കുമാരനാശാൻ / Photo:Wikimedia Commons

പിന്തുടരുന്ന ജാതി

വായനയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ‘ചണ്ഡാലഭിക്ഷുകി’

‘ദുരവസ്ഥ’ പ്രസിദ്ധീകരിച്ച വർഷം തന്നെയാണ് ‘ചണ്ഡാലഭിക്ഷുകി’യും ആശാൻ പ്രസിദ്ധീകരിച്ചത്. ഇതിൽ ഒരു തിടുക്കം കാണുന്നുണ്ട് എന്ന് വായനക്കാർ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണ ഗതിയിൽ ഒരു കൃതി പുറത്തുവന്ന് വർഷങ്ങളുടെ ഇടവേള എടുത്താണ് അടുത്ത കൃതി ആശാൻ പുറത്തുവിടുന്നത്. എന്നാൽ ഒരേവർഷം തന്നെ രണ്ടു കൃതികൾ എന്നത് അസാധാരണമായിരുന്നു ആശാനെ സംബന്ധിച്ച്​.

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി നൂറു വർഷം പിന്നിട്ടു.

ഒരു കൃതി നൂറു വർഷവും വായിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ആ കൃതിയുടെ ക്ലാസിക് സ്വഭാവത്തെയാണ് കാണിക്കുന്നത്. കവിത എന്ന നിലയിൽ ഈ കൃതി ഇന്നത്തെ കാലത്തും പ്രസക്തമാകുന്നത് ഭാഷാപരവും പ്രമേയപരവുമായ അതിന്റെ പ്രാധാന്യം കൊണ്ടുകൂടിയാണ്. കേരളത്തിൽ ജാതിവ്യവസ്ഥ മനുഷ്യരെ സാമൂഹികമായും സാംസ്‌കാരികമായും വിഘടിപ്പിക്കുകയും ഭൂരിപക്ഷം വരുന്ന മനുഷ്യരെ സാമ്പത്തികമായും സാമൂഹികമായും ചൂഷണം ചെയ്യുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്തപ്പോൾ അതിനെതിരെയുണ്ടായ ഒരു സാംസ്‌കാരിക പ്രക്ഷോഭമായിട്ടാണ് ദുരവസ്ഥ പ്രത്യക്ഷപ്പെട്ടത്. ദുരവസ്ഥ പ്രസിദ്ധീകരിച്ച വർഷം തന്നെയാണ് ചണ്ഡാലഭിക്ഷുകിയും ആശാൻ പ്രസിദ്ധീകരിച്ചത്. ഇതിൽ ഒരു തിടുക്കം കാണുന്നുണ്ട് എന്ന് വായനക്കാർ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണ ഗതിയിൽ ഒരു കൃതി പുറത്തുവന്ന് വർഷങ്ങളുടെ ഇടവേള എടുത്താണ് അടുത്ത കൃതി ആശാൻ പുറത്തുവിടുന്നത്. എന്നാൽ ഒരേവർഷം തന്നെ രണ്ടു കൃതികൾ എന്നത് അസാധാരണമായിരുന്നു ആശാനെ സംബന്ധിച്ച്​. രണ്ടു കൃതികളും പ്രമേയപരമായി ജാതി എന്ന മനുഷ്യത്വഹീനമായ ആചാരത്തിന് എതിരാണ് എന്നതാണ് അവ തമ്മിലുള്ള ബന്ധം. ദുരവസ്ഥ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണെങ്കിൽ ചണ്ഡാലഭിക്ഷുകി വിദൂര ഭൂതകാലത്തിലെ സംഭവത്തെയാണ് പശ്ചാത്തലമാക്കുന്നത്. വർത്തമാനകാല ജിവിതത്തിൽ നിന്ന്​ ഭൂതകാലജീവിതത്തിലേക്ക് നോട്ടമയക്കുവാൻ ആശാനെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കും? ഹിന്ദുക്കൾക്കിടയിലെ ജാതിഭേദത്തിനെതിരെ പോരാടുവാൻ ആശാനും അദ്ദേഹത്തിന്റെ ആത്മീയഗുരുവായ ശ്രീനാരായണനും തയ്യാറായത് ജാതിവ്യവസ്ഥയുടെ കെടുതികൾ അവർ നേരിട്ട് അനുഭവിക്കുകയും അത് സമൂഹത്തിന്റെയും മനുഷ്യരുടെ വ്യക്തിപരമായ വികാസത്തെയും തടസ്സപ്പെടുത്തുന്നു എന്ന് ബോധ്യമുള്ളതുകൊണ്ടുമാവാം.

മലബാർ കലാപത്തിന്റെ പശ്ചാത്തലം ആശാൻ സ്വീകരിച്ചത് ഭാവനാത്മകമായിപ്പോലും ഒരു നമ്പൂതിരി സ്ത്രീയെയും പുലയ യുവാവിനെയും ശാരീരികമായി സമീപസ്ഥമാക്കുവാൻ മതിയായ ഒരു കാരണം തേടിയാവാം. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ബ്രാഹ്മണശരീരത്തിന്റെ ദൃഷ്ടിപഥത്തിൽ പോലും ദലിത് ശരീരത്തിന് എത്തുക സാധ്യമായിരുന്നില്ല. അതുകൊണ്ട് സാങ്കൽപ്പികമായി എന്നാൽ യുക്തിസഹമായി ജാതിയുടെ വിപരീത ധ്രുവങ്ങളിൽ പ്രതിഷ്ഠിതമായ രണ്ടു മനുഷ്യരെ ഒരുമിച്ചു കൊണ്ടുവരുവാനും അവർക്കിടയിൽ ബന്ധം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ആശാൻ മലബാർ കലാപത്തെ പശ്ചാത്തലമായി സ്വീകരിച്ചത്. സാവിത്രി എന്ന നമ്പൂതിരി യുവതി തന്റെ മാതാപിതാക്കൾ കലാപകാരികളാൽ വധിക്കപ്പെട്ട് അനാഥയാവുന്നതിലൂടെയാണ് വീടുവിട്ട് പ്രാണരക്ഷാർത്ഥം പുറത്തുചാടി ഇരുളിന്റെ മറവിൽ സഞ്ചരിച്ച് ചാത്തന്റെ കുടിലിൽ എത്തിച്ചേരുന്നത്. എന്നാൽ നൂറുവർഷം കഴിഞ്ഞ് ദുരവസ്ഥ എന്ന കൃതി ചർച്ച ചെയ്യുമ്പോൾ ‘ക്രൂരമഹമ്മദർ' എന്ന പദപ്രയോഗ​ത്തെ ചുറ്റിപ്പറ്റിയാണ് സംവാദങ്ങളുണ്ടാകുന്നത് എന്നത് വിചിത്രമാണ്. കൃതി മുന്നോട്ടുവയ്ക്കുന്ന ജാതിവിരുദ്ധ നിലപാടിനെ മയപ്പെടുത്തുവാനും അതിൽ നിന്ന്​ ശ്രദ്ധ തിരിച്ചുവിടുന്നതിനുമാണ് ഇത്തരം സംവാദങ്ങൾ സഹായിക്കുന്നത്.

ജാതിവ്യവസ്ഥക്കെതിരാണ് ബുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യരും പ്രചരിപ്പിച്ച മതതത്വങ്ങൾ എന്ന വസ്തുതയാവണം ചണ്ഡാലഭിക്ഷുകി രചിക്കുവാൻ ആശാന് പ്രേരണയായത്.

കേരളത്തിന്റെ വടക്കേ അറ്റത്തു നടന്ന കലാപത്തിൽ ബ്രാഹ്മണ ജന്മിമാർക്കെതിരെ മാപ്പിളകർഷകർ നടത്തിയ കലാപങ്ങളെ ഹിന്ദുക്കൾക്കെതിരെ മുസ്​ലിംകൾ നടത്തിയ ആക്രമണം എന്ന തരത്തിൽ വർഗീയ വ്യാഖ്യാനവും പ്രചാരണവും നൽകാൻ ഹിന്ദുത്വശക്തികൾ അക്കാലത്ത്​ ശ്രമിച്ചതിന്റെ സ്വാധീനം കൂടിയാവാം അത്തരം ഒരു ഭാഷാപ്രയോഗം ആശാനിലും കടന്നുകൂടിയത്. മാത്രമല്ല, സാവിത്രി എന്ന ബ്രാഹ്മണ യുവതി തന്റെ മാതാപിതാക്കളെ വധിക്കുകയും വീടിന് തീയിടുകയും ചെയ്ത ആളുകളെ അങ്ങനെ ക്രൂരരായി കാണുന്നത് സ്വാഭാവികമാണ്. ദുരവസ്ഥ പുറത്തുവന്നതിനെ തുടർന്നുണ്ടായ സംവാദങ്ങൾ ഒരുവശത്ത് യാഥാസ്ഥിതികരെ അസ്വസ്ഥപ്പെടുത്തുകയും പുരോഗമനകാരികളെ പ്രചോദിപ്പിക്കുകയും ചെയ്തുവെങ്കിലും താൻ ലക്ഷ്യമാക്കിയതിലേക്ക് എത്തുന്നതിന്, അതായത് വായനാസമൂഹത്തിൽ ജാതിവിരുദ്ധ വികാരം വളർത്തുകയും ജാതിക്കെതിരെ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നതിന് അതു മാത്രം പോരാ എന്ന് ആശാന് തോന്നിക്കാണണം.

ചണ്ഡാലഭിക്ഷുകിയുടെ ചിത്രീകരണം-തോന്നക്കൽആശാൻ സ്മാരകത്തിൽ നിന്ന്.

‘സ്വന്തം കുടുംബം പിരിക്കും - അതു ബന്ധുക്കളെ വിഭജിക്കും, ഹന്ത! വർഗ്ഗങ്ങൾ തിരിക്കും-പക - ച്ചന്ത്യമായ് ലോകം മുടിക്കും '

എന്ന ക്രൂരയാഥാർത്ഥ്യം എടുത്തുകാട്ടുന്നതിനു കൂടിയാണ് ചണ്ഡാലഭിക്ഷുകി എന്ന കൃതി കൂടി താമസംവിനാ ആശാൻ രചിച്ചത്.

ഹിന്ദുമതത്തിന്റെ അടിസ്ഥാനം തന്നെ ജാതിവ്യവസ്ഥയാണെന്നും ജാതിയെ കൂടാതെ ഹിന്ദുമതത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും നമ്മെ ബോധ്യപ്പെടുത്തിയത് ബി.ആർ. അംബേദ്ക്കറാണ്. ഹിന്ദുത്വവാദികൾ ന്യൂനപക്ഷങ്ങളെ എതിർ നിർത്തി നിർമിച്ച വിദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയം തുറന്നുകാട്ടിയാണ് അംബേദ്ക്കർ, ജാതി നിർമ്മൂലനം സാധ്യമാകണമെങ്കിൽ ഹിന്ദുമതത്തെ തന്നെ തകർക്കണമെന്നു പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹവും അനുയായികളും ബുദ്ധമതം സ്വീകരിച്ചത്.

ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തിന് ഐതിഹ്യങ്ങളും പുരാണങ്ങളും ആചാരാനാനുഷ്ഠാനങ്ങളും വഴി മനുഷ്യരുടെ ബോധത്തെയും അബോധത്തെയും സ്വാധീനിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ബലപ്രയോഗം കൂടാതെ തന്നെ അതിന് നിയമസാധുത കൈവന്നത്.

ജാതിവ്യവസ്ഥക്കെതിരാണ് ബുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യരും പ്രചരിപ്പിച്ച മതതത്വങ്ങൾ എന്ന വസ്തുതയാവണം ചണ്ഡാലഭിക്ഷുകി രചിക്കുവാൻ ആശാന് പ്രേരണയായത്. ഹിന്ദുക്കളെ ഭാവനാപരമായിപ്പോലും ഒരുമിപ്പിക്കുക പ്രയാസകരമാണെന്ന് ദുരവസ്ഥയുടെ രചനയെ തുടർന്നുണ്ടായ ചില പ്രതികരണങ്ങളും സാമൂഹിക സാഹചര്യങ്ങളും മറ്റും ആശാനെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ ജാതിക്കെതിരെ നിലപാട് സ്വീകരിച്ച ബുദ്ധദർശനം ആശാനെ ആകർഷിക്കുകയും ‘എസ്സെൻസ് ഓഫ് ബുദ്ധിസം' എന്ന പ്രൊഫ. ലക്ഷ്മി നരസുവിന്റെ ഗ്രന്ഥത്തിലെ ‘ബുദ്ധമതവും ജാതിയും' എന്ന അധ്യായത്തിൽ വിവരിച്ച മാതംഗിയുടെ കഥയെ പശ്ചാത്തലമാക്കി ചണ്ഡാലഭിക്ഷുകി രചിക്കുവാൻ പ്രേരണയാകുകയും ചെയ്തത്.

ജാതിഭേദം മറന്ന് തന്നിൽ നിന്ന് ജലം സ്വീകരിച്ച് പാനം ചെയ്ത ആനന്ദൻ എന്ന ബുദ്ധഭിക്ഷുവിനോട് മാതംഗിക്ക് പ്രണയമാണ് ഉണ്ടാകുന്നത്. അനുരാഗത്തിന്റെ ശക്തി മനസ്സിന്റെ തടവറ ഭേദിച്ച് ശരീരത്തെ പുറത്തു ചാടിക്കുവാൻ മാതംഗിയെ പ്രാപ്തയാക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക ചോദനകളെ ചങ്ങലയ്ക്കിടുവാൻ ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ സദാചാര നിയമങ്ങൾ മനുഷ്യരെ നിർബന്ധിക്കുന്നു. ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തിന് ഐതിഹ്യങ്ങളും പുരാണങ്ങളും ആചാരാനാനുഷ്ഠാനങ്ങളും വഴി മനുഷ്യരുടെ ബോധത്തെയും അബോധത്തെയും സ്വാധീനിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ബലപ്രയോഗം കൂടാതെ തന്നെ അതിന് നിയമസാധുത കൈവന്നത്. അതുകൊണ്ടാണ് വിവേചനത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും ചൂഷണത്തിന്റെയും പ്രത്യയശാസ്ത്രത്തെ, ആശയാവലികളെ, മൂല്യസംഹിതകളെ സ്വാഭാവികമായി സ്വീകരിക്കുവാൻ ജനങ്ങൾക്ക് കഴിഞ്ഞത് എന്ന കാര്യം വ്യക്തമാണ്. മിഷേൽ ഫുക്കോ പറഞ്ഞത് ശരീരം മനസ്സിന്റെ തടവറയിലാണ് എന്നാണ്. കാരണം, ശരീരത്തിന്റെ സ്വാഭാവിക ചോദനകളെ അധികാരവ്യവസ്ഥയും സദാചാര സംഹിതകളും ചേർന്ന് മനസ്സിനെ സ്വാധീനിച്ച് നിയന്ത്രിക്കുന്നു. അനുരാഗത്തിന്റെ ശക്തി കൊണ്ടാണ് മാതംഗിക്ക് ജാതിവിവേചനത്തിന്റെ സദാചാരത്തെ മറികടന്ന് ആനന്ദനെ അന്വേഷിച്ച് വീടുപേക്ഷിച്ച് പോകുവാൻ കഴിയുന്നത്. ശ്രാവസ്ഥിയിലെ ബുദ്ധന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന ജേതൃവനത്തിൽ അവൾ എത്തിച്ചേരുന്നു. അവിടെ വച്ച് അവൾ ആനന്ദനെ മാത്രമല്ല മറ്റു ഭിക്ഷുക്കളെയും ഭീക്ഷുണിമാരെയും സാക്ഷാൽ ശ്രീബുദ്ധനെ തന്നെയും കണ്ടുമുട്ടുന്നു.

അനുരാഗത്തിന്റെ ബലത്തിൽ വീടുപേക്ഷിച്ച് എത്തുന്ന മാതംഗിക്ക് ബുദ്ധന്റെ ധർമ്മോപദേശത്തെ തുടർന്ന് അനുരാഗമുൾപ്പെടെയുള്ള കാമനകളുടെ, തൃഷ്ണകളുടെ ക്ഷണികതയെ കുറിച്ച് ബോധ്യമുണ്ടാകുന്നു. അവർ ഭിക്ഷുകിയായി മാറുന്നു. ഇവിടെ നാം മനസ്സിലാക്കുന്നത്, വ്യത്യസ്ത ജാതിയിൽപ്പെട്ടവരുടെ അനുരാഗത്തിന്റെ സാക്ഷാൽക്കാരം അന്നത്തെ, അതായത് രണ്ടായിരത്തി അഞ്ഞൂറിൽപരം വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന, സമൂഹത്തിൽ സാധ്യമായിരുന്നില്ല എന്നാണ്. വിരുദ്ധ ജാതികളിൽ നിലയുറപ്പിക്കപ്പെട്ട ആണിനും പെണ്ണിനും പ്രണയത്തിലൂടെ ഒരുമിക്കുവാൻ കഴിയുമായിരുന്നില്ല. ശ്രീബുദ്ധന്റെ കാലത്ത് സമൂഹത്തിൽ ജാതിവ്യവസ്ഥ ശക്തമായി തന്നെ പരിപാലിക്കപ്പെട്ടിരുന്നു. എന്നാൽ, ബുദ്ധഭിക്ഷുക്കൾക്കിടയിൽ ജാതി പരിപാലിക്കപ്പെട്ടിരുന്നില്ല. ഇവിടെയാണ് മാതംഗിക്ക് തിരിച്ചറിവിലൂടെ ജാതിക്കതീതമായ ഒരു പദവി കൈവരുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. ഭിക്ഷുകി ആകുന്നതിലൂടെ തന്റെ ശരീരത്തെയും ബോധാബോധങ്ങളെയും പരിമിതപ്പെടുത്തിയിരുന്ന ജാതിയുടെ ചങ്ങലക്കെട്ടുകളിൽ നിന്ന്​ അവൾ മോചിതയാകുന്നു. അതായത്, ഈ വിമോചനം ഹിന്ദുമതത്തിനും ഹിന്ദുത്വത്തിന്റെ മൂല്യവ്യവസ്ഥയ്ക്കും വെളിയിലാണ് സംഭവിക്കുന്നത് എന്ന് സാരം. എന്നാൽ ബുദ്ധഭിക്ഷുക്കളാകട്ടെ വിവിധ ജാതികളിൽ നിന്നും വർഗ്ഗങ്ങളിൽ നിന്നും വന്നവരാണ്. അവരെ ഭിക്ഷുക്കളായി സമൂഹം സ്വീകരിക്കുമ്പോഴും, അവരുടെ ജാതി കൂടി കാണുന്നുണ്ട്. അതുകൊണ്ടാണ് ചണ്ഡാല യുവതിയായ മാതംഗിക്ക് ഭിക്ഷുകിമാർക്കിടയിൽ തുല്യനില ലഭിക്കുന്നതിലും അവർക്കിടയിൽ ജാതിഭേദം കൂടാതെ ജീവിക്കാൻ കഴിയുന്നതിലും പൊതുസമൂഹത്തിലെ ബ്രാഹ്മണരും മറ്റും അസഹിഷ്ണുക്കളാകുകയും അവർ പ്രതിഷേധിക്കുകയും പ്രസേനജിത്ത് രാജാവിനോട് പരാതിപ്പെടുകയും ചെയ്യുന്നത്.
തന്നെ സന്ദർശിക്കുന്ന രാജാവിനോടും പരിവാരങ്ങളോടും ബുദ്ധൻ ജാതി വിദ്വേഷത്തിലും വിഭജനത്തിലും അധിഷ്ഠിതമാണെന്ന വാസ്തവം ചൂണ്ടിക്കാട്ടുന്നു. അതിന്റെ പിന്നിലെ യുക്തിരാഹിത്യവും അദ്ദേഹം വിശദമാക്കുന്നു:

‘ആരാധിക്കായ്​വിൻ' അസൂയാ - മഹാ- മാരിയെ' - ജാതിയെ - ആരും'

എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ജാതിയെന്ന ആചാരം ഇന്നലെ ചെയ്ത ഒരബദ്ധമാണെന്നും മൂഢർക്ക് ഇന്നത്തെ ആചാരമായി മാറിയെന്നും നാളെയത് ശാസ്ത്രമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് അതിന് സമ്മതം മൂളുവാൻ രാജാവ് തയ്യാറാകരുത് എന്നും ബുദ്ധൻ ആവശ്യപ്പെടുന്നു. ജാതിവിരുദ്ധമായ തന്റെ നിലപാടുകൾ കുമാരനാശാൻ ബുദ്ധനിലൂടെ ശക്തമായി ആവിഷ്‌ക്കരിക്കുകയാണ്.
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ജാതിക്കുപകരം ആശാൻ മുന്നോട്ടുവയ്ക്കുന്നത് സ്‌നേഹമാണ്.

ജനാധിപത്യത്തിന്റെ അടിവേരറുത്ത് രാജ്യത്തെ ഫാഷിസത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം കുമാരനാശാനെ പോലുള്ളവർ എതിർത്തുവന്ന ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്.

‘സ്‌നേഹത്തിൽ നിന്നുദിക്കുന്നു -ലോകം സ്റ്റേഹത്താൽ വൃദ്ധി തേടുന്നു; സ്‌നേഹം താൻ ശക്തി ജഗത്തിൽ സ്വയം സ്‌നേഹം താനാനന്ദമാർക്കും ; സ്‌നേഹം താൻ ജീവിതം ശ്രീമൻ -സ്‌നേഹ- വ്യാഹതി തന്നെ മരണം'.

വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രംകൊണ്ട് പകരം വയ്ക്കുന്നു ആശാൻ. ശിഷ്യനായ രാജാവിനോട് മനുഷ്യർക്ക് ജാതിയില്ലായെന്ന് പ്രഖ്യാപിക്കുവാൻ ബുദ്ധൻ ആവശ്യപ്പെടുന്നു. രാജാവ് അതിനു സമ്മതമറിയിക്കുന്നു. അങ്ങനെ പിന്നീട് ആയിരം വർഷം ഭാരതത്തിൽ ശാന്തി ഉണ്ടായി എന്നു പറഞ്ഞാണ് ആശാൻ കാവ്യം അവസാനിപ്പിക്കുന്നത്. ബുദ്ധമത സ്വാധീനം നിലനിന്ന ആയിരം വർഷക്കാലം ഭാരതത്തിൽ ജാതിവ്യവസ്ഥ കാലഹരണപ്പെട്ടു. എന്നാൽ ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പുനരുജ്ജീവിക്കുകയും ചെയ്തതോടെ ജാതിവ്യവസ്ഥയും വീണ്ടും ശക്തമായി.

ജാതിയുടെ പേരിൽ ദുരഭിമാനക്കൊലകളും ആൾക്കൂട്ടക്കൊലപാതകങ്ങളും നടക്കുന്ന കാലമാണിത്. വിദ്വേഷത്തിലും വർഗീയ വിഭജനത്തിലും അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയം വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കാലമാണിത്. ജനാധിപത്യത്തിന്റെ അടിവേരറുത്ത് രാജ്യത്തെ ഫാഷിസത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം കുമാരനാശാനെ പോലുള്ളവർ എതിർത്തുവന്ന ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. ഇന്നും ദലിതർ സാമൂഹിക വിവേചനവും പീഡനവും ജാതി ഹിന്ദുക്കളിൽ നിന്നും നേരിടുന്നു. ചാണ്ഡാല സ്ത്രീ സന്യാസം നേടിയാലും ജാതി അവരെ വിടാതെ പിൻതുടരുന്നു. അദ്വൈത വേദാന്തിയായ ശങ്കരാചാര്യരെ അദൈതത്തിന്റെ അന്തഃസത്ത എന്തെന്ന് ധരിപ്പിക്കാനും ഒരു ചണ്ഡാലൻ തന്നെ വേണ്ടി വന്നത് ഓർമിക്കാവുന്നതാണ്. ശങ്കരന്റെ മനീഷാപഞ്ചക'ത്തിൽ ചണ്ഡാലനെ ഗുരുവായി കാണുന്നിടത്തും നമ്മൾ ജാതിയുടെ പ്രബലീകരണം കാണുന്നു:

‘ചണ്ഡാലോസ്തു സതുഽസ്തു ഗുരുരി ത്യേഷാ മനീഷാ മമ'

എന്ന ആദ്യത്തെ രണ്ടു ശ്ലോകങ്ങളിലെ അവസാന വരികൾ ജാതിഭേദത്തെ നിരാകരിക്കുകയല്ല, അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.അയാൾ ജനനം കൊണ്ട് ചണ്ഡാലനാകട്ടെ, ബ്രാഹ്മണനാകട്ടെ, അയാൾ എന്റെ ഗുരുവാണ് എന്നാണ് ശങ്കരൻ പ്രഖ്യാപിക്കുന്നത്. ഗീതാഭാഷ്യകാരനായ ശങ്കരന് ആരും ജനനം കൊണ്ട് ചണ്ഡാലനോ ബ്രാഹ്മണനോ ആകുന്നില്ല എന്നറിയാത്തതല്ല.

ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശ്ച:

എന്ന ഗീതയിലെ വരികൾ പറയുന്നത് ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിലാണ് ചാതുർവർണ്യം സൃഷ്ടിച്ചത് എന്നാണ്. ശ്രീകൃഷ്ണൻ താൻ സൃഷ്ടിച്ച വർണവ്യവസ്ഥ ജനനത്തിന്റെ അടിസ്ഥാനത്തിലല്ല എന്നു വ്യക്തമാക്കുമ്പോഴും ശങ്കരൻ എന്ന ഭാഷ്യകാരന്റെ ബോധത്തിൽ അതു പ്രതിഫലിക്കുന്നില്ല. ശങ്കരൻ എന്ന ഗീതാഭാഷ്യകാരന്, അദ്വെത വേദാന്തിക്ക്, ജാതിഭേദത്തെ മറികടക്കാനാകുന്നില്ല. ചണ്ഡാലസ്ത്രീ ഭിക്ഷുകി ആകുമ്പോൾ അവർ തന്റെ പൂർവ്വാശ്രമത്തിലെ ജാതിയും മതവും പദവിയുമെല്ലാം ഉപേക്ഷിച്ച്, ഭൗതികതൃഷ്ണകൾ വെടിഞ്ഞ്, ബന്ധങ്ങളും ബന്ധനങ്ങളും മറികടന്ന് സ്വതന്ത്രയാകുന്നു. അപ്പോൾ പിന്നെ അവരെ ജാതി പിന്തുടരുമോ?. തുടരുമെന്നതാണ് ഇന്ത്യൻ യാഥാർത്ഥ്യം. തന്റെ കൃതിക്ക് ചണ്ഡാലഭിക്ഷുകി എന്നു പേരിട്ടതിലൂടെ ബോധപൂർവ്വമോ അബോധപൂർവ്വമോ ആശാനും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഒരുപക്ഷേ, ബുദ്ധമതത്തിന്റെ സജീവതയിൽ അത് ദമിതമാക്കപ്പെട്ടിരിക്കാം; ഇല്ലാതാക്കപ്പെട്ടില്ല. അതുകൊണ്ടാണ് ഹിന്ദു മതത്തിന്റെ പുനരുജ്ജീവനത്തിനോടൊപ്പം ജാതിയും സജീവമായത്.

ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിന്റെ ആഖ്യാന സവിശേഷത അത് ജാതിയുടെ നിരർത്ഥകത വിശദീകരിക്കുകയും ഒപ്പം അതിനെ മറികടക്കുക എളുതല്ല എന്ന വാസ്തവത്തെ വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. അന്തമില്ലാത്ത ഒരു പോരാട്ടമായി ജാതിക്കെതിരെ, ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നാണ്. അക്കാലമത്രയും നമ്മെ വിദ്വേഷത്തിൽ നിന്നും സ്‌നേഹത്തിന്റെ ജനാധിപത്യബോധത്തിലേക്ക് നീങ്ങുവാൻ പ്രേരിപ്പിക്കുന്ന ഒരു ജൈവയന്ത്രം പോലെ ഈ കൃതി വായനാലോകത്ത് പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ▮


സി. അശോകൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി.ഡയറക്ടറായിരുന്നു. വിജ്ഞാനകൈരളി എഡിറ്ററായും പ്രവർത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്​. വിമർശനത്തിന്റെ വർത്തമാനവും ചരിത്രപരമായ തിരിച്ചറിവും, ആരാച്ചാർ പഠനങ്ങൾ (എഡിറ്റർ), ഹരിത രാഷ്ട്രീയത്തിന്റെ വർണ വിവക്ഷകൾ (സമാഹരണം, പഠനം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments