മുഹമ്മദ് അബ്ബാസ്

നരച്ച ലോകത്തിനും തന്റേതല്ലാത്ത ഭാഷയ്ക്കും
​ഒരു പെയിന്റുപണിക്കാരൻ നിറം കൊടുക്കുന്ന വിധം

ഉമ്മ മലയാളം - 01

ഭാഷയെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള നമ്മുടെ അന്ധവിശ്വാസങ്ങളെ തകർക്കുന്ന ഒരു ജീവിതത്തെക്കുറിച്ച്

ലക്‌സാൻട്രോ ബാരിക്കോ എന്ന ഇറ്റാലിയൻ എഴുത്തുകാരന്റെ വിത്ത് ഔട്ട് ബ്ലഡ് എന്ന ചെറു നോവലിനെ പറ്റിയാണ് അയാൾ അന്ന് വായന കുറിപ്പെഴുതിയത്. പരിമിത വായനയുടെ അതിരുകളിൽ ഞാൻ കേട്ടിട്ടേ ഇല്ലാത്ത പേരുകളിൽ ഒന്നായിരുന്നു അലക്‌സാൻട്രോ ബാരിക്കോയുടേത്. പകയുടെ മൂർച്ചകളെ കരുണയുടെ ജലാംശം വന്നു മായിച്ചുകളയുന്നതിന്റെ സാക്ഷ്യങ്ങൾ സൂക്ഷിക്കുന്ന ഒരു പുസ്തകമാണ് അതെന്ന് വായന കുറിപ്പിലൂടെ കടന്നുപോകെ ബോധ്യം വന്നു.
ഫേസ്ബുക്കിലെ വളരെ സജീവമായ ഒരു വായനാഗ്രൂപ്പിൽ വന്ന കുറിപ്പായിരുന്നു അത്, തുറവിയുള്ള ഭാഷയിൽ എഴുതപ്പെട്ടത്.
ഭംഗിയിൽ ട്രിം ചെയ്ത താടി പോലെ ഒതുക്കമുള്ള ഭാഷ.
ലളിതമെങ്കിലും ബലിഷ്ഠം.

അപരിചിതമായ ഒരു പുസ്തകം വിരലുകൾക്കിടയിൽ ഒതുക്കിവച്ച് വായിച്ചു തീർത്ത അതേ തീവ്രമായ വൈകാരിക സംഘർഷത്തോടെയാണ് ആ പുസ്തക കുറിപ്പ് വായിച്ചു തീർത്തത് എന്നോർമ്മയുണ്ട് ഇപ്പോഴും. വൃദ്ധി പ്രാപിച്ച ഒരു വായനക്കാരന്റെ വിരലുകൾ ആ കുഞ്ഞു കുറിപ്പിലുടനീളം നൃത്തം ചെയ്യുന്നുണ്ട് എന്ന തോന്നലിൽ ഞാൻ അതെഴുതി വായനാഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ആളുടെ പേര് ഒരിക്കൽ കൂടി വായിച്ചു.

മുഹമ്മദ് അബ്ബാസ് എന്ന പേര് യാതൊരു കൗതുകവും തരാതെ മറവിയിലേക്ക് കാലുനീട്ടി ഇറങ്ങിപ്പോകുമായിരുന്നു, പിറ്റേന്ന് അലക്‌സാൻട്രോ ഡ്യുമയുടെ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ പറ്റി അയാൾ തന്നെ അതേ ഗ്രൂപ്പിൽ എഴുതിയ മറ്റൊരു വായനകുറിപ്പ് വായിക്കാൻ ഇടവന്നില്ലായിരുന്നു എങ്കിൽ.
ആ കുറിപ്പ് ആരംഭിച്ചത് ഇങ്ങനെയാണ്: ""കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ വായിച്ചിട്ട് കാലമെത്രയോ കടന്നുപോയിരിക്കുന്നു, വായനയുടെ ഉന്മാദകാലമായിരുന്നു അത്. തടിച്ച പുസ്തകങ്ങളെ വല്ലാതെ പ്രണയിച്ചിരുന്ന കാലം. കാട്ടുപാറ കുന്നിലെ ടാപ്പിംഗ് കഴിഞ്ഞ്, മടപ്പള്ളിക്കയത്തിൽ മുങ്ങിക്കുളിച്ച്, വിജനമായ ആ കുന്നിൻ പുറത്തെ കുളിർ കാറ്റും കൊണ്ട്, മോണ്ടി ക്രിസ്റ്റോ വായിക്കാനിരുന്നത് ഇന്നലെയാണ് എന്ന് തോന്നുന്നു.''

സാമാന്യം നീണ്ട കുറിപ്പ് വായിച്ചവസാനിച്ചപ്പോൾ രണ്ടു കാര്യങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു. റബ്ബർ ടാപ്പിംഗ് കഴിഞ്ഞു കാട്ടുപാറ കുന്നിലെ വിജനതയിലിരുന്നാണ് ഈ മനുഷ്യൻ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്ന എക്കാലത്തെയും മഹാഗ്രന്ഥം വായിച്ചു തീർത്തത്. രണ്ടാമത്തെ കാര്യം, കുറെ കൂടി പ്രസക്തമായത്, ഈ മനുഷ്യൻ വായിക്കുന്ന പുസ്തകങ്ങളിൽ നല്ല പങ്കും ലോകസാഹിത്യമാണ് എന്നതായിരുന്നു.

പിന്നീട് അയാളുടേതായി അതേ ഗ്രൂപ്പിൽ വായിച്ച അനേകം പുസ്തക പരിചയ കുറിപ്പുകൾ (അങ്ങനെ പറയാൻ വയ്യ, അവയെല്ലാം ഉജ്ജ്വലമായ പുസ്തക നിരൂപണങ്ങൾ തന്നെയായിരുന്നു) വായനയെ കുറിച്ചും വായിക്കാൻ മനുഷ്യൻ തിരഞ്ഞെടുക്കുന്ന ഇടങ്ങളെ കുറിച്ചും, വായിക്കുന്ന മനുഷ്യന്റെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ കുറിച്ചും അക്കാലമത്രയും ഞാൻ പുലർത്തി പോന്നിരുന്ന അന്ധവിശ്വാസങ്ങളെ നെടുകെ മറിച്ചിടാൻ തക്കം പാത്തിരിക്കുകയായിരുന്നു.

ആനന്ദിന്റെ ആൾക്കൂട്ടത്തെ കുറിച്ചുള്ള അയാളുടെ കുറിപ്പിൽ ഇങ്ങനെ വായിച്ചു: ""ഭ്രാന്താശുപത്രി എന്ന ബോർഡില്ലാത്ത കോഴിക്കോട് വിജയ ഹോസ്പിറ്റലിലെ പതിമൂന്നാം നമ്പർ മുറിയിൽ കിടക്കുമ്പോഴാണ് ആനന്ദിന്റെ ആൾക്കൂട്ടം ഞാൻ ആദ്യമായി വായിക്കുന്നത്. എനിക്ക് കൂട്ടിരുന്നവർ അന്തം വിട്ട് ഉറങ്ങുമ്പോൾ ഞാൻ ആനന്ദ് സൃഷ്ടിച്ച ആശയലോകത്തിൽ ഉണർന്നിരുന്നു. നഴ്‌സ് വന്ന് ഉറങ്ങാനുള്ള ഗുളിക ആദ്യം തരും. എന്നിട്ട് പുസ്തകം വാങ്ങി വച്ച് ഉറങ്ങാൻ പറയും. ഉറക്കം മറ്റെവിടെയോ ഉറങ്ങാൻ പോകുമ്പോൾ ഞാൻ വീണ്ടും ആനന്ദിനെ വായിക്കും. കുറെനേരം കഴിയുമ്പോൾ നഴ്‌സ് വീണ്ടും വരും. ഞാൻ ഉറങ്ങിയിട്ടില്ല എന്ന് കണ്ട് ഉറങ്ങാനുള്ള ഇഞ്ചക്ഷൻ വീണ്ടും തരും. പുസ്തകം വാങ്ങി വെക്കും. ഞാൻ വീണ്ടും ആനന്ദ് സൃഷ്ടിച്ച സന്ദേഹങ്ങളുടെ പൊരുളിലേക്ക് ഊർന്നിറങ്ങും. പുറത്ത് നഗരം ഉറക്കം കിട്ടാതെ നിലവിളിക്കുകയാവും.''

എട്ടാം ക്ലാസും തമിഴും കൊണ്ട് ഒരാൾ മലയാളത്തിൽ ലോകഭാവനയെ സ്വപ്നം കണ്ട വിധം...

മലയാള ഭാഷ എഴുതാനോ വായിക്കാനോ വശമില്ലാത്ത ഒരുവൻ - പിന്നീടൊരിക്കലും സ്‌കൂൾ വിദ്യാഭ്യാസം ലഭ്യമായിട്ടില്ലാത്ത ഒരുവൻ- അവനിൽനിന്ന് എത്ര ദൂരം നടന്നാണ് ഇയാൾ ഇന്ന് ലോകസാഹിത്യത്തെ കുറിച്ചുള്ള മൗലികമായ വായനകൾ - എഴുത്തുകൾ സാധ്യമാക്കുന്നത്?

അബ്ബാസിനെ വായിക്കുകയും അമ്പരക്കുകയും നിത്യസാധാരണമായ അതേ സമയത്താണ് സാമൂഹിക പ്രവർത്തകയായ ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്, അബ്ബാസിനെക്കുറിച്ച്. അബ്ബാസിലെ വായനക്കാരൻ എഴുതിയ വായനാഗ്രൂപ്പിലെ പോസ്റ്റുകൾ വായിച്ച് അബ്ബാസിനെ തേടിപ്പോയ അനുഭവമായിരുന്നു ആ കുറിപ്പ്. മധ്യവർഗ സമൂഹത്തിന്റെ പ്രതിനിധിയായ ഒരു വായക്കാരനെ അന്വേഷിച്ചു പോയ ലക്ഷ്മി രാജീവ്, കൂലിപ്പണിയും പെയിന്റ് പണിയും ചെയ്ത് ഉപജീവനം കഴിക്കുന്ന, ദാരിദ്ര്യവും പങ്കപ്പാടും കൂടപ്പിറപ്പായ ഒരു വാടകവീട്ടിലെ ഗൃഹനാഥനായ മനുഷ്യനെ കണ്ടതിന്റെ അമ്പരപ്പായിരുന്നു ആ കുറിപ്പ് നിറയെ. എന്നാൽ ആ കുറിപ്പിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം, അബ്ബാസ് മലയാളം പഠിച്ചിട്ടില്ല എന്നതായിരുന്നു.

എട്ടാം ക്ലാസ് വരെ തമിനാട്ടിലെ സർക്കാർ സ്‌കൂളിൽ തമിഴ് മീഡിയത്തിൽ പഠിച്ച, ജീവിക്കാൻ നിവൃത്തിയില്ലാതായതോടെ മലപ്പുറം കോട്ടക്കലിലേക്ക് ലോറിയിൽ കയറി നാടുവിട്ട് വന്ന കൗമാരക്കാരൻ. മലയാള ഭാഷ എഴുതാനോ വായിക്കാനോ വശമില്ലാത്ത ഒരുവൻ - പിന്നീടൊരിക്കലും സ്‌കൂൾ വിദ്യാഭ്യാസം ലഭ്യമായിട്ടില്ലാത്ത ഒരുവൻ- അവനിൽനിന്ന് എത്ര ദൂരം നടന്നാണ് ഇയാൾ ഇന്ന് ലോകസാഹിത്യത്തെ കുറിച്ചുള്ള മൗലികമായ വായനകൾ - എഴുത്തുകൾ സാധ്യമാക്കുന്നത്? ഭാഷയെ കൈയെത്തി പിടിക്കാൻ അയാളെത്ര തീവ്രമായ വേദന സഹിച്ചിട്ടുണ്ടാകണം എന്നോർക്കേ വായനയെ കുറിച്ചുള്ള എന്റെ ധാരണകൾ കളിമൺ കൊട്ടാരം പോലെ ഉടഞ്ഞുവീണു. എഴുത്തു മാത്രമല്ല, വായനയും തീവ്രമായ ഒരു നോവാണ് എന്നെനിക്ക് തിരിഞ്ഞുകിട്ടിയത് അപ്പോഴാണ്. ഭാഷ അറിയാത്ത നാട്ടിൽ അയാളെത്ര അപമാനിക്കപ്പെട്ടിട്ടുണ്ടാകണം? അങ്ങനെയുള്ള ആളാണ് ഇന്ന് സ്വച്ഛമായി നർത്തനം തുടരുന്ന അപൂർവ സുന്ദര ഭാഷയുടെ കുതിരക്കുളമ്പടികൾ ഊഷ്മാവിൽ സൂക്ഷിച്ച് ലോകത്തെ വായിക്കുന്നത്. ഒരു ക്ലാസ് മുറിയിലും മലയാളം പഠിച്ചിട്ടില്ലാത്ത ഒരാളാണ് ലോക ക്ലാസിക്കുകളെ മലയാളത്തിന്റെ സ്വപ്നസ്ഥലികളിൽ ആത്മവിശ്വാസത്തോടെയിരുന്നു വായിക്കുന്നത്- എഴുതുന്നതും. ആലോചിക്കേ അമ്പരപ്പിന്റെ വിസ്താരം ലോകസാഹിത്യം പോലെ കനപ്പെട്ടു വന്നു.

പെരിന്തൽമണ്ണ എന്നെഴുതിയ ബസിന്റെ ബോർഡ് വായിക്കാനാകാതെ ബസ് തെറ്റിക്കയറി കണ്ടക്ടറുടെ ആട്ടും തല്ലും കിട്ടിയ കൗമാരക്കാരൻ ഭാഷയുടെ ഉഗ്രമൂർച്ചയിൽ നൃത്തം ചെയ്യുന്നതിന്റെ അകപ്പൊരുൾ എന്നെ ജീവിതം പോലെ വിസ്മയിപ്പിച്ചു എന്നുപറഞ്ഞാൽ അതിശയോക്തിയല്ല.

ലക്ഷ്മി രാജീവിന്റെ കുറിപ്പ് വായിച്ച ഹാങ്ങോവറിൽ ഞാൻ ഓടിപ്പോയി, അബ്ബാസ് പണ്ട് വായനാഗ്രൂപ്പിൽ എഴുതിയ ഏകാന്തതയുടെ നൂറു വർഷങ്ങളെ കുറിച്ചുള്ള വായന വായിച്ചു: ""വലിയൊരു അയസ്‌കാന്തം കെട്ടി വലിച്ചുകൊണ്ട് മാർകേസ് എന്റെ ബോധത്തിലൂടെ കടന്നുപോയപ്പോൾ ഉള്ളിലെ പല സാഹിത്യ വിഗ്രഹങ്ങളും ഇളകി വീണു. യാഥാർത്ഥ്യത്തിനേക്കാൾ കൂടുതൽ യഥാർത്ഥമായ ഒരു ലോകമായിരുന്നു മക്കൊണ്ടയുടേത്. അസാധാരണവും അവിശ്വസനീയവുമായ സംഭവപരമ്പരകൾ എന്റെ ബോധത്തിൽ വൈദ്യുത തരംഗങ്ങളുടെ സുഖകമ്പനമായി മാറി. മക്കൊണ്ട പട്ടണത്തിന്റെ നൂറു വർഷങ്ങളുടെ ഏകാന്തത, എന്റെ നോവൽ സങ്കൽപ്പങ്ങളെയൊക്കെ തകിടം മറിച്ചിട്ടു. ആർക്കേദിയോ ബുവേൻഡിയ കണ്ട കണ്ണാടിച്ചുമരുകളുളള പട്ടണം എന്റെയും സ്വപ്നമായി. ശേഷം വന്ന നാല് തലമുറകളുടെ നൂറു വർഷത്തെ ഏകാന്തത എന്റേത് കൂടിയായി മാറി.''

​​​​​​​​​​​​വായനയുടെ ഇടങ്ങൾ; വായനക്കാരന്റെയും

എഴുത്തുമുറിയും വായനാമുറിയും സ്വന്തമായുള്ള മനുഷ്യരാണ് പരിചിത വലയത്തിൽ അനേകരും. അതില്ലെങ്കിലും വായിക്കാൻ സ്വസ്ഥിയുടെ ഒരിടമെങ്കിലും സ്വന്തമായി ഉള്ളവർ. അവർക്കിടയിൽ, വായനയുടെ സുഖപ്രദമായ ജീവിതസ്ഥലികളിൽ കുന്തിച്ചിരുന്നു തന്നെയാണ് ഞാൻ പിന്നെയും മുഹമ്മദ് അബ്ബാസ് എന്ന അപരിചിത മനുഷ്യന്റെ അനേകം കുറിപ്പുകൾ വായിച്ചത്.

വായിച്ച ഇടത്തിന് അല്ലെങ്കിൽ തന്നെ എന്ത് പ്രസക്തി? എന്നിട്ടും അയാൾ വളരെ കുറച്ചു കാലം കൊണ്ട് ആ ഒരൊറ്റ വായനാ ഗ്രൂപ്പിൽ മാത്രമെഴുതിയ അഞ്ഞൂറിലേറെ കുറിപ്പുകളിലും ഞാൻ ശ്രദ്ധിച്ചത് അവ- ആ പുസ്തകങ്ങൾ വായിക്കാൻ അയാൾ തിരഞ്ഞെടുത്തതോ - തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടതോ ആയ ഇടങ്ങളുടെ വൈവിധ്യമായിരുന്നു.

എത്രയോ മനുഷ്യർ ലോകസാഹിത്യം വായിക്കുന്നു. എത്രയോ മനുഷ്യർ അതിനെ കുറിച്ച്- വായിച്ചതിന്റെ ഈടുള്ള ഓർമകളെ പറ്റി ഹൃദ്യമായി എഴുതുന്നു. അതിൽ ചിലതൊക്കെ വായിക്കുന്നു. ചിലതിനോട് ഇഷ്ടം തോന്നുന്നു. എന്നിട്ടും മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരൻ ശ്രദ്ധയുടെ തുഞ്ചത്തു വന്നിരുന്നത് അയാൾ ഓരോ പുസ്തകത്തെ പറ്റി എഴുതുമ്പോഴും അത് വായിച്ച അസാധാരണമായ ഇടങ്ങളെ പറ്റിയുള്ള അദൃശ്യമായ പരാമർശങ്ങൾ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു എന്നതിനാൽ കൂടിയാണ്.

ആ വായനാനുഭവനത്തിന്റെ തിരപ്പെരുക്കത്തിൽ അയാൾ പുസ്തകവായന നടത്തിയ ഇടങ്ങളെ പറ്റിയുള്ള ചിതറിയ പരാമർശങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നേണ്ടതില്ല. സാമാന്യയുക്തിയിൽ അദൃശ്യമായ ഇടങ്ങൾ മാത്രമാണ് അവ. വായിച്ച ഇടത്തിന് അല്ലെങ്കിൽ തന്നെ എന്ത് പ്രസക്തി? എന്നിട്ടും അയാൾ വളരെ കുറച്ചു കാലം കൊണ്ട് ആ ഒരൊറ്റ വായനാ ഗ്രുപ്പിൽ മാത്രമെഴുതിയ അഞ്ഞൂറിലേറെ കുറിപ്പുകളിലും ഞാൻ ശ്രദ്ധിച്ചത് അവ- ആ പുസ്തകങ്ങൾ വായിക്കാൻ അയാൾ തിരഞ്ഞെടുത്തതോ - തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടതോ ആയ ഇടങ്ങളുടെ വൈവിധ്യമായിരുന്നു.

കോഴിക്കോട് പഴയ ബസ്റ്റാന്റിനടുത്തുണ്ടായിരുന്ന ബുഹാരി ഹോട്ടലിലെ എച്ചിൽ കൂനയ്ക്കരുകിൽ, ഹോട്ടൽ ബോയിയുടെ പണി കഴിഞ്ഞ് എല്ലാവരും ഉറങ്ങുമ്പോൾ ടെറസിൽ വെറും നിലത്ത്, തെരുവുവിളക്കിന്റെയും നിലാവിന്റെയും കാരുണ്യത്തിൽ, റബ്ബർ ടാപ്പിങ് കഴിഞ്ഞ് കുന്നിൻപുറത്തെ കാറ്റിൽ പാറക്കെട്ടുകൾക്കിടയിൽ ഒറ്റക്കിയിരുന്ന്, കർണാടകയിലെ ഹരഹന്ന പള്ളിയിലെ സ്റ്റീൽ പ്ലാന്റിലെ പണിക്കിടയിൽ - വെറും നിലത്തിരുന്ന്, എണ്ണമറ്റ ലൈബ്രറികളിലെ മഞ്ഞബൾബിന്റെ താഴെയിരുന്ന്, റാസൽഖൈമയിലെ മരുഭൂമിയിൽ- തീർച്ചവാൾ പോലെ വിളങ്ങുന്ന വെയിലിന്റെ നിഴലിലിരുന്ന്, എണ്ണമറ്റ വാടക വീടുകളിലെ ശ്വാസം മുട്ടുന്ന സ്ഥലമില്ലായ്മകളിൽ ആൾക്കൂട്ടങ്ങളുടെ നടുവിലിരുന്ന്, വായിച്ചും ചിന്തിച്ചും സന്ദേഹപ്പെട്ടും ചെന്നുകയറിയ ഉന്മാദത്തിന്റെ തിരകൾ നനച്ചുതുടങ്ങിയ കാലത്ത് ഭ്രാന്താശുപത്രി കിടക്കയിൽ അസംഗ്യം വിഭ്രാന്തികൾക്ക് നടുവിലിരുന്ന്, സഞ്ചരിക്കുന്ന ബസിൽ, തീവണ്ടിയിൽ, ആളില്ലാത്ത ബസ്റ്റാന്റുകളിൽ, പണി തീരാത്ത വീടുകൾക്കുള്ളിൽ, ചായപ്പീടികയുടെ ഓട് പാകിയ നിലത്തിരുന്ന്, പെയിന്റ് പണി സൈറ്റിൽ- എല്ലാ സഹപെയിന്റർമാരും ഊണ് കഴിഞ്ഞ് മലർന്നുകിടക്കുമ്പോൾ പെയിന്റ് പണി സാമഗ്രികളുടെ നടുക്കിരുന്ന്... അങ്ങനെ എത്ര ഇടങ്ങളിൽ ഇരുന്നാണ് ഇയാൾ പുസ്തകങ്ങൾ വായിച്ചതെന്നോ. കാറ്റും വെളിച്ചവും ഉള്ള ഇടങ്ങളിരുന്നുപോലുമല്ലാതെ വായിച്ച പുസ്തകങ്ങളെ അയാൾ ഓർത്തോർത്ത് എഴുതുന്നു. ഓരോ എഴുത്തും വായിച്ചു തീരുമ്പോൾ ലജ്ജ കൊണ്ട് ശരാശരി വായക്കാരുടെ തല കുനിയുന്നു.

മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരൻ, കൂലിപ്പണിക്കാരന്, സ്വന്തമായി ഒരു വീടോ, മാറിമാറിയോടുന്ന വാടക വീടുകളിൽ ഒന്നിലും സ്വസ്ഥമായി വായിക്കാൻ ഒരു മേശയോ ഇല്ലാത്ത, അങ്ങനെ ഒന്നുവേണം എന്ന് ആവശ്യപ്പെടാനുള്ള പ്രിവിലേജുകൾ പോലുമില്ലാത്ത ഒരാൾ ലോകസാഹിത്യം വായിക്കുന്നു. വായിച്ചും വായിച്ചത് ഉള്ളിലെരിച്ചും സ്ഫുടം ചെയ്‌തെടുത്ത ഭാഷയിൽ വായിച്ച പുസ്തകങ്ങളെ പറ്റി ലോകത്തോട് പറയുന്നു. അയാളുടെ വായനാ ഇടം, അദൃശ്യമായ ഒരത്ഭുതം പോലെ നമ്മെ വിസ്മയിപ്പിക്കുന്നു. അയാളുടെ ഭാഷയുടെ ചുഴലിയിൽ, അയാൾ വായിച്ചെഴുതിയ ഉന്മാദങ്ങളുടെ സിംഫണിയിൽ നമ്മൾ കൗതുകപ്പെട്ടു സ്ഥലരാശികൾ മറന്നുപോകുന്നു, അയാളൊരു മനുഷ്യനോ, പുസ്തകമോ എന്ന് വിഭ്രമപ്പെടുന്നു.

ഏഴായിരം പുസ്തകങ്ങൾ അഥവാ, ഒരാൾ ഭാഷയ്ക്ക് കൂട്ടുപോയ വഴികൾ

കൗമാരത്തിൽ തുടങ്ങിയ വായന അബ്ബാസ് ഇന്നും തുടരുന്നു.
ഏഴായിരം പുസ്തകങ്ങളിലേറെ ഈ കാലയളവിൽ വായിച്ചിട്ടുണ്ട് എന്നാണ് അബ്ബാസിന്റെ ഏകദേശ കണക്ക്. അതിൽ തന്നെ നല്ല പങ്കും ലോക ഭാഷാ വിവർത്തനങ്ങൾ. സ്വന്തമായി മലയാള ഭാഷ വായിച്ചും എഴുതിയും പഠിച്ച, മലയാളം പഠിച്ചില്ലെങ്കിൽ മരിച്ചുപോകും എന്ന തോന്നലിൽ നൊന്തു പിടഞ്ഞ കൗമാരവും, ഭ്രാന്തും ഉന്മാദവും നടകയറി വന്ന യൗവനവും ഓർമയിലുള്ള ഒരാൾ വായിച്ച പുസ്തകങ്ങളുടെ എണ്ണം കുറഞ്ഞത് ഏഴായിരമാണ് എന്നത് നമ്മളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.

അറിയാത്ത വാക്കുകൾ ആദ്യം പേടിയോടെയും പിന്നെ സ്‌നേഹത്തോടെയും വായിച്ചു പഠിച്ചത് പുസ്തകങ്ങൾ വായിക്കാൻ അല്ല എന്ന് അബ്ബാസ് പറയുന്നു. മറിച്ചു വായിച്ചു തുടങ്ങിയത് ഭാഷ വഴങ്ങാൻ മാത്രമായിരുന്നു. മനോരമയും മംഗളവും കൊച്ചുപുസ്തകങ്ങളും വായിച്ചു തുടങ്ങിയ യാത്രയിൽ കാഫ്കയ്ക്കും കാമുവും ബ്രഹ്തും സാദിഖ് ഹിദായത്തും വന്നു കയറിയത് വളരെ പെട്ടന്നാണ്. എപ്പോഴും വായിക്കുന്ന ഒരുവനെ കുടുംബവും നാടും ഭ്രാന്തനെന്നു വിളിച്ചിട്ടും പരിഹസിച്ചിട്ടും അബ്ബാസ് തളർന്നില്ല. വായിച്ച പുസ്തകങ്ങൾ മനസ്സിൽ കിടന്നു കുതറാൻ തുടങ്ങിയപ്പോൾ എഴുതാൻ തുടങ്ങി. ഫേസ്ബുക്കിലെ വായനാകൂട്ടായ്മയിൽ എഴുതിത്തുടങ്ങിയിട്ട് നാലുവർഷം ആകുന്നതേയുള്ളൂ അബ്ബാസ്.

അബ്ബാസ് മധ്യവർഗ വായനാസമൂഹത്തിന്റെ പ്രധിനിധിയല്ല. എഴുത്തോ വായനയോ വിശ്രമ - വിനോദ ഉപാധിയുമല്ല ഈ മനുഷ്യന്. നേരം കളയാൻ ഒരിത്തിരി നേരം പോലും കൈപ്പിടിയിൽ സൂക്ഷിപ്പില്ലാത്ത അടിത്തട്ടിലെ മനുഷ്യർക്ക് എന്ത് വിശ്രമം, വിനോദം?

നാലുവർഷത്തിനിടയിൽ ഏതാണ്ട് എഴുന്നൂറിലേറെ കുറിപ്പുകൾ. അബ്ബാസിനെയും അബ്ബാസിന്റെ വായനയെയും സ്‌നേഹിക്കുന്ന വലിയ ഒരു വായനാലോകം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. വായനയെയും അതിന്റെ സർഗാത്മക ആനന്ദങ്ങളെയും ജനാധിപത്യവൽക്കരിച്ച കേരളത്തിലെ സുസംഘടിതമായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ- നാട്ടിൻപുറങ്ങളിലെ സമൃദ്ധമായ ലൈബ്രറികളുടെയൊക്കെ തെളിച്ചമുള്ള ലോകമാണ് അബ്ബാസിൽ അടക്കം ചെയ്യപ്പെട്ടിട്ടുള്ളത് എന്നതിൽ നമുക്ക് അഭിമാനിക്കാം.

ഒരു വായനക്കാരന്റെ ആത്മകഥ

അബ്ബാസിന്റെ വായനാലോകം - അയാളുടെ ആത്മകഥ എന്നുതന്നെ പറയാവുന്ന പുസ്തകം എന്റെ മേശപ്പുറത്തിരിക്കുന്നു. കഴിഞ്ഞ മാസമാണ് അത് പുറത്തിറങ്ങിയത്; ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പേരിൽ.

ആ പുസ്തകം വായിക്കേ ഞാൻ അബ്ബാസിന്റെ ജീവിതം നിറങ്ങളിൽ കാണുന്നു. നരച്ച ജീവിതത്തിന്റെ നെറുകിൽ ഒരാൾ പുസ്തകം വയ്ക്കുന്നു. വായിച്ചു തുടങ്ങുന്നു. നരച്ച ജീവിതത്തെ എടുത്തുമാറ്റി അയാൾ വായിച്ച പുസ്തകങ്ങൾ ഒരു ബദൽ ലോകം അയാൾക്ക് മുന്നിൽ തുറന്നു വയ്ക്കുന്നു. ബദൽ ജീവിതത്തിൽ അയാൾ ഗദ്യത്തിലെഴുതിയ രാഷ്ട്രീയകവിത പോലെ ഒറ്റക്ക് നിൽക്കുന്നു.
എനിക്ക് അബ്ബാസിനെ ഒരു മനുഷ്യനായി കാണാൻ വയ്യ. ഒരു പുസ്തകം. പെയിന്റ് ബ്രഷിന്റെ ആകൃതിയിൽ രൂപകൽപന ചെയ്ത, അത്ര എളുപ്പം അനുകരണം സാധ്യമല്ലാത്ത ഉള്ളടക്കം പേറുന്ന ഒരു അപൂർവ പുസ്തകം. അയാളുടെ ജീവിതത്തിൽനിന്ന് ഭാഷ അടർത്തി മാറ്റിയാൽ- പുസ്തകങ്ങൾ എടുത്തുമാറ്റിയാൽ ബാക്കിയാവുന്നത് കൊടും ശൂന്യത മാത്രമാണ് എന്ന് അബ്ബാസ് തന്നെ എഴുതിയിട്ടുണ്ട്, പറയാതെ തന്നെ എനിക്കത് അറിയാനാവുന്നുമുണ്ട്.

അബ്ബാസ് മധ്യവർഗ വായനാസമൂഹത്തിന്റെ പ്രധിനിധിയല്ല. എഴുത്തോ വായനയോ വിശ്രമ - വിനോദ ഉപാധിയുമല്ല ഈ മനുഷ്യന്. നേരം കളയാൻ ഒരിത്തിരി നേരം പോലും കൈപ്പിടിയിൽ സൂക്ഷിപ്പില്ലാത്ത അടിത്തട്ടിലെ മനുഷ്യർക്ക് എന്ത് വിശ്രമം, വിനോദം? പെയിന്റ് പണിയും കൂലിപ്പണിയും ചെയ്ത്, പട്ടിണിയും ദാരിദ്ര്യവും ജീവിതയാഥാർഥ്യമായി അനുഭവിച്ച്, അവയോടൊക്കെ കമ്പോടുകമ്പ് പോരടിച്ച്, തളർന്നും ഉടഞ്ഞും നെടുവീർപ്പിട്ടും പിന്നെയും ഉയർന്നെഴുന്നേറ്റും അബ്ബാസ് വായിക്കുകയാണ്. വായിക്കുന്നതൊക്കെ കുറിച്ചിടുകയാണ്. വായന ഭ്രാന്തിൽ നിന്ന് മാത്രമല്ല, ഹതാശയമായ ജീവിതത്തിന്റെ നൈരാശ്യങ്ങളിൽ നിന്നും ജീവിതത്തിന്റെ ജീവനില്ലാത്ത ആവർത്തനങ്ങളിൽ നിന്നും വിടുതൽ നേടാനുള്ള ഒറ്റവഴി കൂടിയാണ് അബ്ബാസിന്.

അബ്ബാസ് എന്തിനു വായിക്കുന്നു എന്ന് നമ്മൾ ചോദിക്കുമ്പോൾ. "ഓ, ഒന്നിനുമല്ല, ജീവിച്ചിരിക്കാൻ വേണ്ടി മാത്രം' എന്നയാൾ നിസ്സംഗപ്പെടുന്നു. ഭാഷയുടെ പുറ്റിൽ കൈയിട്ട ഒരാൾ, വഴുവഴുക്കുന്ന ഭാഷയെ കൈപ്പിടിയിലൊളിപ്പിച്ചതിന്റെ ആത്മവിശ്വാസം തുടിക്കുന്ന ഉറപ്പോടെയും പാവം മനുഷ്യർക്ക് കൂടപ്പിറപ്പായ ദൈന്യതയോടെയും പറയുന്നു: "വായിച്ചില്ലെങ്കിൽ ഞാൻ മരിച്ചു പോകും.'
വായിക്കാൻ തനതായ ഒരിടം അയാൾക്കില്ല. എച്ചിൽകൂനക്കരികിലിരുന്നും പെയിന്റ് പണി സൈറ്റിൽ പൊട്ടിച്ച പെയിന്റ് പാത്രങ്ങളുടെ ഭ്രമിപ്പിക്കുന്ന മണങ്ങൾക്കിടയിലും കുന്നിന്മുകളിലെ ഏകാന്തതയിലും വായിക്കാം. വായിക്കാൻ ഒരിടമെന്തിന്, വായന തന്നെ ഒരിടമാകുമ്പോൾ?

""നിങ്ങൾ വായിക്കാൻ പോവുന്ന ഈ കുറിപ്പുകൾ ഭാഷയറിയാതെ ബസ് മാറിക്കയറിയ ആ കുട്ടിയുടെ വായനകളാണ്. വ്യാജ വിലാസങ്ങളുണ്ടാക്കി അതിലേക്ക് എഴുത്തയച്ചവന്റെ വ്യാകരണപ്പിഴവുള്ള ചിന്തകളാണ്. എന്തിനാണ് ഇങ്ങനെ അന്തംവിട്ട് വായിക്കുന്നത് എന്ന ചോദ്യം വായിക്കാൻ തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ്. ഇപ്പോൾ, എന്തിനാണ് എഴുതുന്നതെന്ന് നിങ്ങൾ എന്നോടു ചോദിക്കരുത്. ഭാഷയറിയാത്തവന്റെ വാക്കുകൾ നിങ്ങളുടെ വായനാമുറിയിലേക്ക് വിലാസം മാറി എത്തിയതാണ്. മാപ്പ് തരിക.''-
അബ്ബാസ് തന്റെ പുസ്തകത്തിന്റെ ആമുഖമായി കുറിച്ച വരികളാണിത്. പ്രിയ അബ്ബാസ്, നിങ്ങൾക്ക് മാപ്പില്ല. വായനയുടെ ബദൽ ജീവിതം നയിച്ചും ഭാഷയുടെ ഉഗ്രസൗന്ദര്യം കാട്ടി അമ്പരപ്പിച്ചും ഞങ്ങളെ അസൂയപ്പെടുത്തുന്ന ഒരാൾക്ക് മാപ്പ് തരുന്നതെങ്ങനെയാണ്, ഞങ്ങൾ- ഭാഷയെ തൊടാൻ ഭയന്നുനിൽക്കുന്ന ചെറുമനുഷ്യർ? ▮


നൗഫൽ എൻ.

കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷകൻ. കേരള സർവകലാശാല സെനറ്റ് അംഗം. ഇനി പറയുമോ ജീവിതത്തിൽ അൽപവും ജീവിതം ബാക്കിയില്ലെന്ന് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments