വാക്കുകൾ വേണ്ടാത്ത പാട്ട്

'ഒരേ സമയം അനുഗ്രഹവും ശാപവുമായ ടോൾസ്റ്റോയിയുടെ ഭാര്യാപദവി സോഫിയയുടെ ജീവിതാന്ത്യം വരെ അവരെ വേട്ടയാടി. അവർ വൈകാരികമായി എഴുതിയിട്ട ഡയറി കുറിപ്പിൽ ഒരു പെണ്ണിന്റെ നിസ്വാർത്ഥമായ ജീവിതം തുടിച്ചു നിന്നിരുന്നു. ആരും കാണാതെ, ആരും കേൾക്കാതെ കാലത്തിന്റെ അഴുക്കും പൊടിയും അതിന് മേൽ കട്ട പിടിച്ചു നിന്നിരുന്നു..... ജീവിതകാലം മുഴുവൻ കരഞ്ഞും നിലവിളിച്ചും ചിരിച്ചും കലഹിച്ചും ഭ്രാന്തമായി ടോൾസ്‌റ്റോറിയെ പ്രണയിച്ച, ടോൾസ്‌റ്റോയിയുടെ മരണത്തിന് കാരണക്കാരിയായി മുദ്രകുത്തപ്പെട്ട സോഫിയയെക്കുറിച്ച് ശ്രീകല മുല്ലശേരി എഴുതുന്നു.

"സോഫിയയുടെ ഡയറി ടോൾസ്റ്റോയിലേക്ക് തുറക്കുന്ന കണ്ണാടിയാണ്' എന്ന്പറഞ്ഞത് ലോകചരിത്രത്തെ മാറ്റി മറിച്ച റഷ്യൻ വിപ്ലവകാരി ലെനിൻ ആണ്. ഒരു പക്ഷെ ചരിത്രത്തിൽ പറ്റിപ്പോയ ഒരു തെറ്റിനെ തിരുത്താൻപ്രേരകമായ വാക്കുകൾ ആയിരുന്നു അത്.

സോഫിയ ടോൾസ്റ്റോയയും മകൾ അലക്സാഡ്രയും
സോഫിയ ടോൾസ്റ്റോയയും മകൾ അലക്സാഡ്രയും

ലോകം മുഴുവനും ആരാധിക്കുന്ന സമാനതകൾ ഇല്ലാത്ത സാഹിത്യ പ്രതിഭ ലിയോ ടോൾസ്റ്റോയ് എന്ന റഷ്യൻ എഴുത്തുകാരന്റെ ഭാര്യ സോഫിയ അവർ എഴുതുന്ന ദിനസരി കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു:

"വ്യഭിചാരിയായിരുന്ന ഒരു ഭർത്താവിനോടൊപ്പമുള്ള ഒരു ദാമ്പത്യ ജീവിതവും ഇതുവരെ വിജയിച്ചിട്ടില്ലെന്നിരിക്കെ ഞങ്ങളുടെ ബന്ധം ഇത്രകാലം നീണ്ടുനിന്നതെന്നെ അതിശയിപ്പിച്ചു. ഞങ്ങൾ സന്തോഷകരമായി ജീവിച്ചതിന് കാരണം എന്റെ ശൈശവോപമായ നിഷ്‌കളങ്കത മാത്രമാണ്. ആ ഡയറികൾ മുഴുവൻ വായിച്ചിട്ടും ഞാൻ എല്ലാറ്റിനും നേരെ കണ്ണടക്കുക മാത്രമേ ചെയ്തിട്ടുള്ളുവല്ലോ. ചോദ്യങ്ങൾ ചോദിച്ചിരുന്നുവെങ്കിൽ ഞങ്ങളുടെ ജീവിതം തുലഞ്ഞു പോയേനെ. മാർഗ്ഗഭ്രംശത്തോടും അപഥസഞ്ചാരത്തോടുള്ള ലെവോച്ചക്കയുടെ നിലപാടുകൾ വിഷമയങ്ങളായിരുന്നു. അത്തരം ഭൂതകാലമുള്ള ഒരാളെ ഒരു സ്ത്രീക്കും അംഗീകരിക്കുവാനാകുമായിരുന്നില്ല .'

ടോൾസ്റ്റോയിയുടെ മാസ്റ്റർ പീസ് നോവൽ അന്നകരെനീനയിലെ ലെവിൻ എന്ന കഥാപാത്രം തന്റെ ഭാര്യയായ കിറ്റിക്ക് വിവാഹ ദിവസം വായിക്കാൻ കൊടുത്തിരുന്ന പോലെ ടോൾസ്റ്റോയ് തന്റെ ജീവിതത്തിലൂടെ കടന്നുപോയ പ്രണയങ്ങൾക്കും കാമനകൾക്കും ലൈംഗികാസക്തികൾക്കും ഇരയായ സ്ത്രീകളെ കുറിച്ചുള്ള തന്റെ കുറിപ്പുകൾ അടങ്ങിയ ഡയറി വിവാഹദിവസം സോഫിയക്ക്‌ നൽകിയിരുന്നു. വളരെ ചെറുപ്പത്തിൽ വിവാഹ ജീവിതത്തിലേക്ക് കടന്നുവന്ന നിഷ്‌കളങ്കയായ സ്ത്രീക്ക്‌ സഹിക്കാനാവുന്നതിൽ അപ്പുറമായിരുന്നു അത്. എങ്കിലും അവർ ജീവിതകാലം മുഴുവനും കരഞ്ഞും നിലവിളിച്ചും ചിരിച്ചും കലഹിച്ചും ഭ്രാന്തമായി ടോൾസ്റ്റോയിയെ പ്രണയിച്ചുകൊണ്ടിരുന്നു. ടോൾസ്റ്റോയിയുടെ മരണത്തിന് കാരണക്കാരിയായി മുദ്ര കുത്തിയതിന് ശേഷവും സോഫിയയിൽ നിന്നും ടോൾസ്റ്റോയിയോടുള്ള പ്രേമം അവരുടെ മരണം വരെ നിർലോഭം ഒഴുകിക്കൊണ്ടിരുന്നു.

ലോക സാഹിത്യ ചരിത്രത്തിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട എഴുത്തുകാരന്റെ ഭാര്യ ഉണ്ടാവില്ല . 1910 നവംബർ21 ന് അസ്സപ്പോവ് റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ വസതിയിൽ അവസാന നിമിഷം ജീവിതത്തിനോടും മരണത്തിനോടും മല്ലിടുമ്പോൾ, ജീവിത യാഥാർഥ്യത്തെ നേർരേഖയിൽ സാഹിത്യത്തിൽ പ്രതിഫലിപ്പിച്ച, റഷ്യൻ ജനതയെ ഒന്നടങ്കം സ്വപ്നം കാണാൻ പഠിപ്പിച്ച അതുല്യ സാഹിത്യപ്രതിഭയെ മരണശയ്യയിൽ അദ്ദേഹത്തിന്റെ ജീവസുറ്റ മുഖം നോക്കി ഒരു ജനസാഗരം സങ്കടപ്പെട്ട് ആർത്തുകരയുമ്പോഴും തന്റെ പതിമൂന്ന് കുട്ടികളെ പ്രസവിച്ച, യുദ്ധവും സമാധാനവുമെന്ന ബൃഹത്തായ കൃതി ടൈപ്പ്‌റൈറ്റിങ് മെഷീൻപോലും ഇല്ലാത്ത കാലത്ത് ആറ് പ്രാവിശ്യം പകർത്തി എഴുതിയ ടോൾസ്റ്റോയിയുടെ ഭാര്യമാത്രം മാറ്റിനിർത്തപെട്ടു.

അന്നത്തെ പ്രഭാതം ഞെട്ടി ഉണർന്നിരുന്നത് മാധ്യമങ്ങൾ പങ്ക് വെച്ച ഒരു അസാധാരണ ചിത്രം കണ്ടുകൊണ്ടാണ്. മരണാസന്നനായ തന്റെ പ്രാണേശ്വരനെ അവസാനമായി ഒന്ന് കാണാൻ വേണ്ടി ചില്ല് ജനാലയിലൂടെ ഏന്തിവലിഞ്ഞു നോക്കുന്ന വൃദ്ധസ്ത്രീയുടെതായിരുന്നു ആ ചിത്രം. ആരുടെയും കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പക്ഷെ സമൂഹത്തിന്റെ കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തിവെച്ചിരിക്കുന്ന തെളിവുകൾ എല്ലാം അവർക്ക്എതിരായിരുന്നു. "ഭർത്താവിന് സ്വൈര്യം കൊടുക്കാത്തവൾ 'എന്ന് മുദ്ര കുത്തി ടോൾസ്റ്റോയിയുടെ മരണത്തിന് കാരണക്കാരിയായി അവരെ ജനം അവരോധിച്ചു. അതിന്റെ സന്തോഷത്തിൽ റഷ്യൻ പാട്രിയാർക്കി പുതിയ കഥകൾ പ്രചരിപ്പിച്ചു. സോഫിയ മരിക്കുന്നതുവരെ ചെയ്യാത്തകുറ്റം അവരിൽ സമൂഹം ചാർത്തി.

ലിയോ ടോൾസ്റ്റോയ്
ലിയോ ടോൾസ്റ്റോയ്

ടോൾസ്റ്റോയിയുടെ പ്രിയകഥാപാത്രം അന്നകരിനീനയുടെ മരണത്തിന് കാരണക്കാരായ അതേ സമൂഹമാണ് സോഫിയയെ ക്രൂശിച്ചത്. അന്നയുടെയും സോഫിയയുടെയും ജീവിതത്തിലെ സമാനതകളിലേക്ക് ഇറങ്ങിച്ചെന്നാൽ യഥാർത്ഥ ജീവിതത്തിലുള്ള കഥാപാത്രം ടോൾസ്റ്റോയുടെ ഫിക്ഷനൽ ക്യാരക്റ്ററിനോട് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുന്നതായി കാണാൻ കഴിയും. ഒരിക്കൽ സോഫിയ തന്നെ പറഞ്ഞു, അന്നകരിനീനയുടെ മാനസികവിഹ്വലതകൾ പകർത്തിവെച്ച എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ ദുരിതപൂർണമായ മാനസികാവസ്ഥയിലൂടെ കടന്നുപോവുന്ന സ്ത്രീക്ക് നേരെ കണ്ണടക്കുന്നത് വലിയ ഒരു വിരോധാഭാസമായി അനുഭവപെട്ടു എന്ന്. ടോൾസ്റ്റോയിയുടെ കൃതികൾ പകർത്തിക്കൊണ്ടിരുന്ന ഒരു ദിവസം അവർ തന്റെ ഡയറിയിൽ ഇങ്ങിനെ എഴുതി:

"സ്ത്രീകളെപ്പറ്റി എന്റെ ഭർത്താവ് എഴുതിയിരിക്കുന്നത് കണ്ട് ഞാൻ ഇന്ന് അന്തംവിട്ടുപോയി. ജീവിതത്തിലുടനീളം ഞാൻ എന്നെയും എന്റെ അഭിലാഷങ്ങളെയും അദ്ദേഹത്തിന് വേണ്ടി ത്യജിച്ചവളാണ്. എന്നിട്ടും എന്നിൽ മൃഗീയതയാണ് അദ്ദേഹം കാണുന്നതെങ്കിൽ'.

കുടുംബത്തോടൊപ്പം ടോൾസ്റ്റോയ്
കുടുംബത്തോടൊപ്പം ടോൾസ്റ്റോയ്

സോഫിയയുടെ ജേഷ്ഠസഹോദരി താനിയ വർഷങ്ങളോളം ടോൾസ്റ്റോയിയെ പ്രണയിച്ചിരുന്നു. അവളെ മാറ്റിനിർത്തിക്കൊണ്ട് വിവാഹത്തിന് ടോൾസ്റ്റോയ് സോഫിയയെ തിരഞ്ഞെടുത്തപ്പോൾ അത്യന്തം ആഹ്ലാദത്തോടെയാണ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അവർ തമ്മിലുള്ള പതിനാറ് വർഷത്തെ പ്രായവ്യത്യാസം പ്രണയത്തിലേക്കുള്ള ചവിട്ട് പടികളായി കണ്ട് കൊണ്ടാണ് സോഫിയ ടോൾസ്റ്റോയിയുടെ ആജീവനാന്ത പ്രണയനായികയാവാൻ ശ്രമിച്ചത്. ഫലം നിരാശയായിരുന്നു. കൊസ്സാക്ക് യുവതികളിലും മറ്റ്‌ സ്ത്രീകളിലും ധൂർത്തടിക്കപ്പെട്ട ലെവോച്ചക്കയുടെ യൗവ്വനവും പ്രണയവും അവരിൽ ഉത്കണ്ഠകളും ആശങ്കകളും കൂട്ടികൊണ്ടിരിക്കുമ്പോഴും സ്വയം താങ്ങായി സോഫിയ കണ്ടുകൊണ്ടിരുന്നത് മക്കളുടെ മുഖം മാത്രമായിരുന്നു. പക്ഷെ അക്‌സീനിയ എന്ന അടിമപ്പെണ്ണിൽ ഒരു കുഞ്ഞിനെ സമ്മാനിച്ച ടോൾസ്റ്റോയിയെ അവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ടോൾസ്റ്റോയിയെ കാണാൻ വരുന്നമാധ്യമപ്രവർത്തകരായ സ്ത്രീകളിലും ആരാധകാരായ സ്ത്രീകളിലും അവർ അക്‌സീനയെ കണ്ടു. സാഹിത്യകൃതികളിൽ പ്രണയത്തെ വായനക്കാരന്റെ അഗാധതലങ്ങളിൽ കൊത്തിവെച്ച എഴുത്തുകാരൻ പ്രണയത്തെക്കുറിച്ച് ഡയറിയിൽ എഴുതിവെച്ചത് കണ്ട് സോഫിയ ഞെട്ടി വിറച്ചു.

സ്‌നേഹം എന്ന ഒന്നില്ല. ഭോഗമെന്ന ഭൗതീകാവശ്യം മാത്രം. ജീവിതത്തിൽ പ്രയോഗികതക്കുവേണ്ടി ഒരു പങ്കാളിയും'.

ഇരുപത്തൊൻപതു വർഷങ്ങൾക്കുമുൻപാണ് ഈ വരികൾ വായിച്ചിരുന്നതെങ്കിൽ ടോൾസ്റ്റോയിയെ ഞാൻ വിവാഹം കഴിക്കുമായിരുന്നില്ല എന്ന് ചിന്തിച്ചിരുന്നു. ഇതിന് തെളിവായി സോഫിയ പറഞ്ഞു വെക്കുന്നുണ്ട്, "എനിക്ക് ഭർത്താവിന്റെ ലൈംഗികമായ ആസക്തിയെ സഹിക്കാനാവില്ല '

സോഫിയ ഇടവേളകൾ ഇല്ലാതെ ഗർഭിണി ആയികൊണ്ടിരുന്നു. പതിമൂന്ന് കുട്ടികളിൽ നാല് കുട്ടികൾ അവരുടെ ഇൻഫന്റ് സ്റ്റേജിൽ മരിച്ചിരുന്നു. കുഞ്ഞുങ്ങളുമായിട്ടുണ്ടായിട്ടുള്ള വൈകാരിക അന്തരീക്ഷം സോഫിയയെ ജീവിതത്തിലുടനീളം അലോസരപ്പെടുത്തിയിരുന്നു. നിരന്തരമുള്ള പ്രസവം അവരെ ക്ഷീണിതയാക്കിയിരുന്നു. കുഞ്ഞിനെ മുലയൂട്ടാൻ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ചതിന് ടോൾസ്റ്റോയി സോഫിയയെ കുറ്റപ്പെടുത്തിയിരുന്നു.

സാർ ഭരണകൂടം ടോൾസ്റ്റോയുടെ മതവിമർശനത്തെയും അടിമകളോടുള്ള സമീപനത്തെയും സ്പിരിച്വൽ റൈറ്റിംഗ്‌സിനെയും നിശിതമായി വിമർശിച്ചിരുന്നു. റഷ്യൻ ജനതയെ ഒന്നടങ്കം ഭയന്നിട്ടായിരുന്നു അദ്ദേഹത്തെ ഭരണകൂടം സൈബീരിയയിലേക്ക് നാട് കടത്താതിരുന്നത്.

ലിയോ ടോൾസ്റ്റോയ്
ലിയോ ടോൾസ്റ്റോയ്

ടോൾസ്റ്റോയ് തന്റെ സ്ത്രീകഥാപാത്രങ്ങളോട് ഒരു മീസോജനെറ്റിക് കാഴ്ചപ്പാടാണ് പുലർത്തിയിരുന്നത്. യുദ്ധവും സമാധാനവും എന്ന കൃതിയിലെ നതാഷ, മരിയ, ലിസ, ഹെലൻ എന്നീ സ്ത്രീകഥാപാത്രങ്ങളെ കുടുംബത്തിൽ തളച്ചിട്ടു. നതാഷ 13 വയസുള്ള ചെറിയ കുട്ടിയിൽ നിന്നും പക്വത എത്തിയ ഒരു സ്ത്രീയിലേക്ക് പരിണമിക്കുമ്പോൾ നിരവധി പ്രണയത്തിലൂടെ കടന്ന് പോവുന്നുണ്ട്. നോവലിന്റെ ക്ലൈമാക്‌സിൽ ഭാര്യയും അമ്മയുമായി സന്തോഷത്തോടെ ജീവിക്കുന്ന നതാഷയെ ടോൾസ്റ്റോയ് അവതരിപ്പിച്ചു. സോഫിയയിൽ എന്ന പോലെ സ്ത്രീ കഥാപാത്രങ്ങളുടെ ആനന്ദവും സ്വാതന്ത്ര്യവും കുടുംബത്തിനുള്ളിൽ ഒതുക്കി നിർത്തി.

ഉയർത്തെഴുന്നേൽപ്പ് എന്ന കൃതിയിൽ ഒരു പട്ടാള ഉദ്യോഗസ്ഥനാൽ പ്രണയത്തിനെ മറയാക്കി ചതിക്കപെട്ട 16 വയസുള്ള പെൺകുട്ടി മാസ്ലോവ ലൈംഗിക തൊഴിലാളിയാകുന്ന കഥയാണ് പറയുന്നതെങ്കിലും ഒരിക്കൽ പോലും ടോൾസ്റ്റോയ് നോവലിലെ നായികയുടെ ഭാഗത്തു നിന്നും ചിന്തിച്ചിരുന്നില്ല. ഒരു സദാചാരവാദിയെപോലെ അവളെ തള്ളി മാറ്റി. കാരണം അവൾ ലൈംഗിക തൊഴിലാളിയാണ്. മാസ്ലോവയെ അത്തരംസാഹചര്യത്തിലേക്ക് തള്ളിവിട്ട നായകനായ നെഹ്ലുദേവിനോടൊപ്പമായിരുന്നു ടോൾസ്റ്റോയ്. അതിന് കാരണം ചെറുപ്പത്തിൽ, പതിനാറ് വയസ് മാത്രമുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന്റെ കുറ്റബോധമാണ് എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. എന്നാൽ സോഫിയ ഡയറിയിൽ ഉയർത്തെഴുന്നേൽപ്പിലെ നായികയെക്കുറിച്ച് ഇങ്ങിനെയാണ് രേഖപ്പെടുത്തിയത്.

ടോൾസ്റ്റോയ് കുടുംബ സദസിൽ
ടോൾസ്റ്റോയ് കുടുംബ സദസിൽ

"ആ സ്ത്രീയെയും എനിക്കറിയാം ഗാഷ എന്നാണവളുടെ പേര്. അവർക്കിപ്പോൾ എഴുപത് വയസായിക്കാണും. അദ്ദേഹം തന്നെ എനിക്കവളെ ചൂണ്ടിക്കാട്ടി തന്നിട്ടുണ്ട്. അന്ന് ഞാൻ അനുഭവിച്ച നൈരാശ്യത്തിന്റെയും വെറുപ്പിന്റെയും ആഴം എത്രയാണെന്നോ? അധ:പതനത്തിൽ നിന്നും പാപവിമുക്തിയിലേക്ക് താൻ കയറിയതെങ്ങനെയോ അതേ മട്ടിലാണ് നോവലിലെ നായകനെ വിമോചിപ്പിക്കുന്നത്. നോവലിൽ ധാർമിക പരിണാമം അതിസമർഥമായി വിസ്തരിച്ചെങ്കിലും സ്വജീവിതത്തിൽ ധാർമിക പരിണാമം നേടിയെടുക്കാൻ കഴിയുന്നില്ല. സ്വന്തം വാക്കുകൾ വായിച്ച് കണ്ണീരണിയുന്നു. ലൈംഗികതയോടുള്ള ആസക്തിതുടരുകയും ചെയ്യുന്നു '

ഇതൊക്കെ കൊണ്ടായിരിക്കും സോഫിയ തന്നോടും പെണ്മക്കളോടുമുള്ള സമീപനത്തെ ഇങ്ങിനെ രേഖപ്പെടുത്തിയത് .

"മൂന്ന് സ്ത്രീകളുടെ ജീവിതം അടിമകൾക്ക് സമാനമാക്കിയതിൽ അദ്ദേഹം സന്തോഷിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി പകർത്തിയെഴുതി, ശുശ്രൂഷിച്ചു, സസ്യഭക്ഷണം സാദാ പാചകം ചെയ്തു. ഒരിക്കലും പിരിയാതെ കൂടെ കഴിയുകയും ചെയ്തു. പക്ഷെ ഞങ്ങൾക്കും അൽപ്പം ജീവിക്കണമെന്ന് ഞങ്ങൾ പ്രഖ്യാപനംചെയ്തു .'

സോഫിയ ടോൾസ്റ്റോയിയുടെ എഴുത്തുകൾ പകർത്തി എഴുതുകയും ഫിക്ഷൻ എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതേസമയം സോഫിയയിൽ നല്ലൊരു സംഗീതജ്ഞ ഉണ്ടായിരുന്നു. പിയാനോ വായിക്കാനുള്ള അവളുടെ കഴിവിനെ ടോൾസ്റ്റോയ് ഒഴികെ എല്ലാവരും പ്രോത്സാഹിപ്പിച്ചു. അവർ ഇടവേളകളിൽ കഥകളും നോവെല്ലകളും രചിച്ചു. ഒരിക്കൽ പോലും ടോൾസ്റ്റോയ് അത് കണ്ടതായി ഭാവിച്ചില്ല. മാത്രവുമല്ല അസാധ്യമായ കഴിവുകൾ ഉള്ള ഒരു ഫോട്ടോഗ്രാഫറും കൂടിയായിരുന്നു സോഫിയ. സ്വന്തം ജീവിതത്തിലെ അനർഘ നിമിഷങ്ങൾ അയിരത്തോളം ഫോട്ടോഗ്രാഫുകളായി പിറന്നു വീണു. ഒരു പക്ഷെ തന്റെ ജീവിതസത്യങ്ങളുടെ തെളിവുകൾക്ക് വേണ്ടിയായിരിക്കാം അധികാരികതക്ക് ഡയറികളും ഫോട്ടോഗ്രാഫുകളും ഡോക്യുമെന്റ് ചെയ്തത്. എന്നിരുന്നാലും സോഫിയയുടെ കണ്ണുകളുടെ ഫോക്കസ്സിൽ ഫോട്ടോഗ്രാഫി മനോഹരമായ കലയായി വിടർന്നിരുന്നു.

ടോൾസ്റ്റോയ്, ഭാര്യ സോഫിയ
ടോൾസ്റ്റോയ്, ഭാര്യ സോഫിയ

ടോൾസ്റ്റോയിയുടെ നിഴൽ പോലെ കൂടെ ജീവിച്ച സ്വാധിയായ സ്ത്രീ സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടാൻ കാരണമായത് ചേർതകോവ് എന്ന ശിഷ്യന്റെ ഇടപെടൽ ആയിരുന്നു.

ടോൾസ്റ്റോയിയുടെ മതവിമർശനം അദ്ദേഹത്തിന് പുതിയ അനുയായികളെ സൃഷ്ടടിച്ചു. ശിഷ്യരും കുടുംബവും അടങ്ങുന്ന വലിയ സമൂഹത്തിന്റെ ചിലവുകളും ഉത്തരവാദിത്തവുമെല്ലാം സോഫിയയുടെ ചുമലിലായി. ടോൾസ്റ്റോയ് വീട്ടിലെ കാര്യങ്ങൾ എങ്ങിനെ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കാറില്ല. മക്കളെ ശ്രദ്ധിക്കാറില്ല. പ്രഭു കുടുംബത്തിന്റെ വരവും ചിലവും നടത്തിപ്പോന്നത് ടോൾസ്റ്റോയിയുടെ കൃതികളുടെ റോയൽറ്റിയിൽ നിന്നാണ്. അതുകൊണ്ട് തന്നെ ടോൾസ്റ്റോയ് ഫിക്ഷൻ എഴുതുമ്പോൾ വായനക്കാർ കൂടുന്നതുകൊണ്ട് സോഫിയ ഫിക്ഷൻ എഴുതാൻ പ്രോത്സാഹിപ്പിച്ചിരുന്നു. അതേസമയം ചേർതകോവ് ആത്മീയമായ രചനകളിൽ ഏർപ്പെടാൻ ടോൾസ്റ്റോയിയെ നിർബന്ധിച്ചുകൊണ്ടിരുന്നു.

ഇതിനിടയിൽ ടോൾസ്റ്റോയിയും ചേർതകോവും തമ്മിലുള്ള ബന്ധം ഒരു ഭാര്യക്കും സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറമായിരുന്നു. ഭാര്യയെയും ഭർത്താവിനെയും തമ്മിൽ അകറ്റാൻ ചേർതകോവ് പല സൂത്രങ്ങളും പ്രയോഗിച്ചു. അവർ തമ്മിൽ അടുക്കാതിരിക്കാൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒടുവിൽ പരസ്യമായി കൃതികളുടെ പകർപ്പവകാശത്തിന് വേണ്ടി സോഫിയയും ചേർതകോവും പോരടിച്ചു. "യൗവനത്തിൽ താൻ യുവതികളോടല്ല യുവാക്കളോടാണ് പ്രണയത്തിൽ ആയിരുന്നത് 'എന്ന് ടോൾസ്റ്റോയ് എഴുതിയത് പഴയ ഡയറിയിൽ വായിച്ചതായി ഈ സന്ദർഭത്തിൽ സോഫിയ ഓർത്തെടുത്തു.

ഗുരുവും ശിഷ്യനും തമ്മിലുള്ള നിഗൂഢബന്ധത്തിനെ സോഫിയ പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. ഇതിനുതെളിവായി സോഫിയ പറയുന്നു: ചേർതകോവിനെ ആദ്യമായി കണ്ട ദിവസം ടോൾസ്റ്റോയ് ഡയറിയിൽ കുറിച്ചിരുന്നത് "ആദ്യകാഴ്ചയിൽ തന്നെ ഞങ്ങൾ അനുരക്തരായി' എന്നാണ്. മാത്രവുമല്ല സോഫിയ അവസാനത്തെ ഗർഭം ധരിച്ചത് ടോൾസ്റ്റോയ് ചേർതകോവിൽ നിന്നും മൂടിവെച്ചിരുന്നു.

ദാമ്പത്യ ജീവിതത്തിൽ ശിഷ്യന്റെ ഇടപെടൽ അസഹനീയമായിരുന്നു. ഭാര്യയെന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട സർവ്വവും ചേർതകോവ് തട്ടിപ്പറിക്കുന്നതായി തോന്നിയ സോഫിയ ടോൾസ്റ്റോയിയുമായി നിരന്തരമായി കലഹമുണ്ടായിക്കിയിരുന്നു. സങ്കടവും നൈരാശ്യവും കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരേ സമയം ടോൾസ്‌റോയിയോടുള്ള പ്രണയത്തിന്റെയും വെറുപ്പിന്റെയും ഇടയിൽ പെട്ട് ഭ്രാന്തമായി സോഫിയ അലറിക്കരഞ്ഞു.

"അദ്ദേഹത്തിന്റെ ശിഷ്യന്മാരായ നവക്രിസ്ത്യാനികൾ അഥവാ ടോൾസ്‌റോയിയന്മാർ അദ്ദേഹത്തെ എനിക്കെതിരെ തിരിക്കുകയാണ്. കുറച്ചൊക്കെ അവരാ ഉദ്യമത്തിൽ വിജയിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചു വർഷങ്ങളോളമായി ഞാനും ഭർത്താവും തമ്മിൽ പുലർത്തിപ്പോന്ന സ്‌നേഹബന്ധം തകർക്കുകയാണ്‌ ചേർതകോവ് എന്ന നീചന്റെ ലക്ഷ്യം. എന്റെ ഭർത്താവ് ചേർതകൊവുമായുള്ള ഈ വഷളൻ ബന്ധം ഉപേക്ഷിച്ചേ തീരൂ. എത്രയും വേഗം ഞങ്ങൾക്ക് ഈ ചതിയനിൽ നിന്നും രക്ഷപ്പെടണം.'

സോഫിയയുടെ വൈരുദ്ധ്യാത്മകമായ മനോഭാവമത്രയും അവരുടെ ദിവസേനയുള്ള ഡയറിക്കുറിപ്പിൽ വരച്ചിട്ടിരുന്നു. ഭർത്താവിനോടുള്ള പ്രണയ പാരവശ്യമാണെങ്കിൽ പോലും അത്തരം ദിവസങ്ങളിൽ എഴുതുന്നത് വെറുപ്പ് നിറഞ്ഞ പ്രതികരണതോടെയായിരുന്നു.

സോഫിയ ടോൾസ്റ്റായ
സോഫിയ ടോൾസ്റ്റായ

"അദ്ദേഹത്തെ എത്രയേറെ അറിയുന്നുവോ അത്രയേറെ ഞാനിഷ്ടപ്പെട്ടു പോകുന്നു. ഓരോ ദിവസവും എനിക്ക്‌ തോന്നുമായിരുന്നു, ഈ ദിവസത്തോളം ഞാൻ അദ്ദേഹത്തെ സ്‌നേഹിച്ചിട്ടില്ലെന്ന്. അടുത്ത ദിവസം ഞാൻ അതിലേറെ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെന്തുമല്ലാതെ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊന്നിനും അസ്തിത്വമില്ല .'

ഒരു പക്ഷെ സോഫിയയുടെ വൈരുദ്ധ്യാത്മകമായ സ്വഭാവം ടോൾസ്റ്റോയിയെ പോലെ തന്നെ റഷ്യൻ ജനതയെയുംആശ്ചര്യപ്പെടുത്തി. അതിന് നിദാനമായത് ടോൾസ്റ്റോയിയുടെ "ക്രൂറ്റ്‌സർ സൊണാറ്റ 'എന്ന കൃതിയുടെ പ്രസിദ്ധീകരണമാണ്.

സെർജി ഇവാനോവിച് എന്ന സംഗീതഞ്ജനുമായി സോഫിയ അഗാധമായ സൗഹൃദബന്ധം പുലർത്തിയിരുന്നു. ചെറുപ്പം മുതൽ സംഗീതത്തിനോടുള്ള സോഫിയയുടെ പ്രതിപത്തി അതിന് ആക്കം കൂട്ടി.

അതിനെ കുറിച്ചു സോഫിയ ഇങ്ങിനെ ഡയറിയിൽ എഴുതി: "ശാന്തവും ഗഹനവും നന്മയുടേതുമായ സൗഹാർദ്ദമാണ് ഞങ്ങളുടേത്. സായാന്തനമത്രയും ഞങ്ങൾ സംസാരിച്ചു. കല, സംഗീതം, ലെവോച്ചക്കയുടെ സാഹിത്യം എന്നിവയൊക്കെയായിരുന്നു വിഷയങ്ങൾ. സെർജി ലെവോച്ചക്കയുടെ അർപിതാരാധകനാണ്. മനോഹരമായ സിംഫണികൾ എനിക്ക് വേണ്ടി സെർജി പിയാനോയിൽ മീട്ടി. അവ എന്നെ അഗാധമായി സ്വാധീനിച്ചു. അപാരമായിരുന്നു ആ പ്രകടനം. കുലീനമാണ് ആ സംഗീതം '

സോഫിയയും സെർജി ഇവാനോവിച്ചും തമ്മിലുള്ള സഹൃദം ഉൾകൊള്ളാൻ ടോൾസ്റ്റോയിക്ക് കഴിഞ്ഞിരുന്നില്ല. അതിൽ അയാൾ ഒരു സദാചാരവാദിയെ പോലെ കലഹിച്ചു. ടോൾസ്റ്റോയ് സ്ത്രീക്ക് മാത്രമായ ഒരു പെരുമാറ്റ ചട്ടം ഫിക്ഷനിലും ജീവിതത്തിലും കൊണ്ടുവന്നിരുന്നു. അതിന്റെ ഫലമാണെല്ലോ അന്നകരിനീന എന്ന നോവലിൽ അന്നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. അത്തരത്തിലുള്ള സദാചാര നിയമങ്ങൾ ജീവിതത്തിലും സാഹിത്യത്തിലും ടോൾസ്റ്റോയ് കൊണ്ട് വന്നു. സോഫിയയും അന്നയും അതിന്റെ പ്രത്യക്ഷ ഇരകളായിരുന്നു. അതിന് മറുപടിയായി സോഫിയ പറയുന്നുണ്ട്

"എന്തിന് എന്നറിയാതെ ഒരാളെ സ്നേഹിക്കുമ്പോൾ അതിൽ കാമം ആരോപിക്കുന്നത് എന്തിന് '

എന്നാൽ ഒരിക്കലും വിട്ട് മാറാത്ത സംശയത്തിന്റെ മുനകൾ പ്രതിഫലിച്ചത് ക്രൂറ്റ്‌സർ സൊണാറ്റ എന്ന കൃതിയിൽ ആയിരുന്നു. നോവൽ പകർത്തി എഴുതുമ്പോൾ സോഫിയ അത് വേദനയോടെ തിരിച്ചറിഞ്ഞു. നോവൽ സോഫിയയെ കഠിനമായി പീഡിപ്പിച്ചു. അതിനെകുറിച്ച് സോഫിയ പറഞ്ഞു:

"ക്രൂറ്റ്‌സർ സൊണാറ്റ അസത്യം പറയുന്നു. കുട്ടികളെ പോറ്റുന്ന ഒരു യുവതിക്ക് അത്തരം ആസക്തികൾ ഉണ്ടാവുകയില്ല. അവൾ സദാ തിരക്കിലാണ്'

സോഫിയക്ക് എതിരായി എഴുതിയ നോവൽ ആയിട്ട് പോലും സോഫിയ ക്രൂറ്റ്‌സർ സൊണാറ്റ പ്രസിദ്ധീകരിക്കാൻ മുന്നിൽ നിന്നു. സ്വന്തം വിവാഹജീവിതവുമായി ബന്ധപ്പെടുത്തി ജനങ്ങൾ കഥകൾ മെനയാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുടെ പരപുരുഷ ബന്ധവും തൊങ്ങലും തോരണവും വെച്ചു ജനങ്ങൾ ആഘോഷിച്ചു. എന്തിന് ചക്രവർത്തി വരെ ഇതിനെക്കുറിച്ചു സംസാരിച്ചു.

ലിയോ ടോൾസ്റ്റോയ്, 1908
ലിയോ ടോൾസ്റ്റോയ്, 1908

പക്ഷെ ക്രൂറ്റ്‌സെർ സൊണാറ്റ വ്യപകമായി ചർച്ചചെയ്യപ്പെട്ടതിനിടയിൽ സാർ ചക്രവർത്തി നോവൽ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി. സമൂഹത്തിന്റെ സദാചാരസംഹിതകൾക്ക് എതിരെ നിൽക്കുന്ന നോവൽ എന്ന് ആരോപിച്ചുകൊണ്ടായിരുന്നു നിരോധനം. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് നിരോധനം നീക്കാൻ വേണ്ടി സോഫിയ ചക്രവർത്തിയെ കാണുകയും ടോൾസ്റ്റോയ് ഫിക്ഷൻ രചനകളിൽ മാത്രമേ ഏർപ്പെടുന്നുള്ളുവെന്നും മതപരവും ആത്മീയവുമായ രചനകളിൽ ഏർപെടുന്നില്ല എന്ന് ആണയിടുകയുംചെയ്തു. നിങ്ങൾ സ്വന്തം കുട്ടികൾക്ക് നോവൽ വായിക്കാൻ കൊടുക്കുമോ എന്ന് ചോദിച്ച ചക്രവർത്തി നോവൽമാറ്റി എഴുതുവാൻ നിർദ്ദേശം വെക്കുകയും ചെയ്തു. പക്ഷെ സോഫിയ ചക്രവർത്തിക്ക്‌ കൊടുത്ത മറുപടി ഇങ്ങിനെയായിരുന്നു:

"ഇല്ല പ്രഭോ അദ്ദേഹം സ്വന്തം കൃതികൾ പ്രസിദ്ധീകരിച്ചതിന് ശേഷം തിരുത്താറില്ല. മാത്രമല്ല നോവലിനെ അദ്ദേഹം വെറുത്തു തുടങ്ങിയിരിക്കുന്നു'

നിരോധനം നീക്കി കൊടുത്താൽ ഫിക്ഷൻ രചനക്ക് അതൊരു പ്രോത്സാഹനമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഒടുവിൽ സോഫിയ വിജയിച്ചു. നോവലിനു വീണ്ടും പ്രസിദ്ധീകരണാനുമതി ലഭിച്ചു. പക്ഷെ തന്റെ സൗഹൃദബന്ധത്തിൽ കാമം ആരോപിച്ച ഭർത്താവിന് കൃത്യമായ മറുപടി കൊടുക്കാൻ സോഫിയ അവളുടെ ഭാഗത്തെ ന്യായീകരിച്ചുകൊണ്ട് രണ്ട് നോവെല്ലകൾ എഴുതി. Whose falt ? (1891), song without words (1898). ആദ്യത്തെ കൃതിയിൽ വൈകാരികമായും മനസികമായുമുള്ള ആവശ്യങ്ങൾക്ക് മുന്നിൽ അന്ധത ബാധിച്ച ഭർത്താവിനെ അവതരിപ്പിക്കുകയും രണ്ടാമത്തേതിൽ പിയാനിസ്റ്റുമായി അഗാധമായ ഹൃദയബന്ധം സൂക്ഷിക്കുന്ന നിഷ്‌കളങ്കമായ യുവതിയുടെ ചിത്രം വരച്ചിടുകയും ചെയ്തു. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ സോഫിയയുടെ രചനകൾ പുറം ലോകം കണ്ടില്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്മർദത്തെ അതിജീവിക്കാൻ സോഫിയക്ക് കഴിഞ്ഞില്ല. സോഫിയ വൈകാരികമായി വരച്ചിട്ട ജീവിതഗന്ധിയായ സത്യം ആർകെവ്സിലേക്ക് അപ്രത്യക്ഷമായി. ടോൾസ്റ്റോയ് എപ്പോഴും ചിന്തിച്ചിരുന്നത് ആകസ്മികമായി സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "women had no place in the literary world'.

ടോൾസ്റ്റോയ് ഒരിക്കൽ പോലും സോഫിയയിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. മറിച്ച് സൂത്രശാലിയായും തന്റെ പ്രവചനാത്മകമായ ആശയങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത വിഡ്ഢിയായും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. എന്നിട്ടും ആദർശത്തിന് ഒത്തു ജീവിക്കാൻ കഴിയാത്ത ഒരു എഴുത്തുകാരനാണ് തന്റെ ഭർത്താവ് എന്ന് പരസ്യമായി സോഫിയ എവിടെയും സൂചിപ്പിച്ചില്ല. മക്കളെ ശ്രദ്ധിക്കാത്ത അച്ഛനെ മാഷാ ഒഴികെയുള്ള മക്കളും സ്‌നേഹിച്ചില്ല. ആൺമക്കൾ അവസാനസമയം ടോൾസ്റ്റോയിയെ "കിഴവൻ 'എന്ന് മാത്രമാണ് വിളിച്ചിരുന്നത്.

പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലിയോ ടോൾസ്റ്റോയ്
പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലിയോ ടോൾസ്റ്റോയ്

ഒരു ദിവസം വീട്ടിൽ നടന്ന ചർച്ചയിൽ ലെവോച്ചക്ക, സ്ത്രീകളും കുട്ടികളും അഹങ്കാരികൾ ആണെന്നും പുരുഷൻമാർക്കേ ആത്മത്യാഗസന്നദ്ധതയുള്ളുവെന്നും തർക്കിച്ചു. പക്ഷെ ഞങ്ങൾ വിട്ടുകൊടുത്തില്ല. ചർച്ചയിലേക്ക് കയറിച്ചെന്ന് സ്ത്രീപക്ഷത്തിന് വേണ്ടി വാദിച്ചു "ആ സന്ദർഭത്തെ സോഫിയ അടയാളപ്പെടുത്തിയത് "തരം താഴ്ന്ന ചർച്ച ' എന്നായിരുന്നു .
ഇങ്ങിനെയൊക്കെയായിരുന്നാലും രണ്ടും പേരും തമ്മിലുള്ള സ്‌നേഹത്തിൽ അങ്ങേയറ്റം പൊസ്സസീവ് ആയിരുന്നുവെന്നും കാണാം. വൈരുദ്ധ്യാത്മകമായ സ്വഭാവം സോഫിയയിൽ എന്നപോലെ ടോൾസ്റ്റോയിയിലും നിഴലിച്ചിരുന്നു.

ജീവിതത്തോട് സോഫിയ പുലർത്തിയിരുന്ന സത്യസന്ധത ടോൾസ്റ്റോയിൽ കാണാൻ കഴിയില്ല. അവരുടെ ബൗദ്ധിക സത്യസന്ധത, സർഗാത്മകത, സാമാന്യബോധം, കഠിനാധ്വാനം വീടും കുടുംബവും സ്വത്തുവകകളും നോക്കികൊണ്ട് നടക്കാനുള്ള അസാമാന്യപാടവം ആരെയും അതിശയിപ്പിക്കുന്നതാണ്. ഇതിനിടയിൽ പതിനാറ് തവണ അവർ ഗർഭിണിയായി, നാല് കുഞ്ഞുങ്ങളുടെ മരണത്തിൽ നിലവിട്ടു പോവുമായിരുന്ന ജീവിതത്തെ മെരുക്കി എടുക്കുന്നതിൽ സോഫിയ കാണിച്ച ആർജ്ജവം പ്രശംസനീയമാണ്. ഒരു പക്ഷെ അക്കാലത്തെ ഏതൊരു സ്ത്രീയും അനുഭവിച്ചതാണത്. പുരുഷന്റെ പ്രിവിലേജ് (പ്രത്യുല്പാദനത്തിന്റെ അധികബാധ്യത പേറേണ്ടി വരുന്നില്ല എന്ന) കൂടി ഇവിടെ നമ്മൾ ഓർക്കണം. സാർവ്വലൗകിക സ്‌നേഹത്തെകുറിച്ചു കൃതികൾ രചിക്കുന്ന ഭർത്താവ് ഭാര്യയോട് പോര് കോഴിയെപോലെ പോരാടുന്നത് വിരോധാഭാസമായി സോഫിയയെ അത്ഭുതപ്പെടുത്തി.

സോഫിയ
സോഫിയ

അവസാനമായി ടോൾസ്റ്റോയ് സോഫിയയോട് വഴക്കിട്ടിറങ്ങിയ രാത്രിയിൽ സോഫിയ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കടുത്ത ന്യുമോണിയ ബാധിച്ച ടോൾസ്റ്റോയി അസ്തപോവ് റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ വസതിയിൽ അഭയം പ്രാപിച്ചു. ടോൾസ്റ്റോയിയുടെ അന്ത്യനിമിഷത്തിൽ സോഫിയയെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്നത് ചേർതകോവിന്റെ ലക്ഷ്യമായിരുന്നു. ജനാലക്കരികിൽ നിന്ന് പ്രിയതമനെ ഒരു നോക്ക് കാണാൻ വേണ്ടി സോഫിയ ഉണ്ടാക്കിയ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ, ചേർതകോവിനുണ്ടായ നിഗൂഢമായ ആനന്ദത്തിൽ അതിന് ഉത്തരമുണ്ട്. ഒടുവിൽ യാചിക്കുന്ന കണ്ണുകളോടെ സോഫിയ ചേർതകൊവിനെ ദയനീയമായി നോക്കി. സോഫിയയുടെ നോട്ടത്തിനെ നേരിടാനുള്ള ശക്തി അയാൾക്ക് ഉണ്ടായിരുന്നില്ല . അതിനെ കുറിച്ച് അയാൾ പിന്നീട് ഇങ്ങിനെ എഴുതിയിരുന്നു "ഞാൻ കണ്ണുകൾ താഴ്ത്തി . അവരുടെ കണ്ണുകളിൽ നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല സമയാസമയങ്ങളിൽ ആഹാരം തന്ന മാതൃസദൃശയാണവർ'.

സോഫിയ
സോഫിയ

ഇതിനിടയിലും ചേർതകോവ് തിരക്കിട്ട് യസനായ പോളിയനയിൽ പോയത് ടോൾസ്റ്റോയിയുടെ രചനകളുടെ പകർപ്പവകാശം കരസ്ഥമാക്കാൻ ആയിരുന്നു.

ടോൾസ്റ്റോയിയുടെ അവസാന നിമിഷത്തിൽ അദ്ദേഹത്തോട് ചേർന്നിരുന്നത് മകൾ താനിയ മാത്രമാണ്. അങ്ങിനെ ലോകം മുഴുവനും ആരാധിക്കുന്ന സാഹിത്യ പ്രതിഭയുടെ അവസാനനിമിഷത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അപ്രസക്തമാക്കപ്പെട്ടു. നീണ്ട നാല്പത്തിയെട്ടു വർഷം ടോൾസ്റ്റോയിയോടൊപ്പം ജീവിച്ച അദ്ദേഹത്തിന്റെ ഭാര്യയായ സോഫിയക്ക് മരണാസന്നനായ ഭർത്താവിനെ കാണാൻ അനുവാദം നിഷേധിക്കപ്പെട്ടു. കുറ്റപ്പെടുത്തലിന്റെ ചൂണ്ട് വിരൽ മുഴുവൻ പതിഞ്ഞത് സോഫിയയിൽ ആണ്. ഒരേ സമയം അനുഗ്രഹവും ശാപവുമായ ടോൾസ്റ്റോയിയുടെ ഭാര്യാപദവി സോഫിയയുടെ ജീവിതാന്ത്യം വരെ അവരെ വേട്ടയാടി. അവർ വൈകാരികമായി എഴുതിയിട്ട ഡയറി കുറിപ്പിൽ ഒരു പെണ്ണിന്റെ നിസ്വാർത്ഥമായ ജീവിതം തുടിച്ചു നിന്നിരുന്നു. ആരും കാണാതെ, ആരും കേൾക്കാതെ കാലത്തിന്റെ അഴുക്കും പൊടിയും അതിന് മേൽ കട്ട പിടിച്ചു നിന്നിരുന്നു. സോഫിയ പറഞ്ഞത് പോലെ ചിത്രകാരൻ വരുമ്പോഴൊക്കെ ലിയോ എന്റെ ചിത്രം വരപ്പിക്കുമായിരുന്നു,
രേഖാചിത്രങ്ങൾ ആയിരിക്കുമ്പോൾ അവയിൽ എന്നെ കണ്ടുവെങ്കിലും അതിൽ ചായമിടുന്നതോടെ ഞാൻ ഇല്ലാതാവും !''

അന്നകരിനീന എന്ന നോവലിന്റെ തുടക്കത്തിൽ ടോൾസ്റ്റോയ് എഴുതിയ പ്രശസ്തമായ വാചകം യഥാർത്ഥത്തിൽ സോഫിയയുടേതായിരുന്നു "Happy families are all alike; every unhappy family is unhappy in its own way '

ശ്രീകല മുല്ലശ്ശേരിയുടെ മറ്റ് ലേഖനങ്ങൾ

ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ

ഇതാ ഹെമിങ്‌വേയുടെ അപ്രകാശിത കഥ

Comments