പ്രതിചരിത്രമെഴുതുന്ന
​നോവൽ പുസ്തകം

ചരിത്രത്തിന്റെ ദൗത്യത്തെ തന്നെ അപ്രസക്തമാക്കുന്ന രീതിയിൽ ചരിത്രവും സാഹിത്യവും കൂടിച്ചേരുന്നതും ശത്രുതാപരമായ പ്രശ്നീകരണങ്ങൾ സൃഷ്ടിക്കുന്നതും ഈ രണ്ടു വ്യവഹാരങ്ങൾക്കും ഗുണകരമാകുമോ? എസ്​. ഹരീഷിന്റെ ‘ആഗസ്​റ്റ്​ 17’ എന്ന നോവലിന്റെ വായന

ന്റെ സാഹിത്യജീവിതത്തിന്റെ തുടക്കം മുതലേ കഥയെയും ചരിത്രത്തെയും ബന്ധിപ്പിക്കുന്ന പ്രശ്നീകരണങ്ങൾ എസ്. ഹരീഷിന്റെ രചനകളിൽ പ്രത്യക്ഷപ്പെടുന്നതുകാണാം. ആദ്യ കഥാസമാഹാരത്തിന്റെ ശീർഷകം തന്നെ രസവിദ്യയുടെ ചരിത്രം എന്നാണ്. ആ സമാഹാരത്തിന്റെ ശീർഷകത്തിലുള്ള കഥയ്ക്കുപുറമേ മറവൻതുരുത്തിന്റെ ചരിത്രം പറയുന്ന മറ്റൊരു കഥ കൂടിയുണ്ട്, ആ പുസ്തകത്തിൽ. ഹരീഷ് ആദ്യമായി രചിച്ച നോവൽകൃതിയിലും വിസ്തൃതവും വിശാലവുമായ രൂപത്തിൽ ചരിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. മീശ എന്ന നോവൽ കേരളചരിത്രത്തിലെ മറഞ്ഞുകിടന്ന പല ഏടുകളെയും തുറക്കുന്നതായിരുന്നു. ആഗസ്റ്റ് 17 എന്ന നോവലും കേരളചരിത്രത്തെയാണ് ആധാരമാക്കുന്നത്. ആദ്യനോട്ടത്തിൽ തന്നെ കേരളത്തിന്റെ പ്രതിചരിത്രമാണെന്നോ ഭാവനാത്മകമായ തിരുത്തിയെഴുത്താണെന്നോ ബോധ്യപ്പെടുമ്പോഴും ഏറെ ആകർഷിക്കപ്പെടുന്നത് ഈ കൃതി മുന്നോട്ടുവയ്ക്കപ്പെടുന്ന അധികാരത്തിന്റെ പ്രശ്നവത്കരണമാണ്. അതുകൊണ്ട് ഈ നോവലിലെ അധികാരവിമർശനത്തെക്കുറിച്ച്​ ആദ്യം പറയാം. ചരിത്രത്തെക്കുറിച്ചു പറയാനുള്ളത് രണ്ടാമതാകാം.

രാഷ്ട്രീയവിപ്ലവങ്ങൾക്ക്​ യുക്തിപരവും സാമൂഹികവുമായ കാരണങ്ങളുണ്ടോ? രാഷ്ട്രീയവിപ്ലവങ്ങൾ സാമൂഹികമായ ഇച്ഛാശക്തിയുടെ പ്രകടനങ്ങളാണോ? രാഷ്ട്രീയമാറ്റങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ ഉയർത്തപ്പെടുന്ന മുദ്രാവാക്യങ്ങൾ വിപ്ലവാനന്തരം നിവർത്തിക്കപ്പെടുന്നുണ്ടോ? വിപ്ലവങ്ങളുടെ ഫലങ്ങൾക്ക് രാഷ്ട്രീയക്കാരുടെ മനഃശാസ്ത്രവുമായി ബന്ധങ്ങളുണ്ടോ? വിപ്ലവാനന്തരം വരുന്ന അധികാരത്തിനുമുന്നിൽ പ്രക്ഷോഭകാലത്തെ മൂല്യങ്ങളും ആദർശങ്ങളും ഛിന്നഭിന്നമാകുമോ? പ്രക്ഷോഭകാലത്ത് വിജയത്തെക്കുറിച്ച്​പാടുന്നവർ വിജയത്തിന്റെ കാലത്ത് സൈബീരിയയിലേക്കു നാടുകടത്തപ്പെടുമോ? അധികാരത്തിന്റെ ഏതുരൂപത്തിലും എല്ലാ രൂപത്തിലും പ്രകടിതമാകുന്നത് ഒരേ നൃശംസത തന്നെയോ? പല വേഷങ്ങളിൽ, പല ആദർശങ്ങളിൽ, പല കൊടികളുമായി വരുന്ന രാഷ്ട്രീയക്കാർ അധികാരത്തിലെത്തുമ്പോൾ അധികാരി എന്ന ഒരൊറ്റ ഗണത്തിലേക്ക്​ ചുരുങ്ങുന്നുവോ?

എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവൽ ഈ വിധത്തിലുള്ള ചില ചോദ്യങ്ങളെ ഉയർത്തുന്നുണ്ട്.

ദുഷിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന ദുരധികാരത്തെയാണ് ഹരീഷിന്റെ നോവൽ എഴുതുന്നത്. രാജഭരണകാലത്തെ ദിവാന്റെ സ്വേച്ഛാധികാരം, തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസും അക്കാമ്മ ചെറിയാനും പിന്നീടു കൈയാളുന്ന അധികാരം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിലെ അധികാരപ്രയോഗങ്ങൾ - ഇവയിലെല്ലാം ആവർത്തിക്കുകയും വലിയ മാറ്റങ്ങളില്ലാതെ തുടരുകയും ചെയ്യുന്ന ജനവിരുദ്ധതയെ ഹരീഷ് ഭാവനാത്മകമായി എഴുതുന്നു. ദിവാൻ ഭരണകാലത്ത് പുന്നപ്രയിലെയും വയലാറിലെയും പ്രക്ഷോഭകരെ കൂട്ടക്കൊല നടത്തിയ വൈദ്യനാഥയ്യർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്തും പൊലീസ് അധികാരിയായി തുടരുന്നതും അയാളുടെ പീഡനമുറകൾ ഇതരരൂപങ്ങളിൽ ആവർത്തിക്കുന്നതും കൽപന ചെയ്തിരിക്കുന്നു. പ്രക്ഷോഭനാളുകളിൽ ഏതിനെതിരെയാണോ അക്കാമ്മ ചെറിയാൻ ശബ്ദിച്ചത്, അധികാരത്തിന്റെ നാളുകളിൽ അതിനെത്തന്നെ അവർ സ്വീകരിക്കുന്നതിനെ കാണുന്നു.

എസ്. ഹരീഷ്‌

അമിതാധികാരത്തിനുകീഴിൽ കുറേ എഴുത്തുകാരുടെ കൃതികൾ ഭരണകൂടകീർത്തനങ്ങളായി മാറിത്തീരുന്നതും സർഗാത്മകരചനകൾ നിർവഹിക്കുന്ന കുറേപ്പേർ ജയിലിലടയ്ക്കപ്പെടുന്നതും ഹരീഷ് എഴുതുന്നുണ്ട്. സക്കറിയ ജയിലിനുള്ളിൽ വിറകുവെട്ടുകാരനായി മാറിത്തീരുന്ന ഒരു ദൃശ്യം എഴുത്തുകാരൻ കാണിച്ചുതരുന്നു. ഏതു ഭരണകൂടത്തിനുകീഴിലും വ്യവസ്ഥയ്ക്കുകീഴിലും നിരന്തരമെന്നോണം അടിച്ചമർത്തപ്പെടുന്ന ജനാഭിലാഷങ്ങളെ രേഖപ്പെടുത്താൻ എഴുത്തുകാരൻ ശ്രമിക്കുന്നു. ഒരുപക്ഷേ, നമ്മുടെ സമകാല അനുഭവങ്ങളിൽ ഈ വ്യാഖ്യാനത്തിനുള്ള പ്രസക്തിയിലൂന്നാൻ എല്ലാവരും താത്പര്യം കാണിക്കുകയും ചെയ്തേക്കാം. വിപ്ലവാനന്തരം പ്രക്ഷോഭകാരികൾ വിജയിക്കുകയും അധികാരികളായി മാറിത്തീരുകയും ചെയ്യുമ്പോൾ അവരിലെ മൂല്യബോധം ഇടിയുകയും ക്രൂരവും ആക്രാമകവുമായ വ്യവസ്ഥയെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു. പ്രക്ഷോഭകാലത്തെ അവരുടെ പ്രഖ്യാപിതലക്ഷ്യങ്ങൾക്കു വിരുദ്ധമായവ, പലപ്പോഴും പഴയ അധികാരത്തിന്റെ അതേ ലക്ഷ്യങ്ങൾ തന്നെ വീണ്ടും കൂടുതൽ ആക്രാമകമായി പുനഃസ്ഥാപിക്കപ്പെടുന്നു. ആഖ്യാനകാരന്റെ ഈ നിലപാടിന് ലോകചരിത്രം വിശ്വസനീയമായ സാക്ഷ്യം പറയുമെന്നു കരുതപ്പെടുന്നുമുണ്ട്.

ദുരധികാരം ഏൽപ്പിക്കുന്ന യാതനാനുഭവത്തിന്റെ സമാനതയെ ഒരു സാഹിത്യകൃതിയിലൂടെ സമീപിക്കേണ്ടിവരുമ്പോൾ ഹരീഷിന്റെ വ്യാഖ്യാനത്തിന്​ സാംഗത്യവും പ്രസക്തിയും തെളിയുന്നുണ്ടെന്ന കാര്യം കാണാതിരിക്കേണ്ടതില്ല.

എന്നാൽ, ഇതിൽ ന്യൂനീകരണത്തിന്റെ മൂലകങ്ങൾ ആരോപിക്കാവുന്നതാണ്. ഏറ്റവും പ്രധാനമായത്, എല്ലാ പ്രക്ഷോഭങ്ങളെയും നിരർഥകമെന്നു വ്യാഖ്യാനിക്കാവുന്ന ഒരു സ്ഥിതി അതു സൃഷ്ടിക്കുന്നുവെന്നതാണ്. അത് പ്രതികരണങ്ങളെയും സമരങ്ങളെയും നിരുത്സാഹപ്പെടുത്തുന്നു. അനീതിയെയും ക്രൂരതയെയും തിന്മയെയും ശാശ്വതവത്കരിക്കുന്ന ദർശനം ഇതിൽ ഉള്ളടങ്ങിയിരിക്കുന്നുവെന്ന്​ വിമർശിക്കപ്പെടാവുന്നതുമാണ്. നൃശംസതകൾ പോലും സ്ഥല- കാലഭേദങ്ങളില്ലാതെ പ്രത്യക്ഷപ്പെടുകയില്ലെന്ന യാഥാർഥ്യത്തെ ഈ വ്യാഖ്യാനം വിസ്മരിക്കുന്നുണ്ട്. ചരിത്ര, കാല, രാഷ്ട്രീയ പരിഗണനകൾ ഉപേക്ഷിക്കുന്ന അധികാരസങ്കൽപനങ്ങൾ എല്ലാ അധികാരവും ദുഷിപ്പിക്കുന്നുവെന്ന പഴമൊഴിയെ ആധുനികോത്തരമായി അവതരിപ്പിക്കുന്നതിനുമാത്രമേ സഹായകമാകൂ എന്നും കരുതണം.

ഹിറ്റ്​ലറും ചർച്ചിലും ലെനിനും ഒബാമയും നരേന്ദ്ര മോദിയും നെഹ്റുവും പിണറായി വിജയനും മമതാ ബാനർജിയും സി.പി. രാമസ്വാമി അയ്യരും അക്കാമ്മ ചെറിയാനും പി. കൃഷ്ണപിള്ളയും സമീകരിക്കപ്പെടുന്നതിൽ പല അനൗചിത്യങ്ങളുമുണ്ട്. എന്നാൽ, പരമകാഷ്ഠയെ, അങ്ങേയറ്റത്തെ അവസ്ഥകളെ, ഏകപക്ഷീയതകളെ എഴുതിക്കൊണ്ടേ പ്രശ്നത്തിന്റെ ഗുരുത്വാവസ്ഥയെ വിവൃതമാക്കാൻ കഴിയൂ എന്ന സമീപനം എഴുത്തുകാരനുണ്ടാകാം. ദുരധികാരം ഏൽപ്പിക്കുന്ന യാതനാനുഭവത്തിന്റെ സമാനതയെ ഒരു സാഹിത്യകൃതിയിലൂടെ സമീപിക്കേണ്ടിവരുമ്പോൾ ഹരീഷിന്റെ വ്യാഖ്യാനത്തിന്​ സാംഗത്യവും പ്രസക്തിയും തെളിയുന്നുണ്ടെന്ന കാര്യം കാണാതിരിക്കേണ്ടതില്ല. വിപ്ലവങ്ങൾക്കുശേഷം പുനരുത്ഥാനങ്ങളോ പുനരുജ്ജീവനങ്ങളോ അല്ല ജനത പ്രതീക്ഷിക്കുന്നതെന്നുപറയാൻ ഹരീഷിന്റെ സാഹിത്യകൃതിക്കു കഴിയുന്നു. അനൗചിത്യമാണെന്നു പറയുന്നവരോട്, ഭരണകൂടങ്ങൾക്കും അധികാരങ്ങൾക്കും ഇടയിലെ സമാനതകൾ കാണുന്നില്ലേയെന്നു ചോദിക്കാൻ തുനിയുന്നുവെന്നത് പ്രധാനം തന്നെ!

കഥ ചരിത്രമായി മാറിയതിന് ഉദാഹരണമായി രാമായണമെന്ന സാഹിത്യകൃതിയിലെ നായകനായ രാമന്റെ കഥ പുസ്തകങ്ങളിൽ നിന്നിറങ്ങിവന്ന് കോടതിവിധിയിൽ കയറിപ്പറ്റിയതിനെക്കുറിച്ചും അങ്ങനെ ചരിത്രമായി മാറിയ രാമന്​ ജയ് വിളിക്കാത്തവർ തെരുവിൽ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും ഹരീഷ് പറയുന്നു.

ഹരീഷ് നോവലിലൂടെ എഴുതുന്ന വിപരീതചരിത്രം കഥയും ചരിത്രവും തമ്മിൽ തമ്മിലുള്ള വൈരുദ്ധ്യാത്മകതയെ പ്രത്യക്ഷത്തിൽ തന്നെ വെളിപ്പെടുത്തുന്നുണ്ട്. അവയ്ക്കിടയിലെ ഐക്യത്തെയും അതു തുറന്നുകാട്ടുന്നു. എസ്. ഗോപാലകൃഷ്ണൻ ഹരീഷുമായി നടത്തിയ ഒരു സംഭാഷണത്തിൽ ചരിത്രത്തിൽ കഥയുണ്ടോയെന്നും കഥയിൽ ചരിത്രമുണ്ടോയെന്നും ചോദിക്കുന്നുണ്ട്. രണ്ടു ചോദ്യങ്ങൾക്കും ഉണ്ട് എന്ന ഉത്തരമാണ് ഹരീഷ് നൽകുന്നത്. കഥകളില്ലാതെ ചരിത്രം എഴുതപ്പെടുന്നില്ല. വസ്തുനിഷ്ഠത വലിയ പ്രശ്നീകരണങ്ങൾക്കു വിധേയമായ ഇക്കാലത്ത് ധൈര്യസമേതം ഇങ്ങനെ പറയാം. കഥ ചരിത്രമായി മാറിയതിന് ഉദാഹരണമായി രാമായണമെന്ന സാഹിത്യകൃതിയിലെ നായകനായ രാമന്റെ കഥ പുസ്തകങ്ങളിൽ നിന്നിറങ്ങിവന്ന് കോടതിവിധിയിൽ കയറിപ്പറ്റിയതിനെക്കുറിച്ചും അങ്ങനെ ചരിത്രമായി മാറിയ രാമന്​ ജയ് വിളിക്കാത്തവർ തെരുവിൽ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും ഹരീഷ് പറയുന്നു. കഥയിൽ നുണയുണ്ടെന്ന് എല്ലാവർക്കും അറിയാം. അത്​ നല്ല വഴികളെക്കുറിച്ചു പറയുന്നതും എല്ലാവർക്കും ആസ്വാദ്യകരമാകുന്നതും ആയിരിക്കണമെന്ന് ലന്തൻബത്തേരിയിലെ ജെസിക്ക ആഗ്രഹിച്ചിരുന്നതായി എൻ.എസ്. മാധവന്റെ നോവലിൽ നാം വായിച്ചിട്ടുണ്ടല്ലോ? ചരിത്രത്തിന്റെ തീവ്രതയെ മയപ്പെടുത്താൻ കഥ കേൾക്കുന്ന ജെസിക്കയ്ക്ക് കഥയിൽ ചതി വരുന്നത് പെട്ടെന്ന്​ തിരിച്ചറിയാൻ കഴിയുന്നുണ്ട്. രാമന്റെ കഥ ചരിത്രമായി മാറുമ്പോൾ അത്​ ചതിയായി തീരുന്നു. ഹരീഷ് കഥയെ ചരിത്രമായി എഴുതുമ്പോൾ ഇതിന്​ വിപരീതമായ ഫലം സാധ്യമാകുന്നുണ്ടോ? അത് വീണ്ടുവിചാരങ്ങൾക്കുള്ള പ്രേരണയാകുന്നുണ്ടോ?

നമ്മുടെ പ്രഗത്ഭരായ ചരിത്രകാരന്മാർക്ക്; അത് റോമില ഥാപ്പറോ ഇർഫാൻ ഹബീബോ കെ.എൻ. പണിക്കരോ ആരായാലും, സമീപകാലവർഷങ്ങളിൽ ഏറ്റവും കൂടുതൽ ഉച്ചത്തിൽ പറയേണ്ടിവന്ന ഒരു കാര്യം ചരിത്രസാമഗ്രികളുടെ മലിനീകരണത്തിനെതിരെയാണെന്നത്​ മറക്കാൻ കഴിയുമോ?

അതെ, അത് അങ്ങനെയാണ്. അത് വീണ്ടുവിചാരങ്ങൾക്കു പ്രേരണയാകുന്നുണ്ടെന്നു കരുതിക്കൊണ്ടുതന്നെ ഞാൻ എന്റെ ചില ആശങ്കകൾ പങ്കുവയ്ക്കട്ടെ! ഇവിടെ പ്രതിലോമകാരികളായ ഹിന്ദുത്വവാദികളും നമ്മുടെ എഴുത്തുകാരനും സ്വീകരിക്കുന്ന മാർഗമോ ഉപകരണമോ ഒന്നുതന്നെയല്ലേ? ചരിത്രത്തിന്​ കേവലവസ്തുനിഷ്ഠത (Absolute Objectivity) യില്ലെന്നത്​ ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്. എല്ലാ ചരിത്രകാരന്മാർക്കും അത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. ചരിത്രകാരന്മാർക്കു മാത്രമല്ല, ഭൗതികശാസ്ത്രജ്ഞർക്കുപോലും കേവല വസ്തുനിഷ്ഠത എന്ന സങ്കൽപനത്തെ നിരസിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രം യാഥാർഥ്യത്തോട് പുലർത്തുന്ന അക്രമാസക്തമായ പ്രതിജ്ഞാബദ്ധത ഒരു ശാസ്ത്രാധ്യാപകനായിരുന്ന എന്നെ പലപ്പോഴും ഭയപ്പെടുത്തിയിട്ടുണ്ട്. സത്യത്തോടൊപ്പം നുണയ്ക്കും ജീവിതത്തിൽ ചില സന്ദർഭങ്ങളിലെങ്കിലും സാംഗത്യമുണ്ടെന്നുതന്നെയാണ് ഞാൻ കരുതുന്നത്. കള്ളവും പറയേണ്ടതുണ്ട് എന്ന ശീർഷകത്തിൽ ഒരു ലേഖനവും ഞാൻ എഴുതിയിട്ടുണ്ട്. നുണ ധാർമികതയെയും നീതിയെയും ജീവിതത്തിലേക്കു കൊണ്ടുവരുന്ന ചില സന്ദർഭങ്ങളെങ്കിലും ഉണ്ടെന്നു തീർച്ച! കേവലസത്യം എന്ന സങ്കൽപനം അക്രമാസക്തവും അനീതി നിറഞ്ഞതുമായി മാറിത്തീരുന്നതിനും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കേവലസത്യം അസാധ്യവുമാണ്. ഞാൻ കേവല വസ്തുനിഷ്ഠതയുടെ വക്താവല്ല എന്നു പറയുകയാണ് എന്റെ ഉദ്ദേശ്യം. എന്നാൽ, വസ്തുനിഷ്ഠത എന്ന സങ്കൽപനത്തെ നമുക്കു പൂർണമായും ഒഴിവാക്കാൻ കഴിയുമോ?

