ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ; മനുഷ്യ ദുർബലതകളെ തുറന്നുകാട്ടിയ എഴുത്തുകാരി

സി.വി ബാലകൃഷ്ണൻ വിവർത്തനം ചെയ്ത ഹാൻ കാങ്ങിൻെറ ‘വെജിറ്റേറി’യന് മലയാളത്തിലും വായനക്കാരുണ്ടായി. “ദ വെജിറ്റേറിയൻ വേറൊരു പരിഭ്രമാവസ്ഥയുടെ ആഖ്യാനമാണ്. അതിലൂടെ ഹാൻ കാങ് നിറവേറ്റുന്ന മാനസിക വിശ്ലേഷണം നമ്മുടെ വായനക്കാരെ അമ്പരിപ്പിച്ചേക്കാം. വന്യമായൊരു തുറന്നെഴുത്ത് അതിലുണ്ട്.' എന്നാണ് പിന്നീട് സി.വി ബാലകൃഷ്ണൻ തന്നെ പുസ്തകത്തെക്കുറിച്ച് എഴുതിയത്…

News Desk

2024ലെ സാഹിത്യ നൊബേൽ പുരസ്‌കാരം സ്വന്തമാക്കി ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജയായ സ്ത്രീയാണ് ഹാൻ കാങ്. 'For her intense poetic prose that confronts historical traumas and exposes the fragility of human life.' എന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി അവരുടെ വെബ്‌സൈറ്റിൽ കുറിച്ചത്. ദക്ഷിണ കൊറിയൻ നഗരമായ ഗ്വാങ്ചുവിൽ 1970-ൽ ആണ് ഹാൻ കാങ് ജനിച്ചത്. അവർക്ക് ഒമ്പത് വയസ് തികയും മുൻപേ കുടുംബം സോളിലേക്ക് കുടിയേറി. പിതാവ് ഹാൻ സ്വോങ്ങ് വോൺ, ദക്ഷിണകൊറിയയിലെ അറിയപ്പെടുന്ന നോവലിസ്റ്റാണ്.

1993-ൽ, ലിറ്ററേച്ചർ ആൻഡ് സൊസൈറ്റി എന്ന അന്നത്തെ അറിയപ്പെടുന്ന സാഹിത്യ മാസികയിൽ ഒരുപിടി കവിതകൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാൻ കാങ് സാഹിത്യ ജീവിതം തുടങ്ങുന്നത്. 1995ൽ ആദ്യ കഥാസമഹാരവും വന്നു - ലവ് ഓഫ് യോസു (Love of Yeosu) എന്ന പേരിൽ. പിന്നീടാണ് നോവലുകൾ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. 2002-ൽ പ്രസിദ്ധീകരിച്ച ‘യുവർ കോൾഡ് ഹാൻഡ്‌സ്’ (Your cold hands) അവർക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

2015-ൽ പ്രസിദ്ധീകരിച്ച ‘ദ വെജിറ്റേിയൻ’ എന്ന നോവൽ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നോവൽ 2016-ലെ ബുക്കർ പ്രൈസും നേടിയിരുന്നു. സി.വി ബാലകൃഷ്ണൻ വിവർത്തനം ചെയ്ത വെജിറ്റേറിയന് മലയാളത്തിലും വായനക്കാരുണ്ടായി. ‘ദ വെജിറ്റേറിയൻ വേറൊരു പരിഭ്രമാവസ്ഥയുടെ ആഖ്യാനമാണ്. അതിലൂടെ ഹാൻ കാങ് നിറവേറ്റുന്ന മാനസിക വിശ്ലേഷണം നമ്മുടെ വായനക്കാരെ അമ്പരിപ്പിച്ചേക്കാം. വന്യമായൊരു തുറന്നെഴുത്ത് അതിലുണ്ട്.' എന്നാണ് പിന്നീട് സി.വി ബാലകൃഷ്ണൻ തന്നെ പുസ്തകത്തെക്കുറിച്ച് എഴുതിയത്.

ദുഖവും നിരാശയും വേദനയുമെല്ലാം ഹാൻ കാങ്ങിന്റെ രചനകളുടെ സവിശേഷതയാണ്. “She has a unique awareness of the connections between body and soul, the living and the dead, and in her poetic and experimental style has become an innovator in contemporary prose” - പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി കുറിച്ച ഈ വാക്കുകളിൽ അത് വ്യക്തവുമാണ്.

Also Read | ഹാൻ കാങ്ങ് മോശം എഴുത്തുകാരിയല്ല, അവർക്കുള്ള നോബൽ എന്നെ ആഹ്ലാദിപ്പിക്കുന്നുമില്ല…

Comments