സാഹിത്യത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്കാരം (Nobel Prize) ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങ്(Han Kang) നേടിയിരിക്കുന്നു. അവരെ വായിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ അതെന്നെ അത്രയൊന്നും ആഹ്ലാദിപ്പിക്കുന്നില്ല. അവരൊരു മോശം എഴുത്തുകാരിയായതുകൊണ്ടല്ല; മറിച്ച് അവരെക്കാൾ മികച്ച ഭാവനാപ്രാപഞ്ചം സൃഷ്ടിച്ച പ്രതിഭാശാലികളായ മുതിർന്ന എഴുത്തുകാർ പലരെയും കണക്കിലെടുക്കാതെയാണ് സ്വീഡിഷ് അക്കാദമി ഈ തീരുമാനത്തിലെത്തിയത് എന്നതുകൊണ്ടാണ്. നോബേൽ പുരസ്കാരത്തിനായി അവരുടെ പേര് എവിടെയും പറഞ്ഞു കേട്ടതുമില്ല. ഇത്തരം ഔചിത്യരഹിത തീരുമാനങ്ങൾ സ്വീഡിഷ് അക്കാദമിയിൽ നിന്നും പതിവുള്ളതിനാൽ ഈ തീരുമാനത്തിൽ പുതുമയൊന്നുമില്ല.
എഴുത്തിൻ്റെ മൗലികതയും രാഷ്ട്രീയവും കണക്കിലെടുത്താണ് മിക്കപ്പോഴും ഈ പുരസ്കാരം നൽകപ്പെടുന്നത്. കൊറിയയിൽ നിന്നുള്ള ആദ്യത്തെ വിജയിയാണ് ഹാൻ കാങ്ങ്. ഈ അംഗീകാരം നേടുന്ന പതിനെട്ടാമത്തെ വനിതയും.
2015-ൽ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ദി വെജിറ്റേറിയൻ (The Vegetarian) എന്ന നോവലിലൂടെയാണ് ഹാൻ കാങ്ങ് ലോകമെമ്പാടും അറിയപ്പെട്ടുതുടങ്ങിയത്. ഡബോറ സ്മിത്തിൻ്റെ ആ പരിഭാഷയിലൂടെ അത് 2016-ലെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടുകയും ചെയ്തു. അതോടെയാണ് ഹാൻ കാങ്ങ് ലോകത്തിലെ വായനാസമൂഹത്തിൻ്റെ ശ്രദ്ധയിലേക്കെത്തിയത്. ചെറിയ കാലം കൊണ്ട് അതൊരു കൾട്ട് നോവൽ സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്തു. തുടർന്നുള്ള രചനകളും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. എഴുത്തിലെ പ്രമേയം കണ്ടെത്തുന്നതിലും അത് അവതരിപ്പിക്കുന്ന ഭാഷയിലും സവിശേഷമായ രീതി അവർ സ്വായത്തമാക്കിയിട്ടുണ്ട്.
“ When I write fiction, I put a lot of emphasis on the senses. I want to convey vivid senses like hearing and touch, including visual images. I infuse these sensations into my sentences like an electric current’’, സ്വന്തം എഴുത്തിനെപ്പറ്റിയുള്ള ആഴത്തിലുള്ളതും സ്വതന്ത്രവുമായ ചിന്തയാണ് അവരുടെ ഈ വാക്കുകളിലൂടെ നമ്മളറിയുന്നത്. ഇത്തരത്തിൽ അസാധാരണമായ ഒരു ഫീൽ അവരുടെ നോവലുകളിൽ നിന്ന് വായനക്കാർക്ക് ലഭിക്കുന്നുമുണ്ട്. മനുഷ്യൻ്റെ ആന്തരിക ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്നവയാണ് അവയോരോന്നും. മനുഷ്യൻ എന്ന അവസ്ഥയുടെ വേറിട്ട അർഥതലങ്ങളെ കണ്ടെത്താനാണ് അവർ സാഹിത്യമെഴുത്തിലൂടെ ശ്രമിക്കുന്നത്. അതിശക്തമായ, പരീക്ഷണാത്മകമായ ഒരു തരം സവിശേഷ ഗദ്യമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്.
‘ദ വെജിറ്റേറിയൻ’ എന്ന നോവൽ ഒരു സ്ത്രീയുടെ വ്യക്തിഗതമായ കലാപത്തിൻ്റെ കഥയാണ് പറഞ്ഞത്. യിയോംഗ് ഹൈയുടെ ജീവിതത്തെ, അവർ ഒരു ദിവസം കണ്ട സ്വപ്നം മാറ്റിമറിക്കുകയാണ്. അവരൊരു സാധാരണ വീട്ടമ്മയായിരുന്നു. സ്വപ്നത്തിനുശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ അസാധാരണമായിരുന്നു. ഒരു മൃഗത്തെ അവൾ ക്രൂരമായി കൊന്നു തിന്നുന്നതായിരുന്നു ആ സ്വപ്നം. അതോടെ അവർ മാംസാഹാരം പാടേ ഉപേക്ഷിക്കുകയാണ്. അങ്ങനെ വെജിറ്റേറിയനായി മാറുന്നു.
അത് സത്യത്തിൽ മനുഷ്യൻ്റെ ക്രൂരതയോടുള്ള തീവ്രമായ പ്രതികരണമായിരുന്നു. തുടർന്ന് അവർ ഭക്ഷണം തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഒരു പുരുഷാധിപത്യ സമൂഹത്തിൽ വെജിറ്റേറിയൻ ആയിത്തീരുക എന്നത് ഒരു സന്ദേശമാണ്. സ്വപ്നം അവളുടെ ജീവിതാവബോധത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. അവൾ ഒരു വൃക്ഷമായി മാറാൻ ആഗ്രഹിച്ചു തുടങ്ങി. ഈ കഥയിലൂടെ സ്ത്രീയനുഭവത്തിൻ്റെ രാഷ്ടീയം പറയാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. സ്ത്രീ എന്ന നിലയിൽ ആ കഥാപാത്രം അനുഭവിക്കുന്ന ക്ഷോഭവും കാമവും പാരവശ്യവും ഒക്കെ സുന്ദരമായി നോവലിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. മൂന്നു ഭാഗങ്ങളുള്ള ഒരാഖ്യാനമാണിത്.
മറ്റൊരു പ്രധാന നോവലായ ഹ്യൂമൻ ആക്ട്സ് (Human Acts) തികച്ചും വേറിട്ട ഒരു രാഷ്ട്രീയ പ്രമേയത്തെയാണ് അവതരിപ്പിക്കുന്നത്. ആധുനിക കൊറിയയുടെ ചരിത്രത്തിലെ ഒരു മുറിവാണ് ഇതിലൂടെ അവർ പറയുന്നത്. തെക്കൻ കൊറിയയിലെ ഗ്വാൻജു എന്ന സ്ഥലത്ത് 1980-ൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ഏകാധിപത്യ കാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഇതിലെ മുഖ്യ കഥാപാത്രം. മനുഷ്യൻ്റെ ക്രൂരത, അന്തസ്സ് എന്നീ സമസ്യകളെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഹ്യൂമൻ ആക്ട്സ് എന്ന രചനയിലൂടെ അവർ നടത്തുന്നത്.
ആ രാഷ്ട്രീയ സംഭവത്തെ ആഴത്തിൽ പഠിച്ച് രചിച്ച നോവലാണിത്. ഇത്തരം സംഭവങ്ങൾ മനുഷ്യരുടെ ജീവിതത്തെ പലപ്പോഴും അവരനുഭവിച്ചതോ അറിഞ്ഞതോ ആയ ഭൂതകാലത്ത് തളച്ചിടുന്നു. ചരിത്രത്തെ മായ്ച്ചുകളയാനോ, മാറ്റിയെടുക്കാനോ എളുപ്പമല്ലെന്ന സന്ദേശമാണ് ഈ നോവലിലൂടെ മുന്നോട്ടു വെക്കുന്നത്. ചരിത്രം മനുഷ്യാനുഭവത്തിലേൽപ്പിക്കുന്ന ആഘാതത്തെ വരച്ചുകാട്ടാനാണ് ഹാൻ കാങ്ങ് ഈ നോവലിലൂടെ ശ്രമിച്ചിരിക്കുന്നത്. ഈ നോവലിൻ്റെ ഘടനയും വ്യത്യസ്തമാണ്. വ്യത്യസ്ത വീക്ഷണകോണിലൂടെ കഥ പറഞ്ഞുകൊണ്ടുള്ള ഓരോ അധ്യായങ്ങളും പ്രത്യേക രീതിയിൽ ചേർത്തു നിർത്തിയിരിക്കുകയാണ്.
ഗ്രീക്ക് ലെസൻസ്(Greek Lessons) എന്ന നോവൽ ഭാഷയിലൂടെയുള്ള തീവ്രമായ ഒരന്വേഷണമാണ്. പ്രാചീന ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്ന ഒരധ്യാപകൻ്റെയും അയാളുടെ ശിഷ്യയായെത്തുന്ന ഒരു മൂക സ്ത്രീയുടെയും കഥയാണ് ഇതിൽ പറയുന്നത്. പാശ്ചാത്യസാഹിത്യത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമം കൂടിയാണ് ഈ നോവൽ.
ദി വൈറ്റ് ബുക്കാണ് (The White Book) മറ്റൊരു പ്രധാന രചന. എഴുത്തുകാരിയുടെ വ്യക്തിപരമായ ദുഃഖത്തെ അടയാളപ്പെടുത്തുന്ന ഒരു നോവൽ. അമ്മയുടെ മരണം സൃഷ്ടിച്ച ദു:ഖത്തെയാണ് ഹാൻ കാങ്ങ് ഇതിലൂടെ തിരയുന്നത്. ദുഃഖമുഖത്തു നിന്നുള്ള ഒരു ജീവിതക്കാഴ്ച. ദുഃഖം വ്യക്തിയുടെ സത്തയിൽ എങ്ങനെ ഇടപെടുന്നു എന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്.
ഈ നോവലുകൾക്ക് പുറമെ കവിതയും ചെറുകഥകളും ലേഖനങ്ങളുമൊക്കെ ഇവരുടേതായുണ്ട്. പൊതുവിൽ മനുഷ്യനെന്ന നിലയിലെ പരിമിതികളെയാണ് ഈ എഴുത്തുകാരി അവരുടെ രചനാലോകത്തിലൂടെ അന്വേഷിക്കുന്നതും അടയാളപ്പെടുത്താൻ ശ്രമിക്കുന്നതും. നമ്മളുടെയൊക്കെ ജീവിതം എത്രമാത്രം ദുർബലമാണെന്ന് അവ ഓർമ്മിപ്പിക്കുന്നു. ഭാഷയിലൂടെ സാധ്യമായ അർത്ഥങ്ങൾക്കപ്പുറം ചില അർത്ഥങ്ങൾ അവർ കാണിച്ചുതരുന്നു. അവയിൽ പൊതുവിൽ ഒരു വൈരുധ്യസ്വഭാവം കാണാൻ കഴിയും. ഒരേ സമയം ധ്യാനാത്മകവും സംഘർഷാത്മകവുമാണ് അവരുടെ ശൈലി. അതിലൊരു ആന്തരിക മൂകത നിറഞ്ഞു കിടപ്പുണ്ട്. അതേ സമയം കഥാപാത്രങ്ങളുടെ ജീവിതത്തിലെ വലിയ മാനസികസംഘർഷങ്ങളെയും അവർ ഭംഗിയായി ചിത്രീകരിക്കുന്നു. ആ ഭാവനാ ലോകത്ത് ജീവിതം തിളച്ചുമറിയുന്നുണ്ട്, കത്തിത്തീരുന്നുണ്ട്.
ലോകവുമായുള്ള ബന്ധം മനുഷ്യരുടെ വ്യക്തിഗതമായ അനുഭവതലത്തിലുണ്ടാക്കുന്ന വിഭ്രാന്തികൾ സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നു എന്നതാണ് ഹാൻ കാങ്ങ് എന്ന എഴുത്തുകാരിയുടെ സവിശേഷത. അതാണ് നോബൽ പുരസ്കാരത്തിലൂടെ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
‘‘ചരിത്രാഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിലെ ക്ഷണികതയെ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ഗദ്യം’’ എന്നാണ് സ്വീഡിഷ് അക്കാദമിയും വിശേഷിപ്പിച്ചിരിക്കുന്നത്.
അവരെക്കാൾ മികച്ച സാഹിത്യമെഴുതിയ പ്രതിഭാശാലികൾ വെറെയുമുണ്ടല്ലോ എന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നു. 1970- ൽ ജനിച്ച ഹാൻ കാങ്ങിനെ ആദരിക്കാൻ സമയം ബാക്കിയുണ്ടായിരുന്നു എന്നും എന്നിലെ വായനക്കാരൻ ഓർമ്മിപ്പിക്കുന്നു.