സൗകര്യമെന്ന പ്രലോഭനം മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? ഉത്തരങ്ങൾ നിരവധിയുണ്ടാവാം. മറ്റാർക്കും ഉപദ്രവമില്ലാത്ത ഒരു കാര്യമെങ്കിൽ ഈ പ്രലോഭനത്തിന് തീർച്ചയായും നമ്മൾ ഒരൽപ്പം ഇടംകൊടുത്തേക്കാം. ആ ‘ഒരൽപ്പം'കൂടുതൽ സൗകര്യമാണെന്ന ബോധ്യം വന്ന് തുടങ്ങുമ്പോഴോ?
ഈ ചോദ്യം അഭിമുഖീകരിക്കാതെ തന്നെ നമ്മൾ നിശ്ശബ്ദരാകുകയും ഈ ‘സൗകര്യം 'അതിന്റെ വഴിക്ക് നടന്നുതുടങ്ങുകയോ ഓടിത്തുടങ്ങുകയോ ചെയ്യും. ഈ ഓട്ടനടത്തത്തിനിടയിലാണ് അത്ര നാളും നമ്മൾ ഓർക്കാത്തതോ പരിചിതമല്ലാത്തതോ ആയ ചില അസൗകര്യങ്ങൾ മുന്നിൽ വന്ന് നിൽക്കുക. അത് ആദ്യം നമ്മളെ ചൊടിപ്പിച്ചേക്കാം. എന്നാൽ തുടരുന്ന സുഖകരമായ അവസ്ഥയ്ക്ക് പ്രതികൂലമായേക്കാവുന്ന ഈ അസൗകര്യത്തെ മറികടക്കുവാൻ ഒന്നുകിൽ തിരിച്ച് പോവുക , അല്ലെങ്കിൽ ഈ അസൗകര്യത്തെ അസൗകര്യമായി കാണാതെ അതിനെ തന്റെ തന്നെ സുഖത്തിനായുള്ള സാധ്യതയായി കണ്ടു കൊണ്ട് വീണ്ടും ഓടുക.
പക്ഷേ, ഞാൻ എന്നെത്തന്നെ കബളിപ്പിക്കുന്നു. വിപ്ലവകാരിയുടെ വേഷമണിയുന്നു. ആധുനികതയുടെ വ്യാജപ്രചാരകനാകുന്നു. അങ്ങനെ ഞാൻ ഇതെല്ലാം എന്റേതെന്ന് ഉറക്കെ പറയുമ്പോഴും ഇതൊന്നും നിന്റേതല്ലന്ന ഒരു അശരീരി കേൾക്കാം
ഇവിടെ ആവർത്തിച്ചാവർത്തിച്ച് ഉപയോഗിച്ച സൗകര്യമെന്ന വാക്കിൽ നിന്നു തന്നെ തുടങ്ങിയാൽ, അത് വ്യക്തിപരമായി ഇതെഴുതുന്ന വ്യക്തിയുടെ അനുഭവത്തിൽ എങ്ങനെയെല്ലാം ഒരു പാമ്പും കോവണി കളിയായി മാറി എന്ന് വ്യക്തമാവും. അതിങ്ങനെ ചുരുക്കി എഴുതാം: മണലിൽ ചൂണ്ടുവിരൽ കൊണ്ട് എഴുതിത്തുടങ്ങി. പിന്നീട് സ്ലേറ്റ്, കല്ലു പെൻസിൽ, കടലാസ്, മഷിപ്പേന, ബോൾപെൻ, വീണ്ടും ഫോണിൽ ചൂണ്ടുവിരൽ, ആൻഡ്രോയിഡ് ടാബ്, ഐ പാഡ്, പെൻസിൽ എന്നീ പലതരം എഴുത്തുകളികൾ! ഈ കളിയിലെ ഒരു നാട്ടമ്മാവൻ ആയിരുന്നു കടലാസ് എഴുത്തെന്ന കാൽപ്പനികത. ഈ അമ്മാവനാണ് ആധുനികമായ എഴുത്ത് മാധ്യമങ്ങളെ ചീത്ത പറഞ്ഞുകൊണ്ടിരുന്നത്.
അമ്മാവന്റെ ചീത്തവിളി തുടരുകയും കാലം അതിന്റെ വഴിക്ക് പോവുകയും കൈയ്ക്ക് വേദന തുടങ്ങുകയും ചെയ്തപ്പോൾ ആധുനികത അത്ര മോശമല്ല എന്ന് അമ്മാവനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവിടെയാണ് ഈ ലേഖനത്തിലൂടനീളം ആവർത്തിക്കപ്പെടുന്ന സൗകര്യമെന്ന വാക്ക് ഉച്ചരിക്കപ്പെടുന്നത്. എഴുതാൻ എളുപ്പം, എഡിറ്റ് ചെയ്യാൻ അതിലും എളുപ്പം, സ്ഥലലാഭം, കടലാസ് വാങ്ങണ്ട, സൂക്ഷിച്ച് വെക്കാൻ എളുപ്പം... അങ്ങനെ സൗകര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടതോടെ അമ്മാവൻ അപ്രത്യക്ഷനായി. ഇവിടെയാണ് സൗകര്യമെന്ന പ്രലോഭനം മുന്നിൽ വന്നുനിന്നപ്പോൾ ഒരൽപ്പം ഇടം കൊടുത്തവരിൽ ഒരാളായി ഇതെഴുന്ന ആളും മാറിയത്.
സ്ഥലം: സ്ഥലം എന്ന വാക്കിനെയോ അതിന്റെ അർത്ഥത്തെയോ ആഴത്തിൽ വിശകലനം ചെയ്യാനൊന്നും ഉദ്ദേശിക്കുന്നില്ല. എന്നാൽ സ്ഥലമെന്നത് പല പല അർത്ഥങ്ങളിലേക്ക് വിടർന്നുചെല്ലാൻ സാധ്യമായ ഒരു വാക്കാണ് എന്നതുകൊണ്ട് തന്നെ അതിന്റെ ഒരു കോണിൽ മാത്രം ഒന്നു തൊടുന്നു. എഴുതുന്ന ഒരാൾ എന്ന നിലയിൽ കടലാസിൽ എഴുതുന്ന കാലത്ത് എന്റെ എഴുത്തുമുറിക്ക് പുറത്തൊരു സ്ഥലം എന്നത് ആലോചിക്കുവാനേ വയ്യായിരുന്നു. അതൊരു കംഫർട്ട് സ്ഥലമാകുന്നതിന് പ്രധാനമായും ഒരു കാരണമായത് അവിടെ കൈയ്യകലത്തിൽ റഫറൻസിനായോ അല്ലെങ്കിൽ എഴുത്തിനിടയിൽ ഒന്ന് ഉഷാറാവാനോ പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഗാഡ്ജറ്റുകളിലേക്ക് എഴുത്ത് മാറിയതോടെ ഈ സ്ഥലത്തിനും മാറ്റം വന്നു. ലൈബ്രററി എന്നത് ഇ- ബുക്ക് ശേഖരങ്ങളായി ഗാഡ്ജറ്റിനുള്ളിലേക്ക് സ്ഥലം മാറി വന്നു (എല്ലാ പുസ്തകങ്ങളും അല്ല). ഇവിടെ തന്റെ സ്ഥലം അല്ലെങ്കിൽ തന്റെ ഇടം എന്നൊക്കെ ഞാൻ ചുമന്ന് നടന്നിരുന്ന മറ്റൊരു കാൽപ്പനികത കൂടി തകരുകയാണ് ചെയ്തത്.
സഞ്ചരിക്കുന്ന ഒരു ലൈബ്രറി, എഴുതാൻ എളുപ്പമുള്ള ഒരു മാധ്യമം, അത് വേഡിലേക്കോ പി.ഡി.എഫിലേക്കോ മാറ്റാനുള്ള സാധ്യത അങ്ങനെ സൗകര്യങ്ങളുടേതായ ഒരു സ്ഥലം ഒരു പുസ്തകത്തിന്റെ ഭാരം പോലുമില്ലാത്ത ഒരു ഗാഡ്ജറ്റിൽ ലഭിക്കുമ്പോൾ എന്റെ സ്ഥലമെന്നത് എവിടേയും നിർത്തിയിടാവുന്ന ഒരു കാരവൻ പോലെയാകുന്നു. അവിടെ കടലാസ് തീരുമെന്ന ഭയമില്ലാതെ, മഷി തീരുമെന്ന ഭയമില്ലാതെ എഴുതാവുന്ന അവസ്ഥ. ഇവിടെ മഷി തീർന്ന് വലിച്ചെറിയേണ്ട പേനകളില്ല, ചുരുട്ടി എറിയേണ്ട കടലാസുകളില്ല. വെയ്സ്റ്റ് എന്നത് എന്റെ സ്ഥലത്തെ മുഷിപ്പിക്കുന്നില്ല. വലിച്ചെറിയൽ സംസ്‌ക്കാരത്തിന് തത്ക്കാലത്തേക്ക് ഒരവധി എന്നുവേണമെങ്കിൽ പറയാം (ഇ- വെയ്സ്റ്റുകൾ എന്തുചെയ്യും എന്ന ചോദ്യത്തെ നേരിടാനുള്ള ശാസ്ത്ര അറിവില്ലാത്തതിനാൽ സൗകര്യത്തെക്കുറിച്ച് മാത്രം ഇവിടെ എഴുതുന്നു)
ഇനിയുള്ളത് സ്ഥലത്തിന്റെ ഉടമസ്ഥതയും വാടകയും സംബന്ധിച്ചാണ്. ആദ്യമൊന്നും ഇങ്ങനെയൊരു അപകടം അല്ലെങ്കിൽ കുരുക്ക് ഈ സൗകര്യരൂപിക്ക് പിന്നിൽ മറഞ്ഞിരിപ്പുണ്ട് എന്ന് അറിയില്ലായിരുന്നു.
ഉടമസ്ഥതയും വാടകയും: എന്റെ സ്ഥലമെന്ന് കരുതിയിരുന്ന ഒരിടത്തിന് പെട്ടെന്ന് ഒരതിര് വരുമ്പോഴുണ്ടാവുന്ന ഒരങ്കലാപ്പ് ഏതൊരു സാധാരണ മനുഷ്യനും സ്വാഭാവികമാണ് (സാങ്കേതികതയുമായി ബന്ധപ്പെട്ട അറിവുള്ളവർ ഈ മനുഷ്യന്മാരിൽ പെടില്ല. അവർക്ക് വിമർശിക്കാൻ കഴിയുന്ന ധാരാളം അബദ്ധങ്ങൾ ഈ ലേഖനത്തിലുണ്ടാവും). ഗൂഗിൾ ഡോക്കിൽ എഴുതിയിരുന്ന എനിക്കൊരു ദിവസം മനസിലാക്കാൻ കഴിഞ്ഞത് ഗൂഗിൾ സ്റ്റോറിലെ എനിക്ക് അനുവദിക്കപ്പെട്ട സ്ഥലം ഇത്ര സെൻറ് മാത്രമാണെന്നാണ്. ഒന്നുകിൽ നിങ്ങൾക്ക് അടുത്ത ഒരു വർഷത്തേക്ക് സ്റ്റോറേജ് വാങ്ങാൻ ഇത്ര രൂപയുടെ പാക്കേജുകൾ ഉണ്ടെന്നും അതല്ല നിങ്ങൾക്ക് ഈ പരിമിതി മാത്രം മതി എങ്കിൽ ഏതെങ്കിലുമൊക്കെ ഫയലുകൾ ഡി ലീറ്റ് ചെയ്ത ശേഷം ഇവിടെ സ്ഥലമുണ്ടാക്കാം എന്നുമാണ് അവർ പറയുന്നത്. ഏതൊക്കെ ഫയലുകൾ എന്ന ചോദ്യമാണ് ആദ്യം കുഴപ്പിക്കുക. വീടിനുള്ളിലെ പരിമിതികൾ ബോധ്യപ്പെട്ട ഒരാളെന്ന നിലയിൽ അവശ്യ വസ്തുക്കൾ മാത്രമായിരുന്നു പണ്ട് സൂക്ഷിച്ചിരുന്നത്. സ്ഥലമെന്നതിന് (നിയന്ത്രണങ്ങൾ വരും മുമ്പുള്ള ഒരു ഉപഭോക്താവിന്റെ അനുഭവമാണിതെന്ന് ഓർമിപ്പിക്കുന്നു) പരിമിതികൾ ഇല്ല എന്നും അത് ആകാശം പോലെ വിസ്തൃതമാണന്നും ധരിച്ചതിന്റെ പാകപ്പിഴയിൽ ഈ അവശ്യ, അനാവശ്യ വസ്തുക്കൾ ഏതൊക്കെയെന്ന് തരം തിരിക്കാനും അതിനുവേണ്ട മാനസികനില കൈമോശം വരികയും ചെയ്തതിൽ നിന്നാണ് ഏതൊക്കെ ഫയലുകൾ ഡിലീറ്റ് ചെയ്യണമെന്ന ആശങ്കയിൽ എന്നെപ്പോലൊരാൾ പെട്ടുപോയത്. അപ്പോഴാണ് ഇതൊരു ലാൻഡ് മാഫിയയുടെ കളിയാണെന്ന് മനസിലാവുക. ഗൂഗിൾ സ്റ്റോർ ആയാലും ഐ ക്ലൗഡ് ആയാലും അതിലെ വാടകക്കാരനാവുക മാത്രമാണ് ഞാൻ ചെയ്യുന്നത് എന്ന് ബോധ്യപ്പെടുന്നു. അന്യന്റെ സ്ഥലം കടം വാങ്ങി അവിടെ പണി എടുക്കുകയും വിത്തും വളവും ഉത്പന്നങ്ങളും അവിടെ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളായി ഞാൻ എന്നെത്തന്നെ കണ്ടാൽ എന്റെ മുതലാളി മറ്റെവിടെയോ ഇരിക്കുന്ന ഞാനറിയാത്ത ഏതോ ഒരാളാണ് എന്ന ചിന്ത കുറച്ചു നേരത്തേക്കെങ്കിലും എന്നെ ആശയക്കുഴപ്പത്തിലാക്കും. ഈ കുഴമറിച്ചിലിൽ നിന്ന് രക്ഷനേടാനുള്ള ഒരേ ഒരു വഴി സൗകര്യത്തെക്കുറിച്ച് ആധി പിടിക്കുക മാത്രമാണ്.
ഇവിടെ, മുൻപേ പറഞ്ഞ സുഖശീലത്തിന് ഇടിവു തട്ടാതെ ആ അദൃശ്യനായ മുതലാളി പറയുന്നതെന്തും അനുസരിക്കുക എന്നതു മാത്രമാണ് പോംവഴി. എങ്കിലും ഇടക്കിടക്ക് തേട്ടി വരുന്ന ഒരു ചിന്ത ഇതാണ്: ഞാൻ എന്റേതെന്ന് കരുതി ഒളിപ്പിച്ചു വെക്കുന്നതെല്ലാം ഈ വാടക സ്ഥലത്ത് സുരക്ഷിതമാണോ? സ്വകാര്യ സുരക്ഷാ നയങ്ങളെക്കുറിച്ചോ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചോ സാമാന്യ ധാരണ ഇല്ലാതെ എല്ലാം Agree എന്ന് തൊട്ടുതൊട്ട് ഞാൻ എത്തിച്ചേർന്നിരിക്കുന്ന സൗകര്യലോകത്തിരുന്ന് ഈ ചോദ്യം ചോദിക്കുവാൻ ഞാനെത്രത്തോളം അർഹനാണ് എന്നതാണ് മറ്റൊരു കാര്യം. എങ്കിലും ഈ ചോദ്യം എന്നെ വിടാതെ പിൻതുടരുന്നു എന്നതാണ് സത്യം. ഇനി മറ്റൊന്ന്, അത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ്. അത് എന്തെന്ന് വിശദീകരിക്കാനുള്ള അറിവില്ല. വായിച്ചറിഞ്ഞതിൽ നിന്ന് ഞാനും എന്റെ ഭീകരമായ പങ്ക് നിർവ്വഹിക്കുന്നു എന്നതാണ് സത്യം. സൗകര്യത്തെ ഉപേക്ഷിക്കാൻ സ്വയം തയാറാണോ എന്ന ചോദ്യം ഗാന്ധിയുടെ രൂപത്തിൽ മുൻപിൽ നിൽക്കുന്നു.
പക്ഷേ, ഞാൻ എന്നെത്തന്നെ കബളിപ്പിക്കുന്നു. വിപ്ലവകാരിയുടെ വേഷമണിയുന്നു. ആധുനികതയുടെ വ്യാജപ്രചാരകനാകുന്നു. അങ്ങനെ ഞാൻ ഇതെല്ലാം എന്റേതെന്ന് ഉറക്കെപറയുമ്പോഴും ഇതൊന്നും നിന്റേതല്ലന്ന ഒരു അശരീരി കേൾക്കാം. അത് ആത്മീയമാവാം, തിരിച്ചറിവാകാം, മുതലാളി പറയുന്നതാവാം, അല്ലെങ്കിൽ വെറുമൊരു ഓരിയാവാം.
ആരറിയുന്നു, സ്ഥലം? കാലം? നേര്? ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.