നമ്മളിലുള്ളതാണ് മറ്റുള്ളവരിൽ നാം പലപ്പോഴും ആരോപിക്കുന്നത്, നല്ലതായാലും ചീത്തയായാലും. നമ്മളിലുള്ളത് കണ്ടെത്തുക എളുപ്പമാണല്ലോ? 'ജീവിതത്തേക്കാൾ വലുതാണ് കല എന്ന് വിശ്വസിച്ച ഒരാൾ' (1) എന്ന് പി.ജെ ആന്റണിയെ കുറിച്ച് എം.ടി പറയുന്നത്, സ്വയം തന്നെ കുറിച്ചു കൂടിയാണ്. കലയേക്കാളും വലുതായി തനിക്കൊന്നുമില്ലെന്ന് ആന്റണിയെ പോലെ എം.ടിയും ഉറപ്പിച്ചിരുന്നു.
എന്നാൽ, തന്റെ സാഹിത്യ, കലാജീവിതത്തെ ന്യായീകരിക്കുന്ന വാക്കുകൾ എഴുതാനോ തന്റെ കൃതികളോടുള്ള വിമർശനങ്ങളെ എതിർക്കാനോ അദ്ദേഹം മനസ്സുവെച്ചില്ല. താൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ ജീവിതപരിസ്ഥിതിയുടെയും ചരിത്ര- പ്രത്യയശാസ്ത്ര സന്ദർഭങ്ങളുടെയും സൃഷ്ടിയാണെന്ന് അദ്ദേഹം സ്വയം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവയ്ക്കു കിട്ടിയ ഖണ്ഡനവിമർശനങ്ങൾ മറ്റു പല സാഹിത്യകാരരെയും പോലെ അദ്ദേഹത്തെ പരിഭ്രാന്തനാക്കിയില്ല.
എല്ലാ മനുഷ്യരും, ഏറ്റവും മഹാത്മാരായ എഴുത്തുകാർ കൂടിയും, ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും കരുക്കൾ കൂടിയാണെന്ന് എം.ടിക്ക് അറിയാമായിരുന്നു. (എം.ടി കൃതികളുടെ പ്രത്യയശാസ്ത്രവിമർശം നടത്തിയ പലർക്കും ഈ ധാരണ ഉണ്ടായിരുന്നില്ല. അവർ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ തടവറകളിലിരുന്നാണ് വിമർശനവാക്യങ്ങൾ എഴുതിയത്. പ്രത്യയശാസ്ത്രത്തിന്റെ ഉപ്പു കലരാത്ത സാഹിത്യം പത്രറിപ്പോർട്ടിനു സമാനമാണെന്ന് തങ്ങളുടെ രാഷ്ട്രീയശരികളുള്ള കൃതികൾ സ്വയം വായിച്ചിട്ടെങ്കിലും പല എഴുത്തുകാർക്കും ബോദ്ധ്യപ്പെടുന്നതുമില്ല.)

കെ.ജി.എസ് തന്റെ അനുസ്മരണത്തിൽ (2) സൂചിപ്പിക്കുന്ന ആധികാരികത എം.ടിയിൽ എന്നും ഉണ്ടായിരുന്നു. തന്റെ നിശ്ശബ്ദത കൊണ്ടു പോലും എം.ടി നിർമ്മിച്ചെടുത്തതായിരുന്നു അത്. ആവശ്യമുള്ള സന്ദർഭങ്ങളിൽ വളരെ ഔചിത്യത്തോടെ മാത്രം വിമർശനവാക്കുകൾ പറയാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എം.ടിയുടെ ആധികാരികതയിൽ ഈ സ്വഭാവത്തിനു വലിയ പങ്കുണ്ടായിരുന്നു. എന്നാൽ, അത് ഈ സ്വഭാവം കൊണ്ടു മാത്രം സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല. ആധികാരികത അധികാരം കൂടിയാണല്ലോ?
എല്ലാ മനുഷ്യരും, ഏറ്റവും മഹാത്മാരായ എഴുത്തുകാർ കൂടിയും, ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും കരുക്കൾ കൂടിയാണെന്ന് എം.ടിക്ക് അറിയാമായിരുന്നു. എം.ടി കൃതികളുടെ പ്രത്യയശാസ്ത്രവിമർശം നടത്തിയ പലർക്കും ഈ ധാരണ ഉണ്ടായിരുന്നില്ല.
സവർണ്ണജാതിയിലെ ജനനത്തിലൂടെയും ജനപ്രിയമായ കൃതികളിലൂടെയും പ്രശസ്തമായ വാരികയുടെ പത്രാധിപത്യത്തിലൂടെയും സാഹിത്യസ്ഥാപനങ്ങളിലെ ഉയർന്ന പദവികളിലൂടെയും ഇന്ത്യയിലെ ഒരു സാഹിത്യകാരന് കിട്ടാവുന്ന ഉയർന്ന പുരസ്കാരങ്ങൾ നേടിയതിലൂടെയും മാദ്ധ്യമമുതലാളിമാരും പണക്കൊഴുപ്പിന്റെ സിനിമാലോകവും മത്സരിച്ചെന്നോണം ആദരിച്ചു കൊണ്ടിരിക്കുന്നതിലൂടെയും ലഭ്യമായ സാംസ്കാരികാധികാരം; മറ്റു പലർക്കുമില്ലാത്തത്, എം.ടിക്കുണ്ടായിരുന്നു. ഈ സാംസ്കാരികാധികാരത്തെയും ആധികാരികതയെയും നിരുത്തരവാദപരമായി അദ്ദേഹം ഉപയോഗിച്ചില്ലെന്നതിൽ മറ്റുള്ളവരിൽ നിന്ന് അദ്ദേഹം വ്യത്യസ്തനായി.
എം.ടിയെ കുറിച്ച് ഞാൻ എഴുതിയ രണ്ടു ലേഖനങ്ങളും പ്രത്യയശാസ്ത്രവിമർശത്തിന്റെ നിറം പുരണ്ടതാണ്. എം.ടി കൃതികളുടെ പ്രത്യയശാസ്ത്രവിമർശം സാമൂഹികമായി ഏറെ പ്രധാനമാണെന്നു ഞാൻ കരുതുന്നു. എം.ടിയിലെ എഴുത്തുകാരനെയും ചലച്ചിത്രകാരനെയും വേറിട്ടറിയുന്നതിനു കൂടി ഇത് ആവശ്യമാണ്.

ഓരോ വാക്കിലും പ്രത്യയശാസ്ത്രം പൊടിഞ്ഞിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന സന്ദർഭങ്ങൾ അദ്ദേഹം നമുക്കു നൽകിയിരുന്നു. അതിനെ ആകസ്മികമായി അഭിമുഖീകരിക്കുന്നവർ ഞെട്ടിത്തരിച്ചേക്കാം. ഒരു വടക്കൻ വീരഗാഥ (3) കാണുന്നതിന്നിടയിൽ 'നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ചു കൊണ്ടു കൊഞ്ചും. ചിരിച്ചു കൊണ്ടു കരയും. മോഹിച്ചു കൊണ്ടു വെറുക്കും. പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ’ എന്ന ചന്തുവിന്റെ കുഞ്ഞിയോടുള്ള വാക്കുകളുടെ രൂക്ഷശക്തിയിൽ എന്നോടൊപ്പം സിനിമ കണ്ടിരുന്ന വിജിയുടെ പെട്ടെന്നുള്ള ഞെട്ടൽ തൊട്ടടുത്തിരുന്ന എന്റെ കൈകളിൽ സ്പർശനത്തിലൂടെ പകർന്നു കിട്ടിയത് ഇപ്പോഴും ഓർക്കുന്നു.
എം.ടി രചിച്ച വാക്കിന്റെ തീവ്രതയോ, മമ്മൂട്ടിയുടെ ഭാഷണശക്തിയോ, തൊട്ടടുത്തിരിക്കുന്ന പുരുഷനോടുള്ള പേടിയോ ആ ഞെട്ടലിനുള്ള കാരണമെന്ന് വ്യവച്ഛേദിക്കാൻ കഴിയില്ലെങ്കിലും അത് പുരുഷാധികാരത്തിന്റെ ലോകത്തോടു പ്രകടിപ്പിച്ച ഭയമായിരുന്നു. 'ഞാൻ ശകാരിച്ചത് നിന്നെയല്ല. ചിലപ്പോൾ ഒരു ഭ്രാന്തു വരും എനിക്ക്. അപ്പോൾ ഒന്ന് അലറണം' എന്ന് തന്നിലെ പുരുഷഭ്രാന്തിനെ കുറിച്ചു എം.ടിയുടെ ചന്തു സ്നേഹസ്വരത്തിൽ പിന്നീടു കുഞ്ഞിയോടു പറയുന്നുണ്ട്. 'സേതുവിന് എന്നും ഒരാളോടേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ, സേതുവിനോട് മാത്രം’ എന്ന സാമാന്യപുരുഷന്റെ ജീവിതദർശനത്തെ തെളിയിച്ച് മലയാളത്തിൽ എഴുതിയതും എം.ടി തന്നെ! എം.ടിയും പരിമിതികൾക്ക് അതീതനായിരുന്നില്ല; പ്രമീള നായർ, ഒ. വി. വിജയൻ, ദീദി... ഇവരുടെ വാക്കുകളിൽ യാഥാർത്ഥ്യത്തിന്റെ മൂലകങ്ങളുണ്ടായിരിക്കണം.

പൊന്നാനിയുടെയും കോഴിക്കോടിന്റെയും പ്രാദേശിക സംസ്കാരവുമായി നിരന്തരം ഇടപഴകിക്കൊണ്ടാണ് എം.ടി ജീവിച്ചത്. നിരവധി ഇസ്ലാമിക സുഹൃത്തുക്കൾ എം.ടിക്കുണ്ടായിരുന്നു. ബഷീറിനോട്, ബഷീറിന്റെ ‘നൂലൻ വാസു’വിന് ആരാധനയോളമെത്തുന്ന സ്നേഹമുണ്ടായിരുന്നു. മലയാളത്തിൽ അധികമൊന്നും സംഭവിച്ചിട്ടില്ലാത്ത കൂട്ടുനോവൽ; രണ്ടു പേർ ചെർന്നെഴുതിയ നോവലുകളിലൊന്ന്, എം.ടിയും ഏറ്റവും അടുത്ത സുഹൃത്തായിരുന്ന എൻ.പി.മുഹമ്മദും ചേർന്നാണ് എഴുതിയത്. അറബിപ്പൊന്ന്.
എം.ടിയുടെ കൃതികളിൽ ഇസ്ലാമോഫോബിയ എങ്ങനെ പ്രവർത്തിച്ചുവെന്നു വിശകലനം ചെയ്യാൻ ഇതൊന്നും തടസ്സമാകേണ്ടതില്ല. അങ്ങനെ എഴുതപ്പെട്ട ലേഖനങ്ങളോട് അദ്ദേഹം എന്തെങ്കിലും നീരസം പ്രകടിപ്പിച്ചതിനു തെളിവുകളുമില്ല. 'നിർമ്മാല്യ'ത്തിൽ സവർണ്ണരുടെ ദാരിദ്ര്യത്തിന്നിടയിൽ അവരുടെ മാനത്തെ പണം കൊടുത്തു വാങ്ങുന്നവനായി ചലച്ചിത്രത്തിലെ ഏക അവർണ്ണ കഥാപാത്രമായ മൈമുണ്ണി എന്ന മുസ്ലിം ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഞാൻ ഉയർത്തിയിരുന്നു (4). പലിശ വാങ്ങുന്നത് ഹറാമായി കാണുന്ന സാധാരണ മുസ്ലിം വിശ്വാസികൾ പണം കടം കൊടുക്കുന്നതിനെ സമ്പാദ്യത്തിനുള്ള മാർഗ്ഗമായി സ്വീകരിക്കാൻ പൊതുവെ വിമുഖരാണെന്നതു കൂടി എന്റെ ചോദ്യത്തെ പ്രസക്തമാക്കുന്നുണ്ടായിരുന്നു.

ജീവിതത്തിൽ മതേതരമൂല്യങ്ങളെ സൂക്ഷിച്ച കോന്തുണ്ണിനായരെ സെയ്താലിക്കുട്ടി വിഷം കൊടുത്തു കൊല്ലുന്നുവെന്നത് മതേതരമൂല്യങ്ങളെ ഇസ്ലാം നിഷേധിക്കുന്നുവെന്ന പൊതുധാരണയുടെ അബോധപ്രകാശനമായി 'നാലുകെട്ടി'നെ ഞാൻ വായിച്ചിരുന്നു (5). ഒരു പക്ഷേ, മറ്റൊരു രൂപത്തിലും ഇവയെ വ്യാഖ്യാനിക്കാം. സൗഹൃദം ഭാവിക്കുമ്പോഴും തങ്ങളുടെ അബോധത്തിൽ എന്താണെന്ന് തന്റെ ഇസ്ലാമികസുഹൃത്തുക്കളോട് പറയുകയായിരിക്കാം എം.ടി. ചെയ്തത്. മലയാളത്തിൽ എഴുതപ്പെട്ട നോവൽ അപനിർമ്മാണങ്ങളിൽ ഏറ്റവും മികച്ചത് വി.സി ശ്രീജൻ 'മഞ്ഞി'നെ വിമർശിച്ച് എഴുതിയ ലേഖനമാണെന്നാണ് ഞാൻ കരുതുന്നത്. ശ്രീജന് വിമർശനമെഴുതാൻ മാത്രമുള്ള ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് എം.ടി ആ നോവൽ എഴുതിയിരിക്കുന്നതെന്ന് എനിക്കു തോന്നി. ശ്രീജന്റെ ധിഷണയെ പല വട്ടം ഉള്ളിൽ പ്രശംസിച്ചുകൊണ്ട് ഞാൻ അതു പലവട്ടം വായിച്ചിട്ടുണ്ട്. എന്നാൽ, അപനിർമ്മാണവിമർശത്തിന്റെ പരിമിതികൾ വിശദീകരിച്ചുകൊണ്ട് ആ വിമർശനരീതിയിൽ നിന്നും ശ്രീജൻ പിന്മാറുന്നതും നാം കാണുന്നു.
മതനിരപേക്ഷതയുടെ ഉത്തമോദാഹരണമായി എം.ടി കാത്തുസൂക്ഷിച്ച തുഞ്ചൻപറമ്പു കൂടി സാംസ്‌കാരികാധികാരികളായ വർമ്മമാരുടെ ഇടപെടലുകളിലൂടെ വർഗീയവൽക്കരിക്കപ്പെടുന്നതിനു കൂടി ഉടനെ തന്നെ നാം സാക്ഷികളാകേണ്ടി വരും.
2024 ജനുവരിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയുള്ള സദസ്സിൽ വച്ച് എം.ടി ഇങ്ങനെ പറഞ്ഞു: “കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച് എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുകയാണ്.”
കേരളത്തിലെ ഇപ്പോഴത്തെ ഇടതുസർക്കാരിന്റെ നേതൃത്വത്തിലെ ആധിപത്യപ്രവണതകളെ വിമർശിക്കുകയോ ഉപദേശിക്കുകയോ ആയിരുന്നു എം ടി ചെയ്തത്.

എം.ടി പഴയ ഒരു ലേഖനം വായിക്കുകയായിരുന്നെന്നും അത് ഇടതുസർക്കാരിനെ ചൂണ്ടിയല്ലെന്നും സ്ഥാപിക്കാനാണ് ഇടതുനേതൃത്വവും പുരോഗമനകലാസാഹിത്യസംഘവും മറ്റും ശ്രമിച്ചത്. ഈ വ്യാഖ്യാനത്തോട് എം.ടി തന്റെ സ്വതസിദ്ധമായ മൗനം കൊണ്ടു മറുപടി പറഞ്ഞു. എന്നാൽ, സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളേയും അതിനോടുള്ള ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും പ്രതികരണങ്ങളേയും ഉദ്ധരിക്കുന്നത്, കേരളത്തിലെ ആദ്യത്തെ സർക്കാരിനെ പരാമർശിക്കുന്നത്, ഇ.എം.എസ് വ്യക്തിപൂജക്കോ അധികാരമോഹങ്ങൾക്കോ കീഴ്‌പ്പെട്ടിരുന്നില്ലെന്നു പറയുന്നത്... ഇവയിലൂടെയെല്ലാം എം.ടി ഉന്നം വയ്ക്കുന്നത് കേരളത്തിലെ സർക്കാരിനെയാണെന്ന് ആരേയും നന്നായി ബോദ്ധ്യപ്പെടുത്തുന്നുണ്ടായിരുന്നു.
ഇപ്പോൾ, എം.ടിക്ക് ആദരങ്ങളർപ്പിക്കാനും അനുസ്മരണങ്ങൾ സംഘടിപ്പിക്കാനും സർക്കാരും അതിന്റെ അനുബന്ധസ്ഥാപനങ്ങളും മത്സരിക്കുമ്പോഴെങ്കിലും ഈ വാക്കുകളിലൂടെ പകർന്ന വർത്തമാനയാഥാർത്ഥ്യത്തെ കേരളത്തിലെ ഭരണനേതൃത്വം അഭിമുഖീകരിക്കേണ്ടതാണ്. അല്ലെങ്കിൽ, മതനിരപേക്ഷതയുടെ ഉത്തമോദാഹരണമായി എം.ടി കാത്തുസൂക്ഷിച്ച തുഞ്ചൻപറമ്പു കൂടി സാംസ്‌കാരികാധികാരികളായ വർമ്മമാരുടെ ഇടപെടലുകളിലൂടെ വർഗീയവൽക്കരിക്കപ്പെടുന്നതിനു കൂടി ഉടനെ തന്നെ നാം സാക്ഷികളാകേണ്ടി വരും.

മാദ്ധ്യമസ്ഥാപനങ്ങൾക്ക് ഏറെ പ്രിയങ്കരനായ എം.ടിയുടെ വാക്കുകൾ പ്രശസ്ത മാദ്ധ്യമങ്ങൾ പ്രകാശിപ്പിക്കാതിരുന്ന ഒരു സന്ദർഭത്തെ കൂടി ഇവിടെ ഓർക്കണം. നാസി ജർമ്മനിയുടെ ഗതി ഇന്ത്യക്കു വരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് എം.ടി. തന്റെ ഒരു പ്രസംഗത്തിലൂടെ പറയുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചൊൽപ്പടിയിൽ നിൽക്കുന്ന വലിയ മാദ്ധ്യമങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയെയും വിമർശിക്കുന്ന ഈ വാക്കുകൾക്ക് പ്രകാശനം നൽകാൻ മടിച്ചു. അത് എം.ടിക്ക് തന്റെ ഔചിത്യത്തിൽ നിന്നു കൊണ്ടു പ്രതികരിക്കുന്നതിനു തടസ്സമായില്ല. എം.ടി വ്യത്യസ്തനും ശ്രദ്ധേയനുമാകുന്നത് വ്യവസ്ഥാപിതത്വത്തിനും യാഥാസ്ഥിതികത്വത്തിനും ഫാഷിസത്തിനു കൂടിയും അപ്രിയമായ സത്യങ്ങൾ പറയാൻ അദ്ദേഹം തന്റെ വാക്കുകളെ ഉപയോഗിച്ചുവെന്നതു കൊണ്ടു കൂടിയാണ്. കലാകാരൻ പ്രതിപക്ഷത്താണെന്ന ബോദ്ധ്യത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു.
എം.ടിയെ അകലത്തു നിന്നു കാണുകയും വായിക്കുകയും മാത്രം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. എങ്കിലും, അദ്ദേഹത്തിൻെറ മുന്നിൽ ചെന്നുപെട്ട ഒരു സന്ദർഭമുണ്ട്. സുഹൃത്തായ വേണു എടക്കഴിയൂരിന്റെ മകന്റെ വിവാഹത്തിന് എം.ടി എത്തിച്ചേർന്നിരുന്നു. എന്നെയും പ്രശസ്ത നിരൂപകനായ പ്രൊഫ. കെ.എസ് രവികുമാറിനെയും വേണു എം.ടിയുടെ മുന്നിൽ എത്തിച്ചു. ഞങ്ങളെ എം.ടിക്കു പരിചയപ്പെടുത്തി. സ്വതവേയുള്ള തന്റെ രീതിയിൽ എം.ടി ഞങ്ങളോടു ചിരിച്ചു.
അവലബം:
1. സ്‌നേഹാദരങ്ങളോടെ - എം.ടി, കറന്റ് ബുക്‌സ്, തൃശൂർ.
2. കെ.ജി.എസ് എഴുതിയ എം.ടി അനുസ്മരണക്കുറിപ്പ് - A Voice of Authenticity.
3. വടക്കൻ വീരഗാഥ പുറത്തിറങ്ങി അഞ്ചു വർഷങ്ങൾക്കു ശേഷം ആ ചലച്ചിത്രം രണ്ടാമതു കണ്ടതിന്റെ ഓർമ്മയാണിത്. വിജിയുമായുള്ള എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ. ഞങ്ങളും എന്റെ അമ്മയും ഒരുമിച്ചാണ് കാഞ്ഞാർ കൃഷ്ണ തീയേറ്ററിൽ (അക്കാലത്ത് നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞ തീയേറ്ററുകളിൽ ഒന്നായിരുന്നു അത്.) സിനിമ കാണാൻ പോകുന്നത്. അവർ ഇരുവരും ആദ്യമായാണ് ആ സിനിമ കാണുന്നത്.
4. https://malayalavakk.blogspot.com/2023/05/blog-post_22.html
5. 'പ്രതിബോധത്തിന്റെ അടയാളങ്ങൾ' - വി.വിജയകുമാർ, ഐ ബുക്‌സ്, കോഴിക്കോട്.