ശരിയെയും തെറ്റിനെയും വേർതിരിക്കുക അസാധ്യമാണ് എന്ന് ഉത്തരാധുനികത സിദ്ധാന്തീകരിക്കുന്നുണ്ട്. പക്ഷേ, ശരിയെയും തെറ്റിനെയും വ്യവച്ഛേദിക്കുകയെന്നത് മനുഷ്യരുടെ നിത്യജീവിതത്തിൽ ആവശ്യമായിവരുന്ന സന്ദർഭങ്ങളെ നാം നിരന്തരം അഭിമുഖീകരിക്കുന്നു. കേവലവസ്തുനിഷ്ഠത എന്ന സങ്കൽപനം പ്രസക്തമല്ലെങ്കിലും വസ്തുനിഷ്ഠതയെ നമ്മുടെ ദൈനംദിനവ്യവഹാരങ്ങളിൽ നിന്ന്​ ഒഴിവാക്കാൻ നമുക്കു കഴിയില്ലെന്നാണ് ഇതു കാണിക്കുന്നത്. ചരിത്രത്തിന്​ കേവല വസ്തുനിഷ്ഠതയില്ലെന്നതുകൊണ്ട് ചരിത്രനിർമാണത്തിന്റെ സാമഗ്രികളെ നമുക്ക്​ നിഷേധിക്കാനും ഉപേക്ഷിക്കാനും കഴിയുമോ? ചരിത്രനിർമാണത്തിന്റെ സാമഗ്രികളെ ഉപേക്ഷിക്കുകയോ അട്ടിമറിക്കുകയോ ചെയ്തുകൊണ്ട് എഴുതപ്പെടുന്ന ചരിത്രം എന്തായിരിക്കും? നമ്മുടെ പ്രഗത്ഭരായ ചരിത്രകാരന്മാർക്ക്; അത് റോമില ഥാപ്പറോ ഇർഫാൻ ഹബീബോ കെ.എൻ. പണിക്കരോ ആരായാലും, സമീപകാലവർഷങ്ങളിൽ ഏറ്റവും കൂടുതൽ ഉച്ചത്തിൽ പറയേണ്ടിവന്ന ഒരു കാര്യം ചരിത്രസാമഗ്രികളുടെ മലിനീകരണത്തിനെതിരെയാണെന്നത്​ മറക്കാൻ കഴിയുമോ? ചരിത്രസാമഗ്രികളെ തകർത്തും തമസ്‌കരിച്ചും പുതിയ വിഭാഗീയചരിത്രങ്ങൾ എഴുതാൻ ശ്രമിക്കുന്ന പ്രതിലോമകാരികളുടെ ശ്രമങ്ങൾ ഈ നോവൽകൃതിയുടെ ബാഹ്യയാഥാർഥ്യമായി, നമ്മുടെ ജീവിതയാഥാർഥ്യമായി മുന്നിൽ നിൽക്കുന്നില്ലേ?

ഇ.എം.എസ്., പി. കൃഷ്ണപിള്ള

ഹരീഷിന്റെ നോവലിൽ സഖാവ് പി. കൃഷ്ണപിള്ളയെ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ തലവനാക്കുകയും മറിച്ച് ഇ.എം.എസ്. നേരത്തെ തന്നെ കൊല്ലപ്പെടുകയും ചെയ്യുന്നതായി എഴുതുമ്പോൾ കേരളചരിത്രത്തിന്റെ സാമഗ്രികൾ തന്നെ അട്ടിമറിക്കപ്പെടുന്നില്ലേ? ചരിത്രത്തിലെ വസ്തുസാമഗ്രികൾ അട്ടിമറിക്കപ്പെടാവുന്നതാണെന്ന ഒരു സ്ഥിതി ഇതിലൂടെ ചമയ്ക്കപ്പെടുന്നില്ലേ? പ്രതിലോമകാരികൾക്ക്​ ന്യായീകരണമാക്കാൻ കഴിയുന്നത്. മഹാത്മാഗാന്ധിയെ തമസ്‌കരിക്കാനും നാഥുറാം ഗോഡ്സെയെ പകരം പ്രതിഷ്ഠിക്കാനും നടത്തുന്ന ശ്രമങ്ങളെ പരോക്ഷമായെങ്കിലും ഈ അട്ടിമറിയും ന്യായീകരണവും താത്ത്വികമായി പിന്തുണയ്ക്കുന്നില്ലേ? ഇവിടെ ഒരു തടസ്സവാദം ഉന്നയിക്കപ്പെടുന്നത് ഞാൻ കേൾക്കുന്നുണ്ട്. ഹരീഷിന്റെ നോവൽ ഭാവനാത്മകമായ ഒരു സാഹിതീയവ്യവഹാരമാണെന്നും റോമില ഥാപ്പറും മറ്റും പ്രവൃത്തിയെടുക്കുന്നത് ചരിത്രവ്യവഹാരത്തിനുള്ളിലാണെന്നും ഈ തടസ്സവാദം പറയുന്നു. ഹരീഷിന്റെ നോവൽ ഉയർത്തുന്നത് ഒരു സാഹിതീയവ്യവഹാരത്തിന്റെ പ്രശ്നങ്ങൾ മാത്രമാണെങ്കിൽ എന്റെ വാദങ്ങൾ പിന്നോട്ടുമാറണം. ഭാവനാത്മകമായ സാഹിതീയവ്യവഹാരത്തിന്റെ സ്വേച്ഛാചലനങ്ങളെ തടസ്സപ്പെടുത്തുന്നത് നികൃഷ്ടമായ ഒരു അധികാരപ്രവർത്തനമാണ്. സാഹിത്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാനും വാദിക്കുന്നു. എന്നാൽ, ശുദ്ധമായ ഒരു സാഹിതീയവ്യവഹാരമെന്ന നിലയ്ക്കുമാത്രമാണോ ഹരീഷിന്റെ നോവൽ സ്വീകരിക്കപ്പെടുന്നതും വായിക്കപ്പെടുന്നതും? ചരിത്രത്തെ മാറ്റിയെഴുതുകയും വർഗീയലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നവരെ തുറന്നുകാട്ടുന്നതിന് അവരുടെ രീതിശാസ്ത്രത്തെ തന്നെ നോവലിസ്റ്റ് ആശ്രയിക്കുകയാണെന്നു പറയുകയാണെങ്കിൽ, അത് എത്രമാത്രം ഉചിതമായ വാദമാണ്? ചരിത്രം കഥയാകുകയും കഥ ചരിത്രമാകുകയും ഇവ കൂടിക്കുഴയുകയും സാഹിതീയവ്യവഹാരത്തിന്റെ പരികൽപനകൾക്കും മാനദണ്ഡങ്ങൾക്കുമൊപ്പം ചരിത്രവ്യവഹാരത്തിന്റെ പരികൽപനകളും മാനദണ്ഡങ്ങളും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതല്ലേ നാം കാണുന്നത്? ഹരീഷിന്റെ ഉത്തരാധുനികമായ ഉപകരണങ്ങൾ ഇരുതലമൂർച്ചയുള്ള വാളുപോലെ പ്രവർത്തിക്കുന്നതായി എനിക്കു തോന്നുന്നു. ‘ഞാൻ മാത്രം കണ്ട ചരിത്രമായി നിങ്ങൾ കരുതിയാൽ മതി' എന്ന വാദം ഇവിടെ ദുർബലമാണ്.

കെട്ടിച്ചമച്ച ചില ചരിത്രപാഠങ്ങളെങ്കിലും യാന്ത്രികതയെ നോവൽഭാഷയിലേക്കും ഘടനയിലേക്കും കൊണ്ടുവരുന്നുമുണ്ട്. എന്നാൽ, ചാരനിൽ പോലും മാനുഷികത സ്ഫുരിക്കുന്നത്​ കണ്ടെത്തുന്ന എഴുത്തുകാരനെയാണ് ഈ നോവലിൽ നാം വായിക്കുന്നതെന്ന കാര്യം വീണ്ടും എടുത്തുപറയണം

ശാസ്ത്രവും ദർശനവും കലയും സാഹിത്യവുമെല്ലാം, മേലാളിത്തങ്ങളില്ലാതെ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തത്വചിന്തകനായ ദെലെസ് പറയുന്നുണ്ട്. ദെലസിന്റെ സങ്കൽപനത്തിലേക്ക്​ ചരിത്രത്തെയും കൂട്ടിച്ചേർക്കാം. ശാസ്ത്രത്തിലെ ആശയങ്ങൾ തത്ത്വചിന്തയുടെ ദൗത്യവുമായി അനുനാദത്തിലാകുകയും സ്ഥിതവും സാധാരണവും വ്യവസ്ഥാപിതവുമായ ചിന്താരീതികളെ അലോസരപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് ദെലസ് സ്വാഗതം ചെയ്തത്. അതേപോലെ, ചരിത്രം സാഹിത്യവുമായി അനുനാദത്തിലാകുകയും അത് വ്യവസ്ഥാപിതമായ ധാരണകളെ പൊളിച്ചെഴുതുന്നതിനു കാരണമാകുകയും ചെയ്യുകയല്ലേ വേണ്ടത്? ചരിത്രത്തിന്റെ ദൗത്യത്തെ തന്നെ അപ്രസക്തമാക്കുന്ന രീതിയിൽ ചരിത്രവും സാഹിത്യവും കൂടിച്ചേരുന്നതും ശത്രുതാപരമായ പ്രശ്നീകരണങ്ങൾ സൃഷ്ടിക്കുന്നതും ഈ രണ്ടു വ്യവഹാരങ്ങൾക്കും ഗുണകരമാകുമോ?

അക്കാമ്മ ചെറിയാൻ

ഈ നോവൽകൃതിയിൽ പ്രത്യക്ഷപ്പെടുന്ന മുഖ്യ സ്ത്രീകഥാപാത്രങ്ങൾ അക്കാമ്മ ചെറിയാനും ഏലിക്കുട്ടിയുമാണ്. അക്കാമ്മ ചെറിയാൻ കേരളചരിത്രത്തിൽ നിന്നും വരുന്ന കഥാപാത്രമാണ്, ഏലിക്കുട്ടി എഴുത്തുകാരൻ നിർമിച്ചെടുത്ത കൽപ്പിത കഥാപാത്രവും. അക്കാമ്മ ചെറിയാന്റെ ചിത്രണം വേണ്ടത്ര പര്യാപ്തമായിട്ടില്ലെന്നു നമുക്കു തോന്നിയേക്കാമെങ്കിലും ഏലിക്കുട്ടിയെന്ന കഥാപാത്രത്തിന്റെ രൂപീകരണത്തിൽ കൃതഹസ്തനായ എഴുത്തുകാരനെ തന്നെ നാം കാണുന്നു. മലയാളനോവലിൽ കുടിയേറ്റത്തിന്റെ ചരിത്രമെഴുതാനുള്ള ആദ്യശ്രമമായിരുന്ന എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യക എന്ന കൃതിയിൽ കന്നിമണ്ണിനെ കന്യകയോട് ഉപമിക്കുകയും അവളെ വിഷകന്യകയെന്നു കണ്ടെത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ആ നോവലിന്റെ ശീർഷകത്തിൽ തന്നെ പുരുഷാധികാരലോകത്തിന്റെ സ്ത്രീവിരുദ്ധചിന്തയെ വായിക്കാൻ കഴിയുമായിരുന്നു. മണ്ണിനെ കൃഷിക്ക് ഒരുക്കിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ബലാൽക്കാരത്തിന്റെയും മർദനത്തിന്റെയും രൂപകങ്ങൾ കൊണ്ട് വിശദീകരിക്കുന്ന ഒരു രചനാശൈലി എസ്.കെ.യുടെ എഴുത്തിലുണ്ടായിരുന്നുവെന്നു വിമർശിക്കാവുന്നതാണ്. പട്ടരെയും പട്ടിണിയെയും പേടിച്ച് തിരുവിതാംകൂറിൽ നിന്ന് തിരുവമ്പാടിയിലേക്കുപോകുന്ന ഹരീഷിന്റെ നോവലിലെ ഏലിക്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയിൽ ഇത് ഒഴിവാക്കപ്പെടുന്നുണ്ട്. മനുഷ്യകേന്ദ്രിതവും പുരുഷകേന്ദ്രിതവുമായ വീക്ഷണങ്ങൾ വലിയ വിമർശനങ്ങൾക്കു വിധേയമാകുകയും സ്ത്രീവാദചിന്തകളുടെ സ്വാധീനങ്ങൾ പ്രകടമാകുകയും ചെയ്യുന്ന ഒരു സന്ദർഭത്തിൽ രചിക്കപ്പെടുന്ന ഹരീഷിന്റെ നോവലിലെ ഏലിക്കുട്ടിയുടെ കഥയിൽ നിന്ന്​ സ്ത്രീസഹനത്തിന്റെ ശബ്ദമാണ് നാം കേല്ക്കുന്നത്.

ചാരന്റെ നിർമമതയുടെ ക്രൗര്യം ഭാസിയിലുണ്ട്. ഈ നിർമമതയുടെ ആവിഷ്‌കരണത്തിനുപരിയായി, ചാരനെന്ന ഉപകരണത്തിന്റെ യാന്ത്രികതയും മാനുഷികതയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിൽ ഭാസി പെട്ടുപോകുന്നതിനെ എഴുതുമ്പോഴാണ് ഹരീഷിന്റെ നോവൽകല കൂടുതൽ സമർഥമാകുന്നത്

ഈ നോവലിൽ ഹരീഷ് സൃഷ്ടിച്ച ഏറ്റവും കരുത്തുള്ള കഥാപാത്രങ്ങൾ ബഷീറും ചാരനും ഏലിക്കുട്ടിയുമാണ്. ബഷീർ എന്ന കഥാപാത്രം മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരനെ ഓർമിപ്പിക്കുമെങ്കിലും അതിനെ കടന്നുനിൽക്കുന്നതാണ്. നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരനെക്കുറിച്ചുതന്നെ ധാരാളം കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതിനെ വ്യാപിപ്പിക്കുന്ന ഒരു പ്രവർത്തനം നോവലിസ്റ്റ് നിർവഹിക്കുന്നു. എഴുത്തുകാരനായ ബഷീറിന്റെ ചൊൽവാക്കുകളിലും കൃതികളിലുമുള്ള കരുണയെയും ധർമബോധത്തെയും നോവലിലെ ബഷീറിന്റെ എല്ലാ പ്രവൃത്തികളിലേക്കും സംക്രമിപ്പിക്കാൻ ഹരീഷ് ശ്രമിക്കുന്നുണ്ട്. ബഷീർ നിർമിച്ചതായി കരുതപ്പെടുന്ന പുതിയ ദേശമോ പുതിയ ലോകമോ അറബിക്കടലിൽ പ്രത്യക്ഷപ്പെടുന്നതായ കൽപനകൾ എഴുത്തുകാരുടെ ഭാവനാലോകത്തെ യാഥാർഥ്യമായി കാണാനുള്ള അബോധപ്രേരണകളിൽ നിന്ന്​എഴുതപ്പെട്ടതായിരിക്കണം. സാഹിത്യത്തിന്റെ ധർമത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഈ എഴുത്തുകാരൻ നൽകുന്ന മറുപടി കൂടിയായിരിക്കണം ഇത്; ഹരീഷിന്റെ ഈ നോവലിനെ മൊത്തത്തിൽ പരിശോധിക്കുമ്പോൾ ആ ആദർശത്തെ എത്രമാത്രം പിന്തുടരുന്നുണ്ടെന്ന സന്ദേഹങ്ങൾ അവശേഷിക്കുമെങ്കിലും.

വൈക്കം മുഹമ്മദ് ബഷീർ

നോവലിലെ ചാരന്റെ ബീജരൂപം ഹരീഷിന്റെ ആദ്യകഥയായ രസവിദ്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ട്. ചാരന്മാർ സ്വേച്ഛാധികാരികളുടെ ഉപകരണങ്ങളാണ്. മനുഷ്യരെപ്പോലെ പെരുമാറുമ്പോഴും മനുഷ്യരല്ലാതിരിക്കേണ്ടവർ. മാനുഷികതയില്ലാത്തവർ. ചാരന്റെ നിർമമതയുടെ ക്രൗര്യം ഭാസിയിലുണ്ട്. ഈ നിർമമതയുടെ ആവിഷ്‌കരണത്തിനുപരിയായി, ചാരനെന്ന ഉപകരണത്തിന്റെ യാന്ത്രികതയും മാനുഷികതയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിൽ ഭാസി പെട്ടുപോകുന്നതിനെ എഴുതുമ്പോഴാണ് ഹരീഷിന്റെ നോവൽകല കൂടുതൽ സമർഥമാകുന്നത്. സ്റ്റേറ്റ് കോൺഗ്രസിൽ ചാരപ്പണിയെടുക്കാനെത്തുന്ന ഭാസി കോൺഗ്രസുകാരനായ ബഷീറിന്റെ ആരാധകനായി മാറുന്നു. ബഷീർ ഒരു ബാധയായി അയാളിൽ ആവേശിക്കുന്നു. ബഷീറിന്റെ ഭ്രാന്ത് അയാളിലേക്കു പകരുന്നു, അതോ, മറിച്ചാണോ സംഭവിക്കുന്നത്? ചാരൻ ഭ്രാന്തമായ ലോകത്തെ ഭ്രാന്തുകൊണ്ട്​ നോക്കുകയാണെന്ന പ്രതീതി നിർമിക്കപ്പെടുന്നു. ഒരുവേള നമ്മുടെ എഴുത്തുകാരൻ കൂടി ഏതോ ഭ്രാന്തിന്റെ പിടിയിലാണെന്നും നമുക്കുതോന്നുന്നു.

ചാരവൃത്തി നടത്തുന്നവന്റെ കുറ്റബോധവും ബഷീറിനോടുള്ള സ്നേഹസൗഹൃദങ്ങളും അധികാരശക്തികളോടുള്ള ഭയഭക്തിയും ചേർന്ന് ഭാസിയിൽ രൂപംകൊള്ളുന്ന നിസ്സഹായാവസ്ഥയുടെ ചിത്രണവും അയാളിൽ ആത്മസംഘർഷങ്ങൾ നിറയുന്ന സന്ദർഭങ്ങളും സവിശേഷമായിരിക്കുന്നു. ബഷീറിന്റെ ചാരനായിരിക്കുമ്പോഴും മനുഷ്യസഹജമായ ഏതോ ആകർഷണീയതയിൽപെട്ട് അയാൾ ബഷീറിനെ സ്നേഹിക്കുന്നുണ്ട്. ഈ സ്നേഹത്തിന്റെയും ഭരണകൂടായുധമായി പ്രവർത്തിക്കേണ്ടിവരുന്ന ചാരന്റെ നൃശംസതയുടെയും വൈരുദ്ധ്യങ്ങളാൽ വലയം ചെയ്യപ്പെടുമ്പോളാണ് ഭാസിയിൽ നിസ്സഹായാവസ്ഥകൾ സൃഷ്ടിക്കപ്പെടുന്നത്. ഏതോ സ്വയംകണ്ടെത്തലിലൂടെ ഭാസിയിൽ മനുഷ്യത്വം തിരിച്ചുവരുന്നതായി നമുക്കുതോന്നുന്ന സന്ദർഭങ്ങളെ എഴുത്തുകാരൻ നിർമിച്ചെടുക്കുന്നത് ഇങ്ങനെയാണ്.

ഭാസിയിലെ നല്ല മാനുഷികഭാവങ്ങളെ നാം തിരിച്ചറിയുന്ന മറ്റൊരു സന്ദർഭം അയാൾ തിരുവമ്പാടിയിലെ കുടിയേറ്റഭൂമിയിലെത്തുമ്പോഴുള്ള ജീവിതകാലമാണ്. ചരിത്രത്തിന്റെ വിവരണത്തിലല്ല, ജീവിതത്തിന്റെ വിവരണത്തിലാണ് ഹരീഷിലെ എഴുത്തുകാരൻ മികച്ചുനിൽക്കുന്നതെന്നു നമുക്ക്​ ബോധ്യമാകുന്ന സന്ദർഭം കൂടിയാണിത്. മനുഷ്യൻ നിർമിച്ചെടുത്ത മറ്റു വ്യവഹാരങ്ങളോടെന്നതിലുപരി സാഹിത്യത്തിന്റെ അഗാധമായ ബന്ധം പച്ചയായ ജീവിതത്തോടാണെന്ന സഹൃദയസാക്ഷ്യവുമാണിത്. ഹരീഷിന്റെ ചരിത്രവിവരണത്തിൽ അതിവാചാലമായ പത്രപ്രവർത്തനഭാഷയുടെ മൂലകങ്ങളെ കാണാനുണ്ടെന്നുകൂടി ഇവിടെ പറയണം. കെട്ടിച്ചമച്ച ചില ചരിത്രപാഠങ്ങളെങ്കിലും യാന്ത്രികതയെ നോവൽഭാഷയിലേക്കും ഘടനയിലേക്കും കൊണ്ടുവരുന്നുമുണ്ട്. എന്നാൽ, ചാരനിൽ പോലും മാനുഷികത സ്ഫുരിക്കുന്നത്​ കണ്ടെത്തുന്ന എഴുത്തുകാരനെയാണ് ഈ നോവലിൽ നാം വായിക്കുന്നതെന്ന കാര്യം വീണ്ടും എടുത്തുപറയണം.

വിമോചനപ്പോരാളികളായിരുന്നവർ അധികാരികളായി മാറുമ്പോൾ ദുഷിച്ചുപോകുന്നതിനെ ചിത്രണം ചെയ്തിരിക്കുന്നതും ഇതേ എഴുത്തുകാരനാണ്. വൈരുദ്ധ്യങ്ങളുടെ ഒരു ബൃഹത്​ ലോകത്തെ ഹരീഷിന്റെ കൃതി അനാവരണം ചെയ്യുന്നു. ആദർശങ്ങളെയും ക്രൗര്യങ്ങളെയും നിർമമതയോടെ പരിചരിക്കുന്ന ഒരു രീതി ഈ നോവലിനു കൈവരുന്നു. അത്, ലോകജീവിതത്തെ ആനുഭവികമായ യാഥാർഥ്യത്തിനപ്പുറം കടന്നു മനസ്സിലാക്കാനുള്ള ഉപായമാണെന്നുപറയാം. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments