ഒരു രാത്രി, ഒരു കൂട്ടം നിശാശലഭങ്ങൾ ഒരു ചുവരലമാരയിൽ ഒത്തുകൂടി കത്തുന്ന മെഴുകുതിരിയെ നോക്കി ഇരുന്നു.
വെളിച്ചം കണ്ട് അമ്പരന്നുപോയ അവർ കൂട്ടത്തിൽ ഒരുവനെ അതെന്താണെന്നറിയാൻ പറഞ്ഞയച്ചു. അവൻ മെഴുകുതിരിയെ പലതവണ വട്ടമിട്ട് തന്റെ വിവരണവുമായി മടങ്ങിയെത്തി - പ്രകാശം തീക്ഷ്ണമാണ്.
ശേഷം രണ്ടാമത്തെ ശലഭം നിരീക്ഷണത്തിനായി പുറപ്പെട്ടു. അവനും തന്റെ വിവരണവുമായി മടങ്ങിയെത്തി - പ്രകാശത്തിന് നല്ല താപമുണ്ട്. ഒടുവിൽ മൂന്നാമനും പോകാൻ സന്നദ്ധനായി. എന്നാൽ മെഴുകുതിരിയോടടുത്തപ്പോൾ കൂട്ടാളികളെ പോലെ അവൻ അറച്ചില്ല, ആ നിശാശലഭം നേരെ തീയിലേക്ക് പറന്നുകയറുകയാണുണ്ടായത്. ശലഭം തീപ്പെട്ടുപോയി, എങ്കിലും പ്രകാശത്തിന്റെ പൊരുൾ അറിഞ്ഞത് അവൻ മാത്രമായിരുന്നു.
പണ്ടുപണ്ടൊരു പെൺ സൂഫി പറഞ്ഞ കഥയാണിത്.
മൂന്നാമത്തെ നിശാശലഭത്തെ പോൽ തീയറിഞ്ഞ, തീയായി മാറിയ ഒരു ശലഭമാണ് എനിക്ക് സാറാ ടീച്ചർ. മറ്റുള്ളവർ കേട്ടറിയുന്നതും കണ്ടറിയുന്നതും വായിച്ചറിയുന്നതും ടീച്ചർ ശീലിച്ചറിയുന്നു. ടീച്ചറുടെ ചിന്തകളും എഴുത്തും അടുത്തറിവുകളുടെ ആവിഷ്കാരങ്ങളാണ്. ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിൽ സമൂഹം എത്ര സങ്കീർണ്ണമാണ് എന്നതിന്റെ നേരറിവുകളാണ് ആ എഴുത്തും നിലപാടുകളും.

പെൺവായനയുടെ ഏറ്റവും സ്വതന്ത്രമായ ചിത്രണമായി മാറുന്ന ‘കറ’ പോലുള്ള രചനകളിലൂടെ ടീച്ചർ സ്ത്രീയെ സമൂഹത്തിന്റെ നഗ്നമായ തുറസ്സിലേക്ക് കൈപിടിച്ച് ആനയിക്കുകയാണ്. എന്തെന്നാൽ സാറാ ജോസഫ് രാമായണമോ ബൈബിളോ വായിക്കുന്നത് പൊതുബോധത്തിൽ നിന്ന് മാറിനിന്നുകൊണ്ടാണ്. അനാദികാലം മുതൽക്ക് ആൺകോയ്മ സ്ത്രീജീവിതങ്ങളിൽ പടർത്തിക്കൊണ്ടിരിക്കുന്ന കറ ഒരു നോവലിലൂടെ ആവിഷ്കരിച്ചുകൊണ്ട്, അതിന്റെ അവിരാമമായ തുടർച്ചയെ ഓർമ്മപ്പെടുത്തുകയാണ് ടീച്ചർ.
‘എന്റെ എഴുത്ത് എന്റെ നിലനിൽപ്പാണ്’ എന്ന് പ്രസ്താവിച്ചിട്ടുള്ള സാറ ടീച്ചർ കാലങ്ങളായി കെട്ടിക്കിടക്കുന്ന പെൺഭീതികളെ തുടച്ചു നീക്കുന്നത്തിനുള്ള വെല്ലുവിളി കൂടി ഏറ്റെടുക്കുകയാണ്.
കാനാനിൽ നിന്ന് പുറപ്പെട്ട യാത്ര ബീർഷേബാ കടന്ന് ഈജിപ്തിലേക്ക് പ്രവേശിക്കുന്ന മാത്രയിൽ അബ്രാം സാറായിയോട് പറയുന്നുണ്ട്, സുന്ദരിയായ നിന്നെ ഈജിപ്തുകാർ പിടിച്ച് ഫറവോയ്ക്ക് കാഴ്‌ചവച്ച ശേഷം എന്നെ കൊല്ലാതിരിക്കാൻ, നീ എന്റെ സഹോദരിയാണെന്ന് പറയണമെന്ന്. പറഞ്ഞത് പോലെ സാറായിയെ ഫറവോ അപഹരിക്കുകയും പാരിതോഷികമായി പൊന്നും വെള്ളിയും ആടുമാടുകളും ഒട്ടകങ്ങളും കഴുതകളും അടിമകളും മറ്റുമായി അബ്രഹാമിന് പലതും ലഭിക്കുകയും ചെയ്യുന്നു. സാറായിയെ കൊടുത്തുണ്ടായ ഈ സമ്പത്തുമായി അബ്രാമും സംഘവും തിരികെ കാനാനിലേക്ക് പോകുമ്പോൾ, അതിനെ ചോദ്യം ചെയ്യുന്നത് ലോത്തിന്റെ ഭാര്യയായ ഈഡിത് മാത്രമാണ്.
ജീവഭയം മൂലം ഭാര്യയെ സഹോദരിയെന്നു പറഞ്ഞുകൊണ്ട് സ്വയം രക്ഷപ്പെട്ട അബ്രാം ഒരു കുള്ളനെ പോലെ തന്റെയുള്ളിൽ ചെറുതായിപ്പോയെന്ന് ഈഡിത് കുറ്റപ്പെടുത്തുമ്പോൾ ആരാണിതെല്ലാം നിന്നോട് പറഞ്ഞുതന്നതെന്ന് ലോത് അന്വേഷിക്കുന്നു. ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയുടെ വ്യസനമറിയാൻ നൂറു വഴികളുണ്ട് എന്നാണ് അപ്പോൾ ഈഡിത് മറുപടി നൽകുന്നത്. പെണ്മനസ്സുകൾക്കിടയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഈ ‘അറിയലുകൾ’ തന്നെയാണ് ആഗോള സഹോദരിത്വം എന്ന ആശയത്തിന്റെ സത്ത. അന്യമെന്ന് തോന്നുന്ന ഏതോ ഇടങ്ങളിൽ, ഇതര ജീവിതങ്ങൾ നയിക്കുന്ന വിഭിന്ന സ്ത്രീകൾക്ക് സാറാ ടീച്ചർ ഒരു കനലായി മാറുന്നത് അങ്ങനെയാണ്.

സമാന വെല്ലുവിളികൾ നേരിടുന്നവർ തമ്മിൽ സമഭാവന ഉടലെടുക്കുകയും പരസ്പര പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അവരെ ഒന്നിപ്പിക്കുന്ന പൊതുതത്വങ്ങൾ തിരിച്ചറിയുന്നതിനൊപ്പം മാറ്റങ്ങൾക്കായി ഒരുമിച്ച് സഹകരിക്കുവാനുള്ള പ്രേരണ കൂടി അത് പ്രദാനം ചെയ്യുന്നു എന്നതാണ് വസ്തുത. ഈഡിത് സാറായിയുടെ വ്യസനമറിഞ്ഞതുപോലെ ടീച്ചർ അനേകായിരം പെൺവ്യസനങ്ങൾ അറിയുന്നു, അവ കുറിച്ചിടുന്നു. അത് വായിക്കുന്ന സ്ത്രീകൾ തമ്മിൽ അവരറിയാതെ സംഭവിക്കുന്ന പങ്കിടലാണ് എഴുത്തിലൂടെ സാറാ ജോസഫ് എന്ന എഴുത്തുകാരി നടത്തുന്ന മഹത്തായ വിപ്ലവം. ഈ കൈമാറ്റങ്ങൾ ജനിപ്പിക്കുന്ന അദൃശ്യ ശൃംഖല ഒരു കരുത്തുറ്റ നാഡീവ്യൂഹമായി സമൂഹത്തിന്റെ അടിവാരത്തിൽ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
സാറ ടീച്ചർ അനേകായിരം പെൺവ്യസനങ്ങൾ അറിയുന്നു, അവ കുറിച്ചിടുന്നു. അത് വായിക്കുന്ന സ്ത്രീകൾ തമ്മിൽ അവരറിയാതെ സംഭവിക്കുന്ന പങ്കിടലാണ് എഴുത്തിലൂടെ സാറാ ജോസഫ് എന്ന എഴുത്തുകാരി നടത്തുന്ന മഹത്തായ വിപ്ലവം.
പുരാതന കാലത്ത് മനുഷ്യർ മരുഭൂമികളെ ദിവ്യ വെളിപാടുകളുടെ ഇടമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ സ്ത്രീകൾക്ക് അവിടം അതിലുപരി മറ്റെന്തൊക്കെയോ ആണ്. ജീവിതം വളരെ സാന്ദ്രീകരിക്കപ്പെട്ട ഒരിടമാണല്ലോ മരുഭൂമി. അവസാന തുള്ളി വെള്ളത്തെ പിടിച്ചുവയ്ക്കാൻ മല്ലിടുന്ന വേരുകൾ, ജലാംശം നിലനിർത്തുവാനായി പുലർക്കാലത്തും മധ്യാഹ്നത്തിനുശേഷവും മാത്രം വിടരുന്ന പൂക്കൾ. മരുഭൂ ജീവിതം ചെറുതാണ്, എങ്കിലും ഉജ്ജ്വലമാണ്. അവിടെ അതിശയങ്ങളധികവും ഭൂമിക്കടിയിലാണ് സംഭവിക്കുക. അതുതന്നെയാണ് മിക്ക സ്ത്രീ ജീവിതങ്ങളിലും ഉണ്ടാവുക. മരുഭൂമി ഒരു വനം പോലെ സമൃദ്ധമല്ല. അതിന്റെ ജീവരൂപങ്ങൾ നിഗൂഢവും തീവ്രവുമാണ്. സ്ത്രീകളിൽ ഭൂരിപക്ഷവും ഇത്തരം മരുഭൂ ജീവിതങ്ങൾ ജീവിക്കുന്നവരാണ്. പുറമെ വളരെ ചെറുതും, അടിത്തട്ടിൽ ഏറെ ബൃഹത്തുമായ ഒന്ന്. മരുഭൂമിയുടെ അടിത്തട്ടിലെ ഈ ഉള്ളൊഴുക്കുകളെയാണ് സാറാ ജോസഫ് മാറ്റാത്തിയിലൂടെയും ആതിയിലൂടെയും പുറത്തേക്ക് കൊണ്ടുവന്നിട്ടുള്ളത്.
ടീച്ചർ ബുധിനിയെ കണ്ടെടുത്ത് അവരുടെ ജീവിതം നമുക്ക് മുന്നിലേക്ക് കുടഞ്ഞു നിവർത്തിയിട്ടതും അത്തരമൊരു ഖനനത്തിലൂടെയാണ്.
2010- ൽ മരിച്ചുപോയെന്ന് വിധി എഴുതപ്പെട്ട സ്ത്രീയാണ് ബുധിനി. തന്റെ അറുപതുകളുടെ ഒടുവിൽ ആരുമറിയാതെ മരുഭൂമിയുടെ അടിത്തട്ടിലുള്ള ആ നിഗൂഢ ജീവിതം ജീവിച്ചവർ. നദിയെ അറിഞ്ഞവളായ ബുധിനിയെ അലകളായും ചുഴികളായും ഒഴുക്കായും ടീച്ചർ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുകയാണുണ്ടായത്. ബുധിനിയെ അവരുടെ നാട്ടിൽ പോയി കാണുമ്പോൾ അവൾ ഒറ്റയ്ക്കല്ല ഇറങ്ങിവന്നതെന്നാണ് സാറാ ടീച്ചർ പറയുന്നത് - ഇതഃപര്യന്തം ഇന്ത്യയുടെ വൻ പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി സ്വന്തം മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ട നിരാലംബരായ 60 മുതൽ 65 മില്യൺ ജനങ്ങളുടെ ഒരു മഹാപ്രവാഹമായിരുന്നു വാതിൽ തുറന്ന് പുറത്തേക്ക് വന്നത്. മുങ്ങിപ്പോയ അനന്തവിസ്‌തൃതമായ കാടുകളെയും ഗ്രാമങ്ങളെയും വയലുകളെയും വഹിച്ചുകൊണ്ടുള്ള ഒരു ഗംഭീര വരവായിരുന്നു അത്.

‘എന്റെ എഴുത്ത് എന്റെ നിലനിൽപ്പാണ്’ എന്ന് പ്രസ്താവിച്ചിട്ടുള്ള ടീച്ചർ കാലങ്ങളായി കെട്ടിക്കിടക്കുന്ന പെൺഭീതികളെ തുടച്ചു നീക്കുന്നത്തിനുള്ള വെല്ലുവിളി കൂടി ഏറ്റെടുക്കുകയാണ്. 1962- ൽ മാതാവായ ഒറീലിയ പ്ലാത്തിന് മകൾ സിൽവിയ പ്ലാത് ഒരു കത്ത് അയക്കുന്നു, അത് ഇങ്ങനെയാണ്: ദൈവത്തെയോർത്ത് എല്ലാറ്റിനെയും ഇങ്ങനെ ഭയപ്പെടരുത് മാതാവേ! എനിക്കയച്ച കഴിഞ്ഞ കത്തിലെ ഓരോ വരിയും ഭീതി നിറഞ്ഞതാണ്. സഭ്യമായ ഭാഷയിൽ സജ്ജനങ്ങളെ കുറിച്ച് മാത്രം എഴുതുവാൻ എന്നെ പ്രേരിപ്പിക്കുന്നത് മതിയാക്കൂ. എന്റെ കവിതകൾ അമ്മയെ ഭയപ്പെടുത്തുന്നു എന്നത് വളരെ കഷ്ടമാണ്, അമ്മ പണ്ട് മുതൽക്കേ ലോകത്തുള്ള സകലമാന കഠിനതകളെ കുറിച്ചും വായിക്കുന്നതും അറിയുന്നതും ഭയന്നിരുന്നു, ഹിരോഷിമ പോലൊന്ന് കേൾക്കുവാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ലല്ലോ.
സ്ത്രീകളെ നിയന്ത്രിക്കുന്ന ബാഹ്യവും ആന്തരികവുമായുള്ള ഇത്തരം ഭീതികളോട് നിരന്തരം പോരാടികൊണ്ടിരിക്കുക എന്നല്ലാതെ അതിനെ പ്രതിരോധിക്കാൻ വേറെ മാർഗങ്ങളില്ല എന്നതാണ് സത്യം. ചെറുത്തുനിൽപ്പുകൾ തീർക്കുന്ന സമ്മർദ്ദം ഒരു പരിധിവരെയെങ്കിലും അതിർ രേഖകളെ മുറിച്ച് മാറ്റുന്നതിൽ സഹായിക്കുന്നു. പ്രതിരോധം അക്ഷരങ്ങളിലൂടെയാകുമ്പോൾ അതിന് ആഴവും ശക്തിയും ഏറുന്നു. 1962- ൽ അമേരിക്കയിലിരുന്ന് സിൽവിയ പ്ലാത്തിനെപ്പോലൊരു സ്ത്രീ മാതാവിന് എഴുതിയ കത്ത് പോലൊന്ന് ഇക്കാലഘട്ടത്തിലും പെണ്മക്കൾ അമ്മമാർക്ക് എഴുതുന്നുണ്ടാവും എന്നതിൽ സംശയമില്ല. ചരിത്രാതീതകാലം മുതൽക്ക് പെണ്ണിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ ജന്മാന്തര ഭീതിയോട് കലഹിച്ചും പോരാടിയും ഒപ്പം നിൽക്കുന്ന സാറാ ജോസഫിനെ പോലുള്ള ഓജസ്വികൾ പെണ്ണിടങ്ങളുടെ സമ്പന്നതയാണ്.
ഈ പ്രായത്തിലേക്ക് കടന്നതും കടന്നുകൊണ്ടിരിക്കുന്നതുമായ സമകാലീനരായ പല പുരുഷഎഴുത്തുകാരെയും അപേക്ഷിച്ച് എത്ര ശക്തയാണ് ടീച്ചർ എന്നുള്ളത് എന്നെ തീപിടിപ്പിക്കുന്നു.
സ്ത്രീ എഴുതുന്നത് തുല്യനീതിക്ക് വേണ്ടിയാണെന്ന് ടീച്ചർ പറയുന്നു. അവൾക്ക് എന്തുകൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, എന്തുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നു, എന്തുകൊണ്ട് ആണധികാരം അവൾക്കുമേൽ ഉണ്ടാകുന്നു, എന്തുകൊണ്ടവൾ പീഡിപ്പിക്കപ്പെടുന്നു എന്നുള്ളതിന്റെയൊക്കെ അന്വേഷണങ്ങളാണ് ടീച്ചർക്ക് പെണ്ണെഴുത്ത്. എന്റെ വിധിയാണിതെന്ന് കരുതി എല്ലാം അനുഭവിച്ചിരുന്ന ഇടത്തുനിന്ന് സ്വന്തം അവകാശങ്ങൾ ബോധ്യപ്പെടുന്ന അവസ്ഥയിലേക്ക് അവൾ എത്തിപ്പെടുന്ന കാലം വരെ അത് തുടരണമെന്ന് ടീച്ചർ ആഹ്വാനം ചെയ്യുന്നു.
സാറാ ജോസഫിന് എൺപത് വയസ്സാകുന്നു എന്നറിയുമ്പോൾ കഴിഞ്ഞ മാതൃഭൂമി ക സാഹിത്യോത്സവത്തിന് ടീച്ചർ നടത്തിയ പ്രഭാഷണത്തിന്റെ തീപ്പൊരി എന്നെ പൊള്ളിക്കുന്നു. ഈ പ്രായത്തിലേക്ക് കടന്നതും കടന്നുകൊണ്ടിരിക്കുന്നതുമായ സമകാലീനരായ പല പുരുഷഎഴുത്തുകാരെയും അപേക്ഷിച്ച് എത്ര ശക്തയാണ് ടീച്ചർ എന്നുള്ളത് എന്നെ തീപിടിപ്പിക്കുന്നു. എത്രമാത്രം വ്യക്തതയോടെയും സ്വതന്ത്രബുദ്ധിയോടെയും ആർജ്ജവത്തോടെയുമുള്ള വാക്കുകളാലാണ് ടീച്ചർ വാർദ്ധക്യത്തെ നേരിടുന്നത്!

കറ വായിച്ചു തീർന്നാലും ഉപ്പുകാറ്റ് നമ്മെ വിട്ടുപോവില്ല. കഴിഞ്ഞ വർഷം ജോർദാൻ സന്ദർശിച്ചപ്പോൾ ടീച്ചർ കറയിലൂടെ കാട്ടിത്തന്ന നെബോ കൊടുമുടിയെയാണ് ഞാനവിടെ കണ്ടത്, ടീച്ചർ പറഞ്ഞു തന്ന ഈഡിത്തിനെയും സാറായിയെയുമാണ് ഞാനറിഞ്ഞത്. ചാവുകടലിൽ ആകാശം നോക്കി മലർന്നുകിടന്നപ്പോൾ ഏറ്റവും ഭാരമില്ലാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുന്നതിന്റെ മനോഹാരിത ആദ്യമായറിഞ്ഞു. വെള്ളത്തിലേക്കാണ്ടുപോകാതെ ജലോപരിതലത്തിൽ ഒഴുകിനടക്കുന്ന ഭാരഹീന അവസ്ഥ. അദൃശ്യമായ കരങ്ങളാൽ ആരോ എന്റെ ദേഹം താങ്ങി ജലത്തിന് മുകളിലേക്ക് ഉയർത്തിക്കിടത്തിയതുപോലെ.
ഭീതിപ്പെടുത്തുന്ന ജലാശയങ്ങളിലേക്കും വൻകയങ്ങളിലേക്കും മുങ്ങിത്താഴാതെ ജലോപരിതലത്തിൽ ഇതുപോലെ ഒഴുകി നടക്കുവാൻ ടീച്ചറുടേത് പോലെ ശക്തമായ കരങ്ങളുടെ താങ്ങ് എന്നും സമൂഹത്തിന് ആവശ്യമാണ്. തീയറിഞ്ഞ ശലഭമായും അദൃശ്യ കരങ്ങളുടെ തുണയായും സാറ ടീച്ചർ നമുക്കിടയിൽ എന്നുമുണ്ടാവണം; ടീച്ചർ ഒരു അനിവാര്യതയാകുന്നു.