'ആൾക്കൂട്ടം' ഇനിയും കുഴിക്കപ്പെടാത്ത ഒരു അക്ഷയഖനി

നന്ദിന്റെ "ആൾക്കൂട്ടം' ഇനിയും കുഴിക്കപ്പെടാത്ത ഒരു അക്ഷയഖനിയാണ്. ഇതിനു മുമ്പ് ഇങ്ങനെയൊരു നോവൽ മലയാളഭാവന സങ്കൽപ്പിക്കുകയേ ഉണ്ടായിട്ടില്ല! അമ്പതു വർഷം മുമ്പ്, എഴുപതിൽ, പുറത്തിറങ്ങുമ്പോൾ ഇതിന്റെ അനന്യത കൊണ്ട് അപരിചിതമായതിനെ സമീപിക്കുന്ന അനുഭവമാണ് ആർക്കും ഈ കൃതി നൽകിയത്. പിന്നെ, ഈ നോവൽ നമ്മുടെ സാഹിതീയ കൗതുകത്തിന്റേയും ബുദ്ധിജീവിതത്തിന്റേയും ഒഴിവാക്കാനാവാത്ത ഭാഗമായി. പിന്നിട്ട കാലവും പല വായനകളും അതിനു പുതിയ പുതിയ മുഖങ്ങൾ നൽകി. എന്നിട്ടും, ഇനിയും കണ്ടെടുക്കപ്പെടാത്ത വിളനിലങ്ങൾ ഈ കൃതിയിൽ ഒളിഞ്ഞുകിടക്കുന്നു. ആധുനികതാവാദത്തിന്റെ കാലത്ത് മലയാളി എഴുതിയ മഹാഭാരതം!

അവർ എങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന്, വികാരം കൊണ്ടതെന്ന്, സ്നേഹിച്ചതെന്ന്, നൊന്തതെന്ന് മറ്റൊരാൾക്കും സാധിച്ചിട്ടില്ലാത്ത രീതിയിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം അബോധതലത്തിൽ ആൾക്കൂട്ടം നിർവ്വഹിക്കുകയുണ്ടായി

"ആൾക്കൂട്ട'ത്തിൽ ചരിത്രം വ്യത്യസ്തമായി എഴുതപ്പെട്ടിരിക്കുന്നു! സാഹിത്യകൃതിയിൽ എഴുതപ്പെടുന്ന ചരിത്രം ചരിത്രകാരന്റെ നിർമ്മിതിയായ ചരിത്രമല്ല. ഒരു ചരിത്രകാരനും എഴുതാൻ കഴിയാത്ത ചരിത്രമാണ് ആനന്ദ് എഴുതിയത്. ചരിത്രമെഴുത്തിന്റെ ചിരസമ്മതശീലങ്ങൾക്കകത്തു നിൽക്കാൻ കഴിയാത്ത ചരിത്രം ആനന്ദ് എഴുതി. അത് കേവലം ഭാവനാത്മകമായ ചരിത്രമായിരുന്നില്ല. ഇന്ത്യയുടെ യാഥാർത്ഥ്യവുമായി അതിനു പ്രത്യക്ഷബന്ധമുണ്ടായിരുന്നു. ചരിത്രത്തെ അതിന്റെ വിശദാംശങ്ങളിൽ പരിചയപ്പെടാൻ ആരേയും പ്രാപ്തമാക്കുന്ന രചനയായിരുന്നു അത്. ചരിത്രത്തിൽ വസ്തുനിഷ്ഠതയുണ്ടോയെന്നു സന്ദേഹിക്കുന്ന ഈ കാലത്തും നമുക്കു പറയാൻ കഴിയും, അതിൽ വസ്തുനിഷ്ഠതയുടെ മൂലകങ്ങളുണ്ടായിരുന്നു. എന്നാൽ, വസ്തുനിഷ്ഠതക്കപ്പുറത്തേക്ക് അതു സഞ്ചരിച്ചു. അക്കാലത്തെ ഇന്ത്യയിലെ മനുഷ്യരുടെ ആത്മാവുകൾ എങ്ങനെയെല്ലാമാണ് സ്പന്ദിച്ചിരുന്നതെന്ന് ഈ കൃതിയിൽ എഴുതിയിരിക്കുന്നു. അവർ എങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന്, വികാരം കൊണ്ടതെന്ന്, സ്നേഹിച്ചതെന്ന്, നൊന്തതെന്ന് മറ്റൊരാൾക്കും സാധിച്ചിട്ടില്ലാത്ത രീതിയിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം അബോധതലത്തിൽ ആൾക്കൂട്ടം നിർവ്വഹിക്കുകയുണ്ടായി.

"സുന്ദരിയല്ലാത്ത പെൺകുട്ടി' എന്ന പേരിൽ താൻ ഒരു കഥ രചിച്ചിരുന്നതായി ഒരു കത്തിൽ എം. ഗോവിന്ദന് ആനന്ദ് എഴുതുന്നുണ്ട്. "സ്വഭാവരഹിതമായ ആൾക്കൂട്ടത്തിൽ ലയിച്ച് അസുന്ദരനായി തീർന്ന ഒരു മനുഷ്യൻ സുഖവും ദു:ഖവും കലർന്ന ജീവിതത്തിലേക്കു മടങ്ങി വരുന്നതാണ് ആ കഥയുടെ പ്രമേയ'മെന്ന് കത്തിൽ പറയുന്നു. "ആൾക്കൂട്ടം' എഴുതുകയെന്നത് ഒരു ആവശ്യമായി തീർന്നത് ആ രചനയ്ക്കു ശേഷമാണെന്ന് ആനന്ദ് എഴുതിയിരിക്കുന്നു.

ജീവിതമന്വേഷിച്ച് അന്യദേശങ്ങളിൽ നിന്നും നഗരത്തിൽ എത്തിപ്പെട്ട കുറേ യുവാക്കൾ; ജോസഫും സുനിലും സുന്ദറും രാധയും ലളിതയും പ്രേമും, ആൾക്കൂട്ടത്തിൽ മുഖമില്ലാതെ അലയുന്നു.

"എത്ര കോണിപ്പടികളായി കയറിയിറങ്ങുന്നു.
എത്രയോ മനുഷ്യർ തനിക്ക് അനുകൂലമായും പ്രതികൂലമായും കടന്നുപോയി.
ഈ ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും മുമ്പുകണ്ട വേറൊരാളെ തിരിച്ചറിയുന്നുണ്ടോ?
ഒരാൾക്കു മറ്റുള്ളവരുമായുള്ള ബന്ധമെന്താണ്?
അവരുടെ മുമ്പിൽ ഓരോരുത്തരും ഓരോ വസ്തു മാത്രം.'

മനുഷ്യൻ കേവലവസ്തുക്കളായി മാറിയ ലോകത്തിൽ എങ്ങനെയൊക്കെയോ അവർ കണ്ടുമുട്ടുന്നു. പരസ്പരം സംവദിക്കുകയെന്നത് അവർക്കാവശ്യമായിരുന്നു. മുഖം നഷ്ടപ്പെട്ട ലോകത്ത് തങ്ങളുടെ മുഖങ്ങളെ തിരിച്ചുപിടിക്കുകയെന്ന മനസ്സിന്റെ പ്രേരണയായിരിക്കണം അവരെ ഏതോ ബിന്ദുക്കളിൽ സന്ധിപ്പിക്കുന്നത്. ഒരു ലോഡ്ജ് മുറിയിലോ റസ്റ്റോറന്റിലോ ആസാദ് മൈതാനത്തിന്റെ പുൽത്തകിടിയിലോ ഇരുന്ന് ഇവർ പങ്കിട്ട വിചാരങ്ങളുടേയും ദു:ഖങ്ങളുടേയും പ്രതീക്ഷകളുടേയും നിരാശകളുടേയും ലോകത്തെ ആവിഷ്‌കരിച്ചു കൊണ്ടാണ് ആനന്ദിന്റെ നോവൽ എഴുതപ്പെട്ടിരിക്കുന്നത്. അവർ പങ്കുവച്ച ആശയങ്ങൾ തങ്ങളുടെ ജീവിതത്തിൽ നിന്നും അവർ രൂപപ്പെടുത്തിയെടുത്തവയായിരുന്നു. ജോസഫിന്റേയും സുനിലിന്റേയും സങ്കടകരമായ പരിണാമങ്ങൾ അവരുടെ ആശയലോകങ്ങൾക്ക് യോജിക്കുന്ന വിധത്തിലായിരുന്നു. പട്ടാളത്തിൽ ചേരുന്ന ജോസഫ് വായനക്കാരനെ അമ്പരപ്പിക്കുന്നുണ്ട്. എന്നാൽ, പ്രശ്നപരിഹാരങ്ങൾക്ക് ആക്രാമകമായ ഇടപെടലുകളെ സാദ്ധ്യമാകൂ എന്നു കരുതുന്നവന്റെ കീഴടങ്ങൽ പട്ടാളക്യാമ്പിലാണ് അവസാനിക്കുക! ജീവിതത്തെ കുറിച്ച് അസംബന്ധപൂർണ്ണമായ ആശയങ്ങൾ സൂക്ഷിക്കുന്ന സുനിൽകുമാർ ഘോഷ് അസംബന്ധത്തിൽ പെട്ടു നിൽക്കുന്ന നിലയിലാണ് നോവൽ അവസാനിക്കുന്നത്. എല്ലാം ശൂന്യത ആവാഹിച്ചെടുത്തിരിക്കുന്നു. ജീവിതമെന്ന പോലെ മരണവും വിഡ്ഢിത്തമാണെന്ന് അയാൾക്കു തോന്നുന്നു.

ആനന്ദിന്റെ എഴുത്തിന്റെ സാമാന്യരീതിശാസ്ത്രം "ആൾക്കൂട്ട'ത്തിൽ തന്നെ രൂപപ്പെട്ടിരുന്നു. സാഹിത്യം പ്രശ്നീകരണത്തിന്റെ വലിയ വാതിലുകൾ തുറന്നുവയ്ക്കണമെന്ന് ആനന്ദ് ആഗ്രഹിക്കുന്നുണ്ട്. ഈ നോവലിലെ സുഹൃത്തുക്കളുടെ സംഭാഷണങ്ങളിൽ ഈ പ്രവണത രൂപപ്പെടുന്നതു നമുക്കു കാണാം. ജീവിതപ്രശ്നങ്ങളെ കുറിച്ച് ധൈഷണിക സംവാദങ്ങളിലേർപ്പെടുന്നവരെ അവതരിപ്പിച്ചു കൊണ്ട് യാഥാർത്ഥ്യത്തിന്റെ വിവിധവും വ്യത്യസ്തവുമായ മുഖങ്ങളെ അവതരിപ്പിക്കുന്ന രീതി മറ്റു കൃതികളിലും കണ്ടെത്താവുന്നതാണല്ലോ. എഴുത്തിനു സാദ്ധ്യമാകുന്നത് പ്രശ്നീകരണമാണെന്ന ബോദ്ധ്യം പിൽക്കാലകൃതികളിൽ വളരുന്നുമുണ്ട്. ഇതിന്നകം പലരും നിരീക്ഷിച്ചിട്ടുള്ളതു പോലെ ജോസഫും സുനിലും രാധയുമെല്ലാം അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങളിലാണ് ഉഴറുന്നത്. ജീവിതം തുടരുമ്പോഴും അസ്തിത്വം അജ്ഞാതമായിരിക്കുന്നു. പ്രഹേളികയായി, കെട്ടിയേൽപ്പിക്കപ്പെട്ട വിധിയായി അതു പ്രത്യക്ഷപ്പെടുന്നു. ആൾക്കൂട്ടത്തിൽ പെട്ട് സ്വത്വം നഷ്ടപ്പെടുന്നവർ അതിനെ തിരിച്ചു പിടിക്കാനായി ഒത്തുചേരുകയും തങ്ങളുടെ വ്യക്തിത്വം സൂക്ഷിക്കുന്ന വാക്കുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ സുഹൃത്തുക്കളുടെ ഒത്തുചേരൽ സ്വത്വത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, അനിവാര്യമെന്നോണം കീഴടങ്ങുന്നു.

ജീവിതമന്വേഷിച്ച് അന്യദേശങ്ങളിൽ നിന്നും നഗരത്തിൽ എത്തിപ്പെട്ട കുറേ യുവാക്കൾ; ജോസഫും സുനിലും സുന്ദറും രാധയും ലളിതയും പ്രേമും, ആൾക്കൂട്ടത്തിൽ മുഖമില്ലാതെ അലയുന്നു

അസ്തിത്വപ്രശ്നത്തെ മദ്ധ്യവർഗത്തിന്റെ വൈരസ്യമായിട്ടല്ല, ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമായി ആനന്ദ് ആവിഷ്‌ക്കരിക്കുന്നു.

1957നും 1962നും ഇടയ്ക്കുള്ള നഗരമാണ് നോവലിൽ ചിത്രണം ചെയ്യപ്പെടുന്നത്. നാൽപ്പതോ അമ്പതോ ലക്ഷം ജനങ്ങൾ പാർക്കുന്ന നഗരം. ഇപ്പോൾ നഗരത്തിന്റെ പേരു പോലും മാറിയിരിക്കുന്നു! ജനസംഖ്യ രണ്ടു കോടിയിലേറെയായിരിക്കുന്നു. നഗരത്തിന്റെ വിസ്തീർണ്ണവും നാലോ അഞ്ചോ മടങ്ങു കൂടിയിട്ടുണ്ടാകണം. നഗരം എത്ര മാറിയിട്ടുണ്ടാകണം! തീവണ്ടികൾ, റോഡുകൾ, ഓഫീസ് മുറികൾ, ലോഡ്ജുകൾ, മനുഷ്യർ ... എല്ലാം മാറിയിട്ടുണ്ടാകണം. ജോസഫിനേയും സുനിലിനേയും സുന്ദറിനേയും രാധയേയും പോലെ ഒരു പുൽമൈതാനത്തിലിരുന്ന് മനുഷ്യന്റെ ഭാവിയെ കുറിച്ച് തർക്കിക്കുന്നവർ ഇപ്പോഴും അവിടെയുണ്ടാകുമോ? നഗരം മുഴുവൻ രാമസ്വാമിമാർ കയ്യേറിക്കഴിഞ്ഞില്ലേ? എല്ലാറ്റിനേയും കൈരേഖാശാസ്ത്രത്തിലും ശിവശക്തിയിലും നടരാജനൃത്തത്തിലും എത്തിക്കുന്നവർ! അടിച്ചുപൊളിച്ചു തിമിർക്കുന്നതിനോ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനോ ഉള്ള തത്രപ്പാടിന്നിടയിൽ, ജീവിച്ചു തീർക്കാനുള്ള തിരക്കിന്നിടയിൽ ഇപ്പോൾ ആരെങ്കിലും ജീവിതത്തെ കുറിച്ചു ചിന്തിക്കുന്നുണ്ടോ? ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ, മുംബൈ നഗരം കൊറോണ വൈറസിന്റെ പിടിയിൽ പെട്ടു വീർപ്പുമുട്ടുകയാണ്. ധാരാവി പോലുള്ള ചേരി പ്രദേശങ്ങളിൽ മഹാമാരി വ്യാപിക്കുകയാണ്. നഗരത്തിൽ ആയിരം പേരോളം മരിച്ചിരിക്കുന്നു. മുപ്പതിരട്ടി ആളുകൾക്ക് രോഗം ബാധിച്ചിരിക്കുന്നു. തൊഴിലന്വേഷിച്ച് ആ നഗരത്തിലേക്കു പോയ നോവലിലെ ജോസഫിന്റെ പിൻതലമുറ ഏതു വിധേനയും നാട്ടിലേക്കു തിരിച്ചു വരുന്നതിനായി തിരക്കു കൂട്ടുകയാണ്.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments