നവോത്ഥാന പ്രസ്ഥാനത്തിന്റെയോ സാമൂഹിക യഥാതഥവാദത്തിന്റെയോ എഴുത്തുകാരെന്നു വിളിക്കപ്പെട്ട തകഴിയുടെയും ബഷീറിന്റെയും ദേവിന്റെയും മറ്റും തലമുറയുടെ തുടർച്ചയിൽ മലയാളത്തിൽ ആവിർഭവിച്ച ആധുനികതാവാദം സൃഷ്ടിച്ച നോവലിസ്റ്റുകളിൽ ഒരാളായിട്ടാണ് ആനന്ദ് അറിയപ്പെടുന്നത്.
1970 മാർച്ചിൽ ആനന്ദിന്റെ ആദ്യത്തെ നോവൽ ആൾക്കൂട്ടം പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു വർഷം മുന്നേ അത് എഴുതി പൂർത്തീകരിക്കപ്പെട്ടിരുന്നു. എഴുത്തുകാരൻ അത് എം. ഗോവിന്ദനു നൽകുന്നു. നോവലിസ്റ്റിന്റെ നാമം പുസ്തകത്തോടൊപ്പം ചേർക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ആനന്ദിന് ഉണ്ടായിരുന്നതത്രെ. എഴുതിത്തീരുന്നതോടെ എഴുത്തുകാരൻ പിൻവാങ്ങണമെന്ന വിശ്വാസമാണ് ഈ അഭിപ്രായത്തിൽ പ്രകടിതമായിരുന്നത്. അവസാനമില്ലാതെ പണിതുകൊണ്ടിരിക്കുന്ന ഒറ്റക്കൽശിൽപ്പമായി സാഹിത്യത്തെ കാണുന്ന തന്റെ വിചാരങ്ങൾ അദ്ദേഹം ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഇപ്പോഴും എപ്പോഴും പുനർവ്യാഖ്യാനങ്ങൾക്കും പുനഃസൃഷ്ടിക്കും വഴങ്ങുന്ന ഇതിഹാസങ്ങളുടെ ജൈവത സാഹിത്യത്തിനുണ്ടായിരിക്കണമെന്ന് ആനന്ദ് കരുതുന്നു. എം. ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് ഗ്രന്ഥകാരന്റെ നാമം ആൾക്കൂട്ടത്തിൽ ചേർക്കപ്പെട്ടത്. നോവലിന്റെ രണ്ടാം പതിപ്പ് 1978- ലാണ് പ്രസിദ്ധീകൃതമാകുന്നത്. എഴുപതുകളിലെ കേരളത്തിലെ വായനാസമൂഹം വളരെ പതുക്കെയാണ് ഈ പുസ്തകത്തെ സ്വീകരിച്ചതെന്നാണ് ഇതു കാണിക്കുന്നത്.

എന്നാൽ, ഇതിനുമുന്നേ ഇങ്ങനെയൊരു നോവൽ മലയാളഭാവന സങ്കൽപ്പിക്കുകയേ ഉണ്ടായിട്ടില്ല. ഈ നോവൽ അതിന്റെ അനന്യത കൊണ്ട് അപരിചിതമായതിനെ സമീപിക്കുന്ന അനുഭവമാണ് ആർക്കും നൽകിയത്. എന്നാൽ, പിന്നീട് ഈ കൃതിയുടെ വായന ത്വരിതഗതിയിലാകുന്നുണ്ടെന്നു കരുതണം. കഴിഞ്ഞ 55 വർഷങ്ങളിൽ, മലയാളത്തിലെ ഗൗരവശാലികളായ വായനക്കാരുടെ പ്രധാനപ്പെട്ട പുസ്തകങ്ങളിലൊന്നായി ഇതു മാറിത്തീർന്നിട്ടുണ്ട്.
മലയാളിയുടെ സാഹിതീയ ഭാവുകത്വത്തെ നവീകരിക്കുന്നതിൽ ആൾക്കൂട്ടം വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്നാണ് ഇതിന്റെ അർത്ഥം. ഈ നോവൽ നമ്മുടെ സാഹിതീയ കൗതുകത്തിന്റേയും ബുദ്ധിജീവിതത്തിന്റേയും ഒഴിവാക്കാനാവാത്ത ഭാഗമായി. പിന്നിട്ട കാലവും പല വായനകളും അതിനു പുതിയ മുഖങ്ങളും പുതിയ പാഠങ്ങളും പുതിയ ജീവിതവും നൽകി. എന്നിട്ടും, ഇനിയും കണ്ടെടുക്കപ്പെടാത്ത വിളനിലങ്ങൾ ഈ കൃതിയിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
ആനന്ദിന്റെ 'ആൾക്കൂട്ടം' ഇനിയും പൂർണ്ണമായി കുഴിക്കപ്പെടാത്ത ഒരു അക്ഷയഖനിയാണ്. ആധുനികതാവാദത്തിന്റെ കാലത്ത് എഴുതപ്പെട്ട ഈ കൃതി ഒരു കേരളീയ നോവലായിരുന്നില്ല, ഒരു പാൻ ഇന്ത്യൻ നോവലായിരുന്നു. പാൻ ഇന്ത്യൻ സ്വഭാവമുള്ള നോവലുകൾ മലയാളത്തിൽ വളരെയേറെ ഇപ്പോഴും എഴുതപ്പെട്ടിട്ടില്ലല്ലോ? അറുപതുകളുടെ ഉത്തരാർദ്ധത്തിൽ ആനന്ദ് അത് എഴുതി. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് തൊഴിലും ജീവിതവും അന്വേഷിച്ച് ബോംബെ നഗരത്തിൽ എത്തിപ്പെട്ട കുറേ യുവാക്കളുടെ - ജോസഫും സുനിലും സുന്ദറും രാധയും പ്രേമും ലളിതയും - അനുഭവലോകങ്ങളെയാണ് ആനന്ദ് എഴുതിയത്. ഈ നോവലിന്റെ വിശാലമായ മാനങ്ങളെ നോക്കി ഇപ്പോൾ നമുക്കു പറയാൻ കഴിയും - ആൾക്കൂട്ടം ആധുനികതാവാദത്തിന്റെ കാലത്തെ ഒരു മലയാളി എഴുതിയ മഹാഭാരതമാണ്. അതിന് ഇനിയും ഏറെ പാഠങ്ങളും വ്യാഖ്യാനങ്ങളും എഴുതപ്പെടാനിരിക്കുന്നു.
ആൾക്കൂട്ടം, മരുഭൂമി, വിഭജനങ്ങൾ, മരണസർട്ടിഫിക്കറ്റ്, നിലനിൽപ്പ്, ബന്ധനം, കാത്തിരിപ്പ്, വിഗ്രഹം, ഭ്രമണപഥം, കാട്ടുതീ, അണക്കെട്ട്...ഇങ്ങനെ സവിശേഷമായ ചില വാക്കുകൾ തന്നെ ഇതേ പേരുകളിലുള്ള ആനന്ദിന്റെ രചനകൾക്ക് പ്രചോദനമായിട്ടുണ്ടോ?
ആനന്ദിന്റെ കഥകളെ കുറിച്ച് കെ.സി. നാരായണന്റെ ഏറെ കൗതുകമുളവാക്കുന്ന ഒരു നിരീക്ഷണമുണ്ട്. ഭാവിയിൽ എഴുതാനിരിക്കുന്ന നോവലുകളുടെ പ്രമേയസ്ഥലങ്ങളെ ആദ്യം സന്ദർശിക്കുന്ന നിരീക്ഷകരാണ് ആനന്ദിന്റെ കഥകളെന്ന് കെ.സി എഴുതുന്നു. ഗോവർധൻ എന്ന കഥയ്ക്കു ശേഷം ഗോവർധന്റെ യാത്രകൾ വരുന്നു. അഭയാർത്ഥികൾ എന്ന കഥയ്ക്കു ശേഷം അഭയാർത്ഥികൾ എന്ന നോവൽ വരുന്നു. ആൾക്കൂട്ടത്തിനും അങ്ങനെയൊരു കൗതുകകഥയുണ്ടെന്ന് കെ.സി.നാരായണൻ പറയുന്നു. 'സുന്ദരിയല്ലാത്ത പെൺകുട്ടി' എന്ന പേരിൽ താൻ ഒരു കഥ രചിച്ചിരുന്നതായി ഒരു കത്തിൽ എം. ഗോവിന്ദന് ആനന്ദ് എഴുതുന്നുണ്ട്. 'സ്വഭാവരഹിതമായ ആൾക്കൂട്ടത്തിൽ ലയിച്ച് അസുന്ദരനായി തീർന്ന ഒരു മനുഷ്യൻ സുഖവും ദു:ഖവും കലർന്ന ജീവിതത്തിലേക്കു മടങ്ങിവരുന്നതാണ് ആ കഥയുടെ പ്രമേയ' മെന്ന് കത്തിൽ പറയുന്നു. ആൾക്കൂട്ടം എഴുതുകയെന്നത് ഒരു ആവശ്യമായി തീർന്നത് ആ രചനയ്ക്കു ശേഷമാണെന്ന് ആനന്ദ് ഗോവിന്ദനയച്ച കത്തിൽ എഴുതിയിരിക്കുന്നു. കെ.സിയുടെ നിരീക്ഷണം ഔൽസുക്യം സൃഷ്ടിക്കുന്നതാണെന്നു തീർച്ച.

ആനന്ദിന്റെ പല രചനകളെ കുറിച്ചും പറയാവുന്ന മറ്റൊരു അഭിപ്രായമുണ്ട്. ആൾക്കൂട്ടം എന്ന വാക്കിൽ നിന്നാണോ ആൾക്കൂട്ടം എന്ന നോവൽ ഉരുവം കൊണ്ടതെന്ന് ആലോചിക്കാവുന്നതല്ലേ? ആൾക്കൂട്ടം, മരുഭൂമി, വിഭജനങ്ങൾ, മരണസർട്ടിഫിക്കറ്റ്, നിലനിൽപ്പ്, ബന്ധനം, കാത്തിരിപ്പ്, വിഗ്രഹം, ഭ്രമണപഥം, കാട്ടുതീ, അണക്കെട്ട്...ഇങ്ങനെ സവിശേഷമായ ചില വാക്കുകൾ തന്നെ ഇതേ പേരുകളിലുള്ള ആനന്ദിന്റെ രചനകൾക്ക് പ്രചോദനമായിട്ടുണ്ടോ? വിഭജനങ്ങൾ എന്ന വാക്കിൽ നിന്നു തുടങ്ങി രാഷ്ട്രങ്ങളുടെ വിഭജനങ്ങൾ, വംശീയ വിഭജനങ്ങൾ, മതവിഭജനങ്ങൾ എന്നിവയിലൂടെയെല്ലാം സഞ്ചരിച്ച് അണുവിഭജനങ്ങൾ വരെ വികലനങ്ങൾക്കു വിധേയമാക്കിയ ആനന്ദിന്റെ ആഖ്യാനം ഓർക്കുക. പഞ്ചേന്ദ്രിയങ്ങളെ തുടക്കമായി സ്വീകരിച്ചു കൊണ്ട് ആനന്ദ് എഴുതിയ കഥകൾ -കാഴ്ച, കേൾവി, ഗന്ധം, സ്പർശം, രുചി എന്നീ ശീർഷകങ്ങളിലുള്ള കഥകൾ- വാക്കുകളുടെ അതീവക്ഷമതയുള്ള ആവിഷ്‌ക്കരണശേഷിയിൽ നിന്ന് ഉയിർക്കൊള്ളുന്നതാണ്. വാക്കിന് നിയതമായ അർത്ഥങ്ങളില്ലല്ലോ? വാക്ക് തെന്നിമാറുന്ന അർത്ഥങ്ങളുള്ളവയാണെന്ന് ഭാഷാശാസ്ത്രകാരന്മാർ പറയുന്നു. നിരന്തരം പരിവർത്തിക്കാനുള്ള വാക്കിന്റെ ക്ഷമതയെ അറിയുന്ന കഥാകാരൻ അതിന്റെ നാനാർത്ഥങ്ങളെയും സവിശേഷാർത്ഥങ്ങളെയും കഥകളായി എഴുതുകയാണ്.
വാക്കിന്റെ ജീവിതം അന്വേഷിക്കുന്ന എഴുത്തുകാരൻ ഭൂമിജീവിതത്തെ, മനുഷ്യജീവിതത്തെ തന്നെയാണ് അന്വേഷിക്കുന്നതും കണ്ടെത്തുന്നതും. തെന്നിമാറുന്ന അർത്ഥങ്ങളുള്ള വാക്കുകൾ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തേയും ചലനക്ഷമതയേയും സംരക്ഷിക്കുകയും വർദ്ധമാനമാക്കുകയും ചെയ്യുന്നു. വാക്ക് ചെറുകഥകൾക്കു മാത്രമല്ല, നോവൽ ആഖ്യാനങ്ങൾക്കും വഴി തുറക്കുന്നു. ആനന്ദിനെ പോലെ വിചാരശീലനായ ഒരു എഴുത്തുകാരന് ആൾക്കൂട്ടം എന്ന വാക്ക് നൽകുന്ന പ്രചോദനവും സാദ്ധ്യതകളും ചെറുതായിരിക്കില്ലെന്ന് നാം ഗ്രഹിക്കണം. വാക്ക് പുതിയ വിചാരങ്ങൾക്കും ചിന്തകൾക്കും തിരി കൊളുത്തുന്നു. എഴുത്തുകാരന്റെ വിചാരങ്ങൾ വലുതും ചെറുതുമായ ആഖ്യാനങ്ങളായി പരാവർത്തനം ചെയ്യപ്പെടുന്നു. ഇത് വളരെ അമൂർത്തമായ ഒരു വിചാരമാണെങ്കിലും ഇങ്ങനെ പറയാം: ആനന്ദിന്റെ കുറെയേറെ രചനകൾ; അതിൽ അദ്ദേഹം രചിച്ച ഏറ്റവും നല്ല രചനകളും ഉൾപ്പെടും, വാക്കിന്റെ കാന്തശക്തിയിൽ പെട്ട് എഴുതപ്പെട്ടതാണ്. ആനന്ദിന്റെ രചനകളുടെ ഏകസ്രോതസ്സ് ഇതാണെന്നു പറയുകയല്ല. അതിന്റെ ഉത്ഭവസ്ഥാനങ്ങൾ പലതാണെന്നു തീർച്ച. എന്നാൽ, വിചാരശീലനായ ഈ എഴുത്താളിനെ ഭാഷയിലെ ചില വാക്കുകൾ എഴുത്തിലേക്കു നേരിട്ടു കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്.
വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് കേവലമായി നയിക്കപ്പെടുന്ന രചനകൾ ആനന്ദിന്റെ തൂലിക ആഗ്രഹിക്കുന്നില്ല. വൈകാരികതകളുടെ ആവിഷ്‌ക്കരണത്തിനപ്പുറം ധിഷണയുടെ ഒരു ലോകമാണ് ആനന്ദ് തുറക്കുന്നതെന്നും പറയണം.
ആനന്ദിന്റെ ആഖ്യാനങ്ങൾ സവിശേഷമായ ചില വാക്കുകളിൽ നിന്ന് ഉയിരെടുക്കുന്നുവെന്നു പറഞ്ഞാൽ, സാഹിത്യകൃതിയെ കേവലം ഭാഷാലീലയായി കാണുന്നുവെന്ന് അർത്ഥമാക്കരുത്. ആ കഥകളിൽ ജീവിതവും ചരിത്രവും നീതിയെ കുറിച്ചുള്ള ഉൽക്കണ്ഠകളും ഇരമ്പിയാർക്കുന്നതാണ് നാം കേൾക്കുന്നത്. ആനന്ദിന്റെ ആഖ്യാനങ്ങളിലെ താക്കോലുകളായ വാക്കുകൾ ജീവിതത്തിന്റേയും സമൂഹത്തിന്റേയും പ്രതിബിംബങ്ങൾ തന്നെയാണ്. നിരന്തരം പരിണമിക്കാനുള്ള വാക്കിന്റെ ശേഷികൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, ജീവിതസാഹചര്യങ്ങളെ രേഖപ്പെടുത്താൻ ശക്തിയുള്ളവയാണ്. വാക്കിന്റെ അനന്തമായ ശേഷി ആഖ്യാനത്തിന് പാഠാന്തരത്വങ്ങളും അനേകവ്യാഖ്യാനങ്ങളും നൽകുന്നു. ആനന്ദിന്റെ എഴുത്തിന് സാമാന്യമായ ഒരു രീതിശാസ്ത്രമുണ്ടെങ്കിൽ അത് ആൾക്കൂട്ടത്തിൽ തന്നെ രൂപപ്പെട്ടിരുന്നു.
സാഹിത്യം പ്രശ്‌നീകരണത്തിന്റെ വലിയ വാതിലുകൾ തുറന്നുവയ്ക്കണമെന്ന് ആനന്ദ് ആഗ്രഹിക്കുന്നുണ്ട്. ഈ നോവലിലെ സുഹൃത്തുക്കളുടെ സംഭാഷണങ്ങളിൽ ഈ പ്രവണത രൂപപ്പെടുന്നതു നമുക്കു കാണാം. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും സംഭാഷണങ്ങളും സമൂഹത്തേയും ജീവിതത്തേയും കുറിച്ചുള്ള ഉൽക്കണ്ഠകളെ വായനക്കാരിലേക്കു പകരുന്ന മാദ്ധ്യമങ്ങളായി തീരുന്നു.
ജീവിതപ്രശ്‌നങ്ങളെ കുറിച്ച്, ജനാധിപത്യത്തെ കുറിച്ച്, മനുഷ്യാവകാശങ്ങളെ കുറിച്ച് ധൈഷണിക സംവാദങ്ങളിലേർപ്പെടുന്നവരെ അവതരിപ്പിച്ചു കൊണ്ട്, യാഥാർത്ഥ്യത്തിന്റെ വിവിധവും വ്യത്യസ്തവുമായ മുഖങ്ങളെ അവതരിപ്പിക്കുന്ന രീതി പല കൃതികളിലും കണ്ടെത്താവുന്നതാണ്. എന്നാൽ, നോവലായി മാത്രം എഴുതാൻ കഴിയുന്നതാണ് നോവലായി എഴുതപ്പെടുന്നതെന്നും പറയണം. ആനന്ദിന്റെ നോവൽകൃതി ഉപന്യാസത്തോട് അടുത്തുനിൽക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നുവരുണ്ടെങ്കിലും ഉപന്യാസമായി എഴുതേണ്ടത് നോവലായി എഴുതപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സന്ദേഹങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും പ്രശ്‌നീകരണങ്ങളുടെയും ലോകത്തെ വായനക്കായി തുറന്നുവയ്ക്കുന്ന രീതിയാണ് ആനന്ദിന്റെ നോവൽകല സ്വീകരിക്കുന്നത്. ഉപന്യാസങ്ങൾ അങ്ങനെയല്ലെന്ന് ഉറപ്പാണല്ലോ? എഴുത്തിനു സാദ്ധ്യമാകുന്നത് പ്രശ്‌നീകരണമാണെന്ന ഈ ബോദ്ധ്യം പിൽക്കാല കൃതികളിൽ വളരുന്നുമുണ്ട്. ആനന്ദ് നോവലിനെ പ്രശ്‌നീകരണത്തിനുള്ള മാദ്ധ്യമമാക്കി മാറ്റുന്നു. ആനന്ദിന്റെ നോവൽ നൽകുന്ന രസാനുഭൂതി ഈ പ്രശ്‌നീകരണങ്ങളുടെയും പങ്കുവയ്ക്കലിന്റെയും തുടർച്ച മാത്രമാണ്.

വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് കേവലമായി നയിക്കപ്പെടുന്ന രചനകൾ ആനന്ദിന്റെ തൂലിക ആഗ്രഹിക്കുന്നില്ല. വൈകാരികതകളുടെ ആവിഷ്‌ക്കരണത്തിനപ്പുറം ധിഷണയുടെ ഒരു ലോകമാണ് ആനന്ദ് തുറക്കുന്നതെന്നും പറയണം. വിചാരശീലരും സാമൂഹികജീവിതത്തെ കുറിച്ച് ഉൽക്കണ്ഠാകുലരുമായ ധിഷണാശാലികളാണ് ആനന്ദിന്റെ പ്രധാന കഥാപാത്രങ്ങൾ. വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളിൽ നിന്നു വന്നവരാണെങ്കിലും ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങൾ മദ്ധ്യവർഗ്ഗക്കാരാണെന്നു കൂടി പറയണം.
അടുക്കും ക്രമവും ചിട്ടയുമുള്ള ഭാഷയിലാണ് ആനന്ദ് എഴുതുന്നത്. കൃമീകൃതമായ ഭാഷാശൈലി ശാസ്ത്രപ്രബന്ധങ്ങളോളം കൃത്യതയും സൂക്ഷ്മതയും പുലർത്തുന്നതാണ്. എന്നാൽ, അതീവ ലളിതവുമാണത്. നോവലിസ്റ്റും കഥാകാരനും കവിയും ഉപന്യാസകാരനും ടെറാക്കോട്ട ശിൽപ്പിയുമായ ആനന്ദ് ശാസ്ത്രവും സാങ്കേതികവിദ്യയും പഠിക്കുകയും മിലിട്ടറിയിൽ എഞ്ചിനീയറായി പണിയെടുക്കുകയും ചെയ്തയാളാണ്. മനുഷ്യരുടെ പ്രധാനപ്പെട്ട രണ്ടു വ്യവഹാര മണ്ഡലങ്ങൾ - കലയും ശാസ്ത്രവും - അവയുടെ എല്ലാ വ്യതിരിക്തതകളോടെയും ആനന്ദിന്റെ ജീവിതത്തിലെ അനുഭവ മണ്ഡലങ്ങളായിട്ടുണ്ടെന്നും ഇവ പരസ്പരം സംവദിച്ചിട്ടുണ്ടെന്നും തീർച്ചയാണ്. ശാസ്ത്രം പഠിച്ചതിലൂടെ ആർജ്ജിച്ചെടുത്ത ക്രമവും സൂക്ഷ്മതയും സാഹിത്യരചനകളിലേക്കു പകരുകയാണോ ആനന്ദ് ചെയ്തത്? ആനന്ദിന്റെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പ്രാദേശിക ഭാഷാഭേദങ്ങളിലേക്കോ സവിശേഷ സാംസ്‌കാരികത്തനിമകളിലേക്കോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നില്ല. മിക്കവാറും മാനകഭാഷയിലാണ് അവർ സംസാരിക്കുന്നതെന്നു പറയണം. അങ്ങനെ, അവർ സാമാന്യവൽക്കരിക്കപ്പെട്ട ലോകത്തിലെ മനുഷ്യരാണ്. സാമാന്യ മനുഷ്യരും അവരുടെ സംഭാഷണങ്ങളിലെ മാനകഭാഷയും നമ്മുടെ കഥാകാരന്റെ രചനാലക്ഷ്യങ്ങൾക്ക് ഉതകുന്നതായിരുന്നു.
ജോസഫിന്റേയും സുനിലിന്റേയും സങ്കടകരമായ പരിണാമങ്ങൾ അവരുടെ ആശയലോകങ്ങൾക്ക് യോജിക്കുന്ന വിധത്തിലായിരുന്നുവെന്ന് ഒരു വീണ്ടുവിചാരത്തിൽ നമുക്കു പറയാൻ കഴിയുന്നുണ്ടോ?
ആൾക്കൂട്ടം വിപുലമായ അർത്ഥത്തിൽ മനുഷ്യാസ്തിത്വത്തിന്റെ പ്രശ്‌നങ്ങളുടെ സവിശേഷമായ ഒരു ആവിഷ്‌ക്കരണമാണ്. അസ്തിത്വം ഒരു പ്രഹേളികയായോ അജ്ഞാതവും നിസ്സഹായവുമായ അവസ്ഥയായോ കെട്ടിയേൽപ്പിക്കപ്പെട്ട വിധിയായോ ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. അസ്തിത്വത്തിന്റെ പ്രശ്‌നം ചരിത്രത്തോടെന്ന പോലെ നീതിവിചാരവുമായി കണ്ണിചേർക്കപ്പെടുന്നു. ജീവിതം എന്താണെന്ന പഴയ ചോദ്യം മനുഷ്യരാശിയുടെ നീണ്ടപ്രയാണത്തിനു ശേഷം, നമ്മുടെ കാലമെത്തുമ്പോൾ, ഈ നോവലിലെന്ന പോലെയാകും ആവിഷ്‌ക്കരിക്കപ്പെടുക. അസ്തിത്വവ്യഥയിൽ മുങ്ങി ജീവിതം തകരുന്നതിന്റെ ബൃഹത്ചിത്രങ്ങൾ ആനന്ദ് രചിച്ചിട്ടില്ലെന്ന് ആനന്ദിന്റെ കൃതികളുടെ സാകല്യത്തെ നോക്കി സാമാന്യമായി പറയാമെങ്കിലും ആൾക്കൂട്ടത്തിലെ സുനിൽകുമാർഘോഷിൽ ഈ പ്രവണതയുണ്ട്.
കഥാപാത്രങ്ങളുടെ സവിശേഷമായ പരിണാമങ്ങളൊഴികെ വളരെ നിശിതമായ ഒരു കഥ ആൾക്കൂട്ടത്തിനില്ല. ആൾക്കൂട്ടത്തിൽ ചരിത്രം വ്യത്യസ്തമായി എഴുതപ്പെട്ടിരിക്കുന്നു. സാഹിത്യകൃതിയിൽ എഴുതപ്പെടുന്ന ചരിത്രം ചരിത്രകാരന്റെ നിർമ്മിതിയായ ചരിത്രമല്ല. ചരിത്രത്തിന്റെ രീതിശാസ്ത്രത്തിൽ നിന്നും ചിരസമ്മതശീലങ്ങളിൽ നിന്നും മാറിനിൽക്കുന്ന ചരിത്രമാണ് ആനന്ദ് എഴുതിയത്. അത് കേവലം ഭാവനാത്മകമായ ചരിത്രമായിരുന്നില്ല. ഇന്ത്യയുടെ യാഥാർത്ഥ്യവുമായി അതിനു പ്രത്യക്ഷബന്ധമുണ്ടായിരുന്നു. ചരിത്രത്തെ അതിന്റെ വിശദാംശങ്ങളിൽ പരിചയപ്പെടാൻ ആരേയും പ്രാപ്തമാക്കുന്ന രചനയായിരുന്നു അത്. അക്കാലത്തെ ഇന്ത്യയിലെ മദ്ധ്യവർഗക്കാരായ മനുഷ്യരുടെ ആത്മാവുകൾ എങ്ങനെയെല്ലാമാണ് സ്പന്ദിച്ചിരുന്നതെന്ന് ഈ കൃതിയിൽ എഴുതിയിരിക്കുന്നു. അവർ എങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന്, വികാരം കൊണ്ടതെന്ന്, സ്‌നേഹിച്ചതെന്ന്, നൊന്തതെന്ന് മറ്റൊരാൾക്കും സാധിച്ചിട്ടില്ലാത്ത രീതിയിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം അബോധതലത്തിൽ ആൾക്കൂട്ടം നിർവ്വഹിക്കുകയുണ്ടായി. ഒരുപക്ഷേ, അന്നത്തെ ബോംബെ നഗരത്തെ കുറിച്ച് ചരിത്രകാരനെഴുതിയ വാക്കുകളാണോ ആൾക്കൂട്ടം എന്ന നോവലാണോ ഭാവികാല ചരിത്രകാരർക്ക് കൂടുതൽ ഉപയോഗപ്പെടുകയെന്ന് സന്ദേഹിക്കാൻ കഴിയുന്നിടത്തോളം ഈ നോവലിൽ ചരിത്രം നിറഞ്ഞിരിക്കുന്നു.

ജീവിതമന്വേഷിച്ച് അന്യദേശങ്ങളിൽ നിന്ന് നഗരത്തിൽ എത്തിപ്പെട്ട കുറേ യുവാക്കൾ; ജോസഫും സുനിലും സുന്ദറും രാധയും ലളിതയും പ്രേമും, ആൾക്കൂട്ടത്തിൽ മുഖമില്ലാതെ അലയുന്നു.
‘എത്ര കോണിപ്പടികളായി കയറിയിറങ്ങുന്നു. എത്രയോ മനുഷ്യർ തനിക്ക് അനുകൂലമായും പ്രതികൂലമായും കടന്നുപോയി. ഈ ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും മുമ്പു കണ്ട വേറൊരാളെ തിരിച്ചറിയുന്നുണ്ടോ? ഒരാൾക്കു മറ്റുള്ളവരുമായുള്ള ബന്ധമെന്താണ്? അവരുടെ മുമ്പിൽ ഓരോരുത്തരും ഓരോ വസ്തു മാത്രം’.
മനുഷ്യൻ കേവല വസ്തുക്കളായി മാറിയ ലോകത്തിൽ എങ്ങനെയൊക്കെയോ അവർ കണ്ടുമുട്ടുന്നു. പരസ്പരം സംവദിക്കുകയെന്നത് അവർക്കാവശ്യമായിരുന്നു. മുഖം നഷ്ടപ്പെട്ട ലോകത്ത് തങ്ങളുടെ മുഖങ്ങളെ തിരിച്ചുപിടിക്കുകയെന്ന മനസ്സിന്റെ പ്രേരണയായിരിക്കണം അവരെ ഏതോ ബിന്ദുക്കളിൽ സന്ധിപ്പിക്കുന്നത്. ഒരു ലോഡ്ജ് മുറിയിലോ റസ്റ്റോറന്റിലോ ആസാദ് മൈതാനത്തിന്റെ പുൽത്തകിടിയിലോ ഇരുന്ന് ഇവർ പങ്കിട്ട വിചാരങ്ങളുടേയും ദുഃഖങ്ങളുടേയും പ്രതീക്ഷകളുടേയും നിരാശകളുടേയും ലോകത്തെ ആവിഷ്‌കരിച്ചു കൊണ്ടാണ് ആനന്ദിന്റെ നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ജോസഫും സുനിലും രാധയുമെല്ലാം അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങളിലാണ് ഉഴറുന്നത്. ജീവിതം തുടരുമ്പോഴും അസ്തിത്വം അജ്ഞാതമായിരിക്കുന്നു. ആൾക്കൂട്ടത്തിൽ പെട്ട് സ്വത്വം നഷ്ടപ്പെടുന്നവർ അതിനെ തിരിച്ചുപിടിക്കാനായി ഒത്തുചേരുകയും തങ്ങളുടെ വ്യക്തിത്വം സൂക്ഷിക്കുന്ന വാക്കുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ സുഹൃത്തുക്കളുടെ ഒത്തുചേരൽ സ്വത്വത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു. അവർ പങ്കുവച്ച ആശയങ്ങൾ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ രൂപപ്പെടുത്തിയെടുത്തവയായിരുന്നു. എങ്കിലും അവർ പല വൈരുദ്ധ്യങ്ങൾക്കും നടുവിലായിരുന്നു.
അടിച്ചുപൊളിച്ചു തിമിർക്കുന്നതിനോ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനോ ഉള്ള തത്രപ്പാടിന്നിടയിൽ, ജീവിച്ചുതീർക്കാനുള്ള തിരക്കിന്നിടയിൽ ഈ നോവലിലെ കഥാപാത്രങ്ങളെ പോലെ മദ്ധ്യവർഗത്തിൽ പെട്ടവർ ആരെങ്കിലും ഇപ്പോൾ ജീവിതത്തെ കുറിച്ചും മനുഷ്യാസ്തിത്വത്തെ കുറിച്ചും ചിന്തിക്കുന്നുണ്ടോ?
ജോസഫ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ സഹഭാവത്തോടെ കാണുകയും പാർലമെന്ററി ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കു വിരുദ്ധമായി അതിനെ പിരിച്ചുവിട്ടതിൽ രോഷം കൊള്ളുകയും ചെയ്യുന്നു. പുരോഗാമിയും ഉൽപ്പതിഷ്ണുവും എന്നു തോന്നിപ്പിക്കുന്ന ഈ കഥാപാത്രം പട്ടാളത്തിൽ ചേരുന്നത് വായനക്കാരനെ അമ്പരപ്പിക്കുന്നുണ്ട്. എന്നാൽ, പ്രശ്‌നപരിഹാരങ്ങൾക്ക് ആക്രാമകമായ ഇടപെടലുകളേ സാദ്ധ്യമാകൂ എന്നു കരുതുന്നവന്റെ കീഴടങ്ങൽ പട്ടാളക്യാമ്പിലാണ് അവസാനിക്കുക. ജീവിതത്തെ കുറിച്ച് അസംബന്ധപൂർണ്ണമായ ആശയങ്ങൾ സൂക്ഷിക്കന്ന സുനിൽകുമാർ ഘോഷ് അസംബന്ധത്തിൽ പെട്ടു നിൽക്കുന്ന നിലയിലാണ് നോവൽ അവസാനിക്കുന്നത്. എല്ലാം ശൂന്യത ആവാഹിച്ചെടുത്തിരിക്കുന്നു. ജീവിതവും മരണവും ഒക്കെ വിഡ്ഢിത്തമാണെന്ന് അയാൾക്കു തോന്നുന്നു. അനിവാര്യമെന്നോണം കീഴടങ്ങുന്നവരെ നാം കാണുന്നു.
ജോസഫിന്റേയും സുനിലിന്റേയും സങ്കടകരമായ പരിണാമങ്ങൾ അവരുടെ ആശയലോകങ്ങൾക്ക് യോജിക്കുന്ന വിധത്തിലായിരുന്നുവെന്ന് ഒരു വീണ്ടുവിചാരത്തിൽ നമുക്കു പറയാൻ കഴിയുന്നുണ്ടോ? കഥാപാത്രങ്ങൾ മദ്ധ്യവർഗക്കാരായിരിക്കുമ്പോഴും അസ്തിത്വപ്രശ്‌നത്തെ മദ്ധ്യവർഗത്തിന്റെ വൈരസ്യത്തിൽ നിന്നു വിമോചിപ്പിക്കുകയും ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമായി ആവിഷ്‌ക്കരിക്കുകയും ചെയ്യുന്നു, ആനന്ദ്. ഇത് ദാർശനികമായി മെച്ചമാണോ പരിമിതിയാണോയെന്ന് ഈ നോവലിന് കാലം നൽകുന്ന വ്യാഖ്യാനങ്ങളും വിമർശനങ്ങളും ആപേക്ഷികമായി നിർണ്ണയിച്ചു കൊണ്ടേയിരിക്കും.

ആധുനികതാവാദത്തിന്റെ കാലത്തെ മൂന്നു കൃതികളെ - ഖസാക്ക്, ആൾക്കൂട്ടം, മയ്യഴി - ഒരുമിച്ചെടുത്ത് പി.വി. അനിൽകുമാർ എഴുതിയ ഒരു വിമർശനത്തിൽ, തൊഴിലന്വേഷിച്ച് മഹാനഗരത്തിൽ എത്തിച്ചേർന്നവരുടെ ഒരു സവിശേഷകാലത്തെ (മലയാളത്തിലെ ആധുനികതാവാദത്തെ സ്ഥാപിച്ചെടുക്കുകയെന്നത് ജീവിതദൗത്യമാക്കിയ കെ.പി. അപ്പന്റെ അസ്തിത്വവ്യഥയെ കുറിച്ചുള്ള വിചാരങ്ങളിൽ മഹാപീഡനകാലമെന്നു വിളിക്കപ്പെട്ട കാലം) കഥ പറയുന്നതിന്നിടയിൽ, കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ നാടുവാഴിത്ത മൂല്യങ്ങളും ജാതിവ്യവസ്ഥയും അതിലധിഷ്ഠിതമായ തൊഴിൽ വിഭജനങ്ങളും നിലനിന്നിരുന്നവെന്ന യാഥാർത്ഥ്യം നോവൽ കാണുന്നതേയില്ലെന്ന്, മദ്ധ്യവർഗം അനുഭവിച്ച അസ്തിത്വ ദുഃഖത്തിനും അന്യവൽക്കരണത്തിനും തന്റെ ആഖ്യാനത്തിൽ ഇടം നൽകുമ്പോൾ അവർ പുറപ്പെട്ടുപോന്ന ഗ്രാമങ്ങളെയും അവിടുത്തെ കീഴാളജനത അനുഭവിച്ച ദുരിതങ്ങളെയും കാണാതിരിക്കുന്നുവെന്ന്, നഗരങ്ങളിലെത്തിപ്പെട്ട യുവതയുടെ അസ്തിത്വവ്യഥകളെ ഫോക്കസ് ചെയ്യുമ്പോൾ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽസൃഷ്ടിക്കപ്പെട്ട ജനാധിപത്യവൽക്കരണത്തെ കാണുന്നില്ലെന്ന് അനിൽകുമാർ വിമർശിക്കുന്നു. പ്രാന്തവൽക്കൃതരെ കാണാതിരിക്കുന്നുവെന്നതു മാത്രമല്ല, നിർമ്മിക്കപ്പെട്ടത് ഏകമാനമുള്ള പൗരനെയായിരുന്നുവെന്ന വിമർശവും അനിൽകുമാർ മുന്നോട്ടുവയ്ക്കുന്നു. ജലരേഖകളാകുന്ന വാക്കുകളല്ല അനിൽകുമാർ എഴുതിയത്.
1957-നും 1964-നും ഇടയ്ക്കുള്ള നഗരമാണ് നോവലിൽ ചിത്രണം ചെയ്യപ്പെടുന്നത്. നാൽപ്പതോ അമ്പതോ ലക്ഷം ജനങ്ങൾ പാർക്കുന്ന നഗരം. ഇപ്പോൾ നഗരത്തിന്റെ പേരു പോലും മാറിയിരിക്കുന്നു. ബോംബെ മുംബൈ ആയിരിക്കുന്നു. ജനസംഖ്യ രണ്ടു കോടിയിലേറെയായിരിക്കുന്നു. നഗരത്തിന്റെ വിസ്തീർണ്ണവും നാലോ അഞ്ചോ മടങ്ങു കൂടിയിട്ടുണ്ടാകണം. നഗരം എത്ര മാറിയിട്ടുണ്ടാകണം. തീവണ്ടികൾ, റോഡുകൾ, ഓഫീസ് മുറികൾ, ലോഡ്ജുകൾ, മനുഷ്യർ... എല്ലാം മാറിയിരിക്കുന്നു. ജോസഫിനേയും സുനിലിനേയും സുന്ദറിനേയും രാധയേയും പോലെ ഒരു പുൽമൈതാനത്തിലിരുന്ന് മനുഷ്യന്റെ ഭാവിയെ കുറിച്ച് തർക്കിക്കുന്നവർ ഇപ്പോഴും അവിടെയുണ്ടാകുമോ? സാദ്ധ്യതകൾ തുലോം കുറവാണ്. നഗരം മുഴുവൻ രാമസ്വാമിമാർ കയ്യേറിക്കഴിഞ്ഞില്ലേ? എല്ലാറ്റിനേയും കൈരേഖാശാസ്ത്രത്തിലും ശിവശക്തിയിലും നടരാജനൃത്തത്തിലും എത്തിക്കുന്നവർ. അടിച്ചുപൊളിച്ചു തിമിർക്കുന്നതിനോ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനോ ഉള്ള തത്രപ്പാടിന്നിടയിൽ, ജീവിച്ചുതീർക്കാനുള്ള തിരക്കിന്നിടയിൽ ഈ നോവലിലെ കഥാപാത്രങ്ങളെ പോലെ മദ്ധ്യവർഗത്തിൽ പെട്ടവർ ആരെങ്കിലും ഇപ്പോൾ ജീവിതത്തെ കുറിച്ചും മനുഷ്യാസ്തിത്വത്തെ കുറിച്ചും ചിന്തിക്കുന്നുണ്ടോ? പക്ഷേ, കൃമികീടങ്ങളെ പോലെ ജീവിക്കുന്നവരുടെ എണ്ണം കൂടിയിട്ടേ ഉണ്ടാകൂ. ഇന്ത്യയിലെ ഹിന്ദുത്വ സർക്കാരിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെ പരമാവധി മലിനീകരിച്ചുകൊണ്ട് നടന്ന ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ചുള്ള വാർത്തകളാണല്ലോ ആ നഗരത്തിൽ നിന്ന് ഇപ്പോൾ നാം കേൾക്കുന്നത്?
▮
അവലംബം:
1. Topology of Urban Imagination in Modern Malayalam Novel - Dr. P V Anilkumar, Round Table India.
2. മാറുന്ന മലയാള നോവൽ - കെ. പി. അപ്പൻ, ഗൗതമ, ആലപ്പുഴ, 1988.
3. വേദനയുടെ ചില ഉപയോഗങ്ങൾ - കെ.സി.നാരായണൻ, ആനന്ദിന്റെ കഥകൾ എന്ന പുസ്തകത്തിലെ ലേഖനം, കറന്റ് ബുക്‌സ്, തൃശൂർ, 2014.
4. ആൾക്കൂട്ടം - ആനന്ദ്, ഡി സി ബുക്‌സ്, കോട്ടയം, 1985.
▮
(ട്രൂകോപ്പി തിങ്കിൽ 2020-ൽ എഴുതിയ ലേഖനത്തിന്റെ വിപുലീകൃത രൂപമാണിത്. ഈ ലേഖകൻ ആനന്ദിന്റെ കഥകളെ കുറിച്ച് എഴുതിയ ലേഖനത്തിലെ ചില ആശയങ്ങൾ ഈ വിപുലനത്തിന് ഉപയോഗിച്ചിട്ടുണ്ട്. പെരുവനം ഫെസ്റ്റിവലിൽ ഈ ലേഖനം വായിച്ചിരുന്നു)