എം. ലീലാവതി

നിരൂപണത്തിൽ ഞാനൊട്ടും സ്വീകാര്യയായിരുന്നില്ല,
​എഴുത്ത്​ നിർത്താൻ ഒളിക്കത്തും വന്നിരുന്നു

ഞാൻ നിരൂപണം എഴുതുമ്പോൾ അതെങ്ങനെയെങ്കിലും തടസ്സപ്പെടുത്തണം എന്ന മട്ടിൽ ഒളിക്കത്തുകളൊക്കെ വരുമായിരുന്നു. എഴുത്ത് നിർത്തണം എന്നതായിരുന്നു അത്തരം കത്തുകളിലെ ആവശ്യം. കൂടാതെ അശ്ലീല ശൈലിയിലൊക്കെ വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങളും എനിക്കെതിരേ വന്നിരുന്നു.

എൻ.ഇ.സുധീർ: ടീച്ചർക്ക് 95 വയസ്സായി. ഈ പ്രായത്തിലും എഴുത്തും വായനയും മുടക്കമില്ലാതെ തുടരുന്നു. ആനുകാലികങ്ങളിൽ വരുന്നതുപോലും വായിക്കുന്നുണ്ട്​. ടീച്ചറോട്​ സംസാരിച്ചിരിക്കുമ്പോൾ, 95 ഒന്നും ഒരു പ്രായമേ അല്ല എന്നാണ്​ എനിക്ക്​ തോന്നാറുള്ളത്​. ജീവിതത്തെയിങ്ങനെ നയിക്കുന്ന ഊർജ്ജമെന്താണ് എന്നൊന്ന് പറഞ്ഞുതരാമോ?

എം. ലീലാവതി: അടിസ്ഥാന ഊർജ്ജം എഴുത്തും വായനയും തന്നെയാണ്. മറിച്ച് ജീവിക്കേണ്ടതില്ല എന്നൊരു തോന്നൽ വരത്തക്കവണ്ണമുള്ള വിഷമങ്ങളൊന്നും ജീവിതത്തിലുണ്ടായിട്ടില്ല എന്നതുകൂടിയുണ്ട്. പല തരം വ്യഥകളുണ്ടായിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നൽ നിലനിന്നിരുന്നു. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ പിന്നെ ജീവിതത്തെപ്പറ്റി അധികമായി ചിന്തിക്കുകയില്ല. അങ്ങനെയാണ് എഴുത്തും വായനയും ജീവിക്കുവാനുള്ളൊരു പ്രേരണയായിത്തീർന്നത്. എന്റെ ഇളയ സഹോദരൻ മോഹനന്റെ പെട്ടന്നുള്ള മരണം എന്നെ ആകെ തളർത്തിക്കളഞ്ഞു. അതിനുശേഷം എന്തിനിങ്ങനെ കഴിയണം എന്നൊരു ചിന്തയുണ്ടായിട്ടുണ്ട്. എന്നെക്കാൾ പ്രായം കുറഞ്ഞവർ എനിക്കു മുമ്പേ പോകുന്നത് കാണുമ്പോൾ ദീർഘായുസ്സ് വേണ്ടായിരുന്നു എന്ന തോന്നലുണ്ടാവുന്നുമുണ്ട്. ജീവിച്ചിരിക്കുന്നതിനുള്ള ഒരേയൊരു യുക്തി ബുദ്ധി പ്രവർത്തിക്കുന്നുണ്ട് എന്നതാണ്. ബുദ്ധി പ്രവർത്തിക്കാതായാൽ ആ നിമിഷം മരിക്കണം.

photo: എൻ.ഇ സുധീർ
photo: എൻ.ഇ സുധീർ

വിമർശന രംഗത്ത് ഇന്നുപോലും സ്ത്രീകൾ അധികമല്ല. അപ്പോഴാണ് 1950കളിൽ ടീച്ചർ വിമർശനരംഗത്തേക്ക് കടന്നുവരുന്നത്. സ്ത്രീയാണ് എന്നത് വിമർശക എന്ന രീതിയിൽ പ്രയാസമുണ്ടാക്കിയോ? സമൂഹത്തിന്റെ പ്രശ്‌നങ്ങളെ നേരിടുന്നതിൽ ബുദ്ധിജീവികൾക്ക് പങ്കുണ്ട് എന്നൊരു തോന്നലുണ്ടല്ലോ. ബുദ്ധിജീവികളെപ്പറ്റി ടീച്ചർ പണ്ട് എഴുതിയിട്ടുമുണ്ടല്ലോ.

ഇന്റർമീഡിയറ്റിന് പഠിക്കുന്ന കാലത്തുമുതലേ എഴുത്ത് തുടങ്ങിയിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ ലേഖനം എഴുതിയത്, ‘കേരളസ്ത്രീകളുടെ ഭാഷാപാണ്ഡിത്യം’. അതൊരു ഇന്റലകച്വൽ ടൈപ്പ് ഓഫ് റൈറ്റിങ്ങ് ആയിരുന്നു. അന്നങ്ങനെ എഴുതാൻ തോന്നിയെങ്കിൽ അതിലൊരു വാസനയുണ്ടായിരുന്നു എന്നല്ലേ. ഈ വാസന തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് ശങ്കരക്കുറുപ്പ് മാഷായിരുന്നു. (ജി.ശങ്കരക്കുറുപ്പ്). അദ്ദേഹം എപ്പോഴും എഴുതുവാൻ ആവശ്യപ്പെടുമായിരുന്നു. സാഹിത്യ പരിഷത്തിന്റെ ത്രൈമാസികയിൽ ലേഖനങ്ങളെഴുതിയാണ് തുടക്കം, 1947-49 കാലത്ത്. 1951 ലാണ് പ്രധാനപ്പെട്ട ഒരു നിരൂപണ ലേഖനമെഴുതുന്നത്. ശങ്കരക്കുറുപ്പ് മാഷിന്റെ ‘നിമിഷം' എന്ന കവിതയെപ്പറ്റി. അതേ കവിതയെപ്പറ്റി കുട്ടികൃഷ്ണമാരാർ ഒരു ലേഖനമെഴുതിയിരുന്നു. അതിനോടുള്ള പ്രതികരണ ലേഖനം എന്ന നിലയിലായിരുന്നു എന്റെ ലേഖനം. ഞാനത് ആരോടും പറയാതെ മാതൃഭൂമിക്ക് അയച്ചുകൊടുത്തു. എൻ.വി കൃഷ്ണവാരിയർ വലിയ പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിച്ചു. ഇത് കണ്ടിട്ട് കുറുപ്പ് മാഷ് ‘മാരാരെ വിമർശിക്കുവാൻ മാത്രമൊന്നും വളർന്നിട്ടില്ല. അതുകൊണ്ട് ലീലാവതി ഇങ്ങനെയൊന്നും എഴുതരുത് ' എന്നെന്നോട് പറഞ്ഞു. ഇങ്ങനെയൊക്കെയാണ് എഴുത്തിലെ തുടക്കം.

ഒരു പുരുഷനോടൊപ്പം മത്സരിക്കാൻ മാത്രമൊന്നും സ്ത്രീകളായിട്ടില്ല എന്നൊരു തോന്നൽ അക്കാലത്ത് പ്രബലമായിരുന്നു. ഗുപ്തൻ നായർ മാഷൊക്കെ വളരെ ഉദാരമായ നിലപാടാണ് കൈക്കൊണ്ടത്. ഞാൻ നിരൂപണം എഴുതുമ്പോൾ അതെങ്ങനെയെങ്കിലും തടസ്സപ്പെടുത്തണം എന്ന മട്ടിൽ ഒളിക്കത്തുകളൊക്കെ വരുമായിരുന്നു.

കുട്ടിക്കാലത്ത് അധികവും വായിച്ചത് കവിതകളായിരുന്നു. അമ്മയാണ് എന്റെ സാഹിത്യഗുരു. അമ്മാവൻ കോവലികത്തുനിന്നു കൊണ്ടുവരുന്ന (അദ്ദേഹത്തിന് അവിടെയായിരുന്നു ജോലി) പുസ്തകങ്ങളിൽ നിന്ന്​ കവിതകളൊക്കെ വായിച്ച് അമ്മ വീട്ടിലെ ഒരു നോട്ടുബുക്കിൽ എഴുതിവെക്കുമായിരുന്നു. അതൊക്കെ വായിച്ചാണ് ഞാൻ വായനയിലേക്ക് വരുന്നത്. വള്ളത്തോളിന്റെയും ആശാന്റെയുമൊക്കെ പുസ്തകങ്ങൾ- ശിഷ്യനും മകനും, നളിനി, ലീല തുടങ്ങിയ കൃതികളൊക്കെ ഞാൻ സ്‌കൂൾ കാലത്തേ ഹൃദിസ്ഥമാക്കിയിരുന്നു. അങ്ങനെയാണ് എനിക്ക് കവിതാ പ്രേമം പിടിപെട്ടത് എന്നുതോന്നുന്നു.

നിരുപകരുടെ മണ്ഡലത്തിൽ ഞാനൊട്ടും സ്വീകാര്യയായിരുന്നില്ല. ഒരു പുരുഷനോടൊപ്പം മത്സരിക്കാൻ മാത്രമൊന്നും സ്ത്രീകളായിട്ടില്ല എന്നൊരു തോന്നൽ അക്കാലത്ത് പ്രബലമായിരുന്നു. ചുരുക്കം ചിലരേ തിരിച്ചുചിന്തിച്ചിട്ടുള്ളൂ. ഗുപ്തൻ നായർ മാഷൊക്കെ വളരെ ഉദാരമായ നിലപാടാണ് കൈക്കൊണ്ടത്. ഞാൻ നിരൂപണം എഴുതുമ്പോൾ അതെങ്ങനെയെങ്കിലും തടസ്സപ്പെടുത്തണം എന്ന മട്ടിൽ ഒളിക്കത്തുകളൊക്കെ വരുമായിരുന്നു. എഴുത്ത് നിർത്തണം എന്നതായിരുന്നു അത്തരം കത്തുകളിലെ ആവശ്യം. കൂടാതെ അശ്ലീല ശൈലിയിലൊക്കെ വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങളും എനിക്കെതിരേ വന്നിരുന്നു.

ഭരിക്കുന്നവരെ നേർവഴിക്ക് നയിച്ചുകൊണ്ടു പോവേണ്ടത് ബുദ്ധിജീവികളുടെ കർത്തവ്യമാണ്. ഇതാദ്യം പറഞ്ഞത് വാല്മീകിയാണ്. പക്ഷേ, ഇന്ന് ഭരണാധികാരികളെ പേടിച്ചിട്ട് ബുദ്ധിജീവികൾ മിണ്ടാതെയിരിക്കുന്ന അവസ്ഥയായിട്ടുണ്ട്.

എന്റെ അറിവിൽ, ബുദ്ധിജീവി എന്ന പദം ആദ്യം പ്രയോഗിച്ചിട്ടുള്ളത് രാമായണത്തിലാണ്. അതിന് മുൻപുള്ള വേദിക് സാഹിത്യത്തിലോ, ഉപനിഷത്തുക്കളിലോ ആ പദം ഞാൻ കണ്ടിട്ടില്ല. രാമായണത്തിൽ കുംഭകർണ്ണനാണ് ആ പദം ഉപയോഗിച്ചത്. കുംഭകർണ്ണൻ രാവണനോട് പറയുകയാണ്, ഇമ്മാതിരിയുള്ള മന്ത്രിമാരുടെ ഉപദേശം കേട്ടാൽ രാജാവ് നശിക്കുകയേയുള്ളൂ. ബുദ്ധി കൊണ്ട് ഉപദേശിക്കാൻ കഴിയുന്ന ബുദ്ധിജീവികളുടെ ഉപദേശമാണ് അങ്ങ് കേൾക്കേണ്ടത്. അങ്ങേയ്ക്ക് പറ്റിയിട്ടുള്ള അബദ്ധം ഈ ഉപദേശകരാണ് എന്ന് രാവണനോട് പറയുകയാണ് കുംഭകർണ്ണൻ. അവിടെയാണ് ഈ ബുദ്ധിജീവി പ്രയോഗം കടന്നുവരുന്നത്. ആ തത്ത്വമനുസരിച്ച് ഭരിക്കുന്നവരെ നേർവഴിക്ക് നയിച്ചുകൊണ്ടു പോവേണ്ടത് ബുദ്ധിജീവികളുടെ കർത്തവ്യമാണ്. ഇതാദ്യം പറഞ്ഞത് വാല്മീകിയാണ്. പക്ഷേ, ഇന്ന് ഭരണാധികാരികളെ പേടിച്ചിട്ട് ബുദ്ധിജീവികൾ മിണ്ടാതെയിരിക്കുന്ന അവസ്ഥയായിട്ടുണ്ട്. ▮


എം. ലീലാവതി

അധ്യാപിക, സാഹിത്യ നിരൂപക, പ്രഭാഷക. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം, മലയാള കവിതാ സാഹിത്യ ചരിത്രം, കവിതയും ശാസ്ത്രവും, ജി.യുടെ കാവ്യജീവിതം, ഭാരതസ്ത്രീ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments