എസ്. ജോസഫ്

കവി എഴുതുന്നതിലേക്ക്​ കവിത സ്വഭാവികമായി കടന്നുവരുന്നു

തല്ലു വാങ്ങുന്നവർ

ഴുത്തച്ഛൻ മുതൽ ഏതാണ്ട് മൂന്നര നൂറ്റാണ്ടുവരെ അഥവാ ആധുനിക കവിതയുടെ കാലയളവുവരെ നിലനിന്ന കാവ്യഭാഷ ഉത്തരാധുനിക കവിതയുടെ ഏതാണ്ട് മുപ്പതുവർഷത്തെ കാലയളവിൽ (1990-2020 ) മാറ്റിമറിക്കപ്പെട്ടു.
വളച്ചു കെട്ടില്ലാത്ത, സംസ്കൃതത്തിന്റെ ആധിപത്യം (അപസംസ്കൃതീകരണം - De Sanskritisation) കുറഞ്ഞ, നാട്ടു മൊഴിച്ചന്തമുള്ള ഒരു ഭാഷാരീതി 90 കൾ മുതലുള്ള കവിതകളിൽ രൂപപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
ഒരു കടയിൽ ചെന്നിട്ട് എനിക്ക് ഒരു കിലോ അരി വേണം എന്നു പറയുന്നപോലെ യോ ഞാനൊരു ഭ്രാന്തൻ കണ്ടലാണ് എന്ന മാതിരിയോ ഭാഷ സുതാര്യമായി ഇക്കാലത്ത്. തലതിരിഞ്ഞും മറിഞ്ഞും കിടന്ന കാവ്യഭാഷയെ നേരേയാക്കി പുതുകവിത.

ഒരു അനുഭവത്തിന് ഒരു ഭാഷയേയുള്ളു എന്നത് ഇക്കാലത്തെ കാവ്യഭാഷയെപ്പറ്റി പറയാൻ പറ്റിയ വാക്യമാണ്. അത് കണ്ടെത്തി എന്നതാണ് ഇവിടത്തെ മാറ്റം. ഗൃഹം എന്നതിന് പകരം വീട് എന്ന് കവിതയിൽ വന്നു. ചിത്രശലഭം എന്നതിനു പകരം പൂമ്പാറ്റ എന്നു വന്നു. പറയുന്നതുപോലെ ചില വാക്കുകൾ എഴുതപ്പെട്ടു. ഇല എന്നത് എലയായി. വിഷം വെഷമായി. പൗരാണിക മിത്തുകൾ ഉപേക്ഷിക്കപ്പെട്ടു. അതുപോലെ അതിസാധാരണക്കാരാണ് കവിതയിൽ കഥാപാത്രങ്ങളായത്. നാട്ടുപ്രദേശങ്ങൾ, മലഞ്ചെരിവുകൾ, കായൽ, കടൽ, പാടശേഖരങ്ങൾ, തൊഴിലിടങ്ങൾ, സ്ത്രീ ജീവിതപരിസരങ്ങൾ എന്നിവ കവിതയിൽ ഭൂവിടങ്ങളായി. നെരുദയുടെ അതിഭൗതിക കവിതയെ (Metaphysical Poetry ) നിക്കനോർ പാറ നിഷേധിച്ചമാതിരി ഒരു മാറ്റം ഇവിടേയും ഉണ്ടായി.

വെള്ളത്തെ സംബന്ധിച്ച് അനേകം കാഴ്ചവട്ടങ്ങൾ ഉണ്ടായി. മണ്ണിനെ, പക്ഷികളെ, മൃഗങ്ങളെ നേരേ കാണുന്ന ഒരു സാഹോദര്യം രൂപപ്പെട്ടു. ഗദ്യത്തിന്റെ അനന്തമായ സാധ്യതകൾ പ്രമേയമനുസരിച്ച് ശരീരാകൃതി പൂണ്ടു. സ്ത്രീയും പുരുഷനും സമനിരപ്പിൽ നിന്ന് പരസ്പരം നോക്കി. ഒരു പാരിസ്ഥിതികമായ സന്തുലിതാവസ്ഥ എല്ലാ കവിതകളിലും വ്യാപിച്ചു. കവി എഴുതുന്നതിലേക്ക് കവിത സ്വാഭാവികമായി കടന്നുവരുന്നു എന്ന ഒരു സാധ്യത പുതിയ കവിതാലോകത്തെ ഭരിക്കുന്നു. ആയതിനാൽ വൃത്തം, വ്യാകരണം, രൂപകം തുടങ്ങിയ സങ്കേതങ്ങൾ, രചനാപരമായ കാര്യങ്ങൾ ഒന്നും പഠിക്കാതെ ഒരാൾക്ക് ഇന്ന് കവിയാകാൻ പറ്റും. അയാൾക്ക് മറ്റാരും പറയാത്ത, അപ്രതീക്ഷിതമായ ചിലത് പറയാനുണ്ടാകുമെങ്കിൽ. ഇതൊരു സ്വാതന്ത്യം തന്നെയാണ്.

ഇതിൽ (1) നാട്ടുമൊഴിച്ചന്തം കൊണ്ടും അദൃശ്യമായിക്കിടന്ന പ്രദേശങ്ങളുടേയും അനുഭവങ്ങളുടേയും പുതിയ തിണകൾ എഴുതിയ കീഴാള / ദളിത് കവിതയുടെ ധാര ഏറെ ശക്തമാണ്. കാവ്യഭാഷയിൽ വലിയൊരു വിപ്ലവമാണ്, വിച്ഛേദമാണ് കീഴാള / ദളിത് കവിത സൃഷ്ടിച്ചത് എന്ന് ഞാൻ കരുതുന്നു. സമൂഹം പുറന്തള്ളിയ വാക്കുകൾ അതിസാധാരണമായ അർത്ഥതലങ്ങൾ തേടുകയായിരുന്നു ദളിത് കവിതകളിലൂടെ. വൈരൂപ്യമായി കാണപ്പെട്ടിരുന്ന കറുപ്പിനെയും കീഴാള പ്രകൃതിയേയും അത് സൗന്ദര്യവൽക്കരിച്ചു. അടിസ്ഥാന മനുഷ്യരെയും അവരുടെ ജീവിതത്തെയും പരിസ്ഥിതിയെയും എഴുതി. പുതിയ കവിയായ വിപിതയുടെ കവിതയുടെ ഒരു ഭാഗം
മാത്രം കൊടുക്കുന്നു :

വിപിത

"ആത്മഹത്യ ചെയ്യാനൊരു ചില്ല തേടി, ഞാനുമമ്മച്ചിയും നാടുകൾ താണ്ടി. അമ്മച്ചിക്ക് മരം കേറാനറിയാം. അമ്മച്ചിയെന്നിട്ടുമെന്നെ മരം കേറിയാക്കീല്ലെന്ന് തപിച്ച് ഞാൻ സാരിത്തുമ്പിൽ കൂടി. ഉയരം ചൊവ്വിനൊക്കുന്ന മരം കിട്ടണം. തെങ്ങല്ലാതൊന്നുമില്ലെന്നമ്മച്ചി, പറമ്പിനെ പ്രാകി എന്നെയും കൂട്ടി. ചാവാനെത്ര വഴിയമ്മച്ചി, ആറ്റിൽ ചാടാം, എലിവെഷം തിന്നാം, ഉപായങ്ങൾ കാട്ടി ഞാൻ തർക്കിച്ചു. അമ്മച്ചിയ്ക്ക് ഭൂമിയിലും ആകാശത്തുമല്ലാതെ ചാവണം. മരിക്കുമ്പോൾ കിളികൾ പറക്കണം ആകാശം കാണണം.'

സുകുമാരൻ ചാലിഗദ്ദ

ദളിത് കവിതയോട് സമാന്തരതയും സാഹോദര്യവും വഹിക്കുന്നതാണ് അനിൽ കുമാർ ഡേവിഡിന്റെ കടൽ കവിതകളും അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ദ ഉൾപ്പെടെയുള്ളവരുടെ ആദിവാസി കവിതകളും. അനുഭവത്തിന്റെ ഭാഷ എന്ന ദളിത് കവിതയിലെ സങ്കല്പനമാണ് ഇവിടെയും തുടർന്നത്. കടൽ ജീവിതത്തിന് ഒരു ഭാഷ കണ്ടെത്താൻ കഴിഞ്ഞു എന്നത് അനിലിന്റെ ഒരു വലിയ വിജയമാണ്. അനിൽ കടലോര ഭാഷാപദങ്ങളും ചേർത്ത് ഒരു വെങ്കല ഭാഷ നിർമ്മിക്കുന്നു, സമാനമായ കവിതകളാണ് അശോകൻ മറയൂരിന്റേയും. ഗോത്രങ്ങൾ അനവധിയാണ് ഗോത്രഭാഷകളും അനവധിയാണ്. ഒരാളുടെ ഭാഷ ഒരു ആശയം ആണെങ്കിൽ ഗോത്രഭാഷ / മലയാളം എന്ന ദ്വിമാനത അതിലുണ്ടായി എന്നതാണ് ആദിവാസികവിതയെ വ്യത്യാസപ്പെടുത്തുന്ന പ്രധാനകാര്യം. അതിലേക്ക് ഒരു തുടക്കം കുറിക്കുകയായിരുന്നു അശോകൻ.

അശോകൻ മറയൂർ

ഗോത്രഭാഷയിലെ ഒരു കവിത താഴെക്കൊടുക്കട്ടെ.(മലവേടർ ഗോത്രത്തിലെ കവി രതീഷ് ടി. ഗോപിയുടെ കവിത)

" പണി ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവരുണ്ട്. വീട്ടിൽ കുഞ്ഞു കുഞ്ഞു പണികളുമായി അവർ അങ്ങനെ ഇരിക്കും. പറച്ചിലും കുറവായിരിക്കും. ഇവരുടെ പാവവും നിഷ്കളങ്കതയും കണ്ടു

പെണ്ണുങ്ങൾ സൂര്യൻ മറയാറാകുമ്പോൾ, അരിപ്പാട്ടയിലും മുളകു പാത്രത്തിലും ഇട്ടു വച്ച,

ഇവർ നേരത്തെ മിച്ചം കൊടുത്ത പൈസ എടുത്തു നൽകും. കാശ് കിട്ടുന്നതും സൂര്യനെ മറഞ്ഞു ഒറ്റ ഓട്ടം ആണ്...പിന്നെ രാത്രിയിൽ, അരിക്കലത്തിന്റെയും മുളക് പാട്ടയുടെയും വീര്യത്തിലാണോ ദാരിദ്ര്യം പിടിച്ചു പോയവർ വെളിച്ചപ്പാട് തുള്ളി തിരിച്ചു വരും. അങ്ങനെ കാശ് അങ്ങോട്ട്‌ കൊടുത്തു തല്ലു വാങ്ങുന്ന ഞങ്ങടെ പെണ്ണുങ്ങൾ (എല്ലാരും അല്ല കേട്ടോ )'

രതീഷ് ടി. ഗോപി

ഒരു കടൽ കവിത കൂടി:

"ചാക്കാല കഴിഞ്ഞു പക്കിയായി ആത്മാവ് വീട്ടിൽ വന്നു

"അപ്പാ അപ്പാ'യെന്ന് ഞങ്ങളൊമ്പതും ആർത്തു.

തൈലം പെരട്ടി കെടന്നതേയുള്ളൂ അമ്മ ഒറ്റകുത്തിന് കൊണ്ടയ്ക്ക് പിടിച്ചു നിർത്തി തെറിച്ച കടലാളത്തിൽ നാല് പളളുരിച്ചു

"അപ്പാ അപ്പാ അപ്പന്റെ ചെറകെന്തായിങ്ങനെ കല്ലറയിലെ കെടപ്പെങ്ങനെ' ഞങ്ങളൊമ്പതും മുട്ടുകുത്തി

"വലയെടുക്ക് മക്കളെ മേലാട്ട് നടക്ക് അവിയങ്കോര പാവി തിരിച്ചണയാം'

നേരം വെട്ടം വച്ചു ഈരഞ്ചീലയോടെ ഞങ്ങള് പത്താളും വന്നേറി

നല്ല ഒറക്കത്തിലാ അമ്മ "പ്ഫാ ! എണീക്കെടി' അപ്പന്റെ ആട്ട്

അവിയങ്കോര വെന്തു മണത്തു മരിച്ചീനിയും ഉപ്പും മുളകും

ഏമ്പക്കം വിട്ട് അപ്പനെറങ്ങി

"അപ്പാ അപ്പാ അപ്പനെങ്ങോട്ടാ ഇവിടിരുന്നോണം ഞങ്ങള് പോയി കെടക്കാം കല്ലറയിൽ''

( അവിയങ്കോര, ഡി. അനിൽകുമാർ)

(2) അതുപോലെ ആധുനികരുടെ പ്രഭാഷണ പരമായ / അതിഭൗതികമായ ഭാഷയോടുള്ള വിയോജിപ്പുകൊണ്ടും ലഘു ആഖ്യാനങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ഉത്തരാധുനിക മുഖ്യധാരാ കവിതയിലും ഭാഷാമാറ്റം ഉണ്ട്. ( ഈ കാര്യം കവിതയ്ക്കൊരിട ത്തിൽ അൻവർ അലിയും പി.രാമനും തമ്മിലുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട് )

സ്ത്രീകളുടെ രചനകൾ ഇതിന്റെ ഭാഗമായി സ്ത്രീജീവിതം എഴുതിയിരുന്നു.
ഭാഷയെ പ്രതീകങ്ങളായല്ല. അനുഭവത്തിന്റെ മുദ്രപതിഞ്ഞ അടയാളങ്ങളായാണ് മുഖ്യധാരാ വിഭാഗക്കാരും പരിഗണിച്ചത്. അനുഭവത്തിന് ഒരു ഭാഷ എന്ന കീഴാള-ദളിത് കവിതയിലെ കൃത്യത ഇവിടെ ഉണ്ടായില്ല. എങ്കിലും വേറിടുന്ന ഭാഷ ഉത്തരാധുനികതയിലെ മുഖ്യധാരയിലും കാണാം. വ്യതിരിക്തമായ ഭാഷാ സ്വഭാവമുള്ള മേൽപറഞ്ഞ രണ്ട് കാവ്യ ധാരകളും ഏതാണ്ട് ഒന്നായിച്ചേർന്ന് പ്രിന്റ് മാധ്യമം, ഫെയിസ് ബുക്ക്, വാട്സ് ആപ്പ് എന്നീ മാധ്യമങ്ങളിലൊക്കെ ഇന്ന് വ്യാപിച്ചിരിക്കുന്നു.

അമ്മു ദീപ

സൈബർ കവിത പൊതുവിൽ കുറുക്കിയെഴുത്തിനെ കൈവിട്ട് നീട്ടിയെഴുത്ത് മാത്രം എടുത്തു. (എന്നാൽ സുജീഷ് , ആദിൽ മഠത്തിൽ, അമ്മു ദീപ എന്നിവർ ഇതിന് അപവാദമാണ്.) പിന്നെ ആധുനികതയുടെ കാലത്തെത്തന്നെ സറിയലിസ്റ്റ് ഭാവനയെ കുറേയൊക്കെ സ്വീകരിക്കുകയും ചെയ്തു. ഏതായാലും പ്രതലങ്ങൾ മാറി മറിഞ്ഞാലും ഭാവുകത്വപരമായ തുടർച്ചയും ഭാഷാപരമായ തുടർച്ചയും സൂക്ഷ്മമായി നോക്കിയാൽ തൊണ്ണൂറുകൾ മുതൽ ഇക്കാലം വരെയുള്ള കവിതയിൽ കാണാവുന്നതാണ്. ആയതിനാൽ ഈ മുപ്പതു വർഷത്തെ കാവ്യചരിത്രത്തെ ഒരു ചരിത്രവൃത്തമായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇനിയും രാഷ്ട്രീയമായ കാരണങ്ങളാൽ ഈ കാവ്യഭാഷ തുടരാനാണ് സാധ്യത.

അനിത തമ്പി - (മൈമുണ്ണി അലി - മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ)

" പണ്ട്​ പണ്ട് ലോകം മട്ടാഞ്ചേരിദൂരം ഓട്ടമുക്കാലിന്ന് ചാള വാരിവാരിവിറ്റ്

തോണിപ്പണിക്കാലം ചാപ്പയ്‌ക്കോടും തീരം വെടിതുളഞ്ഞ കാലിൽ തീരാനടനട നടന്ന്

കായലോളം ചെന്ന് കോളെടുത്ത് വന്ന് നല്ലപിടപിടയ്ക്കുന്ന പച്ചമീൻ വിളിച്ച്

ഒറ്റമുണ്ടുടുത്ത് ഒച്ചയിൽ ചിരിച്ച് ഒറ്റയാൾനൂറ്റാണ്ട് നാട്ടുകവലയിൽ തെളിഞ്ഞ്

ഉച്ചിമുറിവിത്രനാളും നീറ്റിയോൻ അലീക്ക പച്ചമുറിവായകൂടാതിപ്പൊഴും അലീക്ക'

സാഹിറ. എം

( നിങ്ങൾ നിങ്ങളെ കണ്ടിട്ടുണ്ടോ?)

" ഇന്നലെ കുറ്റിപ്പുറം ബസ്റ്റാന്റിൽ വെച്ച് ഞാൻ എന്നെക്കണ്ടു. എനിക്കിഷ്ടമല്ലാത്ത സബർജലിയും വാങ്ങി ഞാനിതെങ്ങോട്ട് പോകുന്നുവെന്ന് ഞാനന്തം വിട്ടു.

വലതുകൈത്തണ്ടയിൽ കാലൻകുട കൊളുത്തിയിട്ടിട്ടുണ്ട്. ചുരുട്ടിക്കെട്ടിയ മുടി, വലിയ മൂക്കുത്തി, വലിയ പൊട്ട്. എന്റെ അതേ വയലറ്റ് കുർത്ത. ഞാൻ എന്നെത്തന്നെ നോക്കി നിന്നു. ഇത്രയും മെലിഞ്ഞിട്ടാണോ ഞാൻ ! കണ്ണാടിയിൽ കാണുന്നതിനേക്കാൾ മെലിഞ്ഞ്, ഇരുണ്ട്. നഖത്തിന് ഇളം നിറങ്ങൾ തന്നെയാണ് ചേരുന്നത്. ( സന്തോഷം തോന്നി ) മുഖത്ത് ഇത്രയും ഗൗരവം വേണ്ട. ഒരു ചെറുമന്ദഹാസം നല്ലതാണ്. ചുണ്ടിനുമുകളിലെ കാക്കപ്പുള്ളിയിൽ അതൊളിപ്പിച്ചുവെച്ചാൽ നന്നായിരിക്കും. അപ്പോഴെന്റെ മുഖം നാലുമണിപ്പൂക്കളുടേതു പോലെ നിർമ്മലമാവും. കൺതടങ്ങളിലെ കറുപ്പ് രാശി കുറയ്ക്കണം ( അഭംഗിയായി തോന്നുന്നു ). കാൽവിരലുകളിലണിയാൻ വെള്ളിയിൽ പണിത മിഞ്ചി വാങ്ങണം. പിൻകഴുത്തിലെ രോമം അതിമനോഹരമാണ്. ഒരു കാമുകക്കാഴ്ചയേക്കാൾ മികവോടെ അവയെന്റെ മുന്നിൽ വെളിവാകുന്നു.'

(ഉടലിൽ ചിത്രമെഴുതുന്നവൾ , അനുശ്രീ )

" ഉടലിൽ ചിത്രമെഴുതുന്ന ഒരുവളെ പരിചയപ്പെടേണ്ടി വന്നു. അതെ, പെടേണ്ടി വന്നു. ഞാനന്ന് നിറങ്ങളെ വെറുക്കുന്ന കാലമായിരുന്നു. അവളെ കണ്ടതിനു ശേഷം സർവ്വതും നിറങ്ങളോടെ കാണപ്പെട്ടു. കാണുമ്പൊ കാണുമ്പൊ ഉമ്മ വെയ്ക്കാൻ തോന്നുന്ന നേർത്ത ചുണ്ടുകൾ കൊണ്ടവൾ മിണ്ടുമ്പോൾ ഞാൻ, ആണുങ്ങളെപ്പോലെ ദുർബലപ്പെട്ടു. നെറുക മുതൽ കാലിലെ ചെറുവിരൽ വരെ ഓരോന്ന് വരച്ചും മായ്ച്ചും അവളെന്നെ കാടോ കടലോ സന്ധ്യയോ ചന്ദ്രനോ മേഘമോ ആക്കി മാറ്റി. മടക്കുകളിൽ... ഇടുക്കങ്ങളിൽ... ചുഴികളിൽ... ഇഴകളിൽ... നിറങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു. വൈകുന്നേരങ്ങളിൽ, പുക കൊണ്ട് പരസ്പരം കാണാതാവുന്നത്രയും സിഗരറ്റ് വലിച്ചൂതി.. മഞ്ഞച്ച രാത്രികളിൽ ആകാശം നോക്കി മലർന്നു കിടന്നു. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ പെട്ടെന്ന് രണ്ട് മനുഷ്യരായി. എങ്ങോട്ട് പറന്ന് പോയാലും ഇടക്കിടെ കൂടണയുന്ന പൊരുന്നപക്ഷികളെപ്പോലെ ഞങ്ങൾ ഞങ്ങളിലേക്ക് വീണ്ടും വീണ്ടും പറന്നിറങ്ങി. നിറങ്ങൾ വാർന്നു പോയിരുന്ന നാലു ചിറകുകൾക്കിപ്പൊ ഒരേ നിറമാണ്.'

ധീരമായി കവിതയെഴുതുന്ന ഒരു കവിയാണ് ഷാജു വി.വി. കവിതയ്ക്കും കഥയ്ക്കുമിടയിലെ ഒരു അതിർവരമ്പ് ഇവിടെ മാഞ്ഞു പോകുന്നു. അല്പം വളച്ചുകെട്ടുള്ള ഭാഷയാണ്. കവിതയുടെ അപൂർവമായ മിന്നലാട്ടങ്ങൾ ഇടയ്ക്കിടയ്ക്ക് തെളിയും. എഴുത്തിലെ സ്വന്തം വഴി അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തുറന്നെഴുത്തിന്റെ ലോകമാണ് വിഷ്ണു പ്രസാദിന്റേത്. കില്ലർ എന്ന കവിത തുടങ്ങുന്നതു തന്നെ നാടകീയമായാണ്.

" ആദ്യമായി അവളെക്കാണുമ്പോൾ അതു തന്നെ സംഭവിച്ചു. ഏത്? മഴ ? അല്ല. പ്രേമം ? അല്ല. പരിപാടി ? അല്ല. കൊലപാതകം ? അതെ'

വളരെ വ്യത്യസ്തമായെഴുതുന്ന മറ്റൊരു കവിയാണ് അരുൺ പ്രസാദ്. വിഷാദ രോഗി എന്ന ഒറ്റക്കവിതമതി ആ കവിയെ തിരിച്ചറിയാൻ. അത് ഇങ്ങനെ തുടങ്ങുന്നു :

"അത്രമേലാകില്ലയിനി അടക്കിപ്പിടിക്കുവാനെന്നാകുമ്പോൾ വലിഞ്ഞുമുറുകിയ ഞരമ്പുകളിലൊന്നിനെ മുറിച്ച് പതുക്കെ ആ/ശ്വസിക്കുന്നപോൽ അനായാസമായി അഴിച്ച് വിടുന്നു നമ്മളെ നാം.'

പുതുകവിതയുടെ തുടക്കം മുതലേ പുതുപരീക്ഷണങ്ങളിൽ ഏർപ്പെടുന്ന ഒരു കവിയാണ് ശ്രീകുമാർ കരിയാട്.

"വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട അയാൾ പ്രാവുകളിലൊന്നായി പള്ളിയിൽ താമസിച്ചു. പ്രാവുകൾ അയാളെ ഉൾക്കൊണ്ടു. അവരുടെ ഭാഷ പഠിപ്പിച്ചു. പറക്കാനും ചിറകുമിനുക്കാനുമൊക്കെ പഠിപ്പിച്ചു'

വിദ്യ പൂവഞ്ചേരിയുടെ ഒരു കവിത അവസാനിക്കുന്നതിങ്ങനെയാണ് :

വിദ്യ പൂവഞ്ചേരി

" ഉറങ്ങുന്ന ഗ്രാമത്തിന്റെ ജനലിലൂടെ ആശയോടെ കൈനീട്ടിയ എനിക്ക് ഇതിൽപ്പരം മറ്റെന്തു കിട്ടാനാണ്? !! എന്റെ രാത്രികൾക്കിപ്പോൾ ആ പാട്ടിന്റെ മണമാണ്. കുന്നു കയറിയിറങ്ങുന്ന ഒരു കുഞ്ഞിന്റെ ചിരിയും.'

നന്ദനൻ മുള്ളമ്പത്തിന് സ്വരവ്യതിയാനമുണ്ട്." ഒന്നും ശരിയല്ലെന്ന് തോന്നി അതു കൊണ്ട് അരക്കുപ്പി ബ്രാണ്ടി കുടിച്ചു അപ്പോൾ എല്ലാം ശരിയാണെന്നും ഞാൻ മാത്രം ശരിയല്ലെന്നും തോന്നി നേരെ സ്റ്റേഷനിൽ ചെന്ന് പോലീസിനോട് പറഞ്ഞു ഞാൻ ശരീല്ല എന്ന ലോക്കപ്പിലിട്... പോലീസ് പറഞ്ഞു ഇങ്ങള് ശെരിയാ ഇങ്ങള ലോക്കപ്പിലിടൂല...'

പ്രകൃതിയെ സ്പർശിക്കുന്ന കവിതകളാണ് സുജീഷിന്റേത്. നിശ്ശബ്ദതയുടെ നേർത്ത സംഗീതവും ഉണ്ടവയിൽ .

ഗോപൻ കളത്തറയുടെ ഒരു കവിതയിലെ സമബന്ധങ്ങൾ ഇങ്ങനെ:

" എപ്പോഴോ തമോഗർത്തമായി മാറിയ നക്ഷത്രത്തിന്റെ വെളിച്ചം ഇപ്പോൾ ഭൂമിയിലെത്തുന്നു എപ്പോഴോ ആരോ എഴുതിയ ഒരു പുസ്തകം ഒരുവന്റെ കയ്യിലിരിക്കുന്നു.'

ശെെലൻ, അനിൽ കുമാർ ഡേവിഡ്

സിന്ധു കെ.വി, എസ്. കണ്ണൻ, ആശാലത, വിമീഷ് മണിയൂർ, ശൈലൻ, കളത്തറ ഗോപൻ, രാഹുൽ ഗോവിന്ദ്, വിഷ്ണു കെ.എസ്, രഗില സജി, ആർ. സംഗീത , ബാബു സ്കറിയ, അസീം താന്നിമൂട്, ശിവകുമാർ അമ്പലപ്പുഴ, വാസ്കോ വാസ്കോ, രാ പ്രസാദ്, സുബിൻ ഉണ്ണികൃഷ്ണൻ, ബിജു റോക്കി എന്നിങ്ങനെ എത്രയോ കവികൾ വ്യത്യസ്തതയ്ക്ക് ശ്രമിക്കുന്നു.

ഇന്നത്തെ സ്ത്രീ കവിതയിൽ എടുത്തു പറയത്തക്ക കാവ്യ സിദ്ധിയുള്ള
ചിത്തിര കുസുമൻ എന്ന കവിയുടെ ചില വരികൾ ഇവിടെ ഉദ്ധരിക്കാം :

ചിത്തിര കുസുമൻ

"ഞാനവ വാങ്ങിയത് അധികമായിപ്പോയി എന്ത് ? രാത്രികൾ. രാത്രികൾ ?! ഒരേയിനം രാത്രികളുടെ തൂക്കിവില്പനശാലയായിരുന്നു അത്,ലാഭത്തിൽ കിട്ടിയതുകൊണ്ട് ഇരിക്കട്ടെയെന്നു കരുതി. ഒരേയിനം രാത്രികളുടെ തൂക്കിവില്പനശാലയോ? അതുകൊള്ളാമല്ലോ . അതെ. ഒരേയിനം രാത്രികൾ. ദീർഘമായി ഉറങ്ങാനുള്ളതും ഇടക്കിടെ ഉണരാനുള്ളതും വൈകിയുറങ്ങാനുള്ളതും നേരത്തെ ഉണരാനുള്ളതും പൂർണമായി ഉണർന്നിരിക്കാനുള്ളതുമായ രാത്രികൾ.'

ഈ ഭാഷാമാറ്റത്തോടൊപ്പം ഹൈന്ദവ കേന്ദ്രിതമായ കവി സങ്കല്പവും കവിതയും ചിതറിപ്പോയി എന്നും കാണേണ്ടതുണ്ട്. ആധുനികതയ്ക്കുശേഷമാണ് ശരിക്കും ആ മാറ്റമുണ്ടായത്. ആധുനികതയിൽത്തന്നെ ശ്രദ്ധ കിട്ടിയ ഒരു ക്രിസ്ത്യൻ കവി ചെറിയാൻ. കെ.ചെറിയാൻ ആയിരുന്നു. ക്രിസ്ത്യാനിയായി കേരളത്തിൽ ജനിച്ചാൽ കവി എന്ന നിലയിൽ ശ്രദ്ധ കിട്ടുകില്ല എന്നതിന്റെ ഒരു പ്രതികരണമാകാം ആക്ഷേപഹാസ്യ കവിതയിലേക്ക് ജോസ് വെമ്മേലിയും മറ്റും തിരിയാൻ കാരണമെന്ന് ഞാനൂഹിക്കുന്നു. എന്നാൽ ഈ ഹൈന്ദവാധിപത്യം കവിതയിലേയുള്ളുവെന്ന് നാം മനസിലാക്കുന്നുണ്ട്. നിരൂപണത്തിലും കഥയിലും നോവലിലും അതില്ല. കവിതയ്ക്കുള്ള പാരമ്പര്യം അവയ്ക്കില്ലല്ലോ. അതാവാം കാരണം.

ഉത്തരാധുനിക കാലത്ത് കാര്യങ്ങൾ മൊത്തത്തിൽ മാറുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ആഗോളവൽക്കരണവും ഉത്തരാധുനിക ചിന്തകളും ആണ്. മറ്റൊന്ന് കീഴാള പഠനങ്ങൾക്കും ദളിത് ചിന്തകൾക്കും ലഭിച്ച സ്വീകാര്യത, ഒരു ജ്ഞാന പക്ഷമായി ദളിതർ, മുസ്‌ലീംകൾ എന്നിവരിലൊരു വിഭാഗം ഉയർന്നുവന്നതൊക്കെ പലതരത്തിലുള്ള വിമോചനവും സ്വാതന്ത്ര്യവും സാധ്യമാക്കി. ഇതോടൊപ്പം ബ്രാഹ്മണ്യം പരോക്ഷതയിലേക്ക് മാറിയെങ്കിലും അതിന്റെ നിയന്ത്രണം നിലനിൽക്കുന്നുണ്ട്. മേൽജാതിക്കാർ കൂടുതൽ സംഘടിതരാവുന്നുണ്ട് എന്നത് കാണുന്നുമുണ്ട്.

ഇന്നത്തെ മത ജാതി കേന്ദ്രിതസമൂഹത്തിൽ അനുലോമകരവും പ്രതിലോമകരവുമായ രണ്ടുതരം ചലനങ്ങൾ ഉണ്ടെന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. ഒന്ന് ജാതിമതങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഒരു ബുദ്ധിജീവി പക്ഷമാണ്. മറ്റൊന്ന് തികച്ചും യാഥാസ്ഥിതികമായിത്തന്നെ ജാതി മതങ്ങളെ മുറുക്കെ പിടിക്കുന്ന പക്ഷവുമാണ്. എന്നാൽ പുതുകവിത എഴുതുന്നത് ഈ ബുദ്ധിജീവി പക്ഷമാണ്. അത് വായിക്കാത്തവർ ഈ യാഥാസ്ഥിതികപക്ഷവുമാണ്.

ഡോണ മയൂര, രഗില സജി

മുസ്​ലിം, ക്രിസ്ത്യൻ, ദളിത്, പിന്നാക്ക ഹിന്ദു, ആദിവാസി, മുക്കുവ എന്നീ മേഖലകളിൽ നിന്നെല്ലാം പെൺ - ആൺ കവികൾ കവിതയിലേക്ക് വരാൻ തുടങ്ങിയിരുന്നു. ഹിന്ദു മതത്തിലെ കീഴാള ധാരകൾ , പ്രാദേശികമായ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യതകൾ ഒക്കെ കവിതയിലേക്ക് വരാൻ തുടങ്ങി . അൻവർ അലി, വീരാൻ കുട്ടി, റഫീക്ക് അഹമ്മദ്, പി.എ. നാസിമുദീൻ എന്നിവരും കെ.ആർ. ടോണി, കുഴൂർ വിൽസൺ, രൂപേഷ് പോൾ, സെബാസ്റ്റ്യൻ, ബാബു സ്കറിയ, പ്രഭാ സഖറിയാസ്, ഡോണാ മയൂര , ചിഞ്ചു റോസ, മ്യൂസ് മേരി തുടങ്ങിയവരും. എം.ബി. മനോജ്, ബിനു എം.പള്ളിപ്പാട്, വിജില, ധന്യ എം.ഡി, എം.ആർ. രേണുകുമാർ, എസ്. കലേഷ് എന്നിവരുമൊക്കെ കവിതയിൽ സാന്നിധ്യമായി.
പുതുകവികളിൽ ശ്രദ്ധേയനായ ആദിൽ മഠത്തിൽ എന്ന കവിയുടെ പ്രവാചകൻ എന്ന ഒരു കവിത ഇതാ:

ആദിൽ മഠത്തിൽ

"അറിയുന്നോരെ കണ്ടാലുടനെ റോഡു മുറിച്ചു കടന്നിട്ട് അറിയാതങ്ങനെ പോകുമയാൾ.

പുറത്തിറങ്ങും അയാളെന്നും അകത്തുകേറും വീടിൻ വിലാസമുണ്ടെന്നാൽ -

തേടിച്ചെല്ലുകിൽ കാണില്ല ഇവിടില്ലെന്നകത്തൂന്നെത്തും പരുക്കനൊച്ച പുറത്തേക്ക്.

ഈ പരസ്യ തെരുവിൽ തല പൊക്കാതെ നടക്കും നിഗൂഢ രഹസ്യമയാളിന്ന്.

പിറകെയൊരിക്കൽ പോയി ഇടവഴികളിലൂടെക്കറങ്ങി ആളിറങ്ങാ കടവിലെത്തി.

ഒഴുക്കിൽ ഊളിയിട്ടയാൾ '


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments