48-ാം വയലാർ അവാർഡ് അശോകൻ ചരുവിലിന്റെ 'കാട്ടൂർ കടവ്' എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമാണ് അവാർഡ്. ട്രൂകോപ്പി വെബ്സീനിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച നോവലാണ് ‘കാട്ടൂർ കടവ്’. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് ബെന്യാമിൻ, പ്രൊഫ.കെ.എസ്. രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ ജൂറി വിലയിരുത്തി.
വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മൂന്നൂറോളം പുസ്തകങ്ങളിൽനിന്ന് ആറ് പുസ്തകങ്ങളാണ് ഇത്തവണ അവസാന റൗണ്ടിലെത്തിയത്. 1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നൽകിവരുന്നതാണ് വയലാർ അവാർഡ്.
ട്രൂകോപ്പി വെബ്സീനിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുവരുന്ന സമയത്തുതന്നെ ഗൗരവകരമായ ചർച്ചകൾക്കിടയാക്കിയ നോവലാണിത്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ സ്വയംവിമർശനപരമായി വിലയിരുത്തുന്ന നോവലാണിതെന്ന നിരീക്ഷണങ്ങളുണ്ടായിരുന്നു. അതിന് അശോകൻ ചരുവിൽ ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ‘എഴുത്തിലെ ആത്മവിമർശനങ്ങൾ’ എന്ന ലേഖനത്തിൽ മറുപടിയും എഴുതിയിരുന്നു:
‘‘നോവൽ സുഹൃത്തുക്കളും ഞാൻ മറ്റൊരാളായി മാറുന്നതായി ആശ്ചര്യപ്പെടുന്നു. ആ നോവലിൽ ഞാൻ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തേയും വിശേഷിച്ച് കമ്യൂണിസ്റ്റു പാർട്ടിയേയും വിമർശിക്കുന്നതായി അവർ കണ്ടെത്തുന്നു. പതിവുപോലെ ആശ്ചര്യപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും പുറത്തും പ്രസ്ഥാനത്തിന്റെ 'വക്താവായി പ്രവർത്തിക്കുന്ന ആൾക്ക്' ഇതെങ്ങനെ സാധിക്കുന്നു എന്നതാണത്രെ അതിശയം.
എഴുതുമ്പോൾ ഞാൻ മറ്റൊരാളാവുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. എഴുത്ത് മറ്റൊരു പ്രവർത്തനമാണ് എന്ന കാര്യത്തിൽ സംശയമില്ല. കാട്ടൂർക്കടവ് നോവലിൽ ഇടതുപക്ഷ വിമർശനമുണ്ടോ?. (വി.കെ.എന്നിനെപ്പോലെ 'എഴുതുമ്പോൾ ഉണ്ടായിരുന്നില്ല' എന്നുവാദിക്കാൻ ഞാൻ ഒരുമ്പെടുന്നില്ല.) എഴുതിക്കഴിഞ്ഞ നോവലിനെ അപഗ്രഥിക്കാനും വിലയിരുത്താനും ഞാൻ തയ്യാറല്ല. അത് എഴുത്തുകാരന്റെ ഉത്തരവാദിത്തമല്ല. ഒരു കാര്യം മാത്രം പറയാം: എഴുത്തിലും പൊതുജീവിതത്തിലും ഒരേ സാമൂഹ്യവീക്ഷണമാണ് ഞാൻ പുലർത്തുന്നത്. രണ്ടും എനിക്കു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്. അതിന്റെ രീതികൾ വ്യത്യസ്ഥമാകാം. എഴുത്ത് കുറേക്കൂടി സൂക്ഷ്മമായ രാഷ്ട്രീയപ്രവർത്തനമാണ്. കാലങ്ങൾക്കനുസരിച്ച് എഴുത്തിന്റെ രീതികൾ മാറുന്നു. അല്ലെങ്കിൽ മാറേണ്ടതുണ്ട്. നിരന്തരമായി അഴിച്ചു പരിശോധിക്കാതെ വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും ഈ സത്യാനന്തര കാലത്ത് നിലനിൽക്കാനാവില്ല. മെഗഫോണാവുകയല്ല ഇന്നു സാഹിത്യത്തിന്റെ ദൗത്യം. ആത്മപരിശോധനയും സ്വയം വിമർശനവുമാവണം പുതിയ കാലത്തെ പുരോഗമന സാഹിത്യത്തിന്റെ സമീപനമെന്ന് ഞാൻ കരുതുന്നു’’.