സേതു

എം.ടി പറഞ്ഞു, ‘സേതു വലിയൊരു
​അപകടത്തിൽനിന്ന് രക്ഷപ്പെട്ടു’

പല പബ്ലിഷർമാരും ബാലസാഹിത്യം എഴുതാൻ എന്നോട് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ എനിക്ക് ധൈര്യമില്ലായിരുന്നു. കുട്ടികളുടെ മനസ്സിൽ എന്താണ് എന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു.

കെ. കണ്ണൻ: കേരളം സമീപകാലത്തെ ഏറ്റവും വലിയൊരു ദുരന്തത്തെ, സർഗാത്മകമായി അതിജീവിച്ചതിന്റെ അനുഭവം കൂടിയാണ് ‘ചേക്കുട്ടി' എന്ന കഥാപാത്രം. താങ്കളുടെ ജന്മദേശമായ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിലെ ലക്ഷക്കണക്കിന് വിലയുള്ള കൈത്തറി വസ്ത്രം 2018ലെ പ്രളയത്തിൽ ഉപയോഗശൂന്യമായിപ്പോകുകയും അവയിൽനിന്ന് ‘ചേക്കുട്ടി' എന്ന പാവകളുണ്ടാക്കി, അത് വിറ്റുകിട്ടിയ തുക കൈത്തറി തൊഴിലാളികൾക്ക് കൈമാറുന്ന ഭാവനാത്മകമായൊരു പദ്ധതിയുടെ രൂപകമായിരുന്നു, ചേറിനെ അതിജീവിച്ച ‘ചേക്കുട്ടി'. ഈയൊരു കഥാപാത്രത്തിന് ജീവൻ നൽകുകയാണ്, ‘ചേക്കുട്ടി' എന്ന കൃതിയിലൂടെ. ഈ പുസ്​തകത്തിന്​ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ്​ ലഭിച്ചിരിക്കുകയാണ്​. എൺപതാം വയസിൽനിന്ന് ഒരു പാവക്കുട്ടിക്ക് ജീവൻ നൽകുന്ന, ബാല്യത്തിന്റെ വിസ്മയകരമായ ഒരു ഭാവനാലോകത്തേക്ക് സഞ്ചരിച്ചെത്തിയ അനുഭവം എങ്ങനെയായിരുന്നു?

സേതു: ഈ സഞ്ചാരം ഒരു പുതിയ കാര്യമായി എനിക്കുതോന്നുന്നില്ല. കാരണം, എത്രയോ വർഷങ്ങൾക്കുമുമ്പ് കൈമുദ്രകൾ എന്ന നോവലിൽ, അത് എന്റെ പ്രിയപ്പെട്ട നോവലുകളിൽ ഒന്നുകൂടിയാണ്, പാവക്കുട്ടികളെയുണ്ടാക്കി അതിന് ജീവൻ കൊടുക്കുന്ന കഥ പറയുന്നുണ്ട്. പ്രധാന കഥാപാത്രമായ അജയൻ ഒരു ടോയ് ഫാക്ടറിയിലെ ഡിസൈനറാണ്. ഇയാളുടെ പാർട്ണർ മാർക്കണ്‌ഡേയ ശർമ എന്നയാൾ, പാവക്കുട്ടിക്ക് ജീവൻ ഊതിക്കൊടുക്കുകയാണ്. പാവക്കുട്ടി പുറത്തൊക്കെ പോയി വലിയ അൽഭുതങ്ങൾ കാണിക്കുന്നു. ഈയൊരു കോൺസെപ്റ്റ് എത്രയോ വർഷം മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്. ചേക്കുട്ടി എഴുതാൻ തുടങ്ങിയപ്പോൾ എനിക്കുതോന്നി, ഇതിനൊരു മിറക്കിളിന്റെ സ്വഭാവം കൊടുത്താൽ നന്നായിരിക്കും എന്ന്.

ചേക്കുട്ടി എന്ന പാവക്കുട്ടികൾ / Photo : Lakshmi Menon
ചേക്കുട്ടി എന്ന പാവക്കുട്ടികൾ / Photo : Lakshmi Menon

അതുമാത്രമല്ല, പ്രളയം എന്റെ നാട്ടിലുണ്ടാക്കിയത് വലിയ ദുരന്തമാണ്. എനിക്കു ചുറ്റും നെയ്ത്തുകാരാണ്. കുട്ടിക്കാലം തൊട്ടേ തറികളുടെ കടകട ശബ്ദം കേട്ടാണ് ഞാനുണരുന്നത്. ഈ ശബ്ദം എന്റെ വളർച്ചയുടെ ഭാഗം കൂടിയാണ്. സ്വഭാവികമായും, അവർക്കുണ്ടായ നഷ്​ടത്തിൽ എനിക്ക്​ വലിയ സങ്കടം തോന്നി. ചെളിയിൽ കുതിർന്ന്​ ഉപയോഗശൂന്യമായ വസ്​ത്രങ്ങൾ കഴുകിവൃത്തിയാക്കി പാവക്കുട്ടികളെ ഉണ്ടാക്കാം എന്നൊരു ആശയം​ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും കൂടി കൊണ്ടുവന്നപ്പോൾ അത് വളരെ ശ്രദ്ധേയമായി തോന്നി. 25 രൂപ വിലയുള്ള ഒരു പാവക്കുട്ടി കൊണ്ട് 35 ലക്ഷം രൂപയുടെ നഷ്ടപ്പെട്ടുപോയ തുണി വീണ്ടെടുക്കാം എന്ന കാര്യമാണ്​ അതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്​. അതിൽ തന്നെ ഒരു ഫാന്റസിയുണ്ട് എന്നും തോന്നി. നിരവധി എൻ.ജി.ഒകളും ഇന്ത്യയിൽ പല ഭാഗത്തുള്ള ടീച്ചർമാരുമൊക്കെ ഇതിൽ പങ്കാളികളായി. ഒരു കൊച്ചു പാവക്കുട്ടി കൊണ്ട് ഒരു മിറാക്ക്ൾ ഉണ്ടാക്കാം എന്ന് തെളിയിക്കുകയായിരുന്നു അതിലൂടെ. എന്റെ സ്വപ്‌നത്തിൽ അതൊരു വല്ലാത്ത സാധ്യതയായി തോന്നി. അങ്ങനെയാണ്​ ചിന്നു എന്ന പാവക്കുട്ടിക്ക്​ ജീവൻ ലഭിക്കുന്നത്​. അത് ഒരുപാട് അൽഭുതങ്ങൾ കാണിക്കാൻ തുടങ്ങി. വിദേശത്ത് ഒരു യൂണിവേഴ്‌സിറ്റിയിൽ പോയി അത് പ്രസംഗിക്കുന്നുണ്ട്. വല്ലാത്തൊരു മിറാക്കുലസ് ആയ ജന്മം. അങ്ങനെയാണ് ചേക്കുട്ടി എഴുതിയത്. ഈ നോവൽ വായിച്ചിട്ട് കരഞ്ഞുപോയി എന്നാണ് ലക്ഷ്മി എന്നോടു പറഞ്ഞത്, അവർ ചെയ്ത ഒരു കാര്യം ഒരു എഴുത്തുകാരന്റെ മനസ്സിലൂടെ പോയപ്പോൾ എന്തൊരു രൂപീകരണമാണുണ്ടാക്കിയത് എന്നോർത്ത്.

ലക്ഷ്മി മേനോൻ
ലക്ഷ്മി മേനോൻ

മറ്റൊരു കാര്യം കൂടി പറയാം. 2003ൽ മുട്ടത്തുവർക്കി അവാർഡ് സമ്മാനിക്കാൻ എം.ടി. വാസുദേവൻ നായർ തൃശൂരിൽ വന്നപ്പോൾ അദ്ദേഹം പറഞ്ഞു, ‘സേതു വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടു’ എന്ന്​. കൈമുദ്രകൾ പ്രസിദ്ധികരിച്ച് മൂന്നോ നാലോ വർഷങ്ങൾക്കുശേഷം സൽമാൻ റുഷ്ദിയുടെ ഫ്യൂറി എന്നൊരു നോവൽ പുറത്തുവന്നിരുന്നു, അതിലും ഇങ്ങനെയൊരു പ്രമേയമുണ്ട്. പിന്നീട് ഞാൻ ഫ്യൂറി നോവൽ വായിച്ചപ്പോൾ, അതിൽ ഒരു കഥാപാത്രം പാവക്കുട്ടിക്ക് ജീവൻ വപ്പിച്ച്​ പലയിടത്തും പോയി അൽഭുതം കാണിക്കുന്നതായി ഉണ്ട്​. ലോകത്തിന്റെ പല ഭാഗത്തുമുള്ള എഴുത്തുകാർ തമ്മിൽ ഭാവനയുടെ തലത്തിൽ അസാമാന്യമായ മാനസിക ഐക്യമുണ്ടാകുന്നുണ്ട്​.

‘ചേക്കുട്ടി’ക്ക്​ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയപ്പോൾ, കെ.വി. രാമനാഥൻ മാഷ്​ എന്നെ വിളിച്ചുപറഞ്ഞത്, തങ്ങൾ ഒരു കാലത്ത് എഴുത്തുകാർക്കിടയിൽ അധഃകൃതരായിരുന്നുവെന്നും വലിയ എഴുത്തുകാരൊന്നും തങ്ങളെ തിരിഞ്ഞുനോക്കിയിരുന്നില്ല എന്നുമാണ്​.

‘ചേക്കുട്ടി' അടക്കം രണ്ട് ബാലസാഹിത്യകൃതികളാണ് താങ്കളുടേതായി ഉള്ളത്. മലയാളത്തിൽ, ബാലസാഹിത്യത്തിന്റെ അന്തസ്സത്തക്കനുസരിച്ച മികച്ച കൃതികളുണ്ടാകുന്നില്ലെന്ന വിമർശനമുണ്ടാകാറുണ്ട്. മാത്രമല്ല, നമ്മുടെ സാഹിത്യചർച്ചകളിൽ ബാലസാഹിത്യം ഒരിക്കലും കടന്നുവരാറുമില്ല. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം? പുതിയ തലമുറയിലെ കുട്ടികളുടെ വായനാഭിരുചിയിലും വായനയുടെ സങ്കേതങ്ങളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. സോഷ്യൽ മീഡിയയും ഇന്റർനെറ്റും അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ വായനയുടെ കണ്ടന്റും പ്ലാറ്റ്‌ഫോമും നിരന്തരം നവീകരണത്തിന് വിധേയമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, ബാലസാഹിത്യത്തിന്റെ നിലനിൽപിനെക്കുറിച്ചും ഭാവിയെക്കുറിച്ചും എന്തുതോന്നുന്നു?

‘ചേക്കുട്ടി’ക്ക്​ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയപ്പോൾ, ആദ്യകാല ബാലസാഹിത്യകൃതികൾ എഴുതിയിരുന്ന കെ.വി. രാമനാഥൻ മാഷ്​ എന്നെ വിളിച്ചുപറഞ്ഞത്, തങ്ങൾ ഒരു കാലത്ത് എഴുത്തുകാർക്കിടയിൽ അധഃകൃതരായിരുന്നുവെന്നും വലിയ എഴുത്തുകാരൊന്നും തങ്ങളെ തിരിഞ്ഞുനോക്കിയിരുന്നില്ല എന്നുമാണ്​. ഇപ്പോൾ സേതുവിന് ഈ അവാർഡ് കിട്ടിയത് വലിയൊരു സുകൃതമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പല പബ്ലിഷർമാരും ബാലസാഹിത്യം എഴുതാൻ എന്നോട് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ എനിക്ക് ധൈര്യമില്ലായിരുന്നു. കുട്ടികളുടെ മനസ്സിൽ എന്താണ് എന്ന് എനിക്ക് ഒരു പിടിയുമില്ല. നമ്മൾ അതേവരെ അധികവും വായിച്ചിട്ടുള്ളത് മാലി രാമായണം, മാലി ഭാരതം തുടങ്ങിയ പുസ്​തകങ്ങളാണല്ലോ. നാഷനൽ ബുക്ക് ട്രസ്റ്റിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത്​, കുട്ടികളുടെ പുസ്തകങ്ങൾ ഇറക്കാൻ പ്രത്യേക വിംഗ് അവിടെയുണ്ട്. നെഹ്‌റു ബാലവികാസ് എന്നാണ് അതിന്റെ പേര്. ഒരു വർഷം പല ഭാഷകളിലായി 700ഓളം പുസ്തകങ്ങൾ ഇറങ്ങിയിരുന്നു. അവിടെ വച്ചാണ്, ഈ പറയുന്ന കഥകൾക്കപ്പുറത്തായി യംഗ് അഡൽറ്റുകൾക്കു വേണ്ടി കഥകൾ വേണം എന്നു വിചാരിക്കുന്നത്. പ്ലസ് ടു തലത്തിലുള്ള കുട്ടികളുടെ തിരിച്ചറിവിന്റെ തലം വ്യത്യസ്തമാണ്. ഇന്നാണെങ്കിലോ, കുട്ടികൾക്ക് നല്ല അറിവാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ അവരുടെ ലെവൽ തന്നെ വ്യത്യാസപ്പെട്ടിരിക്കുകയാണ്. മുത്തശ്ശിക്കഥകൾ പറഞ്ഞാൽ ഏറ്റെന്നുവരില്ല. ഈ പ്രായത്തിലുള്ളവർക്കുവേണ്ടിയാണ് ഞാൻ ചേക്കുട്ടി, അപ്പുവും അച്ചുവും എന്നീ രണ്ടു പുസ്തകങ്ങൾ എഴുതിയത്. അപ്പുവും അച്ചുവും എന്ന കൃതിയിൽ, രണ്ട് കൂട്ടുകാർ രണ്ടുവഴിക്ക് പോകുകയാണ്​. ഒരു കുട്ടി ക്രിക്കറ്ററാകുന്നു, വേറൊരു കുട്ടി മാനേജുമെൻറ്​ സൈഡിലേക്ക് പോകുന്നു, അച്ഛനമ്മമാരെ ധിക്കരിച്ചുകൊണ്ട്. ഒരു തലമുറക്ക് അത്​ ഏറ്റു. ഈ പുസ്​തകത്തിന്​ കേരള സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡും അബൂദബി ശക്തി അവാർഡും കിട്ടി. അവാർഡുകളല്ല, അംഗീകരിക്കപ്പെട്ടു എന്നതിലാണ്​ കാര്യം. എൺപതു വയസ്സായ, ഒരു മുതിർന്ന എഴുത്തുകാരന് ഗൗരവതരമായ പ്രമേയം ലാളിത്യത്തോടെ കുട്ടികൾക്കുവേണ്ടി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ പ്രാധാന്യം.

എൻ.ബി.ടിയിലുണ്ടായിരുന്നപ്പോൾ കുറെ ഡിജിറ്റൽ പുസ്തകങ്ങൾ ഞങ്ങൾ ഇറക്കിയിരുന്നു. പുതിയ തലമുറക്ക് കിന്റിൽ ഒക്കെ വേണം എന്നു ഞങ്ങൾ പറയാറുണ്ടായിരുന്നു. രണ്ടു തരം പ്ലാറ്റ്​ഫോമുകളും കോ എക്‌സിസ്റ്റ് ചെയ്യണം എ ന്നാണ്​ എന്റെ അഭിപ്രായം. ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, യാത്രകൾ തുടങ്ങിയ വിഷയങ്ങൾ ബാലസാഹിത്യത്തിന്​ പ്രമേയമാക്കാം. ഞാൻ 30ഓളം രാജ്യങ്ങളിൽ പോയിട്ടുണ്ട്. കാണാത്ത മണ്ണുകളെക്കുറിച്ചുള്ള എഴുത്ത് കുട്ടികളുടെ ഭാവന വളർത്തും. അതുപോലെ, ശാസ്ത്രലോകത്തുണ്ടാകുന്ന കാര്യങ്ങൾ ലളിതമായി എഴുതിയാൽ കുട്ടികൾക്ക് താൽപര്യമുണ്ടാകും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സേതു

കഥാകൃത്ത്, നോവലിസ്റ്റ്. രണ്ട് ബാലസാഹിത്യ കൃതികളുൾപ്പെടെ നാൽപതോളം പുസ്തകങ്ങളെഴുതി. നാഷനൽ ബുക്ക് ട്രസ്റ്റ് ചെയർമാനായിരുന്നു. ആലിയ, ചേക്കുട്ടി, മറുപിറവി, കൈമുദ്രകൾ, അടയാളങ്ങൾ, പാണ്ഡവപുരം, ദൂത് (കഥകൾ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments