സാഹിത്യോത്സവങ്ങൾ പെരുകട്ടെ,
ഒപ്പം അവ മാറുകയും ചെയ്യട്ടെ

ലിറ്റററി ഫെസ്റ്റിവലുകളുടെ ഘടന, ഉള്ളടക്കം, പങ്കാളിത്തം, സോഷ്യൽമീഡിയ സ്വാധീനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് വി. അബ്ദുൽ ലത്തീഫ് എഴുതുന്നത്. ഉള്ളടക്കത്തിന്റെ പരിചരണത്തിലെങ്കിലും മേളകൾ കുറേക്കൂടി സൂക്ഷ്മതകളിലേക്ക് കടക്കേണ്ട കാലമായെന്ന് അദ്ദേഹം എഴുതുന്നു.

കേരളത്തിനുപുറത്ത് ഞാൻ കണ്ട രണ്ടു വലിയ പുസ്തകോത്സവങ്ങൾ ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെസ്റ്റിവലും അബുദാബിയിലെ ഷാർജ ബുക്ക് ഫെസ്റ്റിവലുമാണ്. രണ്ടും ഒരേ വർഷമായിരുന്നു, 2016-ൽ. ആ വർഷം തുടക്കത്തിലായിരുന്നു കോഴിക്കോട് ഡി.സി. കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും നടന്നത്.

2014-15 കാലത്ത് കോഴിക്കോട് അളകാപുരിയിൽ യോഗം ചേർന്ന് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന പേരിൽ ഒരു സാഹിത്യോത്സവം നടത്തുന്നതിനെ കുറിച്ച് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഗൗരവമായി ആലോചിച്ചിരുന്നു. അന്ന് ജയ്പുർ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ അത് ചെയ്യാമെന്നും കുറച്ചു പേരെങ്കിലും ജയ്പുർ സാഹിത്യോത്സവത്തിന്റെ നടത്തിപ്പു രീതികൾ നേരിൽ പോയി കണ്ടുവരാനും തീരുമാനമായി. അക്കാലത്ത് ഞങ്ങൾ കണ്ട വന്യഭാവനകളിലൊന്നായി അത് എവിടെയുമെത്താതെ ഒടുങ്ങി. ഞങ്ങളുടെയൊക്കെ മനസ്സറിഞ്ഞ പോലെയാണ് പിന്നീട് ഡി.സി. കിഴക്കേമുറി ഫൗണ്ടേഷൻ മുഖ്യപ്രായോജകരായി കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വരുന്നത്.

ജയ്പുർ സാഹിത്യോത്സവത്തില്‍ നിന്ന്

കേരളത്തിൽ പുസ്തകോൽവങ്ങളും സാംസ്കാരികോത്സവങ്ങളുമായി പല കാലത്തും മേളകൾ നടന്നിട്ടുണ്ടായിരുന്നെങ്കിലും എല്ലാ വിഭാഗം ജനങ്ങളിലേക്കും ഒരുപോലെ തുറന്നു വച്ച ഒരു സാഹിത്യോത്സവം നടാടെയായിരുന്നു. അതിന്റെ സംഘാടനത്തിന്റെ പൂർവമാതൃകയായി അവർ സ്വീകരിച്ചത് കേരളത്തിലെ ഏറ്റവും വലിയ യുവജനമേളയായ കേരളസ്കൂൾ കലോത്സവത്തെയായിരുന്നു എന്നു തോന്നുന്നു. സ്കൂൾ കലോത്സവങ്ങളിൽ മത്സരേതര ഇനമായി പൊതുജനങ്ങൾക്കു മുന്നിലെത്തിയ സാംസ്കാരിക സായാഹ്നം പരിപാടിയുടെ കൺവീനറായി വർഷങ്ങളോളം സേവനമനുഷ്ഠിച്ച എ.കെ. അബ്ദുൽ ഹക്കീം കോഴിക്കോട്ടെ ഡി.സി. പുസ്തകോത്സവത്തിന്റെ ജനറൽ കൺവീനറായി വരുന്നത് അങ്ങനെയാവണം.

ലിറ്ററേച്ചർ ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപ്പെടുക എന്നത് എഴുത്തുകാരെ സംബന്ധിച്ചും ചെറിയ തോതിൽ പ്രിവിലേജ് ആയിത്തുടങ്ങി. ക്ഷണിക്കപ്പെടാത്തവർ പിണങ്ങുകയും പരിഭവിക്കുകയുമൊക്കെ ചെയ്തു.

ജയ്പുർ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ കോഴിക്കോട്ട് വിപുലമായ സാഹിത്യോത്സവം നടത്തുന്നതിനെ കുറിച്ച് ആലോചിച്ച വിരലിലെണ്ണാവുന്ന ഏതാനും പേരിൽ ഹക്കീം മാഷും ഉണ്ടായിരുന്നു. ഒരർത്ഥത്തിൽ ഞങ്ങൾ കുറച്ച് കോഴിക്കോട്ടുകാരുടെ സ്വപ്നം ഡി.സി. കിഴക്കേമുറി ഫൗണ്ടേഷൻ എന്ന ഡി.സി. ബുക്സ് കുടുംബം നടത്തിത്തരികയായിരുന്നു. കോഴിക്കോടിന്റെ ജനകീയ സംഘാടനവൈഭവത്തെ അവർ തിരിച്ചും സ്വീകരിച്ചു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഓരോ പതിപ്പും വൻതോതിൽ ജനങ്ങളെ ആകർഷിച്ചു. ആദ്യപതിപ്പിൽ നൂറ്റമ്പതോളം എഴുത്തുകാർ വിവിധ സെഷനുകളിൽ പങ്കെടുത്തു. സംഘടകരായും വേദി നിയന്ത്രിക്കുന്നവരായും വോളണ്ടിയർമാരായും നൂറുക്കണക്കിനു പേർ സംഘാടകരായി. ആളുകൾ വെറുതെ ഒഴുകി നടക്കുക മാത്രമല്ല ചെയ്തത്. പകലന്തിയോളമുള്ള സെഷനുകളിൽ ഒന്നിൽനിന്ന് അടുത്തതിലേക്ക് ആളുകൾ ഒഴുകി. ആഗ്രഹിച്ച സെഷനുകളിൽ ഇരിക്കാൻ കഴിയാതെ വെയിലത്തു നിന്ന് പലരും പരിപാടികൾ കേട്ടു.

ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്ന്

ക്ഷേത്രപരിസരങ്ങളിലും പള്ളിപ്പറമ്പുകളിലും കാണുന്ന ഉത്സവങ്ങളുടെയും നേർച്ചകളുടെയും പെരുന്നാളുകളുടെയും ചില അംശങ്ങൾകൂടി മനുഷ്യരുടെ ഈ ഒഴുകിയെത്തലിലുണ്ടായിരുന്നു. ആളുകൾ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. കെ.എൽ.എഫിൽ കാണാം എന്നത് ഒരു സാർത്ഥകമായ പറച്ചിലായി മാറി. കോഴിക്കോട്ടെ ഹോട്ടലുകളും വീടുകളും അയൽ ജില്ലകളിൽനിന്നുള്ള വിരുന്നുകാരെക്കൊണ്ട് നിറഞ്ഞു. ഹോട്ടലുകളിലും ബാറുകളിലും തിരക്കേറി. സാഹിത്യോത്സവത്തിന്റെ തുടർചർച്ചകൾ എഴുത്തുകാർ പാതിരാവോളം നീട്ടിക്കൊണ്ടുപോയി. പതിയെപ്പതിയെ ലിറ്ററേച്ചർ ഫെസ്റ്റിവൽ അതിന്റെ ഉള്ളടക്കത്തോടൊപ്പം തന്നെ മനോഹരമായ കാർണിവലും എല്ലാവർക്കും ലാഭം കിട്ടുന്ന ബിസിനസ് മോഡലുമായി. ലിറ്ററേച്ചർ ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപ്പെടുക എന്നത് എഴുത്തുകാരെ സംബന്ധിച്ചും ചെറിയ തോതിൽ പ്രിവിലേജ് ആയിത്തുടങ്ങി. ക്ഷണിക്കപ്പെടാത്തവർ പിണങ്ങുകയും പരിഭവിക്കുകയുമൊക്കെ ചെയ്തു. സംഘാടനച്ചുമതലകളിലേക്കും വോളണ്ടിയർസേനയിലേക്കും കയറിപ്പറ്റാൻ ആളുകൾ ഉത്സാഹിച്ചു. ചുരുക്കിപ്പറഞ്ഞാൽ മേളയുടെ ഏത് എന്റിൽ നോക്കിയാലും അത് വലിയ തോതിൽ സ്വീകരിക്കപ്പെട്ടു.

പ്രോഗ്രാമുകളുടെ ഡിസൈൻ നോക്കിയാൽ മിക്കവാറും സ്പീക്കേഴ്സിന് 15-മിനിറ്റാണ് സമയം കിട്ടുക. നാലുപേരുള്ള സെഷൻ ഒരു മണിക്കൂർ, രണ്ടുപേരുള്ളത് അര മണിക്കൂർ എന്ന മട്ടിലാണ് തൊണ്ണൂറു ശതമാനം സെഷനുകളും ഡിസൈൻ ചെയ്തിരിക്കുന്നത്.

സങ്കുചിതമായ വിഭജനവാദങ്ങൾക്കപ്പുറം കേരളീയർ സന്തോഷത്തോടെ ഒന്നിച്ചു നിൽക്കുന്നതിന്റെ വലിയ സന്തോഷം ഫെസ്റ്റിവൽ ഇടനാഴികളിൽ നിറയുന്നത് ആഹ്ലാദത്തോടെയാണ് കണ്ടുനിന്നിരുന്നത്. സാഹിത്യോത്സവങ്ങളെ ആളുകൾ സ്വീകരിക്കുന്നതിന്റെ സൂത്രവാക്യങ്ങളെ കുറിച്ച് പല തരത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. അതിലൊന്ന് സോഷ്യൽ മീഡിയാ വ്യവഹാരങ്ങളോട് ഇണങ്ങിനിൽക്കാനുള്ള അതിന്റെ ശേഷിയായിരുന്നു. പരിപാടിയുടെ നടത്തിപ്പുകാരായ ഡി.സി. കിഴക്കേമുറി ഫൗണ്ടേഷന്റെ ചുമതലക്കാരാണ് മേളയുടെ സാമ്പത്തികമായ ലാഭനഷ്ടക്കണക്കുകൾ വിശദീകരിക്കേണ്ടത്. പുറത്തുനിന്ന് നോക്കുന്നവർക്ക് അതിന്റെ സാംസ്കാരികമായ അംശങ്ങളെക്കുറിച്ച് ചില വിചാരങ്ങളിലേർപ്പെടാനേ സാധിക്കൂ. കോവിഡുകാല അടച്ചിരിപ്പിനു ശേഷം നടന്ന കഴിഞ്ഞ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റവൽ വലിയ തോതിൽ ജനങ്ങളെ ആകർഷിച്ചിരുന്നു. അതിനിടയിൽ വന്നുചേർന്ന മനുഷ്യരുടെ സോഷ്യൽ മീഡിയ മനോഭാവത്തെ സാഹിത്യോത്സവം എങ്ങനെ ഉൾക്കൊണ്ടു എന്നൊരു വിചാരം ഞാൻ നടത്തിയിരുന്നു.

2016-ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് കോഴിക്കോട് ബീച്ചിൽ അരങ്ങേറിയപ്പോൾ വിവിധ വേദികൾക്കിടയിൽ ഒരു സെൽഫി കോർണർ ഉണ്ടായിരുന്നു എന്നാണ് ഓർമ. ആറാം പതിപ്പിലെത്തുമ്പോൾ ഫെസ്റ്റിവലാകെ സെൽഫിമോഡിലേക്ക് മാറി.

വാട്സാപ്പ്, ടെക്സ്റ്റിനൊപ്പം ഇമേജുകൂടി ഷെയർ ചെയ്യാവുന്ന മീഡിയയാണെങ്കിൽ ഇൻസ്റ്റാഗ്രാം സെൽഫികളുടെയും ചിട്ടപ്പെടുത്തിയ ഫ്രേംഡ് ഷോട്ടുകളുടെയും ഷോർട്ട് വീഡിയോകളുടെയും മീഡിയയാണ്. 2016-ലെ സെൽഫി കോർണർ എന്ന സങ്കല്പം ഇന്ന് കാർണിവലിന്റെ മൊത്തം രൂപകല്പനയെ 'ഇസ്റ്റാഗ്രാമബ്ൾ' ആക്കിയിരിക്കുന്നു. ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അരങ്ങുകൾ, വിശ്രമമുറികൾ, കാർണിവൽ മൂഡുണ്ടാക്കാനായി സ്ഥാപിച്ച ഇൻസ്റ്റലേഷനുകൾ, ബാഡ്ജുകൾ, ചായക്കപ്പുകൾ എന്നിവയുടെയെല്ലാം ഡിസൈൻ ഇൻസ്റ്റാഗ്രാം ഫ്രെയിമുകളാൽ കാര്യമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രപരിസരങ്ങളിലും പള്ളിപ്പറമ്പുകളിലും കാണുന്ന ഉത്സവങ്ങളുടെയും നേർച്ചകളുടെയും പെരുന്നാളുകളുടെയും ചില അംശങ്ങൾകൂടി മനുഷ്യരുടെ ഈ ഒഴുകിയെത്തലിലുണ്ടായിരുന്നു

ആളുകളുടെ വേഷം, ഹെയർസ്റ്റൈൽ, ശരീരഭാഷ, പെരുമാറ്റശീലങ്ങൾ എന്നിവയെല്ലാം ഇൻസ്റ്റാഗ്രാമിനാൽ സ്വാധീനിക്കപ്പെട്ടതാണ്. ഇൻസ്റ്റയിൽ സജീവമല്ലാത്ത ആളുകളിലേക്കും ഡിസൈൻ തലത്തിൽ ഈ മാനറിസങ്ങൾ കയറിവന്നിട്ടുണ്ട്. ഡ്യൂവൽ- ഗ്രൂപ്പ് സെൽഫികളിൽ ആളുകൾ ശരീരങ്ങൾ ഉദാരമായി ചേർത്തുവെയ്ക്കുന്നു. പലതരം ബന്ധങ്ങളിലുള്ള ആണും പെണ്ണും ആലിംഗനത്തോളമെത്തുന്ന വിധത്തിൽ ശരീരങ്ങളെ ചേർത്തുവെയ്ക്കുന്നു. പലപ്പോഴും ആലിംഗനത്തോടെ പരസ്പരം സ്വാഗതം ചെയ്യുന്നു. ഇതൊന്നും ഒരിക്കലും അശ്ലീലക്കാഴ്ചകളല്ല. മനുഷ്യർ പരസ്പരം ആദരിക്കുന്നതിന്റെ ഭാഗമാണ് ഈ ചേർത്തു പിടിക്കലുകൾ.

പ്രോഗ്രാമുകളുടെ ഡിസൈൻ നോക്കിയാൽ മിക്കവാറും സ്പീക്കേഴ്സിന് 15-മിനിറ്റാണ് സമയം കിട്ടുക. നാലുപേരുള്ള സെഷൻ ഒരു മണിക്കൂർ, രണ്ടുപേരുള്ളത് അര മണിക്കൂർ എന്ന മട്ടിലാണ് തൊണ്ണൂറു ശതമാനം സെഷനുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. തുടക്കം മുതൽ ഈ സെഷനുകൾ യൂറ്റ്യൂബ് വീഡിയോകൾക്കുകൂടി പാകമാണ്. ഫെസ്റ്റിവലിന്റെ ഒരുക്കം മുതൽ അത് പ്രവർത്തിച്ചുതുടങ്ങുന്നത് സോഷ്യൽമീഡിയയിലാണ്. ലോഗോയിൽ തുടങ്ങി അതിഥികളുടെ കമനീയമായി ഡിസൈൻ ചെയ്ത പോസ്റ്ററുകൾവരെ ശ്രദ്ധയോടെ സോഷ്യൽമീഡിയയിൽ ജീവിതം തുടങ്ങും. ഈ കാർഡുകൾ സ്റ്റാറ്റസുകളായി വിവിധ മീഡിയകളിൽ പറക്കും.

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന്

കാർണിവലിന്റെ സോഷ്യൽമീഡിയാ ജീവിതത്തിന് മൂന്നു തട്ടുകളുണ്ട്. പ്രീ കാർണിവൽ- കാർണിവൽ-പോസ്റ്റ് കാർണിവൽ ഘട്ടങ്ങളാണത്. യൂറ്റ്യൂബ് വീഡിയോകളിലൂടെയാണ് പോസ്റ്റ് കാർണിവൽ ജീവിതം ദീർഘകാലം തുടരുന്നത്. അനുകൂലിച്ചും എതിർത്തും ഫെയ്സ്ബുക്കിലും യൂറ്റ്യൂബ് കമന്റുകളിലും വരുന്ന കമന്റുകൾകൂടി കാർണിവലിന്റെ ഭാഗമാണ്. സംഘാടകരുടെ മീഡിയാവിഭാഗം ഉത്സാഹിച്ചാൽ ആകർഷകമായ കണ്ടന്റുള്ള സെഷൻ വീഡിയോകളും കലാപരിപാടികളും പ്രേക്ഷകചലനങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് റീലുകളായി എയർ ചെയ്യാവുന്നതാണ്. നല്ല പഞ്ച് കമന്റുകളും വീഡിയോകളും ട്വിറ്ററിലും ചെയ്യാനാകും.

മൂന്നു ഘട്ടങ്ങൾ മേളയുടെ റിയൽ ലൈഫിലുമുണ്ട്. അവിടെ സ്ഥലപരമായ ഒരു ചിതറൽകൂടി കാണാനാകും. കാർണിവൽ നടക്കുന്നത് ബീച്ചിലാണെങ്കിലും ബന്ധപ്പെട്ട പലതരം കൂടിച്ചേരലുകൾ ഹോട്ടൽലോഞ്ചുകളിലും മുറികളിലും ബാറുകളിലുമൊക്കെയായാണ് നടക്കുക. വായനക്കാർ എഴുത്തുകാരെ കാണുന്നു. എഴുത്തുകാർ നിരൂപകരെ കാണുന്നു. പ്രസാധകർ അവർക്കുവേണ്ട എഴുത്തുകാരെയും വായനക്കാരെയും കാണുന്നു. എഴുത്ത്, പ്രസാധനം, സാംസ്കാരികസംഘാടനങ്ങൾ തുടങ്ങിയ വലിയ ആലോചനകൾ നടക്കുന്നു. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കലയും സാഹിത്യവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലാത്ത പ്രണയ- സൗഹൃദക്കൂട്ടായ്മകളും മറ്റു കച്ചവടങ്ങളുംകൂടി പരിഗണിക്കേണ്ടതാണ്.

സാഹിത്യം, സംസ്കാരം, കല, രാഷ്ട്രീയം തുടങ്ങി പ്രേക്ഷകരുടെ ഭിന്നരുചികളെ തൃപ്തിപ്പെടുത്തുന്ന വിധമാണ് സെഷനുകളുടെ സംഘാടനം.

സാഹിത്യം, സംസ്കാരം, കല, രാഷ്ട്രീയം തുടങ്ങി പ്രേക്ഷകരുടെ ഭിന്നരുചികളെ തൃപ്തിപ്പെടുത്തുന്ന വിധമാണ് സെഷനുകളുടെ സംഘാടനം. എഴുത്തുകാരെ ആരാധനയോടെ കാണുന്നവരുണ്ട്. കണ്ട് തൃപ്തിയടയുന്നവരും മിണ്ടാൻ ശ്രമിക്കുന്നവരും കൂട്ടത്തിലൊരു പടം തരപ്പെടുത്താൻ ശ്രമിക്കുന്നവരുമുണ്ട്. അതോടൊപ്പം, എഴുത്തുകാരിൽ ഒരാളെപ്പോലും തിരിച്ചറിയാത്തവരും ഇഷ്ടംപോലെയുണ്ട്. എത്രയോ ആളുകൾ കാർണിവലിന്റെ ആൾക്കൂട്ടാരവങ്ങളുടെ ലഹരിയാസ്വദിക്കാൻ മാത്രമെത്തുന്നു.

പത്രങ്ങൾ ഈ സാഹിത്യോത്സവത്തെ കാര്യമായി സ്വീകരിച്ചിട്ടില്ല. സപ്ലിമെന്റുകൾ ഇറക്കാൻ മാത്രം വിഭവങ്ങൾ പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ഇവിടെനിന്ന് ലഭിക്കുമെങ്കിലും മാധ്യമങ്ങൾ അങ്ങനെയൊരു ശ്രദ്ധ മേളയ്ക്ക് നൽകിയിട്ടില്ല. എന്നിട്ടും പതിനായിരക്കണക്കിന് മനുഷ്യർ വന്നുചേരുന്ന ഈ മേള വിജയമാകുന്നത് അത് സോഷ്യൽമീഡിയയുടെ ഡിസൈനുകളിലേക്ക് ആന്തരികമായും ബാഹ്യമായും ചേർന്നുനിൽക്കുന്നതുകൊണ്ടാണ്. സോഷ്യൽമീഡിയ പലപ്പോഴും സ്വയം അഭിരമിക്കലുകളുടെ വേദിയാണ്. അതുകൊണ്ട് ആളുകൾ അതിനെ സെൽഫികളിലേക്ക് പകർത്തിക്കൊണ്ടുപോവുകയും പലവിധത്തിൽ അഭിരമിക്കുകയും ചെയ്യുന്നതിലൂടെ കാർണിവലും അതിന്റെ സംസ്കാരവ്യവസായവും വിജയിക്കുന്നു.

കേരളത്തിലെ സാഹിത്യോത്സവങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ക്ലോണുകളാണ്. അപൂർവം ചില ഫെസ്റ്റിവലുകളൊഴിച്ചാൽ പേരിൽ പോലും മാറ്റം വരുത്താൻ അത് വിഭാവനം ചെയ്തവർക്കാകുന്നില്ല.

ഏത് ഉത്സവപ്പറമ്പുകളിലുമെന്നതുപോലെ ലിറ്ററേച്ചൽ ഫെസ്റ്റിവലും ജനക്കൂട്ടത്തിന്റെ ഉള്ളകങ്ങളിൽ ആനന്ദത്തിന്റെ ഹോർമോൺ നിറയ്ക്കുന്നതുകൊണ്ട്, വിഭാഗീയതയും വെറുപ്പും തൽക്കാലം മാറിനിൽക്കുന്നു എന്നിടത്ത്, അത് സാംസ്കാരികപ്രതിരോധത്തിന്റെ ഇടമാണ്. ഇതോടൊപ്പം മറവികൾകൂടി സൃഷ്ടിക്കപ്പെടുന്നതിനാൽ ഫണ്ടുചെയ്യാൻ ഭരണകൂടത്തിന് ഇരട്ടയുക്തിയും ലഭിക്കുന്നു.

2016-ൽനിന്ന് 2024-ലെത്തുമ്പോൾ സാഹിത്യോത്സവങ്ങളുടെ ധാരാളം പ്രാദേശികപ്പതിപ്പുകൾ കാണാനാകുന്നു. പട്ടാമ്പി കോളേജ് നടത്തിവരുന്ന കവിതയുടെ കാർണിവലും മാതൃഭൂമിയുടെ ക- ഫെസ്റ്റിവലും ശ്രദ്ധേയമായ ഫെസ്റ്റിവലുകളായി മാറിക്കഴിഞ്ഞു. കാഞ്ഞങ്ങാട്ടുകാരും വയനാട്ടുകാരും കഴിഞ്ഞ വർഷങ്ങളിൽ സ്ഥലപ്പേരു ചേർത്ത് ഫെസ്റ്റിവലുകൾ നടത്തി. ഇപ്പോൾ നരിപ്പറ്റ ഫെസ്റ്റിവലിന്റെയും പോത്തുകൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയുമൊക്കെ പോസ്റ്ററുകൾ കണ്ടു. കോഴിക്കോട്ടു നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വലിയ രീതിയിൽ ജനങ്ങളെ ആകർഷിച്ചു. കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ, കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ നടത്തിയ കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവൽ (KULF) എന്നിവയും ശ്രദ്ധേയമായി. ഇൻസൈറ്റ് പബ്ലിക്ക കഴിഞ്ഞ വർഷം കോഴിക്കോട്ടു നടത്തിയ കേരള ആർട് ഫീസ്റ്റ് അതിന്റെ ഉള്ളടക്കത്തിന്റെയും പരിചരണത്തിന്റെയും രീതികൾകൊണ്ട് വേറിട്ടുനിൽക്കുന്നതായിരുന്നു. ഒലീവ് ബുക്സ് നടത്തിയ കചടതപ സാഹിത്യോത്സവവും ഈ മേഖലയിലെ ശ്രദ്ധേയമായ ഇടപെടലായി. ഇക്കൊല്ലം കേരളസാഹിത്യ അക്കാദമി വക വിപുലമായ അന്താരാഷ്ട്ര സാഹിത്യോത്സവം തൃശൂരിൽ നടക്കാൻ പോകുന്നു.

മാതൃഭൂമി സംഘടിപ്പിച്ച ക ഫെസ്റ്റിവലിൽനിന്ന്

കേരളത്തിലുടനീളം നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ശ്രദ്ധയിൽപ്പെട്ട ചില മേളകളെ കുറിച്ചു മാത്രമാണ് സൂചിപ്പിച്ചത്. ചെറുതും വലുതുമായി എത്രയോ സാഹിത്യോത്സവങ്ങൾ വേറെയും നടക്കുന്നുണ്ടാവണം. ഏതാനും ചില മേളകളൊഴിച്ചാൽ കേരളത്തിലെ സാഹിത്യോത്സവങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ക്ലോണുകളാണ്. അപൂർവം ചില ഫെസ്റ്റിവലുകളൊഴിച്ചാൽ പേരിൽ പോലും മാറ്റം വരുത്താൻ അത് വിഭാവനം ചെയ്തവർക്കാകുന്നില്ല. അതുകൊണ്ടുതന്നെ ഒരു മേളയിൽ പങ്കെടുത്തവർ മറ്റൊന്നിൽ പങ്കെടുക്കേണ്ടതില്ലാത്ത വിധം അതിന്റെ വൈവിധ്യം നഷ്ടപ്പെടുന്നു. ഇക്കാര്യത്തിൽ നമ്മുടെ കാവുത്സവങ്ങളും നേർച്ചകളും പെരുന്നാളുകളും പോലും തനതുവ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവയാണെന്ന് ഓർക്കണം. ഓരോന്നും വ്യത്യസ്തമായതുകൊണ്ട് വൈവിധ്യമാർന്ന അഭിരുചികളെ തൃപ്തിപ്പെടുത്താവുന്ന തരത്തിൽ അത് ജനങ്ങളെ മടുപ്പിക്കാതെ ആകർഷിക്കുന്നു. നമ്മുടെ സാഹിത്യോത്സവങ്ങൾക്കും ഇതിൽനിന്ന് ചിലതു പഠിക്കാനുണ്ട്. എഴുത്തുകാരുടെ മേള മാത്രമായോ, പ്രസാധകരുടെ മേള മാത്രമായോ, വായനക്കാരുടെ മേളയായോ ഒക്കെ സവിശേഷ സിഗ്നേച്ചർ ഓരോ ഫെസ്റ്റിവലും ഉണ്ടാക്കിയെടുക്കേണ്ടതാണ്. ഉള്ളടക്കത്തിന്റെ പരിചരണത്തിലെങ്കിലും മേളകൾ കുറേക്കൂടി സൂക്ഷ്മതകളിലേക്ക് കടക്കേണ്ട കാലമായി.

എഴുത്തുകാർ അവരുടെ സീരിയസ് ആയ വായനക്കാരോട് സംവദിക്കുന്ന ഒരു സെഷൻ പോലും കാണാനായില്ല, കേൾക്കാനായില്ല എന്ന വിഷമം കേരളത്തിലെ ഓരോ സാഹിത്യോത്സവവും ബാക്കിയാക്കുന്നു.

ലോകപ്രശസ്ത ലിറ്ററേച്ചർ ഫെസ്റ്റിവലായ ഹേ ഫെസ്റ്റിവൽ അടിസ്ഥാനപരമായി വായനക്കാരുടെ മേളയാണ്. നഗരത്തിലെ മുക്കിലും മൂലയിലുമുള്ള പലതരം പുസ്തകക്കടകളിലൂടെയുള്ള സഞ്ചാരത്തിന് മേമ്പൊടിയായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. മെൽബൺ റൈറ്റേഴ്സ് ഫെസ്റ്റിവൽ ഓരോ വർഷവും വിഖ്യാതരായ എഴുത്തുകാർക്ക് സവിശേഷമായ തീമുകളോടെ മേളിക്കാനുള്ള വേദിയൊരുക്കുന്നു. സിഡ്നി റൈറ്റേഴ്സ് ഫെസ്റ്റിവൽ എഴുത്തുകാരുടെയും വായനക്കാരുടെയും ഫെസ്റ്റിവലാണ്. ജർമനിയിലെ ഫ്രാങ്ക് ഫർട്ട് ഫെസ്റ്റിവൽ പ്രസാധകരുടെയും ഗ്രന്ഥകാരരുടെയും ലോകത്തെങ്ങുമുള്ള പുസ്തകപ്രേമികളുടെയും ഫെസ്റ്റിവലാണ്. എഡിൻബർഗ് ഫെസ്റ്റിവലും ഹേ ഫെസ്റ്റിവൽ പോലെ നഗരം മുഴുവൻ ഒരു മാസക്കാലം നിറയുന്ന അതിരുകളില്ലാത്ത ആഘോഷത്തിന്റെ ഭാഗമായി നടക്കുന്നതാണ്. ഓക്സ്ഫോർഡ് ഫെസ്റ്റിവൽ യൂണിവേഴ്സിറ്റി നഗരത്തിന്റെ നൂറ്റാണ്ടുകളായുള്ള അറിവുപാരമ്പത്തിൽനിന്നുണ്ടായ മേളയെന്ന വിശേഷത്തിൽ നിൽക്കുന്നു. കൊട്ടാരങ്ങളുടെ നഗരമായ നമ്മുടെ ജയ്പുർ ഫെസ്റ്റിവൽ അതിന്റെ ഉള്ളടക്കത്തിന്റെ ഗരിമയോടൊപ്പം ജനകീയതകൊണ്ടും വേറിട്ടു നിൽക്കുന്നു. മേളയുടെ ഭാഗമായി സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും. ഷാർജ പുസ്തകോൽസവം പ്രധാനമായും പുസ്തകങ്ങളുടെ കച്ചവടത്തിലൂന്നിയ മേളയാണെന്നാണ് എനിക്കു തോന്നിയത്. ഇങ്ങനെ നോക്കിയാൽ കേരളത്തിലെ സാഹിത്യോൽസവങ്ങളിൽ തനതു വ്യക്തിത്വമുള്ളത് കേരള ലിറ്ററേച്ചർ കഴിഞ്ഞാൽ പട്ടാമ്പി കവിതാ കാർണിവലിനു മാത്രമായിരിക്കും. ഇൻസൈറ്റ് കഴിഞ്ഞ വർഷം കോഴിക്കോട്ടു നടത്തിയ മേളയും അതിന്റെ പരിചരണരീതികൾ കൊണ്ട് വേറിട്ടു നിൽക്കുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ നടത്തിയ കണ്ണൂർ യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KULF) സംസാരിക്കുന്ന തമിഴ്നാട് യുവജന ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍

കേരളത്തിലെ നിരവധിയായ സാഹിത്യോത്സവങ്ങൾ സവിശേഷമായ സിഗ്നേച്ചറുകളുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വയനാട്ടിലോ കാഞ്ഞങ്ങാട്ടോ നടക്കുന്ന സാഹിത്യോത്സവത്തിലും അന്വേഷിച്ചുപോയി പങ്കെടുക്കാനുള്ള ഒരു കാരണം ഓരോ മേളയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

എഴുത്തുകാർ അവരുടെ സീരിയസ് ആയ വായനക്കാരോട് സംവദിക്കുന്ന ഒരു സെഷൻ പോലും കാണാനായില്ല, കേൾക്കാനായില്ല എന്ന വിഷമം കേരളത്തിലെ ഓരോ സാഹിത്യോത്സവവും ബാക്കിയാക്കുന്നു. ഇതുപോലെ എഴുത്തുകാരും പ്രസാധകരും വായനക്കാരും തുറന്ന് ഡിബേറ്റു ചെയ്യുന്ന ഒരു സംവിധാനം നമുക്കിനിയും ഉണ്ടാക്കിയെടുക്കാനായിട്ടില്ല. പ്രസാധകരെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അത് ഗോസിപ്പായി മാറുകയും പരസ്പരം ശത്രുതയിലെത്തുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുസ്തകപ്രസാധനവുമായും കോപ്പി റൈറ്റ് നിയമങ്ങളുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ തുറന്ന ഡിബേറ്റുകളിലൂടെ കുറേക്കൂടി സുതാര്യമാകേണ്ടതുണ്ട്. പ്രസാധകരുടെ സാധ്യതകൾ പോലെ എഴുത്തുകാരുടെ അവകാശങ്ങളും പ്രധാനമാണ്. ഇതുപോലെ പ്രസാധകരോടും എഴുത്തുകാരോടും വായനക്കാർക്കും തുറന്നു സംവദിക്കാനുള്ള അവസരങ്ങൾ വേണ്ടതാണ്. എഴുത്ത്- പ്രസാധനം—വില്പന- വായന എന്നിവയ്ക്കിടയിലെ സാംസ്കാരികവും ജനാധിപത്യപരവും നിയമപരവുമായ സൂക്ഷ്മതകൾ തുറന്ന ചർച്ചകൾക്കു വിധേയമാകാനുള്ള ഇടങ്ങൾകൂടി ഉണ്ടാകണം. പ്രമുഖ പ്രസാധക സ്ഥാപനങ്ങൾ നടത്തുന്ന മേളകളേക്കാൾ അതിനു സാധിക്കുക പ്രാദേശികക്കൂട്ടങ്ങളുടെ മേളകൾക്കാവും.

സാഹിത്യോത്സവങ്ങളുടെ ജനകീയത നിലനിർത്തുമ്പോൾത്തന്നെ ചില സിഗ്നേച്ചറുകൾ, സ്ഥിരമായതും മാറിക്കൊണ്ടിരിക്കുന്നതുമായ മോട്ടോകൾ, തീമുകൾ എന്നിവയിലേക്ക് നമ്മുടെ മേളകൾ കുറേക്കൂടി സൂക്ഷ്മമാകേണ്ടതുണ്ട്. മേളകളിലെ കാർണിവൽ മൂഡ് നിലനിർത്തിക്കൊണ്ടു തന്നെ ഇന്നുള്ളതിനെക്കാൾ ഗൗരവമുള്ള പ്രേക്ഷകരെയും മേളകൾ അർഹിക്കുന്നുണ്ട്.

ലോകപ്രശസ്ത ലിറ്ററേച്ചർ ഫെസ്റ്റിവലായ ഹേ ഫെസ്റ്റിവലില്‍ നിന്ന്

അതുകൊണ്ട് ധാരാളമായി സാഹിത്യോൽസവങ്ങളും പുസ്തകോൽസവങ്ങളും ഉണ്ടാകട്ടെ. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവരെക്കൂടി ആകർഷിക്കുന്ന തരത്തിൽ നമ്മുടെ ചില മേളകളെങ്കിലും മാറുകയും ചെയ്യട്ടെ. സമാന്തരമായി മേളകളുടെ ആന്തരികവും ബാഹ്യവുമായ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും അവയുണ്ടാക്കുന്ന രാഷ്ട്രീയ സാംസ്കാരിക മാനങ്ങളെക്കുറിച്ചും ഉള്ള ചർച്ചകളും കൂടി രൂപപ്പെട്ടുവരേണ്ടതുണ്ട്.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments