ഭൂമിയിലായിരിക്കുകയും ആകാശങ്ങളുടെ അതിരുകൾ താണ്ടി മറ്റൊരാൾക്കും സങ്കൽപ്പിക്കാൻ സാധിക്കാത്തവിധം മനോയാനങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുക; അതാണ് മേതിൽ ചെയ്യുന്നത്. എന്നാൽ വെറും സങ്കൽപ്പരഥങ്ങളിൽ സഞ്ചരിക്കുക മാത്രമാണോ?
ഒരിക്കലുമല്ല.
ഓരോ കഥയും കവിതയും ലേഖനവും തികച്ചും ശാസ്ത്രീയ അടിത്തറയിൻമേലാണ് അദ്ദേഹം പടുത്തുയർത്തിയത്. അതിപ്രഗൽഭനായ ഒരു വാസ്തുശിൽപ്പിയെപ്പോലെ ഓരോ വാക്കും ഓരോ ഇഷ്ടിക പോലെ കൃത്യമായ ഇടങ്ങളിൽ ശ്രദ്ധാപൂർവ്വം അടുക്കിവെച്ചും അവയിലോരോന്നിലും സംഗീതത്തിൻ്റെ ലയം നിറച്ചും അദ്ദേഹം തൻ്റേതായ ഒരു ലോകം സൃഷ്ടിക്കുകയായിരുന്നു. ആ ലോകത്തിലെ ഓരോ കെട്ടിടത്തിൻ്റെയും ശിൽപ്പഭദ്രതയും അകത്തളങ്ങളിലെ വായുസഞ്ചാരങ്ങളും ഇരുട്ടും വെളിച്ചവും എല്ലാം അതിവിദഗ്‌ദ്ധമായ പദ്ധതികളുടെ സാക്ഷാൽക്കാരങ്ങളാണ്.
രൂപാലിയുടെ മൂന്നടരുകളിലൂടെ അടർപ്പാനയിലെത്തുമ്പോൾ
വാക്കുകൾ കണ്ണാടികൾ പോലെ.
നേരിയ പഹയനിൽ വാക്കുകൾ സംഗീതം പൊഴിക്കുന്നപോലെ.
റെനിസെൻബിൻ്റെ തുമ്പികളിൽ
വാക്കുകൾ കാറ്റും കാറ്റുമില്ലുകളുമായിത്തീരുന്നു.
മേതിലിൻ്റെ മായികലോകങ്ങൾ.
കവിയും കഥാകൃത്തും കോളമിസ്റ്റുമൊക്കെയാണെന്നതിലുപരി മേതിൽ ഒരു ക്രാന്തദർശിയാണെന്നതാണ് ആർക്കും നിഷേധിക്കാനാവാത്ത സത്യം
മേതിൽ എന്നും ഒരു വിസ്മയമാണെനിക്ക്.
ദ്രോണാചലത്തിലെ, പുതിയങ്കത്തിലെ കുട്ടി എന്നും എപ്പോഴും മേതിലിൽ ഉണർന്നിരിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ കുട്ടിയാണ് എല്ലാം കാണുന്നതും കേൾക്കുന്നതും അറിയുന്നതും പറയുന്നതും എഴുതുന്നതുമൊക്കെയെന്നാണ് മേതിൽ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെയാണ് മേതിലെഴുത്ത് ശാസ്ത്രോന്മുഖനായ ഒരു ജിജ്ഞാസുവിൻ്റെ പര്യടനങ്ങളും പര്യവേക്ഷണങ്ങളുമാകുന്നത്.
എന്താണ് അല്ലെങ്കിൽ ആരാണ് മേതിൽ എന്ന് പലപ്പോഴും നമ്മൾ അത്ഭുതപ്പെട്ടുപോകും. കവിയും കഥാകൃത്തും കോളമിസ്റ്റുമൊക്കെയാണെന്നതിലുപരി അദ്ദേഹമൊരു ക്രാന്തദർശിയാണെന്നതാണ് ആർക്കും നിഷേധിക്കാനാവാത്ത സത്യം. മേതിൽ എപ്പോഴും പുത്തനറിവുകൾ പകർന്നു കൊണ്ടേയിരിക്കുന്നു. ഇൻ്റർനെറ്റോ വിപുലമായ ലൈബ്രറി സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന കാലത്താണ് മേതിൽ, ഈ ഡിജിറ്റൽ യുഗത്തിൽപ്പോലും മഹാഭൂരിപക്ഷം ജനങ്ങൾക്കും ഇല്ലാത്ത ശാസ്ത്ര, ചരിത്ര, സാംസ്ക്കാരിക, കായിക മേഖലകളിലെല്ലാമുള്ള ഏറ്റവും പുതിയ അറിവുകൾ തൻ്റെ പംക്തികളിലൂടെ പകർന്നുനൽകിയത് എന്നത് തികച്ചും വിഭ്രാമകം തന്നെയാണ്.

എഴുത്തിൻ്റെ വാസ്തുശിൽപ്പിയെന്ന് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തിൻ്റെ നിർമ്മിതിയെയാണ് മേതിൽക്കഥകൾ എന്നെ ഓർമ്മിപ്പിക്കുന്നത്. ഗോപുരത്തിൽ തുടങ്ങി അസ്ഥിവാരത്തിൽ എത്തിച്ചേരുന്ന നിർമ്മിതിപാടവം. അതിൽ ഓരോ കല്ലിൻ്റെയും സ്ഥാനം സുഭദ്രം. മേതിലെഴുത്തിൽ ഒരു വാക്കുപോലും അസ്ഥാനത്താവുന്നില്ല.
മേതിൽ ലോകത്തിലേക്ക് ഞാൻ ഒരു ആലീസിനെപ്പോലെ വീഴുന്നത് സൂര്യവംശം എന്ന ഇരുണ്ട കഥയിലൂടെയാണ്. മേതിലിൻ്റെ മാന്ത്രികസ്പർശം കൊണ്ടുമാത്രം കാലത്തിനു മുൻപേ സഞ്ചരിച്ച, ഇതിഹാസ തുല്യമായിത്തീർന്ന ഒരു സാധാരണ കഥ. അതിലെ സംഗീതസ്പർശത്തെക്കുറിച്ച്, തുടർന്നുവന്ന പല കഥകളിലും കവിതകളിലുമുള്ള സംഗീതാത്മകതയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, അത് തൻ്റെയുള്ളിൽ നിറഞ്ഞുനിൽക്കുന്ന കണ്യാർകളിയിലെ ചക്കിലിയൻ്റെ താളബോധമാണെന്നാണ്.
2018 -ൽ ഒരു നിയോഗം പോലെ ഞങ്ങൾ പരിചയപ്പെടുമ്പോൾ വളരെ ഉത്സാഹഭരിതമായ ശബ്ദമായി, ‘റാഡ്’ എന്ന തൻ്റെ ഹ്രസ്വനാമം അന്വർത്ഥമാക്കിക്കൊണ്ട്, ടെലഫോണിൻ്റെ മറുപുറത്ത് മേതിൽ.
എൻ്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ഏറ്റവും യാദൃച്ഛികമായി സംഭവിച്ചവയാണ്. ഈ കുറിപ്പുപോലും. ആകസ്മികതകളുടെ ചക്രവർത്തിയെ ഞാൻ നേരിട്ട് പരിചയപ്പെടുന്നതും വളരെ ആകസ്മികമായിട്ടായിരുന്നു. അതിവിദൂരഭൂതങ്ങളിലൊന്നുമല്ല. 2018 -ൽ ബംഗളൂരുവിൽ എൻ്റെ ചിത്രങ്ങളുടെ ഏകാംഗ പ്രദർശനം നടത്തുന്ന സമയം, സുഹൃത്തായ അഭിലാഷാണ് അതിന് കാരണമായത്. അതിനും എത്രയോ മുൻപ് മേതിലും ഞാനും ഒരേ നഗരത്തിൽ ഒരേ കാലത്ത് ജീവിച്ചിട്ടും, പരിചയപ്പെടാനുള്ള സാധ്യതകൾ പലതുമുണ്ടായിരുന്നിട്ടും, ഞങ്ങൾ കണ്ടുമുട്ടിയേയില്ല. 2018 -ൽ ഒരു നിയോഗം പോലെ ഞങ്ങൾ പരിചയപ്പെടുമ്പോൾ വളരെ ഉത്സാഹഭരിതമായ ശബ്ദമായി, ‘റാഡ്’ എന്ന തൻ്റെ ഹ്രസ്വനാമം അന്വർത്ഥമാക്കിക്കൊണ്ട്, ടെലഫോണിൻ്റെ മറുപുറത്ത് മേതിൽ.
അങ്ങനെ ചിത്രങ്ങളെക്കുറിച്ചും മേതിൽ വരച്ചിടുന്ന വാങ്മയചിത്രങ്ങളെക്കുറിച്ചും തുടങ്ങിയ ചെറുഭാഷണങ്ങൾ, 2021 -ൽ ‘പത്തൊൻപത്’ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ നീണ്ട സംഭാഷണങ്ങളായി മാറി, സിൻഡ്രല്ല ഒറ്റ ഷൂവുമായി ഓടിപ്പോകുന്ന മുഹൂർത്തത്തിലെത്തുമായിരുന്നു.

എത്രയെത്ര കഥകൾ. ദ്രോണാചലത്തിലെ സിനിമാ തിയറ്ററിലെ പ്രൊജക്ടർ ഓപറേറ്ററുടെ കൂടെക്കൂടിയിരുന്ന കുട്ടിയിൽ തുടങ്ങുന്ന കഥകൾ, കഥകൾക്കുപിന്നിലെ കഥകളിലും നിർമ്മിത ബുദ്ധിയിലും പി.ജിയിലും റോബർട്ട് ഫ്രോസ്റ്റിലും ഒക്കെ എത്തിച്ചേരും. ഈ സംഭാഷണങ്ങളും സംവാദങ്ങളും മേതിലിനെ വ്യക്തിപരമായി അടുത്തറിയുന്നതോടൊപ്പം അദ്ദേഹത്തിൻ്റെ സൃഷ്ടികളെ അവയുടെ ആഴത്തിലും പരപ്പിലും മനസ്സിലാക്കുന്നതിനും വളരെയധികം സഹായിച്ചിട്ടുണ്ട്. പക്ഷേ, അടുത്തറിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും, നിർദ്ധാരണം ചെയ്യാനാകാത്ത സമസ്യയാണ് മേതിൽ എന്ന്.
2022 - ലാണ് ആദ്യമായി ഞാൻ മേതിലിനെ കാണുന്നത്. ആ സന്ദർശനം എനിക്ക് സമാനതകളില്ലാത്ത സൗഹൃദമാണ് സമ്മാനിച്ചത്. ‘INTIMATES’ എന്ന് മേതിൽ പേരിട്ട മേതിലിയൻസ് ഗ്രൂപ്പിലെ ഞാനടങ്ങുന്ന ആറ് അംഗങ്ങളിൽ അസ്‌കറും ഗായും ഗിരിയും കൂടാതെ എൻ്റെ സുഹൃത്ത് ലാമിയും കൂടെയുണ്ടായിരുന്നു. ‘കെയ് സെറ സെറ….’ (Que Sera Sera) മനോരമ ഓൺലൈനിൽ വന്നുകൊണ്ടിരിക്കുന്ന കാലം. മേതിലിന് കാഴ്ച ഒരു വലിയ പ്രശ്‌നമായ ആ കാലത്ത് ആ പംക്തിയിലേക്കുള്ള ലേഖനങ്ങൾ അക്ഷരപ്പിഴ തീർക്കുന്നതിനായി ബുധനാഴ്ചകളിൽ എനിക്ക് അയച്ചുതരുമായിരുന്നു. പിന്നീട് വളരെ ആകസ്മികമായാണ് ‘മൂന്നുവര’ എന്ന മേതിൽ പംക്തികളുടെ സമാഹാരം ശരിപാർക്കുന്നതിലും എഡിറ്റിങ്ങിലും എത്തിച്ചേരുന്നത്. അങ്ങനെ മേതിൽ സഞ്ചരിച്ച വഴിയിലൂടെ അദ്ദേഹത്തിൻ്റെ തന്നെ നിർദ്ദേശാനുസരണം യാത്ര ചെയ്യാനുള്ള നിയോഗമുണ്ടായി. 550-ഓളം പേജുകളിലായി 213 അദ്ധ്യായങ്ങൾ. യാത്ര ഞാൻ വളരെയധികം ആസ്വദിച്ചുവെങ്കിലും സൂക്ഷ്മപരിശോധനയും വെട്ടലും തിരുത്തലും അതീവ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടിയിരുന്നു; കാരണം മറ്റൊന്നുമല്ല, മേതിലെഴുത്താണെന്നതുതന്നെ. ഓരോ വാക്കും പ്രയോഗവും പേരുകളുടെ ഉച്ചാരണങ്ങളും എല്ലാം അതിപ്രധാനമാണ്.
പല വായനശാലകളിൽ പല വർഷങ്ങൾ ചെലവഴിച്ചാൽ മാത്രം ലഭ്യമാകുന്ന വിജ്ഞാനം നട്ഷെല്ലുകളിലാക്കിത്തരുന്നു മേതിൽ പംക്തികൾ. മേതിലിലേക്കുള്ള വാതിലെന്നു ‘മൂന്നുവര’യെ നിസ്സംശയം വിശേഷിപ്പിക്കാം.
അവസാനമായി ഞാൻ ജൂണിനെ കാണുമ്പോൾ അവൾ എന്നോട് മിറാക്ൾസിനെ കുറിച്ച് ചോദിച്ചു. ഞാൻ ഷഹ്റസാദായി. എൻ്റെ മിറാക്ൾ അനുഭവങ്ങൾ അതീവശ്രദ്ധയോടെ ചെവിയോർത്തിരിക്കുന്ന ജൂണിന്റെ ചിത്രം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.
തികഞ്ഞ ഏകാകിയായിരിക്കുമ്പോഴും ബന്ധങ്ങൾക്ക്, പ്രത്യേകിച്ച് സുഹൃദ്‌ബന്ധങ്ങൾക്ക്, എപ്പോഴും വളരെയധികം പ്രാധാന്യം നൽകുന്ന ഒരാളാണ് മേതിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ ബന്ധങ്ങളെയും നിലനിർത്തുമ്പോഴും അദ്ദേഹം അതിൽ നിന്നൊക്കെ വിട്ടുനിൽക്കുന്ന ഒരാളാണ് / ആയിരിക്കും. ഒരു ഡിറ്റാച്ഡ് അറ്റാച്മെന്റ്. അതുകൊണ്ടുമാത്രമാണ് ‘ആത്മകഥയാവാതെ ഞാൻ’ എഴുതാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാവുക.
ജൂണിന്റെ രോഗനാളുകളിൽ അവളോടൊപ്പം നിൽക്കുമ്പോഴും അവളുടെ ഡാഡിക്ക് അറിയാമായിരുന്നു, അവൾ കടന്നുപോകേണ്ട താരകളെക്കുറിച്ച്. ഏറ്റവും ധീരമായി തന്നെയാണ് അവർ രണ്ടുപേരും രോഗത്തെ നേരിട്ടത്. എങ്കിലും ചില സന്ദർഭങ്ങളിൽ നിസ്സഹായനായ ഒരു പിതാവിൻ്റെ വേദന അദ്ദേഹത്തെ ഗ്രസിക്കുന്നത് കണ്ടു നിൽക്കേണ്ടിവന്നിട്ടുണ്ട്. ഹെമിങ്‌വേയുടെ ആരാധകനല്ലാതിരുന്ന മേതിൽ എവിടെയോ വച്ച് ഹെമിങ്‌വേയിലേക്കും അദ്ദേഹത്തിൻ്റെ അനശ്വര കഥാപാത്രമായ വൃദ്ധനിലേക്കും എത്തിച്ചേരുകയായിരുന്നു. മരണത്തോട് അദ്ദേഹം പറഞ്ഞു, ‘‘നിനക്കെന്നെ നശിപ്പിക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല”.
അവസാനമായി ഞാൻ ജൂണിനെ കാണുമ്പോൾ അവൾ എന്നോട് മിറാക്ൾസിനെ കുറിച്ച് ചോദിച്ചു. ഞാൻ ഷഹ്റസാദായി. എൻ്റെ മിറാക്ൾ അനുഭവങ്ങൾ അതീവശ്രദ്ധയോടെ ചെവിയോർത്തിരിക്കുന്ന ജൂണിന്റെ ചിത്രം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. പക്ഷേ ആയിരത്തൊന്ന് രാവുകൾ എനിക്ക് കിട്ടിയില്ല, ജൂണിനും. എങ്കിലും അവസാനത്തെ ദിവസം പോലും മിറാക്ളിനായി ഞാൻ കാത്തിരുന്നു.
ജൂൺ പോയി, ഫെബ്രുവരി 13 - ന്; ഒരുപാട് ആകസ്മികതകൾ ബാക്കിവെച്ച്. പ്രഭ ചേച്ചിയുടെ വിയോഗത്തിൻ്റെ പതിമൂന്നാം വർഷത്തിൽ, മേതിലിൻ്റെ പ്രിയ സഹോദരി മല്ലികയുടെ ഒന്നാം ചരമദിനത്തിൽ, പതിമൂന്നാം നമ്പർ റൂമിൽവെച്ചായിരുന്നു ജൂൺ ഏറ്റവും തിടുക്കപ്പെട്ട്, വേദനയില്ലാത്ത ലോകത്തിലേക്ക് വിടപറഞ്ഞത്.
‘മൈനസ് ജൂൺ’ ലോകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്ന് മേതിൽ. ഒന്നിൽ നിന്നും മൈനസ് ആവാതെ ജൂൺ. അവളുടെ മുറിയിലെ ഇരുട്ടിനെ ഭയപ്പെട്ട്, അതിലേക്ക് സ്വയം ചേക്കേറി, ഭയത്തെ മറികടക്കുന്ന അദ്ദേഹം ഇന്ന് ഒറ്റപ്പെടലിനെ ഭയക്കുന്നില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.
“നിങ്ങൾ നിങ്ങളുടെ സാഹചര്യങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. അതിൽ നിന്ന് മോചനമില്ല. നിങ്ങൾ അതിലായിരുന്നു ജീവിക്കുക, അതാണ് നിയോഗം’’,
മേതിൽ ഇന്നും പറഞ്ഞു.
പ്രിയപ്പെട്ട റാഡ്, നിങ്ങൾ ഒറ്റയ്ക്കല്ല.
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
