അങ്ങനെ എഴുതിയതിൽ ആശാൻ സ്വയം വിമർശനം നടത്തിയിരുന്നു

ആശാൻ വിമർശകർക്കും ആശാനെ ‘സ്വന്ത’മാക്കാൻ ശ്രമിക്കുന്നവർക്കും സ്വയം തിരുത്താൻ സന്നദ്ധമായതിന്റെ ഈ ചരിത്ര രേഖകളോളം ഉചിതമായ ഒരു മറുപടി ഉണ്ടാവില്ല

കനിവാർന്നനുജാ! പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ -
മനമോടാത്ത കുമാർഗ്ഗമില്ലെടോ.

(കുമാരനാശാൻ, ചിന്താവിഷ്ടയായ സീത)

‘ചിന്താവിഷ്ടനായ ആശാൻ’ എന്ന എന്റെ കുറിപ്പിൽ വിവേകോദയത്തിൽ അദ്ദേഹം പല കാലങ്ങളിലായി എഴുതിയ ലേഖനങ്ങളെ ചേർത്തുവെച്ചിരുന്നു. ‘ദുരവസ്ഥ’യിലെ ‘ക്രൂര മുഹമ്മദീയർ’എന്ന പ്രയോഗത്തിലേക്ക് ആശാൻ എത്തിച്ചേർന്ന വഴി ഇതായിക്കൂടേ എന്നൊരു ചോദ്യം മാത്രമായിരുന്നു ആ കുറിപ്പിലൂടെ ഉന്നയിക്കാൻ ശ്രമിച്ചത്. മലബാർ കലാപവുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങളിൽ കുമാരനാശാനെ ഒരു മുസ്​ലിം വിരോധിയായി മാറ്റുന്നതിലും ആശാനെ ഒരു ‘ഹിന്ദുത്വ’ വാദിയായി ഏറ്റെടുക്കുന്നതിലും ഇന്ന് നടക്കുന്ന ശ്രമങ്ങൾ കണ്ടപ്പോൾ ഈ വിഷയത്തിൽ കൂടുതൽ അന്വേഷിക്കേണ്ടതുണ്ടന്ന് തോന്നി. ആ അന്വേഷണത്തിൽ നിന്ന്​ ലഭിച്ച പ്രധാന കണ്ടെത്തലുകൾ ആശാന്റെ നിരപരാധിത്വവും അദ്ദേഹം അങ്ങനെ എഴുതിയതിൽ നടത്തിയ സ്വയം വിമർശനവും ചരിത്ര സത്യങ്ങളുടെ പിൻബലത്തോടെ ഇവിടെ ചേർക്കുന്നു.
‘അന്ത്യരംഗം’ എന്ന പേരിൽ ഈ. വി. കൃഷ്ണപിള്ള 1099 ൽ സർവീസ് മാസിക 3ാം പുസ്തകം 7ാം ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ നിന്ന്: മുസ്​ലിം സഹോദരങ്ങൾക്കിടയിൽ വാദകലാപജന്യമായിത്തീർന്ന ‘ദുരവസ്ഥ’യെപ്പറ്റി ഞങ്ങൾ ഒരിക്കൽ കുറെ സംസാരിച്ചു. അതു തോന്നയ്ക്കൽ അദ്ദേഹത്തിന്റെ ഗൃഹത്തിൽ വച്ചായിരുന്നു. ആദ്യമായിത്തന്നെ ആ കാവ്യം ഒന്നുകൂടി വായിക്കുന്നതിനായി എന്നെ തനിയെ ഇരുത്തിയും വെച്ച് അദ്ദേഹം വേറെ ജോലിയിൽ ഏർപ്പെടുകയാണുണ്ടായത്. പുസ്തകം വായിച്ചുതീർന്നിട്ട് എന്റെ മുസ്​ലിം സ്നേഹിതന്മാർ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്ന കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. നികൃഷ്ടങ്ങളായ ആചാരങ്ങളുടെ പരിരക്ഷണത്തിൽ സങ്കടം അനുഭവിക്കുന്ന സമുദായക്കാർക്ക് തോന്നുന്ന ചൂട് വേറെ ആർക്കും അനുഭവഗോചരമാകുവാൻ തരമില്ലെന്നും, മലയാള ഖണ്ഡത്തെ ആപാദചൂഡം ക്ഷോഭിപ്പിച്ചതായ ഒരു മഹാസംഭവത്തെ പുരസ്ക്കരിച്ച് കേരളീയ ജനതയുടെ ആത്മചൈതന്യത്തെ ഘോരമായി ബാധിക്കുന്നതായ അനാചാരാരാധനയെ ധ്വംസിക്കുന്നതിനു കവികൾ യത്​നിക്കേണ്ടതാണെന്നും തന്നേക്കാൾ ഇക്കാര്യത്തിൽ കൂടുതൽ അറിവുകൾ സമ്പാദിക്കുവാൻ സൗകര്യമുള്ള വള്ളത്തോൾ മൗനം ഭജിക്കുന്നതിൽ താൻ ആശ്ചര്യപ്പെടുന്നെന്നും, മുസ്​ലിം സഹോദരങ്ങളെപ്പറ്റി തെല്ലെങ്കിലും അവജ്ഞത തനിക്കില്ലെന്നും മറ്റും അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിഷ്കാപട്യത്തിലും സദുദ്ദേശ്യത്തിലും ബഹുമാനം തോന്നിയ ഞാൻ, ആശാനും ഏതാനും മുസ്​ലിം പ്രമാണികളും ആയി ഒന്നു സംസാരിച്ചാൽ കൊള്ളാമെന്നു നിർദ്ദേശിച്ചു. അപ്രകാരമുള്ള ഒരു സംവാദത്തിന് ഞാൻ ഈ കക്ഷിയെ പ്രേരിപ്പിക്കട്ടെയോ എന്നു ചോദിച്ചു. അദ്ദേഹം എന്റെ അഭിപ്രായത്തോട് ചേർന്നു. ഞാൻ തിരുവനന്തപുരത്തെത്തി എന്റെ മുസ്​ലിം സ്നേഹിതന്മാരെ വിവരം അറിയിക്കുകയും തൽഫലമായി താമസിയാതെതന്നെ ഇരുകക്ഷികളും തമ്മിൽക്കണ്ട് കാര്യങ്ങൾ ഭംഗിയാക്കുകയും ചെയ്തു.
പ്രസ്തുത സംഗതിയിൽ അദ്ദേഹം പ്രദർശിപ്പിച്ച ഹൃദയഭാവം സർവത്ര അഭിനന്ദനീയം ആയിരുന്നു. ‘സ്വരാജ് ’ പത്രാധിപർ ചെയ്ത വിമർശനത്തിൽ താൻ പഠിക്കേണ്ടതായ ചില സംഗതികൾ അടങ്ങിയിട്ടുണ്ടെന്ന് തോന്നി. അദ്ദേഹം ഉടൻ തന്നെ ആ കടലാസ്സ് * വരുത്തുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു. അതു പോലെ മി. കുന്നത്തു ജനാർദ്ദനമേനോൻ ‘ദുരവസ്ഥ’യ്ക്ക് എതിരായി പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളെ താൻ കൂലംകഷമായി പഠിക്കുന്നുണ്ടന്നും അനുകരണീയമായി വല്ലതും കണ്ടാൽ താൻ അത് അത്യന്ത ചാരിതാർത്ഥ്യത്തോടെ അംഗീകരിക്കുന്നതാണന്നും പറയുകയുണ്ടായി.
വള്ളത്തോളിന്റെ മൗനത്തിലുള്ള ആശാന്റെ ആകുലത ഇവിടെ വായിക്കാനാവും. അന്ന് വർഗീയതയോളം വളർന്ന ചേരിതിരിവ് ആശാനും വള്ളത്തോളിനുമിടയിൽ അവരുടെ ആസ്വാദകർ സൃഷ്ടിച്ചത് അക്കാലത്ത് ആശാനെതിരെ ഉണ്ടായ ഒരു അപവാദ പ്രചരണത്തിൽ വ്യക്തമാണ്. വെയിൽസിലെ രാജകുമാരൻ പട്ടും വളയും നൽകി ബഹുമാനിക്കുവാൻ ആദ്യം തിരഞ്ഞെടുത്ത കവി വള്ളത്തോൾ ആയിരുന്നു എന്നും വള്ളത്തോൾ അതു നിരസിച്ചതുകൊണ്ടു മാത്രമാണ് ആശാന് ആ ബഹുമതി ലഭിച്ചതെന്നുമായിരുന്നു ആ പ്രചാരണം. വള്ളത്തോളും ആശാനും നേരിൽ കണ്ടിട്ടുണ്ടോ എന്നറിയില്ല. ഒരിക്കൽ അതിനൊരു അവസരമുണ്ടായിട്ടും ആശാൻ കാണാതെ പോന്നതിനെക്കുറിച്ച് മറവൂർ ഭാസ്ക്കരൻനായരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘കണ്ടു സംസാരിച്ചിട്ടില്ല. ഒരിക്കൽ എന്റെ സഞ്ചാരത്തിനിടയിൽ ‘കേരളകല്പദ്രുമം’ ** മുദ്രാലയത്തിൽ പോകാൻ സംഗതിയായി. അന്ന് അദ്ദേഹം അതിന്റെ മാനേജരായിരുന്നു. അടുത്ത മുറിയിൽ അദ്ദേഹം ഇരിക്കുന്നുണ്ടന്ന് ഞാൻ അറിഞ്ഞു. എൺപതാമാണ്ടിലാണെന്നു തോന്നുന്നു. അത് വാൽമീകി രാമായണ തർജ്ജമക്കാലമായിരുന്നു. എനിക്ക് ധൃതിയായി പോരേണ്ട ആവശ്യം ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തെ കാണാതെ മടങ്ങുവാനാണ് സാധിച്ചത്. പിന്നെ ഇതേ വരെയും അതിന് ഭാഗ്യമുണ്ടായിട്ടും ഇല്ല.

അദ്ദേഹം അന്ന് വളരെച്ചെറുപ്പം; ഇരുപത്തിയാറ് വയസ്സിൽ അധികമുണ്ടെന്നു തോന്നുന്നില്ല. സാഹിത്യ ലോകത്തിൽ ഒരു വലിയ പേരെടുത്തു കഴിഞ്ഞിരിക്കുന്നു. വാൽമീകി രാമായണം സംസ്കൃത സാഹിത്യത്തിൽ അത്യുൽകൃഷ്ടമായ ഒരു ഗ്രന്ഥമാണല്ലോ. അത് ഭാഷാന്തരീകരിക്കുന്നതിന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ആദ്യം കുറച്ചു ഭാഗം എഴുതിത്തീർക്കുകയും ചെയ്തു. അപ്പോഴാണ് വള്ളത്തോൾ തർജ്ജമ ചെയ്യുന്നുണ്ടന്ന് അറിഞ്ഞത്. ഭാഷയിൽ രണ്ടു തർജ്ജമ ഗ്രന്ഥം ആവശ്യമില്ലല്ലോ എന്നു വെച്ച് എന്റെ ഉദ്യമം നിർത്തി. ഞങ്ങളുടെ സൗഹാർദ്ദത്തിൽ ജനങ്ങൾക്ക് അൽപം തെറ്റിദ്ധാരണ ഉണ്ടന്ന് ഇന്നാൾ ആരോ എന്നോട് പറഞ്ഞു. അത്, എത്ര ഭീമമായ അബദ്ധം’’.
‘ദുരവസ്ഥ’യെക്കുറിച്ചുള്ള മടവൂർ ഭാസ്ക്കരൻ നായരുടെ ചോദ്യത്തിന് ആശാ​ന്റെ മറുപടി ഇതാണ്: ‘മുസ്​ലിം സഹോദരങ്ങൾക്ക് അതിൽ വളരെ വെറുപ്പാണുള്ളതെന്ന് അവർ എനിക്കീയിടെ എഴുതി അയച്ചു. എന്റെ കാവ്യരചന യാതൊരു ദുരുദ്ദേശ്യത്തോടു കൂടിയുമല്ലെന്നും നിങ്ങൾ ക്ഷമയോടുകൂടി ഒരാവൃത്തി വായിച്ചു നോക്കിയാൽ അതു തെളിയുമെന്നും ഞാൻ അവർക്ക് മറുപടി അയച്ചു. പലരും പലതും പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. എനിക്കതിൽ ലേശം ഭയമില്ല. അവർ ക്രമത്തിൽ ശാന്തരായിക്കൊള്ളും’’.
അക്കാലത്ത് ‘ദുരവസ്ഥ’യെക്കതിരെയും ആശാനെതിരെയും പത്രപംക്തികൾ വഴിയും യോഗങ്ങൾ വഴിയും നിശിത വിമർശനങ്ങൾ ഉയർന്നിരുന്നു. അക്കൂട്ടത്തിൽ കുന്നത്തു ജനാർദ്ദനമേനോന്റെ പത്രാധിപത്യത്തിലുള്ള ചന്ദ്രിക പത്രത്തിൽ അദ്ദേഹം ആശാനെ അവഹേളിച്ചും പ്രകോപനപരമായും നീണ്ട ലേഖനം എഴുതിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തിയ കെ.പി. കുഞ്ഞൻ വൈദ്യരോട് ഓ,സാരമില്ല, കുറേ കഴിയുമ്പോൾ ഇതെല്ലാം തനിയെ നിന്നുകൊള്ളും എന്നാണ് ആശാൻ മറുപടി പറയുന്നത്. ജനാർദ്ദനമേനോന്റെ ‘ശ്രീരാഗം’ എന്ന പുസ്തകത്തിലെ ഇസ്​ലാം മതത്തെയും ഖുറാനെയും അക്ഷേപിച്ച് എഴുതിയ ഭാഗങ്ങൾ ഉദ്ധരിച്ചാണ് ആശാൻ ഈ വിമർശകന്റെ വായടപ്പിച്ചതെന്ന് കെ.പി.കുഞ്ഞൻ വൈദ്യർ എഴുതിയിട്ടുണ്ട്.
ആശാൻ വിമർശകർക്കും ആശാനെ ‘സ്വന്ത’മാക്കാൻ ശ്രമിക്കുന്നവർക്കും സ്വയം തിരുത്താൻ സന്നദ്ധമായതിന്റെ ഈ ചരിത്ര രേഖകളോളം ഉചിതമായ ഒരു മറുപടി ഉണ്ടാവില്ലൈന്ന് കരുതട്ടെ.

* കടലാസ്സ് എന്ന് പറയുന്നത് പത്രത്തിനെയാണ്.

** കേരളകല്പദ്രുമം തൃശൂരിൽ ഉണ്ടായിരുന്ന പ്രസ്സായിരുന്നു. 1905-ൽ മാനേജരായി വള്ളത്തോൾ നിയമിതനായി.1910-ൽ ആരോഗ്യ കാരണങ്ങളാൽ ആ ജോലിയിൽ നിന്ന്​ രാജിവെച്ചു. ഇരുപത്തിയാറാമത്തെ വയസ്സിൽ വാൽമീകി രാമായണ തർജ്ജമ തുടങ്ങി, 23 മാസങ്ങൾ കൊണ്ട് പൂർത്തിയാക്കി. (Vallathol the Man and the poet by Madhavan Ayyappath,Poetry and Renaissance,Kumaran asan birth centenary volume,editor M Govindan)

സനിൽ വി., എസ് ഗോപാലകൃഷ്ണൻ, ടി.ടി.ശ്രീകുമാർ, ബിനോയ് പി.ജെ, ഐ.ഷൺമുഖദാസ്, ദാമോദർ പ്രസാദ്, ജെ.രഘു, റിയാസ് കോമു എന്നിവരുടെ പ്രതികരണമാണ് ഇങ്ങനെയൊരു അന്വേഷണത്തിന് എന്നെ നിർബന്ധിച്ചത്. സുഹൃത്തുക്കൾക്ക് നന്ദി.



Summary: Unni R Writes about Kumaran Asans duravatha of the context of debate topic malabar rebellion.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments