സക്കറിയക്ക് എല്ലാം കഥയാണ്; അല്ല, സക്കറിയ തന്നെ ഒരു കഥയാണ്

കഥ സഞ്ചരിക്കാത്ത വഴികളിലൂടെ മലയാള കഥയെ നടത്തിയ സക്കറിയയെ ഈ കാലത്തിരുന്ന് ഒരു വായനക്കാരൻ വായിച്ചെടുക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള സംസ്​ഥാന സർക്കാറിന്റെ എഴുത്തച്​ഛൻ പുരസ്​കാരം നേടിയ സക്കറിയുടെ ശ്രദ്ധേയ കഥകളുടെ പുനർവായന

ല്ലാം കഥയാണ്, സക്കറിയക്ക് കഥ കഥയല്ല. ഓ! അങ്ങനെയല്ല പറയേണ്ടത്. സക്കറിയക്ക് എല്ലാം കഥയാണ്. മലയാളകഥയിലെ ഔപചാരികതയെ ഇല്ലാതാക്കിയത് സക്കറിയയാണ്. കഥ സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ കഥയായി കഥ നടന്നുതുടങ്ങിയത് സക്കറിയ വന്നതിൽ പിന്നെയാണ്. എല്ലാം ആഖ്യാനങ്ങളാണെന്നു പറഞ്ഞ ഉത്തരാധുനികർ മലയാളത്തിലേക്കു കുടിയേറുന്നതിനു മുമ്പേ ഇതു സംഭവിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ഉത്തരാധുനികർ പറഞ്ഞ രീതിയിലല്ല സക്കറിയ ഇത് സാധിച്ചെടുത്തത്. ഇത് ആഖ്യാനത്തെക്കുറിച്ചുള്ള സിദ്ധാന്തമോ സൈദ്ധാന്തികവിശദീകരണമോ പ്രത്യയശാസ്ത്രപ്രചരണമോ ഒന്നുമായിരുന്നില്ല. സക്കറിയ പറഞ്ഞ എല്ലാറ്റിലും കഥ ഉണ്ടായിരുന്നു. എല്ലാം കഥയായിരുന്നു.
ചെറുകഥ എന്ന സാഹിത്യരൂപം പ്രബലമായശേഷം കഥ പറയുന്ന രീതികളിൽ നമുക്ക് നഷ്ടമായിപ്പോയ രീതികളെ തിരിച്ചുപിടിക്കുകയാണ് സക്കറിയ ചെയ്തതെന്നു പറയാം. ചില ലക്ഷണങ്ങളിലേക്കു ചുരുക്കപ്പെട്ട കഥയെ ആ ന്യൂനീകരണത്തിൽ നിന്ന് മോചിപ്പിച്ചെടുക്കുകയായിരുന്നു എന്ന്. വിജയനും പട്ടത്തുവിളയും നാരായണപിള്ളയുമൊക്കെ ഈ പദ്ധതിയിൽ സക്കറിയയോടൊപ്പമുണ്ടെന്ന് നമുക്കു തോന്നുന്നുണ്ട്, ശരിയാണ്. എങ്കിലും വലിയ പങ്ക് നിർവ്വഹിച്ചത് സക്കറിയയാണ്. അനന്യമായ നിരവധി കഥകളുടെ എഴുത്തുകാരനായി അയാൾ മാറി. എഴുതപ്പെട്ട ഒരു കഥയുടെ പ്രമേയസാദൃശ്യമോ രൂപ-ശൈലി സാദൃശ്യമോ ഉള്ള കഥകൾ എഴുതാൻ സക്കറിയ വിമുഖനാണെന്നു കാണാം. അങ്ങനെയില്ലെന്നല്ല. ഈ തൂലികയിൽ നിന്ന് സദൃശമായ കഥകൾ വിരളമായേ എഴുതപ്പെട്ടുള്ളൂ. ആവർത്തിക്കുന്ന പ്രമേയങ്ങൾ വിപുലമോ വിസ്തൃതമോ ഇതരമോ ആയ മാനങ്ങൾ കൈവരിക്കുന്നു. ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തമാകാൻ സക്കറിയ ആഗ്രഹിക്കുന്നുണ്ടെന്നു കരുതണം.

കഥാകൃത്തുക്കളിലെ ഗണിതശാസ്ത്രകാരൻ

സവിശേഷമായ ഒരു ദർശനത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ആഖ്യാനമായി സക്കറിയയുടെ കഥ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ അബോധത്തിൽ മറിച്ച് സംഭവിക്കുന്നുവെങ്കിലും. സാക്ഷാത്ക്കാരത്തിൽ മറിച്ചാകാനേ വഴിയുള്ളുവെന്ന് തീർച്ചയുമാണ്. എന്നാൽ, ദർശനരാഹിത്യത്തിന്റെയോ ദർശനനിരാസത്തിന്റെയോ തലങ്ങളിലേക്ക് ഈ കഥകൾ എത്തിപ്പെടുന്നുണ്ടെന്നു തോന്നുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം. മിക്ക കഥാകൃത്തുക്കളിലും കണ്ടെത്താനാവാത്ത നിർമ്മമമായ ഒരു കഥനശൈലി ചില കഥകളിൽ അനുഭവപ്പെടുന്നു. കഥ പറയുന്നവൻ കഥയിൽ മുഴുകുന്നവനല്ലെന്നും മാറിനിൽക്കുന്നവനാണെന്നുമുള്ള പ്രതീതി ജനിക്കുന്നു. എപ്പോഴും ഇങ്ങനെയല്ല. കുഞ്ഞുങ്ങളുടെ കഥ പറയുമ്പോൾ കഥാകാരൻ അവരുടെ മനസ്സിൽ തന്നെ കയറിയിരിക്കുന്നു. പരിഹാസത്തിന്റെയും ആത്മപരിഹാസത്തിന്റെയും അടരുകൾ പല കഥകളിലും കാണാം.

ഐഹികതയുടേയും യുക്തിയുടേയും നവമാനവികതയുടേയും മൂല്യങ്ങൾ നിരസിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും പരിഹാസത്തോടെ ആവിഷ്‌ക്കരിക്കുന്ന സന്ദർഭങ്ങൾ കഥാകാരൻ ഒരുക്കുന്നു. മനുഷ്യരിലെ പൊങ്ങച്ചങ്ങളേയും ഇച്ചീച്ചികളേയും ചൂണ്ടി കണക്കിനു പ്രഹരിക്കുന്നു. സക്കറിയയിലെ ജനാധിപത്യവാദി അയാളുടെ കഥകളിലും ഉണർന്നിരിക്കുന്നുണ്ട്. എന്നാൽ, മനുഷ്യന്റെ ഉള്ളിനെ തിരിച്ചും മറിച്ചും ചരിച്ചും പരിശോധിക്കുന്ന മനഃശാസ്ത്രകാരനാണ് ഇയാൾ. കഥാകൃത്തുക്കളിലെ ഗണിതശാസ്ത്രകാരനുമാണ് സക്കറിയ എന്നു പറയാം. ഗണിതത്തിന്റെ നിയമനിഷ്ഠതയുടെയോ കൃത്യതയുടെയോ മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഇങ്ങനെ പറയുന്നത്. ഈ മാനദണ്ഡങ്ങൾ സക്കറിയയുടെ കഥകളെ വിശേഷിപ്പിക്കാൻ അനുയോജ്യവുമല്ല. അനിശ്ചിതവും സന്ദേഹാത്മകവുമായ നിൽപ്പാണ് അതിന്റെ മുഖ്യലക്ഷണം. ഗണിതഭാഷയിലെ പ്രതീകങ്ങൾ പോലെ സ്വയമേവ ഏതെങ്കിലും അർത്ഥത്തെ വഹിക്കാത്ത, വായനക്കാരന്റെ ഇടപെടലിലൂടെ മാത്രം അർത്ഥം ജനിക്കുന്ന വാക്യങ്ങൾ ഈ കഥാകാരന്റെ രചനകളിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമല്ല. താൻ ഈ സന്ദേശവുമായി വരുന്നുവെന്ന് സക്കറിയയിലെ കഥാകാരൻ സൂചന നൽകുന്നതേയില്ല.

അങ്ങനെയാണ് സക്കറിയയിലെ കഥാകാരൻ ഗണിതശാസ്ത്രകാരനോട് സദൃശനാകുന്നത്. കഥാവായനയുടെ തുടർച്ചയിൽ തനിക്കു കിട്ടിയ അസുലഭമായ അനുഭവദീപ്തിയുടെ അർത്ഥം തേടി വായനക്കാരൻ ആലോചനാമഗ്‌നനാകുന്നു. ഒരു പക്ഷേ, കഥ നൽകുന്ന അനുഭവം തന്നെ അതിന്റെ പരമമായ അർത്ഥമായി തിരിച്ചറിയപ്പെടുന്നു. ഈ അനുഭവദീപ്തി കഥയുടെ കേവലമായ മുഴുകലിൽ ലഭ്യമാകുന്നതല്ല. കഥയുടെ ക്രാഫ്റ്റും പ്രമേയവും തമ്മിലുള്ള വൈരുധ്യാധിഷ്ഠിതമായ ഐക്യം ഏറെ ചർച്ച ചെയ്യപ്പെടുന്നതാണല്ലോ. കഥയുടെ അന്തർലോകത്തെ അതിന്റെ രൂപത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നുണ്ട്. ഈ കഥാകാരന്റെ നിർമ്മമതയും നർമ്മവും കലർന്ന ഭാഷാശൈലി സ്വാച്ഛന്ദ്യത്തിന്റെയും സ്വതന്ത്രമായ വിനിമയത്തിന്റെയും ലക്ഷണങ്ങളാണ്. വായനക്കാരെ കഥയിൽ മുഴുകിക്കുകയും കീഴ്പ്പെടുത്തുകയുമല്ല, അകലവും സഹഭാവവും ഒരേ സമയം നിലനിർത്തിക്കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണത്.

ഇതാ, ആ കഥകൾ

സക്കറിയ എഴുതിയ പത്തു കഥകളുടെ ശീർഷകങ്ങൾ എഴുതാം -

ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും,
പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ,
യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി,
കുഴിയാനകളുടെ ഉദ്യാനം,
ശന്തനുവിന്റെ പക്ഷികൾ,
തീവണ്ടിക്കൊള്ള,
ആർക്കറിയാം,
സലാം അമേരിക്ക,
കണ്ണാടി കാണ്മോളവും,
മദ്യശാല.

ഈ കഥാശീർഷകങ്ങൾ തന്നെ അവയുടെ രൂപത്തിൽ ഒന്നിനൊന്നു വ്യത്യസ്തമാണെന്നു കാണാം. ഈ കഥകളോ, ഓരോന്നും അവയുടെ പ്രമേയങ്ങളിൽ അനന്യവുമാണ്. അനന്യമായ പ്രമേയങ്ങൾ അനന്യമായ കഥാശിൽപ്പത്തെ, രൂപത്തെ ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സലാം അമേരിക്ക എന്ന കഥയിലെ ഭാഷയും ശൈലിയും മുകളിൽ സൂചിപ്പിച്ച ഇതര കഥകളിലൊന്നിലും നമുക്കു കാണാൻ കഴിയില്ല. ആഖ്യാനരൂപത്തിന്റെ വ്യത്യസ്ത മാതൃകകളായി ഇവയെ കാണണം. ഇത് ഒരു കേവലപ്രഖ്യാപനമല്ല. ആവർത്തിക്കുന്ന പ്രമേയങ്ങളേയും ശൈലികളേയും ഇവിടെ പരാമർശിക്കാതിരിക്കുന്നുമില്ല.

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയേയും ജിജ്ഞാസയേയും കുറിച്ചു പറയുന്ന കഥകളോളം മനസ്സിനെ ആകർഷിക്കുന്നില്ല, മറ്റു കഥകളൊന്നും. തുറന്നുവച്ച കുഞ്ഞിക്കണ്ണുകൾ അത്ഭുതങ്ങളോടെയും എന്തിനെന്നില്ലാത്ത താൽപ്പര്യത്തോടെയും സ്നേഹത്തോടെയും ലോകത്തെ നോക്കുകയും കാണുകയും ചെയ്യുന്നതാണ് "ശന്തനുവിന്റെ പക്ഷി'കളിൽ നാം ആദ്യം വായിക്കുന്നത്. കുഞ്ഞുഹൃദയത്തിന്റെ ജിജ്ഞാസയുടെ വിവരണങ്ങളാണിതെന്ന് നാം കരുതുന്നു. പക്ഷികൾക്ക് വന്നിരിക്കാൻ കൊങ്ങിണിക്കൊമ്പുമായി നിൽക്കുന്ന ശന്തനുവിനെ കണ്ട് ഉള്ളിൽ ചിരി വരുന്നുണ്ടാകും, ആർക്കും. മരിച്ച മനുഷ്യരേയും മൃഗങ്ങളേയും കണ്ടിട്ടുള്ള ശന്തനുവിന് ഒരു പക്ഷിയുടേയും മൃതശരീരം കാണാൻ കഴിയുന്നില്ല. നിങ്ങൾക്കു മരണമില്ലേയെന്നു പക്ഷികളോട് സ്വന്തം മനസ്സിൽ ശന്തനു ചോദിക്കുന്നു. അവൻ ഒരു പൂച്ചയുടെ മരണത്തിനു കൂട്ടിരിക്കുന്നുണ്ട്. ഒരുവേള, പെട്ടെന്ന്, ഈ കുഞ്ഞുമനസ്സ് എന്തിനാണ് മരണത്തെ കുറിച്ച് ഇത്രയേറെ വിചാരം കൊള്ളുന്നതെന്ന് നാം ആലോചിക്കാൻ തുടങ്ങുന്നു. അച്ഛന്റെ മടിയിൽ കയറിയിരുന്ന് പക്ഷികൾ മരിക്കില്ലേയെന്നു ചോദിക്കുന്ന ശന്തനുവിനെ നാം കാണുന്നു. അവ പറന്നു പറന്നു പോകുകയാണെന്ന മറുപടി കേൾക്കുന്നവൻ തന്റെ അമ്മയും പക്ഷിയായിരുന്നുവോയെന്നു ചോദിക്കുന്നതു കേട്ട് അടക്കാനാവാത്ത ദുഃഖത്തിൽ നാം വീണുപോകുന്നു. ശന്തനുവിന്റെ കഥ വായിച്ച് കുറേ നാളുകൾക്കു ശേഷമാണ് സക്കറിയ നേരത്തെ എഴുതിയ ആ കഥകൾ; അന്വേഷിച്ചു പോവേണ്ട, ഉണ്ണി എന്ന കുട്ടി, യാത്ര... എല്ലാം ഞാൻ വായിച്ചത്. കുഞ്ഞുങ്ങൾ കഥാപാത്രങ്ങളാകുന്ന ഈ കഥകൾ, കഥകളെ കുറിച്ചുള്ള ചില നല്ല വിശ്വാസങ്ങളെ ഉറപ്പിയ്ക്കുന്നതായിരുന്നു! കുട്ടികളുടെ സ്നേഹത്തിന്റെയും ജിജ്ഞാസയുടേയും കഥകളാണവ. ലോകത്തോടുള്ള സ്നേഹവും അറിയാനുള്ള ആഗ്രഹവും കൂടിച്ചേർന്നാണോ നിഷ്‌ക്കളങ്കത ജനിക്കുന്നതെന്ന് ഈ കഥകൾ നമ്മെ സന്ദേഹിപ്പിക്കുന്നുണ്ട്.

ഇസ്താംബൂൾ എന്ന കഥയ്ക്ക് വേണ്ടി ദേവപ്രകാശ്  വരച്ച ചിത്രം
ഇസ്താംബൂൾ എന്ന കഥയ്ക്ക് വേണ്ടി ദേവപ്രകാശ് വരച്ച ചിത്രം

ശന്തനുവിന് മരണത്തെ കുറിച്ചുള്ള അവ്യക്തജ്ഞാനമുണ്ട്. അവന്റെ ചെയ്തികളിലെല്ലാം ഈ അവ്യക്തതയുടെ ചാരുതയും വിശുദ്ധിയും കാണാം. "അന്വേഷിച്ചു പോവേണ്ട' എന്ന കഥയിൽ വലിയപ്പനോടുള്ള കുട്ടിയുടെ ആഴമേറിയ സ്നേഹമാണ് എഴുതപ്പെടുന്നത്. ഇവിടെ, കുട്ടിക്ക് മരണത്തെ കുറിച്ച് അറിയില്ല. ഈ അജ്ഞതയും വലിയപ്പനോടുള്ള സ്നേഹവും ചേർന്ന് മനുഷ്യജീവിതത്തിലെ അമൂല്യങ്ങളായ സ്നേഹപ്രകാശനത്തിന്റെ ചില മുഹൂർത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നു. വലിയപ്പന്റെ കഴിവുകളേയും ശക്തിയേയും കുറിച്ച് കുട്ടിക്ക് വലിയ ആദരവാണ്. വലിയപ്പനെ നായാട്ടിനായി എടുത്തുകൊണ്ടുപോയിട്ട് കുറേ നാളുകൾ കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചു വരാതാകുമ്പോൾ അപ്പച്ചനോടും അമ്മച്ചിയോടും ചോദിക്കാൻ അവൻ തുനിയുന്നു. വലിയപ്പന്റെ കാഴ്ചശേഷിയെ രക്ഷിക്കണമല്ലോയെന്നു കരുതി അവനോടു മാത്രമായി വലിയപ്പൻ പറഞ്ഞ രഹസ്യം അപ്പച്ചനോടു പറയുന്നു. വലിയപ്പനെക്കുറിച്ച് അപ്പൻ പറഞ്ഞ അസത്യം പിൻവലിക്കുന്നതു വരെ അവൻ കരയുന്നു. അപ്പച്ചന്റെ വാക്കുകൾ വിശ്വസിച്ച്, ഭിത്തിയിലെ രഹസ്യദ്വാരത്തിൽ കയറിയിരുന്ന് ഉറങ്ങുന്ന വലിയപ്പനെ ആരുമറിയാതെ അവൻ വിളിക്കുന്നു. ലോകത്തെക്കുറിച്ചുള്ള അജ്ഞതയെ ലോകത്തോടുള്ള സ്നേഹം കൊണ്ടു നേരിടുന്ന കുട്ടിയെയാണ് നാം വായിക്കുന്നത്. എന്നാൽ, മുതിർന്നവരുടെ ലോകം കുട്ടികളോടു സ്നേഹവും കരുണയും കാണിക്കുന്നില്ല. "യാത്ര' എന്ന കഥയിലെ കുട്ടി പ്രകൃതിയിലൂടെയുള്ള തന്റെ യാത്രകൾക്കൊടുവിൽ എത്തിച്ചേരുന്നത് സ്നേഹനിരാസത്തിന്റെ ലോകത്താണ്. മുതിർന്നവരുടെ കളവുകൾ കുട്ടികളിൽ സ്നേഹനിരാസവും ശിക്ഷയുമായി വീഴുന്നു.

കുഴിയാനകളുടെ ഉദ്യാനം

തോട്ടുവക്കിലെ കാടുകയറിയ പുരയിടത്തിൽ, കുഴിയാനകളുടെ ഉദ്യാനത്തിൽ പച്ചിലപ്പൊതിയിലൊരോന്തിനെ പോലെ ഒതുങ്ങിയും പതുങ്ങിയും നിറങ്ങൾ മാറിയും ഒറ്റയ്ക്കു ജീവിച്ചുപോന്ന ഒരു തിരുമ്മുകാരൻ വൈദ്യന്റെ ഏകാന്തജീവിതത്തിനു മാറ്റം വരുന്നതിന്റെ കഥയാണ് "കുഴിയാനകളുടെ ഉദ്യാന'ത്തിൽ പറയുന്നത്. ആടിന് ഇല ഒടിച്ചു കൊടുക്കാൻ കയറിയപ്പോൾ കയ്യാലയുടെ കല്ലിളകി വീണുപോയ ഒരു പെണ്ണ് അടക്കിപ്പിടിക്കാനാവാത്ത വേദനയുമായി അയാളുടെ അടുത്തെത്തുന്നു. അവൾ കരയുന്നുണ്ട്. കരയുന്നത്, വീണപ്പോൾ ശരീരത്തിലുണ്ടായ ഒടിവിന്റെയോ ചതവിന്റെയോ വേദന കൊണ്ടു മാത്രമല്ല, അവളുടെ മുഴുവൻ വേദനകളും കൊണ്ടു കരയുന്നു.

അവൾ വ്യത്യസ്തയാണ്. വേദന ശമിപ്പിക്കാനോ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനോ വേണ്ടി വൈദ്യൻ പറയുന്ന കടംകഥകൾക്കു മറുകടംകഥകൾ പറയുന്നവൾ! അവൾ ചതവിന്റെ വേദനയുമായി മാത്രം വരുന്നവളല്ല. വൈദ്യന്റെ വേദനകൾക്ക് ഔഷധവുമായി വരുന്നവൾ കൂടിയാണ്. അവൾ ചോദിക്കുന്ന മറുകടംകഥകൾ വൈദ്യന്റെ വേദനകളെ മറക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കണം. അവളുടെ ചതഞ്ഞ കാലുകൾ തലോടിയ വൈദ്യൻ അവളെയാണ് തലോടുന്നത്. എല്ലുകളിലൂടെയും പേശികളിലൂടെയും ഞരമ്പുകളിലൂടെയും അയാൾ അവളെ തൊട്ടു. അവളുടെ മനസ്സിനെ തൊട്ടു. ഓരോ സ്പർശത്തിലും താൻ രോഗിയാണെന്ന് വൈദ്യൻ അവളോടു പറഞ്ഞിട്ടുണ്ടാകണം. ആര്, ആരെയാണ് ചികിത്സിച്ചതെന്ന സന്ദേഹത്തിൽ നാം എത്തിച്ചേരുന്നു. ഏകാകിയായി, ബാഹ്യലോകബന്ധമില്ലാതെ ജീവിച്ചവനിലേക്ക് ഒരു പെണ്ണിന്റെ ബുദ്ധിയും വേദനയും ഒരുമിച്ചുവന്ന് അയാളെ ചികിൽസിക്കുന്നു. അയാൾ ഒരു രോഗിയായിരുന്നുവെന്ന്, ചികിത്സ ആവശ്യമുണ്ടായിരുന്നുവെന്ന് ഇപ്പോൾ നമുക്കു തോന്നുന്നുണ്ട്. പുല്ലും പള്ളയും കയറി കരിയിലക്കൂമ്പാരമായിരുന്ന പറമ്പിനെ മരിച്ചീനിയും നടുതലകളും കാറ്റിലാടുന്ന കൃഷിയിടമാക്കി മാറ്റുന്ന പരിവർത്തനം സംഭവിക്കുന്നു. കുഴിയാനകളുടെ ഉദ്യാനം ചാണകം മെഴുകി വൃത്തിയാക്കിയിരിക്കുന്നു. എങ്കിലും, പിന്നിലെ ഇറയത്തെ കുഴിയാനകളെ അയാൾ മകനു കാണിച്ചു കൊടുക്കുന്നുണ്ട്. കുഴിയാനകളുടെ കൂട്ടും കച്ചോലം മോഷ്ടിക്കാൻ പതുങ്ങിയെത്തുന്നവൾ പകരുന്ന ഉത്സാഹവും തന്റെ മകനു കിട്ടില്ലെന്ന ഖേദം അയാൾക്കുണ്ടെങ്കിലും കടംകഥ നിർമ്മിക്കാനുള്ള ശേഷി അവനു കിട്ടിയേക്കുമെന്ന് അയാൾക്കു തോന്നുന്നുണ്ട്. അടക്കിപ്പിടിച്ച കാമനകളുടെ ജ്രംഭണവും ഒഴുക്കും "കുഴിയാനകളുടെ ഉദ്യാന'ത്തിൽ പ്രത്യക്ഷത്തിൽ നാം വായിക്കുന്നില്ല. അതിന്റെ ഫലശ്രുതി വായിക്കുന്നു. മരത്തിൽ പണിയുന്ന പെരുംതച്ചനെ പോലെ സക്കറിയ ഭാഷയിൽ പണിയെടുക്കുന്നതായി ഈ കഥ വായിക്കുമ്പോൾ നമുക്കു തോന്നുന്നു. ഇതിന്റെ രചന നൽകിയ സർഗ്ഗചോദനകൾ കഥാകാരനിൽ പിന്നെയും സജീവമായിരുന്നതിന്റെ തെളിവായി വർഷങ്ങൾക്കു ശേഷം എഴുതിയ "റാണി' എന്ന കഥയെ കാണാം. ഈ കഥയുടെ കെട്ടുകൾ കഥാകാരന്റെ മനസ്സിൽ നിന്ന് പൂർണമായും അഴിഞ്ഞു പോയിരുന്നില്ലെന്നു തോന്നിക്കുന്നതാണ് ഇത്. തിരുമ്മുചികിത്സ ശരിക്കും ശരീരചികിത്സയായി മാറിത്തീരുന്ന പ്രകരണങ്ങളെയാണ് ഇവിടെ കഥാകാരൻ എഴുതുന്നത്. ഷാജി കൂവളത്തിലയുമായി എത്തിയപ്പോഴേക്കും തിരുമ്മു കഴിഞ്ഞിരുന്നു, വൈദ്യൻ പൊയ്ക്കഴിഞ്ഞിരുന്നു, റാണിയുടെ വേദന പമ്പ കടന്നിരുന്നു.

ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും

മതാത്മകമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതു നൽകുന്ന സുരക്ഷിതത്വബോധത്തിനും ആ സുരക്ഷിതത്വബോധത്തിൽ ചടഞ്ഞുകൂടുന്ന മനുഷ്യജീവിതത്തിനുമെതിരെയുള്ള രൂക്ഷമായ പരിഹാസങ്ങളും വിമർശനങ്ങളും സക്കറിയയുടെ കഥകളിൽ നിന്നു കേൾക്കാം. സക്കറിയയുടെ ജീവിതപശ്ചാത്തലവും അനുഭവങ്ങളും ഏറെയും കേരളത്തിലെ നസ്രാണിസമൂഹവുമായി ബന്ധപ്പെട്ടായതു കൊണ്ട് ഈ കഥകളിലെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ശരവ്യമാകുന്നത് ക്രിസ്ത്യൻ സഭാവിശ്വാസവും ആചാരങ്ങളുമാണ്. ഒരു പക്ഷേ, മതവിശ്വാസവും ആചാരങ്ങളും നേരിട്ട് വിമർശനങ്ങൾക്കു വിധേയമാകുകയല്ല; മറിച്ച്, ഇവ മനുഷ്യരുടെ ജീവിതത്തിൽ കെട്ടിയേൽപ്പിക്കുന്ന അനന്തരാവസ്ഥകളെയാണ് സക്കറിയയുടെ കഥകൾ ഫോക്കസ് ചെയ്യുന്നത്. സ്വന്തമായി അഞ്ചേക്കർ റബ്ബർ തോട്ടവും സർക്കാർ ശമ്പളം നൽകുന്ന സ്വകാര്യവിദ്യാലയത്തിൽ അദ്ധ്യാപകന്റെ ഉദ്യോഗവും ഉണ്ടെങ്കിൽ ജീവിതം കുശാലായി എന്നു കരുതുന്ന സുരക്ഷിതത്വബോധം നിർമ്മിച്ചെടുക്കുന്നതിൽ മതത്തിലും പള്ളിയിലുമുള്ള വിശ്വാസമാണ് ആദ്യത്തെ കാരണമാകുന്നത്. "ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും' എന്ന കഥയിലെ മാത്തുക്കുട്ടി ഈ സുരക്ഷിതത്വബോധത്തിൽ ജീവിക്കുന്നവനാണ്. ഈ സുരക്ഷിതത്വത്തിന് എന്തെങ്കിലും ഇടിവുണ്ടാകുന്നതായി തോന്നിയാൽ ഉടനെ മതവിശ്വാസത്തിലേക്കു തീവ്രമായി തിരിച്ചു ചെല്ലുന്നവനാണ്. രാവിലത്തെ കുർബ്ബാനയും കൂടി മടങ്ങുമ്പോൾ മുറ്റത്തേക്കു കയറാനുള്ള നടക്കല്ലിൽ വളപൊളപ്പൻ പാമ്പിനെ കണ്ട മാത്തുക്കുട്ടി അരീത്ര വല്യച്ചന് വെള്ളി കൊണ്ടു നിർമ്മിച്ച പാമ്പിൻ രൂപം നേരുന്നു. സഭയുടെ വിശുദ്ധന്റെ പദവിയിൽ ഇപ്പോൾ അരുവിത്തുറപള്ളിയിലെ വിശുദ്ധ ഗീവർഗീസ് പുണ്യവാളനില്ലെന്ന കാര്യം മാത്തുക്കുട്ടിയുടെ നേർച്ചക്ക് തടസ്സമാകുന്നില്ല. മാത്തുക്കുട്ടിയുടെ മതവിശ്വാസബോധം ഏത് അന്ധമായ വിശ്വാസത്തിലേക്കും അവനെ കൂട്ടിക്കൊണ്ടു പോകാൻ പര്യാപ്തമാണെന്നതാണ് ഈ കഥയുടെ കാതൽ. അരുവിത്തുറ പള്ളിപെരുന്നാളിനു പോയപ്പോൾ ഒന്നര രൂപ കൊടുത്ത് അയാൾ വാങ്ങുന്ന ഗൗളിശാസ്ത്രം എന്ന പുസ്തകം അയാളെ ഗൗളിശാസ്ത്രത്തിന്റെ വിശ്വാസിയാക്കുന്നു. ഇതിനു മുമ്പ് മാത്തുക്കുട്ടി വാങ്ങിയ പുസ്തകം കോട്ടയത്ത് ഒരു മീറ്റിങ് കൂടാൻ പോയപ്പോൾ വാങ്ങിയ "മന്ത്രിസഭയുടെ മൂന്നു വർഷത്തെ നേട്ടങ്ങൾ' എന്ന പുസ്തകമായിരുന്നു. നസ്രാണിക്ക് ഒരു പുസ്തകമേയുള്ളൂവെന്നും അത് സത്യവേദപുസ്തകമാണെന്നും മാത്തുക്കുട്ടിക്ക് അറിയാം.

പള്ളിയിൽ വായിക്കുന്ന സത്യവേദപുസ്തകത്തിന്നപ്പുറത്ത് മറ്റൊരു പുസ്തകം ആവശ്യമുണ്ടെന്ന് മാത്തുക്കുട്ടി കരുതിയിരുന്നില്ല. ഗൗളിശാസ്ത്രം എന്ന പുസ്തകം വാങ്ങിയത് മാരകമായ ഒരു ധാരാളിത്തമായിരുന്നു. ലോകവിജ്ഞാനത്തോടും സാഹിത്യത്തോടുമെല്ലാം മാത്തുക്കുട്ടിയുടെ അടുപ്പം ഇതിൽ നിന്നും മനസ്സിലാക്കാം. പള്ളിയിൽ വായിക്കുന്ന സത്യവേദപുസ്തകത്തിന്നപ്പുറം ഗൗളിശാസ്ത്രം വായിക്കാൻ തുടങ്ങുന്നവൻ എത്തിച്ചേരുന്ന ദുരന്തത്തിന്റെ കഥയാണ് പിന്നെ സക്കറിയ എഴുതുന്നത്. മാത്തുക്കുട്ടിയുടെ കഥയുടെ മൂന്നുപാഠങ്ങൾ എഴുതിയാണ് കഥ അവസാനിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ പാഠമനുസരിച്ച് അനാശാസ്യമായ വായനയിൽ വീണുപോയ ഒരു നസ്രാണിയുടെ പാപത്തിന് ശിക്ഷ ലഭിക്കുന്നതിന്റെ കഥയാണത്. കഥയുടെ എക്സിസ്റ്റൻഷ്യലിസ്റ്റ് പാഠവും മാർക്സിസ്റ്റു പാഠവും കൂടി തന്റേതായ ശൈലിയിൽ സക്കറിയ എഴുതുന്നു. നർമ്മവും പരിഹാസവും വിമർശനവും ലളിതവും സമഗ്രവുമായ രൂപവും ശൈലിയും എല്ലാം ചേർന്ന ഈ കഥ മലയാളത്തിലെ ഏറ്റവും നല്ല കഥകളുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്നു. കഥയിലെ മാത്തുക്കുട്ടി നസ്രാണിസമൂഹത്തിൽ നിന്നും സക്കറിയ അമൂർത്തവൽക്കരിച്ചെടുത്ത കഥാപാത്രമാണ്. ഒരുപാടു മാത്തുക്കുട്ടിമാരിൽ നിന്നും ഒരു സവിശേഷ മാത്തുക്കുട്ടിയെ സക്കറിയ നിർമ്മിച്ചെടുക്കുന്നു. എന്നാൽ, അരുവിത്തുറ ഗീവർഗ്ഗീസ് പുണ്യാളൻ അതേപടി കഥയിൽ കടന്നുവരുന്നു. വിശുദ്ധന്റെ പദവിയിൽ നിന്ന് വത്തിക്കാൻ നീക്കം ചെയ്തിട്ടും കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ വിശുദ്ധനായി തുടരുന്ന പുണ്യവാളനാണത്. നേർസ്വീകാര്യത്തിന്റെയും അമൂർത്തവൽക്കരണത്തിന്റെയും അതിരുകൾ കഥയിൽ നിശ്ചയിക്കപ്പെടുന്നത് എങ്ങനെയാണെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കഥ നിൽക്കുന്നു.

സലാം അമേരിക്ക

തിരുവല്ലയിൽ നിന്നും കോട്ടയത്തു നിന്നും പാലയിൽ നിന്നും ഒക്കെ ധാരാളം പെൺകുട്ടികൾ നഴ്സിങ് വിദ്യാഭ്യാസവും കഴിഞ്ഞ് അമേരിക്കയിലും കാനഡയിലും ജർമ്മനിയിലും ഗൾഫ് രാജ്യങ്ങളിലും മറ്റും നേഴ്സായി ജോലി നോക്കാൻ പോകുന്നത് അടുത്ത കാലത്തും സാധാരണമാണല്ലോ. അവർ നാട്ടിൽ അവധിക്കായി തിരിച്ചെത്തുമ്പോൾ തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരിലാരെയെങ്കിലും വിവാഹം കഴിക്കുകയും അവരെ കൂടി വിദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നതും സാധാരണമാണ്. ഈ നേഴ്സുമാരുടെ ഭർത്താക്കന്മാർ വിദേശത്ത് എന്ത് ജീവിതമാണ് കഴിച്ചു കൂട്ടുന്നത്? മച്ചനാട്ടെ കണ്ടത്തിന്റെ വരമ്പിലിരുന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്ന ജോസി എന്ന കടുത്തുരുത്തിക്കാരൻ ടെസ്സി എന്ന അമേരിക്കൻ നഴ്സിന്റെ കെട്ടിയോനായി ന്യൂയോർക്കിൽ പോയി താമസിച്ചിരുന്ന കാലത്തിന്റെ ഓർമ്മകളാണ് "സലാം അമേരിക്ക' എന്ന കഥയിൽ. ജോസി ഒരു കോമാളിയെ പോലെ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. വളരെ ശ്രദ്ധിച്ചു കേട്ടാൽ മാത്രം ആ കോമാളിയുടെ ചങ്കു നുറുങ്ങുന്ന ശബ്ദം നമുക്കു കേൾക്കാം. മലയാളിപുരുഷൻ കെട്ടിയാടുന്ന ഒരു കോമാളിവേഷത്തിന്റെ കഥ പറയുന്ന സക്കറിയ പ്രവാചകസ്വരത്തിൽ മറ്റെന്തൊക്കെയോ കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്. പണത്തിനു വേണ്ടി മനുഷ്യപറ്റില്ലായ്മ പരിശീലിക്കുന്ന ഒരു ലോകത്തെ കഥയിൽ വായിക്കാം. ആർക്കാണ് മനുഷ്യപറ്റില്ലാത്തത്? ജോസിക്കോ ടെസ്സിക്കോ അവർ തെരഞ്ഞെടുക്കുന്നതോ കുടുങ്ങിപ്പോകുന്നതോ ആയ വ്യവസ്ഥക്കോ? പണത്തിനും സുഖജീവിതത്തിനും വേണ്ടിയുള്ള അത്യാഗ്രഹങ്ങൾ മനുഷ്യരെ എല്ലാ മൂല്യങ്ങളിൽ നിന്നും അകറ്റിക്കളയുന്നു. അത് എത്തിച്ചേരുന്നതോ സുഖജീവിതത്തിന്റെ കൂടി നിഷേധത്തിലേക്കാണ്. അവന്റെ സുഖകാമനകൾ തന്നെ സുഖകാമനകളുടെ നിഷേധത്തിലേക്കാണ് നയിക്കുന്നത്.

അന്യമാകലിന്റെ, അന്യവൽക്കരണത്തിന്റെ പുതിയ രൂപമാണോയിത്? "സലാം അമേരിക്ക' എന്ന കഥ എഴുതപ്പെട്ടിരിക്കുന്നത് കടുത്തുരുത്തിക്കാരന്റെ വായ്മൊഴി ഭാഷയിലാണ്. മദ്യപാനകോലാഹലങ്ങളുടെ പാരഡിയെന്ന് കെ.പി. അപ്പൻ വിശേഷിപ്പിക്കുന്ന ഭാഷയാണിത്. കഥ പൂർണ്ണമായും ജോസിയുടെ വായ്മൊഴിയാണ്. അയാൾ നേരെ നിന്നു സംസാരിക്കുകയാണ്. ജോസി നേരിട്ടു പറഞ്ഞിരുന്നില്ലെങ്കിൽ ഈ അമേരിക്കൻ കഥ ഇത്ര സഫലമാകുമായിരുന്നില്ല.
തനിക്ക് ഏറെ പരിചിതമായ മദ്ധ്യകേരളത്തിലെ നസ്രാണികളുടെ ജീവിതമൂല്യങ്ങളെ പരിഹാസദൃഷ്ടി കൊണ്ടു കാണുമ്പോൾ തന്നെ ക്രിസ്തുവിന്റെ ആത്മീയജീവിതത്തിലേക്ക് ആഹ്ലാദത്തോടെ തിരിയുന്ന നിരവധി മുഹൂർത്തങ്ങൾ സക്കറിയയുടെ കഥാസപര്യയിലുണ്ട്. യേശു ആ കഥാജീവിതത്തിന്റെ ആന്തരികശക്തിയാണ്. വ്യവസ്ഥാപിതമതത്തിന്റെ മാർഗ്ഗങ്ങളിലൂടെയല്ല സക്കറിയ യേശുവിനെ തിരയുന്നത്. യേശുവിനെ മനുഷ്യനായി കാണാനാണ് സക്കറിയ ഇഷ്ടപ്പെടുന്നത്. നമ്മുടെ കഥാകാരന്റെ "കണ്ണാടി കാണ്മോളവും' എന്ന കഥയിൽ മുപ്പതു വയസ്സു കഴിഞ്ഞ യേശുവിനെ എഴുതുന്നുണ്ട്. യേശു പതിനേഴുകൊല്ലത്തോളം പുറംനാടുകളിൽ സഞ്ചരിച്ചതിനുശേഷം പാലസ്തീനിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. താൻ താടിയും മീശയും വടിക്കട്ടെയെന്ന് യേശു അമ്മയോടു ചോദിക്കുന്നു. ഇതു കേൾക്കുന്ന അവന്റെ സഹോദരി ലൈല വേണ്ടെന്നു പറയുന്നു. അവൻ സുന്ദരനാണെന്ന് സഹോദരിയും അമ്മയും മറിയവും തദേവൂസും പറയുന്നുണ്ട്. ക്ഷുരകനായ തദേവൂസിന്റെ പക്കലുള്ള കണ്ണാടിയിൽ മുഖം നോക്കാൻ അയാൾ യേശുവിനെ നിർബ്ബന്ധിക്കുന്നു. ഭയന്നിട്ടെന്നവണ്ണം യേശു ഒഴിഞ്ഞുമാറുന്നു. നീ കണ്ണാടി നോക്കിയിട്ടുണ്ടോയെന്ന മറിയത്തിന്റെ ചോദ്യം കേട്ടു കരയുന്ന യേശുവും കഥയിലുണ്ട്. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടല്ലോ? എങ്കിലും, കണ്ണാടിയിൽ മുഖം നോക്കാൻ യേശു ഭയപ്പെടുന്നതായി നമുക്കു തോന്നുന്നു.

യേശുവിന്റെ ഒരുദിവസം എന്ന കഥക്ക് ദേവപ്രകാശ്  വരച്ച ചിത്രം
യേശുവിന്റെ ഒരുദിവസം എന്ന കഥക്ക് ദേവപ്രകാശ് വരച്ച ചിത്രം

യേശുവിന് സ്പെക്ട്രോഫോബിയ ഉണ്ടായിരുന്നെന്നാണോ കഥാകാരൻ എഴുതുന്നത്? കണ്ണാടിയിൽ കാണുന്നത് പിശാചിനെയാണെന്നോ പ്രേതത്തെയാണെന്നോ യേശു ഭയപ്പെട്ടിരുന്നോ? വിപഥനങ്ങൾക്കു വിധേയമായ യാഥാർത്ഥ്യത്തെയാണു കണ്ണാടി നൽകുന്നതെങ്കിലും അതു നമ്മുടെ ഗുണവും ദോഷവും കാണിച്ചു തരുന്നുണ്ട്. മുഖം മനസ്സിന്റെ കണ്ണാടി ആയതിനാൽ കണ്ണാടിയിൽ മുഖം നോക്കുന്നവൻ മുഖശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി കാണുന്നു. തന്റെ മനസ്സിനെ യേശു ഭയപ്പെട്ടിരുന്ന നാളുകളെയാണോ സക്കറിയ ആവിഷ്‌ക്കരിക്കുന്നത്? മനസ്സിൽ നിറഞ്ഞിരിക്കുന്ന ദുഷ്ടിനെ സ്വയം തിരിച്ചറിഞ്ഞു പരിതപിച്ചിരിക്കുന്നവന് എങ്ങനെ കണ്ണാടി നോക്കാൻ കഴിയും? ഞാനെങ്ങനെ കണ്ണാടി നോക്കും എന്ന വൈലോപ്പിള്ളിയുടെ നായകന്റെ ദുഃഖം നൂറ്റാണ്ടുകൾക്കു മുന്നേ യേശുവിനെ ബാധിച്ചിരുന്നുവോ? കണ്ണാടിയിൽ നോക്കുമ്പോൾ കണ്ണ് ആടുന്നുണ്ടാകണം. കാഴ്ച പതറുന്നുണ്ടാകണം. മനസ്സും. സന്ദേഹങ്ങൾ ജനിക്കുന്നുണ്ടാകണം. മറിയം, എനിക്കു പേടിയാകുന്നുവെന്ന് യേശു പറയുന്നു. സുന്ദരനെന്നു കേൾക്കുന്നവൻ കണ്ണാടി നോക്കാനാവാതെ പേടിക്കുന്നു. അതോ, ആത്മപ്രേമത്തിൽ നിന്നും അകന്നു നിൽക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാണോ, ഇത്? മുഖത്തെ രോമങ്ങൾ വടിച്ചു കളയണമോയെന്ന് യേശു ആലോചിക്കുന്ന രംഗം ബുനുവലിന്റെ ചലച്ചിത്രത്തിലുണ്ടെന്നും അത് ഈ കഥയുടെ പ്രേരണയായിട്ടുണ്ടെന്നും സക്കറിയ ഒരു അടിക്കുറിപ്പെഴുതുന്നുണ്ട്. സാധാരണ ആഖ്യാനങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി കരയുകയും ചിരിക്കുകയും തെറ്റുകൾ വരുത്തുകയും ചെയ്യുന്ന സാധാരണമനുഷ്യനായി യേശുവിനെ അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ബുനുവൽ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം സ്വയം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ കഥാകാരന്റെ ലക്ഷ്യവും മറ്റൊന്നല്ല. അതാകട്ടെ, ഈ ഒരു കഥയിൽ അവസാനിക്കുന്നതുമല്ല. "യേശുവിന്റെ ചില ദിവസങ്ങൾ' എന്ന കഥയിൽ യേശു വെളിക്കിറങ്ങുന്നതിന്റെയും ശൗചം ചെയ്യുന്നതിന്റെയും വിവരണങ്ങളുണ്ട്. യേശു എണീറ്റു നിന്ന് പുതച്ചിരുന്ന ഉത്തരീയമെടുത്ത് അരയിൽ ചുറ്റി അകലെയുള്ള കുറ്റിക്കാടുകളിലേക്കു പോയി.

ഒരു പടർപ്പിൽ നിന്ന് ഒരു പക്ഷി ചിറകടിച്ചുണർന്ന് യേശുവിനെ നടുക്കി എന്ന് സക്കറിയ എഴുതുന്നു. സക്കറിയയുടെ വാക്കുകൾ വായിച്ച് എനിക്കിതു വരയ്ക്കാതെ പറ്റിയില്ലെന്നെഴുതിക്കൊണ്ട് വിഷ്ണുറാം എന്ന യുവചിത്രകാരൻ ഈ രംഗത്തെ വരയ്ക്കുകയുണ്ടായി. സക്കറിയ തന്റെ കഥകളിൽ യേശുവിന്റെ ദിവ്യത്വത്തെ കുടഞ്ഞു കളഞ്ഞ് മനുഷ്യത്വത്തെ സ്ഥാപിക്കുന്നു.

ആർക്കറിയാം

യേശുവിന്റെ ജീവിതപ്രകരണങ്ങൾ സക്കറിയയുടെ കഥകൾക്ക് വിഷയമായിട്ടുണ്ട്. ബെത് ലഹേമിലും സമീപപ്രദേശങ്ങളിലുമുള്ള രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ ആൺകുഞ്ഞുങ്ങളേയും കൊന്നുകളയാനുള്ള ഹെറോദേസിന്റെ കൽപ്പനയുടെ ബൈബിൾ സന്ദർഭത്തെ ആധാരമാക്കി എഴുതിയതാണ് "ആർക്കറിയാം' എന്ന കഥ. സക്കറിയയുടെ ഏറ്റവും നല്ല കഥകളിലൊന്നാണിത്. പ്രാചീനമായ ഒരു പ്രകരണത്തിന്റെ കഥാവിഷ്‌ക്കാരമാകുമ്പോഴും ഏറ്റവും ആധുനികമായ ചലച്ചിത്രകലയുടെ ഭാവുകത്വത്തെ കഥനകലയിലേക്കു കൊണ്ടുവരുന്ന രചനയാണിത്. ഓരോ വാക്യത്തിലും അന്യാദൃശമായ ദൃശ്യശേഷി നിറഞ്ഞിരിക്കുന്നു. ഭരണാധികാരം അതീവ ക്രൂരമാകുമ്പോഴും കൊല ചെയ്യാൻ നിയുക്തനാകുന്ന പട്ടാളക്കാരനിലും സമൂഹത്തിലെ കീടജന്മങ്ങളെന്ന് ആക്ഷേപിക്കപ്പെടുന്ന ലൈംഗികത്തൊഴിൽ ചെയ്യുന്നവരിലും ഉണരുന്ന ധർമ്മവ്യഥകളെ കഥാകാരൻ അനാവരണം ചെയ്യുന്നു. ഇത്രയായിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ രക്ഷകൻ വരുന്നതെന്ന് നിന്ദ്യമായ വേല ചെയ്യുന്ന ആ പട്ടാളക്കാരൻ ധർമ്മസങ്കടങ്ങളോടെ ചോദിക്കുന്നു. തന്നെ വേശ്യയാക്കുകയും രക്ഷകന്റെ വരവ് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ചോരയിലൂടെയാകുന്നതും എന്തുകൊണ്ടാണെന്ന് ആ സ്ത്രീ കേഴുന്നു. എങ്കിലും ഈ ലോകത്തിനും തങ്ങൾക്കും രക്ഷകൻ വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ആ കുഞ്ഞ് ഈ ചോരയ്ക്കെല്ലാം എങ്ങനെ കടം വീട്ടുമെന്ന സ്ത്രീയുടെ ചോദ്യം കേൾക്കുന്ന നാം ലോകത്തിന്റെ മുഴുവൻ പാപവും സ്വയമേറ്റ് കുരിശുമരണത്തിലേക്കു പോകുന്നവനെ കാണുന്നു. ഈ കുഞ്ഞ് രാജാവാകുമ്പോൾ വേശ്യകളേയും നിന്ദ്യനായ ആ പട്ടാളക്കാരനേയും രക്ഷിക്കണമെന്ന് കഥയിലെ വേശ്യാസ്ത്രീ ആഗ്രഹിക്കുന്നു. അവളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചെന്നോണം പാപികൾക്കും വേശ്യകൾക്കും വേണ്ടി പ്രവർത്തിക്കുകയും മരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ നാം ഓർക്കുന്നു.

യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി

"യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി' എന്ന കഥ സക്കറിയയുടെ കഥയെഴുത്തിന്റെ ആദ്യനാളുകളിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രപഞ്ചത്തെ ഗ്രന്ഥശാലയോടു സാമ്യം കൽപ്പിക്കുന്ന ബോർഹസിന്റെ കഥയോട് ഈ കഥക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയവരുണ്ട്. പി.പി. രാമചന്ദ്രന്റെ ലൈബ്രറിയെ കുറിച്ചുള്ള കവിതയ്ക്കും സി.വി.ബാലകൃഷ്‌ണെന്റ "ലൈബ്രേറിയൻ' എന്ന ലഘുനോവലിനും സക്കറിയയുടെ കഥയോടു ചില ബന്ധങ്ങളെങ്കിലുമുണ്ടെന്ന് ഇപ്പോൾ കണ്ടെത്തുന്നവരുമുണ്ടാകും. എല്ലാ എഴുത്തിനും അങ്ങനെ ചില പ്രഭവകേന്ദ്രങ്ങൾ ഉണ്ടാകും. അത് ഒരു പോരായ്മയല്ല. സഹിതമായിരിക്കുകയെന്ന സാഹിത്യത്തിന്റെ ഗുണമാണ് ഇതു കാണിക്കുന്നത്. യേശുപുരം എന്ന സ്ഥലസൂചന സക്കറിയയുടെ കഥയ്ക്ക് മതവുമായി ബന്ധപ്പെട്ട ധ്വനികളുണ്ടെന്ന് സൂചിപ്പിക്കാൻ ഇടം നൽകുന്നുണ്ടെന്നും വിചാരിക്കാവുന്നതാണ്. ഒരു ലൈബ്രറി എന്നതിലേറെ അതു പ്രതിനിധീകരിക്കുന്നത് ആകെ അവ്യവസ്ഥിതമായതോ താറുമാറായതോ ആയ ഒരു വ്യൂഹത്തെയാണെന്നും പറയാം. ഏതിന്റെയും അവ്യവസ്ഥിതമായ അവസ്ഥ ഒരു സ്വാഭാവികതയും പലപ്പോഴും അനിവാര്യവുമാണെന്നിരിക്കെ യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി പരാതി എഴുതാൻ ആധുനികനായ ഒരു കഥാകാരൻ തുനിയുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കാവുന്നതാണ്.

കേവലമൂല്യത്തെ കുറിച്ചുള്ള വിചാരങ്ങൾ നമ്മളിൽ നിന്ന് പെട്ടെന്നൊന്നും ഒഴിഞ്ഞുപോകുന്നില്ലെന്നതിന്റെ തെളിവാണോ ഇത്? ദൈവത്തെ എങ്ങനെയൊക്കെ ആട്ടിയോടിക്കാൻ ശ്രമിച്ചാലും അകത്ത് ഏതോ കോണിൽ പറ്റിപിടിച്ചിരുന്ന് നിങ്ങളെ പരീക്ഷിക്കുന്നുവോ? ഗ്രന്ഥശാലയെ കുറിച്ചുള്ള മലയാളിയുടെ മഹത്വാകാംക്ഷകളുടെ പ്രതിഫലനമാണോ ഇത്? ഗ്രന്ഥശാലയുടെ സർഗ്ഗാത്മകമായ നാശത്തെ ചിത്രണം ചെയ്യുകയും ആ നാശത്തെ പ്രകീർത്തിക്കുകയും ചെയ്യാതെ ഒരു പരാതിയെന്ന രൂപത്തിൽ ഈ കഥ എഴുതപ്പെട്ടത് എന്തുകൊണ്ടാണ്? മലയാളത്തിലെ ആധുനികതാവാദത്തിന്റെ ഉച്ചകാലത്തു പോലും അസ്തിത്വത്തെ കുറിച്ചുളള ദാർശനികവ്യഥകൾക്കപ്പുറത്ത് ജീവിതത്തെ കുറിച്ചുള്ള അഭിനിവേശങ്ങളും ആധികളും മറഞ്ഞിരുന്ന് ആധുനികതാവാദത്തിന്റെ വക്താക്കളെ പോലും കീഴ്പ്പെടുത്തിയിരുന്നു! സക്കറിയയുടെ കഥ നമ്മുടെ ലൈബ്രറികളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാൻ പലരും ഉപയോഗിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇന്റർനെറ്റും ഡിജിറ്റൽ ലൈബ്രറികളും അതിനെ പഴകിയ രൂപകമാക്കി മാറ്റുമെന്നു നിങ്ങൾ ഭയപ്പെടുന്നുണ്ടോ?

തീവണ്ടിക്കൊള്ള

ഭക്ഷണത്തിന് വക കണ്ടെത്താൻ ചെറിയകുട്ടിയായ മകനേയും കൂട്ടി തീവണ്ടി കൊള്ളയടിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥ സക്കറിയ എഴുതിയിട്ടുണ്ട്. ഭരണകൂടങ്ങളുടെ ആസൂത്രണവും വിപ്ലവകാരികളുടെ കലാപങ്ങളും ഉപേക്ഷിച്ചു പോയ ദരിദ്രകുടുംബമാണവരുടേത്. ആസൂത്രണത്തിന്റെയും വിപ്ലവത്തിന്റെയും പല തീവണ്ടികളും അവരുടെ മുന്നിലൂടെ കടന്നുപോയി. ഒന്നും അവർക്കു കയറുന്നതിനു വേണ്ടി നിർത്തിയില്ല. ഒരു തീവണ്ടിക്കൊള്ള നടത്താൻ അവർ തീരുമാനിക്കുന്നു. ഒരു കപ്പളങ്ങ തുണിയിൽ കെട്ടി ബോംബാക്കി മാറ്റുന്നു. തീവണ്ടിയെ തടയാൻ പാർട്ടി ഓഫീസിൽ നിന്ന് അവർ ചുവന്ന കൊടി എടുക്കുന്നതു കണ്ട് പാർട്ടി നേതാവ് അതു തിരികെ വയ്പിക്കുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ വാക്കുകളിൽ സക്കറിയ എഴുതുന്നത് ആരും കൂട്ടില്ലാത്ത, വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്ന ദരിദ്രജനതയുടെ കഥയാണ്. തീവണ്ടി കൊള്ളയടിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നു.

ബോംബാക്കി മാറ്റിയ കപ്പളങ്ങ മൂന്നാക്കി മുറിച്ച് മൂന്നു പേരുടെ ഭക്ഷണമാക്കുന്നതാണ് കഥയുടെ സമാപ്തി. ദരിദ്രജനതയെ വിമോചിപ്പിക്കാൻ പരാജയപ്പെടുന്ന ആസൂത്രണത്തോടും വിപ്ലവത്തോടുമുള്ള കഥാകാരന്റെ വിമർശം തീക്ഷ്ണവും ഉചിതവുമാണ്. എന്നാൽ, രാജനും മകനും വിശപ്പടക്കാനുള്ള മൂലധനം കൊള്ളയടിക്കാൻ ശ്രമിക്കുന്നവെന്ന കഥാകാരന്റെ വിവരണം മൂലധനത്തോടുള്ള സഹഭാവത്തെ അബോധപരമായി കൂട്ടിക്കൊണ്ടു വരുന്നതാണ്. വിശപ്പടക്കാനുള്ള ഭക്ഷണത്തിനുവേണ്ടി മുടക്കേണ്ടി വരുന്ന പണമല്ല, മൂലധനം. മൂലധനം കേവലമായി പണമേയല്ല. അത് ഒരു രാഷ്ട്രീയ സമ്പദ്ശാസ്ത്ര സംവർഗ്ഗവും സാമൂഹികബന്ധങ്ങളുടെ സൂചകവുമാണ്. മുതലാളിത്തലാഭത്തിന്റെ ഉറവിടമാണത്. ദരിദ്രൻ ഭക്ഷണത്തിനായി സ്വരുക്കൂട്ടുന്ന പണത്തെ മൂലധനമെന്നു വിളിക്കുമ്പോൾ എങ്ങനെയോ മുതലാളിത്തത്തിന്റെ ആശയലോകത്തിനു കീഴ്പ്പെട്ടുപോയവനെ നാം കേൾക്കുന്നു. എത്ര വിശുദ്ധമായിരിക്കാൻ ശ്രമിക്കുമ്പോഴും വാക്കും കഥയും പ്രത്യയശാസ്ത്രത്തിന്റെ ബന്ധനത്തിൽ പെട്ടുപോകുന്നത് നാം അറിയുന്നു.

കഥ:  തേൻ / ചിത്രീകരണം ദേവപ്രകാശ്
കഥ: തേൻ / ചിത്രീകരണം ദേവപ്രകാശ്

സന്ദർശകൻ

മദ്യപാനികൾ പാപികളും ദുർവൃത്തരുമാണെന്നാണ് കേരളത്തിന്റെ പൊതുമനസ്സ് കരുതുന്നത്. എന്നാൽ, മദ്യപിക്കുന്നുവെന്നതിന്നപ്പുറം മദ്യപാനം തൊഴിലാക്കിയവരെയോ അതിന്നായി ജീവിക്കുന്നവരെയോ കേരളത്തിൽ വേണ്ടത്ര കണ്ടെടുക്കാം. മദ്യത്തിന്റെ ലഭ്യത നിരോധിക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്താൽ, അതുകൊണ്ടു മാത്രം ഇവിടെ ആത്മഹത്യ ചെയ്യപ്പെടുന്നവർ ഏറെയായിരിക്കും. രാവിലെ മദ്യം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൈകളും ശരീരവും വിറച്ചു നിൽക്കാൻ കെൽപ്പില്ലാതാകുന്നവരുടെ എണ്ണവും ചെറുതല്ല. മദ്യവും മദ്യപാനവും സക്കറിയയുടെ പല കഥകളിലേയും നല്ല ചേരുവയാണ്. മദ്യപാനസദസ്സുകളിൽ ലോകകാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ബാർ, സന്ദർശകൻ, ഒറ്റക്കണ്ണന്മാർ എന്നീ കഥകൾ പ്രത്യേകിച്ച് ഓർക്കാവുന്നതാണ്. മദിരാശിയിൽ, സക്കറിയയോടൊപ്പം ചില എഴുത്തുകാർ കൂടിച്ചേർന്ന ഒരു മദ്യപാനസദസ്സിന്റെ ഞെട്ടിക്കുന്ന പരിസമാപ്തിയാണ് 'സന്ദർശകൻ' എന്ന കഥയായി മാറിയതെന്ന് മാങ്ങാട് രത്നാകരൻ എഴുതിയിട്ടുണ്ട്. രാവിലെ മദ്യമന്വേഷിച്ച് മദ്യശാലയിലെത്തുകയും അതു തുറന്നിട്ടില്ലെന്നു കണ്ട് പല തരം ചെയ്തികളിലേക്കും പ്രതികരണങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്ന കുറേ മദ്യപന്മാരുടെ കഥയാണ് "മദ്യശാല' എന്ന കഥയിൽ സക്കറിയ എഴുതുന്നത്. മദ്യശാല അടഞ്ഞുകിടക്കുകയാണ്. സമരമായിരിക്കും, പക്ഷേ കൊടിയും പോസ്റ്ററുമൊന്നുമില്ലല്ലോ എന്ന് ഒരാൾ പിറുപിറുക്കുന്നുണ്ട്. മറ്റൊരാൾ ഒരു സ്വിച്ചിട്ടു നോക്കുന്നു, ബാറിന്റെ നിയോൺ പരസ്യപ്പലക തെളിയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഏറെ വൈകും വരെ ആ മദ്യശാലയിലുണ്ടായിരുന്ന ഒരാൾ അപ്പോഴത്തെ സംഭവങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യശാലയുടെ അവസ്ഥ അതിന്റെ അവസ്ഥ മാത്രമല്ലെന്ന പ്രതീതി നമ്മളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് മറ്റെന്തോ ആണ്. അത്ഭുതപ്പെടുത്തുന്ന ആവിഷ്‌ക്കരണകലയാണ് ഈ കഥയുടേത്. സക്കറിയയുടെ സവിശേഷമായ നർമ്മബോധത്തിനും ലോകനിരീക്ഷണശേഷിക്കും കഴിയുന്നത്. കഥയിൽ കഥയില്ലാതാകുന്ന പ്രവണത ഈ കഥയിൽ കാണാം. നാം വായിക്കുന്നതെന്തോ അതു കഥയായി തീരുന്നു. ഒരു ദിവസത്തെ ജോലി എന്ന കഥയിലും ഈ അനുഭവമുണ്ട്. ഒരു ഹോം നേഴ്സ് ഒരു ദിവസം ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങൽ വിശദമായി എഴുതുകയാണ് അതിൽ. അതിഭൗതികതയുടെയോ ദാർശനികതയുടെയോ മാനങ്ങളില്ലാതെ കഥ പൂർണ്ണമാകുന്നുവെങ്കിലും നമുക്ക് എവിടെയൊക്കെയോ മുറിവേൽക്കുകയും വേദനിക്കുകയും ചെയ്യുന്നു. കഥ കഥയല്ലാതാകുകയോ എല്ലാം കഥയായി മാറിത്തീരുകയോ ചെയ്യുന്ന സക്കറിയൻ പ്രതിഭാസമാണിത്.

പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ

അതിഭൗതികമായ അനുഭൂതികളുടെ സവിശേഷസ്ഥാനങ്ങളായി സക്കറിയയുടെ കഥകൾ വിവക്ഷിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. അവ യുക്തിയുടെ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നവയായി കരുതപ്പെട്ടു. സക്കറിയ ചെറുകഥാകൃത്ത് എന്ന ഏകമാത്രകർമ്മമണ്ഡലത്തിൽ നിന്നു മാറി സമൂഹത്തിന്റെ ജനാധിപത്യപരമായ മൂല്യമണ്ഡലങ്ങളെ കുറിച്ച് ആലോചിക്കുന്നയാളായി പ്രത്യക്ഷപ്പെടുന്നതോടെ ഈ അവസ്ഥ മാറിത്തീരുന്നു. സക്കറിയയിലെ ജനാധിപത്യവാദി കഥകളിലും ഇടപെടാൻ തുടങ്ങി. യുക്തിയുടെ ലോകത്തിന് കഥയിൽ സ്ഥാനം കൈവന്നു. 'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ' എന്ന കഥ പഴയ സക്കറിയ എഴുതിയ കഥയാണ്. ഒരു മിത്തിനെ പോലെ ഇതുനമ്മെ വശീകരിക്കുന്നു. എന്തു വെളിപാടുകളാണ് കഥാകാരൻ ഇതിൽ ഒരുക്കി വച്ചിരിക്കുന്നതെന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഒരു തവള അത് വസിച്ചിരുന്ന അരുവിയിൽ നിന്ന് കയറി യാത്ര തുടങ്ങുകയാണ്. നാടുകൾ, നഗരങ്ങൾ, പർവ്വതങ്ങൾ, താഴ്വരകൾ ഒക്കെ പിന്നിട്ട് അതു സഞ്ചരിക്കുന്നു. പിന്നെ, അതിന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. മടക്കയാത്രയായി. അതും ഒരു യാത്ര തന്നെ. ഒരു പൊട്ടക്കിണറ്റിലേക്ക് അതു പതിക്കുന്നു. അതിൽ നിന്ന് രക്ഷ കിട്ടാതെ അതിൽ പെട്ടു പോകുന്നു. അത് പൊട്ടക്കിണറ്റിലെ തവളയായി മാറിത്തീരുന്നു. എല്ലാ ജീവജാലങ്ങൾക്കും ജീവിതമുണ്ടെന്നും അത് കഥയായി എഴുതപ്പെടാവുന്നതാണെന്നുമുള്ള അവബോധം നമ്മുടെ കഥാകാരൻ വർഷങ്ങൾക്കു മുന്നേ ആർജ്ജിച്ചു കഴിഞ്ഞിരുന്നു. ഇതിനെ ഒരു തവളയുടെ കഥയായി മാത്രം പരിഗണിക്കാം. പക്ഷേ, നാം അങ്ങനെ ചെയ്യാറില്ല. മനുഷ്യകേന്ദ്രിതമായ ചിന്തയുടെ രീതിശാസ്ത്രം തവളയുടെ കഥയെ മനുഷ്യജീവിതകഥയായി വിവർത്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു.

മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളെ ഗൂഢാർത്ഥകഥയുടെ രൂപത്തിൽ ആവിഷ്‌ക്കരിക്കുകയാണ് കഥാകാരൻ ചെയ്യുന്നതെന്ന് സ്വയം ധരിക്കാൻ ശ്രമിക്കുന്നു. "ഒരിടത്ത്' എന്ന കഥയിലും തവളകളുടെ കഥ പറഞ്ഞ് ലോകജീവിതത്തെ കുറിച്ചു ചിന്തിപ്പിക്കുന്ന കഥാകാരനെ കാണാം.

അധികാരബന്ധങ്ങളെ വലിയ ഉൾക്കാഴ്ചയോടെ നോക്കിക്കാണുന്ന "ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥയുടെ രചനയ്ക്കു ശേഷം കൂടുതൽ ഉയർന്ന രാഷ്ട്രീയക്ഷമത സക്കറിയയുടെ കഥാലോകം പ്രകടിപ്പിക്കുന്നതു കാണാം. ആധുനികതാവാദത്തിന്റെ സൂര്യനേരങ്ങളിൽ കഥ എഴുതിയിരുന്ന സക്കറിയ തന്റെ കഥാസപര്യയിലുടനീളം അതേപടി തുടരുന്നില്ല. സക്കറിയയുടെ കഥകളുടെ പരിച്ഛേദമെന്നു പറയാവുന്ന ഈ കഥകളിലൂടെയുള്ള സഞ്ചാരത്തിലൂടെ മനസ്സിലാക്കാവുന്നതു പോലെ പല പരിവർത്തനങ്ങളിലൂടെയും ആ കഥനകല കടന്നുപോകുന്നു. വ്യത്യസ്തവും വിഭിന്നവും അനിഷേധ്യവുമായ മലയാളകഥയുടെ ശക്തമായ ഒരു കൈവഴി ഇങ്ങനെയാണ് ഒഴുകുന്നത്.

സക്കറിയയുടെ ലേഖനങ്ങൾ വായിക്കാം

ഒരു വൈറസിന്റെ പരസ്യ ജീവിതം

ദൈവനാമത്തിൽ കഠിനാപരാധം

മതവും വൈറസും


Summary: കഥ സഞ്ചരിക്കാത്ത വഴികളിലൂടെ മലയാള കഥയെ നടത്തിയ സക്കറിയയെ ഈ കാലത്തിരുന്ന് ഒരു വായനക്കാരൻ വായിച്ചെടുക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള സംസ്​ഥാന സർക്കാറിന്റെ എഴുത്തച്​ഛൻ പുരസ്​കാരം നേടിയ സക്കറിയുടെ ശ്രദ്ധേയ കഥകളുടെ പുനർവായന


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments