കവിതയിലെ ഇതരലോകങ്ങൾ

‘‘സംസ്​കൃതസർവകലാശാലയിലെ മലയാള വിഭാഗത്തിൽ വിദ്യാർത്ഥിയായി എത്തുമ്പോൾ ആദിയെ അന്തർമുഖത്വം വലയം ചെയ്തിരുന്നു. അവിടെ നിന്ന് മലയാള വിഭാഗത്തിലെ എക്കാലത്തെയും മികച്ച വിദ്യാർത്ഥികളിലൊരാളായി ആദി വളർന്നു. ജീവിതവിഷാദങ്ങളുടെ നടുക്കടലിലൂടെയുള്ള ആ യാത്ര ഒട്ടും ലളിതമായിരുന്നില്ല. അതിലെ പുതിയ പടവുകളിലൊന്നിലേക്ക് കൂടി ആദി ‘പെണ്ണപ്പൻ’ എന്ന കവിതാ സമാഹാരത്തിലൂടെ ചുവടുവയ്ക്കുകയാണ്’’- ആദിയുടെ ‘പെണ്ണപ്പൻ’ എന്ന കവിതാസമാഹാരത്തിന് സുനിൽ പി. ഇളയിടം എഴുതിയ പഠനം.

വിതയിൽ വാക്ക് ജീവിക്കുന്നതെങ്ങനെയാണ്? ഇക്കാലം വരെയുള്ള കാവ്യവിചാരങ്ങൾ ഈ ചോദ്യത്തിന് പലതരം ഉത്തരങ്ങൾ നല്കിയിട്ടുണ്ട്. എങ്കിലും സർവ്വസമ്മതമായ ഒരുത്തരം ഇതിനുണ്ടെന്ന് പറയുക വയ്യ. ഓരോ കാവ്യപാരമ്പര്യവും കവിതയെയും വാക്കിനെയും അവ തമ്മിലുള്ള ബന്ധത്തെയും സ്വന്തം നിലയിൽ വിശദീകരിച്ചുപോരുന്നു. രൂപഘടന മുതൽ പദശയ്യയുടെയും രൂപകനിർമ്മാണത്തിന്റെയും തലങ്ങൾ വരെ വാക്കിന്റെ കാവ്യജീവിതത്തെ മുൻനിർത്തിയുള്ള ആലോചനകളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇനിയങ്ങോട്ടും ഇതേക്കുറിച്ച് ഒട്ടനവധി ആശയാവലികളും വിശദീകരണങ്ങളും ഉണ്ടാവും. എന്നിരുന്നാലും മേല്പറഞ്ഞ ചോദ്യം അവസാനിക്കാതെ തുടരും. കവിത വാക്കിനെ അവസാനമില്ലാതെ പുതുക്കിപ്പണിയുന്നതുപോലെ, വാക്കിെൻ്റ കാവ്യജീവിതത്തെക്കുറിച്ചുള്ള ആലോചനകളെ കാവ്യവിചാരവും അനന്തമായി പുതുക്കിക്കൊണ്ടിരിക്കുന്നു.

ഈ അനിശ്ചിതത്വത്തിനിടയിലും കവിതയിൽ വാക്കിന്റെ കാവ്യജീവിതത്തെക്കുറിച്ച് പൊതുവായ ഒരു വിശദീകരണം സാധ്യമാണെന്നു തോന്നുന്നു. ഏറ്റവും പ്രാഥമികമായൊരർത്ഥത്തിൽ അത് വാക്കിനെ സന്ദിഗ്ദ്ധമാക്കുന്നു എന്നു പറയാം. അർത്ഥത്തിന്റെയും അനുഭവങ്ങളുടെയും ഉറച്ച അതിർത്തികളെ ഭേദിക്കുന്ന വാക്കാണ് കവിതയിലുള്ളത്. വാക്കി​ന്റെ അഴിയൽ. വാക്കി​ന്റെ സ്വത്വപരമായ ഭദ്രതയുടെ ശിഥിലീകരണം. നിത്യജീവിത വ്യവഹാരങ്ങളിൽ വാക്ക് സാമാന്യേന ഭദ്രരൂപത്തിലാണ് നിലനിൽക്കുക. ഒരാശയത്തെയോ വസ്​തുവിനെയോ സംഭവത്തെയോ വ്യകതമായി ദ്യോതിപ്പിക്കുകയാണ് അതിന്റെ ദൗത്യം. കവിത ഇതിനെ തലകീഴായി തിരിച്ചിടുന്നു. വാക്കി​ന്റെ ഭദ്രജീവിതത്തെ, ഘരത്വത്തെ റദ്ദാക്കുന്ന പ്രവാഹശേഷി വാക്കിനു തന്നെ ആന്തരികമായി കൈവരുന്ന സ്​ഥാനമാണത്. സുനിശ്ചിത യാഥാർത്ഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന സൂചകങ്ങളല്ല കവിതയിലെ വാക്ക്. ഒരേസമയം പലതിലേക്ക് തുറന്നും, ഒരേ സമയം പലതായി നിലകൊണ്ടും അത് അർത്ഥത്തിെൻ്റയും അനുഭവസൂചനകളുടെയും ക്രമീകൃതലോകത്തിന് കുറുകെ നീങ്ങുന്നു. ആ നിലയിൽ വാക്കിന് കൈവരുന്ന ഒരു വിധ്വംസകജീവിതസ്​ഥാനമാണ് കവിതയെന്ന് പറയാം.

ധ്വനി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'പെണ്ണപ്പന്‍' കവിതാ സമാഹാരത്തിന്റെ കവര്‍

അതിവർത്തനത്തിന്റെ കാവ്യശാസ്​ത്രം (transpoetics) എന്ന സവിശേഷമായ ഒരാശയത്തെക്കുറിച്ചുള്ള ആലോചനയുടെ സന്ദർഭത്തിൽ കാവ്യഭാഷയെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ കൂടുതൽ സംഗതമാണെന്നു തോന്നുന്നു. ട്രാൻസ്​ജെൻഡർ ജീവിതത്തിന്റെ അടിസ്​ഥാനമായ സ്വത്വപരമായ അനിർണ്ണേയതയും ദ്രവഭാവവും വാക്കിനു കൈവരുന്ന സ്​ഥാനം കൂടിയാണ് കവിത. ആ നിലയിൽ വാക്കിന്റെ ഇതര ജീവിതമാണ് കവിതയിൽ അതിനു കൈവരുന്നതെന്ന് പറയാം. അതിരുകൾക്ക് കുറുകെ നീങ്ങിയും അർത്ഥപരമായ അനിർണ്ണയതകളിൽ ഊയലാടിയും നിത്യവ്യവഹാരത്തിലെ സുസ്​ഥിരതയെയും ഭദ്രസ്വരൂപങ്ങളെയും നിരന്തരം അലോസരപ്പെടുത്തിയും ദ്രവരൂപിയായ സ്വത്വാവസ്​ഥയെ ഉടനീളം ഉയർത്തിപ്പിടിച്ചുമാണ് വാക്ക് കവിതയിൽ ജീവിക്കുന്നത്. വ്യവസ്​ഥാപരവും വ്യാവഹാരികവുമായ ഭദ്രതയ്ക്കെതിരായ വാക്കിന്റെ ചെറുത്തിനില്പാണ് കവിത. ആ നിലയിൽ അത് ഭാഷയിലെ നിത്യമായ അലോസരമാണ്. ഭാഷയെ മെരുക്കുന്ന അധികാരബന്ധങ്ങൾക്ക് കുറുകെയുള്ള വാക്കിന്റെ ഇടഞ്ഞുനില്പ്. ആയിരിക്കലിനെതിരെ നിരന്തരമായ ആയിത്തീരലായി നിലകൊള്ളാൻ ഭാഷ നടത്തുന്ന ശ്രമം. ഭാഷയിലെ നിത്യകലാപത്തിന്റെ പ്രഭവവും പാർപ്പിടവുമായി കവിതയിലെ വാക്ക് മാറിത്തീരുന്നതങ്ങനെയാണെന്നു പറയാം.

ഈ നിലയിൽ മനസ്സിലാക്കിയാൽ വാക്കിന്റെ കാവ്യജീവിതം അതിന്റെ ഇതരജീവിതമാണെന്നു കാണാം. വാക്കിന്റെ അതിവർത്തനം. കാവ്യഭാഷയിലെ വിപ്ലവങ്ങളെക്കുറിച്ച് പറയുമ്പോൾ ജൂലിയ ക്രിസ്റ്റേവ ഭാഷയുടെ പ്രതീകപരവും പ്രവാഹപരവുമായ (symbolic, semiotic) പ്രകാരങ്ങളെക്കുറിച്ച് പറയുന്നത് ഇവിടെ ഓർക്കാവുന്നതാണ്. അർത്ഥപരവും അവബോധപരവുമായ ഭദ്രതയെ അസ്​ഥിരീകരിക്കുന്ന ഭാഷയുടെ തലത്തെയാണ് പ്രവാഹപരം എന്നതുകൊണ്ട് ക്രിസ്റ്റേവ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് സിംബലിസ്റ്റ് കവിതയുടെ ഭാഷാജീവിതത്തെക്കുറിച്ച് പറയാനാണ് അവർ ആ ആശയം അവതരിപ്പിക്കുന്നത്, എങ്കിലും അതിനപ്പുറം കടന്ന് കാവ്യഭാഷയുടെ ആധാരസ്വരമെന്ത് എന്ന വിശദീകരണത്തിലേക്ക് കടന്നുനിൽക്കാൻ ക്രിസ്റ്റേവയുടെ സങ്കല്പനത്തിന് കഴിയുന്നുണ്ട്.

ഈ പ്രവാഹശേഷിയാണ് കവിതയിലെ വാക്കിന് ഇതരജീവിതം നൽകുന്നത് എന്നും പറയാനാവും. അങ്ങനെ ആലോചിച്ചാൽ ഇതരജീവിതം എന്നത് വാക്ക് കവിതയിലെന്ന പോലെ, മനുഷ്യാവസ്​ഥയും ജീവിതവ്യവസ്​ഥയും തമ്മിലുള്ള ഏറ്റവും ഗാഢമായ വിനിമയസന്ദർഭമാണെന്നു കാണാനാവും. വ്യവസ്​ഥാപരമായ സുനിശ്ചിതത്വത്തിനും ഭദ്രതയ്ക്കും കുറുകെ അസ്​ഥിരവും ദ്രവരൂപമാർന്നതുമായ ഒരു സ്വത്വസന്ദർഭം. മനുഷ്യാവസ്​ഥയുടെ ഏറ്റവും സഹജമായ ജീവിതാവിഷ്കാരം. വാക്കിന്റെ കാവ്യജീവിതം പോലെ.

രണ്ട്

അഴിഞ്ഞുമായുന്ന കർതൃത്വം നൽകുന്ന ഈ സ്വാതന്ത്ര്യം ജീവിതത്തിൽ പ്രവർത്തിക്കുന്നത്, പക്ഷേ, അതിന്റെ വിപരീതനിലയിലാണ്. വ്യവസ്​ഥാപിതമായ സ്വത്വസങ്കല്പങ്ങളിൽ അടിയുറച്ചു നിൽക്കാൻ മനുഷ്യരെ പരിശീലിപ്പിക്കുകയും അത്തരം അടിയുറപ്പുകളെ വ്യകതിത്വം എന്ന് വിവരിക്കുകയും ചെയ്യുന്ന ആധുനികമായ മനുഷ്യസങ്കല്പം ദ്രവരൂപമാർന്ന സ്വത്വത്തെ സ്വത്വവിനാശമായാണ് കരുതുക. ബലിഷ്ഠവും സുദൃഢവുമായ അപരനിരാസത്തിൽ അധിഷ്ഠിതവുമായ ആധുനിക മനുഷ്യസങ്കല്പം അതിനുള്ളിൽ തന്നെ നിലനിർത്തുന്ന ഹിംസാത്മകതയെ ആദർശവത്കരിച്ചുകൊണ്ടാണ് ആധുനികത മാതൃകാമനുഷ്യനെ (മാതൃകാ പുരുഷനെ) സൃഷ്ടിച്ചത്. ബലിഷ്ഠവും ഉദ്ഗ്രഥിതവുമായ വ്യകതിത്വം ഇനിമേൽ ബുദ്ധിശൂന്യരിലും നിരീക്ഷണശേഷിയില്ലാത്തവരിലും മാത്രമേ കാണാനാവൂ എന്ന് കേസരി രേഖപ്പെടുത്തിയിട്ട് ഒരുനൂറ്റാണ്ടോളമായെങ്കിലും നമ്മുടെ മാതൃകാമാനുഷികത ബലിഷ്ഠവും ഹിംസാത്മകവുമായ പുരുഷവീര്യത്തിലും അതിന്റെ വകഭേദങ്ങളിലും തന്നെയാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. അപരാനുഭൂതികളെ അടിയോടെ വകഞ്ഞുമാറ്റുന്ന, അതിനെ ഇല്ലാതാക്കുന്ന, വിശാലാർത്ഥത്തിൽ പ്രകൃതിസഹജമായ സ്വത്വസാധ്യതകളെ കൊന്നുതിന്നുന്ന, ഈ മാതൃകാമാനുഷികതയുമായുള്ള നിത്യസംഘർഷമായാണ് ഇതരജീവിതങ്ങൾ സമൂഹത്തിലുടനീളം നിലനിൽക്കുക. കവിതയായി വിടരാൻ അനുവദിക്കപ്പെടാത്ത വാക്കുപോലെ സ്വത്വപരമായ അഴിവും സാമൂഹികമായ ക്രമങ്ങളും തമ്മിലുള്ള ഗാഢവൈരുധ്യം ഏതുതരത്തിലുള്ള ഇതരജീവിതത്തെയും വലയം ചെയ്യുന്നു.

ആദിയുടെ കവിത അടിസ്​ഥാന തലത്തിൽ ശ്രമിക്കുന്നത് ഈ ഗാഢവൈരുധ്യത്തെ വാക്കുകൊണ്ട് നേരിടാനാണ്. വാക്കിൽ നിന്ന് പിൻവാങ്ങി നിൽക്കുന്ന അനുഭവമൂല്യത്തെ വാക്കുകൊണ്ടുതന്നെ വീണ്ടെടുക്കലാണ് കവിതയെന്ന് ബർജർ പറയുന്നതുപോലെ, മനുഷ്യാവസ്​ഥയിലെ ആഴമേറിയ അഴിവിനെ വാക്കിലൂടെ വീണ്ടെടുക്കാൻ ആദിയുടെ കവിത പണിപ്പെടുന്നു. ആ നിലയിൽ അത് ഉൺമയിലെ കവിതയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. ഉൺമയിൽ നിലീനമായ ദ്രവരൂപിയായ കവിതയെ വാക്കുകൊണ്ട് വീണ്ടെടുക്കാനുള്ള ശ്രമം. നിശ്ചയമായും അത് പരമ്പരാഗതമായ അർത്ഥത്തിലുള്ള കാവ്യസൗന്ദര്യത്തിന്റെ ഒരാവിഷ്കാരമല്ല. സ്വത്വത്തെ അഴിയാനും ഒഴുകാനും അനുവദിക്കാത്ത ജീവിതക്രമങ്ങളുമായുള്ള നിരന്തരമായ കലഹമാണ്. ചിലപ്പോഴൊക്കെ പരുഷവും രൂക്ഷവുമായി, മറ്റു ചിലപ്പോൾ ദീനവും നിസ്സഹായവുമായി, ഇനിയും ചിലപ്പോൾ മുനകൂർത്ത പരിഹാസമായി ആദിയുടെ കവിതകളിൽ ഈ സംഘർഷം ഇടം പിടിക്കുന്നു. മനുഷ്യാവസ്​ഥയിൽ നിലീനമായ കവിതയ്ക്കു വേണ്ടിയുള്ള ആദിമമായ ഒരു കലഹത്തിന്റെ സാക്ഷ്യങ്ങളായി അത് നിലകൊള്ളുന്നു.

ജൂലിയ ക്രിസ്റ്റേവ

ഈ സംഘർഷത്തിന്റെ കേന്ദ്രമായി ആദിയുടെ കവിതയിൽ ഇടം പിടിക്കുന്നത് ശരീരമാണ്. ഇതരജീവിതത്തിെൻ്റ പാർപ്പിടവും അതിന്റെ മൂർത്തരൂപവും എന്ന നിലയിൽ മാത്രമല്ല ശരീരം ആദിയുടെ കാവ്യകേന്ദ്രമായി മാറുന്നത്. അത്തരമൊരു സാധ്യതയെ നിലനിർത്തിക്കൊണ്ടുതന്നെ, കീഴാളജീവിതത്തിന്റെ വിഭിന്നപ്രകാരങ്ങളിലേക്ക് തുറന്നുകിടക്കുന്ന പടക്കളമായി ശരീരം ഈ സമാഹാരത്തിലെ കവിതകളിൽ നിരന്തരം ഉയർന്നുവരുന്നത് കാണാം. ജീവിതത്തിൽ വടുകെട്ടിനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും സഹസ്രാബ്ദങ്ങളായി ഇന്ത്യയിലെ കീഴാളജീവിതത്തിനുമേൽ ഇരുൾ പടർത്തുന്ന ജാതീയതയുടെയും പ്രവൃത്തിലോകമായി മാറുന്ന ശരീരമാണ് ആദിയുടെ കവിതയുടെ കേന്ദ്രം. അനുഭവങ്ങളെ ധ്യാനാത്മകവും അമൂർത്തവുമായി പറന്നുപൊങ്ങാൻ അനുവദിക്കാത്ത ചരിത്രത്തിന്റെ ബലം ഈ ശാരീരികതയിൽ ആദി നിറച്ചുവയ്ക്കുന്നുണ്ട്. ശരീരം കൊണ്ടെഴുതുന്ന കവിത വാക്കിനുമേലുള്ള അതിഭൗതികമായ അടയിരുപ്പുകളെ കയ്യൊഴിയുന്നു. അമ്മ, അച്ഛൻ. പെങ്ങൾ, വീട് എന്നിങ്ങനെ കാല്പനികമോ ഗൃഹാതുരമോ ആവാനിട നൽകുന്ന എല്ലാ അനുഭവസ്​ഥാനങ്ങളെയും ചരിത്രത്തിന്റെ മൂർത്തതയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ആദി ആശ്രയിക്കുന്നത് ശരീരത്തെയാണ്. ചരിത്രത്തിന്റെ പടനിലമായിത്തീർന്ന ശരീരം. ജാത്യാധികാരം മുതൽ ലിംഗാധികാരം വരെയുള്ള അധികാരഘടനകൾ നെടുകെയും കുറുകെയും പായുന്ന ശരീരം. അതിന്റെ മൂർത്തതയിൽ ആദി തന്റെ കവിതകളെ ഉറപ്പിച്ചുനിർത്തുന്നു.

ഇത്തരമൊരു സമീപനം ആദിയുടെ കവിതയുടെ രൂപസംവിധാനത്തെയും പുതുക്കിപ്പണിയുന്നുണ്ട്. രണ്ടു നിലകളിലാണ് അത് ഈ സമാഹാരത്തിലെ കവിതകളിൽ ഇടംപിടിക്കുന്നത്. ഒരുഭാഗത്ത് അത് പുതുകവിതയുടെ ചെറുരൂപമാതൃകകൾക്കപ്പുറം കടന്ന്, ആഖ്യാനകവിതയുടെ ദീർഘപ്രകൃതത്തിലേക്ക് നീങ്ങുന്നു. കഥനത്തിന്റെ സ്വഭാവമുള്ള ദീർഘകവിതകളായി ഈ സമാഹാരത്തിലെ പല രചനകളും മാറിത്തീർന്നിരിക്കുന്നത് അതുകൊണ്ടാണ്. മറുഭാഗത്ത് കാവ്യാത്മകതയുടെ ആധാരമെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ള രൂപകഭാഷയെ ആദിയുടെ കവിത പൊതുവെ കയ്യൊഴിയുന്നു. പുതുകവിതയുടെ സാമാന്യപ്രകൃതമാണതെന്നു പറയാം. അപ്പോൾ തന്നെ, ഈ സമാഹാരത്തിലെ കവിതകളിൽ അതൊരു പ്രത്യേക മാനം കൈവരിക്കുന്നുണ്ട്. കാവ്യഭാഷയുടെ അമൂർത്തതയെ അവ നിരസിക്കുന്നു. പകരം വാക്കിനെ ദൃഢവും പരുഷവുമാക്കുന്നു. ആദിയുടെ കവിതകളിൽ പ്രബലമായിരിക്കുന്ന ചരിത്രപരമായ രോഷത്തെയും ക്ഷോഭത്തെയും യാതനകളെയും അലിയാൻ അനുവദിക്കാത്ത മൂർത്തത അതിലുടനീളമുണ്ട്.

Photo: Aadhi / Facebook

ഇങ്ങനെ പ്രമേയം മുതൽ രൂപവും ഭാഷാവിതാനവും വരെയുള്ള തലങ്ങളിൽ ചരിത്രത്തിന്റെ ഗാഢവൈരുധ്യങ്ങൾ ഇടം പിടിച്ചതാണ് ആദിയുടെ കവിത. മനുഷ്യാവസ്​ഥയിലെ ആദിമസംഘർഷങ്ങൾ മുതൽ തന്റെ ജീവിതാവസ്​ഥയുടെ ആസന്നവൈരുധ്യങ്ങളെ വരെ അത് അഭിമുഖീകരിക്കുന്നുണ്ട്. അത്തരം മുഖാമുഖങ്ങളാണ് ഈ സമാഹാരത്തിലെ കവിതകളുടെ അനന്യതയുടെ അടിസ്​ഥാനം.

മൂന്ന്

ഉടൽമാറ്റം എന്ന കവിത നോക്കുക. പലലോകങ്ങൾക്കു കുറുകെയുള്ള ദ്രവരൂപിയായ സഞ്ചാരങ്ങളെയും അതുളവാക്കുന്ന സന്ദിഗ്ദ്ധതകളെയും ആദി നേർക്കുനേരെ അഭിസംബോധന ചെയ്യുന്ന രചനയാണത്. അത് ആ അനുഭവത്തിനും അതിന്റെ യാതനകൾക്കും നേരെ നമ്മെ മുഖാമുഖം കൊണ്ടുവന്നു നിർത്തുന്നു:

ശരീരങ്ങളാൽ
ഒറ്റുകൊടുക്കപ്പെട്ട
മനുഷ്യർ
പാമ്പുകളെപ്പോലെയാണ്
..........................

ഉള്ളിൽ.
തൊലിയൂരിക്കളയാനുള്ള
അടങ്ങാത്ത കൊതിയും
ഇണയെ കെട്ടിപ്പിടിക്കാൻ
വിരലുകളില്ലെന്ന
പിടച്ചിലും

Photo: Pexels

അഴിയുന്ന കർതൃത്വം ഒരു ആദർശാത്മക സ്​ഥാനമായി ഈ കവിതകളിൽ ഇടം പിടിക്കുന്നില്ല. ജീവിതത്തിന്റെ ദൈനംദിന യാഥാർത്ഥ്യത്തിലേതുപോലെ, അത് ഒരാളെ അരികുകളിലേക്ക് ആട്ടിയോടിക്കുന്നു. മാനുഷികമായ നിലനിൽപ്പിന്റെ ലോകം അസാധ്യമായിത്തീരുന്നു:

വീടുകളും
രേഖകളും
വേരുകളും
പുറന്തള്ളിയ അവർ
കാലുകളില്ലാതെയാകും
ജീവിക്കുക

സ്വന്തം നിലനിൽപ്പിന്റെ ആധികാരികതയെ അസാധ്യമാക്കുന്ന സാമൂഹിക ക്രമങ്ങളും ഉൺമയുടെ ദ്രവരൂപവും തമ്മിലുള്ള ഈ വൈരുധ്യത്തിലാണ് അതിന്റെ വേരുകൾ.

പാമ്പുകൾ
തൊലിയൂരിക്കളയും മട്ടിൽ
അവർ
കുപ്പായങ്ങളെ
ഊരിക്കളയുന്നു
തരം കിട്ടുമ്പോൾ
പുതിയ കുപ്പായ, മുടലിൽ
തുന്നിപ്പിടിപ്പിക്കുന്നു

നിരന്തരമായി ഉടുത്തുകെട്ടിയും അഴിച്ചുമാറ്റിയും പണിതെടുക്കുന്ന സ്വത്വത്തിന്റെ വിശ്ലഥാവസ്​ഥ നിലനിൽപ്പിന്റെ ഓരോ നിമിഷത്തെയും യാതനാപൂർണമാക്കുന്നതിന്റെ ചിത്രങ്ങൾ ഈ സമാഹാരത്തിലുടനീളം കാണാം. സ്വത്വപരമായ തുറസ്സിന്റെ സാധ്യതകളും സാമൂഹികക്രമങ്ങൾ അതിനുമേൽ നടത്തുന്ന ഹിംസാത്മകമായ കയ്യേറ്റങ്ങൾക്കും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്രയായി മാറിത്തീർന്ന ജീവിതത്തെ അവ പല പ്രകാരങ്ങളിൽ പ്രകാശിപ്പിക്കുന്നത്. രാമൻ കല്യാണി എന്ന കവിതയിൽ:

Photo: Pexels

ഞാനൊരു
പൊട്ടുകുത്തി
എന്നെയന്നു
പാമ്പും കൊത്തി

എന്ന് ഈ അനുഭവയാഥാർത്ഥ്യത്തിെൻ്റ മാരകഭാവവും സൗന്ദര്യത്തികവും ഒരുമിച്ച് ആദി സൂചിപ്പിക്കുന്നുണ്ട്. പിന്നാലെ

രാമനും കല്യാണിയും
ഒരുടലിലുറങ്ങിയൊ–
രാളായി മരിച്ചുപോയി

എന്നതിന്റെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് കവിത കാലൂന്നുകയും ചെയ്യുന്നു. ഉൺമയുടെ വിശ്ലഥാവസ്​ഥയും വാസ്​തവലോകത്തിന്റെ ദൃഢതയും തമ്മിലുള്ള ഗാഢവൈരുധ്യത്തിലാണ് ആ മരണത്തിന്റെ വേര്. ബി.ഡി.എസ്​.എം. എന്ന കവിത ഈ വൈരുധ്യത്തെ അതിനെറ പരമാവധിയിലേക്കും അനുഭവതീവ്രതയുടെ ഉച്ചസ്​ഥാനത്തേക്കും കൊണ്ടുപോകുന്നു. മനുഷ്യാനുഭവങ്ങളിൽ ഏറ്റവും ലോലലോലമായ പ്രണയത്തിന്റെ ലോകമാണ് ഈ കവിതയിൽ വിപരീതസ്​ഥാനമായി പരിണമിക്കുന്നത്.

വഴിതെറ്റിപ്പോലുമാരും
വന്നുകേറാത്തോരിടമാണെെൻ്റ
ഉടലെന്ന് ഞാനെഴുതുന്നു
എന്നിടത്ത് തുടങ്ങി
വഴിതെറ്റി മാത്രമാളുകൾ
വന്നകേറുന്നോരിടമാണെെന്റെ
ഉടലെന്ന് തിരുത്തിയെഴുതുന്നു.

എന്ന് അവസാനിക്കുകയും ചെയ്യുന്നു. ഈ തിരുത്തലിലുള്ളത് ലോകം തന്നിൽനിന്നും കവർന്നെടുത്ത തന്റെ തന്നെ ജീവിതമാണ്. താനായി നിലനിൽക്കാനുള്ള പിടച്ചിലിനൊടുവിൽ കയ്യൊഴിയേണ്ടിവരുന്ന സ്വജീവിതമാണ്. പെണ്ണാച്ചി എന്ന കവിത, അക്കാര്യം നേർക്കുനേരെ രേഖപ്പെടുത്തുന്നുണ്ട്.

പോട്ടേന്നുവെക്കാ–
മെനിക്കുമെന്റെ പേരുപാടെ
മറന്നുപോയ്

Photo: Pexels Fariz Hermawan

സ്വന്തം പേരിലും അതിന്റെ ഉൺമയിലും തുടരാനാകാതെവരുന്ന ജീവിതത്തിലെ അനന്തമായ നിലവിളികൾ. ആദിയുടെ കവിത പലനിലകളിൽ പൊട്ടിത്തുറക്കുന്നത് അതിലേക്കാണ്. ഒരുഭാഗത്ത്, നെലോളി എന്ന കവിതയിലെന്നപോലെ, ദൈവകല്പനയിലെ ലിംഗാധികാരങ്ങളിലേക്ക് വരെ അത് തുറന്നുകിടക്കുന്നു.

കർത്താവും ആണാണ്
അപ്പനെ കണക്ക്
അപ്പന്റെയാ കൂട്ടുകാരനെ കണക്ക്
പള്ളിലച്ചനെ കണക്ക്
ലിസീടെ പള്ളവീർപ്പിച്ചോനെ കണക്ക്
കർത്താവുമാണാണ്
ആണുങ്ങളെയെനിക്കു
പ്രേമിക്കണ്ടാന്നുറക്കെ
ഞാൻ നെലോളിച്ചു

മറുഭാഗത്ത് ഭാഷയിലെ ലിംഗാധികാരങ്ങളിലേക്കും.

മലയാളം ക്ലാസുകളിൽ
സ്​ഥിരം
ലിംഗപ്രത്യയങ്ങൾ
തെറ്റിച്ചെഴുതിയിരുന്ന
എന്റെ വായിൽ
ആത്മഹത്യാകുറിപ്പെഴുതാൻ
വാക്കില്ലായിരുന്നു

വാക്കു മുതൽ ദൈവം വരെയുള്ള അഭയങ്ങളെല്ലാം നഷ്ടമാകുന്ന ജീവിതസ്​ഥാനം. ആ ലോകവുമായുള്ള നിരന്തര സംഘർഷത്തിലാണ് ആദിയുടെ കവിതയുടെ വേരുകൾ.

കലിച്ചി പുറത്ത് ചീപോതി അകത്ത് എന്ന കവിതയിൽ ഇത് കടന്നുവരുന്നത് മറ്റൊരു നിലയിലാണ്. ‘പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന നാട്ടുമൊഴിയുടെ ഭാഷാഭേദമാണ് കവിതയുടെ ശീർഷകം. പുറത്തായ കലിച്ചി തങ്ങളുടെ ജീവിതം തന്നെയായി നിരന്തരം തുടരുന്നുവെന്ന ബോധവും അകത്തായ ചീപോതിക്കൊപ്പം ഒരിക്കലും തങ്ങളിലെന്ന തിരിച്ചറിവും ഈ കവിത അതിെൻ്റ അടിയടരിൽ നിലനിർത്തുന്നുണ്ട്. ഈ വിപരീതാവസ്​ഥ കവിതയിൽ ഇടം നേടുന്നത് രാമായണസൂചനയിലൂടെയാണെന്നതും ശ്രദ്ധേയമാണ്:

ഞങ്ങടെ വീട് മഴയിൽ
കരയും
അതു അരിയില്ലെന്നാ–
വലാതിപ്പെട്ടോരോ മൂലയിലും
നിന്നുമിരുന്നും
കിടന്നുമിരുകാൽ നീട്ടിയും
പ്രാകിപ്രാകിക്കരയും
അയൽവീടപ്പോഴും
രാമായണം ചൊല്ലുകയാകും
................

അവരുടെ വീടുകളിൽ
രാമനും മക്കളുമോടിക്കളിക്കുന്നുണ്ട്
അവിടത്തെ
പത്തായത്തിലാവോളം നെല്ലുണ്ട്

Photo: Aadhi / Facebook

ഇതിഹാസഭാവനയുടെ ലോകത്ത് ഐശ്വര്യം വിളയുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിലേക്കാണ് ഈ കവിത വാതിൽ തുറക്കുന്നത്. ഇന്ത്യാചരിത്രത്തിലെ എക്കാലത്തെയും വലിയ വൈരുധ്യത്തെ ഒരു നാടോടിവഴക്കവുമായി ചേർത്തുവച്ച് തുറന്നുകാണിക്കുന്ന ഈ സമീപനം മറ്റൊരിടത്ത് കവിതയെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവായും മാറുന്നുണ്ട്:

അമ്മ
കവിയെഴുതി
തുടങ്ങിയാലാരു
കറിവയ്ക്കും?
ആരലക്കുമടിച്ചുവാരും?
അമ്മ
കവിതയെഴുതിയാലാരു
നിലംതൊടയ്ക്കും
ആരു, ചോറു
വിളമ്പുമെച്ചിലെടുക്കും
പാത്രം മോറും
തൽക്കാലം
അമ്മ, കവിതയെഴുതണ്ട

ഈ സമാഹാരത്തിലെ കവിതകളിൽ വലിയൊരു പങ്കിലും അമ്മ പ്രബലമായ ഒരു സാന്നിധ്യമാണ്. അത് ഒട്ടുമേ പരമ്പരാഗതമായ നിലയിലല്ല മാതൃത്വത്തിന്റെ പ്രത്യയശാസ്​ത്രം എന്ന് വിശേഷിപ്പിക്കപ്പെട്ടുവരുന്ന ഒരു സവിശേഷ വ്യവഹാരത്തിന്റെ വിമർശനവും വിപരീതവും എന്ന നിലയിലാണ് അമ്മ ആദിയുടെ കവിതയിൽ ഇടംപിടിക്കുന്നത്. മാതൃത്വത്തെ ഒരു പ്രത്യയശാസ്​ത്രവ്യവഹാരമാക്കി, സ്​ത്രീക്ക് നിർവഹണശേഷി നിഷേധിക്കുകയാണ് പരമ്പരാഗതമായ മാതൃത്വസങ്കല്പം ചെയ്യുന്നത്. ക്ഷമയും സഹനവും സ്​നേഹവായ്പും നിറയുന്ന സ്​ത്രീ എന്ന സങ്കല്പത്തിലാണതിന്റെ വേര്. രത്യാത്മകത മുതൽ രാഷ്ട്രീയം വരെയുള്ള നിർവഹണസ്​ഥാനങ്ങളിൽ നിന്നെല്ലാം സ്​ത്രീയെ അദൃശ്യയാക്കുന്ന ഒന്നാണത്. ആദിയുടെ കവിതയിലെ അമ്മ അങ്ങനെ സ്വയം നിഷേധിക്കുന്ന മാതൃത്വമല്ല. ചരിത്രത്തിന്റെ സംഘർഷങ്ങളും യാതനകളുമപ്പാടെ വന്നു നിറയുന്ന അനുഭവസ്​ഥാനമാണ് ഈ കവിതകളിലെ അമ്മ.

അച്ഛനെന്നു പേരുള്ള
ഒരാൾ മരിച്ചുപോകുമ്പോളമ്മയ്ക്കു
വീണ്ടും ചെറുപ്പം വയ്ക്കും
ഉടുപ്പുതയ്ച്ചും
തൊഴിലുറപ്പിനു പോയുമ–
യതു മക്കളെ പോറ്റും
പൂച്ചപെറ്റതിൽ തുള്ളിച്ചാടും
കാക്കയോട് കഥ പറയും

എന്ന് ഒരു കവിതയിൽ ആദി അമ്മയെ രേഖപ്പെടുത്തുന്നുണ്ട്. ഉടലുകൾ ഉരസി തീ കൂടുന്നവൾ എന്ന തീ പാറുന്ന ഒരു കല്പനയിലൂടെ അമ്മയുടെ ഈ വിധ്വംസകപ്രകൃതം കവിതയിലൊരിടത്ത് തെളിയുന്നുണ്ട്. എല്ലാം അടി കരിച്ചുകളയുന്ന, ഇരുമ്പു തുരുമ്പാക്കുന്ന വിപരീതനിലയായി മാതൃത്വത്തിന്റെ പ്രത്യയശാസ്​ത്രഭാരങ്ങൾക്കു കുറുകെ നീങ്ങുന്ന അമ്മയാണ് ഈ കവിതകളിലേത്. അടുപ്പൂതി കത്തിച്ച് കലത്തിന്റെ അടി കരിക്കുകയും ഞങ്ങളുടെ വയറു നിറക്കുകയും ചെയ്യുന്ന അമ്മ എന്ന വിപരീത സംയോഗം.
കരേലെയാണുങ്ങളെ / ചോരകുടിച്ചാ / ഓളും മക്കളും / ചീർക്കുന്നെ എന്നു പഴികേൾക്കുന്ന, അതിനിടയിലൂടെ ജീവിതത്തിലേക്കും അതിന്റെ യാതനകളിലേക്കും നിരന്തരം കടന്നുനിൽക്കുന്ന അമ്മ. ആ അമ്മയുടെ ചിത്രങ്ങളാണ് ആദിയുടെ കവിതയിൽ നിറയുന്നത്.

Photo: Aadhi / Facebook

മാതൃത്വത്തിന്റെ പരമ്പരാഗത ക്രമങ്ങൾക്കെതിരെ കുതറിനിൽക്കുന്ന അമ്മയുടെ ഇത്തരം ചിത്രങ്ങൾ ഈ സമാഹാരത്തിന്റെ കാതലായി മാറുന്നത് യാദൃച്ഛികമല്ലെന്നു പറയാം. പരമ്പരാഗതമായ കാവ്യവ്യവഹാരത്തോട് ഇടയാനും തന്റെ അനുഭവലോകത്തിന്റെ വിപരീതപ്രകൃതങ്ങളെ പ്രകാശിപ്പിക്കാനും ആദി ബോധപൂർവ്വം തന്നെ കണ്ടെത്തുന്ന ഒന്നായി ഈ മാതൃകല്പനയെ കാണാം. നമ്മുടെ മുഖ്യധാരാ കാവ്യപാരമ്പര്യവും, അതിനു ജന്മം നല്കിയ ജീവിതക്രമവും പുറത്താക്കിയ ഒരനുഭവലോകത്തെയാണ് ആദിയുടെ കവിതകളിലെ അമ്മ അടയാളപ്പെടുത്തുന്നത്. മാതൃത്വത്തിന്റെ പ്രത്യയശാസ്​ത്രത്തിന്റെ വിമർശനസ്​ഥാനം എന്ന് അതേക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

ഒരു പല്ലി വാലു മുറിച്ചിടുംപോലെ ഇറങ്ങിയോടണമെന്ന് തോന്നിക്കുന്ന ജീവിതത്തിന്റെ വിവിധ വിതാനങ്ങളിലൂടെയുള്ള യാത്രകളാണ് ഈ സമാഹാരത്തിലെ രചനകൾ. സ്​നേഹത്തിൽ വിശ്വസ്​തനായ ഒരടിമയായിരിക്കുകയും, ഒരടിമയും / ഇതുവരെ / സ്​നേഹത്താൽ / യജമാനനെ അടയാളപ്പെടുത്തിയിട്ടില്ല എന്നറിയുകയും ചെയ്യുന്ന വൈരുധ്യം അവിടെയുണ്ട് (നാൽക്കാലി). ആണപ്പന്മാരുടെ ഇടയിൽ നിന്ന് ജീവിതത്തിന്റെ മറുകരയിലേക്ക്, ആറ്റിലേക്കും മഴയിലേക്കും വെയിലിലേക്കും ഇറങ്ങിപ്പോകുന്നവരുടെ യാതനയുണ്ട് (പെണ്ണപ്പൻ). യാതനകളിൽ നിന്നുള്ള കുതറിമാറലുകളെ അഭിനയമായി മാത്രം കാണുന്ന ലോകത്തോടുള്ള കലഹമുണ്ട് (അമ്മ). ആണുങ്ങളുടെ ചോര മാത്രം കുടിച്ച്, പാർത്തുപോരുന്ന യക്ഷികളുണ്ട് (യക്ഷി). അഴുക്കു കോരി ജീവിക്കുന്നവരുണ്ട്. കരുങ്കുട്ടിച്ചാത്തന്മാർ എന്ന് സ്വയം കരുതുന്ന ജീവിതങ്ങളുണ്ട്. മറുലോകത്തെ ദൈവം തങ്ങളെ നോക്കിച്ചിരിക്കുമ്പോൾ സ്വയം ചിരിക്കാൻ കഴിയാത്തവർ (സ്വവർഗ്ഗാനുരാഗികളുടെ ദൈവം). സ്​നേഹം ഒരു വൃത്തികെട്ട വികാരമായിത്തീരുന്ന ലോകത്തിലെ പാർപ്പുകാർ (സ്​നേഹം ഒരു വൃത്തികെട്ട വികാരമാകുന്നു).

ഇങ്ങനെ അനുഭവത്തിന്റെ അപരലോകങ്ങളെ വീണ്ടെടുക്കുന്നതിനുള്ള ഉപാധിയായി തന്റെ എഴുത്തിനെ മാറ്റിത്തീർക്കുകയാണ് ആദി ചെയ്യുന്നത്. വ്യവസ്​ഥാപിതവും സുനിശ്ചിതവുമായ അതിരുകൾക്കപ്പുറത്തേക്കുള്ള മനുഷ്യാനുഭവത്തിന്റെ കുതറലുകളുടെ ചരിത്രമാണ് അതിലുള്ളത്. പ്രമേയലോകം മുതൽ കാവ്യഭാഷ വരെയുള്ള തലങ്ങളെ ഈ വീണ്ടെടുപ്പിനായി ആദി പുതുക്കിപ്പണിയുന്നു. അതിരുകൾ തുറക്കുന്ന വാക്കിനെപ്പോലെ, മനുഷ്യാവസ്​ഥയുടെ അതിരുകൾ തുറക്കുന്ന വാക്കായി ആദിയുടെ കവിത നിലകൊള്ളുന്നു. വാക്കിന്റെയും അനുഭവത്തിന്റെയും അതിർത്തിലംഘനമാണ് ഈ കവിതകളുടെ കാതൽ. നമ്മുടെ കാവ്യഭാവനയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരിടപെടലും വഴിത്തിരിവുമായി അത് മാറിത്തീരുമെന്ന് കരുതാനാകുന്നതിെൻ്റ കാരണവും മറ്റൊന്നല്ല.

നാലുവർഷം മുൻപ് സംസ്​കൃതസർവകലാശാലയിലെ മലയാള വിഭാഗത്തിൽ വിദ്യാർത്ഥിയായി എത്തുമ്പോൾ ആദിയെ അന്തർമുഖത്വം വലയം ചെയ്തിരുന്നു. അവിടെ നിന്ന് മലയാള വിഭാഗത്തിലെ എക്കാലത്തെയും മികച്ച വിദ്യാർത്ഥികളിലൊരാളായി ആദി വളർന്നു. പിന്നാലെ, കവിതയിലും സാമൂഹ്യവിചാരങ്ങളിലും മലയാളത്തിലെ ശ്രദ്ധേയമായ യുവസാന്നിദ്ധ്യമായി. ജീവിതവിഷാദങ്ങളുടെ നടുക്കടലിലൂടെയുള്ള ആ യാത്ര ഒട്ടും ലളിതമായിരുന്നില്ല. അതിലെ പുതിയ പടവുകളിലൊന്നിലേക്ക് കൂടി ആദി ഈ സമാഹാരത്തിലൂടെ ചുവടുവയ്ക്കുകയാണ്. സ്​നേഹാഭിമാനങ്ങളോടെ ഞങ്ങളും ആദിയോടൊപ്പം നടക്കുന്നു; കവിതയിലും ജീവിതത്തിലും.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments