സിനി പണിക്കർ

കാൽനൂറ്റാണ്ടിനുശേഷംഎന്നെ കണ്ടെത്തി, എം.ടിയുടെ കത്ത്​

എം.ടിയുടെ മുന്നിലിരിക്കാനുള്ള ഒരു അവസരം ഇപ്പോൾ ലഭിച്ചാലും ഇതൊന്നും ഉറക്കെ പറയാൻ എനിക്കു ധൈര്യമുണ്ടാവില്ല. അതുകൊണ്ട്, ഇങ്ങനെ, ഇവിടെ ഒരു കത്തെഴുതുന്നു...

‘‘വലിയൊരു നിധി ലഭിച്ചാൽ അതേറ്റവും ഭദ്രമായ ഇടം നോക്കിയാണല്ലോ നാം സൂക്ഷിച്ചുവെക്കുക. പക്ഷേ, കാലം കഴിയുന്തോറും ഭദ്രമായ ആ ഇടം എവിടെയെന്നുള്ളത് നാം മറക്കുകയും ചെയ്യും'', ഞാൻ അശ്വതിയോട് പറഞ്ഞു.

എം. ടി എനിക്കെഴുതിയ ഒരു കത്തായിരുന്നു ഈ കഥ പറച്ചിലിലെ എന്റെ നിധി. അത്​ ഭദ്രമായി സൂക്ഷിച്ചുവച്ച ഇടം, കാൽനൂറ്റാണ്ടിന്റെ വാഷിംഗ്ടൺ കാലം എന്നിൽ മായ്ച്ചുകളഞ്ഞു. അതിനിടയിൽ മൂന്നു വീടുകൾ മാറുകയും ചെയ്തു. എന്നാൽ അത്ഭുതം എന്നുപറയട്ടെ, മറ്റെന്തോ തേടിപ്പോയ വഴിയിൽ എനിക്കാ കത്ത്​ തിരികെ ലഭിക്കുകയും, ആ വിവരം ഞാൻ അശ്വതിയുമായി പങ്കിടുകയുമായിരുന്നു.

മാധവിക്കുട്ടി വിവാഹമംഗളാശംസകൾ പകർന്ന്​ കൊണ്ട് തനിക്ക് പണ്ടെഴുതിയ ഒരു കത്ത് വീട്ടിൽ എവിടെയോ ഭദ്രമായി ഇരിക്കുന്നുണ്ടെന്നും, എന്നാൽ അത് എവിടെയെന്ന് തനിക്കിപ്പോൾ അറിയില്ലെന്നും, ഇനി നോക്കാനൊരിടം പോലും ബാക്കിയില്ലെന്നും അശ്വതിയും അപ്പോൾ പരിതപിച്ചു. വലിയ നിധികളുടെ സൂക്ഷിപ്പിലെ ഇത്തരം അമളികളോർത്ത് ഞങ്ങൾ ഉള്ളാലെ അപ്പോൾ ഒന്നു ചിരിച്ചിട്ടുമുണ്ടാകണം.

എം.ടി വാസുദേവൻ നായർ സിനി പണിക്കർക്ക് എഴുതിയ കത്ത്

1996ലാണ് എം. ടിയുടെ കത്ത് എനിക്കു ലഭിക്കുന്നത്.
അപ്പോഴേക്കും എന്റെ അമേരിക്കൻ ജീവിതത്തിന് അഞ്ചു വയസ്സ് കഴിഞ്ഞിരുന്നു. അക്കാലത്തും, പ്രത്യേകിച്ച് അതിനു മുന്നേ അമേരിക്കയിൽ കുടിയേറിപ്പാർത്തവർക്കും, പുതിയ നാട്ടിലെ ആദ്യത്തെ നാലഞ്ചു വർഷങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ ശൈശവം തന്നെയായിരുന്നു. നാം പിറന്നുവീണ് കണ്ടും കേട്ടും നോക്കിപ്പഠിച്ചും പിച്ച വെച്ചു നടന്നും വളരുന്നതുപോലെ തന്നെ. അമേരിക്കയിൽ നിൽക്കാനും നടക്കാനും സംസാരിക്കാനും മാത്രമല്ല, മറ്റുള്ളവരെ എങ്ങനെ നോക്കണം എന്നുവരെ പഠിക്കണം. പൊതുവെ തുറിച്ചുനോട്ടം കൂടുതലുള്ളവരാണല്ലോ നമ്മൾ. അതു തീർച്ചയായും കുറയ്ക്കണം.

അമേരിക്കക്കാർ തുപ്പുകയില്ല. എന്നാലോ, കാനഡ വരെ കേൾക്കാൻ പാകത്തിൽ നാപ്കിനിലേക്ക് മൂക്കു ചീറ്റാൻ അവർക്ക് മടിയില്ല. അങ്ങനെ എന്തെല്ലാം കണ്ടും കേട്ടും പഠിക്കണം. കൂട്ടത്തിൽ, അമേരിക്കക്കു പ്രധാനമായ ബാക്കിയെല്ലാ വിഷയങ്ങളും കാര്യങ്ങളും അറിയണം. ഗൾഫ് യുദ്ധവും, ഹബിൾ സ്‌പേസ് ടെലസ്‌കോപ്പും, വേൾഡ് വൈഡ് വെബ്ബും, .edu ൽ പരിചിതമായ ആദ്യത്തെ ഇ- മെയിൽ അഡ്രസും, ബിൽ ക്ലിന്റണും, ആൻഡ്രു എന്ന ചുഴലിക്കാറ്റും, റോഡ്നി കിങ്ങും, ഒ.ജെ. സിംപ്​സണും എല്ലാം 1990കളുടെ ആദ്യവർഷങ്ങളിലെ എന്റെ അമേരിക്കൻ പാഠങ്ങളായി ഇന്നും മനസ്സിലുണ്ട്.

പക്ഷേ, എം.ടി; ആ മുഖം കാണുമ്പോഴേ ഒരു പേടി തോന്നും. എപ്പോഴും ഗൗരവം. കൊച്ചുവർത്തമാനങ്ങളില്ല. കളിചിരിയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽപ്പോലും അദ്ദേഹം ആരുടെയും അടുത്ത് അവ വെളിപ്പെടുത്തുകയില്ല. അധികം സംസാരമില്ല. പിന്നെ എങ്ങനെ അടുത്തുചെല്ലും? പരിചയമാവും? അതുകൊണ്ട് ഞാൻ അകന്നുതന്നെ നിന്നു.

അങ്ങനെ, അമേരിക്ക എന്തെന്നു പഠിച്ചുവളർന്ന ആദ്യവർഷങ്ങളിൽ മറ്റൊരു മഹാസംഭവവും നടന്നു. 1992- ൽ വാഷിംഗ്ടണിൽ നടന്ന ഫൊക്കാനയിൽ ഡോ. എം.വി. പിള്ള നേതൃത്വം വഹിച്ചു നടത്തിയ സാഹിത്യ സമ്മേളനം. എം.ടിയും ഒ.എൻ. വിയും സുഗതകുമാരിയും കാക്കനാടനും വിഷ്ണുനാരായണൻ നമ്പൂതിരിയും അതിനായി വാഷിംഗ്ടണിലെത്തി. ഞാൻ ഉള്ളുനിറഞ്ഞു സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന എഴുത്തുകാർ. ഇവരെയൊക്കെ കേരളത്തിലെ ചടങ്ങുകളിൽ ദൂരെ നിന്നു മാത്രമേ അതുവരെ കാണാൻ പറ്റിയിട്ടുള്ളു. ആകാശത്തിലെ നക്ഷത്രങ്ങൾക്ക് സമാനം. ഈ സമ്മേളനം കാരണം എനിക്കുണ്ടായ ആഹ്ലാദം പറയാനില്ല. എന്റെ പിഎച്ച്​.ഡി പഠനം ഒന്നു രണ്ടാഴ്ചത്തേക്കു നിർത്തിവെച്ചു. ഇവരുടെ നിഴലായി നടക്കാൻ പറ്റിയിടത്തൊക്കെ നടന്നു. ഒ.എൻ.വി സാറിനെ ന്യൂയോർക്കിലെ ജെ.എഫ്​.കെ എയർപോർട്ടിൽനിന്ന്​ വാഷിംഗ്ടണിൽ എത്തിക്കേണ്ട ചുമതലയുണ്ടായതുകൊണ്ട് സാറുമായി നല്ല പരിചയമായി. അഞ്ചു മണിക്കൂറിലേറെ സാറുമായി കാറിൽ വർത്തമാനം തകർത്തു. സുഗത ടീച്ചറാണെങ്കിൽ എന്തെങ്കിലും ആവശ്യത്തിന്​ ‘കുട്ടീ കുട്ടീ’ എന്നു വിളിക്കും. ആ വിളി ഇപ്പോഴും ഓർമയിലുണ്ട്. അങ്ങനെ ആ പഞ്ചരത്‌നങ്ങളിൽ നാലു പേരുമായി കുറച്ചൊക്കെ ഇടപഴകാൻ സാധിച്ചു. പക്ഷേ, എം.ടി; ആ മുഖം കാണുമ്പോഴേ ഒരു പേടി തോന്നും. എപ്പോഴും ഗൗരവം. കൊച്ചുവർത്തമാനങ്ങളില്ല. കളിചിരിയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽപ്പോലും അദ്ദേഹം ആരുടെയും അടുത്ത് അവ വെളിപ്പെടുത്തുകയില്ല. അധികം സംസാരമില്ല. പിന്നെ എങ്ങനെ അടുത്തുചെല്ലും? പരിചയമാവും? അതുകൊണ്ട് ഞാൻ അകന്നുതന്നെ നിന്നു.

1992- ൽ വാഷിംഗ്ടണിൽ നടന്ന സാഹിത്യ സമ്മേളനത്തിനിടെ ഒ.എൻ.വി, എം.ടി. വാസുദേവൻ നായർ, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി എന്നിവർ

എം.ടി അതിനുശേഷം പലപ്പോഴും വാഷിംഗ്ടണിൽ വരികയും എന്റെ ഭർതൃസഹോദരി വത്സല ശേഖറിന്റെ വീട്ടിലോ അല്ലെങ്കിൽ അമ്മു ചേച്ചി എന്നു ഞാൻ വിളിക്കുന്ന ഡോ. പാർവ്വതി മോഹന്റെ വീട്ടിലോ താമസിക്കുകയും ചെയ്തപ്പോഴാണ് ഒന്നുരണ്ടു വാചകമെങ്കിലും അദ്ദേഹത്തോടു സംസാരിക്കാനുള്ള ധൈര്യം എനിക്കു കിട്ടിയത്. എന്നിട്ടും ഞാൻ കൂടുതലും മൗനം പാലിച്ച്, അദ്ദേഹം എന്തെങ്കിലും പറയുന്നത് കേട്ടിരുന്നതേയുള്ളൂ. എന്നാൽ അദ്ദേഹത്തോട് എനിക്കെന്തൊക്കെയോ പറയാനുമുണ്ട്. അമേരിക്കൻ മണ്ണിൽ ഞാൻ കാലുകുത്തിയപ്പോൾ മുതൽ ഉള്ളിൽ വളർന്ന പല പേടികൾ; ഞാൻ അതുവരെ അറിഞ്ഞ എന്നെ എനിക്കിനി നഷ്ടപ്പെടുമെന്ന പേടി, എന്റെ ഉള്ളിലുള്ള മലയാളവും മലയാള സാഹിത്യത്തോടുള്ള സ്‌നേഹവും വറ്റിപ്പോകുമെന്ന പേടി, എന്തെങ്കിലും മലയാളത്തിൽ എഴുതണം എന്ന സ്വപ്നം ഇനി എങ്ങനെ പുലർത്തും എന്ന സങ്കടം - ഇതൊക്കെയാണ് എനിക്ക്​ എം. ടിയോട് പറയേണ്ടിയിരുന്നത്. എന്തിന് പറയുന്നു, അതുകൊണ്ട് എന്തു കാര്യം എന്നൊന്നും ഒരു തീർച്ചയുമില്ല. എന്നാലും എനിക്കത് പറയാതെ വയ്യ എന്നുതോന്നി.

എം.ടിയോട്​ എനിക്കെന്തൊക്കെയോ പറയാനുണ്ട്. അമേരിക്കൻ മണ്ണിൽ ഞാൻ കാലുകുത്തിയപ്പോൾ മുതൽ ഉള്ളിൽ വളർന്ന പല പേടികൾ; ഞാൻ അതുവരെ അറിഞ്ഞ എന്നെ എനിക്കിനി നഷ്ടപ്പെടുമെന്ന പേടി, എന്റെ ഉള്ളിലുള്ള മലയാളവും മലയാള സാഹിത്യത്തോടുള്ള സ്‌നേഹവും വറ്റിപ്പോകുമെന്ന പേടി, എന്തെങ്കിലും മലയാളത്തിൽ എഴുതണം എന്ന സ്വപ്നം ഇനി എങ്ങനെ പുലർത്തും എന്ന സങ്കടം...

നേരെ മുന്നിലിരുന്നു പറയാൻ ധൈര്യമില്ലാതിരുന്നതുകൊണ്ട് ഞാൻ ഒരു ചെറിയ കത്തെഴുതി. 1996-ൽ വിസിറ്റിനു വന്നു മടങ്ങിയപ്പോൾ എം. ടിയുടെ കൈയിൽ കൊടുത്തു. മറുപടി ഒട്ടും പ്രതീക്ഷിച്ചില്ല. എത്ര തിരക്കുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം കളയാൻ മാത്രം ഞാൻ ആരാണ്? എന്റെ മനസ്സിലുള്ളത് കത്തിൽ പറഞ്ഞു കഴിഞ്ഞപ്പോൾ നല്ലൊരാശ്വാസം തോന്നിയിരുന്നു. അതുമതി എന്ന്​ ഉള്ളിൽ കരുതുകയും ചെയ്തു. പക്ഷേ തിരക്കിനിടയിലും മറക്കാതെ എം.ടി എനിക്കൊരു മറുപടി അയച്ചുതന്നു. അതിലെ ഒരു വാചകം - അകത്ത് സർഗ്ഗശക്തിയുടെ ഒരു തിരി എരിയുന്നുവെങ്കിൽ അത് കെടാതെ കൊണ്ടു നടക്കുക മാത്രമാണ് വഴി എന്ന വാചകം - വായിച്ചപ്പോഴേ ഞാനത്​ ഉള്ളിൽ കോരി നിറച്ചു. എന്റെയുള്ളിലെ തിരി അണയാതെ കത്താനുള്ള എണ്ണയായി ആ ഉപദേശം. ആ എണ്ണ എന്നിൽ എന്നും ഉണ്ടായിരുന്നുവെന്ന് 2018-ൽ സീത എഴുതാനിരുന്നപ്പോൾ എനിക്കു ബോധ്യപ്പെട്ടു. പുതിയ ജീവിതസാഹചര്യങ്ങളിലെ അനുഭവങ്ങൾ സമ്പാദ്യമാക്കി സ്വകാര്യമായി സൂക്ഷിച്ച് പിന്നീട് ഉപയോഗപ്പെടുത്താമെന്ന ഉപദേശവും ‘യാനം സീതായന’ ത്തിലെ സമകാലീനയായ സീതയുടെ സൃഷ്ടിയിൽ എത്രമാത്രം പ്രയോജനപ്പെട്ടു എന്ന് പറഞ്ഞറിയിക്കാൻ പ്രയാസം.

ഇതിഹാസത്തിന്റെ വഴിയിൽ ഞാനറിയാതെ എങ്ങനെയൊ എത്തിപ്പെട്ടതാണ്. ഒരു നിയോഗം പോലെ. ‘കൊടുങ്കാറ്റുകളെ ചങ്ങലക്കിട്ടു നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്, അവിടുത്തെ മകനായ അഞ്ചു വയസ്സുള്ള ഒരുണ്ണിയുണ്ട്' എന്ന ഒറ്റ വാചകത്തിലൂടെ എന്റെയുള്ളിൽ അന്നുവരെയുണ്ടായിരുന്ന ‘മന്ദൻ ഭീമ’ന്റെ ചിത്രം തുടച്ചുകളഞ്ഞ എം.ടിയെ ഞാൻ സീത എഴുതിക്കൊണ്ടിരുന്നപ്പോൾ ഏതാണ്ട് എല്ലാ ദിവസവും ഓർമിച്ചു. എന്നെ എഴുതാൻ മോഹിപ്പിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. എഴുത്തിന്റെ ലോകത്തിലെ പിതാവായും ഗുരുവായും എന്നും എന്റെ ഉള്ളിൽ തുടരുന്നതിന് കൈവിരലറുത്ത്​ ദക്ഷിണ വച്ചില്ലെങ്കിൽ കൂടിയും ഏകലവ്യനായി നമസ്‌കരിച്ചു.

ശാസ്ത്രം ജീവിതമാർഗ്ഗമാക്കിയ, എഴുത്ത് ഉള്ളിൽ മുള പൊട്ടിയിട്ടില്ലാത്ത, കേരളത്തിൽനിന്നും വാഷിംഗ്ടണിലേക്കു പറിച്ചു നടപ്പെട്ട ഒരു സാധാരണ യുവതിയുടെ ആശങ്കകൾക്ക് എം.ടിയെപ്പോലെ ഒരാൾ അന്ന് മറുപടി അയക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും അദ്ദേഹം അതു ചെയ്തു.

അന്നുമുതൽ ഞാൻ എന്റെ നിധി തിരയുകയായിരുന്നു. അതെന്നെ കണ്ടെത്തിയപ്പോൾ - ഞാൻ കണ്ടെത്തുകയായിരുന്നില്ല - വർഷം 2021 ആയി. സീത ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയ വർഷം. ശാസ്ത്രം ജീവിത മാർഗ്ഗമാക്കിയ, എഴുത്ത് ഉള്ളിൽ മുള പൊട്ടിയിട്ടില്ലാത്ത, കേരളത്തിൽനിന്നും വാഷിംഗ്ടണിലേക്കു പറിച്ചു നടപ്പെട്ട ഒരു സാധാരണ യുവതിയുടെ ആശങ്കകൾക്ക് എം.ടിയെപ്പോലെ ഒരാൾ അന്ന് മറുപടി അയക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും അദ്ദേഹം അതു ചെയ്തു. ഒരു പക്ഷേ ആ തലമുറയുടെ മഹത്വവും അതു തന്നെയായിരുന്നു എന്നു തോന്നുന്നു. എത്ര ഭാഗ്യം, അവർ എഴുതിയത് വായിക്കാനായി, ഉള്ളിലേറ്റാനായി എന്നത്. അവർക്കു പുറകെ, ആ കാലടിപ്പാടുകൾ പിന്തുടർന്ന് അൽപ്പമെങ്കിലും നടക്കാനായി എന്നത്.

എം.ടിയുടെ മുന്നിലിരിക്കാനുള്ള ഒരു അവസരം ഇപ്പോൾ ലഭിച്ചാലും ഇതൊന്നും ഉറക്കെ പറയാൻ എനിക്കു ധൈര്യമുണ്ടാവില്ല. അതുകൊണ്ട്, ഇങ്ങനെ, ഇവിടെ ഒരു കത്തെഴുതുന്നു. എം. ടിക്ക്, സ്‌നേഹപൂർവ്വം, നന്ദിപൂർവ്വം; സിനി. ▮


സിനി പണിക്കർ

നോവലിസ്​റ്റ്​. അമേരിക്കൻ ഡിപ്പാർട്ട്മെൻറ്​ ഓഫ് ജസ്റ്റിസിനു കീഴിലുള്ള ഡ്രഗ് എൻഫോഴ്​സ്​മെൻറ്​ അഡ്മിനിസ്ട്രേഷനിൽ (DEA) സീനിയർ സയൻറിസ്​റ്റ്​. "Sita: Now You Know Me’ എന്ന ഇംഗ്ലീഷ്​ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഈ നോവൽ "യാനം സീതായനം’ എന്ന പേരിൽ മലയാളത്തിലേക്ക്​ വിവർത്തനം ചെയ്​തു.

Comments