീയമായ സ്ഥലത്ത് അത്രയും സമാധാനത്തോടെ ഒരു ഏഴു വയസ്സായ മനുഷ്യക്കുട്ടി പെരുമാറും എന്ന്‌ അയാൾക്ക്‌ സങ്കൽപ്പിക്കാനേ കഴിഞ്ഞില്ല.

വൈകുന്നേരം ഏഴു മണി കഴിഞ്ഞാണ് അശമഞ്ച ബാബു വീട്ടിൽ തിരിച്ചെത്തിയത്. ആരെങ്കിലും വന്നിരുന്നോ എന്ന് അയാൾ ബിപിനോട് അന്വേഷിച്ചു. ഏതാണ്ട് നാൽപതു തവണയെങ്കിലും വാതിൽ തുറക്കേണ്ടി വന്നു എന്ന് ബിപിൻ പറഞ്ഞു. തന്റെ ദീർഘ ദൃഷ്ടിയെ അഭിനന്ദിക്കാതിരിക്കാൻ അശമഞ്ചബാബുവിന് കഴിഞ്ഞില്ല. അദ്ദേഹം ചെരിപ്പ് അഴിച്ചു വച്ചു, ബിപിനോട് ഒരു കപ്പ്‌ ചായ ചോദിച്ചപ്പോഴേക്കും മുൻവാതിലിൽ മുട്ട് കേട്ടു. "ഹോ, നരകം ' അശമഞ്ച ബാബു ശപിച്ചു. അദ്ദേഹം വാതിലിനടുത്തു ചെന്ന് തുറന്നപ്പോൾ ഒരു സായിപ്പിനെയാണ് മുന്നിൽ കണ്ടത്. "നിങ്ങൾക്ക് തെറ്റി' എന്ന് പറയാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് സായിപ്പിന്റെ പുറകിൽ നിൽക്കുന്ന ബംഗാളിയെ കണ്ടത്. "നിങ്ങൾക്ക് ആരെയാണ് കാണേണ്ടത്? '

" നിങ്ങളെ തന്നെ' ഇന്ത്യൻ ടൂറിസ്റ്റ് ബ്യൂറോ യിലെ ശ്യാമോൾ നന്ദി പറഞ്ഞു. "അതായത്, ആ പുറകിൽ നിൽക്കുന്ന നായ നിങ്ങളുടെ ആണെങ്കിൽ, അതിനെ കണ്ടിട്ട് ഇന്ന് പത്രത്തിൽ വായിച്ചതു പോലെ ഉണ്ട്‌. ഞങ്ങൾ അകത്തേക്ക് വരട്ടെ? '

അശമഞ്ച ബാബുവിന് അവരെ കിടപ്പുമുറിയിലേക്ക് ആനയിക്കേണ്ടി വന്നു. സായിപ്പ് കസേരയിൽ ഇരുന്നു. മി. നന്ദി ചൂരൽ സ്റ്റൂളിലും അശമഞ്ച ബാബു കട്ടിലിലും ഇരുന്നു. കുറച്ചു അസ്വസ്ഥനായതു പോലെ തോന്നിയ ബ്രൗണി പടിക്കു പുറത്തു നിന്നു. ഒരുപക്ഷെ രണ്ടു അപരിചിതരെ മുറിയിൽ ഇതിനു മുൻപൊരിക്കലും ഒരുമിച്ചു കാണാത്തത് കൊണ്ടാകാം.

"ബ്രൗണി, ബ്രൗണി, ബ്രൗണി, ബ്രൗണി' സായിപ്പ് നായക്ക് അരികിലേക്ക് ചാഞ്ഞിരുന്നു അവനെ ആകർഷിക്കാനായി പലകുറി പേര് ചൊല്ലി വിളിച്ചു. ബ്രൗണി, അനങ്ങിയതേയില്ല, അപരിചിതനിൽ തന്നെ കണ്ണുറപ്പിച്ചു നിന്നു.

ഇവരൊക്കെ ആരാണ്? സ്വാഭാവികമായും ഈ ചോദ്യം അശമഞ്ച ബാബുവിന് തോന്നിയപ്പോഴേക്കും മി. നന്ദി ഉത്തരം പറഞ്ഞു. ആ സായിപ്പ് വിശിഷ്ടനും ധനവാനുമായ ഒരു അമേരിക്കക്കാരനാണ്, ഇന്ത്യയിലേക്ക് വന്നതിന്റെ പ്രധാന ഉദ്ദേശം പഴയ റോൾസ് റോയ്സ് കാറുകൾ വാങ്ങിക്കുക എന്നതാണ്.

അമേരിക്കക്കാരൻ കസേരയിൽ നിന്നിറങ്ങി കുന്തക്കാലിലിരുന്നു നായയുടെ നേരെ മുഖം കൊണ്ട് ഗോഷ്ടി കാണിക്കുവാൻ തുടങ്ങി.
ഒരു മൂന്ന് നിമിഷത്തെ ഗോഷ്ടികൾക്ക് ശേഷം, ശ്രമം ഉപേക്ഷിച്ചു അശമഞ്ച ബാബുവിന്റെ നേരെ തിരിഞ്ഞു ചോദിച്ചു. "ഇതിനെന്താ സുഖമില്ലേ?'

അശമഞ്ച ബാബു തല കുലുക്കി.
"അവൻ ശരിക്കും ചിരിക്കാറുണ്ടോ? ' അമേരിക്കക്കാരൻ ചോദിച്ചു.
അമേരിക്കക്കാരന്റെ വർത്തമാനം അശമഞ്ച ബാബുവിന് മനസ്സിലായില്ലെങ്കിലോ എന്ന്‌ കരുതി മി. നന്ദി അയാൾക്കുവേണ്ടി അത് പരിഭാഷപ്പെടുത്തി.
"ബ്രൗണി ചിരിക്കാറുണ്ട് ' അശമഞ്ച ബാബു പറഞ്ഞു."പക്ഷെ അവനു രസം തോന്നിയാൽ മാത്രം '

അശമഞ്ച ബാബു പറഞ്ഞ ഉത്തരം നന്ദി പരിഭാഷപ്പെടുത്തിയപ്പോൾ അമേരിക്കക്കാരന്റെ മുഖത്ത് ഒരു ചുമപ്പ് രാശി പടർന്നു.
നായ യഥാർത്ഥത്തിൽ ചിരിക്കും എന്നതിന് തെളിവില്ലാതെ നായക്ക് വേണ്ടി രൂപ ധാരാളം വാരിക്കോരി ചിലവാക്കുവാൻ അയാൾ തയ്യാറല്ല എന്ന്‌ അയാൾ ഉറപ്പിച്ചു തന്നെ പറഞ്ഞു. പിൽക്കാലത്തു നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും സാധനം ചുമക്കാൻ അയാൾ വിസമ്മതിച്ചു. അയാളുടെ വീട്ടിൽ ചൈനയിൽ മുതൽ പെറു വരെയുള്ള സ്ഥലത്തു നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്നും, ലാറ്റിൻ ഭാഷ മാത്രം സംസാരിക്കുന്ന തത്തയുണ്ടെന്നും അയാൾ അറിയിച്ചു. "ചിരിക്കുന്ന നായയുടെ വില നൽകാനായിട്ട് ഞാനെന്റെ ചെക്ക് ബുക്കും ആയിട്ടാണ് വന്നത്, പക്ഷെ അത് യഥാർത്ഥത്തിൽ അങ്ങനെ ചെയ്യും എന്ന്‌ തെളിവുണ്ടെങ്കിൽ മാത്രമേ തരൂ'

അയാൾ തന്റെ പ്രസ്താവന തെളിയിക്കാൻ പോക്കറ്റിൽ നിന്നു നീല നിറത്തിലുള്ള ഒരു ചെക്ക് ബുക്ക്‌ എടുക്കാനും തുടങ്ങി. അശമഞ്ച ബാബു കൺകോണു വച്ച് അതിലേക്ക് ഒളികണ്ണിട്ട് നോക്കി. അതിന്റെ പുറംചട്ടയിൽ സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്ക് എന്നെഴുതിയിരുന്നു.

"നിങ്ങൾനിലത്തെങ്ങുമാവില്ല' മി. നന്ദി പ്രലോഭിപ്പിച്ചു, "നിങ്ങൾക്ക് അതിനെ ചിരിപ്പിക്കാനുള്ള വഴി അറിയാമെങ്കിൽ പറയൂ. ഇരുപതിനായിരം ഡോളർ വരെ നൽകാൻ ഈ മാന്യൻ തയ്യാറാണ്. അതെന്നു പറഞ്ഞാൽ രണ്ടു ലക്ഷം രൂപയാണ്.'

ദൈവം ലോകം സൃഷ്ടിച്ചത് ഏഴു ദിവസം കൊണ്ടാണെന്നു ബൈബിൾ പറയുന്നു. ഭാവന ഉപയോഗിക്കുന്ന മനുഷ്യൻ ഏഴു സെക്കന്റുകൾ കൊണ്ടത് ചെയ്യും.മി. നന്ദിയുടെ വാക്കുകൾ അശമഞ്ച ബാബുവിന്റെ മനസ്സിൽ കൊണ്ടുവന്ന ചിത്രം അവനവന്റെ തന്നെയാണ്, താൻ വിശാലമായ എയർകണ്ടിഷൻഡ് മുറിയിൽ കറങ്ങുന്നകസേരയിൽ കാലുകൾ മേശയിൽ കയറ്റി വച്ചു ഇരിക്കുമ്പോൾ, ജനലിലൂടെ ഒഴുകി വരുന്ന ഹസു നോ ഹാന യുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധം. പെട്ടെന്ന് കേട്ട ഒരു ശബ്ദത്തിൽ ആ ചിത്രം കുത്തു കൊണ്ട ബലൂൺ പോലെ തകർന്നു.
ആ ചിരി അവൻ ഇതിനു മുൻപ് ചിരിച്ച ചിരികൾ പോലെ അല്ലായിരുന്നു." ദേ അവൻ ചിരിക്കുന്നു'
മി. മൂഡി ഈ അത്ഭുത ദൃശ്യം കണ്ട് ആവേശം കൊണ്ടു മുട്ട് കുത്തി നിന്നു പോയി. ചെക്ക് ബുക്ക്‌ വീണ്ടും പുറത്തു വന്നു, കൂടെ അയാളുടെ സ്വർണനിറത്തിലുള്ള പാർക്കർ പേനയും.

ബ്രൗണി അപ്പോഴും ചിരിക്കുകയായിരുന്നു. ചിരിയുടെ കാരണം മനസ്സിലാവാതെ അശമഞ്ച ബാബു അമ്പരന്നു പോയി, ആർക്കും വിക്ക് ഉണ്ടായില്ല, ആർക്കും കാലിടറിയില്ല, ആരുടെയും കുട മറിഞ്ഞു പോയില്ല, ഭിത്തിയിലെ കണ്ണാടിയിൽ ആരും ചെരിപ്പ് കൊണ്ടെറിഞ്ഞില്ല. പിന്നെയെന്തിനാണ് ബ്രൗണി ചിരിക്കുന്നത്?
"നിങ്ങൾ ഭാഗ്യവാനാണ്'. മി. നന്ദി അഭിപ്രായപ്പെട്ടു. "ഈ വിൽപ്പന തുകയുടെ ഒരു ശതമാനം എനിക്കവകാശപ്പെട്ടതാണ്', അല്ലേ?
മി. മൂഡി നിലത്തു നിന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നു. അയാൾ പറഞ്ഞു, "അയാളുടെ പേരിന്റെ സ്പെല്ലിങ് എന്താണ് എന്ന്‌ ചോദിക്കൂ'

മി. നന്ദി ഈ ചോദ്യം ബംഗാളിയിൽ ചോദിച്ചെങ്കിലും അശമഞ്ചബാബു ഉത്തരം പറഞ്ഞില്ല കാരണം അദ്ദേഹം പെട്ടെന്ന് പുതിയ ഒരു വെളിച്ചം കണ്ടു,, അത് പുതിയ അത്ഭുതം അദ്ദേഹത്തിൽ സൃഷ്ടിച്ചു.

പേരിന്റെ സ്പെല്ലിങ് പറഞ്ഞു കൊടുക്കുന്നതിനു പകരം പറഞ്ഞു. " ഈ സായ്‌പ്പിനോട് പറയൂ, നായ എന്തിനാണ് ചിരിച്ചത് എന്നറിഞ്ഞാൽ അയാൾ ചെക്ക് ബുക്ക്‌ തുറക്കില്ലായിരുന്നു'.

" നിങ്ങൾക്ക് എന്നോട് പറയരുതേ?, മി. നന്ദി രൂക്ഷമായി ചോദിച്ചു. സംഭവം മാറുന്ന രീതി അയാൾക്ക്‌ തീരെ ഇഷപ്പെട്ടില്ല. ദൗത്യം വിജയിച്ചില്ലെങ്കിൽ അമേരിക്കക്കാരന്റെ ദേഷ്യം തന്റെ നേരെയാവും എന്ന് അയാൾക്കറിയാം. ബ്രൗണി ചിരി നിർത്തിയിരുന്നു. അശമഞ്ച ബാബു അവനെ മടിയിൽ കയറ്റി ഇരുത്തി, കണ്ണു നീര് തുടച്ചിട്ടു പറഞ്ഞു.
"എന്റെ നായ ചിരിക്കുന്നത് ഈ മാന്യൻ പൈസകൊണ്ട് എന്തും വാങ്ങിക്കാം എന്ന് കരുതുന്നതുകൊണ്ടാണ് '.
"അത് ശരി ".മി. നന്ദി പറഞ്ഞു. നിങ്ങളുടെ നായ ഒരു തത്വചിന്തകൻ ആണല്ലേ?'
"അതേ, സർ '
"അതിനർത്ഥം നിങ്ങൾ അവനെ വിൽക്കില്ല?' നന്ദിയുടെ മുഖം കനത്തു.
"ഇല്ല സർ '.
ശ്യാമോൾ നന്ദി മി. മൂഡിയോട് നായയുടെ ഉടമസ്ഥൻ അതിനെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്‌ മാത്രം പറഞ്ഞു. മി. മൂഡി ചെക്ക് ബുക്ക്‌ പോക്കറ്റിൽ തിരികെ വെച്ചു, കാൽമുട്ടിലെ പൊടി തുടച്ചു കളഞ്ഞു, മുറിയിൽ നിന്നിറങ്ങുമ്പോൾ, തല കുലുക്കിക്കൊണ്ട് പറഞ്ഞു."ഈ മനുഷ്യന് ഭ്രാന്താണ്'.

അമേരിക്കക്കാരന്റെ കാറിന്റെ ശബ്ദം നേർത്തു വന്നപ്പോൾ, അശമഞ്ച ബാബു ബ്രൗണിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു , "നീ ചിരിച്ചതെന്തിനാണെന്നു ഞാൻ പറഞ്ഞത് ശരിയല്ലേ?' ബ്രൗണി ഒരു അമർത്തി ചിരിയോടെ സമ്മതിച്ചു.▮


സത്യജിത് റേ

ലോക പ്രശസ്​ത ഇന്ത്യൻ സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്​, കഥാകൃത്ത്​, ചിത്രകാരൻ. പഥേർ പാഞ്ചലി, അപരാജിതോ, അപുർസൻസാർ, ചാരുലത, ദേവി തുടങ്ങിയ പ്രധാന സിനിമകൾ. ഏകേർ പിധേ ദൊയ്, മൈ ഇയേഴ്​സ്​ വിത്ത്​ അപു, അവർ ഫിലിംസ്​ ദെയർ ഫിലിംസ്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments