യു.എ.ഇയിലുള്ള എഴുത്തുകാരുടെ രചനകൾ മാതൃഭൂമി ക്ലബ് എഫ്.എം ‘കിതാബ്’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നിരുന്ന കാലം. കിതാബിന്റെ മൂന്നാം എഡീഷനിലേക്ക് ഞാൻ ഒരു കഥ അയച്ചിരുന്നു. നൂറുകണക്കിന് മലയാളി എഴുത്തുകാരുള്ള ഇവിടെ എന്റെ കഥക്ക് എവിടെയായിരിക്കും സ്ഥാനം എന്ന് യാതൊരു നിശ്ചയവുമില്ല. ഒരാഴ്ചയ്ക്കകം, കഥ ലഭിച്ചുവെന്നും, ഫോട്ടോ മെയിൽ അയക്കണമെന്നും മറുപടി ലഭിച്ചു. എന്നെ സംബന്ധിച്ച് ആ വിളി ഒരു വലിയ ആഹ്ലാദമായിരുന്നു.
“എന്റെ കഥ ‘കിതാബി’ലേക്ക് പരിഗണിക്കപ്പെട്ടോ” ഇടറിയ തൊണ്ടയിൽ ഞാൻ ചോദിച്ചു.
“ഇല്ല, ആദ്യ റൗണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നതേയുള്ളൂ’’, മറുതലയ്ക്കൽ നിന്ന് പ്രോഗ്രാം പ്രൊഡ്യൂസർ ജസ്റ്റിന്റെ മറുപടി ലഭിച്ചു.
ആ മനുഷ്യനുമായുള്ള സൗഹൃദത്തിലേക്കുള്ള വിളിയായിരുന്നു അത്. ഒപ്പം, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വായനയോടുള്ള കൗതുകം മാത്രം വെച്ച് നടന്നിരുന്ന, എന്നെങ്കിലും ഒരിക്കൽ എന്റെയും ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചു കണ്ടാൽ അതൊരു വലിയ നേട്ടമായി കരുതിയിരുന്ന എനിക്ക് അതേ പുസ്തകമേളയിൽ എന്റെയും സാന്നിധ്യം രേഖപ്പെടുത്താൻ വേണ്ടിയുള്ള ആദ്യ വിളി കൂടിയായിരുന്നു അത്.
ജസ്റ്റിൻ എന്നെ വീണ്ടും വിളിച്ചു. പുസ്തകമേളക്ക് ഏതാനും നാളുകൾ മാത്രം ബാക്കിയുള്ളപ്പോൾ. “അജിതിന്റെ കഥ, ‘ഒറ്റമീൻ ഓർമകൾ’, ‘കിതാബി’ലേക്ക് സ്വീകരിക്കപ്പെട്ടിട്ടുണ്ട്’ എന്നു പറഞ്ഞുകൊണ്ടുള്ള ആ വിളി എത്രമാത്രം ആഹ്ലാദം നിറഞ്ഞതായിരുന്നു എന്ന് പറഞ്ഞറിയിക്കുവാൻ ഇന്നും എനിക്ക് വാക്കുകളില്ല.
ആ പ്രചോദനത്തിന്റെ മൂർധന്യാവസ്ഥയിലാണ് ആ വർഷം പുസ്തകമേളയുടെ വേദിയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയത്. ആദ്യമായാണ് ഒരു പുസ്തകമേളയുടെ പ്രകാശന വേദിയിൽ കയറി നിന്നത്. അതിനെത്തുടർന്ന് ‘മഷി’ എന്ന സാഹിത്യ കൂട്ടായ്മയുടെ ഭാഗമാകാൻ സാഹചര്യമുണ്ടായി. പുസ്തകങ്ങളെയും എഴുത്തിനെയും ഒരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളടങ്ങിയ ആ കൂട്ടായ്മയിലെ പുസ്തകചർച്ചകൾ ഹൃദ്യമായിരുന്നു. ‘മഷി’യിലെ എഴുത്തുകാരെല്ലാം ചേർന്ന് എല്ലാ വർഷവും ഷാർജ പുസ്തകമേളക്ക് ഒരു പുസ്തകം പുറത്തിക്കും. അങ്ങനെ ‘മഷി’യുടെ പുസ്തകത്തിൽ എഴുതുവാനുള്ള അവസരവും ലഭിച്ചു.
വായനയുടെയും എഴുത്തിന്റെയും ലോകത്ത് എളിയ രീതിയിൽ ഒരുപാട് ദൂരം മുന്നോട്ടുപോകാൻ ‘മഷി’യിലൂടെ സാധിച്ചു. അടുത്ത വർഷവും ‘കിതാബി’ലേക്ക് എന്റെ കഥ തിരഞ്ഞെടുക്കപ്പെട്ടു. അതിനകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ നെഞ്ചോട് ചേർത്തുതുടങ്ങിയ ഞാൻ ആ വർഷം മുതൽ കഴിഞ്ഞ പുസ്തകമേള വരെയുള്ള എല്ലാ മേളയിലും പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന എല്ലാ നാളുകളിലും പോയിത്തുടങ്ങി.
കോവിഡ് മഹാമാരിയുടെ ഭീതിയിൽ ആളുകൾ പാർപ്പിടങ്ങളിലേക്ക് ചുരുങ്ങിയപ്പോഴും ഷാർജ അക്ഷരസ്നേഹികളെ സ്വീകരിച്ചു. കൃത്യമായ സുരക്ഷാ മുൻകരുതലോടുകൂടിയും, കർശനമായ സാമൂഹിക അകലം പാലിച്ചും ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറിയത് ചരിത്ര നേട്ടമായിരുന്നു. ആ വർഷം ജസ്റ്റിന്റെ നേതൃത്വത്തിൽ ‘ഷാർജ പോസ്റ്റ്’ എന്ന പേരിൽ പുസ്തകമേള വേദിയിൽ വിതരണം ചെയ്തിരുന്ന ടാബ്ലോയിഡ് പത്രത്തിനുവേണ്ടി പ്രവർത്തിക്കാൻ സാധിച്ചു. പല എഴുത്തുകാരെയും അവതാരകരെയും വ്യവസായികളെയും അഭിമുഖം നടത്തി. അടുത്ത രണ്ട് വർഷങ്ങളിൽ ഷാർജ പുസ്തകമേളയിലെ പുസ്തകപ്രകാശന വേദികളിൽ സ്ഥാനം ലഭിച്ചു, ഒരുപാട് പുസ്തകങ്ങളെ സദസ്സിന് പരിചയപ്പെടുത്താൻ കഴിഞ്ഞു.
കെ. പി രാമനുണ്ണി, വീരാൻകുട്ടി, ഇന്ദുമേനോൻ, യു.എ.ഇയിലെ മുൻമന്ത്രി ഡോ. മുഹമ്മദ് അൽ സയീദ് കിന്ദി തുടങ്ങിയവർക്കൊപ്പം വേദി പങ്കിടാനും ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാനും കഴിഞ്ഞത്, പുസ്തകമേളയുമായി ബന്ധപ്പെട്ട വിലയേറിയ ഓർമകളാണ്.
പുസ്തകോത്സവങ്ങളിൽ നിന്നു ലഭിച്ച സൗഹൃദങ്ങളും പരിചയങ്ങളും നിരവധിയാണ്. ഒരു മേൽക്കൂരയുടെ ചുവട്ടിൽ ഇത്രയധികം പ്രിയപ്പെട്ട മനുഷ്യരെ ഇതിനു മുൻപെനിക്ക് കാണാനായിട്ടില്ല. ഓരോ വർഷവും ആ കൂടാരം എനിക്ക് കൂടുതൽ നല്ല സൗഹൃദങ്ങൾ കൂടി സമ്മാനിക്കാറുണ്ട്. ഷാർജ സമ്മാനിച്ച പുസ്തകങ്ങളും അക്ഷരങ്ങളും കഥകളും കവിതകളുമായുള്ള ആ അമൂല്യബന്ധം, എന്റെ സ്വന്തം പുസ്തകത്തിന്റെ പ്രകാശനം കൂടി സാധ്യമാക്കിയിരിക്കുന്നു.
പുസ്തകങ്ങളെ സ്നേഹിക്കുന്ന ഏതൊരാളുടെയും പറുദീസയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. അത് യു എ ഇയിൽ ജീവിക്കുന്നവർക്ക് മാത്രമല്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ഒട്ടനേകം പേരാണ് ഈ ആഗോള അക്ഷരനഗരിയിലേക്കുവരുന്നത്. പ്രിയപ്പെട്ട എഴുത്തുകാരെയും സമാനമനസ്കരെയും അവർക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള കലാ- രാഷ്ട്രീയ- സാംസ്കാരിക വ്യവസായ പ്രമുഖരെയും ഒന്നിച്ചു കാണാൻ കഴിയുന്ന വലിയൊരു ലോകം കൂടിയാണ് ഈ വേദി, വിശിഷ്യ, മലയാളികൾക്ക്. ഒരു മനുഷ്യന് ഏറ്റവുമധികം പുസ്തകങ്ങൾ ഒന്നിച്ചു കാണാനുള്ള അപൂർവ്വം അവസരങ്ങളിൽ ഒന്നു കൂടിയാണിത്. ഇവിടെ നാം എഴുത്തുകാരോ വായനക്കാരോ ആയി ചുരുങ്ങുന്നില്ല. സംഘാടകരും അവതാരകരും ഫോട്ടോഗ്രാഫറും അതിനേക്കാളൊക്കെ സുഹൃത്തുക്കളായുമെല്ലാമായി മാറുന്നു.
ഞാനെന്ന ‘ഒരു വല്ലപ്പോഴും’ വായനക്കാരനെ, വായനയുടെയും എഴുത്തിന്റെയും പ്രപഞ്ചസമാനമായ ലോകത്തിലേക്ക് കൂടുതൽ അടുപ്പിച്ചതും, ഗൗരവകരമായ തലത്തിലേക്ക് വായനയെ വളർത്തിയെടുത്തതും ഈ പുസ്തകമേളയാണ്.
ആറ് വർഷമായി മേളയിൽ സജീവമാണ്. നാട്ടിൽ ചെലവഴിക്കാൻ ഓരോ വർഷവും അനുവദിച്ചുകിട്ടുന്ന 30 ദിവസങ്ങളുടെ അവധിയിൽ നിന്ന് പത്തുപന്ത്രണ്ട് ദിവസങ്ങൾ മാറ്റിവെച്ച് പുസ്തകമേളയുടെ വേദിയിൽ ചെലവഴിക്കുന്നത് പ്രവാസ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണ്. ആകാശം പോലെ വിശാലമായ പുസ്തകമേളയും അതിൽ നൂറായിരം നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന പുസ്തകങ്ങളെയും ഏറെ ആനന്ദത്തോടെ നോക്കിനടന്നിരുന്ന, കാണുന്ന പുസ്തകങ്ങളെല്ലാം വാങ്ങാനും വായിക്കാനും തോന്നുന്ന ഒരുന്മാദം മനസ്സിൽ മൊട്ടിട്ടിരുന്ന നാളുകളായിരുന്നു അത്.
വായനയിൽ താല്പര്യമുള്ളവർക്ക് എപ്രകാരമുള്ള പുസ്തകവും വായിക്കാനും, പുസ്തകത്തെപ്പറ്റി ചർച്ച ചെയ്യുവാനും, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുവാനും, എഴുതാനും, പുസ്തകം പ്രകാശനം ചെയ്യുവാനും അടക്കം പുസ്തകങ്ങളുടെയും വായനയുടെയും വിപുലമായ ലോകങ്ങളിലേക്ക് സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന വിളഭൂമിയാണ് ഷാർജ. 42-ാമത്തെ പുസ്തകമേള കൊടിയിറങ്ങുമ്പോൾ അതുകൊണ്ടുതന്നെ ആഹ്ലാദത്തോടും അഭിമാനത്തോടുമൊപ്പം നഷ്ടബോധം കൂടി തോന്നുന്നു.
ഒന്നറിയാം; വായനയെയും അക്ഷരങ്ങളെയും എന്നുമൊരു കൗതുകത്തോടെ മാത്രം കണ്ടിരുന്ന, എന്നെങ്കിലും സ്വന്തമായി ഒരു പുസ്തകം എഴുതാമെന്നത് വിദൂരസ്വപ്നം മാത്രമായിരുന്ന എന്നെ ഞാനാക്കിയത് അക്ഷരങ്ങളുടെ ഈ ഉത്സവമാണ്.