ഫെയ്ദോർ ഡോസ്​റ്റോയെവ്‌സ്‌കി / Photo: Wikimedia Commons

വായനക്കാർ കഥാപാത്രത്തെ ഡോസ്​റ്റോയെവ്‌സ്‌കിയായി കണ്ടവിധം

കുറ്റവാളിയാക്കി തന്നെ തറച്ച കുരിശിനെ യേശു സ്വന്തം ഹൃദയരക്തം ചൊരിഞ്ഞ് പുണ്യവസ്തുവാക്കിയതുപോലെ ഡോസ്​റ്റോയെവ്‌സ്‌കി തന്റെ പീഡാനുഭവങ്ങളെ എഴുത്തുമേശയിലേക്ക് ഇറക്കിവച്ചപ്പോൾ പിറന്നത് വേദപുസ്തകങ്ങൾ തന്നെയാണ്. അവയെ നാം അധോതലക്കുറിപ്പുകൾ, കുറ്റവും ശിക്ഷയും, ഇഡിയറ്റ് എന്നൊക്കെ പേരുകളിലാണ് വായിക്കുന്നതെന്നുമാത്രം.

രു നിമിഷത്തിലെ ആനന്ദം ഒരു ജീവിതകാലത്തോളം വിലയുള്ളതാണ്.
തന്റെ സന്തതസഹചാരിയായ രോഗം തന്നെ കീഴ്‌പ്പെടുത്താറുള്ളതിന് തൊട്ടുമുൻപത്തെ നിമിഷങ്ങളിലെ ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഡോസ്​റ്റോയെവ്‌സ്‌കി ഇങ്ങനെ പറഞ്ഞത്. കുറ്റവും ശിക്ഷയും എന്ന നോവലിന്റെ അവസാന അധ്യായത്തിൽ, താൻ മൂലം സോണിയ അനുഭവിച്ച എല്ലാ യാതനകൾക്കും പരിഹാരമായി തന്റെ അനശ്വരപ്രണയം പ്രായശ്ചിത്തമാകുമെന്ന് റസ്‌കോൾ നിക്കോവ് കരുതുന്നുണ്ട്. തടവറയിൽ അപ്പോൾ അയാളുടെ കട്ടിലിനുകീഴെ പുതിയ നിയമം കിടക്കുന്നത് അയാൾ കണ്ടു. ശിക്ഷ ബാക്കിയുള്ള ഏഴുവർഷങ്ങൾ വെറും ഏഴുദിവസങ്ങളായി സങ്കൽപ്പിക്കാൻ അപ്പോൾ അയാളുടെ മനസ് തയ്യാറാകുകയാണ്. കഠിന യാതനകളുടേതാണ് ഇനിയുള്ള വർഷങ്ങൾ എന്ന് ബോധ്യമുണ്ടെങ്കിലും പ്രതീക്ഷയുടെ ആ ഒരു നിമിഷത്തിലെ ആനന്ദം അത്രമേൽ വലുതാണ്. അതൊരു പുനരുജ്ജീവനത്തിന്റെ സൂചനയാണ്. കുറ്റവാളിയാക്കി തന്നെ തറച്ച കുരിശിനെ യേശു സ്വന്തം ഹൃദയരക്തം ചൊരിഞ്ഞ് പുണ്യവസ്തുവാക്കിയതുപോലെ ഡോസ്​റ്റോയെവ്‌സ്‌കി തന്റെ പീഡാനുഭവങ്ങളെ എഴുത്തുമേശയിലേക്ക് ഇറക്കിവച്ചപ്പോൾ പിറന്നത് വേദപുസ്തകങ്ങൾ തന്നെയാണ്. അവയെ നാം അധോതലക്കുറിപ്പുകൾ, കുറ്റവും ശിക്ഷയും, ഇഡിയറ്റ് എന്നൊക്കെ പേരുകളിലാണ് വായിക്കുന്നതെന്നുമാത്രം.

ഓരോ നോവലിന്റെയും രചനാഘട്ടങ്ങളിൽ ഡോസ്​റ്റോയെവ്‌സ്‌കി കടന്നുപോയ മാനസികവും ശാരീരികവുമായ പീഡാനുഭവങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ കുറിപ്പുകളിൽ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്

ഡോസ്​റ്റോയെവ്‌സ്‌കിയുടെ ജനനത്തിനും മുൻപ് ജർമൻ കാൽപനിക കവിയായ നൊവാലിസ് ഇങ്ങനെ എഴുതി: "ഇത്രയൊക്കെ അറിവ് സമ്പാദിച്ചിട്ടും മനുഷ്യൻ അവന്റെ രോഗത്തെ എങ്ങനെ ഫലവത്തായി ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞിട്ടില്ല.'
എന്നാൽ ഡോസ്​റ്റോയെവ്‌സ്‌കിക്ക് ആ തിരിച്ചറിവ് ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ മാനസികനിലയും പ്രകൃതിയും തമ്മിൽ സമരസപ്പെട്ടു പോകാനാവാത്ത അവസ്ഥയിലാണ് രോഗങ്ങൾ ഉണ്ടാവുന്നത് എന്ന് നൊവാലിസ് പറഞ്ഞതിനെയും ഡോസ്​റ്റോയെവ്‌സ്‌കി സ്വന്തം ജീവിതംകൊണ്ട് ശരിവയ്ക്കുന്നുണ്ട്. മരണംവരെ അലട്ടികൊണ്ടിരുന്ന അപസ്മാരത്തിന്റെ അനുഭവങ്ങളെ അദ്ദേഹം കഥാപാത്രങ്ങൾക്ക് പകർന്നുനൽകുകയും ചെയ്തു.

കുറ്റവും ശിക്ഷയും നോവലിന്റെ വിവിധ കവറുകൾ. 1956-ൽ റാന്റം ഹൗസ് പുറത്തിറക്കിയ കവർ, 1867-ലെ ഒറിജിനൽ റഷ്യൻ എഡിഷൻ കവർ, വിന്റേജ് എഡിഷൻ കവർ
കുറ്റവും ശിക്ഷയും നോവലിന്റെ വിവിധ കവറുകൾ. 1956-ൽ റാന്റം ഹൗസ് പുറത്തിറക്കിയ കവർ, 1867-ലെ ഒറിജിനൽ റഷ്യൻ എഡിഷൻ കവർ, വിന്റേജ് എഡിഷൻ കവർ

ഇഡിയറ്റ് എന്ന നോവലിലെ പ്രിൻസ് മിഷ്‌കിൻ എന്ന കേന്ദ്ര കഥാപാത്രത്തെ തന്നെപ്പോലെ അപസ്മാരക്കാരനായും ജീവിതദൗർബല്യങ്ങളൊക്കെയുള്ള അശാന്തനായുമാണ് ഡോസ്​റ്റോയെവ്‌സ്‌കി ചിത്രീകരിച്ചിരിക്കുന്നത്. മിഷ്‌കിന്റെ വാക്കുകളിൽ അപസ്മാരത്തിന് തൊട്ടുമുൻപുള്ള ഓറ എന്ന ഭ്രമാത്മകമായ അവസ്ഥയെക്കുറിച്ച് വിശദമാക്കുന്നുമുണ്ട്. ആ നിമിഷങ്ങളിൽ, അതിരില്ലാത്തതും അതുല്യമായതുമായ തൃപ്തിയും സൗന്ദര്യവും നിറഞ്ഞ് ആനന്ദമൂർച്ഛയുടെ ഒരു അനുഭൂതിയാണ് മിഷ്‌കിൻ അനുഭവിച്ചിരുന്നത്. ഡോസ്​റ്റോയെവ്‌സ്‌കിയുടെ അനുഭവം തന്നെയാണത്. ആ നിമിഷങ്ങളുടെ അനിർവചനീയമായ അനുഭൂതിയ്ക്ക് പകരമാവാൻ ജീവിതത്തിലെ ഏഴുവർഷങ്ങൾക്കോ എന്തിന്, ആകെ ജീവിതത്തിനുതന്നെയോ കഴിയില്ല എന്നാണ് ഡോസ്​റ്റോയെവ്‌സ്‌കി പറഞ്ഞിട്ടുള്ളത്. പഴകിയ ദുഃഖങ്ങൾ ക്രമേണ ശാന്തവും തരളവുമായ ആഹ്ലാദമായി മാറുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നുപറഞ്ഞയാൾക്ക് രോഗപീഡയും ആനന്ദമാകുന്നതിൽ എന്ത് അത്ഭുതം.

പ്രതിഭയും അരാജകത്വവും അനാരോഗ്യവും ഒന്നൊന്നിന് താങ്ങായിരുന്നോ എന്ന് സംശയിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു ഡോസ്​റ്റോയെവ്‌സ്‌കിയുടേത്.

ഡോസ്​റ്റോയെവ്‌സ്‌കിയുടെ രോഗത്തെ ജീവിതത്തിലെ ഒരു പ്രത്യേക കാലത്തേക്ക് ഒതുക്കാനാവുന്നതല്ല. ആയിരത്തി എണ്ണൂറ്റി നാല്പതുകളിൽ, അതായത് അദ്ദേഹത്തിന്റെ ഇരുപതുകൾ മുതൽ അപസ്മാരം ഒപ്പമുണ്ടായിരുന്നു. എഴുത്തിന്റെയും ജീവിതപ്രശ്‌നങ്ങളുടെയും സമ്മർദം ഏറുന്തോറും അപസ്മാരത്തിന്റെ ആക്രമണങ്ങളുടെ ഇടവേള കുറഞ്ഞുകൊണ്ടിരുന്നു. ചൂതുകളിയും മദ്യപാനാസക്തിയും ഒക്കെത്തന്നെ വരുതിയിൽ നിർത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലതാനും. പ്രതിഭയും അരാജകത്വവും അനാരോഗ്യവും ഒന്നൊന്നിന് താങ്ങായിരുന്നോ എന്ന് സംശയിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു ഡോസ്​റ്റോയെവ്‌സ്‌കിയുടേത്.

ഓരോ നോവലിന്റെയും രചനാഘട്ടങ്ങളിൽ ഡോസ്​റ്റോയെവ്‌സ്‌കി കടന്നുപോയ മാനസികവും ശാരീരികവുമായ പീഡാനുഭവങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യ കുറിപ്പുകളിൽ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ നോവലും മനസിൽ ആദ്യം രൂപംകൊള്ളുന്നതുമുതൽ പ്രസിദ്ധീകരണത്തിന് പാകം എന്ന് അദ്ദേഹത്തിന് തോന്നുന്നത് വരെയെത്തുന്ന തിരുത്തലുകളും രൂപഭേദങ്ങളും ഇത്തരം നോട്ടുബുക്കുകളിൽ കാണാം. ഇത്തരത്തിൽ ഏഴ് രൂപാന്തരങ്ങൾ കഴിഞ്ഞിട്ടും ആദ്യം സങ്കൽപ്പിച്ചപോലെ യഥാർഥ മനുഷ്യന്റെ ഗുണദോഷങ്ങളെല്ലാം തന്നെ മിഷ്‌കിനിൽ പ്രകടമായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവങ്ങളൊക്കെത്തന്നെ ഓരോ പുതുക്കലിലും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടുമിരുന്നു. ആദ്യ കരട് രൂപത്തിൽ നിന്ന് പ്രസിദ്ധീകൃതമായ കൃതിയിൽ എത്തുമ്പോഴും തിരുത്തപ്പെടാതെ ഉണ്ടായിരുന്നത് കഥാപാത്രത്തിന്റെ അപസ്മാര രോഗബാധ മാത്രമാണ്. സ്വതവേ രോഗിയായ അദ്ദേഹത്തിന് ശാരീരികക്ഷീണവും ഉറക്കമില്ലായ്മയും മദ്യപാനവും മൂലം ആവർത്തിച്ചുണ്ടാകുന്ന അപസ്മാരത്തിൽപ്പോലും ഒരു സൗന്ദര്യാത്മകത കണ്ടെത്താനായി എന്നത് നൊവാലിസ് പറഞ്ഞ, രോഗത്തെ എങ്ങനെ ഫലവത്തായി ഉപയോഗിക്കാം എന്ന തിരിച്ചറിവിന്റെ തെളിവാണ്. കുറ്റകൃത്യങ്ങളും രോഗവും എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നാണ് കുറ്റവും ശിക്ഷയും എന്ന നോവലിലെ റസ്‌കോൾ നിക്കോവിലൂടെ ഡോസ്​റ്റോയെവ്‌സ്‌കി പറയുന്നത്. കുറ്റകൃത്യങ്ങളിലേക്ക് ഒരാളെ നയിക്കുന്നത് രോഗമാവാം എന്നും മറിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടു എന്നത് ഒരാളെ രോഗിയാക്കാം എന്നുമാണ് റസ്‌കോൾ നിക്കോവ് സ്വന്തം ജീവിതംകൊണ്ട് പറയുന്നത്. ബുദ്ധിജീവിയും ഹൃദയാലുവും ആയ ഒരാൾക്ക് സഹനവും വേദനകളും സന്തതസഹചാരി ആയിരിക്കുമെന്ന് തിരിച്ചറിയുന്നുമുണ്ട് ഈ കഥാപാത്രം. പ്രിൻസ് മിഷ്‌കിനും കാരമസോവ് സഹോദരന്മാരിലെ സ്‌മെർദ്യാക്കോവും ഉൾപ്പെടെ പല നോവലുകളിലായി അപസ്മാരരോഗികളായ ആറു കഥാപാത്രങ്ങളെയാണ് ഡോസ്​റ്റോയെവ്‌സ്‌കി സൃഷ്ടിച്ചിരിക്കുന്നത്. അവരുടെ രോഗാവസ്ഥ അദ്ദേഹം വിവരിക്കുന്നത് സ്വയം തഴക്കം വന്ന ഒരു രോഗിയുടെ അനുഭവങ്ങളുടെ ബലത്തിലുമാണ്.

ജീവിതത്തിലെ രണ്ടു സംവത്സരങ്ങളിലായി നൂറ്റിരണ്ടുതവണ ആവർത്തിച്ച അപസ്മാരത്തിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിച്ചിരുന്നയാളുടെ വിവരണത്തിൽ സ്പഷ്ടത വരാതിരിക്കുന്നതെങ്ങനെ.

ചെറുപ്പം മുതൽ അപസ്മാരരോഗം അനുഭവിച്ചിരുന്ന ചാൾസ് ഡിക്കൻസിന്റെ ചില കഥാപാത്രങ്ങളും ഇതേ ആരോഗ്യപ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ മുൻപുള്ളവർ ആവർത്തിച്ച് വിരസമാക്കപ്പെട്ട ശൈലിയിലല്ല ഡിക്കൻസും അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ കൂടിയായ ഡോസ്​റ്റോയെവ്‌സ്‌കിയും രോഗാവസ്ഥയെ ചിത്രീകരിക്കുന്നത്. രോഗലക്ഷണങ്ങളും ആവർത്തനരീതിയുമൊക്കെ കൃത്യമായി രചിക്കുന്നതിനായി നടത്തിയ സ്വജീവിത നിരീക്ഷണങ്ങൾ ഡോസ്​റ്റോയെവ്‌സ്‌കിയുടെ വിവരണങ്ങളുടെ കൃത്യത കൂട്ടിയിട്ടുമുണ്ട്. ജീവിതത്തിലെ രണ്ടു സംവത്സരങ്ങളിലായി നൂറ്റിരണ്ടുതവണ ആവർത്തിച്ച അപസ്മാരത്തിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിച്ചിരുന്നയാളുടെ വിവരണത്തിൽ സ്പഷ്ടത വരാതിരിക്കുന്നതെങ്ങനെ. ഓരോ തവണയും രോഗം വരുമ്പോഴും അതിനെത്തുടർന്നുള്ള ദിവസങ്ങളിലും അനുഭവിക്കുന്നതൊക്കെ വിശദമായിത്തന്നെ ഡോസ്​റ്റോയെവ്‌സ്‌കി രേഖപ്പെടുത്തിയിരുന്നു.

റസ്‌കോൾനികോവിലൂടെയും പ്രിൻസ് മിഷ്‌കിനിലൂടെയും മനുഷ്യന്റെ രോഗാവസ്ഥയെ ഫലവത്തായി ഉപയോഗിക്കുകയാണ് ഡോസ്​റ്റോയെവ്‌സ്‌കി. റഷ്യൻ ചിത്രകാരൻ Ilya Glazunov വരച്ച പ്രിൻസ് മിഷ്‌കിൻ (1956), റഷ്യൻ പെയ്ന്റർ Pyotr Mikhaylovich Boklevskiy റസ്‌കോൾനികോവിന് നൽകിയ ചിത്രീകരണം (1886)
റസ്‌കോൾനികോവിലൂടെയും പ്രിൻസ് മിഷ്‌കിനിലൂടെയും മനുഷ്യന്റെ രോഗാവസ്ഥയെ ഫലവത്തായി ഉപയോഗിക്കുകയാണ് ഡോസ്​റ്റോയെവ്‌സ്‌കി. റഷ്യൻ ചിത്രകാരൻ Ilya Glazunov വരച്ച പ്രിൻസ് മിഷ്‌കിൻ (1956), റഷ്യൻ പെയ്ന്റർ Pyotr Mikhaylovich Boklevskiy റസ്‌കോൾനികോവിന് നൽകിയ ചിത്രീകരണം (1886)

കൃത്യതയുള്ള ആ വിവരണരീതികൊണ്ട് പിന്നീടിങ്ങോട്ട് അപസ്മാരത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനങ്ങൾക്കും ഡോസ്​റ്റോയെവ്‌സ്‌കിയുടെ കൃതികൾ ഏറെ സഹായകമായിട്ടുണ്ട്. മിഷ്‌കിന്റെ അപസ്മാരത്തെക്കുറിച്ചുള്ള പഠനങ്ങൾ അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ ബയോമെഡിക്കൽ ഇൻഫോർമേഷന്റെതുൾപ്പടെയുള്ള പല മെഡിക്കൽ ജേർണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിഷ്‌കിന്റെ രോഗാവസ്ഥ എന്നാൽ ഡോസ്​റ്റോയെവ്‌സ്‌കി യുടേത് തന്നെയാണ്. രോഗവും സർഗസപര്യയും പരസ്പരം സ്വാധീനിച്ചിട്ടുള്ള സാഹിത്യകാരന്മാർ പലരുണ്ടെങ്കിലും മറ്റൊരു എഴുത്തുകാരന്റെയും രോഗത്തെക്കുറിച്ച് ഇത്രയധികം പഠനങ്ങൾ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള പഠനങ്ങൾക്ക് ഹേതുവായി എന്നതുതന്നെ മതിയാകും രോഗാവസ്ഥയെ ഫലവത്തായി ഉപയോഗിക്കാൻ ഡോസ്​റ്റോയെവ്‌സ്‌കിക്ക് കഴിഞ്ഞു എന്നുറപ്പിച്ചു പറയാൻ.

പിതാവിനോടുള്ള ഒട്ടും ഹൃദ്യമല്ലാത്ത ബന്ധവും അദ്ദേഹത്തിന്റെ മരണവും ഡോസ്​റ്റോയെവ്‌സ്‌കിയെ ഒരു അപസ്മാരരോഗി എന്ന് സ്വയം വിശ്വസിക്കുന്ന അവസ്ഥയിൽ എത്തിച്ചതായാണ് ഫ്രോയിഡ് നിരീക്ഷിക്കുന്നത്.

ദ ലാൻഡ് ലേഡി എന്ന കഥയിൽ കേന്ദ്രകഥാപാത്രമായ ഓർഡിനേവിനെ ആക്രമിക്കുന്ന വൃദ്ധനായ മുറീനാണ് അപസ്മാരം വരുന്നതെങ്കിൽ കാരമസോവ് സഹോദരന്മാരിൽ അത് ഫെയ്ദോർ പാവ്‌ലോവിച്ച് കാരമസോവിന്റെ ജാരസന്തതിയായ സ്‌മെർദ്യാക്കോവിനാണ്. അയാൾ പിതാവിനെ കൊലപ്പെടുത്തുകയും കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം എന്ന നിലയ്ക്ക് അപസ്മാരം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. കണിശക്കാരനായ പിതാവിനോടുള്ള ഡോസ്​റ്റോയെവ്‌സ്‌കിയുടെ മനോഭാവവും അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണവും പാവ്‌ലോവിച്ച് കാരമസോവിന്റെ മരണം ആവിഷ്‌കരിക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ട്. വെറിപിടിച്ച പെരുമാറ്റം സഹിക്കവയ്യാതെ സ്വന്തം പണിയാളുകൾ തന്നെയാണ് ഫെയ്ദോറിന്റെ പിതാവിനെ കൊലചെയ്തത് എന്നത് തെളിയിക്കപ്പെടാത്ത ആ മരണത്തെക്കുറിച്ചുള്ള അനുമാനങ്ങളിൽ ഒന്നാണ്.

ഡോസ്​റ്റോയെവ്‌സ്‌കിയുടെ  ‘കുറ്റവും ശിക്ഷയും’ നോവലിന്റെ മാനുസ്‌ക്രിപ്റ്റ്
ഡോസ്​റ്റോയെവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ നോവലിന്റെ മാനുസ്‌ക്രിപ്റ്റ്

സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഡോസ്​റ്റോയെവ്‌സ്‌കിയുടെ അപസ്മാരം അദ്ദേഹത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. പിതാവിനോടുള്ള ഒട്ടും ഹൃദ്യമല്ലാത്ത ബന്ധവും അദ്ദേഹത്തിന്റെ മരണവും ഡോസ്​റ്റോയെവ്‌സ്‌കിയെ ഒരു അപസ്മാരരോഗി എന്ന് സ്വയം വിശ്വസിക്കുന്ന അവസ്ഥയിൽ എത്തിച്ചതായാണ് ഫ്രോയിഡ് നിരീക്ഷിക്കുന്നത്. അസന്തുലിതമായ മാനസികാവസ്ഥയിൽ നിന്നുണ്ടാകുന്ന ഒരുതരം ഉന്മാദത്തിന്റെ ബഹിർസ്ഫുരണമാണ് അതെന്ന് വാദിക്കുന്നു ഫ്രോയിഡ്. അല്ലാതെ അതൊരു ശാരീരികപ്രശ്‌നമായിരുന്നുവെങ്കിൽ ഇത്രയും സാഹിത്യസൃഷ്ടികൾ നടത്താനും പ്രശസ്തനാകാനും അദ്ദേഹത്തിന്റെ അനാരോഗ്യം അനുവദിക്കുമായിരുന്നില്ല എന്നും പിന്നീടുള്ള ചില ശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്കാണ് ഡോസ്​റ്റോയെവ്‌സ്‌കിയുടെ കൃതികൾ മനഃശാസ്ത്ര വിശകലനത്തിനുള്ള പാഠാവലികളാകുന്നത്.

രോഗാനുഭവങ്ങൾ എഴുത്തിൽ മാത്രമല്ല, ഡോസ്​റ്റോയെവ്‌സ്‌കിയുടെ ജീവിതത്തിലും ഉപകരിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്. സാർ നിക്കോളാസ് ഒന്നാമനെതിരായ വിപ്ലവ ഗൂഢാലോചനയുടെ പേരിൽ കിട്ടിയ വധശിക്ഷ അവസാനനിമിഷം ഒഴിവാക്കിക്കിട്ടി. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും രോഗാവസ്ഥ പരിഗണിച്ചുളള ഇളവ് അനുവദിക്കപ്പെടുകയും അഞ്ചുവർഷത്തിനുശേഷം അദ്ദേഹം മടങ്ങി നാട്ടിലെത്താനാവുകയും ചെയ്തു. പക്ഷേ ആ സൈബീരിയൻ ജയിൽ വാസത്തിനുശേഷമാണ് അപസ്മാരം അത്ര പ്രകടമായത് എന്ന പക്ഷക്കാരനാണ് ഫ്രോയിഡ്. ഹേതു ശാരീരികമോ മാനസികമോ എന്തുമാകട്ടെ, അദ്ദേഹം അപസ്മാരബാധിതനായിരുന്നു എന്നത് സത്യം തന്നെയായിരുന്നു. രോഗത്തിന്റെ ഓരോ ആക്രമണവും അതിനെ തുടർന്നുള്ള ദിവസങ്ങളിലും അദ്ദേഹത്തെ ക്ഷീണിതനാക്കിയിരുന്നു. ഓരോ തവണയും മരണവും പുനർജന്മവും പോലെ, ഒരപഹാസ്യന്റെ സ്വപനംപോലെ അതങ്ങനെ തുടർന്നു.

ജീവിതപരിസരങ്ങളും ആർജിത അറിവുകളും മാത്രമല്ല സ്വന്തം ന്യൂനതകളും ശാരീരികവും മാനസികവുമായ വിഷമതകളും ദൗർബല്യങ്ങളും എല്ലാംതന്നെ ഡോസ്​റ്റോയെവ്‌സ്‌കിയുടെ സർഗപ്രക്രിയയെ പ്രകടമായി സ്വാധീനിച്ചിട്ടുണ്ട്.

1870-ൽ ഭൂതാവിഷ്ടർ എന്ന നോവലിന്റെ പണിപ്പുരയിലായിരുന്ന കാലത്ത് രാപകലില്ലാതെ എഴുത്തിൽ മുഴുകുന്നത് അപസ്മാരം മൂർഛിക്കുന്നതിന് കാരണമായി. രോഗാക്രമണങ്ങൾക്ക് ഇടയ്ക്കുള്ള ഇടവേള ചുരുങ്ങിക്കൊണ്ടേയിരുന്നു. എഴുത്തിന്റേതായ ഉള്ളുലച്ചിലുകളും തന്നെക്കൊണ്ട് നോവൽ പൂർത്തിയാക്കാനാവില്ല എന്ന തോന്നലും മാനസികമായി അദ്ദേഹത്തിനെ തളർത്തി. കാലാവസ്ഥയുടെ മാറ്റങ്ങൾ, മഴയും തണുപ്പും, താങ്ങാനാവുന്നതുമായിരുന്നില്ല. അവശനായിരുന്നെങ്കിലും രാത്രി ഉറക്കമുപേക്ഷിച്ചും എഴുത്ത് തുടർന്നു. അപ്പോഴൊക്കെ രക്തം തലയിലേക്ക് ഇരച്ചുകയറുന്നതുപോലെയുള്ള അനുഭവമായിരുന്നു. അത് പക്ഷാഘാതത്തിന് കാരണമായേക്കാം എന്നദ്ദേഹം ഭയന്നു.

മൃതഗേഹത്തിൽ പത്തുദിവസം എന്ന കൃതി സൈബീരിയയിലെ ജയിൽവാസകാലത്ത് എഴുതിയതാണ്. ശിക്ഷയിൽ ഇളവുകിട്ടി നാട്ടിൽ തിരികെ എത്തിയശേഷമാണ് കുറ്റവും ശിക്ഷയും, ഇഡിയറ്റ് അടക്കമുള്ള വിഖ്യാത നോവലുകളുടെയൊക്കെ രചന. അതിൽത്തന്നെ ഏറ്റവും മികച്ച കൃതിയായ കാരമസോവ് സഹോദരന്മാരുടെ രചനാകാലമായപ്പോഴേക്കും അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. പിന്നീട് നാലുമാസം മാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത്.

രോഗംപോലെ ഡോസ്​റ്റോയെവ്‌സ്‌കിയെ ബാധിച്ചിരുന്ന ഒന്നായിരുന്നു ചൂതുകളി ഭ്രാന്തും. അത് അതേപടി ചൂതുകളിക്കാരൻ എന്ന നോവലിൽ പ്രധാന കഥാപാത്രമായ അലക്‌സി ഇവാനോവിച്ചിനും അദ്ദേഹം പകർന്നുകൊടുത്തിട്ടുണ്ട്. ജീവിതപരിസരങ്ങളും ആർജിത അറിവുകളും മാത്രമല്ല സ്വന്തം ന്യൂനതകളും ശാരീരികവും മാനസികവുമായ വിഷമതകളും ദൗർബല്യങ്ങളും എല്ലാംതന്നെ ഡോസ്​റ്റോയെവ്‌സ്‌കിയുടെ സർഗപ്രക്രിയയെ പ്രകടമായി സ്വാധീനിച്ചിട്ടുണ്ട്.

ഫെയ്‌ദോർ ഡോസ്​റ്റോയെവ്‌സ്‌കി (1863) / Photo: Wikimedia Commons
ഫെയ്‌ദോർ ഡോസ്​റ്റോയെവ്‌സ്‌കി (1863) / Photo: Wikimedia Commons

മദ്യപാനവും വിഷാദവും ദാരിദ്ര്യവും രോഗാവസ്ഥയും മാത്രമല്ല അദ്ദേഹത്തെ അലട്ടിയത്. സമൂഹത്തിലെ പല സംഭവങ്ങളും അതുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയും റഷ്യ ഫ്രാൻസിനെതിരെ യുദ്ധം തുടങ്ങിയതുമൊക്കെ ഡോസ്​റ്റോയെവ്‌സ്‌കിയുടെ മനസ്സമാധാനം കെടുത്തി. ഫ്രാൻസിലെ കിൻക് കുടുംബത്തിലെ എട്ടുപേരെ കൊല ചെയ്ത ട്രോപ്മാന്റെ വധശിക്ഷ ഗില്ലറ്റിനിൽ നടപ്പാക്കിയ ദിവസം, അതേസമയത്ത് ഡോസ്​റ്റോയെവ്‌സ്‌കിക്ക് അപസ്മാരബാധയുണ്ടായി. അതിനുശേഷമുള്ള അസ്വസ്ഥതകളാകട്ടെ ആറുദിവസത്തോളം നീണ്ടുനിന്നു. ഭൂതാവിഷ്ടർ എന്ന നോവൽ എഴുതുകയായിരുന്ന കാലത്തെ നോട്ടുബുക്കുകളിൽ ആരോഗ്യം ക്ഷയിക്കുന്നതിനെയും സർഗശേഷിക്കും ആത്മബലത്തിനും മങ്ങലേറ്റു പോകുന്നതിനെയും കുറിച്ചുള്ള ആശങ്ക നിറഞ്ഞ കുറിപ്പുകളാണ് ഏറെയും. പലതരത്തിലുള്ള സ്വപ്നങ്ങളും വിഭ്രാന്തികളും അദ്ദേഹത്തിന്റെ ദിനരാത്രങ്ങളെ കീഴടക്കിക്കൊണ്ടിരുന്നു. പീഡാനുഭവങ്ങളിലൂടെ മാത്രമേ ആത്മശുദ്ധീകരണം ഉണ്ടാവുകയുള്ളൂ എന്ന വിശ്വാസം സെൻറ് പീറ്റേർസ് ബർഗിലെ ആ മഹാഗുരുവിനുണ്ടായത് സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയാണ്.

കുറ്റവും ശിക്ഷയും എന്ന നോവൽ അദ്ദേഹം ഇങ്ങനെയാണ് എഴുതി അവസാനിപ്പിക്കുന്നത്: "പുതിയൊരു ചരിത്രത്തിന്റെ തുടക്കം കുറിക്കുകയാണ്. ഒരു മനുഷ്യന്റെ പുനരുജ്ജീവനത്തിന്റെ കഥ. ഒരു ലോകത്തുനിന്നും മറ്റൊരു ലോകത്തേക്കുള്ള യാത്രയുടെ കഥ. ഇതൊരു പുതിയ കൃതിയുടെ ഇതിവൃത്തമാകാൻ പര്യാപ്തവുമാകും. അതുകൊണ്ട് നമ്മുടെ ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു.'

എഴുതാൻ ആഗ്രഹിക്കുന്ന നിലയിൽ അദ്ദേഹം ഇവിടെ സൂചിപ്പിച്ച കൃതിയായിരുന്നു ഇഡിയറ്റ്. പുനരുജ്ജീവനം എന്ന നിലയിൽ അദ്ദേഹം തന്റെ പഴയ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുന്ന ഒരു തുടർപ്രക്രിയ ആയിട്ടാണ് അതിനെ സൃഷ്ടിച്ചത്. ദൈവവും ചെകുത്താനും മാറിമാറി ഭരിക്കുന്ന, ദുർബലമായ ശരീരവും ദിവ്യചേതനയുള്ളതുമായ ഒരു മനുഷ്യൻ. എഴുത്തുകാരൻ ആ കഥാപാത്രത്തെ ക്രിസ്തുസദൃശനായി സങ്കൽപ്പിച്ചെഴുതിയപ്പോൾ വായനക്കാർ ആ കഥാപാത്രത്തെ ഫെയ്ദോർ ഡോസ്​റ്റോയെവ്‌സ്‌കിയായും കണ്ടു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments