എം.ടി. ഭൗതികമായി ഈ ഭൂമിയിൽ നിന്ന് മറയുമ്പോൾ ഒരു ഭാവുകത്വയുഗം തന്നെയാണ് അവസാനിക്കുന്നത്. ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹൃദയ സംഘർഷം മുഴുവൻ ഏറ്റുവാങ്ങിയ എഴുത്തുകാരൻ. വാക്കുകളുടെ മുഴക്കം പ്രകാശമായി മാറിയത് അദ്ദേഹം യുവാവായിരിക്കുന്ന കാലം മുതൽ നാം കണ്ടു. ആ ഏകാന്തത അക്കാലത്തെ വായനക്കാർക്ക് കൂടി ഒരു തരം കൂട് വിട്ട് കൂടുമാറൽ സാധ്യമാക്കി. അക്കാലത്തെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ , ദാരിദ്ര്യം, അവരുടെ വാക്കുകളില്ലാത്ത ഏകാന്തത, എപ്പോഴും തങ്ങളെ പിന്തള്ളിപ്പോകുന്ന സാമൂഹ്യാന്തരീക്ഷം, ഇവയെയെല്ലാം അദ്ദേഹത്തിന്റെ എഴുത്ത് പ്രതിനിധീകരിച്ചു. പണമില്ലാത്തവന്റെ അരക്ഷികാവസ്ഥയെപ്പറ്റിയും ഏകാന്തതയെപ്പറ്റിയും പേർത്തും പേർത്തും എം.ടി എഴുതി. രണ്ടാമതായി പോകുന്ന മനുഷ്യരുടെ ദുഖത്തെ അത് ആശ്വസിപ്പിച്ചു. അതിന് കൂട്ടിരുന്നു. വാക്കില്ലാത്ത അത്തരം യൗവനങ്ങൾക്ക് നിഷേധത്തിന്റെ സുഗന്ധമുള്ള വാക്കുകൾ നൽകി. ഞാൻ എന്ന സ്വത്വബോധത്തിന് ബലം നൽകി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി.
ലിറ്റററി എഡിറ്റർ എന്ന നിലയ്ക്ക് ആധുനിക എഡിറ്റർമാരിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്താണ് വ്യക്തിപരമായി ഞാൻ എം. ടിയെ കാണുന്നത്. സാഹിത്യ ബോധത്തെ വലിയ അളവിൽ അദ്ദേഹം വിമലീകരിച്ചു. വെട്ടിച്ചുരുക്കുന്തോറും എഴുത്തിന് കരുത്ത് കൂടുമെന്ന് പഠിപ്പിച്ച എഡിറ്റർ. താൻ എഴുതുന്നതിനപ്പുറത്തുള്ള അനേകം സാഹിത്യ ശൈലീവൈവിധ്യങ്ങളെയും ഭാവുകത്വ വൈവിധ്യങ്ങളെയും ഇരുകരവും നീട്ടി സ്വീകരിച്ച മഹാനായ എഡിറ്റർ എന്നു തന്നെ മലയാളികൾ പറയേണ്ടിയിരിക്കുന്നു. അദ്ദേഹം വളർത്തി വിട്ടതൊന്നും പാഴായില്ല എന്നു മാത്രമല്ല, അവയെല്ലാം തുടർ സാഹിത്യ ധാരയുടെ ശക്തമായ പ്രതിനിധാനമായിത്തീർന്നു. കാല്പനിക ഭാഷ കൊണ്ട് കഥയെഴുതിയ ഒരാൾ അകാല്പനികരായ എഴുത്തുകാരെയും കൊണ്ടുവന്നു. മേതിൽ രാധാകൃഷ്ണൻ ഒരു ഉദാഹരണം. എഡിറ്റർ എന്ന നിലയിൽ വൈവിധ്യമാർന്ന സാഹിത്യ പ്രദേശങ്ങളെ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തി. അദ്ദേഹം മാതൃഭൂമി എഡിറ്ററായിരിക്കുമ്പോൾ കൊണ്ടുവന്ന പരമ്പരകളിൽ ഭൂരിഭാഗവും ചരിത്രത്തിന്റെ ഭാഗമായി. ഒരു ഉദാഹരണം മാത്രം പറയാം. പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ. തിക്കോടിയന്റെ ആത്മകഥ. എടുത്തു പറയാൻ അനേകം ഉദാഹരണങ്ങളുണ്ട്. തന്റെ രചനാ സമ്പ്രദായങ്ങൾക്കും അപ്പുറത്തുള്ള അനേകം വൈവിധ്യങ്ങളെ തന്റെ പരന്ന വായന കൊണ്ട് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പൗരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യത്തിന്റെ ആഴങ്ങളെ ചെന്നുകണ്ട മികച്ച വായനക്കാരനായിരുന്നു എം.ടി. സാഹിത്യ പത്രപ്രവർത്തകൻ എന്ന മികച്ച പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തെ ഇത് സഹായിച്ചു. അതിന്റെ ഉപലബ്ധികൾ താൻ എഡിറ്റ് ചെയ്ത ആഴ്ചപ്പതിപ്പിനും പുസ്തക വായനക്കാർക്കും ഏറെ പ്രയോജനം ചെയ്തു. ഭാവുകത്വശോഭയുടെ വലിയ ചക്രവാളങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ട് പോയ മാസ്റ്റർ.

സിനിമയിൽ ആഴത്തിൽ അടയാളങ്ങളുണ്ടാക്കി, അദ്ദേഹം. സാഹിത്യകൃതികളെ അടിസ്ഥാനമാക്കി എം.ടി യ്ക്ക് മുമ്പും തിരക്കഥകളുണ്ടായെങ്കിലും സാഹിത്യ സ്വഭാവിയായ തിരക്കഥയെ ശക്തമായി പ്രതിനിധീകരിച്ച ആദ്യത്തെ തിരക്കഥാകൃത്ത് എം.ടി. തന്നെയാവണം. സാഹിത്യത്തെ ഒരു ചാലകശക്തിയാക്കി അദ്ദേഹം തിരക്കഥയെ സജീവമാക്കി. ഭാഷയ്ക്ക് ഇത്രമേൽ ധ്വനിസാന്ദ്രമാകാമെന്ന് അന്നാദ്യമായി നമ്മൾ പഠിച്ചു വെച്ചു. വാക്കുകളുടെ ഈടുവെപ്പുകൾ അദ്ദേഹം മാറ്റി. അയഞ്ഞ സ്ക്രീൻ പ്ലേകൾ , എഡിറ്റിങ്ങിന് വിധേയമാക്കാത്ത സംഭാഷണശകലങ്ങൾ ഇവയിൽ നിന്നെല്ലാം അവ വിട്ടുനിന്നു. എഴുത്തുകാരനെ വെട്ടിച്ച് കടന്നുപോയി ഒരു കഥാപാത്രത്തെയും സംസാരിക്കാൻ അദ്ദേഹം അനുവദിച്ചില്ല. അരാജകവാദിയായ കഥാപാത്രത്തെപ്പോലും! തിരക്കഥാ രചന എങ്ങനെ മുറുകലിന്റെ കലയാക്കി മാറ്റിയെഴുതാമെന്ന് അദ്ദേഹം മലയാള സിനിമയെ ഓർമ്മിപ്പിച്ചു. പരമ്പരാഗതവും ക്ലീഷേകൾ കൊണ്ടു നിറഞ്ഞതുമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും ഒഴിവാക്കപ്പെട്ടു. സിനിമയിൽ തിരക്കഥാകൃത്ത് എന്നത് ഗൗരവമേറിയ 'പോസ്റ്റ്' ആണ് എന്ന് മലയാള സിനിമയെ ആദ്യമായി പഠിപ്പിച്ചത് എം.ടി. തന്നെയാണ്. ലോഹിതദാസിനെപ്പോലുള്ള തിരക്കഥാകൃത്തുക്കൾക്ക് വലിയ പ്രചോദനകേന്ദ്രമായി എം.ടി. കഥാപാത്രങ്ങളുടെ വാക്കുകൾ ചുരുങ്ങി വരുന്തോറും കൂടുതൽ മുഴക്കത്തിലേക്ക് സഞ്ചരിക്കാമെന്ന മികച്ച പാഠവും പാഭേദവുംഅത് നിർമ്മിച്ചെടുത്തു.
അദ്ദേഹം തുഞ്ചൻപറമ്പ് അടക്കമുള്ള സംഘാടനത്തിൽ വിജയിച്ച പ്രതിഭയാണ്. സൂക്ഷിച്ച് നോക്കിയാൽ, സംഘാടനത്തിന് അദ്ദേഹം എഴുതുന്ന തിരക്കഥാ ശൈലിയുമായി സാദൃശ്യം കാണാം. അത്രമേൽ പ്ലാനിങ്ങ് കാണാം. ജീവിതം കൊണ്ടും കർമ്മശേഷി കൊണ്ടും പുതിയൊരു സൗന്ദര്യശാസ്ത്ര ബോധത്തെയും സഹൃദയത്തെയും അദ്ദേഹം നിർമ്മിച്ചെടുത്തു. എം ടിയെ പോലെ എഴുതിയ അനേകർ നമ്മുടെ ഭാഷയിൽ ഉണ്ടായി. ഒരു പക്ഷേ, ചങ്ങമ്പുഴയ്ക്ക് ശേഷം ഏറ്റവും കൂടുതൽ അനുകർത്താക്കളുണ്ടായ എഴുത്തുകാരൻ എം. ടി. തന്നെയാവും. ഈ അപകടം താമസിയാതെ തിരിച്ചറിഞ്ഞ് അവയിൽ പലരും തങ്ങളുടെ സ്വക്ഷേത്രത്തെ അന്വേഷിച്ച് പോയി തങ്ങളുടെ 'സ്വന്തം എഴുത്തിനെ ഉണ്ടാക്കി. പലരും എം.ടിയായി തുടരുകയും തിരോഭവിക്കുകയും ചെയ്തു. പ്രസംഗത്തിൽ, പെരുമാറ്റത്തിൽ, എന്തിനേറെ എം.ടി ഉടുത്തിരുന്ന മുണ്ടെടുത്ത് പിടിക്കുന്ന ശൈലി വരെ അനുകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും അതുണ്ടായി. ഇങ്ങനെ എം.ടി യിൽ കുടുങ്ങിപ്പോയ എഴുത്തുകാരെ സ്വകാര്യമായി ഞാൻ നോക്കി നിന്ന് ആസ്വദിച്ചിട്ടുണ്ട്. തങ്ങൾക്കില്ലാത്ത അന്തർമുഖത തങ്ങളുടെതല്ലാത്ത ശരീരഭാഷ, പ്രസംഗശൈലി ഇവയിലെല്ലാം മുഴുകിയവരായി കേരളത്തിലെ എല്ലാ ജില്ലയിലും ഒരാളെയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. ഇതൊരു കുറ്റകൃത്യമായിട്ടല്ല നിസ്സഹായതയായിട്ടാണ് ഞാൻ കാണുന്നത്. അതിലൊരു ഭംഗിയുമില്ലെന്ന് പറഞ്ഞുകൂടാ. അത്ര കാന്തികമാണത്. അത്ര വലിയ സിംഹാസനവുമാണ് എം.ടി.

ചങ്ങമ്പുഴയിലെന്നപോലെ, തന്നെ ബാധിച്ച പൂർവ്വസൂരി ബാധയെ സ്വയം തിരിച്ചറിഞ്ഞ് താൻ അവതരിപ്പിച്ച ഭാവുകത്വത്തെ പുതുക്കിപ്പണിത, എം.ടിയ്ക്ക് തൊട്ടുപിറകിലുള്ളവർ മാത്രം സാഹിത്യത്തിൽ രക്ഷപ്പെട്ടു! കാരണം എം.ടിക്ക് തുല്യമായി എം.ടി മാത്രമേ ഉണ്ടാവേണ്ടള്ളൂ. എം. ടി യുടെ എല്ലാ അഭിരുചികളും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും അനുഭവപരിസരത്ത് നിന്നും ഉരുവം കൊണ്ടതാണ്. അതിന് മറ്റ് ജീവിതങ്ങളുമായി സാദൃശ്യങ്ങളൊക്കെ കണ്ടേക്കാം. പക്ഷേ, എം.ടി. വേറെയാണ്. അത് കാലത്തിന്റെ സ്ഥലത്തിന്റെയും തിരഞ്ഞെടുപ്പാണ്. എഴുതുമ്പോൾ അദ്ദേഹം ഉപയോഗിച്ച വാക്കിനെക്കാൾ ഏറെ വാക്കുകൾ പദങ്ങൾക്കിടയിൽ അദ്ദേഹം സന്നിവേശിപ്പിച്ചു. സാഹിത്യത്തിലായാലും സിനിമയിലായാലും പ്രസംഗത്തിലായാലും നിത്യജീവിതത്തിലായാലും. അവയിൽ ചലിക്കുന്ന മൗനത്തെ അദ്ദേഹം നിർമ്മിച്ചെടുത്തു.
യാദൃച്ഛികമെന്നു പറയട്ടെ എം.ടി യുടെ ചരമ വാർത്തയറിയുമ്പോൾ കൂടല്ലൂർ പരിസരത്തിലൂടെ ഒരു വാഹനത്തിൽ ഞാൻ കടന്നുപോവുകയായിരുന്നു. ഷെർലക് എന്ന കഥയിലെ ബാലു സ്വദേശത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടാകുമോ എന്നോർക്കുകയായിരുന്നു. ഓരോ വ്യക്തിയും അയാളുടെ/അവളുടെ കുട്ടിക്കാലം തന്നെ. കൂടല്ലൂരിലെ കുട്ടിക്കാലമാണ് എം.ടി. സാഹിത്യത്തിന്റെ സ്വക്ഷേത്രം. എം ടി അവസാനമായി എഴുതിയ കഥകളിലൊന്നായ ഷെർലക്കിലെ ബാലു എന്ന കഥാപാത്രത്തിന് ഒരു ഓഡിയോ സ്ക്രിപ്റ്റിന് എം.ടി യുടെ അനുവാദം വാങ്ങി ഞാൻ ശബ്ദം നല്കിയിരുന്നു - അമേരിക്കയിൽ പോയപ്പോൾ എടുത്ത പെട്ടിയിൽ പോലും കൂടല്ലൂർ ഉണ്ടായിരുന്നു എന്ന് ആ ഡബ്ബിങ്ങിനിടയിലാണ് ആ കഥയെ ആ വിധം ഞാൻ തിരിച്ചറിയുന്നത്.

ദേശത്തോടും രൂപം കൊണ്ട മണ്ണിനോടും സ്വയം സംസാരിക്കുന്ന കഥകൾ അദ്ദേഹം നമുക്ക് തന്നു. തനിക്ക് കിട്ടാതെ പോയ സ്നേഹം, ധനം, പുസ്തകം, പരിഗണന ഇവയുടെ വേദന ആരോടെന്നില്ലാത്ത പകയുടെ ധർമ്മസങ്കടങ്ങൾ അക്കാലത്തെ വായനക്കാർ എം.ടിയുടെ കഥകളിൽ കണ്ടെത്തി. ഒരു എഴുത്തുകാരന്റെ കഥ തങ്ങളുടെ ആത്മകഥയായി അന്നത്തെ വായനക്കാർ വായിച്ചെടുത്തു. പലരും എം.ടി യുടെ കഥാനായകരായി ജീവിച്ചു. എടുത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. മതേതര ജീവിതത്തിന്റെ സ്വപ്നവും കാവലും എം ടി കഥകളിലുണ്ട് എന്നുള്ളതാണ്. അസുരവിത്ത് അടക്കുള്ള കൃതികൾ അവയുടെ സ്മാരകങ്ങളാണ്. . യഥാർത്ഥ ആത്മീയതയെ അതിൽ പല സന്ദർദങ്ങളും തിരഞ്ഞു നടന്നിരുന്നു. എം.ടിയുടെ ഭൗതികമായ അഭാവം, തീർച്ചയായും വലിയ ശൂന്യത തന്നെ!