‘ഡിവൈൻ ലീല’യുമായി ഗുരുവിന്റെ കവിതകളിലൂടെ
ഒരു കേരള പര്യടനം

നടരാജഗുരുവിന്റെ ശിഷ്യൻ വിനയ ചൈതന്യയുടെ 'എ ക്രൈ ഇൻ ദ വൈൽഡൈർനെസ്' എന്ന കൃതി അടിസ്ഥാനമാക്കിയുള്ള 'ദി ഡിവൈൻ ലീല' എന്ന കാവ്യകലാനാടകത്തിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട്, സംവിധായകനായ ഡോ. ഓംകാർ ഭട്കർ എഴുതുന്നു. നാരായണ ഗുരുവിന്റെ കാവ്യലോകത്തേക്കുള്ള ഒരു കലാകാരന്റെ സഞ്ചാരവും ആ കവിതകളുടെ കാവ്യാത്മക ദൃശ്യാവിഷ്‌കാരത്തെക്കുറിച്ചുള്ള വേറിട്ട അന്വേഷണങ്ങളും.

You feed and nourish us all,
O Lord of the heavenly river;
Have you no mercy on these hosts of creatures?The whole story is vexed, everything around the land is being destroyed;
Watching all, You just sit on Your bottom, is this right?
Answer, whisper at least, You half-woman God.
(‘അർധനാരീശ്വരസ്തവ’ത്തിൽ നിന്നുള്ള വരികൾ)

നുഷ്യരെന്ന നിലക്ക് യുക്തിപരതയിലൂന്നിയും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളുടെ പരിധിക്കുള്ളിലൊതുക്കിനിർത്തിയും എല്ലാത്തിനും അർഥം കണ്ടെത്താനുള്ള ഒരു പദ്ധതിയിൽ നിരന്തരം മുഴുകിയിരിക്കുന്നവരാണ് നമ്മൾ. അത്തരമൊരു പദ്ധതിയുടെ സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നിടത്തോളം കാലം എല്ലാത്തിനെയും നമ്മൾ അങ്ങനെ ചില ഭ്രമണപഥങ്ങളിൽ സ്ഥാപിക്കുന്നു. എന്നിരിക്കിലും ചില കാര്യങ്ങളിൽ നമ്മളെത്തിപ്പെടുന്നത് എങ്ങനെയാണെന്നോ എന്തുകൊണ്ടാണെന്നോ ഒക്കെയുള്ള ചോദ്യങ്ങൾക്ക് യാതൊരുത്തരവുമുണ്ടാവില്ല.

ഡിവൈൻ ലീല എന്ന കാവ്യനാടകത്തിൽനിന്ന്. ഫോട്ടോകൾ: ബി​ജു ഇബ്രാഹിം

നാരായണഗുരുവിന്റെ കാവ്യലോകത്തേക്കുള്ള എന്റെ എത്തിപ്പെടൽ കേവലമൊരു യാദൃച്ഛികസംഭവമായിരുന്നു, ഒരു കോസ്മിക് ആക്‌സിഡന്റ് എന്നും വേണമെങ്കിൽ വിളിക്കാം. നാരായണ ഗുരുവിന്റെ തത്വചിന്താപരവും സാമൂഹികവുമായ മണ്ഡലത്തിൽനിന്ന് മാറി അദ്ദേഹത്തിന്റെ കാവ്യങ്ങളിലാണ് ഞാനദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ടായിരുന്നത്. കവിയായ ഒരു ഋഷിവര്യൻ എന്നു മാത്രമേ എനിക്കറിയൂ എന്നും മനസ്സുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റു വശങ്ങളൊന്നും അറിയേണ്ടതില്ലെന്നുവെച്ചതിന്റെ കാരണമെന്താവാം? അതൊരുപക്ഷേ, അത്രമേൽ വിശാലമായ അദ്ദേഹത്തിന്റെ കാവ്യകലയുടെ കാൻവാസിന്റെ വർണാഭയിൽ ആണ്ടുകിടക്കുന്നതു തന്നെ ആനന്ദം എന്നു കരുതുന്നതുകൊണ്ടാവും.

നാരായണ ഗുരുവിന്റെ കാവ്യങ്ങൾ വായിച്ചപ്പോൾ അതിന്റെ സങ്കീർണതകളും പല അടരുള്ള വരികളും അവ ഉദ്ദീപിപ്പിക്കുന്ന ബഹുതലവ്യാഖ്യാനങ്ങളും കാണാനായി. ഗുരുവിന്റെ കാവ്യങ്ങൾ ദു​ർഗ്രഹങ്ങളായിരുന്നു, അതാണ് അവയെ അരങ്ങിൽ സങ്കല്പിച്ചുനോക്കാൻ എന്നെ പ്രേരിപ്പിച്ചത്.

നാരായണ ഗുരുവിന്റെ കവിതകളുടെ ഒരു കാവ്യാത്മക ദൃശ്യാവിഷ്‌കാരം എന്ന ആശയത്തിന് ഒരു നീണ്ടകഥ പറയാനുണ്ട്. ചുരുക്കി ഇങ്ങനെ പറയാം: മുംബൈ യൂണിവേഴ്‌സിറ്റിയുടെ ഫിലോസഫി ഡിപ്പാർട്ടുമെന്റ് ഗുരുവിന്റെ തത്വചിന്തയെക്കുറിച്ച് ഒരു കോഴ്‌സ് നടത്തുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി സംഘാടകർ അദ്ദേഹത്തിന്റെ കവിതകളെ വെച്ച് ഒരു സെഷൻ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു. പാശ്ചാത്യ തത്വചിന്തയോടും അസ്തിത്വവാദത്തോടും കുറച്ചു വർഷങ്ങളായുള്ള അഭിനിവേശം എന്റെ തിയറ്റർ പ്രാക്ടീസിലും പ്രതിഫലിച്ചുവരുന്നതിനാൽ സംഘാടകർ എന്നെ സമീപിച്ചപ്പോൾ, അവർ ശരിയായ ആളോടുതന്നെയാണോ ചോദിക്കുന്നത്, അതോ ആളു മാറിപ്പോയോ എന്നൊക്കെ ഞാൻ ശങ്കിച്ചു. കവിതയെക്കുറിച്ച് എനിക്ക് സംസാരിക്കാനാകും, എന്നാൽ, അത് നാരായണഗുരുവിന്റെ കവിതയെക്കുറിച്ചല്ല, ഒന്നുരണ്ടു വരി പോലും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനാവില്ല എന്ന് ഞാനവരോട് പറഞ്ഞു. അവശ്യം വേണ്ട റിസോഴ്‌സ് മറ്റീരിയലുകളെല്ലാം അവർ തന്നു. ആ കവിതകൾ ശരിക്കും വെല്ലുവിളിയായതുകൊണ്ട് അതിനെ തിയറ്ററുമായി യോജിപ്പിച്ച് കവിതയും തത്വചിന്തയും നാടകവും കൂടിച്ചേർന്ന ഒരു സെഷനായിക്കൂടേ എന്ന് ഞാനാലോചിച്ചു. ആ സെഷൻ നന്നായി സ്വീകരിക്കപ്പെട്ടു. ക്ലാസിനുശേഷം വീട്ടിൽ പോയ ഒരാൾ നാരായണ ഗുരുവിന്റെ ഒരു കവിത ആലപിക്കുന്നതിന്റെ ശബ്ദശകലം എനിക്കയച്ചു തന്നപ്പോഴാണ് അത്തരം ഒരു സെഷൻ ചെയ്യാൻ തീരുമാനിച്ചതിന്റെ പ്രാധാന്യം എനിക്ക് ബോധ്യപ്പെട്ടത്.

വൈകാതെ വിനയ ചൈതന്യയുടെ എ ക്രൈ ഇൻ ദ വൈൽഡർനസ് എന്ന പുസ്തകത്തിന്റെ ഒരു നിരൂപണം എഴുതാൻ എന്നോടാവശ്യപ്പെടുകയുണ്ടായി. ശരിക്കും ആ പുസ്തകത്തിന്റെ വായനയിലേക്കെത്താൻ കുറേയേറെ മാസങ്ങളെടുത്തു, എന്നാൽ വായിച്ചപ്പോൾ അരങ്ങിലേക്കെത്തിക്കാൻ പോരുന്ന അതിന്റെ ആന്തരികശക്തി ഞാൻ തിരിച്ചറിഞ്ഞു. അതിനുമുമ്പ് പാബ്ലോ നെരൂദ, സിൽവിയ പ്ലാത്ത്, കമലാദാസ് മുതാലായ കവികളുടേയും സെന്റ് തെരേസ ഓഫ് ആവില, സെന്റ് ജോൺ ഓഫ് ക്രോസ്, റൂമി, ഹാഫെസ്, ഹാൻ ഷാൻ തുടങ്ങിയ മിസ്റ്റിക് കവികളുടേയും കവിതകളുടെ രംഗാവിഷ്‌കാരം ഞങ്ങൾ നടത്തിയിരുന്നു. മാത്രമല്ല ആ സമയത്ത് റെനെ മാരിയ റിൽക്കേയുടെ ദൈവത്തിനോടുള്ള കവിതകളുമായി ബന്ധപ്പെട്ട ഒരു പ്രൊഡക്ഷന്റെ ജോലികൾ ഞാർ പൂർത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ബുക്ക് ഓഫ് ഹവേഴ്‌സ്: ദി പോയട്രി ഓഫ് റെനെ മാരിയ- റിൽക്ക സൃഷ്ടിച്ചെടുത്തതിന്റെ ഭീഷണമായ ആഘാതം അഭേദ്യമായിരുന്നു.

നാരായണ ഗുരുവിന്റെ കാവ്യങ്ങൾ വായിച്ചപ്പോൾ അതിന്റെ സങ്കീർണതകളും പല അടരുള്ള വരികളും അവ ഉദ്ദീപിപ്പിക്കുന്ന ബഹുതലവ്യാഖ്യാനങ്ങളും കാണാനായി. ഗുരുവിന്റെ കാവ്യങ്ങൾ ദു​ർഗ്രഹങ്ങളായിരുന്നു, അതാണ് അവയെ അരങ്ങിൽ സങ്കല്പിച്ചുനോക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത്തരം ഒരു പ്രൊഡക്ഷൻ ചെയ്യുമ്പോൾ അതിൽ ഉറച്ചു വിശ്വസിക്കാൻ മാത്രം വിശാലമനസ്‌കനായ ഒരാളുടെ പിന്തുണ ആവശ്യമായിരുന്നു. ബാക് വാട്ടേഴ്‌സ് കളക്ടീവിന്റെ വരവോടെ, അനീഷ് ദാമോദരന്റെ ഉത്തരവാദിത്തമേൽക്കലോടെ, അല്ലെങ്കിൽ ആ പ്രൊജക്ടിലുള്ള അയാളുടെ അപാരമായ വിശ്വാസം കാരണം ഒന്ന് മറ്റൊന്നിലേക്കെന്ന് വഴിവെച്ച് പിന്നീട് ഒരു തിരിഞ്ഞുപോക്കില്ലാത്തവിധം അത് സാധ്യമായി.

ഞങ്ങളിപ്പോൾ കേരളത്തിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്; ദി ഡിവൈൻ ലീല: വേഴ്‌സസ് ഓഫ് നാരായണഗുരു റ്റു ദ ഗോഡസ്സ് എന്ന ദൃശ്യാവിഷ്കാരവുമായുള്ള ആ യാത്ര വാക്കുകൾക്കതീതമാണ്. പരിമിതമായ വാഗ്‌സമ്പത്ത് വെച്ച് നമ്മളെത്തന്നെ മാറ്റിപ്പണിയാൻ ശേഷിയുള്ള ആ യാത്രയുടെ അനുഭവങ്ങളെ പകരാൻ ശ്രമിക്കട്ടെ.

മായദർശനം മുതൽ സുബ്രമണ്യം വരെ ജാതി മുതൽ അനുതാപം വരെ, അയഥാർഥ്യത്തെക്കുറിച്ചുള്ള ദർശനം പോലും നാരായണഗുരുവിന്റെ കവിതക്കുള്ള വിഷയങ്ങളായിട്ടുണ്ട്. എന്നാൽ ദേവീസ്തവങ്ങൾ അവസരത്തിന് കാത്തിരിക്കുകയായിരുന്നു എന്ന പോലെ സ്വയം വെളിപ്പെടുത്തുന്നു, അങ്ങനെ അതു തന്നെ ദേവിയാകുന്നു. ദേവിയെന്ന വാക്ക് അത്യാധുനികയവരുടെ മനോനിലയെ അസ്വസ്ഥമാക്കുമെങ്കിലും സ്വന്തം മനസ്സിനെ അടച്ചിരിപ്പാണെങ്കിൽ അവരങ്ങനെ ഇരിക്കട്ടെ എന്നു പറയാനേ സാധിക്കൂ. മാതൃദേവതാസങ്കല്പം അനാദിയാണ്, ഹിന്ദു വിശ്വാസങ്ങളിൽ സരസ്വതിയായും ഗൗരിയായും പാർവതിയായും കാളിയായും ഒക്കെ അതിന്റെ ചിത്രീകരണം കാണാം. എന്നാൽ ഗുരുവിന്റെ കാവ്യങ്ങൾ ഈ ദേവതകളിൽ ഒതുങ്ങുന്നതാണോ? ഒരു കാവ്യത്തിന്റെ പേര് ഭദ്രകാള്യാഷ്ടകം എന്നാണ്, എന്നാൽ വായനക്കാർക്ക് അതിൽ ഭദ്രകാളിയെ മാത്രം തേടുകയാണെങ്കിൽ, അത്തരമൊരു കാഴ്ച പ്രയാസകരമാകും. ജനനീ നവ രത്‌ന മഞ്ജരിയായാലും കുണ്ഡലിനിപ്പാട്ടായാലും മറ്റേതു കൃതികളായാലും അതങ്ങനെത്തന്നെയായിരിക്കും. അവയൊന്നുംതന്നെ ഏതെങ്കിലും ഒരു പ്രത്യേക ദേവതയിലേക്കു മാത്രം ചുരുങ്ങുന്നില്ല. സൂക്ഷ്മ വായന എല്ലാ ദേവതകളുടേയും പല അടരുകളെ, അന്തിമമായി എല്ലാവരുടേയും ഗുണങ്ങളുൾച്ചേരുന്ന ഒന്നിനെ അല്ലെങ്കിൽ, എല്ലാ ദേവതകളും ഒന്നുതന്നെ എന്ന സങ്കല്പത്തെ വെളിപ്പെടുത്തുന്നു, ഇതൊരു വ്യാഖ്യാനം മാത്രമാണ്, അന്തിമമായ ഒന്നല്ല, പക്ഷേ, തെളിഞ്ഞതും സുതാര്യവും ആയ ഒരു വിവരണത്തിലൊതുങ്ങാതെ പല തലങ്ങളിലുള്ള വ്യാഖ്യാനങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു ദുർഗ്രഹതക്ക് ഈ കൃതികൾ സ്വയം ഇടം നല്കുന്നുണ്ട്.

ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ഓരോ കവിതയും വെവ്വേറെയായി അനുഭവപ്പെടുന്നു. എല്ലായ്‌പ്പോഴും, ഒരേ വരികൾ അല്ലെങ്കിൽ ഒരേ ദേവി ഹിന്ദു ദൈവങ്ങളിലേക്കും ക്രിസ്ത്യാനികളുടെ സ്‌നേഹസങ്കല്പത്തിലേക്കും ബുദ്ധന്റെ ആശയലോകത്തിലേക്കും താന്ത്രിക ചിത്രലേഖങ്ങളിലേക്കും വഴിതിരിഞ്ഞൊഴുകിയെത്തുന്നു.

ഇവിടെയാണ് ഞാൻ ബുദ്ധിപരമായ ചിന്തകൾക്ക് താല്ക്കാലിക വിരാമമിടാനും ആ വരികളെ അവയുടെ ഇഷ്ടത്തിനൊത്ത് ഒഴുകാൻ വിടാനും തീരുമാനിച്ചത്. ദേവീകഥകളിൽനിന്നും ബിംബവത്കരണത്തിൽ നിന്നും മോചിക്കപ്പെടുകയും കേവലം എന്താണോ അതുതന്നെ എന്ന ഒരു മിസ്റ്റിക് അനുഭവം ആവുകയും ചെയ്യുന്നു. ഒരു പരിധി വരെ എനിക്കും ചിന്തകളും മനസ്സിലാക്കിക്കളയുന്നതിനുള്ള ഒരു ത്വരയും ഉണ്ടായിരുന്നു, എന്നാൽ, പിന്നീടത് വാക്കുകളെ, വരുന്നതുപോലെ ഒഴുകാൻ വിടുന്നത് മാത്രമായി. ഗാഡമായ വിശ്വാസത്തിന്റേയും ആത്മാർഥതയുടേയും അടിസ്ഥാനത്തിലാണ് യിലേക്കുള്ള സംഘാംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നത്. വാക്കുകളെക്കുറിച്ചുള്ള അതിചിന്തകളോ മനസ്സിലാക്കലുകളോ ഇല്ലാതെ പാരായണത്തിലൂടെയുള്ള സ്വയം വെളിപ്പെടൽ അനുഭവിക്കാനാണ് സംഘത്തോടാവശ്യപ്പെട്ടിരുന്നത്. ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ഓരോ കവിതയും വെവ്വേറെയായി അനുഭവപ്പെടുന്നു. എല്ലായ്‌പ്പോഴും, ഒരേ വരികൾ അല്ലെങ്കിൽ ഒരേ ദേവി ഹിന്ദു ദൈവങ്ങളിലേക്കും ക്രിസ്ത്യാനികളുടെ സ്‌നേഹസങ്കല്പത്തിലേക്കും ബുദ്ധന്റെ ആശയലോകത്തിലേക്കും താന്ത്രിക ചിത്രലേഖങ്ങളിലേക്കും വഴിതിരിഞ്ഞൊഴുകിയെത്തുന്നു.

This playful variety,
spread by unreal Maya,
none other it is
Than Knowledge;
Air and earth, water and fire,
even the void beyond, is one
Primal Knowledge itself,
The lightness of that,
if spoken of,
no scriptures' rules or
Works anymore,
The mind will stop struggling,
This true gain alone is enough, indeed,
O mother, who brings forth the joyful awareness that Anyone seeks.
(Janani Nava Rathna Manjari, 1)

ഒരേ വാക്കുകളായിരിക്കുമ്പോഴും ഓരോ പ്രാവശ്യവും അത് വ്യത്യസ്തമായ കവിതയാണ്. അതുപോലെ വായിക്കുന്നയാൾ ഒരാളായിരിക്കുമ്പോഴും ഓരോ വായനയിലും അയാൾ വേറെ വ്യക്തിയുമാണ് (എന്റെ കാര്യം അങ്ങനെയായിരുന്നു). അചലരായ വായനക്കാരിലൂടെ കാലം കടന്നുപോകുന്നു, കാലത്തിന്റെ ആ കടന്നുപോക്ക് പഴയതേ അല്ലാത്തവിധം അവരെ മാറ്റിത്തീർക്കുംവിധം വ്യതിരിക്തമായ അനുഭവങ്ങൾ അവർക്ക് പ്രദാനം ചെയ്യുന്നു. എല്ലാ സാഹിത്യകൃതികളെക്കുറിച്ചും നമുക്കിത് പറയാനാകുമോ? എനിക്കതിനുത്തരം പറയാനാവില്ല. പക്ഷേ ഡിവൈൻ ലീലയെക്കുറിച്ച് എനിക്ക് പറയാൻ സാധിക്കും.

പിന്നെ, മറ്റേത് കലാരൂപത്തേക്കാളും ഗൂഡാത്മകമാണ് കവിത എന്ന കാര്യം അംഗീകരിക്കുന്നത് നല്ലതാണല്ലോ. കവിതയുടെ ഈ ഗൂഡാത്മകസ്വഭാവം ഒരാൾക്ക് താൻ ഒരു ബഹുപ്രപഞ്ചത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കുന്നു. അത്തരമൊരു കാവ്യാത്മക ദൃശ്യാവിഷ്‌കാരത്തിന്റെ സൃഷ്ടി ഇപ്പോഴും അതിന്റെ പ്രഭവമനുഭവപ്പെടുന്നതരത്തിൽ ജീവിതത്തിൽ ആഴത്തിലുള്ള മാറ്റമുണ്ടാക്കി. ഒന്നാമത് അത്രയും ഗാഢമായ വരികൾ ചെല്ലാൻ ശാരീരികമായ സ്ഥൈര്യവും അതിനേക്കാൾ തടഞ്ഞുനിർത്താനാകാത്ത മാനസിക ശക്തിയും വേണം. അതിനുമുപരിയായി പിന്നീട് ഞാൻ തിരിച്ചറിഞ്ഞത്, ഡിവൈൻ ലീല നമ്മളിൽനിന്ന് അശക്തിയേക്കാൾ ഒരുതരം വൈകാരിക പിൻ വാങ്ങൽ, സ്വയം ശൂന്യമാക്കാനുള്ള ശേഷിയാണ് ആവശ്യപ്പെടുന്നത് എന്നാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലും ബന്ധങ്ങളിലും ആ ശൂന്യതയുടെ സ്വാധീനം അടയാളപ്പെടുത്തുന്നതിന് അതിന്റേതായ സമയമെടുക്കും. ഡിവൈൻ ലീലക്ക് പൂർണമായും ആ വരികൾക്കു സമർപ്പിക്കപ്പെട്ട് അത് അവതരിപ്പിക്കുന്നയാളെ വൈകാരികമായി തകർത്തുകളഞ്ഞ് അയാളുടെ/ അവളുടെ/ അവരുടെ സ്വത്വബോധത്തെ പുനഃസംഘടിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു കഴിവുണ്ട്.

ഡിവൈൻ ലീല ആരംഭിക്കുന്നത് മണ്ണംതല ദേവീസ്തവത്തിലേയോ ജനനീനവരത്‌ന മഞ്ജരിയിലേയോ ശ്ലോകത്തോടുകൂടിയാണ്. അത് അന്നന്ന് ഉളവാകുന്ന തോന്നലുകളെ ആശ്രയിച്ചിരിക്കും, അന്നന്ന് ആവിഷ്‌കരിക്കപ്പെടേണ്ടത് അങ്ങനെ സ്വയം ഉരുവാകുന്നു. ഞങ്ങളതിന്റെ സാങ്കേതികത്വത്തിലേക്കൊന്നും പോകാതെ ഉള്ളിലെ തോന്നലുകൾക്കു വിട്ടുകൊടുത്ത് മൂന്നിലൊരു കവിത ചൊല്ലുന്നു. എങ്കിലും ശാരദാദേവിയേയും അവരുടെ കാരുണ്യത്തേയും വിവരിക്കുന്ന ജനനീനവരത്‌ന മഞ്ജരിയാണ് എന്റെ ആത്മാവിനോട് ചേർന്നു നില്ക്കുന്നത് എന്നു പറായം.

ശാരദാദേവി ഒരേസമയം ക്രിസ്ത്യൻ- ഗ്രീക്ക് വിശ്വാസങ്ങളിലെ ഹാഗിയ സോഫിയയുമായും സപ്തമാതാക്കളിലെ ഒരു ദേവിയുമായും താദാത്മ്യം പ്രാപിക്കുന്നു, വിവരണങ്ങൾക്ക് ഇവിടെ കൊങ്കൺ മേഖലയിലെ തദ്ദേശീയജനത ആരാധിക്കുന്ന മാതൃദേവതയുടെ സ്വരൂപവുമായി സാദൃശ്യം വരികയും ചെയ്യുന്നു. ബുദ്ധപാരമ്പര്യത്തിലെ യാങ്ചൻ ലാമോയേയും ഈ വരികളിൽ അനുഭവിക്കാം. ഇതൊക്കെയാണ് ഗുരുവിന്റെ വരികളെ ഇത്രത്തോളം വ്യാഖ്യാനാത്മകമാക്കുന്നത്. നമ്മുടെ നിലനില്ക്കുന്ന ജ്ഞാന പദ്ധതി ഗുരുവിന്റെ കൃതികൾ വായിക്കാനുപയോഗിക്കുമ്പോൾ അതിന് നമ്മുടെ അറിവിനും അഹംബോധത്തിനുമപ്പുറത്തുള്ള വിവിധങ്ങളായ ലക്ഷണങ്ങളേയും ധൈഷണിക ബോധ്യത്തേയും സൃഷ്ടിക്കാൻ കഴിയും. 1912-ൽ വർക്കലയിലെ ശിവഗിരിയിൽ ശാരദാ മഠം സ്ഥാപിക്കുന്ന വേളയിലാണ് ഗുരു ഈ വരികളെഴുതിയിരിക്കുന്നത്. എന്റെ കേരളയാത്ര തുടങ്ങുന്നത് ഗുരുസമാധിയും ഈ മഠവും സന്ദർശിച്ചാണ്. ഗുരുവിന്റെ ശാരദാദേവിയെക്കുറിച്ചൊന്നുമറിയാതെയാണ് ഞാനതുവരേയും ആ വരികൾ ചൊല്ലിയിരുന്നത്, എന്നാൽ, ദേവിയുടെ കാഴ്ചയിൽ ആ സൗന്ദര്യത്തിലും ശോഭയിലും ഞാൻ ഭ്രമിച്ചു പരവശനായിപ്പോയി. ഒരു ഇരുണ്ട ശ്രീകോവിലിൽ ദേവി തിളങ്ങുകയാണ്, ചുറ്റുമുള്ള എണ്ണവിളക്കുകളിലേക്ക് ആ ശോഭ പ്രകാശം പകർന്നുകൊണ്ടിരിക്കുന്നു. ദേവിയെ അടുത്തു കണ്ടതിനുശേഷം, പിന്നീടവതരിപ്പിക്കുമ്പോള് ആ കവിതക്കുണ്ടായ മാറ്റം എങ്ങനെയാണെന്നെനിക്ക് കൃത്യമായി ചൂണ്ടിക്കാണിക്കാനറിയില്ല, പക്ഷേ അത് പഴയ ഒന്നേ ആയിരുന്നില്ല. ശാരദാദേവിയുടെ പാദാരവിന്ദങ്ങളിലുള്ള ഇരുത്തം ഉള്ളിലേക്ക് ഒരു സ്വച്ഛത കൊണ്ടുവന്നു; ചുരുങ്ങിയത് എനിക്ക് ദേവിയെക്കുറിച്ച് കുറച്ചെങ്കിലും അറിയാം, അല്ലങ്കിൽ ദേവിയുടെ സ്വരൂപങ്ങളിലൊന്ന് ഞാൻ കണ്ടിരിക്കുന്നു.

ജനനീ നവരത്‌നമഞ്ജരി ശാരദാദേവിയുടെ ധിഷണയേയും പ്രസാദാത്മകതയേയും കുറിച്ചാണെങ്കിൽ, മണ്ണംതല ദേവീസ്തവം സ്മരണകളെ ഉണർത്തുന്ന ഒരു നിമ്‌നോന്നതയാത്രയാണ്. ഈ കൃതി അജ്ഞേയമായ മറ്റൊന്നിനോട് ഒരു ഭക്തിസാന്ദ്രമായ സമർപ്പണം ആവശ്യപ്പെടുന്നുണ്ട്, അതുകൊണ്ടുതന്നെ ദേവീസ്തുതികളിൽ ഏറ്റവും സങ്കീർണമായ ഒന്നാണത്. ഈയിടെയായി ഒരു കവിതയും റിഹേഴ്‌സൽ ചെയ്യുന്നത് ഞാനിഷ്ടപ്പെടുന്നില്ലെങ്കിലും അവതരണത്തിന് ശാരീരികവും മാനസികവുമായ ഒരന്തരീക്ഷം നിർബന്ധമാണ് എന്നതിനാൽ ഈ ഒരെണ്ണത്തിലാണ് ഒരിക്കലും ഒരു പരിശീലനവും നടത്താറില്ലാതിരുന്നത്. കൂടുതലായുള്ള ഏത് റിഹേഴ്‌സലും ഈ കവിതകളെ യാന്ത്രികമാക്കി മാറ്റുകയാണ് ചെയ്യുക.

ഡിവൈൻ ലീല വാക്കുകളുടെ അനുഭവത്തോട് ആത്മാർഥമായ ഒരു സമര്പ്പണം ആവശ്യപ്പെടുന്നു, അത് പലപ്പോഴും ഒരു പാരത്രിക അനുഭവപരമ്പരതന്നെ സൃഷ്ടിക്കുന്നു. ഒരടിത്തറയുമില്ലാതെ വായുവിൽ കെട്ടിയുയർത്തിയ ഒരു കോട്ടയാണത്, ഏതെങ്കിലും താങ്ങുകളുണ്ടെങ്കിൽ അത് ഗാംഭീര്യത്തോടെ ഉയർത്തപ്പെട്ട, സമർപ്പണത്തിന്റേയും കലർപ്പില്ലാത്ത വിശ്വാസത്തിന്റേയും അദൃശ്യമായ തൂണുകളാണ്. അതുകൊണ്ടുതന്നെ ഈ ഒരു ദൃശ്യാവിഷ്‌കാരം ചെയ്യുന്ന സമയത്തെല്ലാം അതിന്റെ പരിണതിയെക്കുറിച്ചോ അരങ്ങിൽ അതിന്റെ അന്തിമമായ ആവിഷ്‌കരണത്തെക്കുറിച്ചോ ഞങ്ങളൊട്ടും ബോധവാന്മാരായിരിന്നില്ല. സ്വയം ഒരു ബഹുപ്രപഞ്ചത്തിന്റെ ഭാഗമാണെന്ന തോന്നലാണ് ഡിവൈൻ ലീല അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഫലസമ്പുഷ്ടമായ സൗന്ദര്യം.

ഈ കവിതകൾ അവതരിപ്പിക്കാനും, എന്തിന് വായിക്കാൻ പോലും ഗാഢമായ അഭിനിവേശവും വൈകാരികമായ കീഴടങ്ങലും ആവശ്യമാണ്. അന്വേഷകർക്ക് ഇവിടെ നിരന്തരം ആശ്രയിക്കാവുന്നത് പ്രാഥമികമായ അനുഭവഭാഷയെ നിഷ്ഫലമാക്കുന്ന വരികളുടെ കുത്തൊഴുക്കിന്റെ അന്തർജ്ഞാനപരമായ ഭാവത്തെയാണ്.

സ്പിനോസ പറയുന്ന പോലെ, 'കാര്യങ്ങളെ അവയുടെ അനാദ്യന്തമായ ഭാവത്തിൽ കാണാൻ തുടങ്ങുമ്പോൾ മനസ്സ് ആ അനന്തതയുടെ തന്നെ ഭാഗമായി മാറുന്നു.' മാത്രമല്ല, ദൈവികത എന്നത് ഇവിടെ ആകാശത്തെങ്ങോ ഉള്ള ഒരു വസ്തുവോ, പരിപൂർണതയിൽ മാത്രം സാധ്യമാകുന്ന ശക്തിയോ അല്ല. അത് സ്‌നേഹിക്കത്തക്കതും എത്തിപ്പിടിക്കാനാവുന്നതും അതിൽ വിലയംകൊള്ളാൻ തക്കതായ ശക്തിയുൾച്ചേർന്നതുമാണ്. ഗുരുവിന്റെ കവിത ദൈവികതയെ പ്രാപ്യമാക്കുന്നു. മാത്രമല്ല ചില കവിതകളിൽ, പ്രത്യേകിച്ചും കുണ്ഡലിനിപ്പാട്ടിൽ, ദൈവികത മതാധിഷ്ഠിത ആശയങ്ങളിൽ നിന്നു മാറി കൂടുതൽ വൈയക്തികവും ധ്യാനാത്മകവും ആയി മാറുന്നു. കുണ്ഡലിനിയുടെ നൃത്തമെന്നാണ് പേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള മതാചാരങ്ങളുമായി ആ കവിതക്ക് ബന്ധമില്ല, പകരം പരമാനന്ദത്തിൽ സാധ്യമാകുന്ന ഒരു നൃത്തത്തിലെ ആത്മാവിന്റെ ചലനങ്ങളെയാണ് അത് കുറിക്കുന്നത്.

കൂടുതലായും, മിസ്റ്റിക് കവിതകളുടെ ഗണത്തിലുൾപ്പെടുന്നവയാണ് ഈ കവിതകൾ, വായനക്കാർ അതിൽ സത്യം തേടുന്നു. എന്നാൽ കേവലം ധൈഷണിക മാർഗങ്ങളിലൂടെ എത്തിപ്പിടിക്കാവുന്നതല്ല അത്, ഈ കവിതകൾ അവതരിപ്പിക്കാനും, എന്തിന് വായിക്കാൻ പോലും ഗാഢമായ അഭിനിവേശവും വൈകാരികമായ കീഴടങ്ങലും ആവശ്യമാണ്. ചിന്തകളുടെ യുക്തിഭദ്രതക്കപ്പുറത്ത് അന്വേഷകർക്ക് ഇവിടെ നിരന്തരം ആശ്രയിക്കാവുന്നത് പ്രാഥമികമായ അനുഭവഭാഷയെ നിഷ്ഫലമാക്കുന്ന വരികളുടെ കുത്തൊഴുക്കിന്റെ അന്തർജ്ഞാനപരമായ ഭാവത്തേയാണ്. അങ്ങനെയൊരു വഴിയിലൂടെ അന്വേഷകർക്ക് എപ്പോഴെങ്കിലും സത്യത്തിലെത്തിച്ചേരാനാകുമോ? പക്ഷേ, അങ്ങനെ ഒരു സത്യമില്ല, എന്താണ് സത്യമല്ലാത്തത് എന്നതിലുള്ള വ്യക്തതയും പിന്നെ ഏറ്റവും പ്രധാനമായി ചിന്തകൾക്കും ഭാവനക്കുമുപരി കവിതയിലേക്കുള്ള കീഴടങ്ങലിന്റെ അനുഭവവും മാത്രമാണുള്ളത്.

മറ്റൊരു കവിതയായ കാളിനാടകത്തിലേക്ക് നോക്കുമ്പോൾ, അത് ആവിഷ്‌കരിച്ചിരിക്കുന്നത് രണ്ടുപേർ പാടുന്നതായിട്ടാണ്. അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് ദേവി ഗാംഭീര്യത്തോടെ ചടുലനത്തം ചവിട്ടുന്നതായ ഒരു അഭൌമ ലോകത്തെ സൃഷ്ടിക്കുന്ന, ഇലക്ട്രിക് ഗിത്താറിന്റെ ഹൃദ്യനാദത്തിന്റെ അകമ്പടിയോടെ. ശേഷം വരുന്നത് ദേവിയുടെ സൗന്ദര്യം വർണിക്കുന്ന ഭദ്രകാള്യാഷ്ടകമാണ്, താന്ത്രിക ശാക്ത പരാമ്പര്യങ്ങളോടേറെ അടുത്തുനില്ക്കുന്ന താളാത്മകമായ കാളീസ്തുതിയാണത്.

Playfully splitting the head of the demon Darika,
Frenzied from drinking his blood,
enjoying betel juice,
With reddened lips, vermilion- fragrant nipples,
Breasts shaped like tents,
and the prowess of mares in battle;
I meditate ever on Bhdrakali,
the graceful and auspicious.
(ഭദ്രകാള്യാഷ്ടകം)

മറ്റുള്ളവയെപ്പോലെതന്നെ ഈ രണ്ടു കൃതികളും ഏതെങ്കിലും ഒരു പാരമ്പര്യത്തിലോ ആചാരനിഷ്ടകളിലോ ചുരുങ്ങാതെ വ്യത്യസ്തങ്ങളായ രൂപങ്ങളേയും വിശ്വാസപദ്ധതികളേയും ഒരുമിച്ച് ചേർക്കുന്നവയാണ്. ഒരു കിയെ ക്കൊ ഗോ കാഴ്ചയിൽ, ഉപാസകന്റെ താളാത്മകമായ പ്രാർഥനകളോ പ്രണയിയിൽ വിലയംകൊള്ളാനുള്ള കമിതാവിന്റെ വാഞ്ഛയോ എന്ന നിലക്ക് ഭദ്രകാള്യാഷ്ടകവും കുണ്ഡലിനീപ്പാട്ടും ഒരുമിച്ചു ചേരുന്നു. അന്തിമമായി ദേവിയുടെ പ്രസാദത്തിലുരുകിച്ചേരും വരെ പ്രണയി ആ നിമിഷത്തിനായി ആഗ്രഹിച്ച് കാത്തിരിക്കുന്നു.

I have no space for this body,
Seen here in between, covered by dust.
So nothing obstructs;
give me Your form, just once,
And breathe and blow still more,
O ruby.
(ദേവീസ്തവം, 5)

കവിതകളുടെ ദൃശ്യാവിഷ്‌കാരം ഭക്തിപൂർവമുള്ള അർപ്പണവും അച്ചടക്കവും ആവശ്യപ്പെടുന്നുണ്ട്. മാർട്ടിൻ ബ്യൂബേറെ സംബന്ധിച്ച് സ്വരൂപത്തിന്റെ അൾത്താരയിൽ നിവേദിക്കപ്പെടുന്ന അനന്തമായ സാധ്യതയാണ് ത്യാഗം. ഈ കവിതകൾ ഒരു ത്യാഗം ആവശ്യപ്പെടുന്നുണ്ട്, മുഖ്യമായും നമ്മളെന്താണെന്ന് നമ്മള് വിചാരിക്കുന്നുവോ അതിൽ നിന്നും നമ്മളെ ഉരിഞ്ഞുകളയുന്ന, സ്വത്വത്തിന്റെ ത്യജിക്കൽ രംഗാവതരണത്തിന്റെ അസാധാരണമായ ആ 100 മിനിറ്റിൽ അഭിനേതാവ് കർത്താവ്, കർമം, കലാകാരൻ, അന്വേഷകൻ, ഒരു ബോധസ്വത്വം എന്നു തുടങ്ങി അലിഞ്ഞുചേരലിന്റെ മാത്രകൾ വരെ ആയിത്തീരുന്ന നിമിഷങ്ങൾക്കിടയിൽ ചാഞ്ചാടുന്നു. ഓരോ പ്രകടനവും അലിഞ്ഞുചേരലിനുള്ള പ്രാർഥനയാണ്. ആ ലയം മറ്റൊന്നുമല്ല, വിശദീകരിക്കാനാവാത്ത ഒരു അതീന്ദ്രിയാനുഭവത്തിന്റെ ക്ഷണികമായ ഉരുവം കൊള്ളലാണ്. വാക്കുകളും നിശ്ശബ്ദതയും, സംഗീതവും താളവും വെളിച്ചത്തിന്റെ ലീലകളും നിഴലുകളും, ചലനവും നിശ്ചലതയും, സംസാരവും നിർത്തലും എല്ലാം അവിസ്മരണീയമായ ഒരനുഭവം സൃഷ്ടിക്കാനുള്ള ക്രമീകരണങ്ങളാണ്.

ഭൗതികമായ അരങ്ങും, നൃത്തച്ചുവടുകളും സ്വയംഭ്രമണവും വാക്കുകൾക്ക് മറ്റൊരു തലം സമ്മാനിക്കുന്നു, ഒരുപക്ഷേ, വാക്കുകളെ പുസ്തകത്താളുകളിൽ നിന്നും മോചിപ്പിക്കുന്നു. സംഗീതവും ചുവടുകളും കൂടെയുള്ളപ്പോൾ വാക്കുകൾക്ക് നൃത്തംചെയ്യാനും ചുറ്റിക്കറങ്ങാനും പൊങ്ങിയൊഴുകാനും വായുവിൽ തങ്ങിക്കിടക്കാനും സാധിക്കുന്നു. ശരീരം ഇവിടെ ദൈവത്തിനോട് സേവനസന്നദ്ധമായ ഒരു ക്ഷേത്രം പോലെ പ്രവർത്തിക്കുന്നു. നീഷേ അതിനെക്കുറിച്ച് ഇങ്ങനെയാവും പറയുക: 'തത്വജ്ഞാനിയുടെ ആത്മാവ് ഒരു നല്ല നർത്തകനാവുന്നതിനേക്കാൾ മറ്റെന്താണ് ആഗ്രഹിക്കുക എന്നെനിക്കറിയില്ല. കാരണം നൃത്തമാണ് അവന്റെ ആദർശം, സുകുമാര കല, ആത്യന്തികമായി അവനറിയുന്ന ഏക ഭക്തി, അവന്റെ ദൈവികവൃത്തി,'

അരങ്ങിൽ നമ്മൾ കാണുന്നതിലെല്ലാം കലാകാരരുടെ ആത്മകഥയുണ്ട്, അതവരിൽ ആഴ്ന്നു കിടക്കുന്നതാണ്. ഞാനവയെ പുറത്തുവിടുന്നതിനുള്ള ഒരു ഉപകരണമായി വർത്തിക്കുന്നു എന്നു മാത്രം.

ഗുരുവിന്റേതായി മറ്റനേകം കൃതികളുണ്ടെങ്കിലും ദേവീസ്തുതികളാണ് ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്. അതിനുകാരണം ദശകങ്ങൾക്കുശേഷം, സ്വയം അതിൽത്തന്നെ മനസ്സിലാക്കേണ്ടതായ ഒരു വിഷയം ഞാൻ കണ്ടെത്തിയെന്നതാണ്. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യം ദൈവത്തെക്കുറിച്ചെന്നതിനേക്കാൾ, നമ്മളെക്കുറിച്ചുതന്നെയാണ് നമ്മളോട് പറയുന്നത് എന്നാണ് തോമസ് മർട്ടൺ പറയുന്നത്. ദേവിമാരെക്കുറിച്ചുള്ള തെരഞ്ഞെടുത്ത ഈ കവിതകൾ അവരെയെന്നതിനേക്കാൾ നമ്മുടെ ആത്മാവിനെത്തന്നെയല്ലേ വെളിപ്പെടുത്തുന്നത്? ഗുരുവിന്റെ കവിതകൾ ദൈവികമായ സ്‌ത്രൈണ ധിഷണയുടെ വെളിപ്പെടുത്തലാണ് എന്നതാണ് എന്നെ അവയിലേക്കടുപ്പിച്ചത്. അവ സ്‌ത്രൈണതയുടെ സ്വർഗീയ വിശുദ്ധിയുടേയും ധിഷണയുടേയും തീവ്രമായ സ്തുതികളാണ്. സ്‌ത്രൈണം എന്നത് ഇവിടെ ബിംബകല്പനകളിലേക്ക് കടന്നുകയറുന്ന ശാരീരികവിവരണങ്ങളിലേക്ക് ചുരുങ്ങിയതാണ്. അത് പലപ്പോഴും ലിംഗഭേദങ്ങളെ അലിയിച്ചുകളഞ്ഞ് അതീതമായ ഒന്നിനുള്ള വിശുദ്ധ സങ്കീർത്തനത്തെ സൃഷ്ടിക്കുന്നു. ഇവിടെയാണ് ഈ കവിതകൾ സോഫിയ എന്നൊക്കെ വിളിക്കപ്പെടുന്ന, ദൈവികമായ സ്‌ത്രൈഷ ധിഷണയുടെ വികാരതീവ്രമായ പൂജയാണെന്നെനിക്ക് തോന്നിയത്. ലളിതമായി പറഞ്ഞാൽ ഡിവൈൻ ലീല എന്നത് എനിക്ക് ഈ ദൈവികമായ സ്‌ത്രൈഷ ജ്ഞാനവുമായുള്ള നിഗൂഢമായ ആശയവിനിമയത്തെക്കുറിക്കുന്ന ആ കാവ്യാത്മക വാക്കുകളാണ്- ഫിലോസോഫിയ- ജ്ഞാനത്തോടുള്ള അഭിനിവേശം.

വിവർത്തനത്തിൽ മൂലകവിത എത്രത്തോളമുണ്ട് എന്ന് ആരും ചോദിക്കാം. എത്രത്തോളം നാരായണഗുരു, എത്രത്തോളം വിനയചൈതന്യ, എത്രത്തോളം ഞാൻ?
നാരായണഗുരു എഴുതിക്കഴിഞ്ഞപ്പോൾ, അദ്ദേഹം ഈ കവിതകളെ സ്വതന്ത്രമാക്കിക്കഴിഞ്ഞു. വിവർത്തകൻ മൂലാർഥത്തോട് കഴിയുന്നത്ര ചേർന്നുനിൽക്കാൻ ശ്രമിച്ചിട്ടുണ്ടാവണം. എന്റെടുത്തേക്കെത്തുമ്പോൾ ഞാൻ വ്യാഖ്യാനിച്ചെടുത്ത വരികളുടെ സത്തയെ സാധിക്കാവുന്നത്രയും ആധികാരികതയോടെ അരങ്ങിലെത്തിക്കുക എന്നതാണ് എന്റെ ചുമതല. എല്ലാ കലയും ആത്മകഥാപരമാണ് എന്നാണ് ഫെഡറിക്കോ ഫെല്ലിനി പറഞ്ഞിട്ടുള്ളത്. അരങ്ങിൽ നമ്മൾ കാണുന്നതിലെല്ലാം കലാകാരരുടെ ആത്മകഥയുണ്ട്, അതവരിൽ ആഴ്ന്നു കിടക്കുന്നതാണ്. ഞാനവയെ പുറത്തുവിടുന്നതിനുള്ള ഒരു ഉപകരണമായി വർത്തിക്കുന്നു എന്നു മാത്രം. ഞാനെന്നെ ഒരു കലാകാരനായിട്ടല്ല, ഒരുപകരണമായിട്ടാണ് സ്വയം കാണുന്നത്, നാരായണഗുരുവിന്റെ കവിതകളുടെ ഈ ദൃശ്യാവിഷ്‌കാരം ചേതോഹരമായ ഒരു യാദൃച്ഛികസംഭവമാണ്, ഞാനതിന്റെ വിശുദ്ധ ക്ഷതചിഹ്നങ്ങൾ നിധിപോലെ എക്കാലവും സൂക്ഷിക്കും.

മിഥ്യാദർശനത്തിന്റെ ദേവതയായ മായ എന്റെ കുട്ടിക്കാലത്തെ ആകർഷണമായിരുന്നു, ഗുരുവിന്റെ കൃതികളിൽ ആ ദേവിയെ കണ്ടെത്തിയത് ഏറ്റവും പ്രിയപ്പെട്ട ഉദ്യാനത്തിലേക്കുപോയി ഒരുക്കിവെച്ച ഊഞ്ഞാലിലിരുന്ന് ആനന്ദം തുളുമ്പുന്ന പാട്ടുകൾ പാടുന്നതിന് സമാനമായിരുന്നു. മായാദർശനം തീർച്ച യായും ഒരപൂർവ കവിതയാണ്, എന്നെ സംബന്ധിച്ച് സ്വാസ്ഥ്യം പകരുന്നതും. കാളീനാടകത്തോട് ഒന്നുചേർന്നാണ് ഞാൻ മായാദർശനത്തെ എപ്പോഴും കാണുക, പ്രത്യേകിച്ചും ഗുരുവെഴുതിയ ഈ വരികളിൽ:

The bridegroom of the Earth-godess, Vishnu,
Who wears the seven seas for the waist belt day by day,
As well as the great God Siva, Brahma,
and all the rest
Are trapped in maya, wonder indeed.
O mighty maya, even the wise find it
Hard to go beyond Your power.
(കാളിനാടകം)

പരമമായതിന്റെ (Absolute) നിഷേധവശമായി പലപ്പോഴും ദുർവ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും കുട്ടിയായിരിക്കേ മായാസങ്കല്പത്തിൽ ഞാൻ സ്വാസ്ഥ്യം കണ്ടെത്തിയിരുന്നു. പക്ഷേ ഇവിടെ മായ എന്നത് ഒരേസമയം പരമമായിട്ടുള്ളതും (Absolute) നിഷേധകമായിക്കൊള്ളണമെന്നില്ലാത്ത അതിന്റെ മറുവശവുമാണ്.

Because of diversifying the modalities
In a way so marvelous,
This is well known as nature,
Made up of the three gunas.
(മായാദർശനം, 10)

നാനാവൈവിധ്യങ്ങളിൽ നെയ്‌തെടുത്ത പ്രകൃതിയുടെ ഒരു കാഴ്ചയായാണ് മായ ഇവിടെ പ്രത്യക്ഷമാകുന്നത്. മായ ഒരു ദേവതയാണ്, എന്നാൽ ബ്രഹ്മാവും വിഷ്ണുവും ശിവനും അടക്കമുള്ള മഹദ്ദൈവങ്ങളും മറ്റെല്ലാവരും മായയിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഈ വ്യാപ്തി മായയെ നിഷേധാത്മകമായ ഒരു വ്യംഗ്യാർഥത്തിൽ തളച്ചിടുന്നില്ല, പകരം ഗോചരമായ അറിവായും കൂടുതല് പ്രധാനമായി പരമമായതിന്റെ അപരിമിതമായ ശക്തിയായും അടയാളപ്പെടുത്തുന്നു.

Before creation, like the absence of the pot in the clay;
What existed as non different from the Absolute,
As the Absolute itself, that is maya, of
Immeasurable potentiality.
(മായാദർശനം, 2)

മായയെ പലപ്പോഴും അയഥാര്ത്ഥമായി കളങ്കപ്പെടുത്തുമ്പോഴും അത് ശമിപ്പിക്കാൻ പോന്നതും ഈ കൃതിയിലുണ്ട്. ദേവതമാരുടെ കൂടിക്കലരൽ ദൈവികമായ സ്‌ത്രൈണ ധിഷണകളിൽനിന്ന് പലതിനെ സൃഷ്ടിക്കുകയും അവയുടെ സ്തുതികൾ പാടപ്പെടുകയും അവരോട് ചോദ്യങ്ങളുന്നയിക്കപ്പെടുകയും അവരുടെ ഇടപെടൽ തേടപ്പെടുകയും ചെയ്യുന്നു. കെട്ടുപാടുകൾക്കുകാരണമാകുന്ന മായ തന്നെ വിമോചനകാരിയുമാകുന്നു.

The senses, the mind, intelligence, the five
Vital tendencies and such
Subtle organs of the conscious Self,
That which emits these, is the transcendent.
(മായാദർശനം, 5)

ഇന്ദ്രിയങ്ങളും ശരീരവും അന്തർലീനമാണ്, അതേസമയം കവിഞ്ഞുപോകാനുള്ള ആന്തരിക ശക്തിയുമാണ്. ആത്മാവിന് ശരീരത്തെ ആവശ്യമുള്ളതുപോലെ ശരീരത്തിന് ആത്മാവും ആവശ്യം തന്നെ. ഇന്ദ്രിയങ്ങൾക്കല്ലാതെ ആത്മാവിനെ സുഖപ്പെടുത്താനാവില്ല, ഇന്ദ്രിയങ്ങളെ സുഖപ്പെടുത്താൻ ആത്മാവിനല്ലാതെ സാധിക്കില്ലെന്നതുപോലെ എന്നാണ് ഓസ്‌കാർ വൈൽഡ് ഇതിനെക്കുറിച്ച് പറഞ്ഞത്. അതുപോലെതന്നെ ദേവിയെ സ്തുതിക്കാൻ വാക്കുകൾക്കാവില്ല, എന്നാൽ ഒരാൾക്കും സ്തുതികൾ നിർത്താനുമാവില്ല. മായാദർശനം എനിക്ക് ശാന്തി പകരുകയും കുട്ടിക്കാലത്തെ എന്റെ സംഭാഷണങ്ങളിലേക്കും വായനയിലേക്കും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഞാൻ അമിതമായി വ്യാഖ്യാനിക്കുന്നതാകാനും ഒരു സാധ്യതയുണ്ട്, അല്ലെങ്കിൽ ഞാൻ കാണാനാഗ്രഹിച്ചത് കണ്ടെത്തിയതുമാകാം. എന്നാൽ, ആ വരികൾ ചൊല്ലുമ്പോൾ, ഓരോന്നും അവയുടേതായ സ്വന്തം അര്ത്ഥസൃഷ്ടി നടത്തുമെന്നിരിക്കിലും, ഈ വ്യാഖ്യാനമുണ്ടാക്കുന്ന ഗഹനമായ പ്രഭാവത്തിലാണ് കാര്യം.

ആത്യന്തികമായി വീട്ടിലേക്കു പോകുമ്പോൾ ഈ ദൃശ്യാവിഷ്‌കാരത്തില് നിന്നും അതിന്റെ അനുഭവത്തിൽ നിന്നും ആളുകൾ എന്താണ് കൊണ്ടുപോകുന്നത് എന്നതാണ് കാര്യം. എന്താണ് സംഭവിക്കുന്നതെന്നോ എങ്ങോട്ടാണിത് പോകുന്നതെന്നോ ഒരാളും കൃത്യമായി മനസ്സിലാക്കേണ്ടതില്ല എന്നതിലാണ് കവിതയുടേയും കലയുടേയും സൗന്ദര്യം. അനുഭവവും അതിൽപിന്നെ ആത്മാവിന് അത് പ്രദാനം ചെയ്യുന്ന സാധ്യതകളുമാണ് പ്രധാനം. മാത്രമല്ല, അരങ്ങിനകത്തായാലും പുറത്തായാലും ഒരാൾ സ്വയം നഷ്ടപ്പെട്ടുപോകുന്ന നിമിഷങ്ങൾ ഡിവൈൻ ലീലയിലുണ്ട്. വേദിയിലെ പ്രകടനം സ്വയം നഷ്ടപ്പെടുന്ന ഒരു കളിയാണ്, ഇടക്കു നഷ്ടപ്പെടാൻ വേണ്ടി വീണ്ടും കണ്ടെത്തുകയും ചെയ്യുന്ന കളി. അങ്ങനെ ആത്മാവിന്റെ ഒരു ലീല തന്നെ സൃഷ്ടിക്കപ്പെടുന്നു. ഇവിടെയാണ് ആത്മവിലാസം എന്ന ഗദ്യകവിതയോടെ നാടകം അതിന്റെ അന്ത്യത്തിലേക്കെത്തുന്നത്.

ആത്മവിലാസത്തിനു തൊട്ടു മുമ്പേ, കുണ്ഡലിനീനൃത്തം മറ്റൊരാൾ ചൊല്ലുകയും സമകാലിക സൂഫീവേഷത്തിൽ കവിത തീരുംവരേയും അതിനുശേഷവും തുടരുന്ന സ്വയംഭ്രമണത്തോടുകൂടി അതവതരിപ്പിക്കുകയും ചെയ്യുന്നു. നിഗൂഢമായ ശബ്ദങ്ങളുടെ താളത്തിനൊത്ത് കുണ്ഡലിനീ നൃത്തത്തിന്റെ വരികളിലുള്ള ഈ സൂഫീനൃത്തത്തിന്റെ കറക്കം അന്തിമമായി അവരവരുടെ ഉള്ളിലേക്ക് നയിക്കുംവിധമുള്ള അതിശയിപ്പിക്കുന്ന ഒരു കാഴ്ച നല്കുന്നു. കവിത പോലെ കറങ്ങിയുള്ള നൃത്തവും ഗംഭീരവും അതേസമയം ധ്യാനാത്മകവുമാണ്. ഒരു ദെർവിഷിന്റെ കറങ്ങുന്ന നൃത്തത്തിലേക്ക് കുണ്ഡലിനീനൃത്തത്തിന്റെ പാരായണം ഉജ്ജ്വലമായ ദൃശ്യമാണ്. അവസാനിക്കുകയാണ് എന്നു തോന്നുന്നവിധം ഇതാണൊരുപക്ഷേ ഡിവൈൻ ലീല ആവിഷ്‌കാരത്തിന്റെ ഉന്നതമായ നില, എന്നാലുടൻ തന്നെ ആത്മവിലാസം തുടങ്ങുന്നു.

തീർച്ചയായും ആത്മവിലാസം ഒരു ദേവീസ്തുതിയല്ല, പക്ഷേ, എങ്ങനെയോ തുടക്കത്തിൽതന്നെ ആ കവിത എന്നോട് വേറിട്ടൊരു വിനിമയമാണ് നടത്തിയത്. അതുകൊണ്ടുതന്നെ നാടകം അവസാനിപ്പിക്കാൻ അതാണുചിതമെന്ന തീരുമാനത്തിൽ ഞാനെത്തിച്ചർന്നു. ആത്മവിലാസം ഒരു കാവ്യമോ ദേവീസ്തുതിയോ അല്ലെങ്കിലും ആത്മാവിനെക്കുറിച്ചും, നമ്മളെല്ലാം എങ്ങനെയാണ് ഒരു ബൃഹത്തായ ദൈവികതയുടെ ഭാഗമാകുന്നത് എന്നതിനെക്കുറിച്ചുമുള്ള ഭാഷണങ്ങളിൽ അത് സമ്പന്നമാണ്. ഗുരു കവിതയുടെ ഈ ദൃശ്യാവിഷ്‌കാരത്തിലുടനീളം ദേവി പുറമേനിന്നും സ്തുതിക്കപ്പെടുന്നു, പിന്നെ നമ്മളകത്തേക്ക് പ്രവേശിക്കുന്നു. തസവ്വുഫ് ഭാവങ്ങൾ അന്തിമമായി ഫനായിലേക്ക് നയിക്കുന്നതിനെ, പരമശക്തനിൽ വിലയം കൊള്ളുന്നതിനെ, പ്രതിധ്വനിപ്പിക്കുന്നതിനാൽ ഈ കവിത ബറൂച് സ്പനോസയുടേയും മയിസ്റ്റർ എക്കാർട്ടിന്റേയും പ്ലോട്ടിനസ്സിന്റേയും ഒത്തുചേരലാണ്.

ആത്മവിലാസത്തിന്റെ ചൊല്ലലോടുകൂടി ഡിവൈൻ ലീല എന്ന ഈ ദൃശ്യാവിഷ്‌കാരത്തിന് താല്ക്കാലികമായി വിരാമമാകുന്നു, പിന്നീടെന്തെന്നുള്ളത് പ്രേക്ഷകരും തിയേറ്ററിലെ അനുഭവത്തെ ചേർത്തുനിർത്തുന്നതിനുള്ള അവരുടെ കഴിവിനും വിട്ടുകൊടുക്കുകയാണ്.

Oh, now, here, all this, together with us, God takes and spreads out in his divine, expansive mirror and looks at with his vast eyes. Again, withdraws it all into the eye. Yet again, reveals from the eye. This is a play for God.
(ആത്മവിലാസം)

മയിസ്റ്റർ എക്കാർട്ടിന്റെ സൂക്തങ്ങളിൽ, അദ്ദേഹം ഇതേ രീതിയിൽ സംസാരിക്കുന്നു: 'ദൈവത്തിനെ ഞാൻ കാണുന്ന കണ്ണിലൂടെ തന്നെ ദൈവമെന്നെയും കാണുന്നു, ദൈവത്തിന്റേതും എന്റേതും ഒരേ കണ്ണ്, ഒരേ കാണൽ, ഒരേ അറിയൽ, ഒരേ സ്‌നേഹം'.
ആത്മവിലാസം നമ്മളോരോരുത്തരും ദൈവത്തിലലിയുന്നതിനെക്കുറിച്ചും ഈ മുഴുവൻ ലോകവും ദൈവികമായ ഒരു കണ്ണാടിയാണെന്നും പറയുന്നു. ഞാനതാദ്യം വായിച്ചപ്പോൾ ലോകത്തിനാവശ്യം ഇതുതന്നെയാണെന്ന് വിചാരിച്ചു. സാമൂഹ്യ നവോത്ഥാനത്തിൽ നാരായണ ഗുരുവിന്റെ സംഭാവന ബൃഹത്താണ്, ആത്മവിലാസമാണ് എല്ലാ സാമൂഹികമായ വശങ്ങളേയും ഗഹനമായ രീതിയിൽ ആറ്റിക്കുറുക്കിവെച്ചിരിക്കുന്നത്. അതാണ് നമ്മൾ കാണുന്നതെല്ലാം ദൈവികമായതിനാൽ എല്ലാ ജീവനിലും ദൈവത്തെ കാണാനുള്ള കഴിവ്. കണ്ണ് ശരിയായി തുറന്നു പിടിച്ചെങ്കിൽ, അജ്ഞതയിൽ കുടുങ്ങിപ്പോയില്ലെങ്കിൽ മാത്രമേ കാണാൻ സാധിക്കൂ എന്നുമാത്രം.

We are a representative of God. Our body is matter. Like a luminous red-hot iron ball, our body also is luminous when we open our eyes and look. Oh! Now everything seen is similarly luminous...
(ആത്മവിലാസം)

Oh! Until now, we were facing outward, now we come to face inward.
(ആത്മവിലാസം)

കാണുന്നതിന് ഒരു പുതിയ രീതിയെ വികസിപ്പിച്ചെടുക്കാനാണ് കവി / സന്യാസി ആവശ്യപ്പെടുന്നത്. സാമാനരീതിയിലുള്ള കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിട്ടുള്ള മൂന്നാം നൂറ്റാണ്ടിൽ ഹെലനിസ്റ്റിക് ചിന്തകനായ പ്ലോട്ടിനസിൽ നിന്നും പ്രചോദനം കൊണ്ടാൽ, 'നമ്മൾ കണ്ണുകളടക്കുകയും കാണുന്നതിനായി പുതിയ ഒരു മാർഗത്തെ സ്വീകരിക്കുകയും വേണം, ആരും ഉപയോഗപ്പെടുത്താറില്ലെങ്കിലും നമ്മെളെല്ലാവരുടേയും ജന്മാവകാശമായ ഒരു ജാഗരാവസ്ഥയാണത്'.
പ്ലോട്ടിനസ് മൂല്യങ്ങൾക്കും നൈതികതക്കും നിലപാടുകൾക്കുമാണ് ഊന്നൽ കൊടുക്കുന്നതെങ്കിലും അവ ഒരുമിച്ച് ദൈവാസ്തിത്വത്തിൽനിന്ന് വേറിട്ട ഒരു തത്വചിന്തയെ സംയോജിപ്പിച്ചെടുക്കുന്നു. ആത്മവിലാസവും ആരാധനാലയങ്ങള്ക്കുപരിയായി ആത്മാവിനേയും നമുക്കുള്ളിലും മറ്റുള്ളവരിലും സന്നിഹിതമായ ദൈവികതയെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെ ആഘോഷിക്കുന്ന ഒരു കാവ്യമാണ്.

Kanyakumari, Madurai, Kasi, Cidambaram are seen Within us, close to each other. Oh, how far it is. We stand here. Oh, here. An elephant chases us. We, scared, climb to the mountain top. Listening to the teaching of the master-yogi sitting there, we burn in the fire of Yoga. Oh!
Here, thus we dream, wake up, and unmoved, sit sighing.
(ആത്മവിലാസം)

മുകളിലെ വരികൾ കബീറിന്റെ ദോഹയിലും കാണാം.

ഹേ ഭക്താ..
നീ എവിടെയാണെന്നെ തേടുന്നു,
ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്
തീർഥയാത്രകളിലോ, വിഗ്രഹങ്ങളിലോ
ഏകാന്തതയിലോ
ക്ഷേത്രത്തിലോ പള്ളിയിലോ
കഅബയിലോ കൈലാസത്തിലോ ഞാനില്ല
ഞാൻ നിന്നോടു കൂടെയാണ്, ഹേ ഭക്താ…

മയിസ്റ്റർ എക്കാർട്ട് പറയുന്നു, 'ദൈവശാസ്ത്രകാരന്മാർ വിയോജിച്ചേക്കാം, പക്ഷേ യോഗികൾ ഒരേ ഭാഷ സംസാരിക്കുന്നു'. അതുകൊണ്ട് ഈ കാവ്യങ്ങൾ ഒറ്റപ്പെട്ട ഉപഹാരങ്ങളല്ല എന്നു മനസ്സിലാക്കാനാകും, പകരം യോഗിവര്യന്മാർ അവരവരുടെ പ്രദേശങ്ങൾക്കും കാലത്തിനും ഇടങ്ങൾക്കുമനുസരിച്ച് മലർവാടികളിൽനിന്ന് ഇറുത്ത് നെയ്‌തെടുത്ത വാക്കുകളാണവ. പിന്നീട്, അവരതുരു വിടുന്നു, പല കാലങ്ങളിലും ലോകത്തും, എന്നാലൊരു പ്രാപഞ്ചികരീതിയിൽ.

ആത്മവിലാസത്തിന്റെ ചൊല്ലലോടുകൂടി ഡിവൈൻ ലീല എന്ന ഈ ദൃശ്യാവിഷ്‌കാരത്തിന് താല്ക്കാലികമായി വിരാമമാകുന്നു, പിന്നീടെന്തെന്നുള്ളത് പ്രേക്ഷകരും തിയേറ്ററിലെ അനുഭവത്തെ ചേർത്തുനിർത്തുന്നതിനുള്ള അവരുടെ കഴിവിനും വിട്ടുകൊടുക്കുകയാണ്. ദൈവത്തോടുള്ള നിഗൂഢമായ ഒരു കൂടിച്ചേരലും അസ്തിത്വപരമായ ഉത്തരം തേടലുകളും അങ്ങനെ നമുക്കുള്ളിലും മറ്റുള്ളവരിലും ദൈവത്തെ കണ്ടെത്തലും ലക്ഷ്യംവെക്കുന്ന ദേവീസ്തുതികളുടെ ഒരു ഹാരാർപ്പണമാണ് ഡിവൈൻ ലീല. അപരത്വവും മാറ്റിനിർത്തലുമില്ലാത്ത, എല്ലാം ദൈവത്തിന്റെ പ്രതിനിധാനങ്ങളാകുന്ന ഒരിടമാണത്. ഡിവൈൻ ലീലയുമായി കേരളത്തിലൂടെ നടത്തിയ പര്യടനം വാക്കുകൾക്കതീതമാണ്, ആ യാത്രയിൽ സന്ദ​ർശിച്ച ചില സ്ഥലങ്ങൾ ഒരു അവതാരകൻ എന്ന നിലക്ക് എന്നിൽ ആഴത്തിലുള്ള അടയാളങ്ങൾ അവശേഷിപ്പിച്ചു. സ്ഥലങ്ങളും ആളുകളും അരങ്ങിലെ അവതരണത്തിലേക്ക് പലതും കൂട്ടിച്ചേർത്തു.

ജനങ്ങൾ തന്നെയും ഒരു പഠനക്രിയയാണ്, പലതരം വ്യക്തിത്വങ്ങളും കാരുണ്യം വഴിയുന്ന മനസ്സുകളും അടങ്ങിയ ഒരു സഞ്ചി. സ്ഥലങ്ങളെക്കുറിച്ചാണെങ്കിൽ ചില സ്ഥലങ്ങൾ, അത് പതിനഞ്ചാം നൂറ്റാണ്ടിലെ വടക്കുംനാഥക്ഷേത്രത്തിലെ പാർവതീ ദേവിയാകാം, എവിടെയെന്നറിയാത്ത ആ സർപ്പക്കാവാകാം, പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ കൂടെ വന്ന് സന്ദർശിച്ച പതിനാലാം നൂറ്റാണ്ടിലെ മിശ്ക്കൽ പള്ളിയിലെ ശാന്തതയാകാം, നിശ്ശബ്ദമായി നമ്മളോട് ഒരുപാടൊരുപാട് സംസാരിക്കുന്നു.

അമീർ കുസ്രുവിന്റെ പാഴ്‌സിയിലുള്ള നാലു വരികൾ കുറിച്ച് അവസാനിപ്പിക്കാം.

ഞാൻ നീയായിത്തീർന്നിരിക്കുന്നു,
നീ ഞാനും
ഞാൻ ദേഹം, നീ ദേഹി
ഒരാൾക്കും പറയാവതില്ലിനി
നീ മറ്റൊരാളെന്ന്, ഞാൻ വേറൊരാളെന്ന്.

(ഇംഗ്ലീഷിൽനിന്ന് മൊഴിമാറ്റം: രാജുനരൻ)


ഡോ. ഓംകാർ ഭട്കർ

മുംബൈ കേന്ദീകരിച്ച് പ്രവർത്തികുന്ന നാടകകാരനും അധ്യാപകനും. സ്വതന്ത്ര ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കുന്നു. ഒരു ദശാബ്ദമായി സിനിമയും സൗന്ദര്യശാസ്ത്രവും പഠിപ്പിക്കുകയും നാടകപ്രവർത്തനങ്ങളിലും കവിതയിലും സിനിമയിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മെറ്റമോർഫോസിസ് തിയറ്റർ ആന്റ് ഫിലിംസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും സെന്റ് ആൻഡ്രൂസ് സെന്റർ ഫോർ ഫിലോസഫി ആന്റ് പെർഫോമിങ് ആർട്സിന്റെ സഹസ്ഥാപകനുമാണ്).

രാജു നരൻ

പത്രപ്രവർത്തകനായും അധ്യാപകനായും ജോലി ചെയ്തു. വിവർത്തകനാണ്. യാത്ര, സിനിമ എന്നിവ ഇഷ്ട മേഖലകൾ.

Comments